-->

Followers of this Blog

2011, മാർച്ച് 24, വ്യാഴാഴ്‌ച

മഴയില്‍

തിണ്ണയിലേക്ക് കയറി നില്‍ക്കുമ്പോള്‍ ജിംബ്രാന്‍ ഒന്നറഞ്ഞു തുമ്മി. മുന്‍കാലുകള്‍ കൊണ്ട് മൂക്ക് തുടച്ചു. പുതുമഴ പെയ്ത മണ്ണിന്റെ പൊടി മൂക്കില്‍ കയറിയ അസ്വസ്ഥതയിലായിരുന്നു ജിംബ്രാനപ്പോള്‍. കിഴക്ക്‌ നിന്ന് കറുപ്പ് പടരുന്നു.

"നല്ല മഴക്കോളുണ്ട്... ചായ്പ്പങ്ങടച്ചേരെ ചെക്കാ..." കടക്കാരന്‍ ദാമുചോന്‍. "നായ്ക്കളിനി കോലായി നെരങ്ങാന്‍ തൊടങ്ങും..."

നന്ദിയില്ലാത്തവന്‍... ജിംബ്രാന്‍ മനസ്സില്‍ മുരണ്ടു. "ഈനിവിടെ കെടക്കുമ്പ കട തുറന്നാ പോയാലും എനിക്ക് പേടില്ലാ" ന്നു നാഴികക്ക് നാപ്പത്‌ വട്ടം പറയുന്നോനാ... നായ്‌ കേറി നെരങ്ങും പോലും!!!

"ചിമ്രാനോട കെടക്കട്ടെ... അയിന മേടണ്ട..." ജിംബ്രാനെ ഓടിക്കാന്‍ നോക്കിയ ചെക്കനോട് ദാമുചോന്‍ പറഞ്ഞു.

അപ്പൊ നന്ദീണ്ട്, ജിംബ്രാന്‍ പല്ലൊന്നിളിച്ചു. പിന്നെ മുന്‍ കാല്‍ മുന്നോട്ടാഞ്ഞു മൂരി നിവര്‍ത്തി. വാലാട്ടി കൊണ്ട് ദാമുചോനെ നോക്കി.

"കട ത്തിരി നേരത്തെ പൂട്ടാ ചിമ്മ്രാനെ... ഈയിടത്തന്നെ നോക്കിയെക്കണേ.." ചില്ല് കുപ്പിയില്‍ നിന്ന് ഒരു മധുരപ്പാവേടുത്ത് ജിംബ്രാനെറിഞ്ഞു കൊടുത്ത് അയാള്‍ കട പൂട്ടാന്‍ തുടങ്ങി. പുറത്ത്‌ വല്ലാതെ ഇരുണ്ടിരിക്കുന്നു. "ആ ടോര്‍ച്ച് കൊണ്ടോക്കോ ചെക്കാ... വയി പെട്ട് പോകണ്ട... അടുത്ത കോളിന് മുന്ന കുടുമ്മം പിടീര്"

ചെക്കന്‍ ഇറങ്ങി നടന്നു. അല്‍പനേരം കഴിഞ്ഞു കട പൂട്ടി ദാമുച്ചോനും.

ശൂന്യതയിലേക്ക് നോക്കി മെല്ലെ മോങ്ങിക്കൊണ്ട് ജിംബ്രാന്‍ കിടന്നു. കാറ്റ് ആഞ്ഞു വീശുന്നു. അടിപാതി ദ്രവിച്ചു തുടങ്ങിയ മരപോസ്റ്റില്‍ ഒരു ബള്‍ബ്‌ തൂങ്ങിയാടുന്നുണ്ട്... അതിന്റെ ആട്ടത്തിനൊപ്പിച്ചു കണ്ണുകള്‍ തെന്നിച്ച് ജിംബ്രാന്‍ തിണ്ണയില്‍ ചടഞ്ഞുകിടന്നു. കാറ്റിന്റെ ഓരിയിടല്‍ കൂടി വന്ന ഒരു നിമിഷത്തില്‍ കണ്ണ്മഞ്ചിക്കുമാറ് ഒരു കൊള്ളിയാന്‍ മിന്നി. പിന്നാലെ നെഞ്ചു നടുക്കി ഒരിടിവെട്ടും... ജിംബ്രാന്‍ പിടഞ്ഞെണീറ്റു. മരപോസ്റ്റില്‍ തൂങ്ങിയിരുന്ന ബള്‍ബ്‌ ഒന്നുമിന്നി മറഞ്ഞു. ഇരുട്ട്... അതിലേക്ക് നോക്കി ജിംബ്രാന്‍ ഒരിയിട്ടു. പിന്നെ വഴിയിലേക്ക്‌ ചാടിയിറങ്ങി ഉറക്കെ കുരച്ചു. രോമങ്ങള്‍ക്കിടയില്‍ ജലത്തുള്ളികള്‍ നിറഞ്ഞു തുടങ്ങിയപ്പോള്‍ തിണ്ണയിലേക്ക് തന്നെ ചാടിക്കയറി. മഴ... കനത്ത മഴ.... ജിംബ്രാന്‍ ഒന്നു കുടഞ്ഞു നിവര്‍ന്നു. എന്നിട്ടും പോകാതിരുന്ന മഴത്തുള്ളികള്‍ നാവു നീട്ടി നക്കി തുടച്ചു കൊണ്ട് വീണ്ടും ചടഞ്ഞു കിടന്നു.

****

തിണ്ണയിലെ കാല്പെരുമാറ്റം... ജിബ്രാന്‍ തലയുയര്‍ത്തി നോക്കി. ചെറിയൊരു നിഴലാട്ടം. ചാടി എണീറ്റ്‌ കുരച്ചു. നിഴലിന്റെ പരുങ്ങല്‍ ജിംബ്രാനെ വെകിളി പിടിപ്പിച്ചു. കുറേക്കൂടി ഉച്ചത്തില്‍ കുരക്കാന്‍ തുടങ്ങി. നിഴലില്‍ നിന്നും അമര്‍ത്തി പിടിച്ച മൂളല്‍... കൊള്ളിയാന്‍ വെട്ടത്തില്‍ രണ്ടു തിളങ്ങുന്ന കണ്ണുകള്‍. നിറയെ രോമം... ജിംബ്രാന്‍ മണം പാര്‍ത്ത് നോക്കി. പിന്നെ ശങ്കിച്ച് അടുത്തേക്ക്‌ ചെന്നു. നീളന്‍ രോമമുള്ള... കണ്ടാല്‍ അറിയാം ആരോ വളര്‍ത്തുന്നതാണ്. അവളുടെ കണ്ണില്‍ വീണ്ടും കൊള്ളിയാന്‍ തട്ടി തിളങ്ങി. നേരിയ ഒരു മോങ്ങലോടെ ജിംബ്രാന്‍ അവളുടെ അടുത്തേക്ക്‌ ചെന്നു. പിന്നെ ഒന്ന് മുരണ്ടു നോക്കി. അവളുടെ കണ്ണുകള്‍ പിടഞ്ഞു തന്നെ നില്‍ക്കുന്നു.

രോമങ്ങളില്‍ ചെളിപൊടി തെറിച്ചു വീണ പാടുകള്‍ മഴ വെള്ളം വീണ് കലങ്ങിയിരിക്കുന്നു. കഴുത്തില്‍ ഒരു തുകല്‍ വളയം. ചെറിയ ചോര പൊടിപ്പും. ആദ്യത്തെ അമ്പരപ്പൊന്നടങ്ങിയപ്പോള്‍ അവള്‍ മെല്ലെ ഒന്ന് ഞെരങ്ങി. ജിംബ്രാന്‍ കാലടികള്‍ പിന്നോട്ട് വെച്ച് അവള്‍ക്കു കൂടി നില്‍ക്കാനുള്ള സ്ഥലം കൊടുത്തു.

മഴ നിര്‍ത്താതെ പെയ്യുന്നു. കടയുടെ പലക പുറത്തോട് ചേര്‍ന്ന് നിന്ന പുറ്റിനു കീഴെ ഒരു ചാല്‍ കീറി വരുന്നുണ്ട്. അതിലെ അതില്‍ നിന്നും ചിതലുകള്‍ ഒറ്റയായും കൂട്ടമായും ഒഴുകി പോകുന്നു. നേരം വെളുത്ത്‌ വരുന്നത് നോക്കി ജിംബ്രാന്‍ കിടന്നു. തന്നോട് ചേര്‍ന്ന് അവളും കിടക്കുന്നുണ്ട്. അവളുടെ കഴുത്തില്‍ ഇന്നലെ താന്‍ നക്കി തുടച്ചു വൃത്തിയാക്കിയ മുറിവില്‍ നിന്നും ചോരമണം പോയിട്ടില്ല. അതില്‍ വന്നിരുന്ന ഈച്ചകളെ ജിംബ്രാന്‍ ആട്ടിയോടിച്ചു.

വെള്ളം തെറിപ്പിച്ചു കൊണ്ട് ഒരു ജീപ്പ്‌ പാഞ്ഞു പോയി. ടയര്‍ കീറി മുറിച്ചു പോയ വഴിയില്‍ വെള്ളം വീണ്ടും ചാലായി നിറയുന്നതും, വെള്ളത്തില്‍ വീണ മുറിവ് മായുന്നതും വളരെ വേഗത്തിലാണ്. അവളുടെ ദേഹത്ത് തെറിച്ചു വീണ തുള്ളികള്‍ കൂടി ജിംബ്രാന്‍ നക്കി തുടച്ചു. അവള്‍ ഒന്ന് കൂടെ ചേര്‍ന്ന് കിടന്നു.

ഒരു രാത്രി കൊണ്ട് അവള്‍ തന്റെ സംരക്ഷണയില്‍ ആയിരിക്കുന്നു. പക്ഷെ കട തുറക്കാന്‍ ചെക്കന്‍ വന്നാല്‍ ഇവളെ ആട്ടിയോടിക്കും. അന്നേരം അവള്‍ തന്നെ ദയനീയമായി നോക്കും. ആ ചെക്കനെ നോക്കി കുരക്കാം എന്ന് കരുതിയാല്‍ അവന്‍ കല്ലെടുത്ത്‌ വീക്കും. അവന്‍ ഇന്ന് വരല്ലേ എന്ന് ജിംബ്രാന്‍ പ്രാര്‍ഥിച്ചു. ദാമുചോന്‍ ആദ്യം വന്നാല്‍ സാരമില്ല...

"ന്താടാ... നെനക്കും കൂട്ടാക്കിയാ... നിപ്പോ രണ്ടാളാ കാവല്‍ല്ലേ...?" എന്ന് പറഞ്ഞ് പൊതിഞ്ഞു കൊണ്ടുവന്ന ചോറ് ബാക്കിയും മീന്‍ മുള്ളും തിണ്ണയുടെ വലത്തേ മൂലക്ക് കൊട്ടിയിടും. അതില്‍ ഒരു ഭാഗം ഇനി ഇവള്‍ക്കും മാറ്റി വെക്കണം...

പക്ഷെ ചെക്കന്‍ അത്രയും നേരമായിട്ടും എത്തിയില്ല. ആശ്വസിച്ചു ജിംബ്രാന്‍ അവളുടെ മുഖത്തോട് തല ചേര്‍ത്ത് വെച്ച് കിടന്നു.

വെള്ളം ചറപറാന്ന് തട്ടി തെറിക്കുന്ന ശബ്ദം. ചെക്കനല്ല. കുറെ കാലടികള്‍ വെള്ളത്തില്‍ തട്ടി തെറിക്കുന്നു.

"എങ്ങടാ പോയാ നോക്കാന്‍... നാശം... നനഞ്ഞു ചീവായി... ആ ചങ്ങല പോക്കായിന്ന് നൂറ്റിക്ക് വട്ടം പറഞ്ഞാ കേക്കില്ലാ... ഈ പ്രായക്കേടില്‍ നി മഴയത്തോടാന്‍... ഒന്നെല്ലാടത്തും പാറി നോക്കിന്‍ കുഞ്ഞേ..."

പ്രായമുള്ള ഒരാള്‍..ഒരു കുട്ടി... വേലിക്കലും ഒഴുക്ക് വെള്ളം കെട്ടാത്തിടത്തും ചെക്കന്‍ പരതി നോക്കുന്നു. അവളെ മറഞ്ഞു നിക്കാന്‍ ജിംബ്രാന്‍ ഒരു വിഫല ശ്രമം നടത്തി നോക്കി...

"ദാ കെടക്കണ് നായിന്റ മോള്..." വന്നപാട് കാലു മടക്കി കിളവന്‍ അവളെ ഒന്ന് തൊഴിച്ചു... വല്ലാതെ മോങ്ങി കൊണ്ട് അവള്‍ പിടഞ്ഞെണീറ്റു. ഒറ്റ ചാട്ടത്തിന് ജിംബ്രാന്‍ അയാളുടെ കാല്‍ വണ്ണയില്‍ പല്ലുകള്‍ താഴ്ത്തി. അയാള്‍ തിണ്ണയില്‍ നിന്നും ചാടി ഇറങ്ങി. തട്ട് പലക ഉയര്‍ത്തി വെക്കാന്‍ വെച്ചിരുന്ന പത്തല്‍ അയാളുടെ കണ്ണില്‍ പെട്ടു. പുറം പൊളിയുമാറു വീണ അടിയുള്ള പോള്ളിച്ചയില്‍ ജിംബ്രാന്‍ ഒന്ന് വളഞ്ഞമര്‍ന്നു. പിന്നെ അടുത്ത അടി വീഴും മുന്‍പ്‌ വഴിയിലേക്ക്‌ ചാടി ഇറങ്ങി. പിറകോട്ട് തിരിഞ്ഞു നോക്കി പായുമ്പോള്‍ അയാളുടെ കയ്യിലെ വടി അവളുടെ പിന്കാലില്‍ വീഴുന്നതും, അവള്‍ ഒരു വശത്തേക്ക് ഞൊണ്ടി ഓടുന്നതും ജിംബ്രാന്‍ കണ്ടു.

****

മഴ തോരുമ്പോള്‍ സന്ധ്യയായി. ദാമുച്ചോന്‍ അന്ന് കട തുറന്നില്ല. പുറം വല്ലാതെ വേദനിക്കുന്നു. ജിംബ്രാന്‍ പലകമേല്‍ വേദനയുള്ള ഭാഗം ഉരച്ച് കൊണ്ടിരുന്നു. ഇടക്കിടെ അവള്‍ പാഞ്ഞു പോയ വഴിയിലേക്ക്‌ നോക്കി. പിന്നെ നിരാശയോടെ കണ്ണുകളെ മടക്കി വിളിച്ചു. രാത്രിയില്‍ മഴ വീണ്ടും കനത്തു. ചീവിടിന്റെ താളത്തില്‍ ഉറക്കത്തിനു വഴി നോക്കി ജിംബ്രാന്‍ കിടന്നു. പുറം പൊളിയുന്ന വേദന. ഇടക്ക് താളം തെറ്റുന്നതും വെള്ളത്തില്‍ തുള്ളികള്‍ പുതിയ താളം ഉണ്ടാക്കുന്നതും കേട്ട് തലയുയര്‍ത്തി. ഒരു കാല്‍ നിലത്തുറക്കാതെ അവളുടെ നിഴല്‍ വരുന്നത് ജിംബ്രാന്‍ കണ്ടു..

****

"വര്‍ക്കത്തോള്ള എനാന്ന തോന്നണെ..." പ്രതീക്ഷിച്ച പോലെ കൂലിക്കാരന്‍ ചെക്കന്‍ അവളെ ഒന്നും ചെയ്തില്ല...

"ന്നാ പിന്ന നീ കൊണ്ടോക്കോ.."

"കാലൊന്ന് ചതഞ്ഞേക്ക്ണ്"

"സാരല്ലടാ... ഭംഗീണ്ടല്ല... ഇയ് വളത്തിക്കോ"

****

കടപൂട്ടാന്‍ നേരവും ജിംബ്രാന്‍ പലകമറയോട് ചേര്‍ന്ന് കിടക്കുവായിരുന്നു.

"എനക്കിന്നു അനക്കൂലെ ചിമ്രാനെ...?" കുറച്ചു മാറി വീണ മധുരപ്പാവ് എത്തിപ്പിടിക്കാന്‍ കഴിയാതെ ജിംബ്രാന്‍ കിടന്നു. കാലു കൊണ്ട് ദാമുച്ചോന്‍ അത് ജിംബ്രന്റെ മുന്നിലേക്ക്‌ തട്ടിയിട്ടു. ഒരു പകല്‍ കൊണ്ട് വെള്ളം വഴിമാറി പോയിരിക്കുന്നു. ജീപ്പ്‌ പാഞ്ഞു പോയ ടയര്‍ പാടില്‍ കെട്ടി നിക്കുന്ന വെള്ളത്തില്‍ കാലൊന്നു അനക്കി കഴുകി ദാമുച്ചോന്‍ നടന്നകന്നു. ഒരിഞ്ചു കൂടി മാറി കിടക്കുന്ന മധുരപ്പാവിലെക്ക് ജിംബ്രാന്‍ ദയനീയമായി നോക്കി.

****

"ഊം.. കുഴീത്‌ മതീടാ... നീയതിനെ വലിച്ചിട്..."

കുഴിയുടെ അകത്ത്‌ കടക്കാതെ പോയ ജിംബ്രാന്റെ മരവിച്ച വാല്‍ ദാമുച്ചോന്‍ കൈക്കോട്ടു കൊണ്ട് കുഴിയിലേക്ക്‌ തിരുകി കയറ്റി. മഴ ചന്നം വീണു തുടങ്ങി. പാതി ഉണങ്ങിയ മണ്ണ് ജിംബ്രാന്റെ മുഖത്തേക്ക് വടിചിടുമ്പോള്‍ കൂലിക്കാരന്‍ പയ്യന്റെ കണ്ണിലും മഴ പെയ്തിരുന്നു...

കുറച്ചു മാറി കടത്തിണ്ണ മുതല്‍ പയ്യന്റെ വീടിന്റെ വേലി വരെ ജിംബ്രാന്റെ പിന്‍കാലുകളുടെ ഇഴഞ്ഞ പാടുകള്‍. പിന്നെ അവിടെ നിന്നും ജീപ്പ് ടയര്‍ തേഞ്ഞിടത്ത്‌ ചിതറി വീണ കട്ട ചോര തുള്ളികള്‍ വരെ ആ പാട് ഇഴഞ്ഞു കിടന്നു. അതിനു മുകളില്‍ പെയ്തിറങ്ങിയ മഴത്തുള്ളികളില്‍ ചുവപ്പ് കലര്‍ന്ന് ഒരു ചാല്‍ ജിംബ്രാന്‍ ഇഴഞ്ഞ വഴികളിലൂടെ ടയര്‍ പാടില്‍ ഒഴുകി ഇറങ്ങി. മഴ വീണ്ടും കനക്കവേ, ദാമുച്ചോന്‍ ചായ്പ്‌ ചാരാന്‍ തുടങ്ങിയിരുന്നു.

****

2 അഭിപ്രായങ്ങൾ:

നികു കേച്ചേരി പറഞ്ഞു...

കൊള്ളാം.ഒരു ചെയ്ഞ്ച് ഉദ്ദേശ്ശിച്ചുവോ???...

Varun Aroli പറഞ്ഞു...

എനിക്കിഷ്ട്ടപെട്ടു.