-->

Followers of this Blog

2015, ജൂൺ 1, തിങ്കളാഴ്‌ച

പ്രേമം: മൂവി റിവ്യൂ

ചിലയാളുകളെ, ചില സ്ഥലങ്ങളെ, ചില കാര്യങ്ങളെ ഇഷ്ടപ്പെടാന്‍ ഒരുപാട് സമയമെടുക്കും. ഇഷ്ടപ്പെട്ടാല്‍ പിന്നെ അകന്നു നില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്യും. അത് പോലെ ഒരു ഫീല്‍ നല്‍കുന്ന ചിത്രമാണ് പ്രേമം. പ്രേമം പൈങ്കിളി ആകുന്നത് സ്വഭാവികമാണ്. ആ സ്വാഭാവികത അതേ പോലെ പകര്‍ത്തിവെക്കാനുള്ള ശ്രമത്തില്‍ വന്നുപെട്ട ചില വലിച്ചു നീട്ടലും ഉറക്കം തൂങ്ങലും മാറ്റി നിര്‍ത്തിയാല്‍ വലിയ കുഴപ്പമില്ലാത്ത ചിത്രമാണ് പ്രേമം. 100 രൂപയ്ക്ക് ടിക്കറ്റെടുത്താല്‍ അതില്‍ 60-65 രൂപ മുതല്‍.

നിവിന്‍ പോളി അവതരിപ്പിക്കുന്ന ജോര്‍ജ്ജ് ഡേവിഡ് എന്ന കഥാപാത്രത്തിന്‍റെ പ്ലസ്ടു-കലാലയ-യുവകാലഘട്ടങ്ങളില്‍ പ്രണയത്തിന് വരുന്ന ഭാവഭേദങ്ങളാണ് പ്രേമത്തിന്‍റെ ഇതിവൃത്തം. ജോര്‍ജ്ജിന്‍റെ സുഹൃത്തുക്കളായി കോയയും (കൃഷ്ണ ശങ്കര്‍), ശംഭുവും (ശബരീഷ വര്‍മ്മ). ചിത്രത്തിന്‍റെ ആദ്യപകുതി ഒരു ശരാശരി നിവിന്‍പോളി ചിത്രത്തിന്‍റെ കുട്ടിക്കാലമാണ്. മേരി (അനുപമ പരമേശ്വരന്‍) യെന്ന ഒരു 80-90 കാലഘട്ടത്തിന്‍റെ സൌന്ദര്യസങ്കല്‍പങ്ങള്‍ ഒത്തു ചേരുന്ന പെണ്‍കുട്ടിയും അവളെ ചുറ്റി നില്‍ക്കുന്ന ആ കാലഘട്ടത്തിന് ചേര്‍ന്ന കാമുക സംഘവും ഒക്കെയാണ് ഈ ഭാഗത്തിന്‍റെ ത്രെഡ്. നേരത്തെ പറഞ്ഞത് പോലെയുള്ള ആ സ്വാഭാവികതയും ഇടക്ക് വീഴുന്ന തമാശയും ആലുവ പുഴയുടെ തീരത്ത് എന്ന പാട്ടുമൊക്കെ ഈ ഭാഗത്ത് ആശ്വാസകരമാണ്. പക്ഷെ അതേ സ്വാഭാവികത തന്നെ പലപ്പോഴും നല്ല ബോറടിയുമാണ്‌. ഈ ബോറടിക്കിടയിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമയില്‍ ഇല്ലാത്ത മറ്റൊന്ന് “നിവിന്‍ പോളിയുടെ പടമല്ലേ, ദിപ്പോ ശരിയാകും” എന്ന കാത്തിരിപ്പാണ്. ആ കാത്തിരിപ്പിന്‍റെ നല്ല ഫലമാണ് ജോര്‍ജ്ജിന്‍റെ കലാലയ ജീവിതം.