-->

Followers of this Blog

രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 മാർച്ച് 13, വെള്ളിയാഴ്‌ച

കേരളത്തിന്‍റെ ബജിറ്റ്: ബിബിസി ഒരു ഡോക്യുമെന്‍ററി എടുക്കൂ, പ്ലീസ്!!!

കോഴവിവാദത്തില്‍ പെട്ട ധനമന്ത്രിയുടെ ബജിറ്റ്. തടയാന്‍ രാപ്പകല്‍ നിയമസഭാമന്ദിരത്തില്‍ കുത്തിയിരുന്ന്‍ സമരം. രാവിലെ ഒന്‍പത് മണി. നിയമസഭയില്‍ മൂന്ന് തവണ ബെല്ലടിക്കുന്നു. മൂന്നാമത്തെ ബെല്ലോട് കൂടി ബജിറ്റ് നാടകം ആരംഭിക്കുന്നു.

ആദ്യം കസേരകളി. ധനമന്ത്രിയുടെ കസേര സഹകരണ മന്ത്രിയുമായി സഹകരിച്ച് വെച്ചുമാറല്‍. പിന്നെ കസേര എറിയല്‍... സ്പീക്കറിന്‍റെ കസേര വലിച്ചെറിയുന്നു. കമ്പ്യൂട്ടര്‍ തല്ലിപൊളിക്കുന്നു. ആ ക്ഷീണത്തില്‍ ഒരു എംഎല്‍എ തളര്‍ന്നു വീഴുന്നു. മറ്റൊരിടത്ത് ഒരു വനിതാ എംഎല്‍എയെ മന്ത്രി തടയുവാണോ തടവുകയാണോ എന്ന്‍ പറയാന്‍ പറ്റാത്ത അവസ്ഥയില്‍ തടഞ്ഞു നിര്‍ത്തുന്നു. അതാ അങ്ങോട്ടു നോക്കൂ...

2013 ജനുവരി 11, വെള്ളിയാഴ്‌ച

പങ്കാളിത്ത പെന്‍ഷന്‍ : വരും തലമുറക്ക് എന്താശങ്ക?


"വരുംതലമുറ"ക്ക് വേണ്ടി എന്നാണ് പങ്കാളിത്ത പെന്‍ഷനെതിരെ പണിമുടക്ക് സമരത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിപക്ഷ പാര്‍ട്ടി സംഘടനകള്‍ നടത്തുന്ന സമരത്തിന്റെ മുഖമുദ്ര. അങ്ങിനെ പറയാന്‍ കാരണമുണ്ട്. നിലവില്‍ തങ്ങളെ ബാധിക്കാത്ത കാര്യമാണ് പങ്കാളിത്ത പെന്‍ഷന്‍ . 2013 മുതല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഇത് ബാധകം. ഈ "വരുംതലമുറ" വികാരം ഇതില്‍ നിന്നും ഉള്‍ക്കൊണ്ടതാണ്

2011 ഓഗസ്റ്റ് 24, ബുധനാഴ്‌ച

മതിലുകള്‍...



ആ സംഗതി എന്ത് ചെയ്തു?

യേത് സംഗതി?

ഘോര ഘോര സുന്ദരമായി ഒരു രൂപക്ക്‌ തരാന്ന് പറഞ്ഞ അരി?

അതോ? അറിഞ്ഞിട്ടിപ്പോ എന്തിനാ?

അല്ല! ഓണത്തിനെങ്ങാനും കിട്ടുവോന്നറിയാനാ...?

കിട്ടീല്ലെങ്കിലെന്താ?

ഓ... ഒന്നുമില്ല... അതെന്റെ വോട്ടായിരുന്നു...

2009 ജൂൺ 9, ചൊവ്വാഴ്ച

ജനങ്ങളെന്നാല് സി.പി.എമ്മല്ല മി. ജയരാജന്

അങ്ങിനെ നിങ്ങള്‍ കരുതുന്നു. കരുതുന്നതെല്ലാം ശെരിയാണു എന്നു ധരിക്കുക്കയും ചെയ്യുന്നു. ജനങ്ങളെല്ലാം സി.പി.എമ്മായിരുന്നെങ്കില്‍ പിണറായി മുഖ്യമന്ത്രിയല്ല, ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ ഏകാധിപതിയായേനെ. ജനത്തേ കഴുതയെന്നു നിങ്ങള്‍ വിളിക്കാം. അവരെ സി.പി.എമ്മുകാരൊന്നോ, കോണ്‍ഗ്രസുകാരെന്നോ വിളിക്കാന്‍ ജനങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും തന്തയുടെ(സഭ്യമല്ലെന്നറിയാം ക്ഷമിക്കുക) വകയല്ല.

പിണറായിക്കു വേണ്ടി ജനങ്ങള്‍ കരിദിനമേറ്റ് പിടിച്ച് അക്രമവും ഹര്‍ത്താലുമൊക്കെ ഉണ്ടാക്കിയതാണത്രേ. എവിടുന്നു കിട്ടി നിങ്ങള്‍ക്കീ യുക്തി? ഞങ്ങളുടെ നേരെ കല്ലെറിഞ്ഞും ഞങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും വാങ്ങിയ സര്‍ക്കാരു ബസുകള്‍ തല്ലിപ്പൊളിച്ചും ഞങ്ങളുടെ മക്കള്‍ പട്ടിണികിടക്കതിരിക്കാന്‍ കൂലിപ്പണിക്കു പോകുമ്പോള്‍ വഴിതടഞ്ഞും, അന്നന്നത്തെ അപ്പത്തിനായി തുറന്നു വെച്ച കടകള്‍ കത്തിച്ചും ഇവിടെ ഒരുകുറ്റാരോപിതനേയും സംരക്ഷിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങുകയില്ല. അങ്ങിനെ ഇറങ്ങുന്നവര്‍ ഞങ്ങളായിരുന്നെങ്കില്‍ അതാരുടെയും അന്നം മുടക്കിയിട്ടു ചെയ്യാനും ഞങ്ങള്‍ പഠിച്ചിട്ടില്ല.

നിങ്ങള്‍ രാഷ്ട്രീയപരമായി നേരിടുന്നതാരെയാണു? ഞങ്ങളേയോ? അതോ വലതനേയോ? കോടതിയേയും ഗവര്‍ണ്ണരേയുമോ? ഞങ്ങളുടെ പേരു പറഞ്ഞു ഞങ്ങള്‍ക്ക് നേരെ കല്ലെറിയുന്ന നിങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിക്കാരല്ലാതെ മറ്റാരും തെരുവിലിറങ്ങില്ല എന്നു മനസിലാക്കാനുള്ള ബോധം നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കപ്പെടുന്നില്ല. എങ്കിലും യഥാര്‍ഥ ജനവികാരം മനസിലാക്കിയിരുന്നെങ്കില്‍ പിണറായിയെ നിങ്ങള്‍ ഉപദേശിക്കേണ്ടത് ഈ പൊല്ലാപ്പും കരിദിനവുമൊക്കെ മാറ്റി വെച്ച് കോടതിക്കു മുന്നില്‍ നിന്നു സത്യത്തിനു സാക്ഷിയാകാനാണു. അദ്ദേഹം തെറ്റുകാരനല്ല എന്നു കേള്‍ക്കാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. അത് അദ്ദേഹത്തോട് അടുപ്പമുള്ളതു കൊണ്ടല്ല. ഇടതുപക്ഷമെന്നത് കറയില്ലാത്തവരെന്നു പണ്ടേ മുതല്‍ മനസിലുറച്ചു പോയ വിശ്വാസം തകരാതിരിക്കാനാണു.

പ്രോസിക്യൂട്ട് ചെയ്യരുതെന്നു പറയുമ്പോള്‍ യു.ഡി.എഫിനും, ചെയ്യാന്‍ പറയുമ്പോള്‍ എല്‍.ഡി.എഫിനും ഹര്‍ത്താലും കരിദിനവും നടത്താന്‍ ഒരു പോലെ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പക്ഷെ അതു സ്വസ്ഥമായി ജീവിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ നെഞ്ചത്ത് ചവിട്ടി നിന്നാകരുത്. ചവിട്ടി നിന്നാണെന്നറിഞ്ഞു കൊണ്ടു തന്നെ ഞങ്ങളിതു സഹിക്കുമ്പോള്‍, ആ കുറ്റം കൂടി ഞങ്ങളുടെ തലയിലിട്ടാല്‍ അതും സഹിക്കേണ്ട ഗതികേടിനെ അംഗീകരിച്ചു കൊണ്ട് തന്നെ, പണ്ടൊരപ്പൂപ്പന്‍ ഞങ്ങളെ പഠിപ്പിച്ച സഹനത്തിന്റെ വഴിയേ ഞങ്ങള്‍ പോകുന്നു, ഇതൊരു സ്വാതന്ത്ര്യ സമരമല്ലെങ്കിലും.

ഇവിടെ ജനവികാരം ഒരു രാഷ്ട്രിയ നേതാവിനു വേണ്ടി ഉയര്‍ന്ന നിമിഷങ്ങ്‌ വളരേ ചുരുക്കമാണു. ജയലളിത കാലുവാരിയപ്പോള്‍ വാജ്‌പേയ്‌ക്ക് വേണ്ടി, ചീട്ടു നഷ്ടപ്പെടുമായിരുന്ന അവസരത്തില്‍ സഖാവ്‌ വി.എസി നു വേണ്ടി. മദ്യനിരോധനമേര്‍പ്പെടുത്താനുള്ള ശ്രമത്തില്‍ എ.കെ. ആന്റണിക്കൊപ്പം, അങ്ങിനെ ചുരുക്കം ചിലയിടത്ത് മാത്രം. ഒരു പക്ഷേ ഏറ്റവുമധികം തവണ ഈയിടെയായി ഉയര്‍ന്നത് വീ.എസിനു വേണ്ടിയാണു, മൂന്നാറില്‍ നിന്നു തുടങ്ങി അദ്ദേഹത്തെ അനുകൂലിച്ച വികാരത്തെ അദ്ദേഹത്തിന്റെ ഭീരുത്വം ലജ്ജിപ്പിച്ചു കളഞ്ഞു എന്നു മാത്രം. അല്ലാതെ ഇവിടെ തെമ്മാടിയും ചെമ്മാനും പാര്‍ട്ടിയുടുപ്പിട്ടു വന്നു എന്തു തോന്ന്യാസം കാണിച്ചാലും അവര്‍ക്കനുകൂലമായി ഞങ്ങള്‍ വികാരവിജൃഭിതരാകുമെന്നു നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഈ ഇലക്ഷന്‍ നല്‍കിയ പാഠം നിങ്ങളുടെ ഗര്‍വ്വിനെ കുറച്ചിട്ടില്ലെന്നു സാരം.

മാറി ചിന്തിക്കണം മി. ജയരാജന്‍. പാര്‍ട്ടിയല്ല ജനങ്ങള്‍. ജനങ്ങളെന്നത് പാര്‍ട്ടിയുമല്ല. ഇതിലേതെങ്കിലുമൊന്നു ശരിയായിരുന്നെങ്കില്‍ ഏതെങ്കിലുമൊരു കക്ഷി മാത്രം ഭരിക്കുന്നിടമായി ഈ നാട് മാറിയേനെ. അങ്ങിനെ ഒരു കക്ഷി ഉണ്ടായിരുന്നത് മഹാബലിയായിരുന്നു. അതും ഐതീഹ്യത്തില്‍. ഇപ്പോള്‍ നിങ്ങളിത് മാത്രം മനസിലാക്കൂ സഖാവേ (ഈ വാക്കിന്റെ അര്‍ത്ഥമ്റിയാമെന്നു കരുതുന്നു). ജനമെന്നത് സി.പി.എമ്മല്ല.



കരിദിനാചരണം ഹര്‍ത്താലും അക്രമാസക്തവുമായതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് സ. ഇ.പി. ജയരാജന്‍ പറഞ്ഞ മറുപടി: "പ്രോസിക്യൂട് ചെയ്യാനുള്ള തീരുമാനതിനെതിരെ പ്രഖ്യാപിച്ച് കരിദിനം ജനങ്ങലേറ്റെടുത്തതാണു". ഇതു കേട്ട് വികാരാധീതനായി എഴുതിപ്പോയതാണു. അല്ലാതെ ഇതു വായിച്ചരെങ്കിലും നന്നാകുമെന്നു കരുതിയല്ല.

2009 ജൂൺ 7, ഞായറാഴ്‌ച

വിജയന്‍ സഖാവിനു വക്കന്‍ എഴുതുന്നതെന്തെന്നാല്‍

ലാല്‍സലാം

ബൂര്‍ഷ്വാ ഗവര്‍ണ്ണര്‍ തുലയട്ടേ.

സഖാവു ഇതു കണ്ടൊന്നും ഭയപ്പെടരുത്. അനവധി നിരവധി ആഴക്കടലുകള്‍ നീന്തിക്കയറിയവരാണു നമ്മള്‍. അവയ്ക്കു മുന്നില്‍ ഈ ലാവ്‌ലിന്‍ വെറുമൊരു കുഴിത്തോട് മാത്രം. പെറ്റി ബൂര്‍ഷ്വാ സംസ്കാരതിന്നുടയാളുകളായ സി.ബി.ഐയും, കോടതിയും ഗവര്‍ണ്ണരും, കൂട്ടിയാല്‍ അങ്ങേക്കെതിരെ വിരലനക്കാന്‍ പറ്റുമോ. അങ്ങിനെ അനങ്ങുന്ന വിരലുമുറിക്കാനിങ്ങോട്ടു പറഞ്ഞാല്‍ മതി, കൈ വെട്ടിക്കൊണ്ടു വരും ഞങ്ങള്‍. മനോഹരമായൊരു കാബിനെറ്റും പാര്‍ട്ടി സെക്രട്ടറിയേറ്റും സെക്രട്ടറിയുമുള്ള ഈ നാട്ടില്‍ കോടതിയും, ഗവര്‍ണ്നരുമൊക്കെ അനാവശ്യമാണു. എന്നാലും അവന്മാര്‍ വെള്ളം കുടിച്ചുപൊക്കോട്ടെ എന്നു കരുതി മാത്രം അങ്ങ് കോടതിക്ക് കീഴടങ്ങിയേരു.

നമ്മളു ഏ.ജി-യെതൂക്കിയതു പോലെ ഗവര്‍ണ്ണറെ തൂക്കാന്‍ മേലാരുന്നോ. ആപത്തു വരുമ്പോ കൂട്ടത്തോടാണല്ലോ, ഒത്തു പിടിക്കാന്‍ കേന്ദ്രത്തില്‍ മഷിയിട്ടാല്‍ പോലുമാരുമില്ലാന്നയാള്‍ക്കറിയാം. എന്നാലും നമ്മളേജിയേ വെചു കളിച്ച പണി തന്നെ അവന്മാര്‍ ഗവര്‍ണ്ണരുടെ അടുത്തു പ്രയോഗിച്ചു കളഞ്ഞല്ലോ. ഹാ! ആ അച്ചന്മാരെ പിണക്കണ്ടായിരുന്നു. ഇല്ലേല്‍ പള്ളിയായ പള്ളി മുഴുവന്‍ ലേഖനമയച്ചു കൂട്ട പ്രാര്‍ത്ഥന നടത്തി ഒരു പിടിത്തം പിടിക്കാമായിരുന്നു. ഇതു രഹസ്യമാക്കി വെച്ചാ മതി. കുരിശുവരച്ചില്ലേലും അന്നമ്മായോടു പറഞ്ഞു ഒരു വെട്ടി തിരി സഖാവിനു വേണ്ടി കത്തിക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായും നിയപരമായും വേണ്ടി വന്നാല്‍ ആത്മീയപരാമായും നമ്മള്‍ക്കിതിനേ നേരിട്ടേക്കാം.

പീബിലൊരു പിടിത്തമിട്ടേക്കാന്‍ മറക്കണ്ട. കാര്യം ശെരി അവന്മാരു പോക്കറ്റിലാണെന്നറിയാമെങ്കിലും കേന്ദ്രത്തില്‍ അണ്ഡം കീറി നിക്കുന്ന നേരമാ. ഈ പൊല്ലാപ്പിനൊക്കെ നിക്കാതേ അവന്മാരു സ്കൂട്ടായാല്‍ ആകെയുള്ള പിടിവള്ളി കൂടി പോകും. മുഖ്യനാണേല്‍ വിഷം മുറ്റി നിക്കുന്ന സമയമാ, എന്തൊക്കെ പറഞ്ഞാലും എലക്ഷനു കിട്ടിയ അടി, എട്ടുകാലി മമ്മൂഞ്ഞേറ്റെടുത്തെങ്കിലും അടിയീമുഖത്ത് തന്നെയാണൊ എന്ന കാര്യത്തില്‍ ഞങ്ങളു പാര്‍ട്ടിക്കാര്‍ക്കു മാത്രമേ പിടിത്തമില്ലാതുള്ളു. എന്റെ ഈ ഏരിയായില്‍ മൊത്തം സഖാവ് നിരപരാധിയാണെന്നു പറഞ്ഞു ഒരു നൂറു പോസ്റ്ററെങ്കിലും ഞങ്ങളൊട്ടിച്ചു കഴിഞ്ഞു. അതു കൊണ്ട് തന്നെ ജനങ്ങള്‍ക്ക് യാതൊരു സംശയവും തോന്നിയിട്ടില്ല. എന്നാലും തലയൊന്നു തപ്പി നോക്കിയേരെ വെല്ല കോഴിത്തൂവലെങ്ങാനും പറ്റിപ്പിടിച്ചിരിപ്പുണ്ടേല്‍ പിന്നെ അതു മതി ആ നന്ദകുമാരനും കൂട്ടര്‍ക്കും.

പിന്നെ ഗവര്‍ണ്ണറെ പിടിച്ചിട്ടും പ്രത്യേകിച്ചു കാര്യമില്ലെന്നു നമ്മുടെ റിട്ടയേഡ് മാഷ് പറഞ്ഞപ്പോഴാ മനസിലായേ. നമ്മുടെ പാര്‍ട്ടിയിലും വിവരമുള്ളവരുണ്ടല്ലോ എന്നോര്‍ത്ത് ഈ അവസരത്തില്‍ അങ്ങു സമാധാനിക്കണം. എങ്ങാനും കോടതി നേരിട്ടെടപെട്ടിരുന്നേല്‍ പിന്നെ കൊടി കുത്താനും ധര്‍ണ്ണ നടത്താനും എറണാകുളം കോടതി വരേ പോകേണ്ടി വന്നേനെ. ഇതാവുമ്പോ സെക്രട്ടറിയേറ്റിനു മുന്നിലിരിക്കുന്ന കൊടിയൊന്നെടുത്ത് ഗവര്‍ണ്ണന്റെ വീടിനു മുന്നില്‍ കുത്തിയാ മതിയല്ലൊ. വരാനുള്ളതെന്തായാലും വഴിയില്‍ തങ്ങില്ല, അല്ല പിശകി, വരാനുള്ളതെന്തായാലും നേരിടാന്‍ ഞങ്ങള്‍ സജ്ജരായിക്കഴിഞ്ഞു. പിന്നെ മുഖ്യനെ പിണക്കേണ്ട കേട്ടൊ. കാര്യം ശെരി നിങ്ങളു പറഞ്ഞാ പാര്‍ട്ടിക്കാരു കേള്‍ക്കുമെങ്കിലും, ജനങ്ങളു കേള്‍ക്കണേല്‍ അങ്ങേരു തന്നെ പറയണം. പണീ നമ്മള്‍ക്ക് പിന്നെ കൊടുക്കാം. ഇപ്പോ കൂടെ നില്‍ക്കുന്നവന്മാരെയൊക്കെ നമ്മള്‍ക്ക് മാത്രമേ പഥ്യമുള്ളൂ. അടുത്ത എലക്ഷനില്‍ നിന്നാല്‍ കെട്ടി വെച്ചു കാശു കൂടെ പോകാന്‍ ചാന്‍സുള്ളവന്മാരെ നമ്പി വെറുതെ നാറണ്ട.

അങ്ങയേ കോടതിക്കു വിട്ടു കൊടുത്തു കൊടുത്തൂടെ എന്നു ചോദിക്കുന്നവന്മാര്‍ക്ക് വെല്ല വെവരവും ഉണ്ടൊ? നമ്മുടെ ന്യായാസനം പറ്യുന്നതെന്താണു? ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നല്ലേ? ആ കോടതിയേ സഹായിക്കുവാന്‍ വേണ്ടി മാത്രമാണു അങ്ങയേ നിയമത്തിനു വിട്ടു കൊടുക്കത്തതെന്നു മനസിലാക്കാനുള്ള ബുദ്ധി അവന്മാര്‍ക്കില്ലാതെ പോയി. അല്ലെങ്കില്‍ തന്നെ നമ്മളു പാര്‍ട്ടിക്കരെടുത്ത് കൊടുത്ത ശുപാര്‍ശതള്ളിയ ഗവര്‍ണ്ണറേയും, കുടുക്കുമായി നില്‍ക്കുന്ന കോടതിയേം വിശ്വസിച്ചു വിട്ടുകൊടുത്താ പിന്നെ അങ്ങയേ തിരിച്ചു കിട്ടുമോന്ന കാര്യത്തില്‍ നമ്മള്‍ക്കൊരുറപ്പു കിട്ടാതെങ്ങനാ?

അപ്പൊ എല്ലാം പറഞ്ഞ പോലേ. പിന്നെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജി വെച്ച് പുറത്തിറങ്ങി നിന്നു കേസു നേരിടാന്‍ വിവരമില്ലാത്ത പലവന്മാരും പറയും. വന്‍ ചതിയാണത്. ഒരാവേശത്തിനു കേറി അങ്ങിനെയൊന്നും പറഞ്ഞേക്കരുത്. അങ്ങനേ ഒണ്ടായിരുന്ന ഒരു ലക്ക് ജോസപ്പന്‍ കൊണ്ടു പോയി. പിന്നെ ഈ പദവിക്കൂടി ഇല്ലാതേ പൊറത്തിറങ്ങിയാല്‍, പട്ടി ബിസ്കറ്റിനു പോലും മുടിഞ്ഞ വിലയുള്ള കാലമാ. സൂക്ഷിക്കണം. പിന്നെ എല്ലാം ഒന്നു കലങ്ങിത്തെളിയാന്‍ ചന്ദ്രന്‍ കണിയാരെ ഞാങ്ങോടു വിടുവാ. നമ്മള്‍ക്കിതിലൊരു വിശ്വാസമില്ലെങ്കിലും ചന്ദ്രന്റെ ഒരു സമാധാനത്തിനു. പറഞ്ഞു വരുമ്പോ തുടരെതുടരെ അടികിട്ടുന്നതില്‍ എന്തെങ്കിലും കാണാതിരിക്കുമോ. ലാവ്‌ലിന്റെ കാശൊന്നും അങ്ങയുടെ കയ്യിലില്ലാന്നറിയാം. എന്നാലും എന്തെങ്കിലും ദക്ഷിണയായി ചന്ദ്രനുകൂടി കൊടുത്തേക്ക്.

ലാല്‍സലാം

വക്കന്‍
തവളക്കുണ്ട് ഏരിയക്കമ്മറ്റി

2009 മേയ് 16, ശനിയാഴ്‌ച

അപരന്മാരുടെ കളികള്

പനച്ചി പണ്ടു മനോരമയില്‍ അപരന്മാരുടെ വിവിധാര്ത്ഥങ്ങള്‍ ശബ്ദതാരാവലി ആധാരമാക്കി എഴുതിയതിനാല്‍ അതിന്റെ പിറകേ പോകുന്നതില്‍ വലിയ പ്രസക്തിയില്ല. തെരഞ്ഞെടുപ്പില്‍ അപരന്മാര്‍ വരുന്നത് പുതുമയല്ല. ഒന്പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ സഹപാഠി ശ്രീകുമാറിനെ ജയിപ്പിക്കാന്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി ആന്റണി ജിജുവിനെതിരെ ആന്റണി ജോജോയേ നിര്‍ത്തി പണ്ടു പയറ്റിയ തന്ത്രം ഇപ്പോള്‍ ഓര്‍ക്കുന്നു. ജോജോയ്ക്ക് അന്നു ആറു വോട്ടാണു കിട്ടിയത് ശ്രീകുമാര്‍ 10 വോട്ടിനു ജയിക്കുകയും ചെയ്തു.

അപരന്മാര്‍ ഇക്കുറി പാരയായത് അഡ്വ. മുഹമ്മദ് റിയാസിനാണു. കോഴിക്കോട് മണ്ഡലത്തില്‍ എം. കേ രാഘവനോടു മത്സരിച്ച റിയാസ് വെറും 836 വോട്ടിനാണു പരാജയപ്പെട്ടത്. കല്ലുകടിയായത് അപരന്മാരായ റിയാസ്, കേ. മൊഹമ്മദ് റിയാസ്, പി മുഹമ്മദ് റിയാസ്, പി. ഏ. മുഹമ്മദ് റിയാസ് എന്നിവര്‍. പോക്കറ്റിലാക്കിയത് ഏകദേശം 4800 വോട്ടുകളാണു. എം. രാഘവന്‍ എന്ന അപരന്‍ 1750 വോട്ട് നേടിയെങ്കിലും റിയാസുമാരു വാരിയ വോട്ടുകള്‍ നിര്‍ണ്ണായകമായി എന്ന കാര്യത്തില്‍ സംശയമില്ല. സതീശന്‍ പാച്ചേനിക്കും അപരനായ സതീശന്‍ ഇ.വി നല്കിയ തിക്താനുഭവം മറക്കാവുന്നതല്ല. എതിര്‍ സ്ഥാനാര്‍ത്ഥിയായ എം.ബീ രാജേഷിനോട് വെറും 1820 വോട്ടിനു പരാജയപ്പെട്ട പാച്ചേനി, ഇ.വി നേടിയ 5478 വോട്ടുകളേക്കുറിച്ച് ഓര്‍ത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

വയനാട്ടില്‍ കന്നിക്കാരനായ എം ഐ. ഷാനവാസിനു മുരളി ഫാകടര്‍ പോലേ തന്നെ വെല്ലുവിളിയാകാതെ പോയി അപരന്മാരും. ഷാനവാസ് മനക്കുളങ്ങരപറമ്പിലും അഡ്വ. ഷാനവാസ് മലപ്പുറവും ചേര്‍ന്നു 5500 വോട്ടുകള്‍ കൈക്കലാക്കിയെങ്കിലും ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിച്ച സ്ഥാനാര്‍ത്ഥിയാകാന്‍ എം. ഐ. ഷാനവാസിനു കഴിഞ്ഞു. സിറ്റിങ്ങ് എം.പി. അഡ്വ. പി. സതീദേവിക്കെതിരെ വ്യക്തമായ ഭൂരിപക്ഷത്തിനാണു മുല്ലപ്പിള്ളി രാമചന്ദ്രന്‍ ജയിച്ചത്. എങ്കിലും സതീദേവിക്കു കിട്ടുമായിരുന്ന 5000-ത്തോളം വോട്ടുകളാണു സതീദേവിയും, പി. സതീദേവി പള്ളിക്കലും ചെര്‍ന്നു ഇല്ലാതാക്കി കളഞ്ഞത്.

ഏറ്റവും അധികം അപരന്മാര്‍ മത്സരിച്ചത് കോട്ടയതാണു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്കെതിരെ മൂന്നു പേരും (ജോസ്, ജോസ് മാത്യു, ജോസ് കെ മാണി) സുരേഷ് കുറുപ്പിനെതിരെ നാലു പേരും (സുരേഷ് എല്‍.ബി. കുറുപ്പ്, സുരേഷ് കുറുമ്പന്‍, സുരേഷ് ടി. ആര്‍, സുരേഷ് കുമാര്‍ കേ). തിരുവനന്തപുരത്ത് ശശി തരൂറിനു ശശി ജാനകിയും ശശി കളപ്പുരക്കലും വെല്ലുവിളിയായതെ ഇല്ല. ആറ്റിങ്ങലില്‍ എ. സമ്പത്തിനെതിരേ പ്രൊഫ. ജി. ബാലചന്ദ്രനു ലീഡ് വ്യത്യാസം കൂട്ടുന്നതില്‍ ബാലചന്ദ്രന്‍ കെ. (1517 വോട്) ബാലചന്ദ്രന്‍ സി.പി. (740) എന്നിവര്‍ക്ക് കൂടി പങ്കുണ്ട്. ആലത്തൂരില്‍ മത്സരിച്ച എന്. കെ. സുധീറിന്റെ അപരന്‍ കെ. കെ. സുധീറാണു ഏറ്റവും അധികം വോട്ട് നേടി അപരന്മാരില്‍ കേമനായത്. എകദേശം 7000-ത്തിലധികം വോട്ട്. രസകരമായ വസ്തുത ബി.എസ്.പി സ്ഥാനാര്‍ത്തി ഡോ. ഡി സുദേവനെ പിന്തള്ളി കെ.കെ. സുധീര്‍ നാലാം സ്ഥാനത്തെത്തി എന്നതാണു.

കൊല്ലത്ത് എന്‍ പീതാംബരക്കുറുപ്പിന്റെ അതേ പേരില്‍ മത്സരിച്ച അപരന്‍ നേടിയ 4000-ത്തോളം വോട്ടുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിനു ലീഡ് നില കുറച്ചു കൂടെ ഉയര്‍ത്താമായിരുന്നു. സിന്ധു ജയനും സിന്ധു കെ.എസും ചേര്‍ന്നു 6000 വോട്ടുകള്‍ എടുത്തില്ലായിരുന്നെകില്‍ കെ.വി. തോമാസിനു കുടിക്കാനുള്ള വെള്ളം കൊച്ചീക്കായലീന്നു കോരേണ്ടി വന്നേനെ. കൊച്ചീക്കാര്‍ക്കു കിട്ടാവുന്നതിലധികം വെള്ളം മാഷിനെക്കൊണ്ടു കുടിപ്പിച്ചിട്ടാണു എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സിന്ധു ജോയി തോല്‍വി സമ്മതിച്ചത്. ഹുസൈന്‍ ര്ണ്ടത്താണിക്ക് പൊന്നാനിയില്‍ നാലപരന്മാരുണ്ടായിട്ടും ഫലത്തില്‍ ഗുണമൊന്നും കണ്ടില്ല.

പത്തനം തിട്ടയില്‍ ആന്റൊ ആന്റണിയുടെ പെരില്‍ തന്നെ അപരനിണ്റങ്ങി 2000-ത്തിനടുത്ത് വോട്ടു സ്വന്തമാക്കി. ഇടുക്കിയിലും, മാവേലിക്കരയിലും, മലപ്പുറത്തും, കാസര്‍കോടും, ആലപ്പുഴയിലും അപരന്മാര്‍ ഇറങ്ങിയില്ല. ചാലക്കുടിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കേ.പി. ധനപാലനെതിരെ പരാജയപ്പെട്ട അഡ്വ. യു.പി ജോസഫിനു കൂട്ടായി വെറും യു.പി. ജോസഫുണ്ട്.

അപരന്മാര്‍ ഇലക്ഷനിലേ മാര്‍കറ്റിങ്ങ്‌ തന്ത്രമായി മാറിയിട്ടുള്ളതാണു. ചിലയിടത്ത് മാത്രം അപരതന്ത്രം വിജയിക്കുന്നുള്ളുവെങ്കിലും ഇലക്ഷന്‍ ഉള്ളിടത്തോളം കാലം അപരന്മാര്‍ അരങ്ങിലുണ്ടാവും, വില്ലനായും കോമാളിയായും ഒരു പക്ഷേ നായകനായും.

2009 മേയ് 7, വ്യാഴാഴ്‌ച

മുകുന്ദന്റെ പുണ്യാളനും ചക്കരക്കുടവും

സഖാവ്‌ വി.എസ്. മുകുന്ദന്‍ പറഞ്ഞത് ശെരിയാ. അദ്ദേഹം എക്സ്പയേഡ് ആയ പുണ്യാളച്ചന്‍ തന്നെ. മുന്നിലാണേല്‍ മുഖ്യ കസേരയാകുന്ന ചക്കരക്കുടവും. കയ്യില്‍ ഇട്ടാല്‍ പുണ്യാളച്ചനാണേലും കൈ തിരിച്ചെടുക്കാന്‍ ഇത്തിരി വൈകും.അല്ലെങ്കില്‍ അയാളുടെ ആസനത്തില്‍ ഒരു ഫസ്റ്റ്ക്ളാസ്സ് മരം മുളച്ചിരിക്കുന്നു. അതിന്റെ ചോട്ടില്‍ ചുരുണ്ടു കൂടി കിടന്നിരുന്ന പാണ്ടന്‍ നായ പുറംകാലു പൊക്കി മൂത്രിച്ച് സ്ഥലം വെക്കേറ്റ് ചെയ്തു പോയിട്ടും ഇങ്ങേരു കുടിലു കെട്ടിക്കിടക്കുന്നതില്‍ വലിയ തെറ്റൊന്നുമില്ല. നല്ല വീതിയുള്ള ഇലകളുള്ള മരമായതിനാല്‍ തണലിനും കുറവില്ല. ആ ഇലകള്‍ക്കിടയില്‍ മുളച്ച ലാവ്ലിന്‍ ഇലയുടെ വീതിയാണേല്‍ പറയണ്ട. ഇല ഔദ്യ്യൊഗികമായി വളരുകയും മറ്റിലകളെ തല്ലിപ്പൊഴിക്കുകയും ചെയ്തിട്ടും മുഖ്യന്‍ ചെറുചൂടില്‍ കിടന്നു മയങ്ങുന്നു. നാക്കിനു മാത്രം നിലവില്‍ ശൌര്യമുള്ലതിനാല്‍ നിലന്നിന്നു പോരുന്ന മഹാ പ്രസ്ഥാനമേ നാണമില്ലഹേ നിങ്ങള്‍ക്ക് എന്നു ഞാന്‍ ചോദിക്കുന്നില്ല. കാരണം ആദ്യമായും അവസാനമായും ആണു നിങ്ങ്നളീ കാസേരയിലിരുന്നുറങ്ങുതെന്നു മനസിലാക്കാന്‍ പ്രത്യേകിച്ചൊരു പൊളിറ്റിക്കല്‍ ബുദ്ധി ആവശ്യമില്ല എന്നത് തന്നെ.

നിയമം എങ്ങിനേയും വളച്ചൊടിക്കാവുന്ന മഹാരാജ്യത്തില്‍ സി.പി. സുധാകരന്‍ ചെയ്ത്തതു മഹാപരാധമൊന്നുമല്ല. എങ്കിലും അതിനു ഓശാന പാടും മുമ്പ് താങ്കളുടെ വീരവാദങ്ങള്‍ മന്ത്രി സഭയുടെ വാതിക്കല്‍ വാളു വെച്ചിട്ടെങ്കിലും പോകാമയിരുന്നു. എന്തിനീ ജീവിതം തൃണതുല്യം എന്നു വിലപിച്ചുകൊണ്ടൊരു വാക്കൌട്ടെങ്കിലും. ആ പോട്ട്. 'കുരക്കുന്ന പട്ടി'ക്ക് ബദലായി 'എക്സ്പയേഡ് വി.എസ്.' എന്ന പദം സമ്മാനിച്ച മുകുന്ദന്‍ അവര്‍കളുക്ക് മലയാണ്മയുടെ പ്രണാമം. പിന്നെയൊരു സമാധാനം നിങ്ങള്‍ ശബ്ദമെങ്കിലും ഉയര്‍ത്തുന്നുണ്ടല്ലോ. മറ്റു സഖാക്കള്‍ ആരോപണങ്ങള്‍ക്കെതിരെ രാഷ്ട്രീയമായി കൊടിപിടിക്കുന്ന കാലത്ത് നിങ്ങളുടെ ശബ്ദം വികലമായിട്ടാണേലും കേള്‍ക്കുന്നത് തന്നെ ആശ്വാസം.

പിന്നെ ഇതില്‍ വലിയ പുലിവാലൊന്നുമില്ല. പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കല്‍ ചുമ്മാതൊരു രാഷ്ട്രീയ നേരിടല്‍ മത്രം. ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചാലും കോടതിക്കു കടത്തി വെട്ടാം. ഇതൊരു റാണി ചെക്കിനു മുന്നില്‍ വെച്ച കാലാള്‍ പ്രതിരോധം എന്നു സമാധാനിച്ച് ലാവ്‌ലിന്‍ അങ്ങിനെയങ്ങു ഒഴുകില്‍ പോകില്ല എന്നു കരുതി കാത്തിരിക്കാം. ഗവര്‍ണ്ണറുടേ അനുമതി നിര്‍ബന്ധമോ എന്ന കാര്യത്തില്‍ കോടതി മറുപടി പറയാത്തതിനാല്‍ കേസിനു ഇനിയും ആയുസ്സുണ്ട്. അല്ലെങ്കില്‍ തന്നെ കേസൊക്കെ എന്നു പറഞ്ഞാല്‍ ഇങ്ങനെയാണു അല്ലേ സഖാവേ. നിങ്ങളു പറഞ്ഞപോലേ 'ഞാനും നിങ്ങളും' ആഗ്രഹിച്ചതു കൊണ്ടു മാത്രം ഇതൊക്കെ നടക്കോ. കാലപ്പഴക്കത്തില്‍ ഇതൊക്കെ തേഞ്ഞുമായാം, തെളിഞ്ഞും വരാം. കോടതി ശരണം.

2008 ഡിസംബർ 2, ചൊവ്വാഴ്ച

അഭയാക്കേസ് വലതുകരണത്തടിക്കുമ്പോള്‍

"നിന്റെ വലതു കരണത്തടിക്കുന്നവനു ഇടത് കരണം കൂടി കാണിച്ചു കൊടുക്കുക"-യേശു ക്രിസ്തു (ബൈബിള്‍)

സഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന ഡിഗ്രിയാണു ഇതിലൂടെ യേശു ഉദ്ദേശിക്കുന്നത്. വലതുകരണത്തടിക്കുക എന്നത് അസ്വാഭാവീകമാണു. സാധാരണഗതിയില്‍ ഒരാള്‍ക്ക് ഇടതുകരണത്തേ അടിക്കാന്‍ കഴിയൂ. വലതുകരണത്തടിക്കണമെങ്കില്‍ വലതുകൈയുടെ പുറം ഭാഗം കൊണ്ടടിക്കണം. പുറംകൈക്ക് അടികൊള്ളുക എന്നത് ഏറ്റം ഹീനവും അപമാനകരവുമായി കരുതിയിരുന്ന സമൂഹത്തിലാണു യേശു ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് പറയുന്നത്. അതു കൊണ്ടുതന്നെ, ഏറ്റവും അപമാനപരമായ അവസ്ഥയില്‍ പോലും സംയമനം പാലിക്കാന്‍ അദ്ദേഹത്തിന്റെ അനുഗമിക്കുന്ന സഭയ്ക്ക് ധാര്‍മ്മികമായ ഉത്തരവാദിത്വം ഉണ്ട്.

സിസ്റ്റര്‍ ആനിയുടെ ലേഖനം ഡീക്കന്‍ റോബിന്റെ ബ്ളൊഗില്‍ വായിച്ചു. സി.സ്റ്റെഫിയെ ലോകത്തിന്റെ വിശുദ്ധീകരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട സഹനത്തിന്റെ പ്രതീകമായി ചിത്രീകരിച്ചിരിക്കുന്നത് വായിച്ചാല്‍ വിശുദ്ധീകരണം എന്ന പദം പോലുമറയ്ക്കും. ഈ വേദന സഹിക്കുന്നു എന്നു പറയുന്ന ലേഖനം തുറന്നു വെക്കുന്നത് വേദന സഹിക്കാന്‍ കഴിയാത്ത സിസ്റ്റെറിന്റെ അസഹിഷ്ണുതയാണു. അറസ്റ്റിലായ ഉടന്‍തന്നെ സര്‍ക്കുലാര്‍ ഇറക്കിയ കോട്ടയം അതിരൂപതാ പി.ആര്‍.ഓയും ഇടയലേഖകനും ഉദ്ദേശിച്ചതു അറസ്റ്റിലായവര്‍ നിരപരാധികളാണു എന്ന അടിവരയിടുകയും സഭയുടെ മുഖം രക്ഷിക്കുകയുമാണു. പക്ഷേ അതുണ്ടാക്കിയത് വിപരീതഫലവും. വിശ്വാസികള്‍ക്കുണ്ടാകാവുന്ന സ്വാഭാവികമായ സംശയത്തേ ബലപ്പേടുത്തുക മാത്രമാണു അതു ചെയ്തത്. കാരണം അവയ്ക്ക് ആധികാരികത ഇല്ലായിരുന്നു എന്നത് തന്നെ.

അച്ചന്മാരും കന്യാസ്ത്രീയും നിരപരാധികളാണു എന്നു പറയുന്നവര്‍ക്ക് അതിനു തക്ക തെളിവു കൂടി നല്കാനുള്ള ബാധ്യതയുണ്ട്. കോട്ടുരാനച്ചനും പിതൃക്കയിലച്ചനും അഭയ മരിച്ചതിന്റെ തലേന്നു രാത്രി വൈകീട്ടും കോണ്‍വെന്റിലുണ്ടായിരുന്നു എന്നത് തെറ്റാണെങ്കില്‍ പിന്നെ അവര്‍ എവിടെയായിരുന്നു എന്നു ബോധ്യപ്പെടുത്താന്‍ ഈ ലേഖനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. മത്രമല്ല ഇതൊരു കെട്ടിച്ചമച്ച കേസ് ആണു എന്നു പറയുന്നതിനു വ്യക്തമായ അടിസ്ഥാനം നല്കുന്ന സ്ഥിതിവിവരങ്ങളും ഇതില്‍ ഇല്ല.
മറിച്ച് വിജൃംഭിതമായ വികാരങ്ങളുടെ വാചാടോപം മാത്രമേ ഉള്ളൂ. അത് വിവേകത്തെ കുറിക്കുന്നുമില്ല.

കുറ്റാരോപിതരുടെ അപരാധിത്വം സി.ബി.ഐ.ക്കും നിരപരാധിത്വം സഭയ്ക്കും വ്യക്തമായി തെളിയിക്കാന്‍ സാധിക്കാത്ത ഈ സാഹചര്യത്തില്‍, യേശുവിന്റെ ഈ ഉപദേശം മുഖവിലയ്ക്കു സഭ കൈക്കൊള്ളണം എന്നാണു എനിക്ക് തോന്നുന്നത്. അഭയക്കേസ് നമ്മുടെ വലതുകരണത്തു പതിച്ച അടിയാണു. സംയമനപൂര്‍വ്വം ഇടതു കരണം കൂടി കാണിച്ചു കൊടുക്കുക എന്ന നയമാണു നാം ഉള്‍ക്കൊള്ളേണ്ടത്. അതാണു യഥാര്‍ത്ഥ സഹനവും.

നാളെ, ഈ കേസില്‍ ഇവര്‍ നിരപരാധികളാണു എന്നു തെളിഞ്ഞാല്‍ അതു സഭയുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നേരെ മറിച്ച് ഇവര്‍ അപരാധികളായാല്‍ വികാരഭരിതരായി ഇന്നു നാമെഴുതുന്ന ലേഖനങ്ങളുടെ പുനര്‍വായന മാത്രം മതി, സഭയുടെ അന്തസ്സിനു മങ്ങലേല്പ്പിക്കാന്‍. അതു കൊണ്ട് ഈ അവസരത്തില്‍ വിചാരപൂര്‍വ്വമായ സംയമനം സഭയും വിശ്വാസികളും അനുഭാവികളും ഉള്‍ക്കൊള്ളണമെന്നാണു ഒരു അല്മായന്‍ എന്ന നിലയില്‍ എന്റെ അഭ്യര്‍ത്ഥന.

2008 നവംബർ 13, വ്യാഴാഴ്‌ച

പാവം പെട്രോള്‍ കമ്പനികള്‍

പാവം പെട്രോള്‍ കമ്പനികള്‍, ദാരിദ്ര്യരേഭയ്ക്ക് താഴേ കേഴും പാവം പെട്രോള്‍ കമ്പനികളല്ലോ. മന്‍മോഹനണ്ണാ...അണ്ണനാണണ്ണ അണ്ണന്‍. വ്യവസായികളുടെ അണ്ണന്‍. അവരുടെ നഷ്ടത്തില്‍ അണ്ണനൊഴുക്കുന്ന കണ്ണീരുകാണുമ്പോ, ഒരു ലിറ്റര്‍ പെട്രോളിന്‍ ഒന്നൊ രണ്ടൊ രൂപ കൂടുതല്‍ കൊടുത്താലോ എന്നു വരെ ഞാനാലോചിക്കാറുണ്ട്. ബിര്‍ള്ളച്ചായനും അമ്പാനിയണ്ണനും ബാങ്കു പലിശ കൊറക്കണമെന്നു പറഞ്ഞപ്പൊത്തന്നെ അണ്ണന്‍ എടുപിടീന്നു കുറച്ചതു കേട്ടു ഉയര്‍ന്ന രോമങ്ങള്‍ താഴാന്‍ തുടങ്ങുമ്പോഴാ അണ്ണന്റെ പെട്രോള്‍ കമ്പനികളോടുല്ല സ്നേഹം കൂടി അറിഞ്ഞതു. ഇനി ഈ രോമങ്ങള്‍ താഴണേല്‍ അടുത്ത മണ്ഡലക്കാലമാകും. യെവന്മാരുടെ നഷ്ടം നമ്മുടെ നാടിന്റെ തീരാ നഷ്ടമാണല്ലൊ.. അപ്പൊ നമ്മളു തന്നെ ഒടുക്കണം. ചുമ്മാ അറിയാന്‍ വേണ്ടിയാണു കേട്ടാ ഈ ചോദ്യങ്ങള്.

എണ്ണകമ്പനികളു പ്രതിവര്ഷം ബ്രാന്ഡ് അമ്പാസഡര്‍മാര്‍ക്കും, പരസ്യത്തിനും വേണ്ടി ഒഴുക്കുന്നത് രണ്ടായിരത്തില്‍ പരം കോടി രൂപാ. പിന്നെയ് പരസയം കണ്ടല്ലെ നമ്മള്‍ പെട്രോളടിക്കുന്നതു. പിന്നെ എണ്ണിയാലൊടുങ്ങാത്തത്ര എണ്ണകമ്പനികള്‍ നാട്ടില്‍ മുളച്ചു നില്‍ക്കുവല്ലെ പരസ്യം കാണിച്ചു വിപണി പിടിക്കാന്‍. മരങ്ങോടന്റെ വണ്ടിയില്‍ പെട്രോളു തീര്ന്നാല്‍ ചരിച്ചടിച്ചും, ചോക്ക് താങ്ങിയും ഉന്തിയും തള്ളിയും ഒരു കണക്കിനു അടുത്ത പമ്പില്‍ ചെന്നു എണ്ണ നിറക്കുമെന്നല്ലാതെ ആരാ, ബ്രാന്ഡ് നോക്കി അടിക്കുന്നത്.

എണ്ണപുരണ്ടു പണ്ടാരടങ്ങി ജീവിച്ചു മടുക്കാതിരിക്കാന്‍ കമ്പനികള്‍ ആഡംബര വിനോദങ്ങള്‍ക്കായി തൊലക്കുന്നതു പ്രതിവര്‍ഷം 800 കോടിയിലധികം വരും. ഇതാരുടെ പോക്കറ്റില്‍ നിന്നു കൊടുക്കണമെന്ന മോഹനാ നീ പറയുന്നത്.

ഈ കഴിഞ്ഞ ആഴ്ചകളില്‍ എണ്ണകമ്പനികളിലെ വിദ്വാന്മാര്‍ കൊച്ചി ടാജ് മലബാറില്‍ വന്നു പുട്ടടിച്ചും കള്ളുകുടിച്ചും മീറ്റിങ്ങു കൂടിയത് ഒന്നരക്കോടി രൂപയ്ക്ക്. ഇത്തരത്തില്‍ ഒരു വര്ഷം യെവന്മാര്‍ മീറ്റിങ്ങു കൂടി തകര്ക്കുന്ന കോടികള്‍ എത്രയെന്നു ഒടയതമ്പുരാനറിയാം.

ഈ നഷ്ടമൊക്കെ നികത്താനാ നമ്മളു ജനങ്ങളുടെ തലയില്‍ അമിത ചാര്ജ്ജ് ഈടാക്കി മന്മോഹന്‍ കമഴ്ത്തിക്കൊടുക്കുന്നത്. ബാരലിനു 60-ല്‍ താഴെ എത്തിയാല്‍ വിലകുറക്കുന്നതു പരിഗണിക്കമെന്നു പെട്രൊളിയം മന്ത്രി ചുമ്മാ തള്ളിയിരിക്കുമ്പോഴാ വില 52 ഡോളര്‍ വരെ എത്തുന്നത്. എന്നിട്ടും വിലകുറക്കില്ല.

ഇപ്പോഴത്തേ വാദം വെച്ചു വില എന്നു കുറയാനാ? എന്നാണു ഇവിടത്തെ കമ്പനികള്‍ നഷ്ടത്തില്‍ നിന്നും കര കയറുന്നത്? മോഹനനു ബോധമുണ്ട്. അതാ പുള്ളി മലമ്പാമ്പിനെ കിട്ടിയാല്‍ മാലയാക്കി ഇടാമെന്നു പറയുന്നതു. മലമ്പാമ്പിനെ കിട്ടുകയുമില്ല. മാലയൊട്ടിടുകയുമില്ല. ഡിസലിനും മണ്ണെണ്ണയ്ക്കും ഉള്ള സബ്സീഡിയില്‍ വന്ന നഷ്ടം എന്നൊക്കെ പറഞ്ഞു, ഞങ്ങളുടെ കണ്ണില്‍ മണ്ണിട്ടോളൂ. ഞങ്ങള്‍ ഈ നാട്ടിലെ ജനങ്ങളല്ലല്ലോ? അങ്ങയുടെ ജനങ്ങള്‍ ടാറ്റയും ബിര്‍ലയും അമ്പാനിയുമല്ലേ.

2008 നവംബർ 8, ശനിയാഴ്‌ച

ഇടതു വാട്ടം; ചെങ്കൊടി മങ്ങുന്നു.

തദ്ദേശീയ ഉപതെരഞ്ഞേടുപ്പില്‍ ചുവപ്പന്‍ കാറ്റു വീഴ്ച്ച നേരിടുവാന്നു പ്രത്യേകം പൊലിപ്പിക്കേണ്ടതില്ല. ഇടതുകയ്യിലിരുന്ന ഏഴു സിറ്റിങു കൂടി കൈ വിട്ടതോടെ യുഡിഎഫ് 17 സീറ്റുകളൂമായി തെളിഞ്ഞു നില്‍ക്കുന്നു. 14 സീറ്റുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ ഒരെണ്ണം സ്വതന്ത്രനു. സ്വതന്ത്രന്‍ മുന്‍കാല (സിപിഐ) പഞ്ചായത്തു വൈസ് പ്രസിഡന്റായിരുന്നു എന്നതും വെളിയത്തിന്റെ സ്വന്തം പഞ്ചായത്തു(ചെപ്ര)കാരനാണെന്നതും നാടകത്തിന്റെ ആന്റിക്ളൈമാക്സില്‍ പറയാവുന്നതാണു. കക്ഷി സിപിഐയില്‍ നിന്നു ചാടിയതോടെയാ ചെപ്രയില്‍ ഉപതെരഞ്ഞെടുപ്പു സംജാതമായത്. സിപിഎം പിന്തുണ ഇല്ലെന്നു നോട്ടീസടിച്ചിറക്കിയെങ്കിലും, ഉണ്ടായിരുന്നു എന്നത് ചെപ്രയിലേ കൊച്ചു സഖാക്കള്ക്ക് വരെയറിയാം. എന്തായാലും ഭാര്‍ഗ്ഗവന്റെ നാട്ടില്‍ ചുവപ്പുകൊടിക്ക് കെട്ടിവെച്ച കാശുകൂടി കിട്ടിയില്ല. ബിജെപിക്കും വലതനും പിന്നില്‍ നാലാം സ്ഥാനം കൊണ്ടു ചുരുണ്ടുകൂടി.

ഇടതുഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ സര്‍ക്കാരിനു നല്‍കിയ താക്കീതാണിതെന്നൊക്കെ ഒരു രാഷ്ട്രീയ ഭാഷയില്‍ പറയാമെങ്കിലും, വലതു കാലിലല്‍ പറ്റിയ ചെളി ഇടതുകാലില്‍ തേച്ചും പിന്നീട് വലതിലേക്ക് മാറ്റിത്തേച്ചും തുടരുന്ന പ്രതിഭാസം ആവര്‍ത്തിച്ചു എന്നു പറയുന്നതാണു സത്യം. ചെളി കഴുകിക്കളയാനുള്ള യോഗം നമുക്കില്ലല്ലോ. ഗതികേട്. പിന്നെ മക്കള്‍ക്കു കൊടുക്കുന്ന ഭക്ഷണം അവരു കഴിച്ചില്ലേല്‍ പട്ടിക്കു കൊടുക്കുന്നു എന്നു മാത്രം. അതു പട്ടിയോടുള്ള സ്നേഹം കൊണ്ടല്ല; ഭക്ഷണം വേസ്റ്റ് ആക്കണ്ടല്ലോ എന്നു കരുതിയാണു.

യെച്ചൂരനു ജ്യോതിഷം വശമില്ലെങ്കിലും, നാവുപിഴയ്ക്കില്ല എന്നുറപ്പയി. ഇക്കുറി 20-ല്‍ ഒന്നെങ്കിലും എല്‍ഡിഎഫിനു കിട്ടുമോ എന്നു പറഞ്ഞ ആ സെക്കന്റില്‍ നാവില്‍ ഗുളികന്‍ കേറി എന്നു പറഞ്ഞാല്‍ മതിയല്ലൊ. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 20-ല്‍ 18-ഉം നേടി ഡിസ്റ്റിങ്ഷനോടെ പാസ്സായ എല്‍ഡിഎഫിനു, ഇത്തവണ രണ്ടാം മുണ്ടശ്ശേരി ബേബിക്കുട്ടനു കൊടുക്കാവുന്ന മൊഡറേഷനെങ്കിലും കിട്ടിയാല്‍ കൊള്ളാം.

200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഇനി താപ വൈദ്യുതിയുടെ അതേ വില നല്‍കണം. കുറച്ചുകൂടി കഴിഞ്ഞാല്‍ താപനിലയത്തില്‍ നിന്നു ആവശ്യമുള്ളവര്‍ നേരിട്ടുവാങ്ങിക്കൊ എന്നു ബാലന്‍മൂപ്പരു പറഞ്ഞാലതില്‍ അതിശയോക്തി ഉണ്ടാവില്ല. നാസ്തയ്ക്കു വിലകുറയുന്നത് ഭാഗ്യം.

2008 ഒക്‌ടോബർ 18, ശനിയാഴ്‌ച

സഹന സമര സമയമായ്

സഹന സമര സമയമായ്- ആ കാലമൊക്കെ പോയി ജൊക്കി. ഇപ്പൊ അവരു സമരം ചെയ്യുന്നു നമ്മളു സഹിക്കുന്നു. വിമാനത്തില്‍ പറന്നിറങ്ങി സമരം ചെയ്യുന്ന നേതാക്കളുള്ളതിനാല്‍ നമ്മളും പരിഷ്ക്കാരികളാണെന്നു എല്ലാവരും അറിയട്ടെ. ബൂര്‍ഷ്വാ ഹോട്ടലുകളില്‍ കട്ടനും പരിപ്പുവടയും കിട്ടിയോ ആവോ? എന്തായലും നമ്മുക്കരിയും വെട്ടവും കറണ്ടും കിട്ടാന്‍ വേണ്ടി കഷ്ടപ്പെട്ടു പോയതല്ല്യോ. അതും സഭയുമടച്ചു താക്കോലും കറക്കി മുഖ്യന്‍ മുന്നില്‍ നിന്നു നയിച്ച്.

കിട്ടിയ വടിയില്‍ പ്ളക്കാര്‍ഡും കെട്ടിയിറങ്ങിയ സഖാക്കന്മാര്ക്ക് ചുളുവില്‍ ഒരു പ്ളെയിന്‍ ടിക്കറ്റും കിട്ടി. അതൊക്കെ ഒരു സ്വപ്നമായിരുന്നങ്ങുന്നേ- ഈ വിമാനയാത്ര. ഖജനാവു ചൂണ്ടിയാണെലും കാര്യം നടന്നു. മൂന്നു കോടി പോയാലെന്താ. കെണിപ്പന്‍ സമരമല്ലായിരുന്നോ?

അരി കിട്ടിയോ സഖാവേ. ഉറപ്പു കിട്ടിക്കാണും അല്ലെ. ങേ അതുമില്ലേ. പണ്ടാരം മൂന്നുകോടിയും പോയിക്കിട്ടി. കൊഴപ്പമില്ല ഏതെങ്കിലും സാധനത്തില്‍ വിലകൂട്ടിയിങ്ങു തന്നാല്‍ മതി, ബാക്കി കാര്യം ഞങ്ങളേറ്റു. അല്ലെങ്കിലൊരു ബക്കറ്റുമായി ചെമപ്പന്മാരെ ഇറക്കി വിട്ടോ, പണം അവര്കള്‍ കൈവശം എത്തിക്കാം.

നാണകേട്. ഇതില്‍ പരം നാണകേടു പ്രതിപക്ഷനു ഇനി വരാനില്ല. നാണം കൊണ്ടൊരു സമരം. അതാണു വലതന്‍. അങ്ങിനെയും സമരമെടുത്തു കളയും. അച്ചുവും കൂട്ടരും ഡെല്ലിക്കു പോയതക്കത്തിനു തിരൂന്തരത്തു കൊടി കെട്ടി തലയനും ചാണ്ടിയും. ഡെല്ലിക്കു മുന്നില്‍ കൊടികുത്തിയാല്‍ ചെന്നിത്തല നോക്കി സോണിമോള്‍ ഒന്നു തരും.

എന്തോന്നയാലും സംഗതി പൊടിപൊടിച്ചു. കേരളജനതായാകേ പുളകം കൊണ്ടിരിക്കുകയാണു. വലതനും ഇടതനും ഒരേ ദിവസം സമരം. അതും സഭകള്ക്ക് മുന്നില്‍. ഇവരേക്കാള്‍ നല്ല നേതാക്കള്‍ മഷിയിട്ടു നോക്കിയാല്‍ കാണുമോ?

അരിക്കും പാലിനും വെള്ളത്തിനും കറണ്ടിനും വില കുറയുമോ?

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കും

പെട്രോളിനു വിലകുറയുമോ?

വിഴിഞ്ഞം പദ്ധതി അനുവദിച്ചു.

നീ എന്താ തുമ്പും വാലുമില്ലതേ പറയുന്നത്?

ഹ ഹ ഹ

എന്നിട്ടു വെല്ലതും നടന്നോടാ. ഉവ്വ് ജൊക്കി. നടന്നു. ഇനി നടക്കുകേം ചെയ്യും, സമരങ്ങള്‍. വരിക വരിക സഹജരേ സഹന സഹന സഹനമായ്.

വാര്‍ത്ത: ഒരു ഇടതു യുവതിയുടെ ജാമ്യം റദ്ദാക്കാനും സ്വത്ത് കണ്ടു കെട്ടാനും അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവ്.

യുവതിക്കു മുന്നില്‍ പോലീസുകാര്‍ കവാത്തു നടത്തുകയും പോലീസിനു മുന്നില്‍ യുവതി ഒരു കൂസലുമില്ലാതെ കവാത്തു നടത്തുകയും ചെയ്യുന്നത് ലൈവ് ആയി ടി.വി.യില്‍ കണ്ടിരുന്നു ചുമ്മാ ഞാന്‍ പുളകിതനായി.രംഗം കേന്ദ്ര വിരുദ്ധസമരം.

2008 സെപ്റ്റംബർ 30, ചൊവ്വാഴ്ച

വിലക്കയറ്റങ്ങളുടെ ഭൂമിക: കേരളം ഇനി കട്ടന്‍ ചായ കുടിക്കും

അച്ചുമാമന്റെ സര്‍ക്കാര്‍ ഇനി വിലകൂട്ടാന്‍ എന്തുണ്ട് ബാക്കി എന്നോര്‍ത്ത് കുണ്ഠിതപ്പെടുകയാണ്. ഭരണത്തിലെത്തിയ ശേഷം മൂന്നാം തവണയും, ഈ വര്‍ഷം രണ്ടാം തവണയും മില്മാപാലിനു വിലവര്‍ധിപ്പിച്ചിരിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ 14 രൂപയ്ക്കും 16 രൂപയ്ക്കും പാല്‍ ലഭിക്കുമ്പോല്‍ ഇവിടെ അതു 20 രൂപായിലെത്തിച്ചു എന്ന റെക്കോര്ഡ് ഇനി നമുക്ക് സ്വന്തം. വര്ധനയ്ക്ക് നിദാനം സ്ഥിരം പല്ലവി തന്നെ. കെ.എസ്.ആര്‍ടി.സി, വൈദ്യുതി, ജലവിതരണം, അരിവിതരണം എന്നീ മേഖലകളില്‍ വിലവര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ അതേ ‘പ്രതിസന്ധി’യാണു പാല്‍ വില വര്‍ധനയക്കും കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്. പ്രതിസന്ധിരോഗം ബാധിക്കാവുന്ന അടുത്ത മേഖല ഏതായിരിക്കും എന്ന ആശങ്കയിലാണു കേരളീയര്‍.

പാല്‍വില വര്‍ദ്ധനയുടെ കൂടെ ഉയര്‍ത്തിക്കാട്ടിയ ഒന്നാണ്, ക്ഷീരകര്‍ഷകനു 90 പൈസ ലാഭം കിട്ടും എന്നതും കൂടുതല്‍ പേര്‍ ഈ ക്ഷീരകാര്‍ഷിക മേഖലയിലേക്കു ആകൃഷ്ടാരാകും എന്നതും. നാലുമാസം മുമ്പ് 2 രൂപ കൂട്ടിയപ്പൊഴും ഇതു തന്നെയാണു പറഞ്ഞതു. ഒപ്പം വിദര്‍ഭാ മോഡല്‍ ആവിഷ്കരിക്കുമെന്നും മറ്റു ചില പദ്ധതികളൊക്കെ നടപ്പിലാക്കി, പ്രതിസന്ധി ഒഴിവാക്കുമെന്നും. പക്ഷെ, ഫലത്തില്‍ ഇവയൊന്നും കാണുന്നില്ല എന്നു മാത്രമല്ല, വിലവര്ദ്ധന അടിയന്തിരമായി നടപ്പിലാക്കുകയും ചെയ്യുന്നു. മറ്റൊന്നു കൂടി ഇവിടെ പരാമര്‍ശം അര്‍ഹിക്കുന്നു, മില്മയുടെ മലബാര്‍ മേഖല ലാഭകരമാണെന്നതും അവിടെ കര്‍ഷകനു 1 രൂപ അധികവരുമാനം നല്കാന്‍ കഴിയുന്നുണ്ട് എന്നതും. അങ്ങിനെയെങ്കില്‍ ഈ വിലവര്‍ധന, പ്രതിസന്ധിയുടെ ശിശുതന്നെയോ?

സര്‍ക്കാര്‍ വിഹിതം വെട്ടിക്കുറച്ചതു കൊണ്ട്, വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരുന്നെന്നും അതിനാലാണു ചാര്‍ജ്ജ് വര്‍ധിപ്പിക്കേണ്ടി വന്നത് എന്നു സമ്മതിക്കാം. കഴിഞ്ഞ വേനല്‍മഴയില്‍ ലഭിചച അധികജലം കൊണ്ടുല്പാദിപ്പിച്ച വൈദ്യുതി വിറ്റവകയില്‍ ലഭമായി ലഭിച്ച 164 കോടി രൂപയിലെ വിഹിതം എന്ന നിലയിലെങ്കിലും ആ കാലയളവില്‍ ചാര്‍ജ്ജില്‍ കുറവുവരുത്താം എന്നു ചിന്തിക്കാതിരുന്നത് എന്തു കൊണ്ടാണ്? നഷ്ടം നികത്താന്‍ വര്‍ധനവ് ഏര്‍പ്പെടുത്തുന്നതു പോലെ ലാഭം ലഭിക്കുമ്പോള്‍ കുറവ് നല്‍കുവാനും സര്‍ക്കാരിനു കടമയില്ലേ?.

കേന്ദ്രവും, കേരളവും വിലവര്‍ധിപ്പിക്കുന്നതില്‍ കാണിക്കുന്ന ശുഷ്കാന്തി, വിലകുറക്കുന്നതില്‍ കാണിക്കുന്നില്ല. ബാരലിനു 152 ഡോളര്‍ വിലയുള്ള സമയത്താണ്, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതു. ഇപ്പോള്‍ ബാരലിനു 92 ഡോളര്‍ എത്തിയിട്ടു പോലും (സെപ്റ്റം.30 നു $97.43) വിലകുറക്കാന്‍ ഭരണപക്ഷമോ, ശുപാര്‍ശ എങ്കിലും ചെയ്യാന്‍ പ്രതിപക്ഷമോ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. കേരളത്തിലെ പ്രതിപക്ഷം എന്നാല്‍ ചത്തതിനൊക്കുമെ, ജീവിച്ചിരിക്കിലും എന്ന നിലയിലായിട്ടുണ്ട്.

ഏതു പ്രതിസന്ധിക്കും വിലവര്‍ദ്ധനായാണു മറുമരുന്നെന്നു വരികയാണെങ്കില്‍, ജനം ഒരു രണ്ടാം നിസ്സഹകരണ പ്രസ്ഥാനത്തിലേക്ക് പോകേണ്ടിവരും. പക്ഷെ, അതിനും നേതൃത്വം നല്കാന്‍ ഈ രാഷ്ട്രീയചെറ്റകള്‍ കൊടിയും തൂക്കി വരും എന്ന ഗതികേടുകൂടി നമുക്കുണ്ടല്ലൊ?

2008 സെപ്റ്റംബർ 24, ബുധനാഴ്‌ച

ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ വീണ്ടുവിചാരം

വീണ്ടുവിചാരം, വെളിപാട്, തിരിച്ചരിവ് അല്ലെങ്കില്‍ ബോധോദയം ഇതൊക്കെ മഹാന്മാര്‍ക്ക് ഉണ്ടാകുന്ന ചില പ്രതിഭാസങ്ങളാണു. ശ്രീ ബുധ്ദന്‍, സെയിന്റ് പോള്‍, അശോക ചക്രവര്‍ത്തി അങ്ങിനെ പലര്‍ക്കും ഇത്തരം വെളിപാടുകള്‍ ഉണ്ടായതായി അറിവുണ്ട്. അക്കൂട്ടരിലേക്ക് പരിഗണിക്കപെടാവുന്ന ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ നമുക്കുണ്ടായിരിക്കുന്നു. സുകൃതമലയാളികളേ, ലാല്‍സലാം.

സഖാവ് ബേബി അവര്‍കള്‍ക്കുണ്ടായ വീണ്ടു വിചാരമാണു പ്രതിപാദ്യം. വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളില്‍ വരുന്നതു, പഠിക്കാനാണു, സമരം ചെയ്യാനല്ല, എന്നു ഈ വിദ്വാന്‍ കണ്ടെത്തിയിരിക്കുന്നു. ചില മുന്‍കാല പരിഷകള്‍ ഇതു ആവര്ത്തിച്ചു പറഞ്ഞു നടന്നു പല്ലും നഖവും കൊഴിഞ്ഞ കഥകള്‍ നമ്മുക്ക് സൌകര്യാര്‍ത്ഥം മറക്കാം. വെളിപാടുകാരന്റെ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്‍ത്തനകാലം ജീവചരിത്രത്തില്‍ പൂപ്പലു പിടിക്കാതെ കിടപ്പുണ്ടല്ലോ. അന്നു കുരച്ചു കൊണ്ടിരുന്ന രക്തപ്പട്ടികള്‍ക്കെന്തു സംഭവിച്ചൊ ആവോ? എന്തൊക്കെയായാലും ഇതിനെയൊക്കെയാണു മോനെ ഒരു വെളിപാട് എന്നു വിളിക്കവുന്നതു. അല്പം വൈകിയാലും വരാനുള്ള ബുധ്ദി വഴിയില്‍ തങ്ങിയില്ലല്ല്ലൊ?

ഇതൊക്കെ കേട്ട ചില ദോഷൈകദൃക്കുകള്‍ പറഞ്ഞു നടക്കുന്നു, “വലതന്‍മാര്‍ ഭരണത്തില്‍ വരുമ്പോ, ഈ സഖാവു തന്നെ കുട്ടി സഖാക്കന്മാരെക്കൊണ്ട് ചുടുചോര്‍ വാരിക്കുമെന്നു”. കാക്ക കുളിചാല്‍…പട്ടിയുടെ വാല്…എന്നൊക്കെ അത്തരം മൂരാച്ചികള്‍ പരദൂഷണം പറയുന്നു.

കടല്‍ രണ്ടായി പിളര്‍ത്താനും ഇടിനാദം മുഴക്കാനും ഇറങ്ങിത്തിരിക്കുന്ന വിദ്യാര്‍ത്ഥി സഖാക്കന്മാര്‍ ഇതൊക്കെ തള്ളുമോ അതൊ കൊള്ളുമോ? സമരം നടത്തുന്നതു നിര്‍ബന്ധമാണെങ്കില്‍ അതു പഠനസമയം കഴിഞ്ഞു മതിയെന്ന ബേബി ചിന്ത സുന്ദരമാണെന്നു അംഗീകരിച്ചു കൊണ്ടു തന്നെ, ഇതിനൊരു ചരമഗീതം എഴുതുന്നു. വേണമെങ്കില്‍ ബൂര്‍ഷ്വാഗാനം എന്നു വിളിച്ചോളൂ…

“കാരസ്കരത്തിന്‍ കരു പാലിലിട്ടാല്‍
കാലാന്തരേ കയ്പ് ശമിപ്പതുണ്ടൊ?”