-->

Followers of this Blog

കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജനുവരി 16, ബുധനാഴ്‌ച

വക്കച്ചന്‍ ചേട്ടന്റെ ചരിത്രം അഥവാ ചെള്ളക്കര ചരിതം

ദെബസ്ത്യാനോസ് (സെബസ്ത്യാനോസ്) പുണ്യാളന്റെ കുരിശു പള്ളിക്ക് മുന്നില്‍, മുട്ടുകാലില്‍ ലേശം വാതത്തിന്റെ വേദനയുള്ള ഭാഗത്ത്‌ വിരലുകൊണ്ട് അമര്‍ത്തി അങ്ങിനെ ചാരിയിരിക്കുമ്പോള്‍ വക്കച്ചന്‍ചേട്ടന് ഒരു രാജ്യം മുഴുവന്‍ചുറ്റും പരന്നു കിടക്കുന്നത് പോലെയാണ് ചെള്ളക്കര. മുട്ടിനാഴം വരുന്ന കുറുക്കുചെളി നീന്തി ചെള്ളക്കരയില്‍ആദ്യം കുടിയേറിയത് വക്കച്ചന്‍ചേട്ടനാണ്. അന്ന് മുതലേ തന്റെ തലക്ക് മുകളില്‍ ദൈവം തമ്പുരാനും അതിനു താഴെ ദെബസ്ത്യാനോസ് പുണ്യാളനും തനിക്ക്‌ താഴെ ചെള്ളക്കരക്കാരുമാണ് അയാള്‍ക്ക്‌. ദൈവവും പുണ്യാളനും പറയുന്നത് കേള്‍ക്കുന്ന വക്കച്ചന്‍ചേട്ടനും അയാള്‍പറയുന്നത് കേള്‍ക്കുന്ന ചെള്ളക്കരയുമായി തൊള്ളായിരത്തി നാപ്പതിലെ വെള്ളപ്പൊക്കം ശമിച്ച കാലം മുതല്‍ ആ നാട് ചലിച്ചു തുടങ്ങി.

2012 ഡിസംബർ 26, ബുധനാഴ്‌ച

മൂന്നാം കാലം

വഴുക്കലുള്ള തോട്ടിറമ്പിലൂടെ നടക്കുമ്പോള്‍ ഒരഭ്യാസിയെ പോലെയല്ല, നടന്നു പഴകിയ വഴികളിലെ പരിചിതമായ വഴുതലുകള്‍ അറിയാവുന്നൊരാളെ പോലെയാണ് ദാസന്‍ നടന്നിരുന്നത്. ഇതിനു മുന്നേ  ആയിറമ്പത് കൂടി അയാള്‍ നടന്നു പോയത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്ന് പറഞ്ഞാല്‍ തോട്ടില്‍ ചെമ്മീന്‍ തപ്പാനിറങ്ങുന്ന പുലക്കള്ളിപ്പെണ്ണുങ്ങളുടെ  ഇരുണ്ടു കൊഴുത്ത മാറിടങ്ങള്‍ നനഞ്ഞ കച്ചയുടെ നേര്‍ത്ത മറവിലും തെളിഞ്ഞു കാണുന്നത്, ഹൃദയമിടിപ്പിന്റെ  താളം തെറ്റിച്ചിരുന്ന കാലത്തിനും മുന്‍പ്... ഉപ്പൂത്തലുകള്‍ക്കിടയില്‍ മറഞ്ഞിരുന്ന് അവര്‍ കച്ച മാറ്റിയുടുക്കുന്നത് കാണുവാന്‍ ഇറമ്പിലൂടെ പതുങ്ങി നീങ്ങിയ കാലത്തിനും മുന്‍പ്... അന്ന് ദാസന് പന്ത്രണ്ടിനോടടുത്താണ് പ്രായം. കണ്ണികള്‍ അകന്ന തോര്‍ത്ത്‌ അരയില്‍ ചുറ്റി പത്തവാരിയെല്ലുകള്‍ തെളിഞ്ഞു കാണുന്ന മാറും ചെറുതായി ചീര്‍ത്ത വയറും ചെരുപ്പില്ലാത്ത പാദങ്ങളുമായി അന്നും ദാസന്‍ ആയിറമ്പത്ത് കൂടി നടന്നിട്ടുണ്ട്.

അക്കാലത്ത്...അതിരാവിലെ ആകാശവാണിയില്‍ വന്ദേമാതരം കേള്‍കുന്ന സമയത്ത് ദാസന്‍ ഉണരും. പിന്നെ അന്ന് വായിച്ചു പഠിക്കേണ്ട പാഠങ്ങള്‍ തീര്‍ന്നു കഴിഞ്ഞാല്‍ ഉടന്‍ അവന്‍ കളസം മാറ്റി തോര്‍ത്തെടുത്ത് അരയില്‍ ചുറ്റും.

"അമ്മാ ഞാന്‍ ചെള്ള  കുത്താന്‍ പോന്ന്"...

"ഇത്തല്‍ കുറഞ്ഞെടം നോക്കി കുത്ത്യാ മതി.കൈയൊന്നും മുറിക്കണ്ട"

വെള്ളപ്പൊക്കം തുടങ്ങിയാല്‍ മുറ്റത്തും പറമ്പിലും വെള്ളക്കെട്ടുണ്ടാകും. വെള്ളം കെട്ടിയ ഭാഗങ്ങള്‍ പിന്നീട് ചെളിഞ്ഞു  വൃത്തികേടാവും. അതൊഴിവക്കാനാണ് കാലേക്കൂട്ടി ചെള്ള  കുത്തി നിലം പൊക്കുന്നത്. ഇത്തലുള്ള  ചെളിയാണേല്‍ ഉറപ്പു കുറയും, ആദ്യ വെള്ളക്കെട്ടില്‍ തന്നെ ഒലിച്ചു പോവും. മാത്രവുമല്ല, ചെള്ള കുത്തിയെടുക്കുന്നതിനിടയില്‍ കക്കയുടെ തോടും ശംഖ് പൊട്ടിയ ക്ഷണവും കൊണ്ട് കൈ മുറിയാനും മതി. അത് കൊണ്ട് ഇത്തല് കുറഞ്ഞ ചെളിയുള്ള ഭാഗം തേടി ദാസന്‍ തെന്നി തെന്നി നടക്കും. പിന്നെ തോട്ടിലിറങ്ങി ചെള്ളയില്‍ ഇരു കൈകളും കുത്തിയിറക്കി ചെളിക്കട്ടകള്‍ പൊക്കിയെടുത്ത്  കരയിലേക്കെറിയും. ഒരു യന്ത്രം കണക്കെ, എന്നാല്‍ കരവിരുതോട് കൂടി, ആകാശവാണിയില്‍ 6 45ന്റെ വാര്‍ത്ത തീരും വരെ ദാസന്‍ ചെള്ള  കുത്തി പറമ്പ് നിറച്ചു കൊണ്ടിരിക്കും. വാര്‍ത്ത തീരുന്ന മുറക്ക്  കുത്തിയിട്ട ചെള്ള തോട്ടിലേക്ക് ഒലിച്ചു പോവാതിരിക്കാന്‍ മടമ്പ് കുത്തിവെച്ച ശേഷം ഒരു നീന്തലാണ് അടുത്ത കരയിലേക്ക്. ദാസന്റെ ഒരു ദിവസത്തിന്റെ പ്രധാനലക്ഷ്യം തുടങ്ങുന്നത് ഇവിടെ നിന്നാണ്. മറുകരയുടെ അങ്ങേയറ്റത്ത് ദാസന്‍ തന്നെ കുത്തി നിര്‍ത്തിയിട്ടുള്ള വാളം പുല്ലുകള്‍. അത് ഒരു കെണിയാണ്‌.തോട്ടില്‍ ആണ്ടു കിടക്കുന്ന ആ പുല്ലുകളുടെ കടയ്ക്കല്‍ പതിയിരിക്കുന്ന പരലുകള്‍. ആ പരലുകളാണ് ദാസന്റെ ലക്ഷ്യം.

ആ തോടിന്റെ മറുകരയില്‍ മുഴുവന്‍ തെങ്ങുകളാണ്. അവയുടെ കടപ്പുറ്റുകള്‍ പകുതിയോളം തോട്ടിലാഴ്ന്നു കിടക്കും. ആ പുറ്റുകള്‍ക്കിടയില്‍ പരതി നോക്കിയാല്‍ ചെമ്മീനും, പള്ളത്തിയും, കൂരിയും, കരിമീനും, കയ്യില്‍ കയറിയാല്‍ കട്ടുകഴപ്പെടുക്കുന്ന മുള്ളുകളുള്ള പുള്ളി നച്ചക്കയും പിന്നെ ചെറുഞണ്ടുകളും ഒക്കെ ധാരാളം ഉണ്ടാകും. കയ്യില്‍ ഒതുങ്ങുന്നവയെ പിടിച്ച്  അരയില്‍ കൊരുത്ത ചരടില്‍ പിണഞ്ഞു കിടക്കുന്ന കുടത്തിലേക്കിടുമ്പോഴും ദാസന്റെ മനസ് വാളം പുല്ലുകളുടെ കടയിലായിരിക്കും...തന്റെ കൈകള്‍ക്കിടയിലൂടെ ഓരോ തവണയും വഴുതി പോയിട്ടുള്ള കറുത്ത പരലുകളായിരിക്കും അപ്പോള്‍ അവന്റെ ചിന്തകളെ ചൂഴ്ന്നു നില്‍ക്കുന്നത്.

അന്നും വളരെ ശ്രദ്ധയോടെ തന്നെയാണ് തോട്ടില്‍ കുത്തി നിര്‍ത്തിയ വാളം പുല്ലുകളുടെ അരികില്‍ ദാസനെത്തിയത്. ഇന്നലെയും   മിനിയാന്നും അതിനു മുന്‍പുള്ള ദിവസങ്ങളിലും വഴുതിയ പഴുതുകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ഏറെ ശ്രദ്ധയോടെ അവന്‍ തന്റെ കൈകള്‍ കടയ്ക്കലേക്ക് പൂഴ്ത്തി. ചെളിയേക്കാളധികം വഴുക്കലും ചെറിയൊരു പിടച്ചിലും അവന്റെ കൈവെള്ളയില്‍ അനുഭവപ്പെട്ടു... അതെ.. അത് അത് തന്നെ...കറുത്ത പരല്‍.... വിരലുകള്‍ കൂടുതല്‍ അമര്‍ത്തി അവന്‍ പരലിന്റെ  മേലുള്ള പിടിത്തം  മുറുക്കി. പിന്നെ അതീവ ശ്രദ്ധയോടെ ചെള്ളയില്‍  നിന്ന് വലിച്ചെടുത്ത് കുടത്തിനോട്ടുപ്പിച്ചു. ഇനി ചെകിളയില്‍ പിടിയിട്ടു വേണം കുടത്തിലേക്കിടാന്‍ ... ഓളത്തില്‍ പെട്ട് അകന്നു പോകുന്ന കുടത്തെ  വലിച്ചടുപ്പിച്ച് പരലിന്റെ ചെകിളയില്‍ പിടിത്തമിടാന്‍ വിരലുകള്‍ തെന്നിച്ചു നീക്കവേ, കൃത്യമായി പഴുതുകണ്ട് ചാടുന്ന അഭ്യാസിയെ പോലെ അത് കുതറി ചാടി. നിമിഷത്തിന്റെ അര്‍ദ്ധ ഞൊടികള്‍ക്കിടയില്‍ വെള്ളത്തിലേക്കൂഴിയിട്ടു പോയി. ദാസന്‍ വെള്ളത്തില്‍ മുഷ്ടി ചുരുട്ടിയിടിച്ചു. പിന്നെ  ദേഷ്യമോ സങ്കടമോ നിരാശയോ എന്നറിയാതെ നിറഞ്ഞു വന്ന കണ്ണുകള്‍ക്കിടയിലൂടെയുള്ള മങ്ങിയ കാഴ്ചയില്‍ അവന്‍ തന്റെ കൈവെള്ളയിലെ ചുളിവുകളെ നോക്കി.

"ഊം... നെന്റെ കൈയ്ക്ക് ചുളിവിത് പോരാ" ഒരിക്കല്‍ വഴുതി പോയ പരലിന്റെ കാര്യം അപ്പാപ്പനോട് പറഞ്ഞപ്പോള്‍ തന്റെ കൈവെള്ള നോക്കി അപ്പാപ്പന്‍ പറഞ്ഞത് ദാസന്റെ ചെവിയില്‍ മുഴങ്ങി. "പരലിനെ പിടിക്കാന്‍ ചുളിവെമ്പാട് വേണം. ദാ ന്റെ കൈ പോലെ..."

ദാസന്‍ അപ്പാപ്പന്റെ കൈയില്‍ വിരലോടിച്ചു നോക്കി. ഒരുപാടു ചുളിഞ്ഞിട്ടുണ്ട്. അകവും പുറവുമെല്ലാം. പൈപ്പിന്‍ ചുവട്ടില്‍ വന്നു കൈ കഴുകുന്ന പുലയക്കള്ളികളുടെ കൈകളും ദാസന്‍ ശ്രദ്ധിച്ചു. അപ്പാപ്പന്‍ പറഞ്ഞത് ശരി തന്നെ. അവരുടെ കൈകളിലും ഒരുപാട് ചുളിവുകളുണ്ട്. ആ ചുളിവുകളുടെ ഇടയില്‍ കുരുങ്ങി പോകുന്ന പരലിന് അനങ്ങാന്‍ കഴിയില്ല. ചുളിവു കുറഞ്ഞ തന്റെ കൈവെള്ള നോക്കി നിരാശപ്പെട്ട് ദാസന്‍ അന്നും കരക്ക്‌ കയറി.

പുലയക്കളികളുടെ കൈവെള്ളയില്‍ എത്തി നിന്ന ദാസന്റെ നോട്ടങ്ങള്‍ അവിടെ നിന്നും തെന്നി മാര്‍ക്കച്ചയില്‍ വിട്ട് തുളുമ്പി നില്‍ക്കുന്ന അവരുടെ മാറിടങ്ങളില്‍ പതിഞ്ഞ കാലം അവന്‍ പരലുകളെ മറന്നു തുടങ്ങി. വാളം പുല്ലുകളുടെ സ്ഥാനത്ത് ഉപ്പൂത്തലിന്റെ മറവുകളില്‍ അവന്‍ കണ്ണുകള്‍ കൊണ്ട് കെണി വെച്ചു. ആ കെണിയില്‍ കുരുങ്ങി കിടന്ന അവരുടെ നഗ്നതകള്‍ വഴുതി പോകുന്ന കറുത്ത പരലുകളെ പോലെ, കാഴ്ച്ചയില്‍ മാത്രം കുരുങ്ങി കൈ തൊടും മുന്നേ തെന്നി പോയിരുന്നു. തെങ്ങ് ചെത്തുന്ന കുട്ടായിയുടെ കൈകളില്‍ ഞെരിഞ്ഞമരുന്ന അവരില്‍ ചിലരുടെ മാറിടങ്ങള്‍ ഒതുക്കാന്‍ മാത്രം അവന്റെ കൈവെള്ളയില്‍ ചുളിവുകള്‍ ഉണ്ടായിരുന്നില്ല.

ഒരിക്കല്‍ "ഒളിവിട്ടു കാണുന്നോട നായേ !" ന്നു അലറി  വന്നു കുട്ടായിയുടെ കൈവെള്ളയിലെ ചുളിവുകള്‍ കരണത്ത് പുകഞ്ഞു. ആ സംഭവത്തിന്‌ ശേഷം പുലയക്കള്ളി പേടിച്ചു പോയത് കൊണ്ടോ എന്തോ...ആ ഇറമ്പത്ത് കൂടി പിന്നീടൊരുത്തിയും തുണി മാറാന്‍ വന്നിട്ടില്ല. കുട്ടായിയെ പേടിച്ചു അവരുടെ പുതിയ സ്ഥലം തേടി ദാസന്‍ പോയതുമില്ല.

കാലം  മാറുന്ന മാറ്റത്തിനൊത്ത് പരലുകളും, കെണികളും, കൈവെള്ളയിലെ ചുളിവുകളും മാറി വന്നു. ദാസന്‍ അയാളുടെ കൈകളിലെ ചുളിവുകളുടെ അളവ് നോക്കി ഇരയെ നിശ്ചയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ജീവിതത്തിന്റെ രണ്ടാം  കാലം തുടങ്ങി. ആ കാലത്തിന്റെ  ഇരപിടിത്തം മടുത്തു തുടങ്ങിയതു മുതല്‍ രണ്ടാം കാലവും അവസാനിച്ചു. ഇപ്പോള്‍ അയാള്‍ നടക്കുന്നത് മൂന്നാം കാലത്തിലൂടെയാണ്‌. ഇറമ്പിലൂടെ നടന്ന് ചെന്ന് ഇത്തല് കുറഞ്ഞ ചെളിഭാഗത് അയാള്‍ ചെന്നിരുന്നു. അയാളുടെ കൈ വെള്ളകളെ തരിപ്പിച്ചു കൊണ്ട് തോടിന്റെ പരപ്പില്‍ വന്ന് ഇപ്പോഴും കറുത്ത പരലുകള്‍ വെട്ടി തെന്നി താഴേക്ക് ഊളിയിടുന്നുണ്ട്.

പരലുകള്‍ പരപ്പില്‍ വെട്ടുന്നതനുസരിച്ച് ഓളങ്ങളിലുണ്ടാകുന്ന നുര അയാളുടെ സിരകളിലും പതഞ്ഞു കയറുന്നു എന്ന് തോന്നിയ നിമിഷത്തില്‍ അയാള്‍ എഴുന്നേറ്റു. അരികില്‍ കണ്ട വാളം പുല്ലുകള്‍ കടയോടെ പിഴുതെടുത്ത് രണ്ടു കൈയിലും  തൂക്കി പിടിച്ചു. വിലയേറിയ ഷൂ കരയില്‍ ഊരി വെച്ച് മെല്ലെ തോട്ടിലേക്കിറങ്ങി. കറുത്ത ചെളി ജീന്‍സിലും ടീ ഷര്‍ട്ടിലും അരിച്ചു കയറുന്നത് അയാള്‍ അറിഞ്ഞു. കണ്ണുകള്‍ തെങ്ങുകള്‍ നിരന്നു നില്‍ക്കുന്ന മറു കരയില്‍ തറച്ചു വെച്ച് അയാള്‍ കുതിച്ചു. അവിടെ വാളം പുല്ലിന്റെ കട കുത്തി നിര്‍ത്തി പരലുകള്‍ക്ക്‌ വേണ്ടിയുള്ള കെണി വെച്ചിട്ട് അയാള്‍ തിരികെ നീന്തി.... ഒരാള്‍  തന്റെ ആദ്യകാലത്ത് നഷ്ടപ്പെട്ടു പോയ പരലുകളെ പറ്റി ചിന്തിക്കുന്നതും അവയെ തേടി പഴയ വഴികള്‍ താണ്ടുന്നതും അയാളുടെ ജീവിതത്തിന്റെ മൂന്നാം കാലത്താണ്. ദാസനും അങ്ങിനെ തന്നെ.അയാളിപ്പോള്‍ അയാളുടെ ജീവിത്തിന്റെ മൂന്നാം കാലത്തിലാണ്. തെന്നിപ്പോയ പരലുകളെ തേടി പോകുന്ന മൂന്നാം കാലത്ത്...അവിടെ അയാള്‍ വാളം പുല്ലുകളുടെ തുമ്പുകളെ നോക്കിയിരുന്നു. പരലുകള്‍  കടയ്ക്കല്‍ വന്ന് പതിയിരിക്കുമ്പോള്‍  ഉണ്ടാകുന്ന പുല്‍തുമ്പിന്റെ പിടച്ചിലുകള്‍ക്ക് കണ്ണുകള്‍ കൂര്‍ത്ത്...

2011 ഓഗസ്റ്റ് 24, ബുധനാഴ്‌ച

മതിലുകള്‍...



ആ സംഗതി എന്ത് ചെയ്തു?

യേത് സംഗതി?

ഘോര ഘോര സുന്ദരമായി ഒരു രൂപക്ക്‌ തരാന്ന് പറഞ്ഞ അരി?

അതോ? അറിഞ്ഞിട്ടിപ്പോ എന്തിനാ?

അല്ല! ഓണത്തിനെങ്ങാനും കിട്ടുവോന്നറിയാനാ...?

കിട്ടീല്ലെങ്കിലെന്താ?

ഓ... ഒന്നുമില്ല... അതെന്റെ വോട്ടായിരുന്നു...

2011 ജൂലൈ 12, ചൊവ്വാഴ്ച

ട്രാന്‍സ്ഫര്‍

അന്നെനിക്ക് കരപ്പന്‍ വന്ന് ശരീരമാകെ പൊട്ടലും ചീറ്റലുമായിരുന്ന കാലത്ത്‌ അമ്മച്ചി പ്രാര്‍ത്ഥിച്ചു. "അന്തോണീസ്‌ പുണ്യാളാ, ഇന്റ കുഞ്ഞിന്‍റ കരപ്പന്‍ പോയാ ചെട്ടിക്കാട് വന്ന് ഒരുവെട്ടി തിരി കത്തിച്ചേക്കാമേ."



ഇന്നലെ അമ്മച്ചീ വീണ്ടും പ്രാര്‍ത്ഥിച്ചു. "അന്തോണീസ്‌ പുണ്യാളാ, ഇന്റ പെന്‍ഷന്‍ നേരത്ത് കിട്ടിയാ കലൂര് വന്ന് ഒരുവെട്ടി തിരി കത്തിക്കാമേ"



അന്തോണീസ്‌ പുണ്യാളനെ കലൂരേക്ക് ട്രാന്‍സ്ഫര്‍ കൊടുത്തു വിട്ട കാര്യം ഞാനറിയാതെ പോയി.

2011 ജൂൺ 16, വ്യാഴാഴ്‌ച

കണ്ണനിലേക്ക്

"ഇന്നിനി രാത്രി പോണോ?" കാദറിക്ക.

"പോണമിക്കാ"

"ഇപ്പീ നേരം കെട്ട നേരത്ത പോക്കെന്തിനാന്നാ ഞാഞ്ചോദിക്കണെ?, അലീമില്ല... വണ്ടീമില്ല... നടന്നു തന്നെ കുന്നെറങ്ങണോയ്. ഈയിരുട്ടത്ത്‌ വെല്ലവളവളപ്പ്നും തീണ്ടിയാ?"

"വായടക്ക് ആണ്ട്രൂസേ. ഒരെടത്ത് നീങ്ങാനിരിക്കുമ്പ തന്നെ തിരുവാ വളച്ചോണം" അംബിചേട്ടന്‍ ചൊടിച്ചു. നാലോ അഞ്ചോ കിലോ മീറ്റര്‍ ഇറക്കം മുഴുവന്‍ എന്റെ കൂടെ അംബി ചേട്ടന്‍ ഉണ്ടായിരുന്നു. വൈത്തിരിക്കുന്നിനു താഴെ ചെറിയ വെട്ടം പരന്ന വഴി കണ്ടപ്പോള്‍ മാത്രമാണ് അയാളുടെ ടോര്‍ച്ച് കണ്ണടച്ചത്.

"കാശിണ്ടാ?"

"ഓ! കുറച്ച് അഡ്വാന്‍സ്‌ വാങ്ങി."

"ഉം. ഇതും കൂടെ ഇരിക്കട്ടെ." ചുരുട്ട് പോലെ പൊതിഞ്ഞ നൂറിന്റെ നോട്ടുകള്‍ അംബി ചേട്ടന്‍ ബാഗില്‍ തിരുകി.

"നെന്റ ഫ്രെണ്ടോരുത്തി എവടന്നാ കേറുന്നെ?"

"പാളയത്തൂന്ന്‍"

'ഊം നോക്കിപ്പോ"

ആളുകള്‍ തിങ്ങി തൂങ്ങിയാടി വന്ന ഒരു ജീപ്പ്‌ മുന്നില്‍ ഇരച്ചു നിന്നു. കല്‍പ്പറ്റക്കുള്ള വണ്ടിയാണ്.

"വാങ്ങ്ലൂര്‍ക്ക് പോണ ബസ്‌ വൈത്തിരിക്ക് നിര്‍ത്തും... അന്നാലും ഈയ് കല്പറ്റക്ക് പോയി നിന്നോ. അതാവുമ്മോ സുവറാക്കാല്ല."

ബാഗ്‌ പിറകില്‍ തൂക്കി ഒരു കാല്‍ ജീപ്പിന്റെ ഫുട്ബോര്‍ഡില്‍ ഊന്നി ഞാനും അതില്‍ ഒരു ഭാഗമായി.

"അവിട ചെന്നാ നീ എന്താ പറാമ്പോണെ?"

****

ബാഗേജ്‌ കാബിനില്‍ ബാഗ് തിരുകി കേറ്റി സീറ്റില്‍ അമര്‍ന്നിരിക്കുമ്പോള്‍ അന്നയും അതെ ചോദ്യം ആവര്‍ത്തിച്ചു.

"How ya going to do this?"

"I dont know"

"Then?"

ഇടക്കിടെ റോഡിനേക്കാള്‍ ഉയരമുള്ള മതിലുകളോ വേലിക്കെട്ടുകളോ മുറിച്ചു വീണിരുന്ന വെട്ടം വിന്‍ഡോ ഗ്ലാസിലൂടെ എന്റെ മുഖത്ത് വീണു കൊണ്ടിരിന്നു. അന്നയുടെ ചോദ്യം ഒഴിവാക്കി പുറത്തേക്ക്‌ നോക്കിയിരിക്കാനാണ് അന്നേരം തോന്നിയത്‌. എന്താണ് പറയേണ്ടത്‌ എന്ന് അപ്പോഴും മനസ്സില്‍ വ്യക്തമായിരുന്നില്ല. ബാംഗ്ലൂരേക്ക് ആദ്യമായിട്ടാണ്. സ്ഥലം ഒരു പിടിപാടുമില്ല. അത് കൊണ്ടാണ് അന്നയെ കൂടി കൂട്ടിയത്‌.

എന്റെ മൌനത്തിന്റെ അര്‍ത്ഥം മനസിന്റെ അസ്വസ്ഥതയാണ് എന്ന് മനസിലാക്കിയത് കൊണ്ടോ എന്തോ, അന്ന പിന്നെ ഒന്നും ചോദിച്ചില്ല. അവളുടെ ഇടതു കൈ ഒരു വളയം പോലെ എന്റെ വലതു കയില്‍ ചുറ്റി വെച്ച് അവള്‍ തോളിലേക്ക് ചാഞ്ഞു കിടന്നു.

***

"പുതുസാ ആളാ, അംബി സേട്ടാ"

ഡിഗ്രിയുടെ നൂലാമാലകള്‍ അഴിഞ്ഞു തീരും മുന്‍പ്‌ കൈയില്‍ അംബി ചേട്ടന്‍ വെച്ച് തന്ന ഉളിയുമായി വൈത്തിരി മല കയറുമ്പോള്‍ എന്റെ മുഖത്തേക്ക്‌ അപരിചിതമായ നോട്ടമയച്ച് അവന്‍ ചോദിച്ചു.

"പേരെന്ന സേട്ടാ?"

"അനീഷ്‌"

"നല്ല പെരാക്കുമേ... നാന്‍ മാരിക്കണ്ണ്‍... എല്ലാരും കണ്ണാ എന്ന് കൂപ്പിടും... അമ്മാവുക്കും കണ്ണാ പേര് താന്‍ പുടിക്കും" തമിഴും മലയാളവും കലര്‍ന്ന അവന്റെ ഭാഷ മനസിലാക്കാന്‍ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു.

"ആസാരിയാ?"

"ഉം"

കാപ്പി ചെടികള്‍ക്കിടയിലൂടെ സമര്‍ത്ഥനായ ഒരു സര്‍ക്കസുകാരനെ പോലെ അവന്‍ കുന്ന് കേറി കൊണ്ടിരുന്നു.

"ഇനി എത്ര പോണം അംബി ചേട്ടാ?" എന്റെ കാലുകള്‍ തളര്‍ന്നു തുടങ്ങിയിരുന്നു.

"ഇപ്പൊ കേറീതിന്റെ അത്രേം കൂടി"

"താ സേട്ടാ ബേഗ്"

എന്റെ എതിര്‍പ്പ് വക വെക്കാതെ അവന്‍ ബാഗ് വാങ്ങി തോളിലിട്ടു. കുന്ന് കയറി തീരും വരെ അവന്‍ നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്നു. അവന്റെ സംസാരത്തെക്കാള്‍ അംബി ചേട്ടന്‍ തമിഴ്‌ പറയാന്‍ പെടുന്ന പാടാണ് ആ കയറ്റത്തിന്റെ ആയാസം ഇടക്കെങ്കിലും ഇല്ലാതാക്കിയത്.

***

ഒരു വശത്ത് കൂട്ടിയിട്ടിരിക്കുന്ന ചിന്തേര്‍ പോടി. ഒരു വശത്ത് അടുക്കി വെച്ചിരിക്കുന്ന മരഉരുപ്പടികള്‍. ഒരു മൂലയോട് ചേര്‍ത്ത്‌ പലക കൂട്ടി അടിച്ചിരിക്കുന്ന വലിയ വീതിയുള്ള പലക തട്ട്. അംബി ചേട്ടന്റെ കണ്ണില്‍ "ഒന്ന് നടൂ നീര്‍ക്കാ"നുള്ള കട്ടില്‍. ബാഗ് തട്ടിന്റെ ഒരു മൂലയിലേക്ക് ഒതുക്കി വെച്ച് ഞാനിരിന്നു.

"കുളിക്കണ്ടേ?"

വിയര്‍ത്തു കുളിച്ച് കുന്നിന്റെ ഓരോ മടക്കിലും ഇരിക്കുമ്പോള്‍ എത്രയും പെട്ടെന്ന് മുകളിലെത്തി ഒന്ന് കുളിച്ചാല്‍ മതി എന്നായിരുന്നു. പക്ഷെ ഇവിടെ എത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ശരീരത്ത് പടര്‍ന്നു കയറിയ തണുപ്പില്‍ ഫ്രെഷായതു പോലെ അപ്പോള്‍ തോന്നി.

"സേട്ടാ" അത് കണ്ണനാണ്. ഞങ്ങള്‍ക്ക്‌ കഴിക്കുവാനുള്ള ഭക്ഷണം കൊണ്ടു വന്നതാണ്. സാധാരണ ഭക്ഷണം വെച്ചുണ്ടാക്കി കഴിക്കും. ഇത് ഇന്നത്തേക്ക്‌ മാത്രമാണ്. കുളികഴിഞ്ഞു വന്ന് ഡയറി നിവര്‍ത്തിയിരുന്ന എന്റെ അടുത്ത്‌ അവന്‍ വന്നിരുന്നു.


"എന്ന സേട്ടാ ഇത്"

"ഒന്നുമില്ലെടാ"

"നീങ്ക എന്ന പടിക്കിറത്? അപ്പ സേട്ടന്‍ ആസാരിയല്ല?

"പടിക്കുന്നതല്ലടാ, എഴുതുവാ"

ആശാരി പണിക്ക് വന്ന ഞാന്‍ എന്തെഴുതാന്‍ എന്ന അര്‍ത്ഥത്തില്‍ അവനെന്നെ നോക്കി. പിന്നെ ചോറും കറികളും അടങ്ങിയ തട്ടു പാത്രം നിരത്തി വെച്ച് അവന്‍ പുറത്തേക്ക്‌ പോയി.

***

"കണ്ണന്‍ എന്ന മാരിക്കണ്ണ്‍... പതിനാറ് വയസുകാരന്‍. അപ്പാ തണ്ണി ഊത്തി ഊത്തി എരിന്തിട്ടാര്. തമിഴ്‌ നാട്ടിലെ ഏതോ ഒരു ഉള്‍ഗ്രാമത്തില്‍ നാലോ അഞ്ചോ മാസത്തില്‍ ഒരിക്കല്‍ അവന്‍ വരുന്ന ദിവസം നോക്കി കടക്കാരെ സമാധാനപ്പെടുത്തുന്ന അമ്മ. അക്ക വലിയ പഠിപ്പുകാരിയാണ് അവന്. പെരിയ കോളേജില്‍ ആരുടെയോ കാരുണ്യം കൊണ്ട് പഠിക്കുന്നു. ഇവിടെ കാപ്പിക്കുരു പറിക്കാനും തേയില നുള്ളാനും വരുന്ന അവന്റെ നാട്ടുകാരി സുമക്കന്റെ കൂടെ രണ്ട് വര്ഷം മുന്‍പ്‌ വണ്ടി കേറി പോന്നു. ഒരാഴ്ച കാപ്പിക്കുരു പറിച്ചാല്‍ കിട്ടുന്ന കാശ് ഒരു മരം വെട്ടിയാല്‍ കിട്ടും എന്ന കണക്കുകൂട്ടല്‍ അവനെ പതിനഞ്ചാം വയസില്‍ മരം വെട്ടുകാരനാക്കി. അമ്മ, അക്ക, പല മരങ്ങളുടെ കരുത്ത്‌, നാട്ടിലെ കോവില്‍, പൊങ്കല്‍, കൂട്ടിവെക്കുന്ന പണം. ഇതാണ് കണ്ണന്‍ എന്ന മാരിക്കണ്ണ്‍."

ഡയറിയില്‍ ഇത്രയും എഴുതി ഞാന്‍ പാറമുകളിലേക്ക് ചാഞ്ഞുകിടന്നു. പുളിപ്പന്‍ ഓറഞ്ച് തൂങ്ങികിടക്കുന്ന ചില്ലകള്‍ക്കിടയിലൂടെ ആകാശം നോക്കി കിടക്കെ എന്റെ കണ്ണുകള്‍ അടഞ്ഞു പോയി.

***

"സേട്ടാ...സേട്ടാ"

ബസ്‌ ഏതോ സ്റ്റോപ്പില്‍ നിന്ന് നീങ്ങി തുടങ്ങുവാണ്.

കൈയില്‍ ഒരു വലിയ ഇരുമ്പ്‌ പെട്ടിയുമായി ഒരാള്‍. അത് ബാഗേജ്‌ കാബിനില്‍ വെക്കാന്‍ കണ്ടക്ടര്‍ സമ്മതിക്കുന്നില്ല. അയാളുടെ കൈയില്‍ തൂങ്ങി ഒരു ചെറുക്കന്‍.

"കൊഞ്ചനേരം കൊളന്തയ പാപ്പീങ്കളാ?" അയാള്‍ പെട്ടിയെയും കുട്ടിയേയും ഒരുമിച്ച് പിടിക്കാന്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. മറ്റൊന്നും ആലോചിക്കാതെ അന്ന ആ കുട്ടിയെ എടുത്ത്‌ മടിയിലിരുത്തി. മൂക്കിള അടിയുമ്പോള്‍ തോന്നുന്നത് പോലെ ഒരു ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചുകയറി. അന്നയില്‍ നിന്ന് ഞാന്‍ കുറച്ച് അകന്നിരുന്നു. പിന്നെ കാറ്റ്‌ കേറാനായി വിന്‍ഡോ ഗ്ലാസ്‌ പാതി തുറന്നു വെച്ചു. അന്നക്ക്, പക്ഷെ, ഭാവഭേദം ഒന്നുമില്ല. പൊടിയോ താരനോ ഇടകലര്‍ന്നു കിടക്കുന്ന അവന്റെ മുടി അവള്‍ വിരലുകള്‍ കൊണ്ട് ചീകി വെക്കുന്നു. അന്ന അങ്ങിനെയാണ്. അവളുടെ ചിന്തകള്‍ അവളുടെ അച്ഛന്‍ കൂട്ടി വെക്കുന്ന ലക്ഷങ്ങളുടെ കണക്കിന് താഴെയാണ്.

***

"സേട്ടാ... അനീസേട്ടാ" ഓറഞ്ച് മരത്തിന്റെ ചില്ലകള്‍ക്കിടയില്‍ കണ്ണന്റെ കറുത്ത മുഖം.

"എന്ന മയക്കം സേട്ടാ.. എത്ര കൂപ്പിട്ടു?

ഞാന്‍ എണീറ്റിരുന്നു.

"ഒടമ്പ് വലിക്കിതെന്നു അംബിസേട്ടന്‍ പറഞ്ഞ്. കീളെ പോകമലെ ഇങ്കെ കിടന്നാ വലി കുറയാത്"

പനിയും ശരീരം വേദനയും വല്ലാതെ വലക്കുന്നുണ്ടായിരുന്നു. പക്ഷെ മരുന്ന് വാങ്ങാന്‍ കുന്നിറങ്ങണം. അതോര്‍ത്തപ്പോള്‍ചുരുണ്ട് കൂടി കിടക്കാനാണ് തോന്നിയത്‌.

"താ..ഇത് കളിച്ച് പാര്" അവന്‍ എന്റെ നേരെ ഒരു ഗുളിക നീട്ടി. അവന്‍ താഴെ പോയി വാങ്ങി കൊണ്ടുവന്നതാണ്. അവന്റെ നിഷ്കളങ്കതയിലേക്ക് ഞാന്‍ നോക്കിയിരുന്നു.

"നാ ഊരുക്ക്‌ പോവാ."

ഞാന്‍ അപ്പോഴാണ് അതോര്‍ത്തത്. പൊങ്കലിന് അവന്‍ നാട്ടില്‍ പോകുന്നത് കാര്യം.

"ഇത് നീ വെച്ചോ" കുറച്ച് പണം. "അക്കക്ക് പുതിയ ഉടുപ്പ് വാങ്ങി കൊടുക്ക്‌. നീയും വാങ്ങ്"

"വേണ്ട സേട്ട.."

"സാരമില്ല. നീ വെച്ചോ"

അവന്റെ പഴയ മുഷിഞ്ഞ സഞ്ചിക്ക് പകരം എന്റെ ബാഗ് തോളില്‍ ഇട്ട് അവന്‍ കുന്നിറങ്ങി പോകുമ്പോള്‍ മനസില്‍ ഒരു ശൂന്യത നിറഞ്ഞു.

***

"പെരിയ കമ്പനിയാ സേട്ടാ."

പൊങ്കലിന്റെയും നാട്ടിലെയും വിശേഷങ്ങളെക്കാള്‍ അവന് പറയാനുണ്ടായിരുന്നത് അക്കക്ക് ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി കിട്ടിയ കഥയായിരുന്നു.

"അമ്മാവും ബാന്ഗ്ലൂര്‍ക്ക് കലമ്പും"

"പിന്നെ നീ എന്തിനാ മടങ്ങി വന്നെ."

"നമ്മക്കെല്ലാം എന്ന തേവൈ, സേട്ടാ".

അവന്‍ പിന്നെ മരങ്ങളുടെ കരുത്തിനെ കുറിച്ച് പറഞ്ഞു. പൊങ്കല്‍, കോവില്‍ എല്ലാം.

***

അന്ന് പകല്‍ പെയ്തു കൊണ്ട് തന്നെ ഇരുന്നു.

"ഇനി മരം വരവ് കുറയും. അണ്ണന്‍മാരൊക്കെ നാട്ടില്‍ പോവും. മഴക്കാലം കഴിഞ്ഞു നോക്കിയാല്‍ മതി."

അംബി ചേട്ടന്‍ ഇവിടെ വര്‍ഷങ്ങളായി ജോലി ചെയ്യുന്നു. മഴയും വെയിലും മാറുന്നതനുസരിച്ച് പാടികള്‍ ഒഴിയുന്നതും നിറയുന്നതും അയാള്‍ക്ക്‌ കൃത്യമായി അറിയാം.

"എല്ലാരും പോകോ?" ഞാന്‍ ചോദിച്ചു.

"മിക്കവാറും. വഴുക്കല്‍ കൊണ്ട് മരം കേറാന്‍ പറ്റൂല. ന്നാലും കുറച്ച്‌ പേര് തങ്ങും."

ചിന്തേര് തള്ളിയ മരം അളന്നു ഞാന്‍ മാര്‍ക്ക്‌ ചെയ്തു കൊണ്ടിരുന്നു.

തലക്ക് മുകളില്‍ പ്ളാസ്റിക് കവറും മുണ്ടും ഒക്കെ കൊണ്ട് മറച്ച് ആരൊക്കെയോ ഓടുന്നു. അംബി ചേട്ടന്‍ പുറത്തേക്കിറങ്ങി എന്തോ വിളിച്ചു ചോദിച്ചു.

"നീയാ കൊടയിങ്ങേടുക്ക്"

"എന്താ എന്ത് പറ്റി?"

"കൊടെയെടുക്കെടാ കഴുവേറി"

മഴനനഞ്ഞ് ഞാനും അയാളുടെ കൂടെ ഇറങ്ങി. പാറകള്‍ക്കിടയിലൂടെയുള്ള വഴിച്ചാലില്‍ വെള്ളം കുത്തിയോഴുകുന്നു. കലങ്ങി മറിഞ്ഞു വരുന്ന ചെളി ചവിട്ടി തെറിപ്പിച്ച് അതി വേഗത്തില്‍ ഞങ്ങള്‍ നടന്നു. പിന്നെ പിന്നെ ചെളി വെള്ളത്തില്‍ കലര്‍ന്ന ചുവപ്പ് നിറം കാലുകളുടെ വേഗം കുറച്ചു.

തിങ്ങി കൂടിനിന്ന മരം വെട്ടുകാരെ വകഞ്ഞു മാറ്റി മുന്നോട്ടു പോകുമ്പോള്‍ കണ്ണനെന്നും മാരിക്കണ്ണെന്നും പേരുകള്‍ മാറി കേട്ടു. മഴവെള്ളത്തില്‍ കലര്‍ന്ന രക്തം അവന്റെതാകല്ലേ എന്ന് പ്രാര്‍ഥിക്കുകയായിരുന്നു ഞാന്‍. പാറകള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന അവന്റെ മുഖത്തിന്റെ ചിത്രം മങ്ങി വന്ന എന്റെ ബോധം മറക്കുവോളം ആ പ്രാര്‍ത്ഥന ഞാന്‍ മനസ്സില്‍ ഒരുവിട്ടിരുന്നു.

***

പായയില്‍ പൊതിഞ്ഞു കെട്ടിയ അവന്റെ ശരീരം മൂടിനിന്ന നനവ്‌ പറ്റിയ തടികള്‍ തീ പിടിക്കാന്‍ മടിച്ചു നിന്നു. കാപ്പിക്കുരു വേകുന്നതോ മരപ്പൊടി നനഞ്ഞതോ ആയ ഗന്ധം പറ്റി നിന്ന അവന്റെ ഷര്‍ട്ടുകളും മുണ്ടും ഒക്കെ ബാഗില്‍ എടുത്ത്‌ വെക്കുകയായിരുന്നു ഞാന്‍.

"ഇന്നിനി രാത്രി പോണോ" കാദറിക്ക

"പോണമിക്ക. ഇതൊക്കെ അവരുടെ വീട്ടുകാരെ എല്പ്പിക്കണ്ടേ."

***
"ഉം. ഇതും കൂടെ ഇരിക്കട്ടെ." ചുരുട്ട് പോലെ പൊതിഞ്ഞ നൂറിന്റെ നോട്ടുകള്‍ അംബി ചേട്ടന്‍ ബാഗില്‍ തിരുകി. "ഇത് വരെ ഉള്ള അവന്റെ പണിക്കാശ് പറ്റു കഴിച്ചും കൊറച്ച് കൂടുതലുമുണ്ട്" അയാളുടെ തൊണ്ട ഇടറി.

***
"നീ എന്താ നോക്കുന്നത്?"

കാപ്പിക്കുരു മണം പരന്ന ഷര്‍ട്ട് നോക്കിയിരുന്ന എന്നെ നോക്കി അന്ന ചോദിച്ചു.

"ഒന്നുമില്ല."

"ഊം എത്താറായി."

കുറച്ച് ദൂരം കൂടെ മുന്നോട്ട് പോയി ബസ്‌ നിന്നു. എല്ലാവരും ഇറങ്ങുവാണ്. ഒരു ചിരിയോടെ അന്നയുടെ നെഞ്ചില്‍ ചാരിയിരുന്ന് ഉറങ്ങിയിരുന്ന കുട്ടി എണീറ്റു. ഇരുമ്പ്‌ പെട്ടി ചുമന്ന വന്ന അവന്റെ അപ്പന്റെ കൂടെ കൈ പിടിച്ച് അവനും ബസിറങ്ങി. എല്ലാവരും ഇറങ്ങുകയാണ്.

ബസില്‍ നിന്നിറങ്ങി അവസാനം വിളിച്ച നമ്പറിലേക്ക് വിളിച്ചു, ബസിന്റെ തൊട്ടടുത്ത്‌ നിന്ന അയാള്‍ അടുത്തേക്ക്‌ വന്നു.

"അനീസ്‌?""

"യെസ്, കണ്ണന്റെ?"

"യാരുമേ വരമാട്ടാ"

"അവന്റെ അമ്മാ, അക്കാ"

"യാരുക്ക്‌, മാരിക്കാ?, അവെല്ലമേ അവങ്ക അപ്പവോട ചിന്നവീട്ടുകാര്.. അന്ത പൊണ്ണുക്ക് വേല കെടച്ചത്ക്കപ്പ്രം ഊരേ കലമ്പി ഇങ്കെ വന്താച്ച്."

"കണ്ണനെന്താ അവരുടെ കൂടെ പോവതിരുന്നത്?"

"എതുക്ക്?"

***

"കണ്ണന്റെ സുഹൃത്ത്‌ എന്ന് പറഞ്ഞ അയാള്‍ അവന്റെ അക്കയുടെ കമ്പനിയില്‍ വാച്ച്മാനാണ്. അയാളുടെ മറുപടിയിലെ അമ്മയും അക്കയും കണ്ണനും വേറെ ആരോ ആണ് എന്ന് തോന്നി. അപ്പന്‍ മരിച്ച ശേഷം അവന്റെ അമ്മ അവരുടെ മകളെ കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. പിന്നെ ഒരു സുമതി അക്കനാണ് അവനെ വൈത്തിരിയില്‍ കൊണ്ട് വന്നത്. നാലോ അഞ്ചോ മാസം കൂടുമ്പോള്‍ അവന്‍ നാട്ടില്‍ വരും. അയാളുടെ കൈയില്‍ കുറച്ചു പണം കൊടുത്തു വിടും. അതൊക്കെ അവന്റെ അമ്മയെ ഏല്‍പ്പിച്ചിരുന്നു എന്നാണ് അയാള്‍ പറയുന്നത്. പക്ഷെ അപ്പോഴും ചുരുള്‍ നിവരാതെ ഇരുന്ന നൂറിന്റെ നോട്ടുകളിലേക്കുള്ള അയാളുടെ ആര്‍ത്തി പൂണ്ട നോട്ടത്തില്‍ അത് സത്യമാണ് എന്ന്‍ എനിക്ക് തോന്നിയില്ല. കുറച്ച് ദൂരെ മാറി അയാള്‍ ഉപേക്ഷിച്ച് കളഞ്ഞു പോയ ബാഗില്‍ കാപ്പിക്കുരു മണം പടര്‍ന്ന അവന്റെ ഷര്‍ട്ട് ഉണ്ടോ എന്നുറപ്പ് വരുത്തി തിരികെ തോളില്‍ ഇടുമ്പോള്‍ അന്ന എന്നെ നോക്കി ചിരിച്ചു. എങ്ങുമേത്താതെ പോകുന്ന എന്റെ യാത്രകളില്‍ കൂടെ ഉണ്ടാകുന്ന അവള്‍ക്കിത് പുതിയ അനുഭവമായിരുന്നില്ല."

കണ്ണനെ കുറിച്ച് നേരത്തെ എഴുതിയ വരികളില്‍ പകുതിയും വെട്ടിക്കളഞ്ഞു ഇത് കൂടി എഴുതി ചേര്‍ത്ത്‌ ഞാന്‍ ഡയറി അടച്ചു വെച്ചു. ബസ്‌ ബാംഗ്ലൂരില്‍ നിന്നും മടങ്ങുകയാണ്.

2011 മാർച്ച് 24, വ്യാഴാഴ്‌ച

മഴയില്‍

തിണ്ണയിലേക്ക് കയറി നില്‍ക്കുമ്പോള്‍ ജിംബ്രാന്‍ ഒന്നറഞ്ഞു തുമ്മി. മുന്‍കാലുകള്‍ കൊണ്ട് മൂക്ക് തുടച്ചു. പുതുമഴ പെയ്ത മണ്ണിന്റെ പൊടി മൂക്കില്‍ കയറിയ അസ്വസ്ഥതയിലായിരുന്നു ജിംബ്രാനപ്പോള്‍. കിഴക്ക്‌ നിന്ന് കറുപ്പ് പടരുന്നു.

"നല്ല മഴക്കോളുണ്ട്... ചായ്പ്പങ്ങടച്ചേരെ ചെക്കാ..." കടക്കാരന്‍ ദാമുചോന്‍. "നായ്ക്കളിനി കോലായി നെരങ്ങാന്‍ തൊടങ്ങും..."

നന്ദിയില്ലാത്തവന്‍... ജിംബ്രാന്‍ മനസ്സില്‍ മുരണ്ടു. "ഈനിവിടെ കെടക്കുമ്പ കട തുറന്നാ പോയാലും എനിക്ക് പേടില്ലാ" ന്നു നാഴികക്ക് നാപ്പത്‌ വട്ടം പറയുന്നോനാ... നായ്‌ കേറി നെരങ്ങും പോലും!!!

"ചിമ്രാനോട കെടക്കട്ടെ... അയിന മേടണ്ട..." ജിംബ്രാനെ ഓടിക്കാന്‍ നോക്കിയ ചെക്കനോട് ദാമുചോന്‍ പറഞ്ഞു.

അപ്പൊ നന്ദീണ്ട്, ജിംബ്രാന്‍ പല്ലൊന്നിളിച്ചു. പിന്നെ മുന്‍ കാല്‍ മുന്നോട്ടാഞ്ഞു മൂരി നിവര്‍ത്തി. വാലാട്ടി കൊണ്ട് ദാമുചോനെ നോക്കി.

"കട ത്തിരി നേരത്തെ പൂട്ടാ ചിമ്മ്രാനെ... ഈയിടത്തന്നെ നോക്കിയെക്കണേ.." ചില്ല് കുപ്പിയില്‍ നിന്ന് ഒരു മധുരപ്പാവേടുത്ത് ജിംബ്രാനെറിഞ്ഞു കൊടുത്ത് അയാള്‍ കട പൂട്ടാന്‍ തുടങ്ങി. പുറത്ത്‌ വല്ലാതെ ഇരുണ്ടിരിക്കുന്നു. "ആ ടോര്‍ച്ച് കൊണ്ടോക്കോ ചെക്കാ... വയി പെട്ട് പോകണ്ട... അടുത്ത കോളിന് മുന്ന കുടുമ്മം പിടീര്"

ചെക്കന്‍ ഇറങ്ങി നടന്നു. അല്‍പനേരം കഴിഞ്ഞു കട പൂട്ടി ദാമുച്ചോനും.

ശൂന്യതയിലേക്ക് നോക്കി മെല്ലെ മോങ്ങിക്കൊണ്ട് ജിംബ്രാന്‍ കിടന്നു. കാറ്റ് ആഞ്ഞു വീശുന്നു. അടിപാതി ദ്രവിച്ചു തുടങ്ങിയ മരപോസ്റ്റില്‍ ഒരു ബള്‍ബ്‌ തൂങ്ങിയാടുന്നുണ്ട്... അതിന്റെ ആട്ടത്തിനൊപ്പിച്ചു കണ്ണുകള്‍ തെന്നിച്ച് ജിംബ്രാന്‍ തിണ്ണയില്‍ ചടഞ്ഞുകിടന്നു. കാറ്റിന്റെ ഓരിയിടല്‍ കൂടി വന്ന ഒരു നിമിഷത്തില്‍ കണ്ണ്മഞ്ചിക്കുമാറ് ഒരു കൊള്ളിയാന്‍ മിന്നി. പിന്നാലെ നെഞ്ചു നടുക്കി ഒരിടിവെട്ടും... ജിംബ്രാന്‍ പിടഞ്ഞെണീറ്റു. മരപോസ്റ്റില്‍ തൂങ്ങിയിരുന്ന ബള്‍ബ്‌ ഒന്നുമിന്നി മറഞ്ഞു. ഇരുട്ട്... അതിലേക്ക് നോക്കി ജിംബ്രാന്‍ ഒരിയിട്ടു. പിന്നെ വഴിയിലേക്ക്‌ ചാടിയിറങ്ങി ഉറക്കെ കുരച്ചു. രോമങ്ങള്‍ക്കിടയില്‍ ജലത്തുള്ളികള്‍ നിറഞ്ഞു തുടങ്ങിയപ്പോള്‍ തിണ്ണയിലേക്ക് തന്നെ ചാടിക്കയറി. മഴ... കനത്ത മഴ.... ജിംബ്രാന്‍ ഒന്നു കുടഞ്ഞു നിവര്‍ന്നു. എന്നിട്ടും പോകാതിരുന്ന മഴത്തുള്ളികള്‍ നാവു നീട്ടി നക്കി തുടച്ചു കൊണ്ട് വീണ്ടും ചടഞ്ഞു കിടന്നു.

****

തിണ്ണയിലെ കാല്പെരുമാറ്റം... ജിബ്രാന്‍ തലയുയര്‍ത്തി നോക്കി. ചെറിയൊരു നിഴലാട്ടം. ചാടി എണീറ്റ്‌ കുരച്ചു. നിഴലിന്റെ പരുങ്ങല്‍ ജിംബ്രാനെ വെകിളി പിടിപ്പിച്ചു. കുറേക്കൂടി ഉച്ചത്തില്‍ കുരക്കാന്‍ തുടങ്ങി. നിഴലില്‍ നിന്നും അമര്‍ത്തി പിടിച്ച മൂളല്‍... കൊള്ളിയാന്‍ വെട്ടത്തില്‍ രണ്ടു തിളങ്ങുന്ന കണ്ണുകള്‍. നിറയെ രോമം... ജിംബ്രാന്‍ മണം പാര്‍ത്ത് നോക്കി. പിന്നെ ശങ്കിച്ച് അടുത്തേക്ക്‌ ചെന്നു. നീളന്‍ രോമമുള്ള... കണ്ടാല്‍ അറിയാം ആരോ വളര്‍ത്തുന്നതാണ്. അവളുടെ കണ്ണില്‍ വീണ്ടും കൊള്ളിയാന്‍ തട്ടി തിളങ്ങി. നേരിയ ഒരു മോങ്ങലോടെ ജിംബ്രാന്‍ അവളുടെ അടുത്തേക്ക്‌ ചെന്നു. പിന്നെ ഒന്ന് മുരണ്ടു നോക്കി. അവളുടെ കണ്ണുകള്‍ പിടഞ്ഞു തന്നെ നില്‍ക്കുന്നു.

രോമങ്ങളില്‍ ചെളിപൊടി തെറിച്ചു വീണ പാടുകള്‍ മഴ വെള്ളം വീണ് കലങ്ങിയിരിക്കുന്നു. കഴുത്തില്‍ ഒരു തുകല്‍ വളയം. ചെറിയ ചോര പൊടിപ്പും. ആദ്യത്തെ അമ്പരപ്പൊന്നടങ്ങിയപ്പോള്‍ അവള്‍ മെല്ലെ ഒന്ന് ഞെരങ്ങി. ജിംബ്രാന്‍ കാലടികള്‍ പിന്നോട്ട് വെച്ച് അവള്‍ക്കു കൂടി നില്‍ക്കാനുള്ള സ്ഥലം കൊടുത്തു.

മഴ നിര്‍ത്താതെ പെയ്യുന്നു. കടയുടെ പലക പുറത്തോട് ചേര്‍ന്ന് നിന്ന പുറ്റിനു കീഴെ ഒരു ചാല്‍ കീറി വരുന്നുണ്ട്. അതിലെ അതില്‍ നിന്നും ചിതലുകള്‍ ഒറ്റയായും കൂട്ടമായും ഒഴുകി പോകുന്നു. നേരം വെളുത്ത്‌ വരുന്നത് നോക്കി ജിംബ്രാന്‍ കിടന്നു. തന്നോട് ചേര്‍ന്ന് അവളും കിടക്കുന്നുണ്ട്. അവളുടെ കഴുത്തില്‍ ഇന്നലെ താന്‍ നക്കി തുടച്ചു വൃത്തിയാക്കിയ മുറിവില്‍ നിന്നും ചോരമണം പോയിട്ടില്ല. അതില്‍ വന്നിരുന്ന ഈച്ചകളെ ജിംബ്രാന്‍ ആട്ടിയോടിച്ചു.

വെള്ളം തെറിപ്പിച്ചു കൊണ്ട് ഒരു ജീപ്പ്‌ പാഞ്ഞു പോയി. ടയര്‍ കീറി മുറിച്ചു പോയ വഴിയില്‍ വെള്ളം വീണ്ടും ചാലായി നിറയുന്നതും, വെള്ളത്തില്‍ വീണ മുറിവ് മായുന്നതും വളരെ വേഗത്തിലാണ്. അവളുടെ ദേഹത്ത് തെറിച്ചു വീണ തുള്ളികള്‍ കൂടി ജിംബ്രാന്‍ നക്കി തുടച്ചു. അവള്‍ ഒന്ന് കൂടെ ചേര്‍ന്ന് കിടന്നു.

ഒരു രാത്രി കൊണ്ട് അവള്‍ തന്റെ സംരക്ഷണയില്‍ ആയിരിക്കുന്നു. പക്ഷെ കട തുറക്കാന്‍ ചെക്കന്‍ വന്നാല്‍ ഇവളെ ആട്ടിയോടിക്കും. അന്നേരം അവള്‍ തന്നെ ദയനീയമായി നോക്കും. ആ ചെക്കനെ നോക്കി കുരക്കാം എന്ന് കരുതിയാല്‍ അവന്‍ കല്ലെടുത്ത്‌ വീക്കും. അവന്‍ ഇന്ന് വരല്ലേ എന്ന് ജിംബ്രാന്‍ പ്രാര്‍ഥിച്ചു. ദാമുചോന്‍ ആദ്യം വന്നാല്‍ സാരമില്ല...

"ന്താടാ... നെനക്കും കൂട്ടാക്കിയാ... നിപ്പോ രണ്ടാളാ കാവല്‍ല്ലേ...?" എന്ന് പറഞ്ഞ് പൊതിഞ്ഞു കൊണ്ടുവന്ന ചോറ് ബാക്കിയും മീന്‍ മുള്ളും തിണ്ണയുടെ വലത്തേ മൂലക്ക് കൊട്ടിയിടും. അതില്‍ ഒരു ഭാഗം ഇനി ഇവള്‍ക്കും മാറ്റി വെക്കണം...

പക്ഷെ ചെക്കന്‍ അത്രയും നേരമായിട്ടും എത്തിയില്ല. ആശ്വസിച്ചു ജിംബ്രാന്‍ അവളുടെ മുഖത്തോട് തല ചേര്‍ത്ത് വെച്ച് കിടന്നു.

വെള്ളം ചറപറാന്ന് തട്ടി തെറിക്കുന്ന ശബ്ദം. ചെക്കനല്ല. കുറെ കാലടികള്‍ വെള്ളത്തില്‍ തട്ടി തെറിക്കുന്നു.

"എങ്ങടാ പോയാ നോക്കാന്‍... നാശം... നനഞ്ഞു ചീവായി... ആ ചങ്ങല പോക്കായിന്ന് നൂറ്റിക്ക് വട്ടം പറഞ്ഞാ കേക്കില്ലാ... ഈ പ്രായക്കേടില്‍ നി മഴയത്തോടാന്‍... ഒന്നെല്ലാടത്തും പാറി നോക്കിന്‍ കുഞ്ഞേ..."

പ്രായമുള്ള ഒരാള്‍..ഒരു കുട്ടി... വേലിക്കലും ഒഴുക്ക് വെള്ളം കെട്ടാത്തിടത്തും ചെക്കന്‍ പരതി നോക്കുന്നു. അവളെ മറഞ്ഞു നിക്കാന്‍ ജിംബ്രാന്‍ ഒരു വിഫല ശ്രമം നടത്തി നോക്കി...

"ദാ കെടക്കണ് നായിന്റ മോള്..." വന്നപാട് കാലു മടക്കി കിളവന്‍ അവളെ ഒന്ന് തൊഴിച്ചു... വല്ലാതെ മോങ്ങി കൊണ്ട് അവള്‍ പിടഞ്ഞെണീറ്റു. ഒറ്റ ചാട്ടത്തിന് ജിംബ്രാന്‍ അയാളുടെ കാല്‍ വണ്ണയില്‍ പല്ലുകള്‍ താഴ്ത്തി. അയാള്‍ തിണ്ണയില്‍ നിന്നും ചാടി ഇറങ്ങി. തട്ട് പലക ഉയര്‍ത്തി വെക്കാന്‍ വെച്ചിരുന്ന പത്തല്‍ അയാളുടെ കണ്ണില്‍ പെട്ടു. പുറം പൊളിയുമാറു വീണ അടിയുള്ള പോള്ളിച്ചയില്‍ ജിംബ്രാന്‍ ഒന്ന് വളഞ്ഞമര്‍ന്നു. പിന്നെ അടുത്ത അടി വീഴും മുന്‍പ്‌ വഴിയിലേക്ക്‌ ചാടി ഇറങ്ങി. പിറകോട്ട് തിരിഞ്ഞു നോക്കി പായുമ്പോള്‍ അയാളുടെ കയ്യിലെ വടി അവളുടെ പിന്കാലില്‍ വീഴുന്നതും, അവള്‍ ഒരു വശത്തേക്ക് ഞൊണ്ടി ഓടുന്നതും ജിംബ്രാന്‍ കണ്ടു.

****

മഴ തോരുമ്പോള്‍ സന്ധ്യയായി. ദാമുച്ചോന്‍ അന്ന് കട തുറന്നില്ല. പുറം വല്ലാതെ വേദനിക്കുന്നു. ജിംബ്രാന്‍ പലകമേല്‍ വേദനയുള്ള ഭാഗം ഉരച്ച് കൊണ്ടിരുന്നു. ഇടക്കിടെ അവള്‍ പാഞ്ഞു പോയ വഴിയിലേക്ക്‌ നോക്കി. പിന്നെ നിരാശയോടെ കണ്ണുകളെ മടക്കി വിളിച്ചു. രാത്രിയില്‍ മഴ വീണ്ടും കനത്തു. ചീവിടിന്റെ താളത്തില്‍ ഉറക്കത്തിനു വഴി നോക്കി ജിംബ്രാന്‍ കിടന്നു. പുറം പൊളിയുന്ന വേദന. ഇടക്ക് താളം തെറ്റുന്നതും വെള്ളത്തില്‍ തുള്ളികള്‍ പുതിയ താളം ഉണ്ടാക്കുന്നതും കേട്ട് തലയുയര്‍ത്തി. ഒരു കാല്‍ നിലത്തുറക്കാതെ അവളുടെ നിഴല്‍ വരുന്നത് ജിംബ്രാന്‍ കണ്ടു..

****

"വര്‍ക്കത്തോള്ള എനാന്ന തോന്നണെ..." പ്രതീക്ഷിച്ച പോലെ കൂലിക്കാരന്‍ ചെക്കന്‍ അവളെ ഒന്നും ചെയ്തില്ല...

"ന്നാ പിന്ന നീ കൊണ്ടോക്കോ.."

"കാലൊന്ന് ചതഞ്ഞേക്ക്ണ്"

"സാരല്ലടാ... ഭംഗീണ്ടല്ല... ഇയ് വളത്തിക്കോ"

****

കടപൂട്ടാന്‍ നേരവും ജിംബ്രാന്‍ പലകമറയോട് ചേര്‍ന്ന് കിടക്കുവായിരുന്നു.

"എനക്കിന്നു അനക്കൂലെ ചിമ്രാനെ...?" കുറച്ചു മാറി വീണ മധുരപ്പാവ് എത്തിപ്പിടിക്കാന്‍ കഴിയാതെ ജിംബ്രാന്‍ കിടന്നു. കാലു കൊണ്ട് ദാമുച്ചോന്‍ അത് ജിംബ്രന്റെ മുന്നിലേക്ക്‌ തട്ടിയിട്ടു. ഒരു പകല്‍ കൊണ്ട് വെള്ളം വഴിമാറി പോയിരിക്കുന്നു. ജീപ്പ്‌ പാഞ്ഞു പോയ ടയര്‍ പാടില്‍ കെട്ടി നിക്കുന്ന വെള്ളത്തില്‍ കാലൊന്നു അനക്കി കഴുകി ദാമുച്ചോന്‍ നടന്നകന്നു. ഒരിഞ്ചു കൂടി മാറി കിടക്കുന്ന മധുരപ്പാവിലെക്ക് ജിംബ്രാന്‍ ദയനീയമായി നോക്കി.

****

"ഊം.. കുഴീത്‌ മതീടാ... നീയതിനെ വലിച്ചിട്..."

കുഴിയുടെ അകത്ത്‌ കടക്കാതെ പോയ ജിംബ്രാന്റെ മരവിച്ച വാല്‍ ദാമുച്ചോന്‍ കൈക്കോട്ടു കൊണ്ട് കുഴിയിലേക്ക്‌ തിരുകി കയറ്റി. മഴ ചന്നം വീണു തുടങ്ങി. പാതി ഉണങ്ങിയ മണ്ണ് ജിംബ്രാന്റെ മുഖത്തേക്ക് വടിചിടുമ്പോള്‍ കൂലിക്കാരന്‍ പയ്യന്റെ കണ്ണിലും മഴ പെയ്തിരുന്നു...

കുറച്ചു മാറി കടത്തിണ്ണ മുതല്‍ പയ്യന്റെ വീടിന്റെ വേലി വരെ ജിംബ്രാന്റെ പിന്‍കാലുകളുടെ ഇഴഞ്ഞ പാടുകള്‍. പിന്നെ അവിടെ നിന്നും ജീപ്പ് ടയര്‍ തേഞ്ഞിടത്ത്‌ ചിതറി വീണ കട്ട ചോര തുള്ളികള്‍ വരെ ആ പാട് ഇഴഞ്ഞു കിടന്നു. അതിനു മുകളില്‍ പെയ്തിറങ്ങിയ മഴത്തുള്ളികളില്‍ ചുവപ്പ് കലര്‍ന്ന് ഒരു ചാല്‍ ജിംബ്രാന്‍ ഇഴഞ്ഞ വഴികളിലൂടെ ടയര്‍ പാടില്‍ ഒഴുകി ഇറങ്ങി. മഴ വീണ്ടും കനക്കവേ, ദാമുച്ചോന്‍ ചായ്പ്‌ ചാരാന്‍ തുടങ്ങിയിരുന്നു.

****

2011 മാർച്ച് 11, വെള്ളിയാഴ്‌ച

സ്വവര്‍ഗ്ഗം

"ഇനി വേറെ ആലോചന നോക്കണ്ട ഓപ്പോളേ, ഇതങ്ങ്ട് ഒറപ്പിക്കാം"

"ഓലോട് ഒന്ന് പറയാതെങ്ങനാ?"

"ഇനിപ്പോ ചോദ്യോം പറച്ചിലും ഒന്നും വേണ്ട... എത്ര നാളെന്നു വെച്ചാ ഓപ്പോളും സാവീം ഇങ്ങനെ…”

“എന്തേലും ഒരു നല്ല ജോലി കിട്ടുമെന്നാ ഓല്.. ഇത്രേം പടിപ്പില്ലേ..?”

“അഞ്ചാറു കുട്ട്യോക്ക് ടൂശന്‍കൊടുക്കാനാ ഇക്കണ്ട പടിപ്പിനു പോയെ”

“എന്തിനോക്കെയോ വേറെ അപേക്ഷ വിട്ടത്രേ”

“ഊം...പ്രത്യേകം വിളിക്കാന്‍ ആരേലും ഉണ്ടേല്‍പറഞ്ഞാ മതി... ഞാനിറങ്ങുന്നു..."

തന്റെ കല്യാണം തീരുമാനിക്കപ്പെട്ടത് ഈ വിധത്തിലാണ് എന്ന് സാവിത്രി ഓര്‍ത്തു. “അല്ലെങ്കില്‍തന്നെ അച്ഛന്‍ കാട് കേറി പോയ വഴി കേറി വന്ന ദാരിദ്ര്യം ഇതില്‍കൂടുതല്‍ഒരു സൌഭാഗ്യം കൊണ്ടുതരാനില്ല.” അമ്മ... ശരിയാണ്..എമ്പാടു നിലം, തോപ്പ്, ഇരുന്നു തിന്നാലും തീരാത്ത നെല്ല്. കഴുത്തില്‍തൂക്കം പോരാത്ത താലിയുമിട്ട് താന്‍പടിയിറങ്ങിയപ്പോള്‍അമ്മ ആശ്വസിച്ചു കാണണം.

“ഇതിപ്പോ ധര്‍മ്മകല്യാണത്തിന്റെ ഗതികേട് കളരിപറമ്പിനില്ല. ന്റ കുട്ടി ഒരു ദീനക്കാരനായി പോയി... ഇല്ലേല്‍പൊന്നില്‍മൂടിയെ ഇവിടെ ഒരു പെണ്ണ് പടി കേറു... പൊന്നിന് തുല്യം പടിപ്പു വെച്ചാരും ഇഞ്ഞിവടെ തിന്നാന്‍ ഉണ്ടാക്കണ്ട...”

അങ്ങിനെ പിറുപിറുത്ത്‌ വാതില്‍ക്കല്‍ വിശറി വീശി ചാരുകസാലയില്‍കിടക്കുന്നയാള്‍ ശിവശങ്കരന്റെ വല്യച്ഛനാണ്. പിറുപിറുപ്പ് എന്നാല്‍ എല്ലാവരും കേള്‍ക്കണം എന്നാണ് വല്യച്ഛന്. അന്നത്തേത് തനിക്കുള്ള നിര്‍ദ്ദേശമാണ് എന്ന അര്‍ത്ഥത്തില്‍ ശങ്കര്‍ തന്നെ നോക്കി ചിരിച്ചു. തണുത്ത ഭാവം ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ആ മുഖത്തിന്‌ ആ ചിരി ഒരംഭംഗിയായിരുന്നു. പിന്നെ പിന്നെ ആ ചിരി സാധാരണമാണ് എന്നവള്‍ക്ക് മനസിലായി. ചോദ്യത്തിനും ഉത്തരത്തിനും ദേഷ്യത്തിനും സങ്കടത്തിനും അയാള്‍ അങ്ങിനെയാണ് പ്രതികരിച്ചിരുന്നത്. ഇന്ടര്‍വ്യൂനു കോള്‍ ലെറ്റര്‍ വന്നത് പറഞ്ഞപ്പോഴും, വല്യച്ഛന്‍ എതിര്‍ത്തപ്പോഴും അതെ ചിരി അയാളുടെ മുഖത്ത് എച്ചില്‍ പോലെ കിടന്നു. തന്റെ ശരീരത്തില്‍ പടര്‍ന്നു കയറുമ്പോള്‍ ഒഴികെ. അപ്പോള്‍ മാത്രമാണ് അയാള്‍ ഭര്‍ത്താവായിരുന്നത്.

ഒന്നുകില്‍ പുസ്തകത്തിന്‌ മുന്നിലോ, അല്ലെങ്കില്‍ അടുപ്പിനു മുന്നിലോ ആയിരുന്നു സുമ ചിറ്റ. അങ്ങിനെ അല്ലാതെ അവരെ കാണുന്നത് അനിയനെ കൊല്ലിച്ചവള്‍ എന്ന് വല്യച്ഛന്‍ പ്രാകുമ്പോഴാണ്. ആ സമയത്ത് അവര്‍ തലകുമ്പിട്ട് പിന്നാലയില്‍ പോയിരുന്നു. കരയില്ല. വെറുതെ കണ്ണ് മിഴിച്ച് ദൂരേക്ക്‌ നോക്കിയിരിക്കും. ഈ വലിയ വീട്ടില്‍ അവരുടെ ലോകം പുസ്തകത്തിലോ അടുക്കളയിലോ ഒതുങ്ങി തീര്‍ന്നിരുന്നു. ആ ലോകത്തേക്ക്‌ വളരെ പെട്ടെന്നാണ് താന്‍ കടന്നു കൂടിയത്. അല്ലെങ്കില്‍ മറ്റൊരു ലോകം തുറന്നെടുക്കാനുള്ള ശ്രമത്തില്‍ സുമ ചിറ്റ തന്റെ ലോകമാകുകയായിരുന്നോ?

തന്നെക്കാള്‍ പത്തു വയസു മാത്രം മൂപ്പുള്ള സുമ ചിറ്റ പത്ത്രണ്ട് വര്ഷം മുന്‍പാണ് ശങ്കറിന്റെ ഇളയച്ഛന്റെ ഭാര്യയാവുന്നത്. കവിതയും കഥയും ഒക്കെ ആയി നടന്ന ഇളയച്ഛന് ചേര്‍ന്ന ഭാര്യയായിരുന്നു സുമ ചിറ്റ. ഒരുപാട് വായനയും എഴുത്തും ഒക്കെ ഉണ്ടായിരുന്നത്രെ. ഇളയച്ഛന്റെ രണ്ടാം കുടിയുടെ കാര്യം ചിറ്റ അറിയും വരെ താളനിബദ്ധമായ ഒരു കവിതയായിരുന്നു അവരുടെ ജീവിതം. പിന്നീട് കേട്ട കഥകള്‍ ശരിയെന്ന ചെറിയച്ഛന്റെ ഏറ്റുപറച്ചില്‍ മുതല്‍ അതിന്റെ താളം തെറ്റി തുടങ്ങി. പാമ്പ് തീണ്ടി ചെറിയച്ചന്റെ നീലച്ച ശരീരം മുന്നില്‍ കിടന്നപ്പോഴും സുമ ചിറ്റയുടെ കണ്ണുകള്‍ വരണ്ടു കിടന്നു.

"സാവി..."

കട്ടിലില്‍ തല കുമ്പിട്ടിരിക്കുകയായിരുന്നു അപ്പോള്‍ സാവിത്രി.

"ങ്ങ്ഹ്!!! ചിറ്റയോ??"

"വിഷമിക്കണ്ട മോളെ..."

"ന്നാലും ഞാന് ഒരുപാട് കൊതിച്ച ജോലിയാ ചിറ്റെ... ഇന്റെര്‍വ്യൂനുന്നു പോയിട്ട് കിട്ടീല്ലാച്ചാലും ഇത്രേം വെഷമില്ലാരുന്നു... പോണ്ടാന്നു പറഞ്ഞു വല്യച്ചന്‍..."

അത്രയും പറഞ്ഞു തീരുമ്പോള്‍ സാവിത്രി പൊട്ടിക്കരഞ്ഞു പോയി.

"സാരംല്യാ!! ന്റ മോള് കരയാതെ..." സുമ അവളെ ചേര്‍ത്ത് പിടിച്ചു. കൊതുമ്പുനാരു കത്തിയ പുകയുടെ മണവും വിയര്‍പ്പും കലര്‍ന്ന അവരുടെ മാറില്‍ സാവിത്രിയുടെ കണ്ണ് നീര്‍ പടര്‍ന്നു.

അന്ന്‍ മുതല്‍ തന്റെ സങ്കടങ്ങള്‍ അലതല്ലി തീരുന്ന മണ്‍തിട്ടയായിരുന്നു സുമ ചിറ്റ എന്ന് സാവിത്രി ഓര്‍ത്തു. അമ്മ മരിച്ചു പോയ വിവരം ആഴ്ചകള്‍ കഴിഞ്ഞറിഞ്ഞ ദിവസം അവരുടെ നെഞ്ചില്‍ ഞാന്‍ അലമുറയിട്ടു കരഞ്ഞു. മരിച്ച വിവരം പറയാന്‍ വന്ന ചെറിയപ്പനെ വഴിക്ക്‌ വെച്ച് തന്നെ മടക്കി അയച്ചു വല്യച്ചന്‍. തന്നെ കാണാന്‍ പോലും വിട്ടില്ല.

"ദേ!! ഒന്നത്രേടം വരെ പോട്ടെ ഞാന്‍"

"ഉം!!!? എന്താ വിശേഷിച്ച്???

"അമ്മയെ കണ്ടിട്ട് ത്തിരിയായി... ഇങ്ങോട്ടും വരവില്ലല്ലോ??.. രണ്ടീസം കൂടെ നിന്നെച്ചു വരാം..."

"അതിനിപ്പോ ആയമ്മ മണ്ണായിട്ട് മാസം മൂന്നായില്ലേ... ഇനിപ്പോ നെനക്കാരാ അവിടെ കാവലിരിക്കാന്‍..."

അന്ന് താന്‍ അലമുറയിട്ടു കരഞ്ഞു...
ഇളിഞ്ഞ ചിരിയോടെ അന്ന് രാത്രിയിലും മാറില്‍ നിന്നും നേര്യത് അടര്‍ത്തി മാറ്റാന്‍ ശ്രമിച്ച ശങ്കറിന്റെ കൈകള്‍ തട്ടി തെറിപ്പിച്ച് ചിറ്റയുടെ മുറിയിലേക്കാണ് സാവിത്രി ഓടിയത്‌. പിന്നീടൊരിക്കലും ശങ്കറിന്റെ ചൂടുള്ള വായു തന്റെ കവിളില്‍ പതിഞ്ഞിട്ടില്ല. കൊതുമ്പുചാരത്തിന്റെ മണം പച്ചമഞ്ഞള്‍ ഗന്ധത്തിന് വഴി മാറിയ അവരുടെ മാറില്‍ മുഖമമര്‍ത്തിയായിരുന്നു, പിന്നീടുള്ള അവളുടെ രാത്രികള്‍ കടന്നു പോയത്‌.

"ന്താ? ശങ്കരനും സാവിത്രിക്കുമിടയില്‍?" ഈ ചോദ്യം തറവാടിന്റെ പല മൂലകളില്‍ തട്ടി പ്രതിധ്വനിച്ചതല്ലാതെ ആരും മറുപടി അന്വേഷിച്ചു പോയില്ല. ആ വലിയ വീട്ടിലെ മതിലുകള്‍ പല കാര്യങ്ങളിലും മനസിനകത്താണ് എന്ന് തോന്നും. അല്ലെങ്കില്‍ ഭര്‍ത്താവില്ലാത്ത സുമ ചിറ്റയ്ക്കും സൂക്കേട് കാരണം ശിവശങ്കരന്‍ വിവാഹം കഴിച്ച ദരിദ്രവാസി സാവിത്രിക്കും ചുറ്റുമായി ആ മതിലുകള്‍ നിറഞ്ഞു നിന്നു.

"പുതിയ പുസ്തകങ്ങള്‍ ഒന്നുമില്ലേ ചിറ്റെ?"

"ഞാന്‍ വന്നപ്പോ കൊണ്ടോന്നതും, ന്നെ അദ്യേം ഉണ്ടായിരുന്നപ്പോ ഒള്ളതും ഒക്കെ ഉള്ളു. പുറത്ത്‌ പോവാതെ ഞാന്‍ എങ്ങനാ പുത്യ പുസ്തം നോക്കാ"

അവരില്‍ നിന്നൊരിക്കലും വ്യതസ്തമായിരുന്നില്ല താനും എന്ന് സാവിത്രി ഓര്‍ത്തു. പുറത്ത്‌ വരഞ്ഞു പോകുന്ന വഴികള്‍ ഏതോ കഥകളില്‍ വായിച്ച ഓര്‍മ്മക്കപ്പുറം നിക്കുന്നത് പോലെ. പടിവാതിലിലൂടെ കാണുന്ന കാഴ്ചകള്‍ മാത്രമാണ് പുതുതായി അവശേഷിക്കുന്നത്. പിന്നെ ചിറ്റയും. തന്റെ ലോകം അവരിലോക്കൊതുങ്ങി തുടങ്ങിയ ഒരു ദിവസം...

അന്നവരുടെ നെഞ്ചിടിപ്പ്‌ വല്ലാതെ കൂടുതലായിരുന്നു. തന്നെ പുണര്‍ന്നിരുന്ന അവരുടെ കൈകളുടെ കരുത്ത്‌ കൂടി വരുന്നത് പോലെ തോന്നി. നെറുകയില്‍ ചുംബിച്ചു കിടക്കുന്ന ചുണ്ടുകള്‍ താഴേക്ക്‌ ഇഴയുന്നു. ഒരു ഞെട്ടലില്‍ അന്ന് താന്‍ കണ്ണ് തുറന്നു. ചിറ്റയുടെ മാറിടം നഗ്നമായിരുന്നു...

എതിര്‍പ്പ്.... പിന്നെ ഇഷ്ടം....പ്രണയം.

ചിറ്റയെ താന്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. ശങ്കര്‍ കിതച്ചു കൊണ്ട് മാറില്‍ തളര്‍ന്നു വീഴുമ്പോള്‍ പോലും തോന്നാതിരുന്ന സ്ത്രീത്വബോധം ചിറ്റയുടെ ഉയര്‍ന്നു വരുന്ന നെഞ്ഞിടിപ്പില്‍ അവള്‍ അറിഞ്ഞു. തെറ്റ്‌ എന്ന് മനസ്സില്‍ ശങ്കിച്ചിടത്തെല്ലാം അവള്‍ ശരിയെന്നു അമര്‍ത്തി എഴുതി വെച്ചു. ഒരിക്കല്‍ കൊളുത്ത് വീഴാതെ പോയ വാതില്‍ തുറന്നു വന്ന ശങ്കറിന് മുന്നില്‍ തുണി വാരി പുതക്കുമ്പോഴും ചിറ്റയുടെ നെഞ്ഞിടിപ്പില്‍ താന്‍ സുരക്ഷിതയാണ് എന്ന് അവള്‍ക്കു തോന്നി.

ശങ്കര്‍ ഒരു നിമിഷം പകച്ച് നോക്കി നിന്നു. പിന്നെ വാതില്‍ അടച്ച് തിരികെ നടന്നു. വല്യച്ഛന്റെ അലര്‍ച്ച ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ വശങ്ങളിലേക്ക് കോടിപോയ അയാളുടെ കാലുകള്‍ നിലം തൊടാതെ... മരവിച്ച്... ആടികൊണ്ടിരുന്നു...

"എത്തിയോ മോളെ?" ഒരുറക്കത്തില്‍ നിന്നുണര്‍ന്നു ചിറ്റ ചോദിച്ചു. പിന്‍ സീറ്റില്‍ ഇരുന്നു മയങ്ങുകയായിരുന്നു അവര്‍. സെന്റര് മിററിലൂടെ അവരെ നോക്കി പുഞ്ചിരിച്ച് സാവിത്രി പറഞ്ഞു..

"ഇല്ല ചിറ്റെ, ഇനിയും എട്ടു പത്തു കിലോ മീറ്റര്‍ കാണും."

നരയും ചുളിവും അവരുടെ പ്രായത്തെ കവര്‍ന്നു കൊണ്ട് പോയിരിക്കുന്നു. കൈകളിലെ കരുത്തൊഴികെ. ശങ്കര്‍ ആത്മഹത്യ ചെയ്ത പുലവീടി, തറവാട്ടില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ആ കൈ കരുത്ത്‌ മാത്രമായിരുന്നു തന്റെ ഉറപ്പ്‌. ആരും എതിര്‍ത്ത്‌ പറഞ്ഞില്ല. വല്യച്ഛന്‍ ചാരുകസാലയില്‍ കിടന്ന് അന്നും പതിവ് പോലെ പിറുപിറുത്തു.

"ന്റെ ക്ടാങ്ങളുടെ ആത്മാവ് പൊറുക്കില്ല... നശിക്കും... നരകിക്കും..."

ഒന്നും സംഭവിച്ചില്ല. നശിച്ചില്ല... നരകിച്ചില്ല... ചിറ്റയുടെ കൈയില്‍ അവശേഷിച്ച പൊന്‍ തരി വിറ്റ് വാടക്കൊരു ചെറിയ വീട്... ചെറിയ ചെറിയ ജോലി ചെയ്തു.. പിന്നെ സര്ക്കാര് ജോലിയില്‍ കയറിപ്പറ്റി.

"എനിക്കാ മണ്ണില്‍ ഉറങ്ങണംന്ന്‍ണ്ട് മോളെ..." അവശത കീഴടക്കി തുടങ്ങിയ ഒരു ദിവസം ചിറ്റ പറഞ്ഞു. "നടക്കില്ലാന്നറിയാം, ന്നാലും..."

"ചെയ്തത് തെറ്റായിന്ന് തോന്നണുണ്ടോ, ചിറ്റക്ക്...?

"നെനക്കൊരു ജീവിതല്ല്യാതെ പോയില്ലെന്നോര്‍ക്കുമ്പോ..."

ചിറ്റയുടെ വാ അവള്‍ പൊത്തി പിടിച്ചു. നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു. ചുണ്ടുകള്‍ കോര്‍ത്ത്‌ തുടങ്ങുമ്പോള്‍ ചിറ്റയുടെ കൈകളില്‍ കരുത്ത്‌ നിറയുന്നത് അവള്‍ അറിഞ്ഞു...

"വഴിയൊക്കെ മാറി പോയിരിക്കുന്നു അല്ലെ ചിറ്റെ... പേരിനു പോലും വെട്ടു വഴിയില്ല. "

പിറകിലെ മൌനം കണ്ട് അവള്‍ സെന്റര് മിററില്‍ നോക്കി. ചിറ്റ വീണ്ടും മയങ്ങി പോയിരിക്കുന്നു. ഇരുപതിലധികം വര്ഷം കഴിഞ്ഞിരിക്കുന്നു. ചെമ്മണ്‍ പാതയെല്ലാം ടാറിനോ കോണ്‍ക്രീറ്റിനോ അടിയിലാണ്. ദൂരെ നിന്നു തന്നെ തറവാടിനു മുന്നില്‍ വണ്ടികള്‍ നിരന്നു കിടക്കുന്നത് കണ്ട്. മിക്കവാറും എല്ലാവരും എത്തിക്കാണണം.

"അവിടെ കിടന്ന് മരിക്കനോ കഴിയില്ല. ഒന്നാ മണ്ണ് കണ്ടിട്ട് വരാം കുട്ടിയെ..." ഫാമിലി റീയൂണിയന്റെ കാര്യം പറഞ്ഞപ്പോള്‍ ചിറ്റ പറഞ്ഞു.

"പക്ഷെ നമ്മളെ നമ്മള്‍ എങ്ങിനെ അവര്‍ക്ക്‌ മനസിലാക്കി കൊടുക്കും."

"പോവാം... വരുന്നത് പോലെ നോക്കാം..."

മുറ്റത്ത്‌ തണല്‍ പാകിയിടത്തൊക്കെ കാറുകള്‍ പാര്‍ക്ക്‌ ചെയ്തിട്ടിരിക്കുന്നു. ഒഴിഞ്ഞ ഒരിടം നോക്കി സാവിത്രി വണ്ടി പാര്‍ക്ക്‌ ചെയ്തു.

"എത്തി.. ചിറ്റെ..."

ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങി പിന്‍ ഡോര് തുറന്നു ചിറ്റയെ തട്ടി വിളിക്കുമ്പോള്‍ അവരുടെ ശരീരം സാവിത്രിയുടെ കൈകളിലേക്ക് ചാഞ്ഞു വീണു.

2010 ഡിസംബർ 9, വ്യാഴാഴ്‌ച

തീയുടെ നിറങ്ങള്‍

അപ്പാപ്പേ!!
ഊം...?
അപ്പാപ്പേ!
എന്താടാ?
ഇങ്ങാട്ട് നോക്കിയേ...
എവിടെ?
ദാ ഈ വെളക്കെലാട്ട്
എന്താ വെളക്കെല്? മണ്ണെണ്ണ തീര്‍ന്നാ?
ഇല്ലപ്പാപ്പേ! ഇയിന്റെ നിറം കണ്ട? ആദ്യേം, നീല, പിന്ന മഞ്ഞ, പിന്ന കടും ചോപ്പ്, പിന്ന കറുപ്പ്..
ഊം..ആയിനെന്താട?
തെന്ത ങ്ങനെ പല നെറത്തീ കത്തണെ?
അതങ്ങനാ. മ്മടെ ജീവിതം പോലെ. പെലര്‍ച്ചക്ക് കാണുന്ന ആകാശം പോലെ നീലക്കും. വെയില് മൂക്കും പോലെ മഞ്ഞക്കും, മോന്തിക്ക്‌ ചോക്കും കടും ചോപ്പ്, പിന്നെ കറക്കും, കറുത്ത് കറുത്ത് ദാ ആ പുകപോലെ മാഞ്ഞു ഇല്ലാതാവും.
എന്ന് വെച്ചാ?
വെളക്കില്‍ എണ്ണ തീരും മുമ്പേ വെല്ലേം വായിക്കനുന്ടെല്‍ തീര്‍ത്തിട്ട് പോയി കെടക്കു ചെക്കാ. അപ്പാപ്പക്ക് വയ്യ നീ അവിടെ ഇരുന്നു പായാരിക്കാതെ. അമ്മയുടെ സ്വരം ഉയര്‍ന്നു.

***
ചാണക വരളികൊണ്ട് പൊതിഞ്ഞ അപ്പാപ്പന്റെ ശരീരം ചിതയില്‍ കത്തി തീരുമ്പോള്‍ അയാള്‍ നാളങ്ങളിലെ നിറഭേദങ്ങള്‍ നോക്കി നിന്നു. നീലയായി, മഞ്ഞയായി, കടും ചുവപ്പായി, കറുത്ത പുകയായി അപ്പാപ്പന്‍ മാഞ്ഞു പോയി.
***
"ഇനി പത്തു മിനിട്ട് കൂടെ" ഹാളില്‍ ഇരുന്ന മലയാളം ടീച്ചര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. "തീയുടെ നിറങ്ങള്‍" എന്ന് ചെറു കഥയ്ക്ക്‌ പേരിട്ടു അയാള്‍ തന്റെ പേപ്പര്‍ ടീച്ചര്‍ക്ക് കൊടുത്തു.
"ഇതില്‍ ഗുണപാഠം ഒന്നുമില്ലല്ലോ. മത്സരത്തിനുള്ള കഥക്ക് ഗുണപാഠം വേണമെന്ന് നേരത്തെ പറഞ്ഞതല്ലേ." തിരികെ നല്‍കിയ പേപ്പര്‍ വാങ്ങാതെ അയാള്‍ ഇറങ്ങി നടന്നു.
***
സ്റ്റാഫ് റൂമിലെ സ്റൌവില്‍ ചായക്ക്‌ വെള്ളം വെച്ചിട്ട് തീപ്പട്ടി കമ്പില്‍ മുനിഞ്ഞു തുടങ്ങിയ തീ പേപ്പറിലേക്ക്‌ പകര്‍ന്നു സ്റൌവിനു തീ കൊളുത്തി. പകുതി കത്തിയ പേപ്പര്‍ ജനലിലൂടെ ടീച്ചര്‍ പുറത്തെക്കെറിഞ്ഞു. തന്റെ "തീയുടെ നിറങ്ങള്‍" കത്തിയമരുന്നത് നോക്കി അയാള്‍ നിന്നു. നീല, മഞ്ഞ, കടും ചുവപ്പ്, കറുപ്പ്. എല്ലാം ജീവിതത്തിന്റെ നിറങ്ങള്‍ ആണ് എന്ന് അപ്പോള്‍ അയാള്‍ക്ക്‌ തോന്നി.

2010 നവംബർ 17, ബുധനാഴ്‌ച

മുടിയനായ പുത്രന്‍

അത്യാവശ്യം കാശും സ്വത്തും ഒക്കെ ഉള്ള ഒരു പുള്ളിക്കാരന് രണ്ട്‌ മക്കളുണ്ടായിരുന്നു. മൂത്തവന്‍ അദ്ധ്വാനിയാണ്‌, പാടത്തും പറമ്പിലും ഒക്കെയായി എല്ല് മുറിയെ പണിയെടുക്കും. ഇളയവന്‍ ആള് തലതെറിച്ചോനാ. പണിയെടുക്കുകേല, എന്ന് മാത്രമല്ല അപ്പനും ചേട്ടനുമായി കഷ്ടപ്പെട്ട് ഉണ്ടാക്കിയതൊക്കെ ചുമ്മാ കള്ളുകുടിച്ചും ചീട്ടു കളിച്ചും പണ്ടാരമടക്കി കളയും. ഒരുദിവസം, അപ്പനും ചേട്ടനും തരുന്ന പോക്കറ്റ് മണി പോരാ എന്ന് തോന്നിയപ്പോള്‍ ചെറുക്കന്‍ തന്തപ്പടിയോടു ഉള്ള കാര്യം തുറന്നു പറഞ്ഞ്. "എനിക്കുള്ളതൊക്കെ മൊത്തായി ഇങ്ങു തന്നേര്. ഞാന്‍ വേറെ എവിടെങ്കിലും പോയി സെറ്റപ്പ് ആയിക്കോളം." ഒന്ന് പറഞ്ഞ് രണ്ടിന് പെടക്കാന്‍ നിക്കുന്ന മോനോട് തന്തപ്പടി എന്ത് പറയാന്‍. ശട പടേന്ന് ഭാഗം നടന്നു. ഇളയവന്‍ കിട്ടിയതും വാങ്ങി നാടുവിട്ടു.



കാശുണ്ടേല്‍ ചെലവാക്കാനാണോ വഴികളില്ലാത്തെ. പെട്ടെന്ന് തീര്‍ക്കാനാണേല്‍ ഒരു പെണ്ണ് കെട്ടിയാലും മതി. പക്ഷെ കക്ഷി തന്റെ സ്ഥിരം പരിപാടിയായ വെള്ളമടി ചീട്ടുകളി തുടങ്ങിയ പരിപാടികളില്‍ കാശിറക്കി കളിച്ചു. തോറ്റു. പക്ഷെ അവസാന ശ്വാസം വരെ വിട്ടു കൊടുത്തില്ല. കുത്ത് പാളയെടുക്കും വരെ വിട്ടു കൊടുത്തില്ല. അവസാനം കണ്ടവന്റെ തൊഴുത്തില്‍ ചാണകവും വാരി തേങ്ങാ പിണ്ണാക്കും തിന്നു കിടന്നപ്പോ പഹയനു വീണ്ടു വിചാരമുണ്ടായി.



അങ്ങിനെ ഇരിക്കെ സഖാവ് തന്തപ്പടിക്ക് ഇളയമകന്റെ എസ് എം എസ്. 'ആണ്ടെടാ കാശും പണ്ടോം വാങ്ങി നാട് വിട്ടുപോയവാന്‍ തിരിച്ചു വരുന്നെന്ന്'. "ഓ! വലിയ കാര്യമായി പോയി", മൂത്തവന്‍ കെറുവിച്ചു. ' "വിട്ടു കളയടെയ് ഒന്നുമല്ലേലും നമ്മുടെ രക്തമല്ലേ?" തന്തപ്പടി സമാധാനിപ്പിച്ചു. മോന്‍ വരുന്ന ദിവസം തന്തപ്പടി വഴീലോട്ടും നോക്കി ഇരുപ്പായി.



വെട്ടുപോത്തിനെ പോലെ മുക്രയിട്ടു പാഞ്ഞു ദാണ്ടേ വന്നു നില്‍ക്കുന്നു, ഒരു എസ് ക്ലാസ് ബെന്‍സ്. ടെഡ് ലാപിടാസ് സ്യൂട്ടില്‍ ഇറങ്ങി വരുന്നു റെയ്ബാന്‍ ഫിടിങ്ങ്സ് കണ്ണിനു മുന്നില്‍ വെച്ചു, കൈയിലും കഴുത്തിലും സ്വര്‍ണ്ണ ചെയിനുമായി ഒരു കിടിലന്‍ പയ്യന്‍.



"കൊച്ചുകുഞാന്നോട?" തന്തപ്പടി വണ്ടറടിച്ചു നിന്നു.



"യെസ്, ഡാഡ്, ലോങ്ങ്‌ ടൈം! ഹൌ ആര്‍ യൂ?



തന്തപ്പടിയുടെ വണ്ടറടി ഒന്ന് കൂടെ നീണ്ടു. "ബൈ ദ്‌ വേ, വേര്‍ ഈസ്‌ ചേട്ടായി?"



"ഓ അവന്റെ കാര്യമൊന്നും പറയാതിരിക്കുന്നത ഭേദം. കൃഷിയൊക്കെ മോശമാടാ. സര്ക്കാര് ദുരിതാശ്വാസം തരുമെന്ന് കരുതി ലോണ്‍ എടുത്തു. അവസാനം കിടപ്പാടം ബാങ്ക് കാര് കൊണ്ട് പോകും എന്ന അവസ്ത്തെലാ. പാടോം പറമ്പും ഒക്കെ ഫിനാന്സുകാര് കൊണ്ട് പോയി. ഇപ്പം വരും. കൂലിപ്പണിക്ക് പോയിരിക്കുവാ "



"ഓ സൊ സാഡ്. എത്ര രൂപാ വരും കടം? "



ഇനി ഇപ്പൊ ഒരു അഞ്ചാറ് ലക്ഷം കൂടെ കാണും.



"ഓ നോ. ഇതിനാണോ ടെന്‍ഷന്‍. നാളെ തന്നെ സെറ്റില്‍ ചെയ്യാമെന്ന് ബാങ്ക് കാരോട് പറയു."



"എന്നാലും എന്റെ കുഞ്ഞുകുഞ്ഞേ, നീ പെര്ശ്യക്കും മിറ്റെം പോയോ? തെണ്ടി തിരിഞ്ഞു വരും എന്നല്ലേ, ഞാന്‍ കരുതിയെ. "



"ഹി ഹി ഹി ഡാഡ്! അങ്ങിനെ ആകുമായിരുന്നു. പക്ഷെ ആ നായിന്റെ മോന്റെ ചാണക കുഴി കഴുകി കിട്ടിയ കാശ് എണ്ണി, പിണ്ണാക്കും തിന്നു കിടന്നപോള്‍ എനിക്ക് തോന്നി എന്തയാലും കുറെ കാശ് ചീട്ടു കളിച്ചു പോയി. എന്നാ ആ വഴിക്ക് തന്നെ പിടിക്കാം. കിട്ടിയ കാശ് കൊണ്ട് കിലുക്കി കുത്ത് തുടങ്ങി. ഞാന്‍ കളിച്ചില്ല. മറ്റവന്മാരെ കൊണ്ട് കളിപ്പിച്ചു. അറിയാവുന്ന പണി അല്ലെ ചെയ്യാന്‍ പറ്റൂ. പിന്നെ പള്ളി പെരുന്നാള്‍, ഉത്സവം, മൂന്നു നാലു ടീമിനെ കീഴിലിട്ടു കളി വിപുലീകരിച്ചു. ഒരു ആള്‍ കേരള നെറ്റ്‌വര്‍ക്ക്. സംഗതി ഏറ്റു. ഗോവയില്‍ ഇപ്പൊ 8 കാസിനോയാ വാങ്ങി ഇട്ടിരിക്കുന്നേ"



"കുഞ്ഞൂഞ്ഞേ നീ ഒരു വല്ലാത്ത പഹനാണെടാ" എന്ന് ചിന്തിച്ചു നില്‍ക്കെ അപ്പന്റെ മടിക്കുത്തില്‍ ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു വെച്ചു മുടിയന്‍ കാര്‍ സ്ടാര്റ്റ് ചെയ്തിരുന്നു.



ചുമ്മാതാണോ കര്‍ത്താവ്‌ പറയുന്നത് "വഴി തെറ്റി പോയവനെ തേടി പോകണം എന്ന്. ഇത് പോലുള്ള ഗുണങ്ങള്‍ ഉണ്ടാകും എന്ന് കര്‍ത്താവിനു അന്നേ അറിയാമായിരുന്നു." തന്തപ്പടി ചാര് കസേരയില്‍ കാലു നീട്ടിയിരുന്നു. പണ്ടത്തേക്കാള്‍ അഹങ്കാരത്തോടെ.

2010 ജൂൺ 15, ചൊവ്വാഴ്ച

പ്രോജക്ടുകള്‍ പറയുന്നത്...

ഗൌതം: നീ ബോസിന്റെ മെയില്‍ കണ്ടോ മൊഹമ്മദ്‌?

മൊഹമ്മദ്‌: Yes, Yes! ഞാന്‍ കണ്ടായിരുന്നു.

ഗൌതം: ഉം. ആള്‍ ആകെ worried ആണ് തോന്നുന്നു.

മൊഹമ്മദ്‌: ശരിയാണ്. അല്ലെങ്കില്‍ ഇങ്ങനെ ഒരു മീറ്റിംഗ് അതും എല്ലാ പ്രോജെക്റ്റ്‌ ലീഡിനെയും വിളിച്ച് ഇതാദ്യമാ. By the way, നിന്റെ റിപ്പോര്‍ട്ട്‌ തീര്‍ന്നോ?

ഗൌതം: ഉം തീര്‍ന്നു കൊണ്ടിരിക്കുന്നു. ഉച്ചക്ക് മുന്പ് തീര്‍ക്കാം. ആ ശങ്കര്‍ എവിടെ കാണുന്നില്ലല്ലോ?

മൊഹമ്മദ്‌: അവന്‍ ലൈബ്രറിയില്‍ കാണും. ഒരു പുസ്തകം കിട്ടിയാല്‍ പിന്നെ അതിന്റെ അവസാന പേജ് വരെ തിന്നു തീര്‍ക്കാതെ ഉറക്കം വരാത്ത പാര്‍ട്ടിയാ.

ഗൌതം: മീറ്റിങ്ങിന്റെ കാര്യമൊന്നും അറിഞ്ഞു കാണില്ല.

മൊഹമ്മദ്‌: ഉവ്വ് ഞാന്‍ പറഞ്ഞു.... One minute...ഒരു കോള്‍ വരുന്നു.

മൊഹമ്മദ്‌ ഹെഡ് ഫോണ്‍ ചെവിയില്‍ തിരുകി വെച്ചു ക്യുബിക്കിളില്‍ നിന്നും പുറത്തേക്കിറങ്ങി. ഗൌതം തന്റെ കോഫീ മഗിലെക്ക് നോക്കി. രാവിലെ എടുത്തു വെച്ച കാപ്പിയാണ് ആറി തണുത്തിരിക്കുന്നു. കുടിക്കാന്‍ തോന്നിയില്ല. പിന്നെ കീ ബോര്‍ഡില്‍ F5 അടിച്ച്‌ പ്രസന്റേഷന്‍ പ്രിവ്യു നോക്കിയിരുന്നു. മൊഹമ്മദ്‌ തിരികെ എത്തുമ്പോഴേക്കും അവസാന സ്ലൈഡ് കൂടെ സ്ക്രീനില്‍ നിന്ന് മാഞ്ഞിരുന്നു.


മൊഹമ്മദ്‌: ഈശോ ജോസപ്പാ...

ഗൌതം: ആര് നമ്മുടെ ഇജോയോ?

മൊഹമ്മദ്‌: Yea!! വഴിയില്‍ വണ്ടി ബ്രേക്ക് ഡൌണ്‍ ആയി കിടക്കുന്നു. ഇതിപ്പോ മൂന്നാമത്തെ ബ്രേക്ക് ഡൌണ്‍ ആണ്. ഞാന്‍ അവനെ പിക്ക് ചെയ്തിട്ട് വരാം.

ഗൌതം: ഓകെ. അപ്പോഴേക്കും ഞാന്‍ ഒന്ന് റിഫ്രെഷ് ആയിട്ട് വരാം. പിന്നെ യാദവ്നെ കൂടെ വിളിച്ചോളൂ. ഈവനിംഗ് ഷിഫ്റ്റ്‌ ആയത് കൊണ്ട് മീറ്റിങ്ങിന്റെ കാര്യം അറിഞ്ഞു കാണില്ല.

***

ഇജോയും മൊഹമ്മദും യാദവും വരുമ്പോള്‍ ഗൌതം ഉറങ്ങുകയായിരുന്നു. ഇജോ അയാളുടെ പുറത്ത് തട്ടി. അയാള്‍ ഞെട്ടി ഉണര്‍ന്നു.

ഇജോ: നല്ല ഉറക്കത്തിലാ അല്ലെ?

ഗൌതം: ഹേയ്...അല്ല. വര്‍ക്ക് തീര്‍ന്നപ്പോള്‍ ഒന്ന് ചാരി ഇരുന്നതാ മയങ്ങിപോയി. നിന്റെ
വണ്ടി എന്തെ?

ഇജോ: ഓ അത് തല്ക്കാലം വഴിയിലിട്ടു.

ഗൌതം: ഇവനെ എവിടുന്നു പൊക്കി.

ഗൌതമിന്റെ നോട്ടം അന്നേരം യാദവിന്റെ നേരെ ആയിരുന്നു.

മൊഹമ്മദ്‌: എവിടെ നിന്ന് പൊക്കാന്‍. ഏതെങ്കിലും പാര്‍കിലോ മരച്ചുവട്ടിലോ ഈ മൌത്ത് ഒര്‍ഗനുമായി കറങ്ങി നടക്കുന്ന ഇവനെ കണ്ടു പിടിക്കാനാണോ ഇത്ര പണി.

യാദവ്: വേണ്ട വേണ്ട. അധികം കളിയാക്കണ്ട. വാ പോവാം.മീറ്റിങ്ങിനു സമയമായില്ലേ..

മൊഹമ്മദ്‌: അല്ല ശങ്കര്‍ ഇത് വരെ വന്നില്ലല്ലോ?

യാദവ്: അവന്‍ ഇടക്ക് വന്നിരുന്നു. വീണ്ടും പോയി. ഒരു മിസ്ഡ് അടിച്ചാല്‍ മതി. വരും. ഒരു മിനിറ്റ് ഞാന്‍ വിളിക്കാം.

***

അഞ്ച് ലാപ്ടോപ്പുകള്‍ക്ക് പിന്നിലായി അവര്‍ ഇരിപ്പുറപ്പിച്ചു. ആറാമത്തെ സീറ്റ് ഒഴിഞ്ഞു കിടന്നിരുന്നു. അതിലേക്ക് കണ്ണുകള്‍ കൊണ്ടൊരു ചോദ്യം ശങ്കറില്‍ നിന്നുയര്‍ന്നു.

ശങ്കര്‍: തെരെസയില്ലേ ഇന്ന്?

യാദവ്: ഉണ്ട്. ഞാന്‍ വിളിച്ചിരുന്നു. ഫീല്‍ഡില്‍ ആണ് വരാന്‍ വൈകും.

ശങ്കര്‍: ഐ സീ...

***
അഞ്ചാമത്തെ പ്രസന്റേഷന്‍ അവസാന സ്ലൈഡില്‍ എത്തുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ബോസിന്റെ മുഖത്തായിരുന്നു.

ബോസ്: എന്ത് തോന്നുന്നു? നമ്മള്‍ ഇങ്ങനെ മുന്നോട്ടു പോകുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ട് എന്ന് തോന്നുന്നുണ്ടോ?

അഞ്ച് പേരും മുഖത്തോട് മുഖം നോക്കി.

ബോസ്: നിങ്ങള്‍ നന്നായി എക്സിക്യൂട് ചെയ്തില്ല എന്ന് ഞാന്‍ പറയില്ല. നമ്മുക്കെത്ര വേണമെങ്കിലും ഇനിയും invest ചെയ്യാം. പക്ഷെ അതിന്റെ റിസള്‍ട്ട്? See അതിനൊരു longterm effect ഉണ്ടോ എന്നത്? ഞാന്‍ വല്ലാതെ hopeless ആണ്.


ഇജോ: പക്ഷെ ഒറ്റയടിക്ക് എല്ലാ പ്രോജെക്ടും പിന്‍ വലിക്കുക എന്ന പറഞ്ഞാല്‍?

ബോസ്: പിന്നെ...

യാദവ്: ഇവയുടെ ഔട്ട്‌ കം പ്രതീക്ഷിക്കുന്ന പ്രോസ്പെക്ടിവ് യൂസേര്‍സ് ഇല്ലേ?

മൊഹമ്മദ്‌: മാത്രമല്ല എത്ര പേര്‍ ഈ പ്രോജക്ടുകളെ ഡിപെന്റ്റ് ചെയ്ത് നില്‍ക്കുന്നു?

ബോസ്: ഉം.. നോക്കട്ടെ..തെരേസയുടെ ഫീല്‍ഡ് റിപ്പോര്‍ട്ട്‌ കൂടെ നോക്കിയിട്ട് പറയാം.

"മേ ഐ കം ഇന്‍?" റൂമിന് പുറത്ത് നിന്നുള്ള ശബ്ദം അവരുടെ കണ്ണുകളെ വാതില്‍ പാളിയിലേക്ക് നീങ്ങി. ഒരു ചെറിയ ഞെരക്കത്തോടെ വാതില്‍ അനങ്ങി.

ബോസ്: ആഹ്. തെരേസ വരൂ.

തെരേസ: സോറി. അയാം ലേറ്റ്.

ബോസ്: ഇറ്റ്സ് ഓക്കേ. ഞങ്ങള്‍ തെരേസയുടെ ഇന്പുട്ട് കൂടെ കിട്ടാന്‍ വെയിറ്റ് ചെയ്യുവായിരുന്നു. എന്താണ് ഫീല്‍ഡ് റെസ്പോന്‍സ്‌?

തെരേസ: ലെറ്റ് മി ഹവ് സം വാട്ടര്‍ ഫസ്റ്റ്?

ഗൌതം: ഷുവര്‍.

ഗൌതം തന്റെ മുന്നിലിരുന്ന മിനെരല്‍ വാട്ടര്‍ ബോട്ടില്‍ തെരേസയ്ക്ക് നേരെ നീട്ടി. മറ്റുള്ളവര്‍ അക്ഷമയോടെ നോക്കിയിരുന്നു.

തെരേസ: ഫീല്‍ഡ് റെസ്പോന്‍സ്‌ പൂര്‍ണ്ണമായും പോസിറ്റിവ് അല്ല. പക്ഷെ! എനിക്ക് തോന്നുന്നത് നമ്മള്‍ പെട്ടെന്ന് നിര്‍ത്തേണ്ട എന്നാണു.

ബോസ്: വൈ?

തെരേസ: Sir, still the market is in great need of our project. I think we have to extend them.

ബോസ്: ഊം.. ഓക്കേ. എന്തായാലും നിങ്ങളുടെ projektum തെരേസയുടെ റിപ്പോര്‍ട്ടും സബ്മിറ്റ് ചെയ്തിട്ട് പൊയ്കോളൂ. തല്‍ക്കാലം നമ്മള്‍ക്ക് തുടരാം. Ok. That's it for now. See ya all.

പരസ്പരം ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്ത് അവര്‍ സീറ്റുകളില്‍ നിന്നെഴുന്നേറ്റു. പിന്നെ മിനിട്സ് പേജില്‍ അവരവരുടെ പേരും അതിനു നേരെ പ്രൊജക്റ്റ്‌ ടൈറ്റിലും എഴുതി വെച്ച് അവര്‍ പിരിഞ്ഞു.


2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച

പ്രേമലേഖനം പാര്‍ട്ട് 2

പാര്‍ട്ട് വണ്‍ ബേപ്പൂര്‍ സുല്‍ത്താനാകിയ ബഷീര്‍ എഴുതിക്കഴിഞ്ഞു. അതു വായിച്ചിട്ടുള്ളോര് തല്ലാന്‍ വടിയുമായി നിന്നോ...

കഥാപാത്രങ്ങള്‍ മ്മടെ കേശവന്‍ നായരും സാറാമ്മയു തന്നെ പിന്നെ ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും

പ്രേമലേഖനം പാര്‍ട്ട് 2

കേശവന്‍ നായര്‍ വീണ്ടും പ്രേമലേഖനം എഴുതാനിരുന്നു.

പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൌവ്വനതീഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍…

കൊടച്ചക്രം. സാറാമ്മയ്ക്കിഷ്ടം ബ്ളോഗുകളാണു. എന്നു കരുതി കേശവന്‍നായര്‍ക്ക് ഈ വരികളല്ലാതെ മറ്റൊന്നും വായില്‍ വരുന്നില്ല. പ്രണയിക്കുന്ന വകയില്‍ അവളു പറഞ്ഞ മാസശമ്പളം പുഷ്പം പോലെ കൊടുക്കാനുള്ള വരുമാനം കേശവന്‍ നായര്‍ക്കുണ്ട്. പക്ഷേ നാലാളു വായിക്കുന്നൊരു ബ്ലോഗുണ്ടോ? സാറാമ്മ അത്തരമൊരു ഡിമാന്റ് വെക്കുമെന്നു ഒരു ഫീകര സ്വപ്നത്തില്‍ പോലും കേശവന്‍ നായര്‍ ഓര്‍ത്തില്ല. അപ്പിയിടാന്‍ മുട്ടിയ പട്ടിയേ പോലെ ഈ ചോദ്യത്തിനു ചുറ്റും കേശവന്‍ നായര്‍ മോങ്ങിയും മണ്ടിയും നടന്നു. സാറാമ്മയ്ക്ക് ഇദം പ്രഥമമായെഴുതിയ പ്രേമലേഖനമല്ലാതെ മറ്റൊന്നും എഴുതി ശീലമില്ലാത്ത അയാള്‍ ബ്ളോഗുകളില്‍ നോക്കി കണ്ണു തള്ളിയിരുന്നു. കണ്ണുതള്ളി പണ്ടാരമടങ്ങിയിട്ടെന്തു കാര്യം? എന്തെങ്കിലും ഏഴുതി സാറാമ്മയെ പ്രീതിപ്പെടുത്തിയിട്ടു തന്നെ ബാക്കി. അല്ലേല്‍ അവളുകൊള്ളാവുന്ന ഒരു ബ്ളോഗറുടെ കൂടെ പോകും. സാറാമ്മേ നിന്റെ പ്രേമത്തിനായ് മാത്രമാണു ഞാനിതെഴുതുന്നത്, എന്ന ഒറ്റ മൂച്ചില്‍ കേശവന്‍ നായര്‍ എഴുതിത്തുടങ്ങി.

ചെമ്മാനും ചെരുപ്പുകുത്തിക്കും കൈ വെക്കാവുന്ന ഏരിയ എന്ന നിലയില്‍ പ്രണയം തന്നെ കയ്യിട്ടുവാരി. അപ്പൊ ത്രെഡ് അതാണു പ്രേമനൈരാശ്യം. പണ്ടു ലിറ്റ്റേച്ചര്‍ ക്ളാസ്സില്‍ ഈ പരുവത്തില്‍ കഥകള്‍ എഴുതി ആരാധികമാരെ സൃഷ്ടിക്കുകയും ആരാധികമാരില്‍ ചിലര്‍ കാമുകിമാരാകുകയും ചെയ്യുന്നതു കണ്ടു തന്റെ പുച്ഛം മലപോല്‍ വളരുകയും അതിനു മുകളില്‍ അവരുടെ പ്രണയമരം വളരുകയും ചെയ്ത നാളുകളില്‍ കേശവന്‍ നായര്‍ അവളൂമാരെ മരമണ്ടികള്‍ എന്നും കൂപമണ്ഡൂകങ്ങളെന്നും എന്നും വിളിച്ചു. അതൊക്കെ പറഞ്ഞിട്ടു ഇനി കാര്യമില്ല. കഥ തുടങ്ങിയേക്കാം.

സുന്ദരനായ ഒരു നായകന്‍. അതു താന്‍ തന്നെയായിക്കോട്ടെ. അല്ലേല്‍ വേണ്ട. സാറാമ്മ തെറ്റിദ്ധരിക്കും. നായകനു വേറെ പേരു കൊടുക്കം. സുകുമാരന്‍. സുകു എന്നു വിളിക്കാം. നായിക മേരി. ഇതിലൊരാളെ പുവര്‍ ഫെല്ലോ ആക്കണം. എന്നാലേ സെന്റിമെന്റ്സ് വര്‍ക്കൌട്ടാകൂ. അല്ലെങ്കില്‍ എന്തെങ്കിലും കഴിവുകേടുണ്ടാക്കണം . കഴിവുകേട് അറിഞ്ഞുകൊണ്ടുള്ള പ്രണയത്തിനു പണ്ടേ മാര്‍ക്കറ്റു കൂടുതലാ. എന്തായാലും മേരിയേപ്പിടിച്ചങ്ങ് ദരിദ്രയാക്കിയേക്കാം. സുകുവെന്നാണു പേരെങ്കിലും, കക്ഷി താന്‍ തന്നെയാകയാല്‍ സ്വയം ദരിദ്രനാകാന്‍ കേശവന്‍ നായര്‍ മടിച്ചു. (കേശവനാളു ഷോവനിസ്റ്റാ).

നായകനും നായികയും റെഡിയായ സ്ഥിതിക്ക് ഇനി അവരെ കൂട്ടിമുട്ടിക്കാനൊരിടം വേണം. ചന്തക്കവല, മാവേലി സ്റ്റോര്‍, പള്ളിപ്പറമ്പ്, കുളക്കടവ്, ബസ് സ്റ്റാന്റ് അങ്ങിനെ പ്രണയം പൊട്ടിമുളക്കാന്‍ പോസിബിലിറ്റിയുള്ള പല ഏരിയകളും കേശവന്‍ നായര്‍ തപ്പി നോക്കി. അതൊന്നും കേശവന്‍ നായര്‍ക്ക് പിടിച്ചില്ല. അയാള്‍ സുകുവിനെ ഒരു കള്ളു ഷാപ്പില്‍ കൊണ്ടു ചെന്നിരുത്തി. അവിടെ കറി വിളമ്പാന്‍ മേരിക്കുഞ്ഞിനെയും. മേരിക്കുഞ്ഞിന്റെ മത്തിക്കറിയില്‍ സുകുമാരനും, സുകുമാരന്റെ റെയ്ബാന്‍ കണ്ണടയില്‍ മേരിക്കുഞ്ഞും ആകൃഷ്ടയായതോടു കൂടി, കേശവന്‍ നായര്‍ പ്രണയത്തിന്റെ മാലപ്പടക്കനു ബീഡിക്കുറ്റി വെച്ചു കൊടുത്തു. ചറപറ പൊട്ടിത്തെറിച്ച് അതങ്ങ് കത്തിക്കേറി. അവരുടെ പ്രണയത്തില്‍ മുന്തിരിക്കള്ളും മത്തിച്ചാറും നിറഞ്ഞു.

ഇനി ഇവരുടെ ഇടയില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നു കേശവന്‍ നായര്‍ക്ക് തോന്നി. അതു വഴി അവരുടെ ഇടയില്‍ ഒരു ഉടക്ക് ഉണ്ടാകുകയും, പിന്നെ തെറ്റിദ്ധാരണ മാറുന്ന മുറയ്ക്ക് മാപ്പു പറയല്‍, മാപ്പുകൊടുക്കല്‍, ആശ്വസിപ്പിക്കല്‍, പ്രേമം വര്ദ്ധിപ്പിക്കല്‍ തുടങ്ങിയ മസാലകള്‍ ചേര്‍ക്കാം. ആണ്ടെടാ കിടക്കുന്നു വെടിച്ചില്ലു പോലെ ഒരോപ്ഷന്‍.

മേരിക്കുഞ്ഞിനു സുകു ബീഡിവലിക്കുന്നത് കണ്ടാല്‍ ഹാലിളകും. സുകുവിനെക്കോണ്ട് അക്കാര്യം സത്യപ്രതിജ്ഞ ചൊല്ലിച്ചു നിരോധിച്ചിട്ടുള്ളതുമാണു. അങ്ങിനെ ഇരിക്കെയാണു ഷാപ്പില്‍ സുകുവിരിക്കുന്ന മൂലയില്‍ നിന്നും പുക ‘ഗമഗമാ’ന്നു ഉയര്‍ന്നു വരുന്നത് മേരികണ്ടത്. വിശ്വാസവഞ്ചനയ്ക്ക് ഇതില്‍ പരം എന്തു വേണം. അവള്‍ കെറുവിച്ചു. കെറുവിച്ച് അടിയായി, ഡിവോഴ്സ് വരെ എത്തിച്ച സാഹചര്യത്തിലാണു മിന്നായം പോലേ പുകയുടെ ഉത്ഭവം മേരീ കണ്ടത്. സുന്ദരമായൊരു ആമത്തിരി. ഷാപ്പില്‍ ജനിച്ചു വളര്‍ന്ന കൊതുകുകളുടെ ശല്യം സഹിക്കവയ്യാതെ സുകുമാരന്‍ സ്വന്തം ചെലവില്‍ കത്തിച്ചു വെച്ച ആമത്തിരിയുടെ പുക കണ്ടാണല്ലോ, സുകുവണ്ണനെ തെട്ടിദ്ധരിച്ചതെന്നോര്‍ത്ത് മേരി നെഞ്ചത്തലച്ചു കരഞ്ഞു. അവളുടെ മാറത്തു തടവി സുകുമാരന്‍ അവളെ ആശ്വസിപ്പിച്ചു. അങ്ങിനെ പ്രേമം പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. എന്നു മാത്രമല്ല ഒടയതമ്പുരാന്‍ വിചാരിച്ചാലും തകര്‍ക്കാനാവില്ലെന്നു അവര്‍ പരസ്പരം മത്സരിച്ച് ഡയലോഗ് വിട്ടു. ആ ഡയലോഗ് വീണ്ടും വീണ്ടും പറയിപ്പിച്ച് കേശവന്‍ നായരും ഒന്നു സുഖിച്ചു. പ്രണയം സെറ്റപ്പായ സ്ഥിതിക്ക് സെന്റിയിലേക്ക് കാലുവെക്കാന്‍ തന്നെ അയാള്‍ ഉറച്ചു.

ഇവരെ പിരിക്കുന്നതാണു ക്ളൈമാക്സ്. എന്നു മാത്രമല്ല അവരു പിരിയുമ്പോ വായിക്കുന്നവരു മൂക്കുപിഴിഞ്ഞു പണ്ടാരടങ്ങണം. മേരിക്കുഞ്ഞിനു ഒരു കല്യാണ ആലോചന കൊണ്ടു വന്നാലോ? അതില്‍ മനം നൊന്തു പാടുന്ന സുകുവിന്റെ ഘോര ശബ്ദം കേശവന്‍ നായര്‍ക്ക് സുഖിച്ചില്ല. അവിഹിത ഗര്‍ഭമുള്ള ഏതെങ്കിലും പെണ്ണിനെ സുകുമാരന്റെ തലയില്‍ കെട്ടി വെച്ച് മേരിക്കുഞ്ഞിനെ തെറ്റിദ്ധരിപ്പിക്കാം എന്നു വെച്ചാല്‍ ആമത്തിരി സംഭവത്തിനു ശേഷം മേരിക്ക് സുകുവിനു ഒടുക്കത്തെ വിശ്വാസമാണു. സുകുവിനു ക്രൂരനായ ഒരപ്പനുണ്ടാകി മേരിയെ തട്ടിക്കളയുക, കള്ളു കുടിച്ച് കടം കേറി സുകു ആത്മഹത്യ ചെയ്യുക, മേരിക്കു നന്മ വരാന്‍ സുകു ഒഴിഞ്ഞു മാറുക, സുകു വിഷമദ്യം കഴിച്ചൊ ടിപ്പര്‍ ലോറി കേറിയൊ പടിയാകുക തുടങ്ങിയ നൂറായിരം ഓപ്ഷനുകള്‍ കേശവന്‍ നായര്‍ ചിന്തിച്ചു കൂട്ടി.

തേരാപ്പാരാ നടന്നിരുന്ന സുകുവിനെ ഒരു സുപ്രഭാതത്തില്‍ കേശവന്‍ നായര്‍ കള്ളവണ്ടി കയറ്റി ബോബെക്കു പറഞ്ഞയച്ചു. പോയി രണ്ട് മാസത്തിനുള്ളില്‍ മേരിക്കുഞ്ഞിനെ വെറെ കല്യാണവും കഴിപ്പിച്ചു. നിരാശയുടെ ആഴക്കടലിന്റ് കരയില്‍ ചങ്കുപൊട്ടി പാട്ടു പാടാന്‍ സുകുവിന്റെ ഘോരശബ്ദത്തിനു അനുമതി കൊടുത്ത് കേശവന്‍ നായര്‍ തന്റെ പ്രഥമ ബ്ളോഗ് പോസ്റ്റ് ചെയ്തു.

കേശവന്‍ നായര്‍ പണ്ടു പണ്ടു പുച്ഛിച്ച മരമണ്ടികള്‍(ണ്ടന്മാര്‍) ബ്ളോഗിനെ വളഞ്ഞു കൂടി സ്തുതി പാടുകയും പൂമാലയര്‍പ്പിക്കുകയും ചെയ്തു. അതു കേട്ട് സാറാമ്മ നിര്‍വൃതിയടഞ്ഞു. കേശവന്‍ നായര്‍ വീണ്ടും വീണ്ടുമെഴുതി. പറഞ്ഞതും പറയാത്തതുമായ പ്രണയങ്ങള്‍ ബൂലോകത്ത് വിലസ്സി നടന്നു. നായകന്റെ ആത്മഹത്യ, നായികയുടെ ആത്മഹത്യ, നായികയുടെ വിവാഹം അഥവാ നായകന്റെ വിരഹം, നായകന്റെ മാറാരോഗം, ക്രൂരനായ അപ്പന്മാര്‍, ഇന്നും കാത്തിരിക്കുന്ന നായിക തുടങ്ങിയ ക്ളൈമാക്സുകള്‍ വായിച്ച്, കൂപമണ്ഡൂകങ്ങള്‍ മൂക്കുചീറ്റി. ആവര്‍ത്തന വിരസ്സത, പുതുമയില്ലായ്മ എന്നൊക്കെ പറഞ്ഞു ചെളിയെറിഞ്ഞ വിവരമില്ലാത്തവരെ കേശവന്‍ നായര്‍ മൈന്റ് ചെയ്തില്ല. എന്നു മാത്രമല്ല ചില കമന്റുകള്‍ വേസ്റ്റ് ബാസ്കറ്റില്‍ കമഴ്ത്തുകയും ചെയ്തു.

കേശവന്‍ നായരെ സംബന്ധിച്ചിടത്തോളം എഴുത്ത് എന്നു പറയുന്നത് ജീവിതത്തിലേക്ക് തിരിച്ചു വെച്ച 50X20 ft. കണ്ണാടിയാണു. ജീവിതത്തില്‍ പ്രണയമാവര്‍ത്തിക്കുന്നിടത്തോളം കാലം എഴുത്തിലും ആവര്ത്തിക്കാമെന്നിരിക്കെ എന്തോന്നു ആവര്‍ത്തന വിരസത. ഇതൊക്കെ പറഞ്ഞു നടക്കുന്നവന്മാരുടെ മൂക്കിടിച്ചു പരത്തണം. മാത്രമല്ല, പരത്തിയ മൂക്കില്‍ മുളകുപൊടി കൂടി വിതറിയിട്ടേ കേശവന്‍ നായരുടെ കലിപ്പടങ്ങിയുള്ളൂ.

കമന്റുകളും ഫോളോവെര്‍സുകളും നിറഞ്ഞ കേശവന്‍ നായരുടെ ബ്ളോഗില്‍ സാറാമ്മ വശംവദയായി. അങ്ങിനെ കേശവന്‍ നായരുടെ ജീവിതത്തിലും പ്രണയം പുഷ്പിച്ചു. കണ്ണില്‍ കണ്ട വഴിയിലൂടെ അവര്‍ ചുമ്മാ ആടിപ്പാടി നടന്നു. ഇതില്‍ക്കൂടുതല്‍ എന്തു പറവാന്‍.

ഇതിഃ ശ്രീ കേശവീയ ബ്ളോഗാത്മ്യം സമാപ്തം.

2009 ഓഗസ്റ്റ് 26, ബുധനാഴ്‌ച

പ്രേയ്സ് ദ് ലോ(ര്‍)ഡ്

ഞായറാഴ്ച…

സകലമാനവനും അവധിദിവസമാകേണ്ടതും സത്യക്രിസ്ത്യാനികള്‍ക്ക് കടമുള്ളതുമായ ദിവസം, അഥവാ അന്ന് വിലക്കപ്പെട്ട വേലകള്‍ ചെയ്യരുതെന്ന് സഭയുടെ പ്രമാണങ്ങളില്‍ പറയുന്നു. ഏതൊക്കെയാണു ഈ വേലകള്‍ എന്നു ഡിഫൈന്‍ ചെയ്യത്തതിനാല്‍ പശു, പോത്ത്, കാള, ആട്, മാട്, കോഴി, പന്നി തുടങ്ങിയവയെ വെട്ടിവിറ്റ് കാശാക്കുന്നവരും, കള്ളുവില്‍ക്കുന്നവരുമായ ക്രിസ്ത്യാനികളെ സൌകര്യപൂര്‍വ്വം ഒഴിവാക്കിയിട്ടുണ്ട്.

അന്നു പള്ളിയില്‍ പോകണമെന്ന നിയമം കൂടി ഉള്ളതിനാല്‍ മൂന്നാമത്തെ കുര്‍ബ്ബാനയ്ക്ക് തന്നെ പൊയേക്കം എന്നുറപ്പിച്ച് ഒരു എട്ടരയോടെ ഞാന്‍ എണീറ്റു. ലോകത്തിലേതന്നെ ഏറ്റവും സുന്ദരമായ കുര്‍ബ്ബാന മൂന്നമത്തെ കുര്ബ്ബാനയാണു. കാര്യം മതസൌഹാര്‍ദ്ദമൊക്കെയുണ്ടെങ്കിലും ഇടവകയിലേ സുന്ദരികളായ പെണ്ണാടുകളെ വായ്‌നോക്കുന്നതില്‍ ഒരു പ്രത്യേക സുഖം ഉണ്ട്. അതിനു മൂന്നാമത്തെ കുര്‍ബ്ബാനയാണു ബെസ്റ്റ്. മൂന്നാം കുര്ബ്ബാനയ്ക്ക് ഒന്‍പതുമണിക്കടിക്കുന്ന പള്ളിമണിയും ആ ഇടവകയിലെ യുവഹൃദയങ്ങളുടെ മിടിപ്പുമായി, കാലാകാലങ്ങളോളം സാമ്യമുണ്ട്. പ്രേമവും വായ്‌നോക്കലുമല്ല വിഷയം എന്നതിനാല്‍ ഇതിവിടെ നില്ക്കട്ടെ.

പതിവുപോലേ അച്ചന്‍ സുവിശേഷപ്രസംഗം നിറുത്തിയ സമയത്തു തന്നെ പള്ളിയിലെത്താന്‍ കഴിഞ്ഞതില്‍ എനിക്ക് സംതൃപ്തി തോന്നി. വട്ടക്കല്ലില്‍ ഇരുന്നു കുര്‍ബ്ബാന കാണുന്നത് കൊണ്ട്, പുഴയിലൂടെ പോകുന്ന വള്ളങ്ങളുടെയും മീന്‍ബോട്ടുകളുടെയും എണ്ണമെടുക്കം എന്ന ഗുണമുണ്ട്. സമയം പോകുന്നതറിയത്തുമില്ല.

അങ്ങിനെ വായ്‌നോട്ടവും വള്ളനോട്ടവും തകൃതിയായി നടക്കുമ്പോഴാണു, മേരിച്ചേച്ചിയുടെ വായില്‍ അകപ്പെടുന്നത്. പ്രാര്‍ത്ഥന, സുവിശേഷം, ധ്യാനം എന്നിങ്ങനെ സകലമാന കലാപരിപാടികളൂം ഉള്ളതിനാല്‍ കര്‍ത്താവിനു മേരിച്ചേച്ചിയെ നന്നേ ബോധിക്കുകയും ഉടലോടെ സ്വര്‍ഗ്ഗത്തില്‍ കേറാന്‍ ചാന്സുള്ളവരുടെ ലിസ്റ്റില്‍ ടിയാന്റെ പേരു തിരുകിക്കേറ്റുകയും ചെയ്തിട്ടുണ്ട്.

മേരിച്ചേച്ചി: പ്രേയ്സ് ദ് ലോ(ര്‍)ഡ്
ഞാന്‍: ഈശൊ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
മേരിച്ചേച്ചി: നിന്നോട് പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ വരണമെന്നു പറഞ്ഞിട്ടെന്തായി?
ഞാന്: അതു പിന്നെ സമയം കിട്ടെണ്ടെ ചേച്ചി.
മേരിച്ചേച്ചി: നീ കുര്‍ബ്ബാനയ്ക്കു വന്നിട്ടെന്താ പള്ളീടകത്തു കേറാത്തത്
ഞാന്: വന്നപ്പോ വൈകി, അപ്പൊപ്പിന്നെ പുറത്തു നില്‍ക്കാം എന്നു കരുതി.

വൈകി എന്ന റീസണ്‍ പറയാന്‍ തോന്നിയ നേരത്തെ ഞാന്‍ ശപിച്ചു. പണ്ടാരമടങ്ങാന്‍ മേരിച്ചേച്ചി അവീടെനിന്നും ഒരു ഗിരിപ്രഭാഷണം തുടങ്ങി. പത്തുപ്രമാണങ്ങളും, തിരുസഭയുടെ കല്പനകളും, ചാവുദോഷവും നരഗാഗ്നിയും, തീപ്പൊയ്കയും, പഴയതും പുതിയതുമായ സകലനിയമങ്ങളും അടങ്ങിയ അത്തരമൊരു പ്രസംഗം കേട്ടിട്ടു, ഉടയതമ്പുരാന്‍ നേരിട്ടു വന്നു എന്റെ തലയില്‍ ഇടിത്തീ ഇറക്കിക്കളയുമോ എന്നു വരെ ഞാന്‍ ചിന്തിച്ചു. ഒടുവില്‍ “നീയൊന്നും നന്നാകില്ലെട” എന്ന വട്ടപ്രാക്കും പാകി, മേരിച്ചേച്ചി നടന്നകന്നു. ഈ സമയം കൊണ്ട് കുര്‍ബ്ബാനയ്ക്കു വന്ന കൊള്ളാവുന്ന പെമ്പിള്ളാരൊക്കെ കുടുംബത്തെത്തിയിരുന്നു. ആ ദിവസവും പോയിക്കിട്ടി.

തിങ്കളാഴ്ച…

നല്ലതണുപ്പുള്ളതിനാല്‍ അന്നൊരു മെഡിക്കല്‍ ലീവെടുത്തു ചുമ്മാ ഉറങ്ങിയേക്കം എന്നു വിചാരിച്ച് കിടക്കുമ്ബൊഴാ, കേള്‍ക്കാന്‍ കൊള്ളാവുന്നതും അല്ലാത്തതുമായ നല്ല നാടന്‍ തെറികള്‍ എന്റെ ഉറക്കം നശിപ്പിച്ചത്. മലയാളഭാഷയിലേക്ക് പരിഗണിക്കാവുന്ന ചില പുതിയ തെറികള്‍ക്കൊപ്പം വടുകത്തി, ചെറ്റ, കരനാറി, പരതെണ്ടി തുടങ്ങിയ ലഘുവായ പ്രയോഗങ്ങളും കേള്‍ക്കുന്നുണ്ട്. ഒരാടാണു മാറ്റര്‍. ജൊക്കിത്താത്തിയുടെ ആട് അടുത്ത വീട്ടിലെ പറമ്പില്‍ സ്വൈര്യവിഹാരം നടത്തുകയും പറമ്പില്‍ നിന്നിരുന്ന മൊത്തം വാഴത്തൈകളിലൊന്നിന്റെ കൂമ്പില തിന്നുകയും ചെയ്തിരിക്കുന്നു. അയല്‍ക്കാരെ തമ്മില്ലടിപ്പിക്കുന്നതില്‍ ആട്, കോഴി എന്നിവയ്ക്കുള്ള സ്വാധീനം പറയേണ്ടതില്ല.

പറമ്പിന്റെ ഉടമ ആരെന്നും പുതിയ തെറികളുടെ ഉപജ്ഞാതാവേതെന്നും ഇതിനകം മനസ്സിലായിക്കഴിഞ്ഞതിനാല്‍ അതു മേരിച്ചേച്ചി തന്നെ എന്നു ഉറപ്പിച്ചു പറഞ്ഞു കൊണ്ട് കഥ നിറുത്തുന്നു. പ്രേയ്സ് ദ് ലോ(ര്‍)ഡ് എന്നു മാത്രമല്ല, ഇതു കൂടി പറഞ്ഞേക്കട്ടേ.

“നിങ്ങളുടെ അധരങ്ങള്‍ എന്നെ(ദൈവത്തേ) സ്തുതിക്കുന്നുവെങ്കിലും ഹൃദയങ്ങള്‍ അകലെയത്രെ”. -ബൈബിള്‍

2009 ഓഗസ്റ്റ് 4, ചൊവ്വാഴ്ച

പ്രണയം പൊളിയുന്ന രാത്രിയില്

“നീ എന്ത് ചെയ്യാന്‍ പോകുന്നു?”

“എഴുതാന്‍”

“ഈ പാതിരാത്രിക്കോ? പോയിക്കെടന്നൊറങ്ങെടാ ചുള്ളി”

“ആന്റൊ, ഒരു വാല്‍മികത്തിലകപ്പെട്ട കവിയാണു ഞാന്‍, ഒരു രാമയണമെങ്കിലും എഴുതാതെ എന്റെ മനസടങ്ങില്ല.”

“നീയെന്തിലൊ അകപ്പെട്ടെന്ന് കൊറച്ചുനാളായി തോന്നിയിട്ട്, ഇതു പോലൊരു പണ്ടാരത്തിലാണെന്നറിഞ്ഞില്ല. ഇനി അങ്ങിനെ വെല്ലതുമാണെങ്കില്‍ ഈ രാമായണം എഴുതുന്ന നേരത്തിനു നീ വെല്ല സുവിശേഷമോ ഇടയലേഖനമോ എഴുത്…ഒന്നുമല്ലേലും നമ്മള്‍ സത്യക്രിസ്ത്യാനികളല്ലെ”

“പിടഞ്ഞു വീണ ക്രൌഞ്ചത്തിനെ ഇണകൊത്തിയത് എന്റെ കണ്ണിലല്ല, നെഞ്ചിലാണു”

“നിന്റെ കൂമ്പിനിട്ടൊന്നു കുത്തണമെന്നു കൊറച്ചു നാളായി ഞാനും കരുത്തുന്നു. നീ പറഞ്ഞ ആ സാധനത്തിനു സോസ്ത്രം. ഇനി ഉറങ്ങാമല്ലോ”

ഇല്ലാന്റൊ മുപ്പതു ദിവസമല്ല മുപ്പത് മിനുറ്റ് കൊണ്ട് രാമായണമെഴുതുന്ന ബ്ലോഗറാകണെമെനിക്ക്. നീയൊരു കാര്യം മനസിലാക്കണം, ഞാനിപ്പോള്‍ ഒരു ബ്ലൊഗര്‍ മാത്രമല്ല, ഒരു നിരാശാകാമുകന്‍ കൂടിയാണു. ഒന്നാഞ്ഞു പിടിച്ചാല്‍ ഒരു പത്തിരുപത്തഞ്ച് പ്രണയ കവിതയെങ്കിലും എഴുതാം. ഈ സുവര്‍ണ്ണാവസരം ഇനി കിട്ടില്ല.”

“അതു നീ എന്തു കെടുതിയെങ്കിലും ചെയ്യ് പാതിരാ കഴിഞ്ഞ്, ഞങ്ങക്കൊറങ്ങണം”

“എങ്കില്‍ ഞാന്‍ ക്രീക്കിലേക്ക് പോകുന്നു”

“വെള്ളത്തില്‍ ചാടിചാകാനാ”

“അല്ല എഴുതാന്‍”

“എങ്കില്‍ ഞാനും വരുന്നു. പശുവിന്റെ കടീം മാറും, കാക്കയുടെ വെശപ്പും തീരും”

“പശുവിന്റെ കടി മനസിലായി, ഇതില്‍ കാക്കയുടെ വെശപ്പ് പിടികിട്ടിയില്ല”

“അല്ലാ‍നിന്റെ എഴുത്തും നടക്കും എനിക്ക് നാലു മദാമ്മമാരെ കാണെം ചെയ്യാം”

“കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതാന്റൊ, ബൈ ദ വേ ഫ്രിഡ്ജില്‍ ടക്കീല ബാക്കിയുണ്ടല്ലോ. ഞങ്ങള്‍ നിരാശകാമുകന്മാര്‍ എന്നും മാതൃകയാക്കിയിട്ടൊള്ള ദേവദാസാശാനെ പോലെ ഇന്ന് രാത്രി വെള്ളമടിച്ച് ചങ്ക് കീറി ഞാന്‍ ചാകും”

“ഉവ്വാ…ടക്കീല…ഒരു ഹാഫ് ബോട്ടില്‍ റെഡ് ബുള്ളുകാണും”

“അതെങ്കിലത്, വെള്ളമടിച്ച് പൂസാകാന്‍ തീരുമാനിച്ചാല്‍ ബോധം പോകാന്‍ പച്ച വെള്ളമായാലും മതി. ഇതു കഴിഞ്ഞിട്ട് വേണം എന്റെ പ്രേമനൈരാശ്യത്തിനെ എപിസോഡ് തൊറക്കാന്‍”

“എനിക്കൊറങ്ങണം”

“ആന്റോ!!!! നീയിങ്ങനെ ക്രൂരമായി സംസാരിക്കരുത്. പ്രേമം പൊളിഞ്ഞ് അണ്ടം കീറിനില്ക്കുന്നവന്റെ കഥനകഥ ഫുള്ളായി ഒരു രാത്രി മുഴുവനുമിരുന്നു കേള്‍ക്കേണ്ടത് ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്റെ കടമയാണു. അതു കേട്ടിട്ടു നീ “പോട്ടെടാ, അവളെ നിനക്ക് വിധിച്ചട്ടില്ല. ഇതിലും നല്ല പെണ്ണിനെ നിനക്കും കിട്ടും, നിന്റെ സ്നേഹത്തിനുള്ള യോഗ്യത അവള്‍ക്കില്ല. നമ്മളെ വേണ്ടാത്തവരെ നമുക്ക് വേണ്ടടാ” തുടങ്ങിയ ഡയലോഗുകള്‍ പറഞ്ഞു എന്നെ ആശ്വസിപ്പിക്കണം.

“എനിക്കൊറങ്ങണം”

“പുഷ് അപ് അടിച്ച് പുഷ് അപ് അടിച്ച് നിന്റെ നെഞ്ച് മാത്രമല്ലെടാ ചങ്കും കല്ലായിപോയി. നിന്റെ ചങ്ക് പത്തിന്റെ ആമറിനടിച്ച് പൊടിച്ച് പണ്ടാരമടങ്ങി ഏതെങ്കിലും പെണ്ണു പോകുമെടാ…അന്നു നീ എന്റെ വേദന മനസിലാക്കും”

“ഞാന്‍ സഹിച്ചു”

“നിനക്കറിയോ ആന്റൊ?”

“അവളെ നീ പൊന്നു പോലെയാ പ്രേമിച്ചത്…”

“….”

അവളെപ്പോലെ വേറെയാരെയും നീ സ്നേഹിച്ചിട്ടില്ല”

“…”

“എന്നിട്ടും അവളീ ചതി നിന്നോട് ചെയ്തല്ലോ”

“ഡായ് നിര്‍ത്ത് നിര്‍ത്ത്…ഇതൊക്കെ എന്റ് ഡയലോഗാ…ഇതൊക്കെ ഞാന്‍ പറയും അപ്പൊ നീ തലയാട്ടും അതാണു ശെരിക്കൊള്ള സീന്‍”

“നീ എന്ത് പ്ണ്ടാരോങ്കിലും പറയ്”

“അവളു നാപ്പത്തിയെട്ടു മണിക്കൂര്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു പോയി”

കരുതല ഉറക്കത്തില്‍ നിന്നും ചാടിയെണീറ്റ് “വെടിയോ. ഏത് വെടി, എവിടെ?”

“കരുതലേ കണ്ട്രോള്‍..നീയുദ്ദേശിച്ച വെടിയല്ല. അതു നമ്മക് ഒതുക്കത്തില്‍ നാളെ ഡിസ്കസ് ചെയ്യാം.”

“ഞാനൊന്നു ആലങ്കാരികമായി പറഞ്ഞതാ…രണ്ടോസം മിണ്ടാതിരുന്നാല്‍ ലപ് തീരുമോന്നറിയാന്‍..രണ്ടോസമല്ല അവളിനി വരത്തേയില്ലാന്നു എനിക്കറിയാം”

“അപ്പൊ നീ അവളെ കൈവെച്ചോ”

“എന്നു വെച്ചാല്‍”

“ഇന്നിനി ഒറക്കം പോയാലും വേണ്ടീല നീ കാര്യങ്ങള്‍ വിശദമായി തന്നെ പറഞ്ഞോ”

“എന്റെ ആന്റൊ നീ പിന്നെം പിന്നെം വെള്ളം കലക്കി കരിമീനെ പിടിക്കുവാന്നൊ? അങ്ങിനെയൊന്നൂല്ലട ഇതൊരു ടെസ്റ്റ്..അവള്‍ക്കൂരിപോകാന്‍ ഒരു വഴി”

“ടെസ്റ്റ്..കോപ്പ് മണി മൂന്നായി പോയിക്കിടന്നുറങ്ങെടാ…മൈ..മോനെ..ഇപ്പൊ നിന്റെ പ്രേമമേ പോയിട്ടുള്ളു, ഒള്ള ജോലികൂടി കളയണ്ട…”

“ങെ! മൂന്നു മണിയായോ എന്നാലുറങ്ങിയേക്കാം. ഒരു നിരാശാകാമുകന്‍ ഇത്രയൊക്കെ ഒറക്കമെളച്ചാല്‍ മതി”

പ്രഭാതം, മണി ഏഴര. ആ‍ന്റൊ ഉണര്‍ന്നു നോക്കുമ്പോള്‍ ചുള്ളിയുടെ ബെഡ് ശൂന്യം. യിവനെങ്ങാനും ക്രീക്കില്‍ ചാടിച്ചത്തോ എന്നു വിചാരിച്ചിരിക്കുമ്പോ വാതില്‍ തുറന്നു ചുള്ളി വരുന്നു.

“നീയിതെവെടെപ്പോയി, ഞാന്‍ കരുതി ദുബായ് മുനിസിപ്പാലിറ്റി നിന്റെ ശവം മുങ്ങിയെടുത്ത് കാണുമെന്ന്”

“അതൊന്നും ഇനി വേണ്ട ആന്റൊ. രാവിലെ അഞ്ചരയായപ്പോ ലവള്‍ വിളിച്ചിരുന്ന് “അണ്ണ സാറി, ഒരു എടുത്ത് ചാട്ടത്തില്‍ പറഞ്ഞു പോയതാ, അണ്ണനെപോലെ കൊരങ്ങു കളിപ്പിക്കാവുന്ന സാധനത്തെ വേറെ കിട്ടില്ലാന്നു ഒറ്റ രാത്രികൊണ്ട് മനസിലായി” എന്നൊക്കെ. അതു കേട്ട് ഞാന്‍ വിതുമ്പിപോയെടാ. ഇവളെയാണല്ലോ ഞാന്‍ തെറ്റിദ്ധരിച്ചത്. ഞങ്ങളിപ്പൊ പഴയപോലെ ഡോള്‍ബിയായെടാ”

“പ്ഫാ! ചെറ്റ പട്ടി ശവം നാറി കഴുവേറിട മോനെ”

“ഹാന്റോ…ഇങ്ങനെ തെറി വിളിക്കാമോ”

“നിന്നെം നിന്റെ ലവളെം ബ്ലോഗും തല്ലിപ്പൊളിക്കമെന്നു വിചാരിച്ചാലും നീയൊന്നും നന്നാകില്ല. ഇത്രേങ്കിലും നിന്നെ വിളിച്ചില്ലെങ്കില്‍…”

“ആന്റൊ കൊരവള്ളീന്നു വിട്”

അവന്റെ മറ്റേടത്തെ നൈരാശ്യം നായിന്റെ മോനെ നിനക്കു ഞാന്‍ വെച്ചിട്ടൊണ്ടടാ”

“ഇവനെന്തിനാ കലിപ്പാകുന്നെ, ഒരു പ്രേമം വീണ്ടും തളിര്‍ക്കുമ്പോ…”

“സംഭവാമീ യുഗേ യുഗേ”

“കരുതലേ, അതിപ്പൊ നീയിവിടെ പറഞ്ഞതെന്തിനാ”

“എന്ത് സംഭവിച്ചാലും നീ നന്നാകില്ല”

“യൂ റ്റൂ ബ്രൂട്ടസ് കരുതലേ”

അടിക്കുറിപ്പ്: സംഗതി അങ്ങിനെ തന്നെയാകുന്നു. ഒരു നിരാശാകാമുകനിന്നും അര്‍ഹിക്കുന്ന വില ഈ സമൂഹം നല്‍കുന്നില്ല. ആന്റോയെ പോലെ കഠിനഹൃദയമുള്ള പെണ്ണുങ്ങളും അങ്ങിനെ തന്നെ. ഒരു രാത്രിമുഴുവന്‍ വെള്ളമടിച്ച് താടി വളരുമോ എന്ന ആശങ്കയിലിരിക്കുന്ന എന്നെപ്പോലെയുള്ളവരെ തിരിച്ചറിയുന്നിടത്തെ ഈ സമൂഹം നന്നാവൂ. ശുഭം

**ചുള്ളി – ഞാന്‍

**ആന്റോ- റൂം മേറ്റ്

**കരുതല- മറ്റൊരു റൂം മേറ്റ്

**ക്രീക്ക്- കാറ്റും കൊണ്ടിരിന്നു തിരയെണ്ണാന്‍ പറ്റിയ ദുബായിലെ കൊള്ളാവുന്നൊരു ലേക് വ്യൂ”

2009 ജൂൺ 10, ബുധനാഴ്‌ച

വായനക്കാരന്‍ എന്ന മോഷ്ടാവ്

വെറുമൊരു വായനക്കാരനായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ?


ആന്റോ നീ ആ നീര്‍മാതളം കണ്ടൊ?

എന്ത്? ഒന്നു പോടാപ്പ, അടിപ്പന്‍ ഫിലിപ്പീനി പഴമിരിക്കുന്നു എന്റെ ഷെല്ഫില്‍, പിന്നെ ഒണക്ക മുന്തിരീം, അപ്പൊഴാ നിന്റെ ഒരു നീര്‍മാതളം.

അതല്ലെടാ എന്റെ മാധവിക്കുട്ടി?

ഗള്‍ഫിലേക്ക് വണ്ടികേറിപ്പോന്നപ്പൊളോര്‍ത്തില്ലെ അവളുടെ കാര്യം, എടാ പ്രേമിച്ചാല്‍ മാത്രം പോരാ, സംരക്ഷിക്കാനും പഠിക്കണം?

എടാ പണ്ടാരന്മേ എന്റെ പുസ്തകം?

അതിനിടയ്ക്ക് നീ പുസ്തവുമെഴുതിയോ, ശ്ശെടാ ഭീകരാ!

നിന്നെ ഞാന്‍ വെട്ടി തുണ്ടമാക്കുന്നതിനു മുന്പു മര്യാദയ്ക്ക് പറഞ്ഞോ, ഞാനിന്നലേ വാങ്ങി ഇവിടെ വെച്ചിരുന്ന പുസ്തകം നീര്‍മാതളം പൂത്തപ്പോള്‍ നീ കണ്ടൊ?

ഉവ്വാ, ഇനി കണ്ടാലും ഞാനെടുത്തേനെ, ഒന്നു പോടാ. നാട്ടിലാരുന്നെ, ആക്രിക്കാര്‍ക്കു കൊടുത്തെങ്കിലും ഒരു തീപ്പട്ടിക്കുള്ള കാശുണ്ടാകാമയിരുന്നു. അവന്റെയൊരു പൊത്തകം.

ഞാനീ റാക്കിനു മുകളില്‍ വെച്ചത് നല്ലോര്‍മ്മയുണ്ട്.

ആണൊ എനിക്കോര്‍മ്മയില്ല. അല്ലെങ്കിലാ ഈ തോളില്‍ സഞ്ചിയിട്ടവന്മാരെ കാണുന്നതേ എനിക്ക് കലിപ്പാണു.. നീ വേറെ പണിനോക്ക്.

എന്നാലും ആരെടുത്തത്?

രാകേഷേ, നീ ഒന്നു മിണ്ടാതെ പൊയ്ക്കെ, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തൊടങ്ങി നമ്മടെ ചരക്കുകള്‍ ഇപ്പൊ പാടാന്‍ വരും. എന്നെ വെറുതേ നീ ശല്യപ്പേടുത്തല്ലെ.

നാശം.

ആരു? പെമ്പിള്ളാരോ. അടിച്ചു നിന്റെ പല്ലു ഞാന്‍ താഴെയിടും.

(രാകേഷ് പുറത്തേക്ക് പോകുന്നു. യോഗ്വീരന്‍ രജീഷ് കരുതലൈ കടന്നു വരുന്നു)

ആന്റൊ, അവളിന്നു സ്ളീവ്ലെസ്സാണൊ, നമ്മുടെ രഞ്ചുമോള്‍?

ശവാസനത്തിലെങ്കിലും നല്ല ചിന്തയില്‍ കെടക്കെട ശവമേ. അതു പോട്ടേ നീ കണ്ടൊ?

ഹേയ്, ഒന്നും കണ്ടില്ലട കാറ്റു വന്നു തുണി നീങ്ങിയാല്‍ ഒരു സൈഡ് വ്യൂ കിട്ടും. അത്ര തന്നെ. എന്തായാലും ഞാന്‍ ധന്യനായി.

അതല്ലേട മൈ...മൈഗുണാപ്പാ... ആ രാകേഷിന്റെ പൂവോ കായോ എന്തൊ കാണുന്നില്ലാന്നു പറഞ്ഞു.

പൂവല്ലട ആന്റൊ, പുസ്തകം..ഈ ബില്‍ഡിങ്ങില്‍ പുസ്തകം വായിക്കുന്ന ഒരുത്തനേയുള്ളു. നമ്മടെ അരുണ്‍.

ശെരിയാ തലോണയ്ക്ക് പൊക്കം പോരാഞ്ഞിട്ട് പുസ്തകം വെച്ചുറങ്ങുന്നോന അവന്‍.

പുസ്തകം അവന്റെ കയ്യില്‍ കാണും. ഞാനവനേ അരുണിന്റെ റൂമിലേക്ക് വിട്ടിട്ടുണ്ട്.

(സനോബര്‍ വരുന്നു. സ്ഥിരമായി കാണാറുള്ള വിശന്നു തളര്‍ന്ന ഭാവം. കാശില്ലാഞ്ഞിട്ടല്ല ബീഫില്ലാഞ്ഞിട്ട് പട്ടിണികിടക്കുന്നവനാ ഇവന്‍ എന്നത് ഇവിടെ സൂചിപ്പിക്കട്ടെ. സനോബറിന്റെ സ്ഥായിയായ ഭാവമാകുന്നു അത്)

ഡാ നീയറിഞ്ഞോ രാകേഷിന്റെ പുസ്തകം അരുണെടുത്ത്. രാകേഷിപ്പൊ അവനേ നോക്കി നടക്കുവാ.

എന്റെ ആന്റൊ ഇയറിയാത്ത കാര്യം പറയരുത്. നിന്നോടാരു പറഞ്ഞ് അവനെടുത്തെന്നു.

അതൊക്കെ ഞാനറിഞ്ഞു...

ആഹാ. അതു ശെരി. അവനാളു കൊള്ളാമല്ലോ

(പുസ്തകം വായിക്കുന്ന വേറെ മൂക്കന്മാരില്ലാത്തതിനാല്‍ മുറിമൂക്കി രാജാവും വലിയ ബുദ്ധിജീവിയെന്നു സ്വയം ചിന്തിക്കുന്നവനുമായ അരുണ്‍ പ്രവേശിക്കുന്നു. ഏതൊ ഒരു ബ്ളൊഗ്ഗറെഴുതിയത് പിടിക്കാത്തതിനു അവനേം ചെളിവാരിയെറിഞ്ഞുള്ള വരവാണു. അല്ലെങ്കില്‍ എഴുതിക്കൂട്ടിയ വിവരമില്ലായ്മയ്ക്ക് ചുട്ട മറുപടി കിട്ടിക്കാണും. ഇതൊന്നുമല്ലേല്‍ കടന്നലു കുത്തിക്കാണും മുഖം വീര്‍ത്തു പണ്ടാരമടങ്ങിയിരിക്കുന്നു.)

എന്നാലും നീ ഇത്തരക്കാരനാണെന്നു കരുതിയില്ലെന്റരുണേ.

എന്താ?

നിനക്കു കിട്ടുന്നതും ദിറം തന്നെയല്ലേ. അതു കൊടുത്തൊന്നു വാങ്ങിയാലെന്താ?

നിനക്കെന്തു പറ്റിയെട സനോബറേ?

എനിക്കൊന്നും പറ്റിയിട്ടില്ല. ആ എഴുത്തുകാരി മയ്യത്തായ അന്നു തൊടങ്ങി നീ അവരേക്കുറിച്ചു പറയുന്നത് കേട്ടപ്പോഴേ ഞാന്‍ വിചാരിച്ചതാ അവരുടെ ഒരു പുസ്തകമെങ്കിലും നീ അടിച്ചു മാറ്റുമെന്നു.

ഏതു പുസ്തകം? ആരടിച്ചു മാറ്റി?

നീയാ രാകേഷിന്റെ പുസ്തകമെടുത്തില്ലെ? എന്തൊന്നട ആന്റൊ? മാതളമോ, പരുത്തിപ്പൂവോ എന്തൊ ഒന്നു.

നീര്‍മാതളം പൂത്തപ്പോള്‍?

അതേ അതു തന്നെ. അപ്പൊ ഇവന്‍ തന്നെയാ എടുത്തത്.. കണ്ട പേരു വരേ കൃത്യമായി പറയുന്നു.

(രംഗം വഷളാകുന്നു. മുറിമൂക്കന്റെ മൂക്കിനു തുമ്പില്‍ ആണ്ടെടാ ചുവന്നു തുടുത്തൊരു ഗോളം)

ഞാനൊരു നായിന്റെ മോന്റെം പുസ്തകം കണ്ടില്ല..ഏതവനാ ഇതു പറഞ്ഞത്?

ദേ ഈ ആന്റൊ..

ഡാ ആന്റൊ നീ കണ്ടൊ ഞാന്‍ പുസ്തകമെടുത്തത്?

ഞാനൊന്നും കണ്ടില്ല.. രജീഷാ പറഞ്ഞത് നീ പുസ്തകം എടുത്തു കാണുമെന്നു അല്ലെ രെജീഷേ?

ഞാനങ്ങിനേ പറഞ്ഞിട്ടില്ല, നീ പുസ്തകം വായിക്കുന്ന കൂട്ടത്തിലാന്നു മാത്രമേ പറഞ്ഞുള്ളു.

(ഈ സമയം അക്കോമഡേഷനിലേ 26 മുറികളും കേറിയിറങ്ങി പരിപ്പിളകി രാകേഷ് വരുന്നു)

ഞാനെല്ലാ റുമിലും പോയി ചോദിച്ചേടാ...അരുണെന്റെ പുസ്തകമെടുത്തു, അതു കണ്ടൊന്നു.

കഴുവേറിക്ക മകനേ ഞാനെപ്പൊഴാട നിന്റെ പുസ്തകമെടുത്തത്?

ങേ നിങ്ങളാണൊ അരുണ്‍. എന്റെ പുസ്തകം കണ്ടാരുന്നോ?

ഉവ്വാ. ഞാനത് മോഷ്ടിച്ചു നീ കൊണ്ടു പോയി കേസു കൊടുക്ക് അല്ല പിന്നെ.

ചൂടാവുന്നതെന്തിനു?

എന്നെ ഇവര്‍ കള്ളനെന്നു വിളിച്ചില്ലേ. അതു പോരെ ചൂടാവാന്‍. നിന്റെ പുസ്തകം. കാണുന്ന നിമിഷം ഞാനത് കത്തികും. ആ ചാരം കലക്കിയ വെള്ളത്തില്‍ കുളിച്ചാലെ എന്റെ കലിപ്പടങ്ങൂ.

(കോളിങ് ബെല്‍)

ഡാ ഇതാണൊ നിന്റെ മാതളം.

ഈശ്വരാ..ഇതാരാ കീറിപ്പറിച്ചത്..

പട്ടികള്‍ക്ക് വായിക്കാനറിയില്ലല്ലൊ..കുറച്ചു കടിച്ചു കീറി തിന്നു കഴിഞ്ഞപ്പൊ ബാക്കിയുള്ളത് മാന്തിപ്പറിച്ചു കാണും. പിന്നെ ആ ഫ്ളാറ്റിലേ ചേട്ടന്‍ ആകെ കലിപ്പിലാ. നല്ല ഒന്നാംതരം പട്ടി നിന്റെ മാതളവും തിന്നു കൊക്കീം വയറെളകീം കിടപ്പുണ്ട്. അയാളു കേസു കൊടുക്കുന്നതിനു മുന്പ് പോയി സമരിയാക്കിക്കോ.

എന്റമ്മേ

ദുഷ്ടാ കാലമാടാ നിനക്കതു തന്നെ വേണമെട..


“വെറുമൊരു വായനക്കരാനയോരെന്നെ കള്ളനെന്നു വിളിച്ചില്ലെ നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ.”


കള്ളന്‍മാരാകാതിരിക്കാന്‍ വായിക്കാതിരിക്കൂ. ശുഭം.

2009 മേയ് 13, ബുധനാഴ്‌ച

ബറാബസ് പറയുന്നത്

ആ രാത്രി നിലാവു വീണു നരച്ചിരുന്നു. ബറാബസ് കിതച്ചു കൊണ്ട് വയല്‍ വരമ്പിലൂടെ ഓടി. പിറകില്‍ ഉയര്‍ന്നിരുന്ന ആരവം ഇപ്പോള്‍ കേള്‍ക്കുന്നില്ല. കല്ലുകള്‍ തനിക്കു മുന്നേ ചീറിപ്പായുന്നുമില്ല. എങ്കിലും അയാള്‍ക്ക് ഓടാതിരിക്കാന്‍ തോന്നിയില്ല. മരണം ഒരു വേട്ടനായയേപ്പോളെ പിറകിലുണ്ടെന്നു അയാള്‍ക്ക് തോന്നി. നാവു പുറത്തേക്കിട്ടു അതു കിതയ്ക്കുകയാണു, തന്റെ ഹൃദയമിടിപ്പിനെ അലോസരപ്പേടുത്തിക്കൊണ്ട്. കോതമ്പു വയല്‍ കൊയ്തൊഴിഞ്ഞിരിക്കുന്നു. കൂര്‍ത്തു നിലക്കുന്ന കതിരുകുറ്റികളില്‍ തടഞ്ഞ് അയാളുടെ കാലുകള്‍ കീറി.

ദൂരേ റാന്തലിന്റെ അരണ്ട വെളിച്ചം. അതു മാഗദലിന്‍ മറിയായുടെ വീടാണു. രാത്രി മുഴുവന്‍ മുനിഞ്ഞു കത്തുന്ന റാന്തല്‍ അവളുടെ കോലയില്‍ മാത്രമേ കാണു. വേട്ടനായയുടെ കിതപ്പെവിടെയോ ഒതുങ്ങിയിരിക്കുന്നു. അയാളുടെ കാലുകള്‍ വേച്ചു തുടങ്ങി.

മറിയാ വാതില്‍ തുറന്നു.

"ബറാബസ്..നീ"

അയാളുടെ മുഖവും കാലുകളും ചോരയും പൊടിയും വിയര്‍പ്പും കലര്‍ന്നു വിരൂപമായിരിക്കുന്നു. മറിയാ റാന്തലിന്റെ തിരിയുയര്‍ത്തി. റാന്തലിന്റെ വെട്ടം മങ്ങുന്നത് പോലേ. അയാളുടെ പ്രജ്ഞയിലേ നിലാവ് അണഞ്ഞു തുടങ്ങിയിരുന്നു.

തലകനക്കുന്നു എന്നു തോന്നിയ ഏതൊ ഒരു നിമിഷത്തില്‍ അയാള്‍ കണ്ണുകള്‍ തുറന്നു. മറിയായുടെ കൈകളില്‍ മഞുതുള്ളിയായിരുന്നോ? നീറുന്ന ഹൃദയത്ത്തിനു മുകലില്‍ വീണ മഞ്ഞു തുള്ളി പോലേ. അവള്‍ പതിയേ ചിരിച്ചു.

"എങ്ങിനേ ഇവിടെ എത്തി എന്നു ഞാന്‍ ചോദിക്കുന്നില്ല. ഈ വഴി നിനക്കപരിചിതമല്ലല്ലോ. പക്ഷേ ഇങ്ങനേ ഈ രൂപത്തില്‍... എന്താ ബറാബാസ്, നിന്റെ വിപ്ളവം നിന്നെ തുലച്ചു തുടങ്ങിയോ?"

"വേശ്യയുടെ വായില്‍ വേദാന്തം വേണ്ട"

"ഹും ഇനി എന്നെ അങ്ങിനേ വിളിക്കില്ല എന്ന വാക്കും നീ മറന്നു"

ബറാബസ് വേച്ചു ചെന്നു ജനലഴികളില്‍ പിടിച്ചു. പുറത്ത് വെയില്‍ വീണു തുടങ്ങിയിട്ടില്ല. സ്കറിയായുടെ തൂങ്ങിയാടുന്ന ശരീരം. പുറത്തേക്കു തള്ളിയ കണ്ണുകളില്‍ ആര്‍ത്തിപൂണ്ടു കൊത്തിയിരുന്ന കഴുകന്‍. ഒരു ദുസ്വപ്നത്തിന്റെ അലയൊലി പോലെ ആ രംഗം അയാളുടെ ചിന്തകളേ ചൂഴ്ന്നു നിന്നു.

"ആരാ നിന്നെ കല്ലെറിയാന്‍ വന്നത്, യൂദന്മാരോ അതൊ നസ്രായന്റെ ആളുകളോ?" മറിയായുടെ കുത്തുവാക്കുകള്‍ തുടരുകയാണു."എന്തായാലും ആവശ്യത്തിനു ശത്രുക്കളുണ്ടല്ലോ കള്ളനെന്ന പേരും".

"ഈ പുലയാട്ടൊന്നു നിര്‍ത്താമോ"

മറിയാ അകത്തേക്കു പോയി.

പീലാത്തോസിന്റെ മുമ്പില്‍ വെച്ചു ചോരയില്‍ കുതിര്‍ന്നു നിന്ന ആ മനുഷ്യന്‍ ചെറിയൊരു പുഞ്ചിരിയോടെ തന്നെ ജീവിതത്തിലേക്ക് യാത്രയാക്കി. മറുത്തൊന്നു ചിരിക്കുക പോലും ചെയ്യാതെ അയാളെ താന്‍ മരണത്തിലേക്കും. തന്നോടു സ്നേഹമുള്ളതു കൊണ്ടല്ല" ബറാബസിനെ വിട്ടു തരണ"മെന്നു അവര്‍ മുറകൂട്ടിയത്. അത് ബറാബസിനു നന്നായറിയാം. മരണം ഇതല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ തന്റെ പിന്നാലെ തന്നെയുണ്ട്. കുരുക്കുണ്ടാക്കുന്നത് സീസറോ, വലിയ പുരോഹിതനോ എന്നു മാത്രമേ ശങ്കിക്കേണ്ടതുള്ളു. സ്കറിയായുടെ ശവം കുഴിച്ചിട്ടു തിരിഞ്ഞു നടക്കുമ്പോള്‍ അവിടെ കൂടിനിന്നവര്‍ മുറുമുറുത്തതെന്ത് എന്നു താന്‍ ചിന്തിച്ചില്ല. ആ മുറുമുറുപ്പ് ഒരാരവമായിത്തുടങ്ങുമ്പൊഴേക്കും ആദ്യത്തെ കല്ലു തന്റെ നെറ്റി പൊളിച്ചിരുന്നു. ജീവനും കയ്യില്‍ പിടിച്ച് ഓടുമ്പോള്‍ മറിയായുടെ വീട്ടിലേക്കുള്ള വഴിയല്ലാതേ മറ്റൊന്നും അയാള്‍ ഓര്‍ത്തില്ല. കുത്തു വാക്കു പറയുമെങ്കിലും മറിയാ തന്നെ ഒറ്റു കൊടുക്കില്ല. അക്കര്യത്തില്‍ അയാള്‍ക്കുറപ്പുണ്ട്.

അകത്ത് പാത്രങ്ങളുടെ ശബ്ദം. മറിയാ അടുക്കളയിലാണു. അയാള്‍ മുറ്റത്തേക്കിറങ്ങി.

ഉള്ളവനെന്നും ഉയരത്തില്‍ നിന്നുമുയരത്തിലേക്കും ഇല്ലാത്തവനെന്നും ഇല്ലായ്മയില്‍ നിന്നും ഇല്ലായ്മയിലേക്കും നീങ്ങിക്കൊണ്ടിരുന്ന സമുദായത്തേ അയാള്‍ വെറുത്തിരുന്നു. അങ്ങിനെയാണു സ്കറിയായുടെ കൂടെ അയാള്‍ രാത്രി യോഗങ്ങളില്‍ പോയിത്തുടങ്ങിയത്. പിന്നീടെപ്പൊഴോ നസ്രായനായ മരപ്പണിക്കാരന്റെ പേരു ഇടയ്ക്കും തലയ്ക്കും കേട്ടു തുടങ്ങി. അയാള്‍ വിപ്ളവം പരസ്യമായി പ്രസംഗിക്കുന്നു. കാണണമെന്നു തോന്നി. കഴിഞ്ഞിരുന്നില്ല. ബറാബസിന്റെ നീക്കങ്ങള്‍ ഇരുട്ടത്തും അയാളുടേതു വെളിച്ചത്തും. വെളിച്ചത്തിന്റെ മാറില്‍ കുതിച്ചു പോയിരുന്ന റോമന്‍ കുതിരകളുടെ കുളമ്പടിയേയും മഹാപുരോഹിതന്റെ ആളുകളേയും താന്‍ ഭയന്നു. ഇരുട്ടില്‍ തുടങ്ങി ഇരുട്ടില്‍ തീരന്ന സമരങ്ങള്‍. അയാള്‍ക്കതിനോടു മതിപ്പു കുറഞ്ഞു തുടങ്ങിയ നാളുകളില്‍ സ്കറിയായോടൊപ്പം നസ്രായനെ തേടി ചെന്നു. ചത്തു മലച്ചു കിടക്കുന്നവന്റെ അരക്കെട്ടില്‍ നാണയസഞ്ചിക്കായി പരതുന്ന സ്കറിയോത്തായേ വിളിച്ചിട്ടും തന്നെ വിളിച്ചില്ല. മലമുകളില്‍ നിന്നു വന്ന ആ ശബ്ദം മാത്രമേ അന്നും താന്‍ കേട്ടിട്ടുള്ളു. ജോര്‍ദ്ദാനില്‍ നിന്നു വീശിയ കാറ്റു ഒരു പക്ഷെ തന്റെ പേരും അപഹരിച്ചു പോയിക്കാണും. വീണ്ടും ഇരുട്ടിലേക്കു ബറാബാസ്‌ തിരിച്ചു നടന്നു. സ്കറിയായെ പിന്നീടയാള്‍ കണ്ടില്ല. അവന്റെ അനിയത്തിയുടെ കല്യാണം വരെ.

"ബറാബസ്, അവളുടെ വിവാഹമാണു. നിനക്കറിയാല്ലോ, എന്റെ കയ്യില്‍ ഒരു തുട്ടു പോലുമില്ല. അപ്പനാണെല്, ഇനി കടം വാങ്ങാന്‍ ആരുമീ നാട്ടില്‍ ബാക്കിയില്ല. അതു വഴി തീര്ക്കാനുള്ള ബാധ്യത വേറെ, നീ എന്തെങ്കിലും ഒരു വഴി കാണണം."

"അത്... ഇത്രെം വലിയ തുക..എന്റെ കയ്യിലെവിടുന്നാ"

"നിന്റെ കയ്യിലില്ല എന്നെനിക്കറിയാം. കാശിന്നാവശ്യം വരുമ്പോ നമ്മള്‍ ഉപയോഗിച്ചിരുന്നത് നമ്മുടെ കാശാണൊ?: സ്കറിയാ ഗൂഢമായി ചിരിച്ചു.

"എന്റെയൊ നിന്റെയോ ആവശ്യത്തിനു വേണ്ടി ഇതു വരെ നമ്മളു മോഷ്ടിച്ചില്ലല്ലോ?"

"അപ്പന്‍ മരവിച്ചു കിടക്കുന്നത് ഞാന്‍ കാണേണ്ടി വരും" അവന്‍ ഇറങ്ങിപ്പോയി.

അന്നു രാത്രി ഹുണ്ടികക്കാരന്‍ മത്തായിയുടെ വീട്ടില്‍ വെച്ച് ബറാബാസ് പിടിക്കപ്പെട്ടു. പിന്നെ കല്‍ത്തുറുങ്കില്‍ മരണവും കാത്ത്. നാളുകള്‍ക്ക് ശേഷം വെളിച്ചം കാണുമ്പോള്‍ അയാളുടെ കൂടെ നസ്രായനും ഉണ്ടായിരുന്നു. ഒരു പക്ഷേ കാണണമെന്നു ഒരിക്കലും ആഗ്രഹിക്കാത്ത രൂപത്തില്‍.

"അക്രമിയായ ബറാബാസിനേയോ, നസ്രായനേയോ" പീലാത്തോസ് ആവര്‍ത്തിച്ചു ചോദിച്ചു.

അശക്തമായി ബറാബസ് നസ്രായന്‍ എന്നു പറഞ്ഞു. മുന്നില്‍ തടിച്ചു കൂടിയവരുടെ ആക്രോശത്തില്‍ തന്റെ ശബ്ദം കേള്‍ക്കാതെ പോയി. തന്നെ നോക്കി അയാള്‍ പുഞ്ചിരിചു. രക്തം കട്ടപിടിച്ച ആ മുഖത്തു നോക്കി ഒന്നു ചിരിക്കുക പോലും ചെയ്യാതെ ജനത്തിനിടയില്‍ താന്‍ മറഞ്ഞു, കുരിശിനേക്കാള്‍ അപമാനകരമായ മനസുമായി. അതിനു മുകളില്‍ തിരിച്ചു കിട്ടിയ ജീവന്‍. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അയാള്ക്ക് പുച്ഛം തോന്നി. ജീവന്‍ ഇരന്നു വാങ്ങാന്‍ പോലും മടിക്കാത്ത ബറാബസ്. പീലാത്തോസിന്റെ അരയില്‍ തൂങ്ങിയിരുന്ന വാളു വലിച്ചൂരി സ്വന്തം നെഞ്ചില്‍ കുത്തിയിറക്കിയിരുന്നെങ്കില്‍...

വരമ്പിനു മുകളില്‍ വെളിച്ചം മങ്ങി. മറിയായോടു പറയാതെ അയാള്‍ ഇറങ്ങി. അക്കല്‍ദാമയില്‍ അപ്പൊഴും കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. പകുതി കത്തിപ്പോയ അത്തിയുടെ ചുവട്ടില്‍ സ്കറിയായുടെ ശ്വാസത്തെ വിഴുങ്ങിക്കളഞ്ഞ കയറുകഷണം കിടക്കുനു. അതില്‍ ഉണങ്ങി ഒട്ടിയിരുന്ന രക്തം അയാള്‍ നഖം കൊണ്ടു ചിരണ്ടിക്കളഞ്ഞു. കുരുക്കിന്റെ വാ വട്ടം വലുതാക്കി. പച്ചമണ്ണു പുതഞ്ഞു കിടക്കുന്ന സ്കറിയായുടെ കുഴിമാടത്തില്‍ അയാള്‍ കമഴ്ന്നു വീണു ചുംബിച്ചു.

കഴുത്തിലേക്ക് കുരുക്കിടുമ്പോള്‍ അയാളുടെ കൈകള്‍ വിറച്ചു. വല്ലാത്ത പരവേശം. ദേഹമാകെ വിയര്‍ക്കുന്ന പോലെ. തകര്‍ന്നു വീഴുന്ന കോട്ടയ്ക്കു നടുവില്‍ നില്‍ക്കുന്നതു പോലെ അപ്പോള്‍ ബറാബസിനു തോന്നി. ആയുധവും അണികളും നഷ്ടപ്പെട്ട് സര്‍വ്വാപരാജിതനായി, അയാള്‍ നിസ്സഹായനായി അത്തിമരത്തില്‍ ചാരിയിരുന്നു. പരാജിതനും ഭീരുവുമായി. പിന്നെ തിരികേ മറിയായുടെ വീട്ടിലേക്കു നടന്നു. അവളുടെ വാതിക്കല്‍ ശരറാന്തല്‍ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു.

2009 മാർച്ച് 5, വ്യാഴാഴ്‌ച

വിശപ്പിനിടയില്‍

റാസ് അല്‍ ഖെയ്മായില്‍ പോയ് വന്നിറങ്ങിയ ഉടന്‍ തന്നെ ഒരു ഹൊട്ടേല്‍ തപ്പി പിടിച്ചു എന്തെങ്കിലും തട്ടി വിടാം എന്നോര്ക്കുമ്പോ പിറകില്‍ നിന്നൊരു വിളി.

അളിയാ…നീയാരുന്നൊ ഇതു…ബസില്‍ വെച്ചേ എനിക്ക് ഡൌട്ട് അടിച്ചിരുന്നു… എന്താ ഇവിടെ?

എനിക്കിവിടെ ജോലി കിട്ടി…

എപ്പോ…

വന്നിട്ട് ഒരു മാസമായതേ ഉള്ളൂ…

എന്നിട്ടു നീ ഒരു വാക്കെന്നോടു പറഞ്ഞില്ലല്ലോ…

അതിനു നീ എന്റെ നമ്പര്‍ കണ്ടാല്‍ എടുക്കില്ലല്ലോ…

തിരക്കായതു കൊണ്ടാ അളിയാ…

ഒഃ..ഞാന്‍ കരുതി ജോലി വെല്ലതും ശെരിയായോന്നു ചോദിച്ചു വിളിക്കുവാന്നു വെച്ച് നീ എടുക്കാതിരുന്നതാണെന്നു…

ഇത്തവണ നാട്ടില്‍ വരുമ്പോ നിനക്കു പറ്റിയൊരു ജോലിയുമായിട്ടു വരാനിരുന്നതാ…ഇനി ഇപ്പൊ നിനക്കു ജോലി കിട്ടിയല്ലൊ…

കുഴപ്പമില്ല..എന്റെ കസിന്‍ ഒരുത്തനുണ്ട് അവനു പറ്റിയതാണേല്‍ നോക്കാമല്ലോ…

അതു ശെരിയാവോ…ഇതു നിന്റെ എക്സ്പീരിയെന്സും ക്വാളിഫിക്കാഷനുമൊക്കെ കാണിച്ചു ശെരിയാക്കിയതാ…

ഓ.. അങ്ങിനേ…

പിന്നെ ദുബ്ബായ് ലൈഫ് എങ്ങനെ ഒണ്ട്…

വലിയ കൊഴപ്പമൊന്നുമില്ല…

ജോലി ഒക്കെ

കൊള്ളാം...

ഭക്ഷണം

റൂമില്‍ ഉള്ളവര്‍ ഷെയര്‍ ഇട്ടു ഫൂഡ് ഒണ്ടാക്കുന്നുണ്ട്…

അപ്പൊ സൌകര്യമായല്ലൊ…

പക്ഷെ ഉച്ചക്കു വരുമെന്നു അവന്മാരോടു പറഞ്ഞിട്ടില്ല അതു കൊണ്ടു ഇപ്പൊഴത്തെ കാര്യം ഏതെങ്കിലും ഹോട്ടലീന്നു തരമാക്കണം

ഉവ്വാ.. ഞാനിവിടെ ഉള്ളപ്പോ നിനെ ഹോട്ടലീന്നു കഴിപ്പിക്കും.. നീ വാ.. നമ്മുക്കെന്റെ റുമില്‍ പോകാം...ഞങ്ങള്‍ക്കും കുക്കിങ് ഉണ്ട്…

അതു വേണ്ടടെയ്…ഇതൊരു നേരത്തേ കാര്യമല്ലേ ഉള്ളു..

അതൊന്നും പറഞ്ഞാല്‍ പറ്റില്ല. നീ വന്നേ ഒക്കൂ…

നിന്റെ വര്‍ക്ക് ഒക്കെ എങനേ പോകുന്നു?

വലിയ മെച്ചമൊന്നുമില്ല…മാന്ദ്യം ഒന്നു തള്ളി നീക്കണം അത്ര തന്നെ..

റൂമില്‍ ആരുമില്ലാന്നു തോന്നുന്നു…വെള്ളിയാഴ്ച്ച ആയതു കൊണ്ടു എല്ലാവന്മാരും കറങ്ങാന്‍ പോയിക്കാണും...അളിയനിരിക്ക് ഞാന്‍ ഭക്ഷണമെടുത്തു വെക്കാം

എന്തോന്നാ കഴിക്കാന്‍?

നോക്കട്ടെ…അളിയാ ചതി പറ്റി.

എന്ത്…(മനസ്സില്‍: കാലമാടാ)

ഞാന്‍ ഉച്ചക്കു വരുമെന്ന കാര്യവും പറഞ്ഞിരുന്നില്ല…ചോറു കലം കാലി…

സാരമില്ല..പുറത്തു നിന്നു കഴിക്കാം ..

അതു വേണ്ട..അളിയന്‍ ഒരരമണിക്കൂര്‍ ഇരുന്നാ, ഞാനിപ്പൊ ഉണ്ടാക്കം.

ഹും

അയ്യോ…

എന്താ അരിയില്ലേ…

എന്നു വെച്ചാല്‍ അവന്മാര്‍ ഇന്നു ഷോപ്പിങ്ങിനു പോയതാണോന്നൊരു ഡൌബ്ട്…

മരത്തലയാ…ദുഷ്ടാ…വെശന്നു കുടലുകരിയുന്ന നേരത്താണൊ നിന്റെ ഒടുക്കത്തെ സംശയം...

നീ ഒരു കാര്യം ചെയ്യ് ഒരു 5 റുപ്യ തന്നെ…നൂഡില്‍സ് ഒണ്ടാക്കാം...

വങ്ങുന്നതൊക്കെ കൊള്ളാം പെട്ടെന്നു വേണം

ഒരു രണ്ടു മിനിറ്റ്…

ഹും

ഈ പണ്ടാര സ്റ്റൌവ് കത്തുന്നില്ലല്ലോ അളിയാ…

എവിടേ നൊക്ക്ക്കട്ടെ…

ഗ്യാസ്‌ തുറന്നു വെച്ചിട്ടും മണമൊന്നും വരുന്നില്ലല്ലോ…

കുറ്റിയുടെ അകത്തു എന്തെങ്കിലും ഒണ്ടായാലല്ലെ മണം വരൂ…

അളിയനിങ്ങനേ കലിപ്പിച്ചു നോക്കല്ലെ…

ബ്ളഡി നത്തോലി…നീയാ നൂഡില്സിന്റെ കാശു കൂടെ തൊലച്ചല്ലോട മരമാക്രീ…ഞാന്‍ പോകുവാ…ഹോട്ടലുകള്‍ അടച്ചോ ആവോ?

അളിയാ ഞാനും വരുന്നു…

വേണ്ടാ…ഞാന്‍ തനിയേ പൊയ്ക്കോളാം..

അതല്ലളിയാ എന്റെ അടുത്തു പത്തു പൈസ ഇല്ലാ… ഈ വെശപ്പു എന്നു പറയുന്ന സാധനം എനിക്കുമുണ്ടല്ലൊ…

ഹോ ഒരു കാര്യത്തില്‍ എനിക്കു സന്തോഷമായെടാ പോത്തേ… ദുബ്ബായിലെത്തിയിട്ടും നിന്റെ എച്ചിത്തരത്തിനും ഓസിനും യാതൊരു മാറ്റവുമില്ലല്ലോ.. സന്തോഷം... ഹോട്ടലൊന്നും അടച്ചു പോകല്ലെ കര്ത്താവേ…

2008 നവംബർ 8, ശനിയാഴ്‌ച

വൈദ്യുതിചാര്‍ജ്ജ് കൂടുമ്പോള്‍

എടീ ഭാര്യേ...ഇവിടെയുണ്ടായിരുന്നു രണ്ടയേണ്‍ ബോക്സിലൊന്നു കാണുന്നില്ല.

അതു ഞാന്‍ വില്‍ക്കാന്‍ വെച്ചു. നിങ്ങള്ക്ക് ഒരേ സമയം രണ്ടെണ്ണം വേണ്ടല്ലൊ.

വേണ്ട. പക്ഷെ നീയല്ലേ പറഞ്ഞതു രണ്ടണ്ണമുണ്ടെല്‍ സമയലാഭമാണു എന്നു.

ഇതിയാന്‍ വീട്ടില്‍ നില്ക്കുന്ന നേരം പണ്ടു ചെരട്ടാ കത്തിച്ചു ഒരാഴ്ചത്തേക്കുള്ളതു തേച്ചു വെക്കുമാരുന്നല്ലൊ.

അപ്പൊ ചിരട്ടപുകയടിച്ചു ഞാന്‍ കറുത്തുപോകുമെടി. ശോശയുടെ ഭര്‍ത്താവിനെപ്പോലേ ഞാനും വെളുക്കണ്ടേ?

ഓ..അതു നിങ്ങളു അമര്ത്തി തേച്ചു കുളിച്ചാല്‍ മതി കരിയങ്ങു പൊയ്ക്കോളും. പിന്നേയ്‌...അവിടെ വെറുതെ നിക്കുവാണെല്‍ ഇങ്ങോടൊന്നു വന്നേ...

എന്തിനാ...

ഇങ്ങു വാ മനുഷ്യാ...ഞാന്‍ പിടിച്ചിട്ട് ഇതനങ്ങുന്നില്ല.

ഇതിപ്പൊ എന്തിനാ ഈ അരകല്ല്.

നിങ്ങള്‍ക്ക് അരകല്ലില്‍ അരക്കുന്ന ചമ്മന്തി ഇഷ്ടമാണെന്നു, മമ്മി പറഞ്ഞു.

മമ്മി അതു പറഞ്ഞിട്ടു ഇപ്പൊ വര്‍ഷം രണ്ടായി. എനിക്കാണേല്‍ ഇപ്പൊ മിക്സിച്ചമ്മന്തി ഇല്ലാതേ ഒക്കുകേല.

നോക്കിനില്‍ക്കാതെ പിടിക്ക് മനുഷ്യാ..

നീയെന്റെ നടുവൊടിക്കും.

ആ അമ്മിക്കല്ലും ഉരലും കൂടി ഇങ്ങോട്ടടുപ്പിച്ചൊ..

കൊള്ളാം. ഇതും നീ വില്‍ക്കാന്‍ പോവാണോ? എന്റമ്മൂമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാ ഇതൊക്കെ.

എന്നിട്ടാണോ ഇതൊക്കെ തൂത്തു തുടയ്ക്കാത്തതു?

ശെരി. നീയും കൂടി പിടിക്ക്...

പിന്നേയ്, പോകുന്നതിനു മുന്പ് പറമ്പില്‍ കിടക്കുന്ന ഓല കൂടി ഇങ്ങു വലിച്ചിട്ടേരെ. ഇന്നെനിക്ക് അവധിയാ. ഒന്നു രണ്ടു ചൂലുണ്ടാക്കിയേക്കാം.

അതിനു പുറം തൂക്കാനുള്ള ചൂലു ഇവിടെ ഇരിപ്പുണ്ടല്ലോ?

ഇതകത്തു പെരുമാറാനാണിഷ്ടാ..

അതിനല്ലേ സുന്ദരമ്മയൊരു വാക്വം ക്ളീനറുള്ളതു.

ഹോ അതിന്റെ ശബ്ദം കേള്ക്കുമ്പൊ എനിക്ക് പെരുത്തു വരും.

അതിനു ശബ്ദമില്ലല്ലൊ. ചെലപ്പൊ സൈലെന്സര്‍ കേടായിക്കണും. മെക്കാനിക്കിനെ വിളിപ്പിക്കാം.

അതൊന്നും വേണ്ട. തല്‍ക്കാലം ചൂലുമതി.

കൊള്ളാം നല്ലത്. അപ്പൊ ഇനി ഏയ്റൊബിക്സിനും എക്സെര്സൈസിനും വേറേ കാശു കളയണ്ട.

പിന്നെ വൈകീട്ട് തടിമില്ലില്‍ നിന്നും അറക്കപ്പൊടി വാങ്ങണം. കുറ്റിയടപ്പു വെറുതെ ഇരിക്കുവാ.

അറക്കപ്പൊടിയില്‍ പാമ്പ് കേറില്ലെ?

അതിനു വെള്ളുള്ളിയോ, കായമോ കലക്കി ഒഴിച്ചാല്‍ മതി.

കരിപിടിക്കും.

ഞാന്‍ സഹിച്ചു. കുറ്റിയടപ്പാണേല്‍ ഏതുനേരോം തീ കാണും. ചോറോ കറിയോ ഇടക്കു ചൂടാക്കാമല്ലോ.

ഓവനോ.

അതെടുത്തു പെട്ടിയില്‍ വെച്ചേക്കു. അത്യാവശ്യം വരുമ്പോ എടുക്കാം.

ഇനി വേറെ പണിയൊന്നുമില്ലല്ലോ. ഞാന്‍ കുളിക്കാന്‍ പോകുവാ..

എന്നാല്‍ കിണറ്റില്‍ നിന്നും വെള്ളമെടുത്തോളു.

അതെന്താ ടാങ്കില്‍ വെള്ളമടിച്ചില്ലേ. മോട്ടോര്‍ കേടായോ.

അതൊന്നുമല്ല. എല്ലാദിവസവും മോട്ടോര്‍ അടിക്കുന്നതെന്തിനാ. അത്യാവശ്യത്തിനുള്ള വെള്ളം മാത്രം എടുത്താല്‍ മോട്ടോര്‍ വെച്ചു മൂന്നോ നാലോ ദിവസം കൂടുമ്പോ വെള്ളമടിച്ചാല്‍ മതി. കുളിക്കാനും അലക്കാനും വണ്ടികഴുകാനും കിണറ്റിലേ വെള്ളം പോരെ.

മതി. അതു മതി.

എന്താ ആലോചിക്കുന്നേ?

അല്ലെടി ഒരുമനുഷ്യന്‍ ഒറ്റ ദിവസം കൊണ്ട് ഇത്രേം മാറുമോ. എന്നു തുടങ്ങി ഈ രാജ്യസ്നേഹം?

എന്താ..

അല്ലാ ഈ എനെര്ജി സേവിങ് ഹാബിറ്റ്.

ഓ..അതു സ്നേഹം കോണ്ടൊന്നുമല്ല. ഇതിയാന്റെ പേരില്‍ ഇനി എടുക്കാന്‍ ലോണ്‍ ഒന്നും ബാക്കിയില്ലല്ലോ. കറണ്ടുബില്ലടക്കാന്‍ വായ്പ നല്കുന്ന സ്കീം ഒരു ബാങ്കും തുടങ്ങിയിട്ടുമില്ല.

ഓഹ്..അങ്ങിനെ...ഊഹ്..എന്താണെന്നറിയില്ലെടി ഭാര്യേ...ഈ കിണറ്റിലേ വെള്ളത്തില്‍ കുളിക്കാന്‍ നല്ല സുഖം..

കാണും കാണും

2008 നവംബർ 2, ഞായറാഴ്‌ച

പ്രേമലേഖനം പാര്‍ട്-2

കേശവന്‍ നായര്‍ വീണ്ടും പ്രേമലേഖനം എഴുതാനിരുന്നു.

പ്രിയപ്പെട്ട സാറാമ്മേ,

ജീവിതം യൌവ്വനതീഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍…

കൊടച്ചക്രം. സാറാമ്മയ്ക്കിഷ്ടം ബ്ളോഗുകളാണു. എന്നു കരുതി കേശവന്‍നായര്‍ക്ക് ഈ വരികളല്ലാതെ മറ്റൊന്നും വായില്‍ വരുന്നില്ല. അവളു പറഞ്ഞ മാസശമ്പളം പുഷ്പം പോലെ കൊടുക്കാനുള്ള വരുമാനം കേശവന്‍ നായര്‍ക്കുണ്ട്. പക്ഷേ നാലാളു വായിക്കൊന്നൊരു ബ്ളോഗ് തനിക്കുണ്ടൊ? അപ്പിയിടാന്‍ മുട്ടിയ പട്ടിയേ പോലെ ഈ ചോദ്യത്തിനു ചുറ്റും കേശവന്‍ നായര്‍ മോങ്ങിയും മണ്ടിയും നടന്നു. സാറാമ്മയ്ക്ക് ഇദം പ്രഥമമായെഴുതിയ പ്രേമലേഖനമല്ലാതെ മറ്റൊന്നും എഴുതി ശീലമില്ലാത്ത അയാള്‍ ബ്ളോഗുകളില്‍ നോക്കി കണ്ണു തള്ളിയിരുന്നു. എന്തെങ്കിലും ഏഴുതി സാറാമ്മയെ പ്രീതിപ്പെടുത്തിയിട്ടു തന്നെ കാര്യം. അല്ലേല്‍ അവളുകൊള്ളാവുന്ന ഒരു ബ്ളോഗറുടെ കൂടെ പോകും. സാറാമ്മേ നിന്റെ പ്രേമത്തിനായ് മാത്രമാണു ഞാനിതെഴുതുന്നത്, എന്ന ഒറ്റ മൂച്ചില്‍ കേശവന്‍ നായര്‍ എഴുതിത്തുടങ്ങി.

ചെമ്മാനും ചെരുപ്പുകുത്തിക്കും കൈ വെക്കാവുന്ന ഏരിയ എന്ന നിലയില്‍ പ്രണയം തന്നെ കയ്യിട്ടുവാരി. അപ്പൊ ത്രെഡ് അതാണു പ്രേമനൈരാശ്യം. പണ്ടു ലിറ്റ്റേച്ചര്‍ ക്ളാസ്സില്‍ ഈ പരുവത്തില്‍ കഥകള്‍ എഴുതി ആരാധികമാരെ സൃഷ്ടിക്കുകയും ആരാധികമാരില്‍ ചിലര്‍ കാമുകിമാരാകുകയും ചെയ്യുന്നതു കണ്ടു തന്റെ പുച്ഛം മലപോല്‍ വളരുകയും അതിനു മുകളില്‍ അവരുടെ പ്രണയമരം വളരുകയും ചെയ്ത നാളുകളില്‍ കേശവന്‍ നായര്‍ അവളൂമാരെ മരമണ്ടികള്‍ എന്നും കൂപമണ്ഡൂകങ്ങളെന്നും എന്നും വിളിച്ചു. അതൊക്കെ പറഞ്ഞിട്ടു ഇനി കാര്യമില്ല. കഥ തുടങ്ങിയേക്കം.

സുന്ദരനായ ഒരു നായകന്‍. അതു താന്‍ തന്നെയായിക്കോട്ടെ. അല്ലേല്‍ വേണ്ട. സാറാമ്മ തെറ്റിദ്ധരിക്കും. നായകനു വേറെ പേരു കൊടുക്കം. സുകുമാരന്‍. സുകു എന്നു വിളിക്കാം. നായിക മേരി. ഇതിലൊരാള്‍ ദരിദ്രനാ(യാ)കണം. എന്നാലേ സെന്റിമെന്റ്സ് വര്‍ക്കൌട്ടാകൂ. അല്ലെങ്കില്‍ എന്തെങ്കിലും കഴിവുകേടുണ്ടാക്കണം . കഴിവുകേട് അറിഞ്ഞുകൊണ്ടുള്ള പ്രണയത്തിനു പണ്ടേ മാര്‍ക്കറ്റു കൂടുതലാ. എന്തായാലും മേരിയേപ്പിടിച്ചങ്ങ് ദരിദ്രയാക്കിയേക്കാം. സുകുവെന്നാണു പേരെങ്കിലും, കക്ഷി താന്‍ തന്നെയാകയാല്‍ സ്വയം ദരിദ്രനാകാന്‍ കേശവന്‍ നായര്‍ മടിച്ചു. (കേശവനാളു ഷോവനിസ്റ്റാ).

നായകനും നായികയും റെഡിയായ സ്ഥിതിക്ക് ഇനി അവരെക്കൂടിമുട്ടികാനൊരിടം വേണം. ചന്ത, അമ്പലം, പള്ളിമുറ്റം, കുളക്കടവ്, കോളേജ് ലൈബ്രറി, ബസ് സ്റ്റാന്റ് ഇതൊന്നും കേശവന്‍ നായര്‍ക്ക് പിടിച്ചില്ല. അയാള്‍ സുകുവിനെ ഒരു കള്ളു ഷാപ്പില്‍ കൊണ്ടു ചെന്നിരുത്തി. അവിടെ കറി വിളമ്പാന്‍ മേരിക്കുഞ്ഞിനെയും. മേരിക്കുഞ്ഞിന്റെ മത്തിക്കറിയില്‍ സുകുമാരനും, സുകുമാരന്റെ റെയ്ബാന്‍ കണ്ണടയില്‍ മേരിക്കുഞ്ഞും ആകൃഷ്ടയായതോടു കൂടി, കേശവന്‍ നായര്‍ പ്രണയത്തിന്റെ മാലപ്പടക്കത്തിനു ബീഡിക്കുറ്റി വെച്ചു കൊടുത്തു. അവരുടെ പ്രണയങ്ങളില്‍ മുന്തിരിക്കള്ളും മത്തിച്ചാറും നിറഞ്ഞു.

ഇതിനിടയില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നു കേശവന്‍ നായര്‍ക്ക് തോന്നി. അതു വഴി അവരുടെ ഇടയില്‍ ഒരു ഉടക്ക് ഉണ്ടാകുകയും, പിന്നെ തെറ്റിദ്ധാരണ മാറുന്ന മുറയ്ക്ക് മാപ്പു പറയല്‍, മാപ്പുകൊടുക്കല്‍, ആശ്വസിപ്പിക്കല്‍, പ്രേമം വര്ദ്ധിപ്പിക്കല്‍ തുടങ്ങിയ മസാലകള്‍ ചേര്‍ക്കാം.

മേരിക്കുഞ്ഞിനു സുകു ബീഡിവലിക്കുന്നത് കണ്ടാല്‍ ഹാലിളകും. സുകുവിനെക്കോണ്ട് അക്കാര്യം സത്യപ്രതിജ്ഞ ചൊല്ലിച്ചു നിരോധിച്ചിട്ടുള്ളതുമാണു. അങ്ങിനെ ഇരിക്കെയാണു ഷാപ്പില്‍ സുകുവിരിക്കുന്ന മൂലയില്‍ നിന്നും പുക ‘ഗമഗമാ’ന്നു ഉയര്‍ന്നു വരുന്നത് മേരികണ്ടത്. വിശ്വാസവഞ്ചനയ്ക്ക് ഇതില്‍ പരം എന്തു വേണം. അവള്‍ കെറുവിച്ചു. കെറുവിച്ച് അടിയായി, ഡിവോഴ്സ് വരെ എത്തിച്ച സാഹചര്യത്തിലാണു മിന്നായം പോലേ പുകയുടെ ഉത്ഭവം മേരീ കണ്ടത്. സുന്ദരമായൊരു ആമത്തിരി. ഷാപ്പില്‍ ജനിച്ചു വളര്‍ന്ന കൊതുകുകളുടെ ശല്യം സഹിക്കവയ്യാതെ സുകുമാരന്‍ സ്വന്തം ചെലവില്‍ കത്തിച്ചു വെച്ച ആമത്തിരിയുടെ പുക കണ്ടാണല്ലോ, സുകുവണ്ണനെ തെട്ടിദ്ധരിച്ചതെന്നോര്‍ത്ത് മേരി നെഞ്ചത്തലച്ചു കരഞ്ഞു. മാറത്തു തടവി സുകുമാരന്‍ അവളെ ആശ്വസിപ്പിച്ചു. അങ്ങിനെ പ്രേമം പൂര്‍വ്വാധികം ശക്തി പ്രാപിച്ചു.

ഇനി ഇവരെ പിരിക്കുന്നതാണു ക്ളൈമാക്സ്. എന്നു മാത്രമല്ല അവരു പിരിയുമ്പോ വായിക്കുന്നവരു മൂക്കുപിഴിഞ്ഞു പണ്ടാരടങ്ങണം. മേരിക്കുഞ്ഞിനു ഒരു കല്യാണ ആലോചന കൊണ്ടു വന്നാലോ? അതില്‍ മനം നൊന്തു പാടുന്ന സുകുവിന്റെ ഘോര ശബ്ദം കേശവന്‍ നായര്‍ക്ക് സുഖിച്ചില്ല. അവിഹിത ഗര്‍ഭമുള്ള ഏതെങ്കിലും പെണ്ണിനെ സുകുമാരന്റെ തലയില്‍ കെട്ടി വെച്ച് മേരിക്കുഞ്ഞിനെ തെറ്റിദ്ധരിപ്പിക്കാം എന്നു വെച്ചാല്‍ ആമത്തിരി സംഭവത്തിനു ശേഷം മേരിക്ക് സുകുവിനു ഒടുക്കത്തെ വിശ്വാസമാണു. സുകുവിനു ക്രൂരനായ ഒരപ്പനുണ്ടാകി മേരിയെ തട്ടിക്കളയുക, മത്തികറിക്ക് ഉപ്പു കൂടിപ്പോയെന്നു പറഞ്ഞു മേരിയെ ആത്മഹത്യ ചെയ്യിപ്പിക്കുക, കള്ളു കുടിച്ച് കടം കേറി സുകു ആത്മഹത്യ ചെയ്യുക, മേരിക്കു നന്മ വരാന്‍ സുകു ഒഴിഞ്ഞു മാറുക, സുകു വിഷമദ്യം കഴിച്ചൊ ടിപ്പര്‍ ലോറി കേറിയൊ പടിയാകുക തുടങ്ങിയ നൂറായിരം ഓപ്ഷനുകള്‍ കേശവന്‍ നായര്‍ ചിന്തിച്ചു കൂട്ടി.

ഒടുവില്‍ ഒരാഴ്ചത്തേക്ക് സുകുവിനെ പഴനിക്കു പറഞ്ഞു വിട്ടു. പോയി വരുന്നതിനിടയില്‍ മേരിക്കുഞ്ഞിനെ വെറെ കല്യാണവും കഴിപ്പിച്ചു. ഘോരമെങ്കിലും സുകുവിനെ നിരാശയില്‍ പാട്ടുപാടാന്‍ അനുവദിച്ചു കേശവന്‍ നായര്‍ തന്റെ പ്രഥമ ബ്ളോഗ് പോസ്റ്റ് ചെയ്തു.

കേശവന്‍ നായര്‍ പണ്ടു പണ്ടു പുച്ഛിച്ച മരമണ്ടികള്‍(ണ്ടന്മാര്‍) ബ്ളോഗിനെ വളഞ്ഞു കൂടി സ്തുതി പാടുകയും പൂമാലയര്‍പ്പിക്കുകയും ചെയ്തു. അതു കേട്ട് സാറാമ്മ നിര്‍വൃതിയടഞ്ഞു. കേശവന്‍ നായര്‍ വീണ്ടും വീണ്ടുമെഴുതി. പറഞ്ഞതും പറയാത്തതുമായ പ്രണയങ്ങള്‍ ബൂലോകത്ത് വിലസ്സി നടന്നു. നായകന്റെ ആത്മഹത്യ, നായികയുടെ ആത്മഹത്യ, നായികയുടെ വിവാഹം അഥവാ നായകന്റെ വിരഹം, നായകന്റെ മാറാരോഗം, ക്രൂരനായ അപ്പന്മാര്‍, ഇന്നും കാത്തിരിക്കുന്ന നായിക തുടങ്ങിയ ക്ളൈമാക്സുകള്‍ വായിച്ച്, കൂപമണ്ഡൂകങ്ങള്‍ മൂക്കുചീറ്റി. ആവര്‍ത്തന വിരസ്സത, പുതുമയില്ലായ്മ എന്നൊക്കെ പറഞ്ഞു ചെളിയെറിഞ്ഞ വിവരമില്ലാത്തവരെ കേശവന്‍ നായര്‍ മൈന്റ് ചെയ്തില്ല. എന്നു മാത്രമല്ല ചില കമന്റുകള്‍ വേസ്റ്റ് ബാസ്കറ്റില്‍ കമഴ്ത്തുകയും ചെയ്തു.

കേശവന്‍ നായരെ സംബന്ധിച്ചിടത്തോളം എഴുത്ത് എന്നു പറയുന്നത് ജീവിതത്തിലേക്ക് തിരിച്ചു വെച്ച 50X20 ft. കണ്ണാടിയാണു. ജീവിതത്തില്‍ പ്രണയമാവര്‍ത്തിക്കുന്നിടത്തോളം കാലം എഴുത്തിലും ആവര്ത്തിക്കാമെന്നിരിക്കെ എന്തോന്നു ആവര്‍ത്തന വിരസത. ഇതൊക്കെ പറഞ്ഞു നടക്കുന്നവന്മാരുടെ മൂക്കിടിച്ചു പരത്തണം. മാത്രമല്ല, പരത്തിയ മൂക്കില്‍ മുളകുപൊടി കൂടി വിതറിയിട്ടേ കേശവന്‍ നായരുടെ കലിപ്പടങ്ങിയുള്ളൂ.

കേശവന്‍ നായരുടെ ബ്ളോഗില്‍ സാറാമ്മ വശംവദയായി. ഒടുവില്‍ കേശവന്‍ നായരുടെ ജീവിതത്തിലും പ്രണയം പുഷ്പിച്ചു. കേശവന്‍ നായരും സാറാമ്മയും ചുമ്മാ ആടിപ്പാടി നടന്നു. ഇതില്‍ക്കൂടുതല്‍ എന്തു പറവാന്‍. ഇതിഃ ശ്രീ കേശവീയ ബ്ളോഗാത്മ്യം സമാപ്തം.

2008 ഒക്‌ടോബർ 8, ബുധനാഴ്‌ച

പ്രേയ്സ് ദ് ലോ(ര്‍)ഡ്

ഞായറാഴ്ച…

സകലമാനവനും അവധിദിവസമാകേണ്ടതും സത്യക്രിസ്ത്യാനികള്‍ക്ക് കടമുള്ളതുമായ ദിവസം, അഥവാ അന്ന് വിലക്കപ്പെട്ട വേലകള്‍ ചെയ്യരുതെന്ന് സഭയുടെ പ്രമാണങ്ങളില്‍ പറയുന്നു. ഏതൊക്കെയാണു ഈ വേലകള്‍ എന്നു ഡിഫൈന്‍ ചെയ്യത്തതിനാല്‍ പശു, പോത്ത്, കാള, ആട്, മാട്, കോഴി, പന്നി തുടങ്ങിയവയെ വെട്ടിവിറ്റ് കാശാക്കുന്നവരും, കള്ളുവില്‍ക്കുന്നവരുമായ ക്രിസ്ത്യാനികളെ സൌകര്യപൂര്‍വ്വം ഒഴിവാക്കിയിട്ടുണ്ട്.

അന്നു പള്ളിയില്‍ പോകണമെന്ന നിയമം കൂടി ഉള്ളതിനാല്‍ മൂന്നാമത്തെ കുര്‍ബ്ബാനയ്ക്ക് തന്നെ പൊയേക്കം എന്നുറപ്പിച്ച് ഒരു എട്ടരയോടെ ഞാന്‍ എണീറ്റു. ലോകത്തിലേതന്നെ ഏറ്റവും സുന്ദരമായ കുര്‍ബ്ബാന മൂന്നമത്തെ കുര്ബ്ബാനയാണു. കാര്യം മതസൌഹാര്‍ദ്ദമൊക്കെയുണ്ടെങ്കിലും ഇടവകയിലേ സുന്ദരികളായ പെണ്ണാടുകളെ വായ്‌നോക്കുന്നതില്‍ ഒരു പ്രത്യേക സുഖം ഉണ്ട്. അതിനു മൂന്നാമത്തെ കുര്‍ബ്ബാനയാണു ബെസ്റ്റ്. മൂന്നാം കുര്ബ്ബാനയ്ക്ക് ഒന്‍പതുമണിക്കടിക്കുന്ന പള്ളിമണിയും ആ ഇടവകയിലെ യുവഹൃദയങ്ങളുടെ മിടിപ്പുമായി, കാലാകാലങ്ങളോളം സാമ്യമുണ്ട്. പ്രേമവും വായ്‌നോക്കലുമല്ല വിഷയം എന്നതിനാല്‍ ഇതിവിടെ നില്ക്കട്ടെ.

പതിവുപോലേ അച്ചന്‍ സുവിശേഷപ്രസംഗം നിറുത്തിയ സമയത്തു തന്നെ പള്ളിയിലെത്താന്‍ കഴിഞ്ഞതില്‍ എനിക്ക് സംതൃപ്തി തോന്നി. വട്ടക്കല്ലില്‍ ഇരുന്നു കുര്‍ബ്ബാന കാണുന്നത് കൊണ്ട്, പുഴയിലൂടെ പോകുന്ന വള്ളങ്ങളുടെയും മീന്‍ബോട്ടുകളുടെയും എണ്ണമെടുക്കം എന്ന ഗുണമുണ്ട്. സമയം പോകുന്നതറിയത്തുമില്ല.

അങ്ങിനെ വായ്‌നോട്ടവും വള്ളനോട്ടവും തകൃതിയായി നടക്കുമ്പോഴാണു, മേരിച്ചേച്ചിയുടെ വായില്‍ അകപ്പെടുന്നത്. പ്രാര്‍ത്ഥന, സുവിശേഷം, ധ്യാനം എന്നിങ്ങനെ സകലമാന കലാപരിപാടികളൂം ഉള്ളതിനാല്‍ കര്‍ത്താവിനു മേരിച്ചേച്ചിയെ നന്നേ ബോധിക്കുകയും ഉടലോടെ സ്വര്‍ഗ്ഗത്തില്‍ കേറാന്‍ ചാന്സുള്ളവരുടെ ലിസ്റ്റില്‍ ടിയാന്റെ പേരു തിരുകിക്കേറ്റുകയും ചെയ്തിട്ടുണ്ട്.

മേരിച്ചേച്ചി: പ്രേയ്സ് ദ് ലോ(ര്‍)ഡ്
ഞാന്‍: ഈശൊ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
മേരിച്ചേച്ചി: നിന്നോട് പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ വരണമെന്നു പറഞ്ഞിട്ടെന്തായി?
ഞാന്: അതു പിന്നെ സമയം കിട്ടെണ്ടെ ചേച്ചി.
മേരിച്ചേച്ചി: നീ കുര്‍ബ്ബാനയ്ക്കു വന്നിട്ടെന്താ പള്ളീടകത്തു കേറാത്തത്
ഞാന്: വന്നപ്പോ വൈകി, അപ്പൊപ്പിന്നെ പുറത്തു നില്‍ക്കാം എന്നു കരുതി.

വൈകി എന്ന റീസണ്‍ പറയാന്‍ തോന്നിയ നേരത്തെ ഞാന്‍ ശപിച്ചു. പണ്ടാരമടങ്ങാന്‍ മേരിച്ചേച്ചി അവീടെനിന്നും ഒരു ഗിരിപ്രഭാഷണം തുടങ്ങി. പത്തുപ്രമാണങ്ങളും, തിരുസഭയുടെ കല്പനകളും, ചാവുദോഷവും നരഗാഗ്നിയും, തീപ്പൊയ്കയും, പഴയതും പുതിയതുമായ സകലനിയമങ്ങളും അടങ്ങിയ അത്തരമൊരു പ്രസംഗം കേട്ടിട്ടു, ഉടയതമ്പുരാന്‍ നേരിട്ടു വന്നു എന്റെ തലയില്‍ ഇടിത്തീ ഇറക്കിക്കളയുമോ എന്നു വരെ ഞാന്‍ ചിന്തിച്ചു. ഒടുവില്‍ “നീയൊന്നും നന്നാകില്ലെട” എന്ന വട്ടപ്രാക്കും പാകി, മേരിച്ചേച്ചി നടന്നകന്നു. ഈ സമയം കൊണ്ട് കുര്‍ബ്ബാനയ്ക്കു വന്ന കൊള്ളാവുന്ന പെമ്പിള്ളാരൊക്കെ കുടുംബത്തെത്തിയിരുന്നു. ആ ദിവസവും പോയിക്കിട്ടി.

തിങ്കളാഴ്ച…

നല്ലതണുപ്പുള്ളതിനാല്‍ അന്നൊരു മെഡിക്കല്‍ ലീവെടുത്തു ചുമ്മാ ഉറങ്ങിയേക്കം എന്നു വിചാരിച്ച് കിടക്കുമ്ബൊഴാ, കേള്‍ക്കാന്‍ കൊള്ളാവുന്നതും അല്ലാത്തതുമായ നല്ല നാടന്‍ തെറികള്‍ എന്റെ ഉറക്കം നശിപ്പിച്ചത്. മലയാളഭാഷയിലേക്ക് പരിഗണിക്കാവുന്ന ചില പുതിയ തെറികള്‍ക്കൊപ്പം വടുകത്തി, ചെറ്റ, കരനാറി, പരതെണ്ടി തുടങ്ങിയ ലഘുവായ പ്രയോഗങ്ങളും കേള്‍ക്കുന്നുണ്ട്. ഒരാടാണു മാറ്റര്‍. ജൊക്കിത്താത്തിയുടെ ആട് അടുത്ത വീട്ടിലെ പറമ്പില്‍ സ്വൈര്യവിഹാരം നടത്തുകയും പറമ്പില്‍ നിന്നിരുന്ന മൊത്തം വാഴത്തൈകളിലൊന്നിന്റെ കൂമ്പില തിന്നുകയും ചെയ്തിരിക്കുന്നു. അയല്‍ക്കാരെ തമ്മില്ലടിപ്പിക്കുന്നതില്‍ ആട്, കോഴി എന്നിവയ്ക്കുള്ള സ്വാധീനം പറയേണ്ടതില്ല.

പറമ്പിന്റെ ഉടമ ആരെന്നും പുതിയ തെറികളുടെ ഉപജ്ഞാതാവേതെന്നും ഇതിനകം മനസ്സിലായിക്കഴിഞ്ഞതിനാല്‍ അതു മേരിച്ചേച്ചി തന്നെ എന്നു ഉറപ്പിച്ചു പറഞ്ഞു കൊണ്ട് കഥ നിറുത്തുന്നു. പ്രേയ്സ് ദ് ലോ(ര്‍)ഡ് എന്നു മാത്രമല്ല, ഇതു കൂടി പറഞ്ഞേക്കട്ടേ.

“നിങ്ങളുടെ അധരങ്ങള്‍ എന്നെ(ദൈവത്തേ) സ്തുതിക്കുന്നുവെങ്കിലും ഹൃദയങ്ങള്‍ അകലെയത്രെ”. -ബൈബിള്‍