അലഞ്ഞുപോകുന്നവന്റെ ത്വരയില്ലാതെ...തീര്‍ത്ഥാടകന്റെ വിശുദ്ധിയില്ലാതെ...കാല്പാടുകള് മാഞ്ഞ വഴികളിലൂടെ...
Followers of this Blog
2016 ജൂൺ 13, തിങ്കളാഴ്‌ച
ഫീവര്‍ ഫീവര്‍ ഭായി ഭായി
2015 മാർച്ച് 13, വെള്ളിയാഴ്‌ച
കേരളത്തിന്‍റെ ബജിറ്റ്: ബിബിസി ഒരു ഡോക്യുമെന്‍ററി എടുക്കൂ, പ്ലീസ്!!!
ആദ്യം കസേരകളി. ധനമന്ത്രിയുടെ കസേര സഹകരണ മന്ത്രിയുമായി സഹകരിച്ച് വെച്ചുമാറല്‍. പിന്നെ കസേര എറിയല്‍... സ്പീക്കറിന്‍റെ കസേര വലിച്ചെറിയുന്നു. കമ്പ്യൂട്ടര്‍ തല്ലിപൊളിക്കുന്നു. ആ ക്ഷീണത്തില്‍ ഒരു എംഎല്‍എ തളര്‍ന്നു വീഴുന്നു. മറ്റൊരിടത്ത് ഒരു വനിതാ എംഎല്‍എയെ മന്ത്രി തടയുവാണോ തടവുകയാണോ എന്ന്‍ പറയാന്‍ പറ്റാത്ത അവസ്ഥയില്‍ തടഞ്ഞു നിര്‍ത്തുന്നു. അതാ അങ്ങോട്ടു നോക്കൂ...
2014 ഡിസംബർ 8, തിങ്കളാഴ്‌ച
നിന്‍റെ ഒരു ഫോട്ടോ തര്വോ?
ഈ ചോദ്യത്തിന് ഈ കാലയളവില്‍ കാര്യമായ പ്രസക്തിയില്ല. ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും പ്രൊഫൈല്‍ പിക്കും പിന്നെ ഒരുപാട് മീഡിയ മെസ്സേഞ്ചറും ഒക്കെ ഉള്ളപ്പോള്‍ അങ്ങിനെ ഒരു ചോദ്യം തന്നെ അസ്ഥാനത്താണ്.
2014 സെപ്റ്റംബർ 25, വ്യാഴാഴ്‌ച
മംഗള്‍യാനും 450 കോടിയും ദാരിദ്ര്യരേഖയും
2013 ജനുവരി 11, വെള്ളിയാഴ്‌ച
പങ്കാളിത്ത പെന്‍ഷന്‍ : വരും തലമുറക്ക് എന്താശങ്ക?
"വരുംതലമുറ"ക്ക് വേണ്ടി എന്നാണ് പങ്കാളിത്ത പെന്‍ഷനെതിരെ പണിമുടക്ക് സമരത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിപക്ഷ പാര്‍ട്ടി സംഘടനകള്‍ നടത്തുന്ന സമരത്തിന്റെ മുഖമുദ്ര. അങ്ങിനെ പറയാന്‍ കാരണമുണ്ട്. നിലവില്‍ തങ്ങളെ ബാധിക്കാത്ത കാര്യമാണ് പങ്കാളിത്ത പെന്‍ഷന്‍ . 2013 മുതല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഇത് ബാധകം. ഈ "വരുംതലമുറ" വികാരം ഇതില്‍ നിന്നും ഉള്‍ക്കൊണ്ടതാണ്
2012 ഡിസംബർ 14, വെള്ളിയാഴ്‌ച
ദര്‍വാസാ - നരകത്തിലേക്കൊരു വാതില്‍
ചില മതവിശ്വാസം അനുസരിച്ച് പാപം ചെയ്ത് നരകത്തിലെത്തുന്നവര്‍ ഒരിക്കലും അണയാത്ത തീ (നിത്യനരഗാഗ്നി) യില്‍ എറിയപ്പെടും എന്നാണ് കരുതപ്പെടുന്നത്. അങ്ങിനെ വെച്ച് നോക്കുമ്പോള്‍ ദേര്‍വേസിലെ ഈ നിത്യതീപൊയ്ക നരകത്തിലേക്കുള്ള വാതിലാണ് എന്ന് വിശേഷിപ്പിക്കപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. എന്തൊക്കെയായാലും ദേര്‍വേസ് ഗര്‍ത്തത്തിന് ഇനി അധികം ആയുസില്ലെന്നാണ് കേള്‍വി. പ്രകൃതി വാതകോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ഗര്‍ത്തം മൂടണം എന്നാണ് അടുത്തയിടെ ഇവിടം സന്ദര്‍ശിച്ച തുര്‍ക്മേന്‍ പ്രസിഡണ്ട് Gurbanguly Berdimuhamedow (ഇതെങ്ങനാ ഉച്ചരിക്കേണ്ടതെന്ന് ഒരു പിടിയുമില്ല) തീരുമാനിച്ചിരിക്കുന്നത്. ഈ നരക വാതില്‍ കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഉടനെ ടിക്കറ്റെടുത്ത് ദേര്‍വെസിലേക്ക് പറക്കണം എന്നര്‍ത്ഥം. അല്ലാത്തവര്‍ ഈ ചിത്രം കണ്ട് തൃപ്തിയടഞ്ഞോളൂ .
2011 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച
ജപ്പാനില്‍ ആളുകള്‍ സമരം ചെയ്യുന്നത്....
എന്ത് കൊണ്ടാണ് ജപ്പാനിലെ ജനങ്ങള്‍ അധിക ജോലി സമരത്തില്‍ ഏര്‍പ്പെടുന്നത്? അവരുടെ കഠിനാദ്ധ്വാന ശീലവും ചരിത്രവും പ്രകൃതിയും ഏല്‍പ്പിച്ച ദുരന്തങ്ങളെ അതിജീവിച്ച ഒരു ജനതയുടെ ഇച്ഛാശക്തിയെയും അനുകരിക്കേണ്ടത് തന്നെ. പക്ഷെ ഇങ്ങനെ അധികജോലി സമരം കൊണ്ട് എങ്ങിനെയാണ് ഒരു കമ്പനി സമ്മര്‍ദ്ദത്തില്‍ ആവുകയും തൊഴിലാളി സമരം വിജയിക്കുകയും ചെയ്യുന്നത് എന്ന കാര്യത്തില്‍ കലശലായ ഒരു സംശയം ഉണ്ടായിരുന്നു. പിന്നെ എങ്ങിനെയെങ്കിലും തൊഴിലാളിയെ ഞെക്കിപ്പിഴിയാന്‍ കാത്തിരിക്കുന്ന ഒരു സമൂഹത്തില്‍ ഇത്തരം ഒരു സമരത്തിന്റെ സാധ്യത എന്ത് എന്നതും.
ജപ്പാനിലെ ഒരു സാമ്പത്തികതന്ത്രം എന്നത് ഡിമാന്റ്റ് അനുസരിച്ചുള്ള ഉത്പാദനം എന്നതാണ്. അതായത് ഉല്പാദനസമയത്തിന്റെ വേഗത കൂട്ടി ഒരു ഉല്പന്നത്തിന്റെ ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് അതിവേഗം ഉപയോക്താവിന്റെ കയില്‍ എത്തിക്കുക. എനിക്കിപ്പോള്‍ ഒരു കാര്‍ വേണമെങ്കില്‍ ഇന്ത്യയില്‍ സാധാരണഗതിയില്‍ ഞാന്‍ ഒരു ഷോറൂമില്‍ ചെന്ന് കാര്‍ ഓര്‍ഡര്‍ ചെയ്യുകയും അവരുടെ വെയര്‍ഹൌസില്‍ നിന്ന് കാര്‍ എത്തുകയും ചെയ്യും. എന്നാല്‍ ജപ്പാനില്‍ വെയര്‍ഹൌസിംഗ് എന്ന ആശയം തന്നെ കുറവാണ്. ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ചുള്ള ഉദ്പാദനം. അങ്ങിനെ ഉല്പന്നങ്ങള്‍ കൂടുതല്‍ ഉണ്ടാക്കി വെക്കുമ്പോള്‍ വരുന്ന വെയര്‍ ഹൌസിംഗ്, വേസ്റ്റേജ്, ഡിസ്പോസല്‍ തുടങ്ങിയ അധിക ചെലവുകള്‍ ഒഴിവാക്കുന്ന തന്ത്രം. ഇതാണ് അധികജോലി സമരങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഫാക്ടര്‍.
ദിവസവും എട്ടു മണിക്കൂര്‍ ജോലിചെയ്യുന്ന തൊഴിലാളി സമരത്തിന്റെ ഭാഗമായി രണ്ടുമണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുമ്പോള്‍ ഇരുപതു ശതമാനം വര്‍ദ്ധന ഉദ്പാദനത്തില്‍ ഉണ്ടാവും. അതായത് നൂറുകാര്‍ ആവശ്യമുള്ളിടത്ത് നൂറ്റിഇരുപത് കാര്‍ ഉത്പാദിപ്പിക്കപ്പെടും. ഇങ്ങനെ അധികം വരുന്ന കാര്‍ തീര്‍ച്ചയായും വെയര്‍ഹൌസ് ചെയ്യേണ്ട അധികചെലവ് കമ്പനിക്ക് ഉണ്ടാകും. ഇത് കുറഞ്ഞ എക്സപയറി കാലയളവ് ഉള്ള ഭക്ഷ്യ ഉദ്പന്നങ്ങള്‍ ആണെങ്കില്‍ അധികം വരുന്ന ഉല്പന്നങ്ങള്‍ സംരക്ഷിക്കുന്ന ചെലവ് കൂടാതെ ഇവ ദ്രുതകാലയളവില്‍ നശിച്ചുപോവുകയും അത് ഡിസ്പോസ് ചെയ്യേണ്ടി വരികയും ചെയ്യും. ഇത് പോരെ ഒരു കമ്പനി സമ്മര്‍ദ്ദത്തിലാവാന്‍. സത്യത്തില്‍ ഈ അധികജോലി സമരം കമ്പനിക്ക് നഷ്ടമാണ് ഉണ്ടാക്കുന്നത്.
ഇന്ത്യയില്‍ ഇത് പോലെ സമരം ചെയ്തത് കൊണ്ട് കാര്യമില്ല എന്ന് മനസിലായില്ലേ. അഥവാ ഈ സമരം കൊണ്ട് എന്തെങ്കിലും ഇഫക്റ്റ് ഉണ്ടാവണം എങ്കില്‍ സ്റ്റോര്‍ ചെയ്യാന്‍ പറ്റാത്ത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്ന തൊഴില്‍ ശാലകള്‍ ആയിരിക്കണം. പക്ഷെ ആവശ്യത്തിന് സ്റ്റോറിംഗ്, വെയര്‍ഹൌസിംഗ് സിസ്റ്റം ഉള്ള നമ്മുടെ നാട്ടില്‍ അതെത്രമാത്രം പ്രായോഗികമാണ് എന്ന് കണ്ടറിയണം. അത് വരെ ഈ പണിമുടക്ക് തന്നെ ഇങ്ങനെ കണ്ടോണ്ടിരിക്കാം.
2011 ജൂലൈ 1, വെള്ളിയാഴ്‌ച
റേറ്റിംഗ് കൂട്ടാന്‍ ഏഷ്യാനെറ്റ് എന്തും ചെയ്യും?
അതൊരു വഴിക്ക് നിക്കട്ടെ. ജഗദീഷിന്റെ അവതരണം, രെഞ്ജിനിയുടെ സഹിക്കാന്‍ പറ്റാത്ത മലയാളം ഇതൊന്നും പോരാഞ്ഞ് ദാണ്ടെ ഗാനങ്ങളെ വിലയിരുത്താന്‍ ഒരുത്തനെ വിളിച്ചു സ്റ്റുഡിയോയില്‍ വെച്ചിരിക്കുന്നു. എന്റെ അഭിപ്രായത്തില്‍ "ഇവനൊക്കെ ജനിച്ച നാട്ടില്‍ ആണല്ലോ ഞാന്‍ ഗാനഗന്ധര്‍വന്‍ ആയതെന്ന്" ഓര്‍ത്ത് യേശുദാസ് ആത്മഹത്യ വരെ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരുത്തന്‍ സന്തോഷ് പണ്ഡിതന്‍. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ അപ്രിയ ഗാനങ്ങള്‍ ആണ് രംഗം.
ന്യൂസ് ചാനലുകള്‍ ഏറെയുള്ള കേരളത്തില്‍ എനിക്ക് കാണാന്‍ ഇഷ്ടമുള്ള വാര്‍ത്താചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. ആറോ ഏഴോ വര്‍ഷമായി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ആറുമണിക്കുള്ള വാര്‍ത്തയുടെ സ്ഥിരം പ്രേക്ഷകന്‍ കൂടിയാണ്. കുറച്ച് നിലവാരമുള്ള ഈ ചാനലിലാണ് ഇത്തരം ഒരു ദൌര്‍ഭാഗ്യം സംഭവിച്ചിരിക്കുന്നത്. മലയാള സിനിമാഗാനത്തെയും, സംഗീതശാഖയെയും അങ്ങേയറ്റം നെഞ്ചോടു ചേര്‍ത്ത് വെച്ച് നില്‍ക്കുന്ന മലയാളിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയിട്ട് വേണോ ചാനലിന് റേറ്റ് കൂട്ടാന്‍? പന്ന്യന്‍ രവീന്ദ്രനെ പോലെയുള്ള സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട വ്യക്തികള്‍ മലയാളഗാന ശാഖയെ വിലയിരുത്തി പോരുന്ന ഒരു പരിപാടിയിലാണ് ഇത്തരം ആഭാസം കാണിച്ചു കൂട്ടുന്നത്. ബഹു. ടി എന്‍ ഗോപകുമാര്‍, ജോണ്‍ ബ്രിട്ടാസ്, അളകനന്ദ തുടങ്ങിയ വിവരമുള്ളവര്‍ ഇപ്പോഴും ഇതേ ചാനലില്‍ അല്ലെ എന്ന കാര്യത്തില്‍ സംശയം തോന്നും വിധമാണ് ഇത്തരം തരം താഴ്ന്ന പരിപാടികളുടെ സംപ്രേഷണം.
ഇനി ലവന്‍ മോശമാണ് എന്ന് പറഞ്ഞ ഗാനങ്ങള്‍ ഒന്ന്. കരിമിഴിക്കുരുവിയെ കണ്ടീല. പാട്ട് അവനു ബോധിച്ചില്ല. ഇത് പോലെ തോന്നിക്കുന്ന ചില പാട്ടുകള്‍ പിന്നീടും കേട്ടിട്ടുള്ളത് കൊണ്ട് അതങ്ങു ഇഷ്ടപ്പെട്ടില്ല പോലും. സംഗീതത്തില്‍ രാഗം എന്നൊരു സംഭവം ഉണ്ടെന്നും ഒരേ രാഗത്തിലുള്ള പാട്ടുകള്‍ക്ക് ആരോഹണത്തിലും അവരോഹണത്തിലും സാമ്യത ഉണ്ടാകുമെന്നും ഒക്കെ അത്യാവശ്യം വിവരമുള്ള ഒരാസ്വാദകന് മനസിലാക്കാവുന്നതെ ഉള്ളൂ. അല്ലെങ്കില്‍ തന്നെ ഇവനൊക്കെ എന്തോന്ന് രാഗം എന്തോന്ന് അവരോഹണം? ദേവാനന്ദ് എന്നൊരു നല്ല ഗായകനെ മലയാള സിനിമയ്ക്ക് നല്‍കിയ മികച്ച ഒരു ഗാനത്തിലാണ് ഒരുത്തന് അപ്രിയത തോന്നിയിരിക്കുന്നത്.
രണ്ടാമത്തെ പാട്ട്. അനുരാഗവിലോചനനായി. തള്ളെ എനിക്കറിയാമേലാഞ്ഞിട്ടു ചോദിക്കുവാ. ഇവനെന്തിനാ ലാല്‍ ജോസിനോടും വിദ്യാസാഗറിനോടും ഇത്ര കലിപ്പ്? ചിത്രത്തിന്റെ വിഷ്വല്‍ പോരത്രേ. ഇനി ഇപ്പൊ അര്‍ച്ചനാകവിയെ കൊണ്ടോ കൈലാഷിണോ കൊണ്ടോ മൂണ്‍വോക് നടത്തിക്കണമായിരിക്കും വിഷ്വല്‍ എഫെക്റ്റ് കിട്ടാന്‍. ഇല്ലെങ്കില്‍ നായികയുടെ 'ശ്വാസോച്ഛാസം ചെയ്യുന്ന ഡെഡ്ബോഡി' യും കെട്ടിപ്പിടിച്ചു നായകന്‍ പാടിയാലും മതി. ക്യാമറയുടെ ഫ്രെയിമും ലെന്‍സും കൊമ്പാക്ടും എന്താണെന്നറിയാന്‍ ടിയാന്റെ രാധയും അംഗനവാടി ടീച്ചറും ഒക്കെ കണ്ടാല്‍ മതി, എന്തൊരു വിഷ്വല്‍ ട്രീറ്റ്.
ഇതിനിടയില്‍ ഓന്റെ നാണം കെട്ട പാട്ടുകളെ കുറിച്ചുള്ള വിശേഷങ്ങളും. ശരിയാണ്, എവന്റെ വൃത്തികെട്ട പാട്ടും മേടും ഒക്കെ ഞങ്ങള്‍ കണ്ടു. കേരളത്തില്‍ അത്യാവശ്യം വിവരവും മാന്യതയും ഉള്ള ആളുകളുടെ എണ്ണം കൂടുതലായത് കൊണ്ട് എല്ലാവരും പുളിച്ച തെറി "പരസ്യമായി" വിളിക്കുന്നില്ല എന്ന് കരുതി ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, യേശുദാസ്, ചിത്ര, വേണുഗോപാല്‍, രവീന്ദ്രന്‍ മാഷ്, ദേവരാജന്‍ മാഷ്, ഓ എന്‍ വി, ജോണ്‍സണ്‍, ജയചന്ദ്രന്‍ തുടങ്ങിയ അനുഗ്രഹീതരായ ഒരുപാട് കലാകാരന്മാര്‍ വളര്‍ത്തി വലുതാക്കിയ ഒരു പ്രസ്ഥാനത്തെ വിലയിരുത്താന്‍, സംഗീതം തൊട്ടു തീണ്ടിട്ടില്ലാത്ത ഒരുത്തനെ അതും അതിന്റെ പേരില്‍ ഇതാണോ മലയാളം പാട്ട് എന്ന് നാണം കേട്ട് നില്‍ക്കാന്‍ ഇടയാക്കിയ ചില വിവരദോഷികളില്‍ പെട്ട ഒരുത്തനെ, ആ വിവരദോഷത്തില്‍ അഭിമാനം കൊള്ളുന്ന ഒരു മരക്കഴുതയെ കൊണ്ടു വന്നു സ്റ്റുഡിയോയില്‍ ഇരുത്തിയ ഏഷ്യാനെറ്റ് ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല.
ഒരു വ്യഭിചാരിണി ആളുകളെ കൂട്ടുന്നതും ആകര്‍ഷിക്കുന്നതും, ഒരു മഹദ്‌വ്യക്തി ആളുകളെ ആകര്‍ഷിക്കുന്നതും രണ്ട് വിധത്തിലാണ്. ഇതില്‍ ഇതു വേണം എന്ന് കേരളത്തില്‍ ചാനലുകള്‍ തീരുമാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രത്യേകിച്ച് ഏഷ്യാനെറ്റിന്...
2011 ജൂൺ 29, ബുധനാഴ്‌ച
സംവിധായകരെ ആവശ്യമുണ്ട്
എന്റെ കയ്യില്‍ ചില കഥകളുണ്ട്. എന്ന് കരുതി ഇന്നലെ പൊട്ടിമുളച്ച പുല്ലന്‍ എന്നൊന്നും പറയേണ്ട കാര്യമില്ല. കഴിഞ്ഞ പത്തിരുപത്തഞ്ചു വര്‍ഷമായി സിനിമാ ഇന്ടസ്ട്രിയില്‍ പ്രവര്‍ത്തിച്ചു വരുന്നൊരാളാ ഞാന്‍. കൊച്ചാപ്പന്‍ ബ്ലാക്കില്‍ ടിക്കറ്റ് എടുത്ത് ധ്വനി എന്ന സിനിമ കാണിച്ചു തരുമ്പോ അന്നെന്റെ നാലാമത്തെ പിറന്നാളാ. എന്നിട്ടും ഒരു വയസു കുറച്ചുപറഞ്ഞ കൊച്ചാപ്പന്‍ ഒരു ടിക്കറ്റ് മാത്രമേ എടുത്തുള്ളൂ. അന്ന് തുടങ്ങിയതാ ഈ ഇറവറന്‍സ്, ഐ മീന്‍ സിനിമ കാണുന്ന പരിപാടി. അതാ അപ്പൊ എന്റെ അനുഭവസമ്പത്ത് എന്ന് പറയുന്നത്.
ഇനി കാര്യത്തിലേക്ക് കടക്കാം. നല്ല കഥ ഇല്ലാത്തത് കൊണ്ട് ചില ത്രെഡുകള്‍ നല്‍കി മലയാളസിനിമയെ ഒന്ന് താങ്ങി നിര്‍ത്തിയേക്കാം എന്ന ഉദേശ്യം മാത്രമേ ഈ കഥപറച്ചിലില്‍ ഉള്ളൂ.
ത്രെഡ് ഒന്ന്
കരുവേലിപ്പടിയിലെ കടല്‍ക്കൊള്ളക്കാര്‍
കടലീ പോകുന്ന കൊച്ചീക്കാരുടെ സ്ലാംഗാണ് സിനിമയുടെ ഹൈലൈറ്റ്. ഫിഷിംഗ് ബോട്ടില്‍ പോയി കൊള്ള നടത്തുന്ന സ്പാനര്‍ ചാക്കോയുടെയും സംഘത്തിന്റെയും കഥയാണ് ഇത്. മറ്റുബോട്ടുകാര് പിടിച്ചോണ്ട് വരുന്ന മത്തിയും കൊഴുവയും പൂളാനും കൊള്ളയടിക്കലാ യെവന്മാരുടെ പണി. നായിക ചാളമേരി കൊല്ലം കടപ്പുറത്ത് നിന്നും കൊച്ചി കാണാന്‍ അപ്പന്‍റെ വള്ളത്തില്‍ കേറി വരുന്നതും അവരെ സ്പാനര്‍ ചാക്കോയും സംഘവും കിഡ്നാപ്പടിക്കുന്നതും, "നീയൊക്കെ മുടിഞ്ഞു പോകത്തെ ഒള്ളെടാ" എന്ന് ചാളമേരിയുടെ തന്തപ്പടി ശപിക്കുന്നതും ഒക്കെ ആണ് മൊത്തത്തില്‍ സിനിമയുടെ ഫസ്റ്റ് പാര്‍ട്ട്. മോഹന്‍ലാലിന്‍റെ ഡേറ്റ് കിട്ടുവാണേല്‍ ഒരു അഞ്ചാറു വര്‍ഷത്തേക്ക് തന്നെ വാങ്ങിച്ചേക്കണം. പടത്തിന്റെ മൂന്നാല് ഭാഗങ്ങള്‍ കൂടി ഓരോ വര്‍ഷവും ഇറക്കാനുള്ളതാ.
ത്രെഡ് രണ്ട്
അമ്മച്ചി: മോഹന്‍ചദാരോയില്‍ പണ്ട് അടക്കം ചെയ്ത രാജാക്കന്മാരുടെ ഡെഡ്ബോഡികള്‍ തപ്പി പോകുന്ന നായിക. ലക്ഷ്മി നായരുടെ മാജിക് ഓവന്‍ പോലൊരു പുസ്തകം പണ്ട് അവിടെ ഉണ്ടായിരുന്ന ഒരു കൊട്ടാരം അരി വെപ്പുകാരി എഴുതിയിരുന്നു. അത് തപ്പിപ്പിടിക്കാനാ ഈ പോക്ക്. തീഹാര്‍ ജെയിലില്‍ കിടന്നു നരകിക്കുന്ന നായകന് അങ്ങോട്ടുള്ള വഴി അറിയാം. അങ്ങിനെ പുള്ളിക്കാരനേം രക്ഷിച്ച് നായിക ഒരു എയര്‍ ഇന്ത്യാ വിമാനത്തില്‍ മോഹന്‍ചദാരോയിലേക്ക് പോകുന്നു. പിന്നെ അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ആണ് അമ്മ എന്ന ത്രെഡ്. ഇതിന്റെ രണ്ടാം ഭാഗം ഇപ്പോള്‍ തന്നെ പിടിക്കാം "അമ്മച്ചി തിരിച്ചു വരുന്നു" അതിന്റെം സ്ക്രിപ്റ്റ് റെഡിയാണ്. വേണേല്‍ ടൈറ്റില്‍ മാറ്റി, അമ്മച്ചി റീലോഡഡ് എന്ന്‍ പടച്ചു വിടാം. നായികയുടെ റോളില്‍ മമ്ത കസറും, നായകനായി സൗത്ത് ഇന്ത്യയില്‍ മാത്രം കണ്ടു വരുന്ന ഇംഗ്ലിഷ് സംസാരിക്കുന്ന അപൂര്‍വ്വയിനം ജീവി എന്ന നിലയില്‍ പ്രിഥ്വിരാജ് തന്നെ ആയിക്കോട്ടെ.
ത്രെഡ് മൂന്ന്
മുഖമാറ്റം
കുടമാറ്റം, കൈമാറ്റം, വെച്ചുമാറ്റം പോലെ ഒക്കെ സിമ്പിള്‍ ആയി ചെയ്യാവുന്ന ത്രെഡാണ് മുഖമാറ്റം. എന്ന്‍ മാത്രമല്ല ഇതൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രം പോലെ ഇറക്കാവുന്നതുമാണ്. അതായത് മമ്മൂട്ടി പോലീസ്, മോഹന്‍ ലാല്‍ കള്ളക്കടത്ത്, ലാലിന്‍റെ അനിയന്‍ ദിലീപ്, സുരേഷ് ഗോപി പോലീസ്, ജയറാം പോലീസ്, എന്തിന് ഗിന്നസ് പക്രു വരെ പോലീസ്. തന്റെ മകനെ കൊന്ന ലാലിനെ തട്ടുമെന്ന് പ്രതിജ്ഞ ചെയ്യുന്ന മമ്മൂട്ടി. അവസാനം ലാല്‍ വലയിലാവുന്നു. പക്ഷെ ലാലിന്റെ സംഘത്തെ തകര്‍ക്കാന്‍ മമ്മൂട്ടിയെ ലാലിനെ പോലെ അഭിനയിക്കാന്‍ പോലീസ് മേധാവികള്‍ നിര്‍ബധിക്കുന്നിടത്ത് കഥ മാറുകയാണ്. ലാലിന്റെ മുഖം ചെത്തി എടുത്ത് മമ്മൂട്ടിക്ക് ഫിറ്റ് ചെയ്യുന്നു. മമ്മൂട്ടിയുടെ മുഖം ചെത്തി എടുത്ത് തല്‍ക്കാലം ഉപ്പിലിടുന്നു. സംഗതി മുഖം മാറ്റി മമ്മൂട്ടി കത്തി കേറുമ്പോള്‍ ലാല്‍ മമ്മൂട്ടിയുടെ ഉപ്പിലിട്ട മുഖം എടുത്ത് ഫിറ്റ് ചെയ്യുന്നു. അവസാനം കള്ളനാര് പോലീസ് ആര് എന്നറിയാന്‍ വയ്യാത്തത് മുടിഞ്ഞ ടെന്‍ഷന്‍. സിനിമ സൂപ്പര്‍ ഹിറ്റാകും.
ത്രെഡ് നാല്
തങ്കക്കണ്ണ്‍: ഇന്ത്യക്ക് വേണ്ടി ചാരപ്രവര്‍ത്തി നടത്തുന്ന നായകന്‍. പേര് ബോണ്ട ജയിംസൂട്ടി. ബോണ്ടയുടെ നായികയായി വരുന്നത് പക്കിസ്ഥാന്റെ സ്പൈ ഗേള്‍. ജയിംസൂട്ടി പാക്കിസ്ഥാന്റെ രാസായുധ ഫാക്ടറിയില്‍ റെയ്ഡ് നടത്തുകയും പിടിയിലാവുകയും പിന്നീട് സ്വന്തം ബുദ്ധി ഉപയോഗിച്ച് ഫാക്ടറി തവിട് പൊടിയാക്കി രക്ഷപെടുകയും ചെയ്യുന്നു. മമ്മൂട്ടിയെ ബോണ്ടയായും, റീമ കല്ലിങ്കലിനെ ബോണ്ടിയായും കാസ്റ്റ് ചെയ്യാം.
മറ്റുചില കഥകള്‍ കൂടി ഒറ്റവരിയില്‍ പറയാം
വിഴിഞ്ഞം ഹാര്‍ബര്‍: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ അടിയാകുകയും അങ്ങിനെ തമിഴ്‌നാട് വിഴിഞ്ഞം ഹാര്‍ബറില്‍ കൊണ്ട് പോയി ബോംബിടുന്നതും ആണ് ത്രെഡ്. ഇതിന്റെ കേരളത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ പോകുന്ന നായകന് നായികയായ ഒരു നെഴ്സുമായി ലൈന്‍ ആകുന്ന പ്രണയ കഥയും സിനിമയില്‍ കൊള്ളിക്കാം.
ചൊവ്വാ ആക്രമണം: പണം പലിശക്ക് കൊടുത്ത എല്ലാ ചൊവ്വാഴ്ചയും വന്നു പലിശ വാങ്ങുന്ന "അന്യ"സംസ്ഥാന പാണ്ടികളെ അറ്റാക്ക് ചെയ്തു ഒതുക്കുന്നതാണ് കഥ.
സുഭാഷ് പാര്‍ക്ക്: കുറെ പല്ലികളെ ഈ പാര്‍ക്കിലിട്ടു വളര്‍ത്തി വലുതാക്കി അവസാനം പാല് കൊടുത്ത കൈക്ക് തന്നെ അവ കടിക്കുന്നതാണ് ത്രെഡ്.
കൂടാതെ അവതാരം, നാളെകള്‍ മരിക്കുന്നില്ല, സത്യം നുണപറയുന്നു, വെള്ളമേ ഉലകം, എട്ടുകാലി പരമു, സൂപ്പര്‍ പരമു, വവ്വാല്‍ പരമു, തുള പരമു തുടങ്ങി പത്തിരുന്നൂറ് കഥകള്‍ കൂടി എന്‍റെ കയ്യില്‍ ഉണ്ട്. അപേക്ഷിക്കേണ്ട വിലാസം
കാമരുണ്‍ ചുള്ളിക്കല്‍
ഹോളിവുഡ് പറമ്പില്‍
ലോസ്ആഞ്ചലസ് പി ഒ
2011 ജൂൺ 6, തിങ്കളാഴ്‌ച
മാതൃഭൂമിയുടെ നിങ്ങള്‍ക്കും വിലയിരുത്താം അഥവാ എഡിറ്റര്‍ക്ക് കത്തി വെക്കാം
ഡബിള്‍സ് എന്ന സിനിമയെ കുറിച്ച് പറഞ്ഞ ഭാഗത്ത് "ആ സിനിമയുടെ ഷൂട്ടിംഗ് സ്കെജ്യൂള്‍ന് പോയ നേരത്ത് മമ്മൂക്കയും നാദിയ മൊയ്തുവും കൂടി മിക്സഡ് ഡബിള്‍സ് കളിച്ചു പഠിച്ചിരുന്നെങ്കില്‍ ടെന്നിസില്‍ ഇന്ത്യക്ക് ഒരു ഗ്രാന്‍ഡ്‌സ്ലാം എങ്കിലും കിട്ടിയേനെ. " ഇങ്ങനെ പറഞ്ഞ ഭാഗം കാണ്മാനില്ല. ഇതില്‍ എന്തെങ്കിലും സഭ്യത കുറവോ സംസ്കാരശൂന്യതയോ ബഹുമാനപ്പെട്ട എഡിറ്റര്‍ കണ്ടോ ആവോ? "ആ പോട്ട് പുല്ല്" എന്ന് കരുതി വിട്ടു കളഞ്ഞു. രണ്ടു ദിവസം മുന്‍പ് സീനിയേഴ്സ് എന്ന സിനിമയുടെ റിവ്യൂ അവിടെ ഇട്ടു. സംഗതി ഉഷാര്‍. കുരിശുമരണം കഴിഞ്ഞു മൂന്നാം ദിവസമാണ് റിവ്യൂ ഉയര്‍ത്തെഴുന്നേറ്റത്. അതും സമ്പൂര്‍ണ്ണ വികലാംഗനായി.
റിവ്യൂവിന്റെ മുഴുവന്‍ ഭാഗവും ഇവിടെ ഒരു പോസ്റ്റ് ആയി ഇട്ടിരുന്നു. അതില്‍ എഡിറ്റ് ചെയ്തു കളയാന്‍ മാത്രം എന്താണുള്ളത് എന്ന് മനസിലായില്ല. എഡിറ്ററല്ലേ; ശമ്പളം വാങ്ങുന്നതല്ലേ; എന്തെങ്കിലുമൊക്കെ എഡിറ്റി നോക്കണ്ടേ എന്ന് കരുതിയാണ് സഖാവ് എഡിറ്റര്‍ അത് ചെയ്തതെങ്കില്‍ അതിനെ ഘോരഘോരമായി തന്നെ ഞാന്‍ പിന്താങ്ങുന്നു. ഒരാളുടെ കഞ്ഞിയില്‍ മണ്ണിട്ട് ഒരു റിവ്യൂ പോസ്റ്റ് ചെയ്തു എന്ന പേരുദോഷം കേള്‍പ്പിക്കാന്‍ എനിക്ക് മേല. എല്ലാവരും എഡിറ്റിംഗ്ന്റെ അവകാശികള്‍.
പക്ഷെ! ഒരു കാര്യം ശ്രദ്ധിക്കണം. "പുതിയ റിലീസുകള്‍ നിങ്ങള്‍ക്കും വിലയിരുത്താം. നിങ്ങള്‍ കണ്ട പുതിയ സിനിമകളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയാണിത്." എന്നൊന്നും പരസ്യമായി കേറി അങ്ങ് പ്രഖ്യാപിച്ചു കളയക്കരുത്. കുറച്ചു കൂടെ സംയമനം പാലിച്ച് അഥവാ നിങ്ങള്‍ എന്തെങ്കിലും വിലയിരുത്തുവാണേല്‍ 'ഞാന്‍ കേറി അങ്ങ് കത്രിക വെക്കും' എന്ന് കൂടി പറയുവാണേല്‍, വിലയിരുത്തുന്നവര്‍ അങ്ങവിടെ കാണും പോലെ Super, Kidilan, Kidilol kidilan, Hit തുടങ്ങി ഒറ്റവാക്കില്‍ ഉത്തരമെഴുതി സായൂജ്യമടയും.
ഇനി സിനിമയുടെ റിവ്യൂ ഇങ്ങനെ ഇരിക്കണം എന്ന് അങ്ങേക്ക് വെല്ല മുന്‍ധാരണയും ഉണ്ടെങ്കില്‍ അതും പ്രസ്തുത പേജില്‍ അമ്പതു വാക്കില്‍ കവിയാതെ ഉപന്യസിക്കാവുന്നതാണ്. പ്രിന്റ് എഡിഷന്‍ ഒന്നുമല്ലല്ലോ ആവശ്യത്തിന് സ്ഥലമെടുത്ത് എഴുതിയാലും തരക്കേടൊന്നും വരാനില്ല. അഥവാ ഒന്നോ രണ്ടോ എംബി കൂടുതല്‍ എടുത്താലും കണ്ണടക്കാവുന്ന കേസല്ലേ ഉള്ളു.
ഇത്തരം കാര്യങ്ങള്‍ പരിഹരിച്ച ശേഷം വിവരത്തിനു ഒരു കുറിപ്പടി കൂടി അയക്കണം എന്ന് വിനീതനായ പ്രേക്ഷകന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇനി അഥവാ പരിഹരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ "നിങ്ങള്‍ക്കും വിലയിരുത്താം അഥവാ എഡിറ്റര്‍ക്ക് കത്തി വെക്കാം." എന്ന് മേല്പ്പടി ടൈറ്റില്‍ മാറ്റണം എന്നും താഴ്മയായി അപേക്ഷിച്ചു കൊണ്ട്. സുലാന്‍.
2011 മേയ് 23, തിങ്കളാഴ്‌ച
ബട്ടത്രിയുടെ സംബവാമി
ഇതിനെല്ലാം മറുപടി പറയാം. അതിനു മുന്‍പ് നിങ്ങള്‍ American/British Accent, Pronunciation എന്നിവ അരച്ചും പാതി ചവച്ചും ഒക്കെ കലക്കി കുടിച്ചിരിക്കണം. ഇനി അഥവാ അമ്മിക്കല്ലില്‍ അരക്കാന്‍ എന്തേലും ബുദ്ധിമുട്ടുണ്ടെല്‍, പറഞ്ഞാല്‍ മതി. മിക്സിയില്‍ അരച്ച്, സ്പൂണില്‍ കോരിത്തന്ന് സായിപ്പോ മദാമ്മയോ കേട്ടാല്‍ തരിച്ചു നില്‍കുന്ന സ്പോക്കന്‍മാരും സ്പോക്കികളും ആക്കി പുറത്തിറക്കുന്ന ഒന്നാം ക്ലാസ് ഇന്‍സ്റ്റിറ്റ്യൂട്ട്-കള്‍ നാനാമൂലക്കും നെറ്റിപ്പട്ടം കെട്ടി നില്‍പ്പുണ്ട്. ചുമ്മാ ഒരു കൈ നോക്കിയാല്‍ ഈ പറയുന്ന സാധനമൊക്കെ പുഷ്പം പോലെ പഠിക്കാം. ഞാനും ആറുമാസം ഈ പെടാപാട് പെട്ട് സര്‍ട്ടിഫിക്കറ്റ് ഒക്കെ വാങ്ങിയിട്ടുള്ളതാ...
ഒരു ഭാഷ അതിന്റെ എല്ലാ ഗുണങ്ങളോടും കൂടെ സ്വായത്തമാക്കുന്നത് വളരെ നല്ല കാര്യമാണ്. ഇംഗ്ലീഷ് ഭാഷ അതിന്റെ ഉച്ചാരണ ശുദ്ധിയോടു കൂടി തന്നെ പഠിക്കാനും സംസാരിക്കാനും ശ്രമിക്കുന്നതും വളരെ നല്ല കാര്യമാണ്. ദൃശ്യാ-ശ്രാവ്യ മാധ്യമങ്ങളിലെ അവതാരകരും, പബ്ലിക് സ്കൂളുകളിലെ കുട്ടികളും ഒക്കെ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നവരാണ്. വളരെ നല്ലത്. ഹോട്ടല്‍ അല്ല ഹൊട്ടേല്‍ (Hotel) ആണ് എന്നും, മക് ഡോണാള്‍ഡ് അല്ല ഡോനല്‍ഡ് (Donald) ആണ് എന്നും, ഇതെല്ലാം സിംബ്ലി അല്ല സിംപ്ലി (Simply) ആണ് എന്നുമൊക്കെ തിരിച്ചറിയാനും അതനുസരിച്ച് ഇംഗ്ലീഷ് ഭാഷ ശരിയായി ഉച്ചരിക്കാനും ഇത്തരം ശ്രമങ്ങള്‍ ഉപകരിക്കും. എന്നാല്‍ മറുഭാഷയായ ഇംഗ്ലീഷ്-ല്‍ കാണിക്കുന്ന ഈ താല്പര്യം മലയാളത്തില്‍ കാണിക്കുന്നുണ്ടോ?
ഇന്നലെ ഞാന്‍ ഒരു നൃത്തനാടകം കാണാന്‍ പോയി. 'സംബവാമി" യുഗേ യുഗേ' based on "നരായണീയം" written by "ബട്ടത്രി". എന്താണീ സം'ഭ'വം എന്ന് ഞാന്‍ ഒന്ന് ശങ്കിച്ചു. ബട്ടത്രി മറ്റാരുമല്ല. നാരായണീയം എഴുതിയ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി തന്നെ, സ്ക്രീനില്‍ അദ്ദേഹത്തിന്റെ ചിത്രം തെളിഞ്ഞപ്പോള്‍ ആണ് ബട്ടത്രി ഭട്ടതിരിയാണ് എന്ന കാര്യം എനിക്ക് തിരിഞ്ഞത്. എങ്ങിനെയാ അദ്ദേഹം ബട്ടത്രി ആയത് എന്ന് ചോദിച്ചാല്‍, മലയാളവാക്കുകള്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ബ്രിട്ടീഷുകാര്‍ അത്തരം വാക്കുകള്‍ തങ്ങള്‍ക്ക് വഴങ്ങുന്നത് പോലെ ഉച്ചരിച്ചു എന്ന് വേണം പറയാന്‍. സംഗതി എളുപ്പം അഥവാ ഇട്ലി, പുട്ടു, കഞ്ചി, മേനന്‍, ബട്ടത്രി, പരാസി, പാല്‍ഗട്ട്, കൊരച്ച് കൊരച് തുടങ്ങിയ സുന്ദരന്‍ വാക്കുകള്‍ വീണു കിട്ടി. പാവം സായിപ്പല്ലേ, പോട്ടേന്ന് വെക്കാം. പക്ഷെ ഒരല്പം എരിവും ഉപ്പും പുളിയുമൊക്കെ കൂട്ടി ശീലിച്ച നമ്മുടെ നാവിന് ഈ വാക്കൊന്നും വഴങ്ങാതെ ഇരിക്കുന്നില്ലല്ലോ. പിന്നെ എന്തിന് നമ്മള്‍ ഇത് ഏറ്റു പിടിക്കണം?
മലയാളത്തിലെ ഒരു പ്രശസ്ത ഗായികയെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു അവതാരക വിളിക്കുന്നത് ചീത്തര്‍ ചേച്ചി എന്നാണ്. മലയാളികള്‍ കാണുന്ന പരിപാടിയല്ലേ. ചിത്ര എന്ന് പറയാന്‍ അത്ര വലിയ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ. പിന്നെ എന്ത് കൂടോത്രമാണ് ചിത്രയെ ചീതര്‍ചേച്ചി എന്ന് വിളിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്ന് മനസിലാവുന്നില്ല. എനിക്ക് തോന്നുന്നത് ഇവരുടെ ഒക്കെ കയ്യില്‍ എന്തോ യന്ത്രം ഉണ്ടെന്നാണ്. അതായത് ഏതെങ്കിലും ഒരു മലയാള വാക്കോ പേരോ ഈ യന്ത്രത്തോട് പറഞ്ഞാല്‍ അതിന്റെ ആംഗലേയവത്കരിച്ച ഉച്ചാരണം തിരികെ നല്‍കുന്ന ഏതോ ഒരു യന്ത്രം. അല്ലാതെ ഇത്ര കഷ്ടപ്പെട്ട് അനാവശ്യമായ നീട്ടലും കുറുക്കലും നിറഞ്ഞ ഉച്ചാരണം വേറെ എങ്ങും കിട്ടില്ല.
ഒരന്യഭാഷക്കാരന്‍റെ ഉച്ചാരണവൈകല്യം മൂലം ചില വാക്കുകള്‍ക്ക് ഉണ്ടായ അഭംഗി അതെ ഭാഷക്കാരനായ ഒരാള്‍ തോളത്ത് ചുമന്ന് നടക്കുന്നത് അപഹാസ്യമാണ്. എന്നാല്‍ ചിലരെ സംബന്ധിച്ചിടത്തോളം വാക്കിന്റെ ശരിയായ ഉച്ചാരണം ഉപയോഗിക്കുന്നതാണ് അപഹാസ്യം എന്ന് വന്നാല്‍ എന്ത് ചെയ്യും. ഉദാഹരണമായി ഇവിടെ ദുബായില്‍ നടക്കുന്ന കൂട്ടായ്മകളില്‍ സ്വയം പരിചയപ്പെടുത്തുന്നത് ശ്രദ്ധിക്കു.
"അയാം ശ്രുതി മേനന്‍"
"മേനോന്‍?"
"യെസ്, മേനന്‍"
മേനന്‍ അങ്ങിനെ വികലമായി പറഞ്ഞാലേ "തങ്ങളും പരിഷ്ക്കാരികള്‍' ആണെന്ന് അവര്‍ക്ക് തന്നെ ബോധ്യമുണ്ടാകൂ. ഇങ്ങനെ ഒരു 'പരിഷ്ക്കാര' ബോധം മുന്നില്‍ നിരന്നു നില്‍ക്കുന്നത് കൊണ്ടാണ് വേദിയില്‍ എത്തുന്നവര്‍ ഭട്ടതിരിയെ ബട്ടത്രിയും അദേഹം എഴുതിയ നാരായണീയം "നരായനീയവും" ഒക്കെ ആയി പോകുന്നത്. ഇത് പൊള്ളയായ പരിഷ്കാരബോധമാണ്. കേള്‍ക്കുന്നവരില്‍ ഈ ഉച്ചാരണം ചിരിക്കുള്ള വകയോ, അസഹ്യതോ ആണ് ഉണ്ടാക്കുന്നത്. ഇംഗ്ലീഷ് വാക്കുകള്‍ വികലമായി ഉച്ചരിക്കുന്നത് കേള്‍ക്കുമ്പോള്‍ തോന്നുന്ന അതേ അരോചകവും അപഹാസ്യവുമായ വികാരമാണ്, മലയാളം വികലമായി ഉച്ചരിക്കുമ്പോഴും തോന്നുന്നത് എന്ന് ഇത്തരക്കാര്‍ മനസിലാക്കുന്നുണ്ടോ എന്നറിയില്ല. എന്തായാലും അത് നല്‍കുന്ന പരിഷ്കാരബോധം തികച്ചും അറിവില്ലായ്മയില്‍ നിന്നും ഉണ്ടാകുന്നതാണ്.
ഈ അറിവില്ലായ്മ ഇപ്പോള്‍ തിരുത്തിയില്ലെങ്കില്‍ മലയാളഭാഷയുടെ ഉച്ചാരണം ദിനം പ്രതി വികലമായി കൊണ്ടിരിക്കും. ഇംഗ്ലിഷ് വൃത്തിയായി ഉച്ചരിക്കാന്‍ കാണിക്കുന്ന അതേ താല്പര്യവും ശ്രദ്ധയും ശ്രമവും മലയാളത്തില്‍ കൂടെ കാണിക്കാവുന്നതാണ്. കുറഞ്ഞ പക്ഷം സം"ബ"വാമി യുഗേ യുഗേ എന്ന് പറയാതിരിക്കാന്‍ എങ്കിലും.
2011 മേയ് 17, ചൊവ്വാഴ്ച
ചക് ദേ പോലൊരു മാണിക്യക്കല്ല്
മോശം പറയരുതല്ലോ, നൂറും ഇരുന്നൂറും രൂപ മുടക്കിയാണ് 'മള്‍ട്ടിപ്ലക്സില്‍' ഘടാഘടിയന്‍ " ചൈനാ ടൗണും ഡബിള്‍സും കണ്ടത്. മക്കളെ കണ്ടും മാമ്പൂ കണ്ടും മാത്രമല്ല; മമ്മൂക്കയെ കണ്ടും ലാലേട്ടനെ കണ്ടും കൊതിക്കരുത് എന്ന ഒരു പഴഞ്ചൊല്ലുണ്ട് എന്ന് കൂടി അന്ന് തന്നെ തിരിച്ചറിഞ്ഞു. റാഫി മെക്കാര്‍ട്ടിന്‍ ഇനി ചെയ്യേണ്ടത് ഫ്രെഡ് ക്വിമ്പി ഉണ്ടാക്കിയ ടോം ആന്‍ഡ് ജെറി (പഴയത്, ഇപ്പോഴത്തെ അല്ല) തുടര്‍ച്ചയായി കാണുകയും ടോം (മോഹന്‍ ലാല്‍) , ജെറി (മമ്മൂട്ടി), ബുള്‍ഡോഗ് (സുരേഷ് ഗോപി), ലിറ്റില്‍ മൗസ് (ദിലീപ്), ട്വീറ്റി (ജയറാം) അങ്ങിനെ ഒക്കെ നിരത്തി വെച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്യലാണ്. പ്രത്യേകിച്ച് കോമണ്‍സെന്‍സ് ഒന്നും വേണ്ട. എന്ന് വെച്ചാല്‍ ചീഫ് മിനിസ്റ്ററേ ചാക്കില്‍ കെട്ടി വെച്ച് (അതും തെരഞ്ഞെടുപ്പ് ചൂട് പിടിച്ചിരിക്കുന്ന സമയത്ത്) ചുമന്നോണ്ട് നടന്നാല്‍ ഒരു പട്ടിയും ചോദിക്കില്ല എന്ന ലെവലില്‍ പ്രേക്ഷകന്റെ സെന്സിനെ തരം താഴ്ത്തും വിധം ഇനിയും കഥകള്‍ പടച്ചു വിടാനുള്ള അവകാശം നിങ്ങള്‍ക്ക് പതിച്ചു നല്‍കിയിരിക്കുന്നു എന്ന്.
ഡബിള്‍സ്ന്റെ കാര്യം ഞാന്‍ ഒന്നും പറയുന്നില്ല. ആ സിനിമയുടെ ഷൂട്ടിംഗ് സ്കെജ്യൂള്‍ന് പോയ നേരത്ത് മമ്മൂക്കയും നാദിയ മൊയ്തുവും കൂടി മിക്സഡ് ഡബിള്‍സ് കളിച്ചു പഠിച്ചിരുന്നെങ്കില്‍ ടെന്നിസില്‍ ഇന്ത്യക്ക് ഒരു ഗ്രാന്‍ഡ്‌സ്ലാം എങ്കിലും കിട്ടിയേനെ. സ്കൂള്‍ കലോല്‍സവത്തില്‍ പോലും ഈ നിലവാരത്തില്‍ നാടകങ്ങള്‍ വരല്ലേ എന്ന് കൂടി പ്രാര്‍ഥിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ആണ് മാണിക്യക്കല്ല് കാണുന്നത് എന്നത് കൊണ്ടാണ് പ്രമേയം മുന്‍പ് ചവച്ചു തുപ്പിയതെങ്കിലും 'പടം കൊള്ളാം' എന്ന് പറയാന്‍ പ്രേരിപ്പിക്കുന്നത്.
നൂറു ശതമാനം തോല്‍വിയുള്ള സ്കൂളില്‍ മാഷായി വരുന്ന വിനയചന്ദ്രന്‍ (പൃഥ്വി രാജ്). അപ്പോള്‍ തന്നെ മനസ്സില്‍ ഷാരൂഖ് ഖാന്‍ ഹോക്കി സ്റ്റിക്ക് പിടിച്ചു വരുന്ന രംഗം മനസ്സില്‍ വന്നു കഴിഞ്ഞു. പിന്നെ ആ സ്കൂളിനെ നേരെ ആക്കാനുള്ള ശ്രമങ്ങള്‍, ക്ലൈമാക്സ് അപ്പോള്‍ തന്നെ നമ്മള്‍ക്ക് പ്രവചിക്കാം. ആ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും എല്ലാ സിനിമയിലെയും പോലെ ആദ്യം പുതിയ മാഷ് കൊണ്ട് വരുന്ന മാറ്റങ്ങളെ പുച്ഛത്തോടെ കാണുകയും പിന്നീട് ആകൃഷ്ടരാകുകയും ചെയ്യുന്നു. ഇതില്‍ ഒരു ചെറിയ സസ്പെന്‍സ് ഉള്ളത് പൃഥ്വിരാജ് ആരാണ് എന്നതാണ്. അത് ഞാന്‍ ഇവിടെ പറഞ്ഞു ഇനിയും കാണാനുള്ളവരുടെ രസത്തെ കൊല്ലുന്നില്ല. അങ്ങിനെ കാണികള്‍ പ്രതീക്ഷിച്ച ശുഭ പര്യവസാനത്തില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.
സന്തോഷം കൊണ്ട് കണ്ണ് നനയുന്ന രംഗങ്ങള്‍ കൂടിയിണക്കിയത് തിരക്കഥയെ ശക്തമാക്കിയിരിക്കുന്നു. പാട്ടുകള്‍ ചിലത് ഏച്ചു കെട്ടി വെച്ചതിനാല്‍ മുഴച്ചു നില്‍ക്കുന്നു. എങ്കിലും കേള്‍ക്കാന്‍ കുഴപ്പമില്ല. ഗ്രാമത്തിന്റെ ഫ്രെയിം നന്നായി പകര്‍ത്താന്‍ ക്യാമറാമാന് കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ പോലും പ്രേക്ഷകന്‍ വണ്ണാന്‍ മല (സിനിമയിലെ ഗ്രാമം) വിട്ടു പോകുന്നില്ല എന്നത് ആ ചിത്രങ്ങളുടെ മിഴിവ് നല്‍കുന്ന ഗുണമാണ്. ആര്‍കും വെല്ലു വിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളോ സങ്കീര്‍ണ്ണതകളോ സിനിമയില്‍ ഇല്ലാത്തതിനാല്‍ അഭിനയ മികവ് അളക്കേണ്ടതില്ല. എല്ലാവരും അവരവരുടെ രംഗങ്ങള്‍ നന്നായി ചെയ്തിരിക്കുന്നു. പുതുമയില്ലെങ്കിലും പ്രേക്ഷകന്‍ തീയറ്റര്‍ വിടുമ്പോള്‍ നിരാശപ്പെടുന്നില്ല.
പലരും പറഞ്ഞതെങ്കിലും മലയാള സിനിമയ്ക്ക് വേണ്ടത് മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളോ, സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളോ അല്ല; പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തെ അംഗീകരിക്കുന്ന ചിത്രങ്ങളാണ് എന്ന് ഒന്നുകൂടി പറയുന്നു. മാണിക്യകല്ല് പോയി കണ്ടോളൂ. കുഴപ്പമില്ലാത്ത ചിത്രം. ആരാണീ ചിത്രത്തിലെ മാണിക്യക്കല്ല് എന്ന് പറയാന്‍ കഴിയില്ല. എല്ലാം മാണിക്യം തന്നെ.
2011 ഏപ്രിൽ 4, തിങ്കളാഴ്‌ച
മമ്മൂക്കയും ബെസ്റ്റ് ആക്ടറും
സംഗതി ചെന്നപ്പോള്‍ പൂച്ച പോലും കാണാതിരുന്ന ഫെസ്റ്റിവല്‍ സിറ്റി നിമിഷ നേരം കൊണ്ടാ പൂച്ചകളുടെ സംസ്ഥാന സമ്മേളനമായത്. പൂച്ചകള്‍ എന്ന് പറഞ്ഞാല്‍, കണ്ടന്‍ പൂച്ചകള്‍, കുറിഞ്ഞി പൂച്ചകള്‍, കാട്ടു പൂച്ചകള്‍, മാക്കാന്‍ പൂച്ചകള്‍, നല്ല ബ്ലാക്ക് പൂച്ചകള്‍, സര്‍വ്വം പൂച്ചമയം. എല്ലാം കൂടി മത്തി വെട്ടുന്നിടത്ത് വായും പൊളിചിരിക്കുന്നത് പോലെ മമ്മൂക്ക ഇപ്പൊ വരും എന്നും പറഞ്ഞ് വായില്‍ വെള്ളമിറക്കി ഇരിക്കുന്നു. പക്ഷെ വന്നില്ല... പകരം മാധവേട്ടന്‍... മ്മ്ട മാധവനുണ്ണി വന്നു... ഏഷ്യാനെറ്റിന്റെ ചിങ്കന്‍, പുലി, പുപ്പുലി...
ചുവന്ന സാരിയുടുത്ത് നെറ്റിപ്പട്ടം കേട്ടിവന്ന പെണ്ണിനെ "അവതാരം" എന്ന് വിളിക്കുന്നതില്‍ തെറ്റൊന്നുമില്ല. അവള്‍ ഒന്നൊന്നര അവതാരം തന്നെ ആയിരുന്നു. മൊത്തം 28 വെള്ളി 13 സ്വര്‍ണ്ണം 45 വെങ്കലം... "മലയാളത്തില്‍ പ്രഥമ ഉപഗ്രഹ ചാനല്‍ ആയ ഏഷ്യാനെറ്റിന്റെ മിഡില്‍ ഈസ്റ്റ് സംരഭത്തിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളിലേക്ക് നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം" ഇത്രയും പറഞ്ഞപ്പോള്‍ തന്നെ മെഡല്‍ നിലയില്‍ അവള്‍ മുന്നിലായി. പിന്നെ വെള്ളി മെഡലുകളുടെ ഒരു പൊങ്കാലയിടീല്‍ അല്ലായിരുണോ... ഒരുകണക്കിന് ഒന്നോ രണ്ടോ മെഡല്‍ ഒപ്പിച്ചു മാനം കാക്കാം എന്ന് വിചാരിച്ചു വരുന്ന ഒളിമ്പിക്സ് ഇന്ത്യന്‍ സ്ക്വാഡിനെ പോലെ മാധവനുണ്ണിയണ്ണന്‍ രണ്ട് വാക്ക് (??? എന്താണീ രണ്ടു വാക്ക് എന്ന് പറയുന്നത് എന്ന് അമ്മേണെ എനിക്കിപ്പോഴും അറിയില്ല. പറഞ്ഞു വരുമ്പോള്‍ പത്തു മുപ്പത്ത്രണ്ട് വാക്കായാലും) പറയാന്‍ വേദിയിലേക്ക്.
പക്ഷെ പരിപാടിയില്‍ തടസം... സദസില്‍ നിന്നും സ്റ്റേജിലേക്ക് കയറാന്‍ നോക്കിയ അണ്ണനെ സെക്യൂരിറ്റി കടത്തി വിട്ടില്ല. അറബിക്കെന്ത് മാധവനുണ്ണി... "ഡേയ് ഞാനാ ശരിക്കും മൊതലാളി" എന്ന് അറിയാവുന്ന ഭാഷയില്‍ മാധവണ്ണന്‍. "പോടെയ്... ഇന്‍ ദിസ് സ്റ്റേജ് ഓഫ് ഏഷ്യാനെറ്റ് ആന്‍ഡ് മമ്മൂക്ക, യു വില്‍ നാട്ട് സീ എനി ഷോ ഓഫ് ദ ടുഡേ" എന്ന് തടിമാടന്‍ സെക്യൂരിറ്റി... " ഡേയ് ഡേയ് ഡേയ് മണ്ടന്‍ കൊണാപ്പി, യെവനാടെയ് നിനക്കൊക്കെ തുട്ട് തരുന്നത്...കേറ്റി വിടടെയ്" കാശിന്റെ കാര്യം പറഞ്ഞാല്‍ അറബിയായാലും മടങ്ങും... അണ്ണന് ക്ലിയറന്‍സ് റെഡി... പക്ഷെ രണ്ടു വാക്ക് പറയാന്‍ വന്ന അണ്ണന്റെ മൊത്തം വാക്ക് വിഴുങ്ങി തൊണ്ടയില്‍ കെട്ടി ഒരുഗ്ലാസ് വെള്ളം കിട്ടുമോ എന്ന് സ്റ്റില്‍ അടിച്ചു നിക്കുന്ന പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിച്ചു. ആദ്യമായി... "മൈക്ക് ടെസ്റ്റിംഗ്... "
"ഹെലാ... ഛെ... ഛെ... ഛെ... ഹെലാ... ഛെ... ഛെ..." എന്തുവാടെയ് ഇവനിത്ര പുന്ജം..." ഛെ... ഛെ... ഛെ... ടെസ്റ്റ്... സ്.. സ്.. സ്.. ഛെ..!!!" അടുത്തതായി "പ്രദ്ളീപ് പത്തുരുളി" ...
ഹൂ ദി ഹെല്‍ ഈസ് ദാറ്റ്?"
വെള്ളി നമ്പര്‍ 29... അവതാരം പ്രദീപ് പള്ളുരുത്തി എന്ന് പറഞ്ഞതാ... സംഗതി പല്ല് നാലെണ്ണം ഉളുക്കി താഴെ തെറിച്ചു... ഇക്കണക്കിനു പോയാല്‍ ഈ പെണ്ണിന്റെ മുപ്പത്തി രണ്ടു പല്ലും താഴെ വീഴുമല്ലോ എന്ന് കരുതിയിരിക്കുമ്പോള്‍ ആണ്ടെ തെറിച്ചു വീഴുന്നു പല്ല് മൂന്നെണ്ണം കൂടി.. "പ്ലാലെരി മ്രാണിക്കം"... മഹാബലിക്ക് ശേഷം ഭൂമിക്കടിയില്‍ നിന്നും പൊങ്ങി വന്ന രണ്ടാമത്തെ ആളെന്ന നിലയില്‍ അതും ബൈക്കില്‍, പല്ലിളിച്ചു വന്ന മമ്മൂക്ക ഒന്ന് ഞെട്ടി.. "തള്ളെ അതെത് പടം...!!!" സുരാജും ടിനി ടോമും ഒരു കമ്പനിക്ക് കൂടെ വണ്ടറടിച്ചു...
അങ്ങിനെ പരിപാടി പുരോഗമിച്ചു... കോമഡി സ്കിറ്റുകളും കോമഡി സ്കിറ്റിനെ വെല്ലുന്ന വെള്ളികളുമായി അവതാരവും... ചിരിച്ചു ചിരിച്ചു കൂഴച്ചക്ക പോലെ ആയപ്പോള്‍ അവതാരത്തിനൊരു ഡൌട്ട്... ദുബായ് ഇങ്ങനെ അല്ലല്ലോ, എന്തെങ്കിലും അബദ്ധം പറഞ്ഞാല്‍ അപ്പൊ പ്രതികരിക്കുന്നതാണല്ലോ" ഉടന്‍ മറുപടി... " കുട്ടി!!! നിര്‍ത്തി നിര്‍ത്തി വെള്ളിയിടൂ എന്നാലല്ലേ കൂവാന്‍ പറ്റൂ" (മുന്‍ഷി: വടി കൊടുത്ത് അടി വാങ്ങി...കൊക്കരകോ കോ)
സംഗതി സമ്മാന ദാനത്തിലെത്തി... അഥവാ സമ്മാനം വാങ്ങാന്‍ ആളെ കാണാനില്ല. രേവതി, പത്മപ്രിയ, നാദിയ, രഞ്ജിത്ത്, വേണു... ഇവരൊക്കെ നാല് പാടും തിരയുന്നു... "ദിപ്പ ഇവട എണ്ടാരുന്നെന്നു" കലാഭവന്‍ മണി...
"ആണ്ടെ കിടക്കുന്നു സാധനം." ദിലീപ്. നെടുമുടി വേണുവിന്റെ കാലില്‍ സ്രാഷ്ടാംഗം വാല് മടക്കി കിടക്കുന്ന സമ്മാനര്‍ഹന്‍.. അവിടെ നിന്നും മമ്മുക്കയുടെ കാലിലേക്ക്, മമ്മൂക്ക രേവതിക്ക് പാസ് ചെയ്തു.. രേവതിയില്‍ നിന്നും മണിയുടെ കാലിലേക്ക് ഒരു ക്രോസ് പാസ്.. മണിയുടെ ഗംഭീരന്‍ സിസര്‍ കട്ട്... അര്‍ഹന്‍ നേരെ ദിലീപിന്റെ കാലിലേക്ക്... എന്റമ്മച്ചി ചാത്തുണ്ണിയാശാന്‍ എങ്ങാനും ഈ കാല്‍വീണു കളി കണ്ടിരുന്നെങ്കില്‍ എന്നൊരു നിമിഷം ഞാന്‍ ഓര്‍ത്തു. പിന്നാലെ വന്ന ഓരോ പന്തുകളും, ഐ മീന്‍ സമ്മാനര്‍ഹരും ഈ അതിവിനയ കാല്‍പന്ത് കളി തുടര്‍ന്നു. സ്റ്റേജിനു പുറത്ത് നിന്ന നാദിര്‍ഷ, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, കല്പന തുടങ്ങിയവര്‍ സൈഡ് ബെഞ്ചിലിരുന്ന് തങ്ങള്‍ ദുബായ് വരെ ചുമന്നു കൊണ്ട് വന്ന ഗുരുത്വം കാല്‍ വഴി കൊടുക്കാനാവാതെ ചുമ്മാ നോക്കിയിരുന്നു.
കാര്‍ത്തിക്കിന്റെ പാട്ട് ബാക്ക് ഗ്രൗണ്ടില്‍ കേട്ടു കൊണ്ട് ഫെസ്റ്റിവല്‍ സിറ്റി വിടുമ്പോള്‍ ഉള്ളില്‍ ചില ചോദ്യങ്ങള്‍ ബാക്കി;
1. എന്ത് കൊണ്ടാണ് നമ്മുടെ 'അവതാര'ത്തിന് ബെസ്റ്റ് ആക്ടര്‍ സമ്മാനം കൊടുക്കാതെ ഇരുന്നത്? അവള്‍ കഷ്ടപ്പെട്ട് അഭിനയിച്ചതല്ലേ?
2. എന്ത് കൊണ്ടാണ്, കാണികളോട് കയ്യടിക്കാന്‍ വിശിഷ്ടാതിഥികളുടെ പിന്നില്‍ നിന്നും അവതാരക കൈയും കലാശവും കാണിച്ചു കഷ്ടപ്പെടുന്നത്. കയ്യടിക്കേണ്ട കാര്യങ്ങള്‍ക്ക് കയ്യടിക്കാന്‍ കാണികള്‍ക്ക് അറിയില്ലേ? അല്ലെങ്കില്‍ താരങ്ങള്‍ എന്ത് പറഞ്ഞാലും കയ്യടിക്കണം എന്ന നിര്‍ബന്ധം ഏഷ്യാനെറ്റിനോ, മാധവനുണ്ണി സാറിനോ, മമ്മുക്കക്കോ, അവതാരത്തിനോ ഉണ്ടോ??
എന്നെ തല്ലണ്ട ഞാന്‍ നന്നാവില്ല. ശുഭം.
2010 ഡിസംബർ 19, ഞായറാഴ്‌ച
മിസ്ഡ് കോള്
നീ ഫോണ് ഓഫ് ചെയ്തു വെച്ചിട്ട് ഇപ്പോള് മണിക്കൂര് മൂന്നാകുന്നു.
"എന്താ ഇത് വരെ മിസ്ഡ് അടിക്കാതിരുന്നത്?"
"അയ്യോ! സോറി, ഞാന് ഒരല്പം തിരക്കിലായി പോയി"
"ഒഹ്! അപ്പോള് എന്നെ മറന്നു അല്ലെ?"
നിനക്ക് മിസ്ഡ് കോള് അടിച്ചില്ല എന്ന ചെറിയ കാര്യത്തില് തുടങ്ങിയ പിണക്കം. ഇപ്പോള് നീ ഫോണ് ഓഫ് ചെയ്തു വെച്ച് എന്നോട് പ്രതികാരം ചെയ്യുവാണ്. ഓരോ നിമിഷവും നിന്നെ വിളിക്കുമ്പോള് കേള്കുന്ന സ്വിച്ച്ഡ് ഓഫ് സന്ദേശം എന്റെ ഹൃദയത്തിലേക്ക് തറഞ്ഞു കയറുന്നു.
ഭൂമിയുടെ രണ്ടറ്റങ്ങള് തമ്മിലുള്ള ദൂരത്തെ സ്നേഹം കൊണ്ട് മാത്രം വെട്ടിച്ചുരുക്കി അതിന് മിസ്ഡ് കോള് എന്ന് പേരിട്ടത് ആരാണ്? നിമിഷാര്ദ്ധത്തില് മിന്നിമായുന്ന ഒരു മിസ്ഡ് കോളിന് ഒരു ജന്മത്തിന്റെ പ്രണയം സംവേദിക്കാന് കഴിയുമെന്ന്... ഹൃദയം കൊണ്ട് മാത്രം ലോകമുണ്ടാക്കി അതില് പ്രവാസ നൊമ്പരത്തെ ഒതുക്കി വെക്കുന്ന ഓരോരുത്തരുടെയും ജീവിതത്തില് ഒരു സാന്ത്വന സ്പര്ശമായി അതുണ്ട് ... 1 Missed Call.
ചിലരിതിനെ മിസ്ക്രീന് കോള് എന്ന് വിളിക്കുന്നു. മിസ്ക്രീന് എന്ന് വെച്ചാല് ദരിദ്രന് എന്നര്ത്ഥം. ഒരര്ത്ഥത്തില് അത് ദരിദ്രന്റെ കോള് തന്നെയാണ്. ജീവിതം കരുപ്പിടിപ്പിക്കുവാന് ഓരോ ഫില്സും ദിറവും ചേര്ത്ത് വെക്കുന്നവന് ഒരു മാസത്തിന്റെ ആദ്യ പകുതി പോലും കടക്കും മുന്പേ ജീവിതത്തിന്റെ അക്കൌണ്ടില് ബാക്കിയാകുന്നത് മൊബൈലിലെ ഈ രണ്ടു ദിറംസ് ആണ്. "ഞാന് ഇവിടെ ജീവനോടെ ഉണ്ടെടാ" "എന്നെ ഒന്ന് വിളിക്ക്" എന്ന് മൌനമായി പറയാന് ഈ രണ്ടു ദിറംസ് വിലയുള്ള മിസ്ഡ് കോളിന് കഴിയുന്നു. അതിനിടയില് ആരെങ്കിലും അറിയാതെ കോള് എടുത്തു പോയാല്... *121# ഡയല് ചെയ്ത് നെടുവീര്പ്പിടുന്നവര്. ഇനി ഒരു റിചാര്ജിനു വേണ്ടി അടുത്ത മാസത്തെ ശമ്പളത്തിലേക്കുള്ള ദൂരമാണ് അപ്പോള് മൊബൈല് സ്ക്രീനില് ഓരോ പ്രവാസിയും കാണുന്നത്.
തിരിക്കിനടയിലോ അറിയാതെയോ ഒരു കോള് വന്നാല് അതാരായിരുന്നു എന്നറിയുവാനും തിരികെ വിളിക്കുവാനുമുള്ള ഒരു സംവിധാനമായാണ് മൊബൈല് സേവന ദാതാക്കള് മിസ്ഡ് കോള് എന്ന ആശയം മുന്നോട്ടു കൊണ്ട് വന്നത് എന്ന് അനുമാനിക്കാം. അങ്ങിനെ ഒരു കോള് കിട്ടിയാല് അതിലും ലാഭമല്ലേ. ഒരു കാലത്ത് ഡിസ്പ്ളേയോ കോള് രെജിസ്ടറോ ഇല്ലാതിരുന്ന ലാന്ഡ് ലൈനുകള് ആയിരുന്നല്ലോ പൊതുവില് ഉണ്ടായിരുന്നത്. അന്നൊരു പക്ഷെ റിംഗ് കേട്ട് ഓടിയെത്തുമ്പോഴേക്കും കോള് ഡിസ്കണക്റ്റ് ആയാല് ആരാണു വിളിച്ചതെന്ന് അറിയാതെ ആധിപിടിച്ചിരുന്നു. അങ്ങിനെ ഒരു അവസ്ഥ ദൂരീകരിക്കുക കൂടിയാണു മിസ്ഡ് കോള് സംവിധാനം ചെയ്തത്. പക്ഷെ ഇന്നതിന്റെ ജോലികള് അതിലേറെയാണ്.
മിസ്ഡ് കോളിന്റെ എണ്ണവും ദൈര്ഘ്യവുമനുസരിച്ചു വ്യക്തികള്ക്കിടയില് അതിന്റെ അര്ഥം മാറി മാറി വരുന്നു. ദിവസത്തിന്റെ ഓരോ നാഴികയിലും വിനാഴികയിലും ലോകത്തിന്റെ രണ്ടു കോണിലിരുന്നു പ്രണയിക്കുന്നവരുടെ ഊഷ്മളതയും പേറി സന്ദേശകാവ്യങ്ങളിലെ ഹംസങ്ങളെ പോലെ എന്നാല് നൊടിയിട വേഗത്തില് അവ പാറിനടക്കുന്നു. ഇടക്കൊരാള് മിസ്ഡ് അടിക്കാതെ പോയാല് പിന്നെ മനസിനകത്തൊരു തീയാണ്. "എന്ത് പറ്റിക്കാണും?""അകല്ച്ച തോന്നിത്തുടങ്ങിയോ?""മറന്നു പോയോ?" അങ്ങിനെ നൂറുനൂറായിരം ചോദ്യങ്ങള് ഹൃദയത്തെ തുളച്ചു കൊണ്ട് കടന്നു പോകുന്നു. അവസാനം കിട്ടിയ മിസ്ഡ് കോളില് നിന്നും സമയത്തിന്റെ ദൈര്ഘ്യം ഏറി വരുമ്പോള് മനസിലെ തീ ആളിപ്പടര്ന്നു തുടങ്ങും. ഇടയ്ക്കിടെ ഫോണ് എടുത്തു നോക്കി ശൂന്യമായ സ്ക്രീന് നോക്കി നെടുവീര്പ്പിടും. പെട്ടെന്ന് ഫോണ് റിംഗ് ചെയ്യും, ചാടിപ്പിടിച്ചു നോക്കുമ്പോള് പുതിയ ഓഫറിനെ കുറിച്ച് പറയാന് ഏതെങ്കിലും ഒരു എജന്റ്റ്. ദേഷ്യത്തില് ഫോണ് കട്ട് ചെയ്ത് ഒരു മൂലയിലെക്കെറിയും. ചിതറിക്കിടക്കുന്ന ഫോണ് പാനലും ബാറ്ററിയും...
ഓഫീസില് എത്തി എന്ന് പറയാന്, തിരികെ വീട്ടില് എത്തി എന്ന് പറയാന്, ഉറങ്ങാന് പോകുന്നു എന്ന് പറയാന്, ഉണര്ന്നു എന്ന് പറയാന്, മിസ് യു എന്ന് പറയാന്, നിന്നെ ഓര്ക്കുന്നു എന്ന് പറയാന്, വിളിക്കൂ എന്ന് പറയാന്, അങ്ങിനെ ഒരുപാട് അര്ത്ഥങ്ങള് നെഞ്ചില് ചേര്ത്ത് വെച്ച് ഓരോ മിസ്ഡ് കോളും രണ്ടു ഹൃദയങ്ങളുടെ കഥ പറയുന്നു. എന്റെ ഹൃദയം നിന്നോട് പറയുന്നത് പോലെ.
ചിതറിക്കിടന്ന പാനലും ബാറ്ററിയും സിമ്മും കൂട്ടിയോജിപ്പിച്ച് ഫോണ് ഓണ് ചെയ്ത മാത്രയില് ഡിസ്പ്ളേ ഒന്ന് കൂടെ മിന്നി മറഞ്ഞു. 1 missed call. അത് നിന്റെതായിരുന്നു. Life is made of such small things like a missed call. ചുട്ടു പഴുത്ത മരുഭൂമില് പെയ്തു വീഴുന്ന മഴത്തുള്ളികള് പോലെ..
(Article by me appeared in Siraj on Nov 14, Sunday)
2010 ഡിസംബർ 14, ചൊവ്വാഴ്ച
സ്റ്റാര്‍ സിങ്ങറിനൊരു വൈല്‍ഡ് കാര്‍ഡ്
വലിയ പരിക്കൊന്നുമില്ലാതെ പാടുന്നവരെ സ്റ്റാര്‍ സിങ്ങര്‍ സീസന്‍ ഫൈവില്‍ ചുമ്മാ അലഞ്ഞു നടക്കുന്നുള്ളൂ എന്ന് ഏതുവക്കു പൊട്ടിയ കലത്തിനുമറിയാം (ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന് എടുത്തു പറയട്ടെ. അല്ലേല്‍ മഞ്ച് പിള്ളേര് വന്നുഎടുത്തിട്ടടിക്കും) എന്നിരിക്കെ, ഈ ചവിട്ടി പുറത്താക്കിയവന്മാരെ കൂടി വലിച്ചു കേറ്റുന്നത് എന്തിനാണ് എന്ന് മാന്യശ്രോതാക്കള്‍ ചിന്തിച്ചേക്കാം. മറ്റൊന്നും കൊണ്ടല്ല നിലവിലുള്ളവര്‍ ഗുണം കൊണ്ട് എസ് എം എസ് ഉണ്ടാക്കില്ല. എന്നാപിന്നെ എണ്ണം കൊണ്ടെങ്കിലും ഉണ്ടാക്കാം എന്ന് പ്രൊഡ്യൂസര്‍ ചിന്തിച്ചു പോയാല്‍ "അതിലെന്താശ്ചര്യം" എന്നാണുഅടിയന്റെ മനസ് പറയുന്നത്. പുള്ളിക്കാരനും ജീവിച്ചു പോവണ്ടേ.
ചവുട്ടി പുറത്താക്കുന്നതും വലിച്ചു കേറ്റുന്നതും ഒരു പുതുമയാണോ സാര്‍ എന്ന് ചോദിക്കരുത്..എനിക്കറിയാം..സമകാലീനകേരള രാഷ്ട്രീയ ചിന്താഗതികള്‍ ഈ വഴിക്കാണല്ലോ. ഒരു പാര്‍ട്ടി ചവിട്ടും മറ്റവന്‍ വലിക്കും. എന്നെ ഒന്ന് ചവിട്ടിയിരുന്നേല്‍പുറത്താകാമായിരുന്നു എന്ന് ചിന്തിക്കുന്ന ഘടാഘടിയന്‍മാരും ആരെങ്കിലും പുറത്തു വീഴുന്നുണ്ടോ ഒന്ന് വലിച്ചു കേറ്റാന്‍എന്ന് നോക്കി നാവും നീട്ടി ഇരിക്കുന്നവരും ആവശ്യത്തിനുണ്ട്. As is the king so is the people എന്നാണല്ലോമൂത്തൊരു പറയുന്നേ. അപ്പൊ പിന്നെ ഇങ്ങനെയുള്ള കൊശവന്മാര്‍ ഭരിക്കുന്ന നാട്ടില്‍ കാട്ടുചീട്ടല്ല കൊടുംകാട്ടുചീട്ടുകൊടുത്തു ആളെ കേറ്റിയാലും ദോഷം പറയാന്‍ ഒക്കുകേല. ഇതില്‍ ഒരു ഗുണമുള്ള കാര്യം ചവിട്ടുന്നതും വലിക്കുന്നതുംഒരേ പ്രസ്ഥാനമാണ് എന്നുള്ളതാണ്.
കാശ് ഇമ്മിണിയൊന്നുമല്ല വാരി പൊടിച്ചത്. അല്ലെങ്കില്‍ പാട്ടുകാര്‍ പോരാ എന്ന് നേരത്തെ തോന്നിയത് കൊണ്ടാണോആവോ, ഓരോരുത്തരെയും വീട്ടില്‍ ചെന്ന് കൊട്ടും പാടും ഗാനമേളയും ഒക്കെ ആയി വലിച്ചിഴച്ചു കൊണ്ട് വന്നത്. ഓരോളമായിക്കോട്ടേ എന്ന് കരുതിക്കാണും. പക്ഷെ വേലിയേറ്റം കൊണ്ടത് വേലിയിറക്കത്തിനു പോയി എന്ന് പറഞ്ഞാല്‍മതിയല്ലോ. പ്ലേബാക്ക് സിങ്ങറ(?)ടക്കം നിരന്നു നിന്നിട്ടും സംഗതി പ്രേക്ഷകര്‍ കൈവിട്ട മട്ടാണ്. അടിയനൊരു സ്ഥിരപ്രേക്ഷകന്‍ അല്ല എങ്കിലും. ഇതിനു മുന്‍പുള്ള സീസണുകളില്‍ അപ്പുറത്തെ മുറിയില്‍ എന്തേലും അപരാധംവായിച്ചോണ്ടിരിക്കുമ്പോള്‍, ഒറിജിനല്‍ ട്രാക്കിനെ വെല്ലും വിധം പാടുന്നവരുടെ സ്വരം കേട്ടു "ആരാ മമ്മി ആ പാടുന്നെ" എന്ന് ഞാന്‍ അറിയാതെ വിളിച്ചു ചോദിച്ചിട്ടുണ്ട്, അങ്ങിനെ പലരുടെയും പേരും അറിഞ്ഞിരുന്നു. ദൈവം സഹായിച്ചു ഈസീസണിലെ ആരും എനിക്കങ്ങിനെ ഒരു ബുദ്ധിമുട്ടുണ്ടാക്കിയില്ല. ആ വഴിക്കുള്ള ഹൃദയംഗമമായ നന്ദി ഇവിടെരേഖപ്പെടുത്തുന്നു. പേരെടുത്തു പറയാന്‍ ആരെയും വിട്ടു പോയതല്ല. പേരറിയാഞ്ഞിട്ടാ.
അധികം ദൂഷിക്കുന്നില്ല. അല്ലെങ്കില്‍ തന്നെ ഇനിയെന്ത് പറവാന്‍. Well, പറയാനുള്ളത് തുറന്നു പറയാമല്ലോ എന്തായാലുംനിങ്ങള് വൈല്‍ഡ് കാര്‍ഡു കൊടുത്തു കേറ്റുന്നുണ്ട്, എന്നാ പിന്നെ കൊള്ളാവുന്നവരെ കേറ്റിക്കൂടായോ? ഞാന്‍ പറഞ്ഞ്വരുന്നത് മ്മടെ പണ്ടത്തെ പിള്ളാരെ കുറിച്ചാ. സച്ചിതാനന്ദന്‍, റിതിക്ക്, സോമു, തുടങ്ങിയവരെയൊക്കെ അവരുംപുറത്തായവര്‍ തന്നെ ആണല്ലോ. കാര്‍ഡുകള്‍ കശക്കി നിരത്തുന്ന കൂട്ടത്തില്‍ ഇവര്‍ക്ക് കൂടെ കൊടുക്കുവാണേല്‍ സേഫ്ആയി സ്കൂട്ടെങ്കിലും ചെയ്യാം. കുറച്ച നാള്‍ കൂടെ ആയുസ് കാണും. അല്ലേല്‍ പിന്നെ ഒരു ഭയങ്കരമാന ഭയങ്കര വൈല്‍ഡ്കാര്‍ഡ് ഉണ്ടാക്കി വെച്ചോളൂ. ഈ പോക്ക് പോയാല്‍ ഉടനടി സ്റ്റാര്‍ സിങ്ങരിനെ മൊത്തമായി പ്രേക്ഷകര്‍ വീട്ടില്‍ നിന്നംഎലിമിനേറ്റുചെയ്യും. അപ്പോള്‍ സ്വന്തമായി ഒരു വൈല്‍ഡ് കാര്‍ഡ് ഉണ്ടെങ്കില്‍ അതും നിങ്ങള്‍ക്കൊരുപകാരമാകില്ലേ? എന്ന് ഒരു അഭ്യുദയകാംഷി. ഒപ്പ്. ശുഭം.
2010 മേയ് 13, വ്യാഴാഴ്‌ച
അബ്രയുടെ കൊഞ്ചലുകള്‍
ഞാന് ഈ കത്തെഴുതുമ്പോള് എന്റെ കൂടെ മെലിന്റ ഉണ്ട്. നാളെ അവള് ഫിലിപീന്സിലേക്ക് മടങ്ങുന്നു. അവളുടെ വിസയുടെ കാലാവധി അവസാനിക്കുകയാണ്. പെട്ടെന്നൊരു ജോലി നഷ്ടപെട്ടതിന്റെ ഷോക്ക്, മറ്റൊന്നു കിട്ടാത്തതിലുള്ള വേദന അതില് നിന്നൊക്കെ അവള് ഇപ്പോഴും മോചിതയല്ല എന്ന് തോന്നുന്നു. മുന്പൊക്കെ നിര്ത്താതെ കലപില കൂട്ടിയിരുന്ന അവള് ഇപ്പോള് കഴിഞ്ഞ ഒരു മണിക്കൂറായി ഈ ഓളപ്പരപ്പില് നോക്കി നിശബ്ദമിരിക്കുന്നു. മനസിലെ പൊള്ളല് യാതൊരു ആലന്കാരികതയുമില്ലാതെ അവള് പറഞ്ഞു നിര്ത്തിയത് ആ ഒരു മണിക്കൂര്‍ മുന്പാണ്. "Arun Im down " പിന്നീടുള്ള അവളുടെ നിശബ്ദമായ വരികള് മുഴുവനും ഏറ്റുവാങ്ങിയത് ഈ ഓളങ്ങളാണ്. അബ്രയുടെ ഓളങ്ങള്.
ദുബായ് എന്ന മഹാനഗരത്തിന്റെ തിരക്കില് ആരാലും അറിയപ്പെടാതെ തെന്നി നീങ്ങുന്ന എന്റെ ജീവിതത്തിലെ വെള്ളിയാഴ്ച്ചകളും അതിന്റെ സായന്തനങ്ങളും ഏറ്റവും അധികം അപഹരിച്ചു കൊണ്ട് പോയിട്ടുള്ളത് ഈ തീരമാണ്. മെലിന്റയും ഒരുപക്ഷെ ഇത് തന്നെ പറയും എന്ന് തോന്നുന്നു. അവള് എന്റെ സുഹൃത്തായതിനുശേഷം ഞങ്ങള് ഇവിടെ വന്നിരിക്കാത്ത വെള്ളിയാഴ്ചകള് നന്നേ കുറവാണ്. ഇവിടെയിരുന്നു പാടിതീര്ത്ത വരികള് എത്ര? ബ്രയാന് ആദംസിന്റെ പാടുകള് ഇഷ്ടപെടുന്ന അവള് വലിയ മെച്ചമല്ലാത്ത എന്റെ സ്വരത്തില് എത്ര തവണയാണ് Everything I do; I do it for you കേട്ടിട്ടുള്ളത്? അല്ലെങ്കില് തന്നെ ഏത് കഴുതയെക്കൊണ്ടും പടുപാട്ട് പാടിക്കാനുള്ള സൌന്ദര്യം ഈ തീരത്തിനുണ്ട്. ഈ അബ്രകളുടെ തീരത്തിന്.
നഗരത്തെ രണ്ടായ് പിളര്ന്നു പോര്ട്ട് റഷീദ് മുതല് രാസ് അല് ഖോര് വരെ നീണ്ടു കിടക്കുന്ന ദുബായ് ക്രീക്ക്. ചിലര് അബ്ര എന്ന് വിളിക്കുന്നു. ചിലര് ക്രീക്ക് എന്ന് വിളിക്കുന്നു. പേര് കൊണ്ടെന്തു വിളിച്ചാലും ഈ തീരം പറയുന്ന കഥകളെല്ലാം ഒന്ന് തന്നെ. ഇവളോട് പറയുന്ന കഥകളും ഒന്ന് തന്നെ. പറയുന്നവന്റെ ദേശവും ഭാഷയും മാത്രം മാറുന്നു. പിന്നെ വിളിപ്പേരുകളും. തെംസും യമുനയും നൈലും സെയിനും യുഫ്രാട്ടീസും എല്ലാം ഇപ്പോള് എനിക്ക് തീരമാണ്. ഒരു തീരത്ത് ബര്ദുബായ്. മറുതീരത്ത് ദേരയും. ഇതിനിടയില് ദൈവം കീറിയിട്ട പതിനഞ്ചു കിലോ മീറ്റര് ജലാശയം. അവളുടെ നെഞ്ചിലൂടെ താളമിട്ടു പായുന്ന അബ്രകള് എന്ന ചങ്ങാടങ്ങള്. ഒരു ദിറം കൊടുത്താല് അതില് കയറി ദേരയിലേക്ക് പോവാം. തിരികെ വരാനും അങ്ങിനെ തന്നെ. ഇറാനികളോ ബംഗാളികളോ നിയന്ത്രിക്കുന്ന ഈ ചങ്ങാടങ്ങളില് അധികവും യാത്ര ചെയ്യുന്നത് സാധാരണക്കാരാണ്. ചങ്ങാടം നിയന്ത്രിക്കുന്നയാളുടെ നിസംഗത യാത്രക്കാരിലേക്കും പടര്ന്നിരിക്കും.
ഒട്ടുമിക്കവരും ജോലി കഴിഞ്ഞു പോകുന്നവരാണ്. താരതമ്യേന ചിലവ് കുറഞ്ഞ ദേരയില് താമസിക്കനിഷ്ടപെടുന്ന ഇവരുടെ ജീവിതം ഈ രണ്ടു തീരങ്ങള്ക്കിടയില് പാഞ്ഞു തീരുന്നു. ഒരുപക്ഷെ അവരുടെ ആകെയുളള ഒരാശ്വാസം അബ്രകളില് തട്ടിതെറിക്കുന്ന ക്രീക്കിന്റെ ജലമര്മ്മരങ്ങളാണ്. അല്ലെങ്കില് ആ ഓളങ്ങളില് തട്ടാതെ അവരുടെ ചിന്തകള് നാട്ടിലേക്ക് പോവുന്നുണ്ടാവം. നോട്ടമെത്താത്ത ദൂരത്തെ ഓര്മ്മകള് നോട്ടമെത്തുന്ന തീരങ്ങളില് കണ്ട് നെടുവീര്പ്പുമായി മൂന്നോ നാലോ നിമിഷങ്ങള്. അവയ്ക്കിടയിലൂടെ മന്ദം നീങ്ങുന്ന വിനോദയാനങ്ങള്. രാത്രിയായാല് ഈ യാനങ്ങളിലെ വര്ണവിളക്കുകള് നല്കുന്ന നിറമാണ് ഇവളുടെ സൌന്ദര്യം. ഒന്നിന് പിറകെ ഒന്നായി അവ നെഞ്ചിലേറ്റി കൊണ്ട് പോവുന്ന വിനോദ സഞ്ചാരികള്. അബ്രകളില് തളംകെട്ടി നില്കുന്ന മൌനത്തിന്റെ നേരെ വിപരീതമാണ് ഈ യാനങ്ങള്. തുടര്ച്ചയായി അലയടിക്കുന്ന അറേബ്യന് സംഗീതം. ചിലര് അതിനൊപ്പം ചുവട് വെക്കുന്നു. Some dance to remember; some dance to forget. ഗര്ഹൂദ്, മക്തൂം, ബിസിനസ് ബേ, പൊങ്ങുപാലം തുടങ്ങിയ പാലങ്ങള് കടന്നു പോകുന്ന യാത്ര. ഇവിടെയാണ് എഞ്ചിനീയറിംഗ് വിസ്മയം എന്ന് ലോകം പറയുന്ന ഷിന്ടക ടണല് പാത.
കുറച്ചു ദൂരെ മാറി ഒരു പാക്കിസ്ഥാനി ഉറക്കെ ഫോണില് സംസാരിക്കുന്നു. അയാള് ഇടയ്ക് കരയുന്നുണ്ട്. ഒരാള് പരസ്യമായി ഫോണില് വിളിച്ചു കരയുന്ന കാഴ്ച ഞാന് ആദ്യമായി കാണുന്നതല്ല. ഇന്റര്‍ നെറ്റ് കഫെകളില്‍, ചെറിയ ഗള്ളികളിലെ നടപ്പാതകളില്‍, ഈന്തപ്പനയുടെ തണലരികില്‍ ഒക്കെ. ഇവിടെ ചിതറിതീരുന്ന ജീവിതങ്ങളുടെ ബാക്കിപത്രമാണ് ഈ നിറയുന്ന കണ്ണുകള്‍. അയാളുടെ ഓര്‍മ്മകളില്‍ ഒരു പക്ഷെ തന്റെ മകന്റെയോ മകളുടെയോ കുഞ്ഞു ചിരിയും പിണക്കവുമാകാം. ഒറ്റപെടലിന്റെ പരിഭവമാകാം. ഇങ്ങനെ ഒരുപാട് പരിഭവങ്ങള്‍ ഇത് ഭാഷയിലും ഭാവത്തിലും പറഞ്ഞാലും ചെറിയ കല്ലുകളിലും പടവിലും തട്ടിയുടയുന്ന വാക്കുകളില്‍ ഈ ഓളങ്ങള്‍ മറുപടി പറയുന്നു.
ഇവിടെ ഇരുന്നു തല പൂഴ്ത്തി വെച്ചു കരയുന്നവര്. നാട്ടിലേക്ക് വിളിച്ചു വിതുമ്പുന്നവര്. ഇവിടെ വെച്ച് തന്നെ പറഞ്ഞ പ്രണയത്തിന്റെ ചിതാഭസ്മം ഇവിടെ തന്നെ ഒഴുക്കുന്നവര്. മുനിസിപ്പാലിറ്റി നിയമങ്ങള് ശക്തമായത് കൊണ്ടാവാം കീറിപ്പറന്നൊഴുകുന്ന പ്രണയലേഖനങ്ങളും പടര്ന്ന മാഷിവാക്കുകളും കുറവാണ്. പക്ഷെ ഇവിടെയിരുന്നു പ്രണയിക്കുന്നവര് ഒട്ടും കുറവല്ല. തീരത്തോട് ചേര്ന്നുള്ള പടവുകളില് അവര് നിരന്നിരിക്കുന്നു. ചിലര്ക്ക് ഭാഷയുടെയോ ദേശത്തിന്റെയോ വിശ്വാസങ്ങളുടെയോ അതിര്ത്തികളില്ല.
ഇതിനിടയില്‍ ഞാന്‍ തല ഉയര്‍ത്തി മെലിന്റയെ നോക്കി. അവള്‍ ഇപ്പോഴും നിര്‍വികാരമായി കണ്ണുകളെ മേയാന്‍ വിട്ടിരിക്കുകയാണ്. ഇരുതീരത്തിലുമായി ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ അവളുടെ കണ്ണുകള്‍ അലഞ്ഞു നടക്കുന്നു. ജലതരംഗങ്ങലുണര്‍ത്തി വരുന്ന കാറ്റ് അവളുടെ മുടിയിഴകളെ അലോസരപെടുത്തുന്നു. കാറ്റില്‍ പടര്‍ന്നിരിക്കുന്ന പുകമണം ഇവിടുത്തെ സീഷേകളില്‍ നിന്നാണ്. ഹുക്ക പോലെയിരിക്കുന്ന സീഷേകളില്‍ നിന്നും പുകവലിച്ചിരിക്കുന്നവരാരും. നാട്ടിലെ വഴിയരികിലിരുന്നു ബീഡി വലിച്ചു തള്ളുന്നവരുടെ കൊച്ചു വര്‍ത്തമാനങ്ങള്‍ അനുസ്മരിപ്പിക്കുന്നില്ല. ആരും ആരെയും കേള്‍ക്കാതെ സ്വയം നിര്‍മിച്ച കൊച്ചു ലോകത്തിനുള്ളില്‍ നിന്നും പുക പുറത്തേക്കു തള്ളി കൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ ഇവിടം ശബ്ദമുഖരിതമല്ല. വഴി വാണിഭക്കാരുടെ ബഹളമൊഴിച്ചാല്‍..
“Arun let’s move”
മെലിന്റ ഒരു ഞെട്ടലില്‍ നിന്നെന്നത് പോലെയാണ് അത് പറഞ്ഞത്.
“Meli. A moment please. Few more lines to go”
"വെന്റ വാ" മലയാളത്തില്‍ പഠിച്ചു വെച്ചിട്ടുള്ള ചെറിയ വാക്കുകള്‍ ഇപ്പോഴും അവളെ കൊണ്ട് നന്നായി ഉച്ചരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ശ്യാം, നിനക്ക് ഞാന്‍ ഇനി പിന്നീടെഴുതാം. വിസിറ്റ് വിസയില്‍ ഇവിടെ എത്തി ജോലിതേടി അലയുമ്പോള്‍ ഒരല്പം ആശ്വാസം തേടി ഇവിടെ വന്നിരിക്കുന്നവരെ കുറിച്ച്, ഈ തീരത്ത് കൊഞ്ചി കളിച്ച്ചോടുന്ന കുഞ്ഞിക്കാലുകളെ കുറിച്ച്, ഇവിടെ വിടര്‍ന്നും പൊഴിഞ്ഞും തീര്‍ന്ന പ്രണയങ്ങളെ കുറിച്ച്, കൂട്ടുകൂടി വരുന്നവരുടെ കൊച്ചു വര്ത്തമാനങ്ങളെ കുറിച്ച്, പ്രവാസമൊഴിഞ്ഞു പോവുമ്പോള്‍ ഈ തീരത്തോട് യാത്ര പറയാനെത്തുന്നവരെ കുറിച്ച്...
ഇപ്പോള്‍ ഞാന്‍ ഇവളെ യാത്രയാക്കട്ടെ. ഇനിയൊരിക്കലും ഒരുപക്ഷെ ഇവളെ ഞാന്‍ ഇനി നേരില്‍ കാണില്ലല്ലോ. അടുത്ത വെള്ളിയാഴ്ച മുതല്‍ ഈ തീരത്ത് ഞാന്‍ തനിച്ചാണ്.
2010 ഏപ്രിൽ 1, വ്യാഴാഴ്‌ച
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിക്കുമ്പോള്‍...
അതു ഞാന് വില്‍ക്കാന് വെച്ചു.
വില്‍ക്കാനോ?
അതേ...നിങ്ങള്ക്ക് ഒരേ സമയം രണ്ടെണ്ണം വേണ്ടല്ലൊ.
വേണ്ടാ... പക്ഷെ നീയല്ലേ പറഞ്ഞതു രണ്ടണ്ണമുണ്ടെല് സമയലാഭാണെന്ന്?
ഇതിയാന് വീട്ടില് നില്ക്കുന്ന നേരം പണ്ടു ചെരട്ടാ കത്തിച്ചു ഒരാഴ്ചത്തേക്കുള്ളതു തേച്ചു വെക്കുമാരുന്നല്ലൊ. അന്നും സമയോക്കെ ഓണ്ടാര്‍ന്ന്...
അപ്പൊ ചിരട്ടപുകയടിച്ചു ഞാന് കറുത്തുപോകുമെടി. മേരിക്കുഞ്ഞിന്റെ ഭര്‍ത്താവിനെപ്പോലേ ഞാനും വെളുക്കണ്ടായോ?
ഓ...അതൊന്നമര്‍ത്തിത്തേച്ച് കുളിച്ചാ മതി കരിയങ്ങ് പോയ്ക്കോളും...പിന്നേയ് അവിടെ വെറുതെ നിക്കുവാണെല് ഇങ്ങടൊന്ന് വന്നേ...
എന്തോന്നിനാ?
ഇങ്ങു വാ മനുഷ്യാ...ഞാന് പിടിച്ചിട്ട് ഇതനങ്ങുന്നില്ല.
എന്റീശ്വരാ നീ നടുവുളുക്കാന് തന്നെ തീരുമാനിച്ചാണൊ..ഇതിപ്പോന്തിനാ ഈ അരകല്ല്?
നിങ്ങള്‍ക്ക് അരകല്ലില് അരക്കുന്ന ചമ്മന്തി ഇഷ്ടമാണെന്നു, മമ്മി പറഞ്ഞു.
യെപ്പാ?
അതൊക്കെ പറഞ്ഞ്...
പറഞ്ഞതൊക്കെയെനിക്കറിയാം...പക്ഷെ അതൊരൊന്നൊന്നരക്കൊല്ലം മുന്‍പല്ലെ? യെനിക്കണെങ്കി ഇപ്പൊ നിന്റെ മിക്സിച്ചമ്മന്തിയില്ലാതെ പറ്റുകേലാ..
നോക്കിനില്‍ക്കാതെ പിടിക്ക് മനുഷ്യാ..
നീയെന്റെ നടുവൊടിക്കും.
ആ അമ്മിക്കല്ലും ഒരകല്ലും കൂടിയിങ്ങട് അടുപ്പിച്ചോ?
കൊള്ളാം. ഇതും നീ വില്‍ക്കാന് പോവാണോ? എന്റമ്മൂമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാ ഇതൊക്കെ.
എന്നിട്ടാണോ ഇതൊക്കെ തൂത്തു തുടയ്ക്കാത്തത്?
എന്തൊ? നീ തന്നെയല്ലേ പറഞ്ഞത് ഇതൊക്കെ ഒള്ള സ്ഥലം കളയും വെല്ല ചായ്പു പൊരേലും കൊണ്ടിടാന്.. നിങ്ങള് പുരാണം പറയാതെ അതിങ്ങോട് നീക്ക് മനുഷ്യാ...
ശരി നീയും പിടിക്ക്...ഞാനൊറ്റക്ക് കൂടിയാ പോരില്ലാ..
പിന്നേയ്, പോകുന്നതിനു മുന്പ് പറമ്പില് കിടക്കുന്ന ഓല കൂടി ഇങ്ങു വലിച്ചിട്ടേരെ. ഇന്നെനിക്ക് അവധിയാ. ഒന്നു രണ്ടു ചൂലുണ്ടാക്കിയേക്കാം.
അതിനു പുറം തൂക്കാനുള്ള ചൂലു ഇവിടെ ഇരിപ്പുണ്ടല്ലോ?
ഇതകത്തു പെരുമാറാനാണിഷ്ടാ..
അതിനല്ലേ സുന്ദരമായൊരു വാക്വം ക്ളീനറുള്ളതു.
ഹോ അതിന്റെ ശബ്ദം കേള്ക്കുമ്പൊ എനിക്ക് പെരുത്തു വരും.
അതിനു ശബ്ദമില്ലല്ലൊ. ചെലപ്പൊ സൈലെന്സര് കേടായിക്കണും. മെക്കാനിക്കിനെ വിളിപ്പിക്കാം.
അതൊന്നും വേണ്ട. തല്‍ക്കാലം ചൂലുമതി.
കൊള്ളാം നല്ലത്. അപ്പൊ ഇനി ഏയ്റൊബിക്സിനും എക്സെര്സൈസിനും വേറേ കാശു കളയണ്ട.
പിന്നെ വൈകീട്ട് തടിമില്ലില് നിന്നും അറക്കപ്പൊടി വാങ്ങണം. കുറ്റിയടപ്പു വെറുതെ ഇരിക്കുവാ.
അറക്കപ്പൊടീല് പാമ്പ് കേറില്ലെടീ?
അതിനു വെള്ളുള്ളിയോ, കായമോ കലക്കിയൊഴിച്ചോളാം.
ഭിത്തീല് കരി പിടിക്കും..
സാരമില്ലാ
നിന്റെ മൊകം കരുവാളിക്കും..
ഞാന് സഹിച്ചു. കുറ്റിയടപ്പാണേല് ഏതുനേരോം തീ കാണും. ചോറോ കറിയോ ഇടക്കു ചൂടാക്കാമല്ലോ.
അതിനല്ലേയൊരു കിടുകിടിലന് ഓവനുള്ളത്?
അതെടുത്തു പെട്ടിയില് വെച്ചേക്കു. അത്യാവശ്യം വരുമ്പോ എടുക്കാം.
ശരി എന്നാ ഇനി വേറെ പണിയൊന്നുമില്ലല്ലോ. ഞാന് കുളിക്കാന് പോകുവാ..
എന്നാ കിണറ്റീന്ന് വെള്ളമെടുത്തോളു.
ങേ! അതെന്താ ടാങ്കില് വെള്ളമടിച്ചില്ലേ. മോട്ടോര് കേടായാ?
അതൊന്നുമല്ല. എല്ലാദിവസവും മോട്ടോര് അടിക്കുന്നതെന്തിനാ. അത്യാവശ്യത്തിനുള്ള വെള്ളം മാത്രം എടുത്താല് മോട്ടോര് വെച്ചു മൂന്നോ നാലോ ദിവസം കൂടുമ്പോ വെള്ളമടിച്ചാല് മതി. കുളിക്കാനും അലക്കാനും വണ്ടികഴുകാനും കിണറ്റിലേ വെള്ളം പോരെ.
മതി. അതു മതി.
എന്താ ആലോചിക്കുന്നേ?
അതല്ലേടീ...ഇതൊക്കെ പറയുന്നത് നീ തന്നെയാണോ അതോ സ്വപ്നത്തിലാണോ എന്നൊരു ഡൌട്ട്?
നിങ്ങള് കുണുങ്ങി നിക്കാതെ പോയിക്കുളിക്ക് മനുഷ്യാ...
അല്ലെടി ഒരുമനുഷ്യന് ഒറ്റ ദിവസം കൊണ്ട് ഇത്രേം മാറുമോ. എന്നു തുടങ്ങി ഈ രാജ്യസ്നേഹം?
എന്താ…?
അല്ലാ ഈ എനെര്ജി സേവിങ് ഹാബിറ്റ്.
ഓ..അതു സ്നേഹം കോണ്ടൊന്നുമല്ല.
പിന്നാ?
ഇതിയാന്റെ പേരില് ഇനി എടുക്കാന് ലോണ് ഒന്നും ബാക്കിയില്ലല്ലോ.
ഇല്ലാ
കറണ്ടുബില്ലടക്കാന് വായ്പ നല്കുന്ന സ്കീം ഒരു ബാങ്കും തുടങ്ങിയിട്ടുമില്ല.
ഓ ലങ്ങിനെ ഇപ്പ ടെക്നിക് പിടികിട്ടി...ന്നാലും ഈ കിണറ്റിലെ വെള്ളത്തിന്റ്യൊരു സുഖമേ...
ഉം...കാണും കാണും...
ന്നാലും ന്റെ ബാലന് മുപ്പാ ങ്ങട ബോഡിനെ ഞാന് നമിച്ച് ഒറ്റ ദെവസം കൊണ്ട് യെവളെ മാറ്റി കളഞ്ഞല്ലാ….
2009 ഡിസംബർ 2, ബുധനാഴ്‌ച
കൊച്ചീക്കാരുടെ പപ്പാഞ്ഞികള്

സാന്റാക്ലോസിനെ ഞങ്ങള് വിളിക്കുന്ന പേരാണ് പപ്പാഞ്ഞി. ഇതിന്റെ എതിമോളജി എന്തെന്നോ, ഏത് വഴിക്ക് ഈ പേരു വന്നെന്നോ വ്യക്തമായ ധാരണ എനിക്കില്ല. ക്രിസ്മസ് പാപ്പാ എന്നതിലെ പാപ്പായ്ക്ക് രൂപഭേദം വന്നതാണ് എന്ന് വേണമെങ്കില് അനുമാനിക്കാം. എന്തൊക്കെയായാലും കാലാകാലങ്ങളായി, സാന്റാക്ലോസ് ഞങ്ങ(ള്)ക്ക് പപ്പാഞ്ഞിയാണ്.
എല്ലാവര്ഷവും ഏകദേശം ഡിസംബര് 21, 22 ആകുമ്പോഴേക്കും ക്രിസ്മസ് പരീക്ഷ(Mid Term Exams)കഴിയും. അവസാനത്തെ പരീക്ഷ കഴിഞ്ഞ് സ്കൂളില് നിന്ന് വരുന്ന വഴി പപ്പാഞ്ഞിയുടെ മുഖം മൂടി വാങ്ങുക എന്നതാണ് ആദ്യത്തെ പണി. നാലോ അഞ്ചോ രൂപാ വിലവരുന്ന മുഖംമൂടി അന്പത് പൈസാ വീതം ഷെയറിട്ടാണ് വാങ്ങുന്നത്. അന്നു വൈകീട്ട് മുതല് തുടങ്ങുന്ന ക്രിസ്മസ് കരോളിനു വേണ്ടിയാണ് ഈ മുഖംമൂടി. വൈകീട്ട് ഏകദേശം 7 മണിയാകുന്നതോടെ കരോളിനു പോകാനുള്ള ടീം റെഡിയാകും. അനീഷ്, ഡെറിന്, റോബിന്, ശ്യാം, ഉണ്ണി, ആന്സി, ഡെയ്സി, ഡോട്ടന്, ഡെല്ഫി, സോജന്, സോണി, ജാസ്മിന്, എന്റെ അനിയന്, പിന്നെ ഞാന് അങ്ങീനെയൊരു കൂട്ടം. അമ്മമാരുടെ ആരുടെയെങ്കിലും കൈയില് ചുവന്ന നൈറ്റി കാണും. പപ്പാഞ്ഞി ആകാന് പോകുന്നവനെ അതാണ് ഉടുപ്പിക്കുന്നത്. വയറിന്റെ ഭാഗത്ത് തുണി ചുറ്റി വലിയൊരു ഉണ്ടയാക്കി വെക്കും. അതു പപ്പാഞ്ഞിയുടെ കൊടവയറാണ്. പിന്നെ ഒരു നീളന് വടിയില് കളര് കടലാസ് ചുറ്റി, വടിയുടെ ഒരറ്റത്ത് ബലൂണുകള് കെട്ടി വെച്ച് കൊടുത്താല് പപ്പാഞ്ഞിക്ക് ആവശ്യമായതെല്ലാം ആയി. ബാക്കിയുള്ളവര് വെല്ല കടുവായുടെയോ, നരിയുടേയോ, കുരങ്ങന്റേയോ മുഖം മൂടി വെക്കും. പിന്നെ പപ്പാഞ്ഞിക്ക് ജയ് വിളിച്ചും, ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയര് എന്ന് വിളിച്ച് കൂവിയും കരോള് തുടങ്ങുകയായി. സെര്വോ ഓയിലിന്റെ കാലി പാട്ടയോ പ്ലാസ്റ്റിക് ജഗ്ഗോ സംഘടിപ്പിച്ച് അതില് താളത്തില് കൊട്ടിയാണ് കരോള് നീങ്ങുന്നത്.
കരോള് എന്ന് പറയുമ്പോഴും, കരോള് ഗാനങ്ങള് കുറവായിരിക്കും. ആകെ അറിയാവുന്നത് "ജിംഗിള് ബെല്സ് ജിംഗിള് ബെല്സ് ജിംഗിള് ഓണ് ദ് വേ" എന്ന ഒറ്റ വരിമാത്രമാണ്. ബാക്കിയുള്ള പാട്ടൊക്കെ തുള്ളാന് പറ്റുന്ന തമിഴ് പാട്ടുകളാണ്. ഒപ്പം പാട്ടകൊട്ടും കൂടി ആകുമ്പോള് നല്ല ഹരമാണ് തുള്ളാന്. കുറച്ച് കൂടി അഡ്വാന്സ്ഡ് ആയവര് കൊള്ളാവുന്ന ഒരു ടേപ് റെക്കോര്ഡര് ഒക്കെ സംഘടിപ്പിക്കും. ഇങ്ങനെ ആര്പ്പുവിളിച്ചും പാട്ട് പാടിയും തുള്ളിയും ഓരോ വീടുകളിലുമെത്തുന്ന ക്രിസ്മസ് കരോളിനെ ഞങ്ങള് 'പപ്പാഞ്ഞിക്കളി' എന്നു വിളിച്ചു. സാധാരണ ഗതിയില് കരോളുമായി വരുന്ന സാന്താക്ലോസ് സമ്മാനങ്ങള് നല്കുകയാണ് പതിവ്. പക്ഷെ ഞങ്ങളുടെ പപ്പാഞ്ഞി അങ്ങിനെ അല്ല. കാശിങ്ങോട്ട് വാങ്ങും. ഒന്നോ രണ്ടോ പാട്ടു പാടി തുള്ളിക്കഴിഞ്ഞാല് പപ്പാഞ്ഞി വീട്ടുകാര്ക്ക് നേരെ തന്റെ പാത്രം നീട്ടും. പാത്രമെന്നു പറഞ്ഞാല് കാലിയായ ക്യൂട്ടികൂറാ പൗഡര് ടിന്നാണ്. അതിന്റെ അടിവശത്ത് പൈസ ഇടാന് പാകത്തിന് ഒരു വിടവ് ഉണ്ടാക്കി വെച്ചിരിക്കും. ആ വിടവിലൂടെ 50 പൈസ ഒരുരൂപാ തുട്ടുകള് വീട്ടുകാരിടും. അഞ്ചും പത്തും രൂപായിടുന്ന പണക്കാരുമുണ്ട്. ആ വീടുകളില് മൂന്നും നാലും പാട്ടുകള് പാടി തുള്ളുകയും ചെയ്യും.
രാത്രി ഒരു പത്ത് മണിയാകുന്നതോടെ പപ്പാഞ്ഞിക്കളി അവസാനിക്കും. അപ്പോഴേക്കും, വീടുകളില് നിന്നും ബോണസ് ആയി കിട്ടുന്ന അരിയപ്പം, അവലോസുണ്ട, ഉണ്ണിയപ്പം ഇതൊക്കെ കഴിച്ച് പപ്പാഞ്ഞിയുടെ കൊടവയറും ഞങ്ങളുടെ വയറും ഒരുപോലെ വീര്ത്തിരിക്കും. ഒരുദിവസം അന്പത് അറുപത് രൂപ വരെയൊക്കെയാണ് കളക്ഷന്. ക്രിസ്മസ് ദിവസത്തില് 100ഉം 150ഉം വരെയൊക്കെ കിട്ടാറുണ്ട്. എന്തായാലും ക്രിസ്മസോടെ പപ്പാഞ്ഞിക്കളി അവസാനിക്കും. ഒപ്പം ജീവനുള്ള പപ്പാഞ്ഞിയുടെ ഡ്യൂട്ടിയും. ഇനി വരുന്നത് ജീവനില്ലാത്ത പപ്പാഞ്ഞിയുടെ ദിവസങ്ങളാണ്. ഡിസംബര് 25 മുതല് 31 വരെ.
ക്രിസ്മസ് ദിവസം ഉച്ചയാകുന്നതോടെ എല്ലാവരും ഏതെങ്കിലുമൊക്കെ പറമ്പില് ഒത്തുകൂടും. പിന്നെ ഉണക്കപ്പുല്ല്, വൈക്കോല് എന്നിവയുടെ ശേഖരണമാണ്. വൈക്കോല് കുറച്ച് കൂടെ എക്സ്പെന്സീവ് ആണ്. ഒരു കെട്ടിന് മൂന്നുരൂപാ കൊടുക്കണം. ഒരുപാട് പുല്പ്പാടങ്ങളുള്ളത് കൊണ്ട് വൈക്കോലിന്റെ ആവശ്യം ശരിക്കും വരാറില്ല. ആവശ്യത്തിന് ഉണക്കപ്പുല്ലായിക്കഴിഞ്ഞാല് പിന്നെ അടുത്ത പണി അപ്പന്മാരുടെ പഴയ പാന്റ്സും ഷേട്സും സംഘടിപ്പിക്കലാണ്. കൊള്ളാവുന്ന ഡ്രെസ്സ് കിട്ടിക്കഴിഞ്ഞാല്, പിന്നെ വടികൊണ്ട് പപ്പാഞ്ഞിയുടെ സ്ട്രക്ചര് ഉണ്ടാക്കി അതിനെ ഷേട്ടും പാന്റ്സും ഇടുവിച്ച് അതില് ഉണക്കപ്പുല്ലും വൈക്കോലും നിറയ്ക്കും. നന്നായി ഒന്നു ഷേപ്പ് ചെയ്തു കഴിഞ്ഞാല് പപ്പാഞ്ഞി റെഡി. സംഭവം ഏകദേശം പാടത്ത് വെക്കുന്ന കോലം പോലെ ഇരിക്കും. പിന്നെ കൈയുറയും ഷൂവും മുഖംമൂടിയും കൂടെ അണിയിച്ചാല് പപ്പാഞ്ഞി സുന്ദരക്കുട്ടപ്പനാകും.
അടുത്ത ദിവസം രാവിലെ തന്നെ പപ്പാഞ്ഞിയെ ഏതെങ്കിലും ജങ്ഷനില് കൊണ്ടു വെക്കും. പിന്നെ പപ്പാഞ്ഞിപ്പിരിവാണ്. അതായത് പപ്പാഞ്ഞിയുടെ പേരിലുള്ള പിരിവ്. നമ്മുടെ പാര്ട്ടിക്കാരുടെ ബക്കറ്റ് പിരിവുപോലെ. ആ വഴി പോകുന്ന എല്ലാവരെയും തടഞ്ഞ് നിര്ത്തി കാശു വാങ്ങും. ചില ദുബായിക്കാര് ഷോ കാണിക്കാന് 50 രൂപാ വരെയൊക്കെ ഇട്ട ചരിത്രമുണ്ട്. അങ്ങിനെ ഡിസംബര് 31 വരെ ഈ പിരിവ് തുടരും.
ഡിസംബര് 31: അന്ന് മുഴുവന് ആഘോഷമാണ്. രാവിലെ തന്നെ പപ്പാഞ്ഞിക്കു ചുറ്റും തോരണങ്ങള് കൊണ്ടലങ്കരിക്കും. പിന്നെ ചെറിയ ചില മത്സരങ്ങള്. കളികള്. വൈകുന്നേരമാവുന്നതോടെ പപ്പാഞ്ഞിക്കളി, പപ്പാഞ്ഞിപ്പിരിവ് അങ്ങിനെയൊക്കെ കിട്ടിയ കാശുകൊണ്ട് ഒരു മൈക്ക് സെറ്റും ആംപ്ലിഫയറും വാടകയ്ക്കെടുക്കും. ആ സന്ധ്യ മുഴുവന് പിന്നെ പാട്ടും നൃത്തവുമൊക്കെയാണ്. മുതിര്ന്നവരും ഒപ്പം കൂടും. ചിലര് ക്രിസ്മസ് കേക്ക്, അവലോസുണ്ട, അച്ചപ്പം, വൈന് ഒക്കെ കൊണ്ടുവരും. ആ വര്ഷത്തെ ദുഃഖമൊക്കെ അപ്പോള് ഞങ്ങള് മറക്കും. അങ്ങിനെ നീണ്ട്പോകുന്ന ആഘോഷം രാത്രി പന്ത്രണ്ട് മണിവരെ.
ഇനി വിടപറയലാണ്.. കഴിഞ്ഞ് പോകുന്ന വര്ഷത്തോട്. അതിന്റെ പ്രതീകമായി കൂട്ടത്തില് പ്രമുഖനായ ഒരാള് പപ്പാഞ്ഞിക്ക് തീ കൊളുത്തും. കത്തിയമരുന്ന പപ്പാഞ്ഞിക്കൊപ്പം ഞങ്ങളുടെ ദുഃഖങ്ങളും എരിഞ്ഞടങ്ങും. പിന്നെ എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് പുതുവര്ഷം ആശംസിച്ച് പിരിയും. ഒരു പുതിയ വര്ഷത്തിലേക്ക്. ഇനി അടുത്ത ക്രിസ്മസ് കാലം വരെ ഞങ്ങളുടെ പപ്പാഞ്ഞിക്ക് വിട.
