-->

Followers of this Blog

കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഓഗസ്റ്റ് 27, ശനിയാഴ്‌ച

കുരിശിന്റെ വഴി

ആ വെള്ളിയാഴ്ച
കുരിശു ചുമക്കാൻ
അവരൊരു ക്രിസ്തുവിനെ
തിരയുകയായിരുന്നു

പടയാളികളും
ചാട്ടവാറുകളും
മുഖമൊപ്പാൻ
കീറിയൊരു തുണിയും
ഇടക്ക് വീണാൽ
കുരിശെടുക്കാൻ
ഒരു പകരക്കാരനും
തയാറായി നിന്നിരുന്നു

ആണികൾ
രാകി രാകി മിനുക്കി
രാത്രി തീരുവോളം
അവർ ക്രിസ്തുവിനെ
തിരഞ്ഞു കൊണ്ടേയിരുന്നു
പീഡാനുഭവം
പകർത്തിയെഴുതാൻ
വന്നവരും
ഉറക്കം ചടച്ച
കണ്ണുകൾ തിരുമി
കാത്തിരുന്നു

പക്ഷെ
തെല്ലുമാറി
ഒരു ക്രിസ്തു
കടന്നു പോയത്
അവരാരും കണ്ടില്ല
ഒരു തോളിൽ
പ്രേയസിയുടെ
മരവിച്ച  പിണ്ഡവും
മറുതോളിൽ പന്ത്രണ്ടു
വയസുകാരിയുടെ
കലങ്ങിയ കണ്ണുകളും
പേറി
അപ്പോളവൻ തന്റെ
കുരിശിന്റെ വഴി
പതിയെ നടന്നു
തീർക്കുകയായിരുന്നു

2015 നവംബർ 6, വെള്ളിയാഴ്‌ച

വിലയിടുന്നവർ

തളർന്നുറഞ്ഞു പോയ 
ഇമകളെ 
കൊളുത്തിന്റെ 
മുനയിലുടക്കി 
പിളർന്നു വെച്ചത് 
അവളുടെ 
നീട്ടി വിളിയാണ്
അപ്പോളവൾ 
പകുതി തുറക്കാൻ 
ബാക്കിയുള്ള 
ചില്ലിന്റെ നിഴലിൽ
അര മുറുക്കുകയായിരുന്നു
ചിറകുകൾ 
മടക്കി കെട്ടി വെച്ച 
തത്തയില്ലാതെ 
അവളെന്റെ 
ആയുർരേഖ 
വരക്കുമെന്നോർത്താണ് 
പേഴ്സിൽ ചില്ലറയുടെ 
കിലുക്കം പരതിയത്...
കനലുകളില്ലാത്ത
ചൂടിന്റെ 
കള്ളക്കഥയെഴുതിയ 
കടലാസവൾ 
നീട്ടുമെന്നോർത്താണ്
വാടിയൊരു നോട്ടിനെ
വിരലിനിടയിൽ 
ഞെരുക്കി വെച്ചത്
പക്ഷെ,
കറവീണ ചാക്കിന്റെ
വാ തുറന്നെന്റെ 
മുന്നിലേക്കിട്ട് 
അരയിൽ 
നിന്നൊരു പിടി 
നോട്ടുകൾ 
വാരിപിടിച്ചവൾ 
കണ്ണിൽ നീറുന്ന
പുകയെന്റെ 
നെഞ്ചിലേക്കൂതി പറഞ്ഞു:
"നിന്റെ സ്വപ്നങ്ങളുടെ
വിലയിടിവറിഞ്ഞീ
ചളുങ്ങിയ 
തകര പാത്രത്തിനൊപ്പം
നിന്നെ
വിലയിട്ട് വാങ്ങാൻ
വന്നവളാണ്
ഞാൻ"

2015 മേയ് 12, ചൊവ്വാഴ്ച

പിന്തുടർച്ച...

മരിച്ചയാൾക്ക്‌
ഉപചാരമർപ്പിക്കാൻ
ഫേസ്ബൂക്ക്
 പ്രൊഫൈലിൽ
ചെന്നതാണ്

വാക്കുകൾ
പിടിതരാതെ
നിൽക്കുമ്പോൾ
കണ്ണുകൾ
നീലിച്ചു തിണർത്ത
ഒരൈക്കണിൽ
തറഞ്ഞു നിന്നു
 "ഫോളോവ്ഡ്"

'നിങ്ങളെ ഞാൻ
പിന്തുടരുന്നു'

2015 മാർച്ച് 24, ചൊവ്വാഴ്ച

To South Africa (2015)

ഒരു മഴയിലൊഴുകി
ഒലിക്കും നിറങ്ങളിൽ
ലോകസ്വപ്നം
വരച്ചവരായിരുന്നു
അവർ,
മഴയുടെ
നിയമങ്ങളിൽ
പതറി വീണവർ,
നെഞ്ചിനടിയിൽ
ചതയുന്ന
പച്ചപ്പുല്ലിന്റെ
വേരിൻ വിടവിലൂടെ
സ്വപ്നങ്ങൾ
ചോരുന്നത്‌
നോക്കി നിന്നവർ...

പെയ്യുവാനിരു
മിഴികളിൽ
ഒരു മേഘം കൂടി
തങ്ങി നിൽക്കേ
ഇനിയവർ കാണുന്ന
സ്വപ്നങ്ങൾക്ക്‌
ഒരു നിറം മാത്രം
ഇനിയും
നിർവ്വചിക്കാത്ത
മഴയുടെ നിറം
മാത്രം

2014 ഡിസംബർ 10, ബുധനാഴ്‌ച

ഡിസംബറിലെ മഴ

ഇരുട്ടിനെ മേയിച്ച്
കുന്നിന്‍ മുകളില്‍
കാവലിരുന്ന
ഇടയച്ചെറുക്കന്‍റെ
നക്ഷത്ര വിളക്കുകള്‍
തകര്‍ത്തെറിഞ്ഞ്
ഇന്നലെ രാത്രി
ഒരു മഴ പെയ്തു
ഡിസംബറിലെ മഴ

തുലാവര്‍ഷത്തിന്‍റെ
നെഞ്ചിടിപ്പുകള്‍ 
പൊട്ടിത്തെറിക്കുന്നത്
പോലെ
കാതിനു തൊട്ടരികില്‍
പെരുമ്പറകള്‍ കൊട്ടി
ഇവിടെയൊരു രാത്രി
മഴ പെയ്തു
ഡിസംബറിലെ മഴ

2014 ഒക്‌ടോബർ 7, ചൊവ്വാഴ്ച

രണ്ടാം പ്രണയത്തിൽ

മരിക്കാത്തവരില്‍
ഒന്ന്...
ഓര്‍മ്മകളെന്ന്!

"പിരിയുക നാ"മെ-
ന്നിരുവാക്ക്‌ കൊണ്ട് നീ
കീറിപറിച്ചൊരു
ഹൃദയത്തി-
നരികുകളില്‍

2014 സെപ്റ്റംബർ 22, തിങ്കളാഴ്‌ച

കോടി സ്വപ്നം

ആറുകോടിയുടെ സ്വപ്നം
പലതുണ്ടുകളായ്‌
കീറിയിട്ടടത്ത്‌
നിന്നുതന്നെ
രണ്ടുകോടിയുടെ സ്വപ്നം
പൂവിടുന്നു.
സ്വപ്നത്തിൽ നിന്നും
സ്വപ്നത്തിലേക്കുള്ള ദൂരം
ഓണത്തിൽ നിന്നും
പൂജയിലേക്കും

2014 സെപ്റ്റംബർ 18, വ്യാഴാഴ്‌ച

ശലഭം ചിലന്തിയോട്‌


ഞാൻ ചിറകടിച്ചു
വരുന്ന വഴിയുടെ
വളവുകളിലൊന്നിൽ
കൊമ്പുകൾ
ചേർത്തു കെട്ടിയ
വലവിരിച്ച്‌
നീ കാത്തിരിപ്പുണ്ടെന്നും
എന്റെ ചിറകതിലൊട്ടുന്ന
നിമിഷം മുതൽ
നിന്റെ ദന്തമുനകൾ
എന്നിലാഴ്‌ന്നിറങ്ങുമെന്നും
എനിക്കറിയാം

2014 സെപ്റ്റംബർ 8, തിങ്കളാഴ്‌ച

എന്റെ മകനോട്


നിലാവിൽ നീ
സ്നേഹത്തിൻ
കുളിർമ്മ കാണുക
നിലവിളക്കിൽ
സത്യത്തിൻ പ്രഭയും
തിരിയെരിയുന്നതിൽ
ഉരുകുന്ന ത്യാഗവും

2013 ജനുവരി 31, വ്യാഴാഴ്‌ച

പട്ടിണി മരണം

ജീവന്റെ ഗന്ധം ചോര്‍ന്നു
തീര്‍ന്നോര്‍മ്മകള്‍
വരി തീര്‍ന്നു വഴിയില്‍
മരവിച്ച പ്രണയം
പേന തുമ്പിന്‍ ചവിട്ടേറ്റ് വാടിയ
പനിനീര്‍ ദലങ്ങളും
നിന്റെ ചുണ്ടുകളിലെ
വാകമര ചോപ്പും
കണ്ണനും രാധയും
ചതിയും മഴയും
മഞ്ഞിന്റെ വരകളും

2012 മേയ് 4, വെള്ളിയാഴ്‌ച

നിഴലില്ലാത്തവര്‍

നിഴല്‍ വിട്ടു പോയവരുടെ
യാത്രയാണിത്
ഒരു മരത്തണലില്‍
ഉറങ്ങിയുണരും മുന്നേ
ഹൃദയത്തിലൊരു കുഞ്ഞു
മുറിവിന്റെ വിടവിലൂടെ
നിഴല്‍ ചോര്‍ന്നു
പോയവരുടെ
യാത്രയാണിത്...

ഒരു രാത്രി വിട്ടുണരുന്നത്,
ഒരു തോളില്‍ പരതി
നോക്കുന്നത്..
നിഴല്‍ തേടിയെങ്കില്‍,
ഓര്‍ക്കുക...
നിഴല്‍ വിട്ടു പോയവരുടെ
യാത്രയാണിത്

പിന്നിലെക്കൊരു കണ്ണ്
നീട്ടി തിരയുന്നത്
തിരികെ നടക്കുവാന്‍
കഴിയാത്ത വഴിയും
ചിതലുകളരിക്കുന്ന
കാലടികളുമെങ്കില്‍
ഓര്‍ക്കുക
നിഴല്‍ ചോര്‍ന്നു
പോയവരുടെ
യാത്രയാണിത്..

ഇവിടെ എല്ലാവര്‍ക്കും
ഒരേ ചരിത്രം
മനുഷ്യന്‍
ഏകനായിരുന്നെന്ന
ആദിമ ചരിത്രം
നിഴല്‍ ചോര്‍ന്നു
പോയവരുടെ
ചരിത്രമാണത്...

2011 ഒക്‌ടോബർ 20, വ്യാഴാഴ്‌ച

വിളിക്കാത്തവന്റെ സദ്യ

കല്ലിന്റെ ഹൃദയം
തുളക്കുന്നൊരുച്ചയുടെ
പൊള്ളുന്ന മണമാണ്
എന്റെ വിശപ്പ്‌...
എച്ചിലുറങ്ങുന്ന
കീറിലക്ക് മുകളില്‍
വട്ടമിടുന്ന കാക്കളുടെ
ചിറകടിയാണ്
എന്റെ ദിശ...

***

തോരനില്‍ പുകയുടെ
നീറുന്ന മണമെന്നൊരു തള്ള,
എന്നെ തുറിച്ചൊരു
കണ്ണുമായരികിലൊരുണ്ണി,
ഇലയില്‍ വെള്ളം തളിക്കാന്‍
മറന്നു മുഷിഞ്ഞ ഞാന്‍,
ഇരുമ്പ് മേശയുടെ
നാലാം കസേരയില്‍
ഇനിയുണ്ടൊരാള്‍.
തവിയില്‍ തുളുമ്പുന്ന
മോരിന്റെ കൂടെ
"ആരെന്ന നോട്ടം"
വിളമ്പുന്നവര്‍.
വിളിക്കാതെ വന്ന്
ഇല നിവര്‍ത്തുന്നവന്
ഇനി വരാനുള്ളത്
പുച്ഛമാര്‍ന്നൊരു
ചിരിയാണ്.

***

വാരി വലിച്ചെന്റെ
വിശപ്പിനെയൂട്ടവേ
ഊര്‍ദ്ധനാളങ്ങളില്‍
ഇരച്ചു കയറിയൊരു
വറ്റ്...
നെറുകില്‍ തട്ടി
തടയും മുന്നേ
തൊണ്ട പൊട്ടിച്ചു
ചാടിയ ചുമ...
പാതിയരഞ്ഞ വറ്റും
ചാറിന്റെ മഞ്ഞകറയും
ചിതറി വീണിടം
നാലാമന്റെ മുണ്ടാണ്...
കണ്ണില്‍ നിന്നാര്‍ത്ത്
പറന്നയീച്ചകള്‍
കരണം പുകയുന്ന
തഴമ്പു നീറ്റലും.

***

ചൂഴ്ന്നിറങ്ങുന്ന
കണ്ണുകള്‍ക്കിടയില്‍
തലതാഴ്ത്തി
നടന്നിറങ്ങുന്നവനെ
കണ്ണില്‍ കൊളുത്തി നീ
പിടയരുത്...

ഇവിടെ ഞാനുമെന്‍
ഇരമ്പുന്ന വിശപ്പുമൊഴികെ
എന്നെ അറിയുന്നവര്‍
ആരുമില്ല;
ഇവിടെ ഞാന്‍
സഹതാപമേറ്റ്
വാങ്ങുന്നോ-
രപമാനിതനുമല്ല;

ഉച്ചയുടെ പൊള്ളല്‍ പോല്‍
കല്ല് തുളക്കുന്ന
വിശപ്പിന്റെ ഗന്ധ-
മുള്ളൊരാള്‍ മാത്രം...

2011 സെപ്റ്റംബർ 14, ബുധനാഴ്‌ച

ഒറ്റുകള്‍ക്കപ്പുറം കവിതയുണ്ടാകുന്നു...

നിന്റെ മൌനത്തിന്
മൂര്‍ച്ഛയുണ്ടെന്നും
വാക്കിനതിരുകള്‍
തീരുന്നിടം മുതല്‍
എന്റെ നെഞ്ചതില്‍
കൊത്തിപ്പറിയുമെന്നു-
മറിഞ്ഞപ്പോഴാണ്
കവിതയില്ലാതെ
ഞാന്‍ കവിയായത്‌

ഒരു ചുംബനം കൊണ്ട്
നീ പൂക്കുമെന്നും
റാന്തലിന്റെ കരി
പടര്‍ന്ന ചുവപ്പ്
നിന്‍ കവിളില്‍ കലര്‍ന്നത്
പ്രണയമാണെന്നും
നരച്ചൊരു സന്ധ്യയുടെ
ചിതറിയ മഴയില്‍
ഒറ്റപ്പെടലിന് നീ
ചുംബനമില്ലാതെന്നെ
ഒറ്റുകൊടുത്തത്‌
വിരഹമെന്നും
പകര്‍ത്തിയെഴുതി
ഞാന്‍ കവിയായത്‌...

ഇന്ന്...
വരിയും വരയും
മുറിഞ്ഞിവിടെ
ഇടനാഴിയില്‍ ഞാന്‍
ചാഞ്ഞിരിക്കുമ്പോള്‍
ഇനിയുമെന്‍ ഹൃദയം നീ
നെടുകെ പിളര്‍ത്തുക
വാക ചുവപ്പ്
മിഴികളിലാഴ്ത്തി
ഉറക്കെ ചിരിച്ചെന്നെ
ഒറ്റിക്കൊടുക്കുക

ഇനിയെന്നിലൊരു കവി-
യെഴുതി തുടങ്ങുവാന്‍
ഒരു മഴ കൂടി
തനിയെ നനയണം
മഴ നനഞ്ഞിരുളി-
ലുറക്കെ കരയണം
രാത്രിയുടെ
വാരിയെല്ലുകള്‍
ഞെരിയുന്ന കലമ്പല്‍
തീരും മുന്‍പ്‌
കനലുകള്‍ കൊണ്ടെന്നെ
പൊള്ളിക്കുവാനും
മുറിവില്‍ കണ്ണുനീ-
രിറ്റിച്ചു നീറ്റാനും
എന്നെ വീണ്ടുമൊരു
കവിയാക്കുവാനും
ഒരിക്കല്‍ കൂടിയെന്നെ
നീ
ഒറ്റുകൊടുക്കുക.

2011 ജൂലൈ 12, ചൊവ്വാഴ്ച

ജനിക്കാനൊരിടം

ജോസഫ്‌
നീ എവിടെയാണ്?

ഇവിടെ തിരഞ്ഞ
വീടുകള്‍ക്കൊന്നും
തുറക്കാന്‍പറ്റുന്ന
വാതിലുകളില്ല.
ഒരിടയന്റെ ഗുഹ വേണം
കാലിയുടെ കച്ചയും,
അവളുടെ വേദനയില്‍
ഞാനും പുളയുന്നു.
ദൈവമേ!
ഞാനിവിടെയാണ്...

ജോസഫ്‌!
നീ എവിടെയാണ്?

ഒരിടയന്റെ ബോഗിയില്‍...
ആടിയുലയുന്ന
ഇരുമ്പിന്റെ
മണമുണ്ടിവിടെ
താഴേ തുറക്കുന്ന
ചെറു വാതിലുണ്ട്...
ഇവിടെയവള്‍
പേറ്റുനോവിറക്കുന്നു
ദൈവമേ!!
ഞാനിവിടെയാണ്...


ജോസഫ്‌!
നീ എവിടെയാണ്?


ഇരുമ്പിന്‍മണമുള്ള
പാളത്തിനരികില്‍..
വാല്‍നക്ഷത്രവും
ജ്ഞാനികളും കാണാതെ
ഇവിടെയിന്നലെ
യേശു പിറന്നു.
പാഞ്ഞു വരുന്നത്
പുക തീര്‍ന്ന വണ്ടിയുടെ
ചൂളം വിളിയാണ്.
ദൈവമേ!!
ഞാനിവിടെയാണ്.


(ട്രെയിനിലെ
കക്കൂസ്ദ്വാരത്തിലൂടെ ട്രാക്കില്‍വീണ ചോരക്കുഞ്ഞിന്)

2011 ജൂൺ 20, തിങ്കളാഴ്‌ച

രാധയും വേടനും

അക്രൂരതേരേറി പായുന്ന
കണ്ണന്റെ പിന്നാലെ
പാഞ്ഞൊരു
രാധ...
വേടന്റെ മടിയില്‍
തലചായ്ച്ചുറങ്ങുമ്പോള്‍
മുടികീറി പായുന്ന
വിരലുകള്‍
ശിലപോല്‍
പരുത്തതെന്ന്!!

രാധേ!, വില്ലോട്
ഞാണ് വലിച്ചറ്റം
മുറുക്കുന്ന വിരലിത്‌
വേണുവൂതുന്ന
കാറ്റിന്‍റെ കുളിരല്ല;
രാധേ! വില്ല് കുലക്കുവാന്‍
വിരലോട്
മുന ചേര്‍ക്കും
പരുപ്പതില്‍
വെണ്ണ വീണുടയുന്ന
മൃദുവാക്കുമില്ല.

വേടാ! മോഷ്ടിച്ച
ചേലപോല്‍ മൃദുലമാ-
പ്രണയവും കണ്ണന്റെ
വിരലുകളും
വേടാ! കാണുന്ന
മയിലിന്‍റെ നെഞ്ചിലേ-
ക്കിരുതല മൂര്‍ച്ഛയുടെ
ശരമെയ്യുക
പീലി പറിച്ചു നിന്‍
വിരലില്‍ കൊരുക്കുക
മൃദുവായ് തഴുകിയെന്‍
പ്രണയമുണര്‍ത്തുക.

രാധേ! കാലില്‍
ശരമേറ്റു
വീണമയിലിതിന്‍
ഒറ്റപ്പീലിയെന്‍
വിരലില്‍ കൊരുത്തത്
രാധേ! ഇത് നിന്റെ
പ്രണയം തന്നെയോ?

മുനമുറിപ്പാടില്‍
പരക്കുന്ന ചോര
തൊട്ടതിന്‍ മണം
പാര്‍ത്ത് രാധ
"കണ്ണാ! ഇത് നിന്‍റെ
പാദങ്ങളല്ലയോ"

2011 ജൂൺ 15, ബുധനാഴ്‌ച

എന്റെ മഷിക്കുപ്പി

കഴുത്തറ്റം പൂണ്ട്

മണ്ണില്‍

വറ്റിയ പൊട്ട-

കുളത്തിന്റെ നെഞ്ചില്‍ നി-

ന്നടര്‍ത്തി മാറ്റിയ

ബ്രില്ലിന്റെ കുപ്പി.



കാരം കലക്കിയ

വെള്ളത്തിലിട്ട്

നീ ജ്ഞാനസ്നാനം കൊണ്ടത്‌

പെന്‍സിലക്ഷരങ്ങള്‍

മാഞ്ഞ കാലത്ത്‌.



ആറുരൂപക്കപ്പന്‍

അരിക്ക് തികയാതെ

അമ്പതു പൈസക്ക്

വിലയിട്ട നീലത്തിന്‍

കൂടാണ്

അക്ഷരത്തിന്

നിറം നീലയാണ്

എന്ന് പറഞ്ഞത്‌



തിളച്ച കലത്തില്‍

അരിവാരിയിടും മുന്‍പ്‌

അമ്മ കോരിമാറ്റിയ

ഒരു ഗ്ലാസ് വെള്ളത്തില്‍

നീലമലിഞ്ഞ

നാറാത്ത മഷിയാണ്

എന്റെ കയ്യക്ഷരവും

യൂണിഫോമിന്റെ

നരച്ച നീലിമയും.



ഒന്‍പതാം ക്ലാസിന്റെ

പടിയില്‍ തട്ടി

കഴുത്തൊടിഞ്ഞ

മരണം വരും വരെ

ചിതലുകള്‍ കൂടി

കുടിയവകാശം

എഴുതിയ

പലകകെട്ടു മേശയില്‍

എന്റെ വരികള്‍ക്ക്

കൂട്ടിരുന്നതാണ്

എന്റെ മഷിക്കുപ്പി.

2011 ജൂൺ 8, ബുധനാഴ്‌ച

ഉസ്കൂള്‍ ഓര്‍മ്മകള്‍

എന്റെ പേര്
---------------------

ഹാജര്‍ ബുക്കില്‍
ടീച്ചറിന്റെ കണ്ണ്
താഴുമ്പോള്‍
ഞാന്‍ തിരയുന്നത്
എന്റെ പേര്

സൌജന്യപുസ്തക
യൂണിഫോം ലിസ്റ്റില്‍
തിരയുന്നതെന്റെ പേര്

കഞ്ഞിയിലെ വറ്റിനെ
വിരലാല്‍ തിരുമി
പശ ചേര്‍ത്ത
നെയിം സ്ലിപ്പില്‍
എന്റെ പേര്

മെയ്‌മാസത്തില്‍
ചൂടിറങ്ങുമ്പോള്‍
ജയിക്കാന്‍ തിരയുന്നത്
എന്റെ പേര്

ഫീസടക്കാനുള്ള
അവസാനതീയതിയില്‍
ഞാന്‍ തിരയാതിരുന്നതും
എന്റെ പേര്

പിന്നെയൊരു
രണ്ടക്ക റോള്‍ നമ്പറിനു
വഴിമാറിയതും
എന്റെ പേര്.


ലീവ് ലെറ്റര്‍
------------------

സിന്‍സ്‌ ഐ വാസ്‌...

മഴയെ മറയാക്കിയത്
ഇല്ലാത്ത പശുവിന്റെ
കൊമ്പിനെ പേടിച്ചത്
ഉണങ്ങിയ യൂണിഫോം
വീണ്ടും നനച്ചത്
അമ്മൂമ്മമാര്‍ വീണ്ടും
വീണ്ടും മരിച്ചത്‌...
വയറിയാതെ
വയറു വേദനിച്ചത്..

അമ്മയുടെ കയ്യൊപ്പ്‌
മോഷ്ടിച്ച് മടിയുടെ
ലീവുകള്‍ മായ്ക്കാന്‍
കത്തെഴുതിയത്‌.


കഞ്ഞിപ്പുര
_________________

താഴെയൊരു കാര്‍മേഘ
പടലം നിറച്ചു
പുകയുന്നൊരു പുര
വടക്കത്തെ മൂലയില്‍

പാതിവെന്തുടയാത്ത
പുഴുക്കല്‍ ചോറിനു
പൂഴിവെന്ത
മണമാണ്

എരിവില്ല; രണ്ടു-
ണക്ക മുളകിന്റെ
കഷണം, ഉപ്പില്‍
കുതിര്‍ന്നത്
പയറിന്റെ ഗന്ധം

രണ്ട് ബക്കറ്റാഴത്തില്‍
മുങ്ങാംകുഴിയിട്ട്
പരതിവറ്റുകള്‍
തീര്‍ത്ത വിശപ്പാണ്
ഈ പുരയുടെ
ചരിത്രം


മോഷണം
-------------------

ഒരടയ്ക്ക
ചുവന്ന തൊലിക്ക്
ആറു നാരങ്ങ മുട്ടായി
ഉണങ്ങിയ തൊലി
ക്കഞ്ചു കടലാസ് മുട്ടായി

കല്ലേറ് ദൂരത്തി-
നപ്പുറം കൊലുന്നനെ
തൂങ്ങിയാടുന്ന
കവുങ്ങിന്‍ കുലകള്‍
കല്ലെത്താതെ മടങ്ങിയ
മോഹം പോല്‍
ചില്ല് കൂട്ടിലെ
മുട്ടായി നിറങ്ങള്‍

ഇക്കടക്ക് മുന്നില്‍
നിരത്തിയോ-
രടക്കാ മണികള്‍
മോഷ്ടിച്ചതിന്
നിങ്ങളുടെ കടയില്‍
തന്നെ വിറ്റതിന്.
ദാമു ചേട്ടനോട്
മാപ്പര്‍ഹിക്കുന്ന
മോഷണത്തിന്‍
ഏറ്റു പറച്ചില്‍..


ബൈനോക്കുലര്‍
-------------------------

നിനക്ക് പകുത്ത് വെച്ച
ബ്ലോക്കിലേക്ക് നട്ട്
നാല് കണ്ണുകള്‍
രണ്ടെണ്ണമെന്റേത്
രണ്ടെണ്ണം പെരുന്നാള്‍
പറമ്പില്‍
ഞാന്ന് കിടന്ന
ബൈനോക്കുലറിന്റെ.

തുടയും ലെന്‍സിന്റെ
കണ്ണും പൊട്ടിച്ചു
നിന്നിലേക്കുള്ള ദൂരം
അളന്നു കൂട്ടിയത്‌
ടോമിസാറിന്റെ ചൂരലും
ജീവശാസ്ത്രത്തിന്റെ
സമവാക്യങ്ങളും

2011 ജനുവരി 28, വെള്ളിയാഴ്‌ച

ഇരുട്ടിന്റെ കവിത

എനിക്ക് നിറമില്ലായിരുന്നു
നീ എന്നെ കറുപ്പെന്നു വിളിച്ചു.
എന്റെ നെഞ്ചില്‍
വിരല്‍ ചൂഴ്ന്നു വെച്ച്
നിന്റെ കുഞ്ഞുങ്ങള്‍
ചോറുരുളയുണ്ടു,
മറുതയും ഭൂതനും കരിങ്കണ്ണനും
ഒടിയനും ചാത്തന്റെ
കല്ലേറും സാക്ഷികള്‍...

ചോരയൂറ്റാന്‍ അലഞ്ഞൊരു യക്ഷി,
ചോരന്‍, മനസാക്ഷി
വേരറ്റു പോയവന്‍, കണ്ണില്‍
ചോര വരണ്ടവര്‍,
അപഥ സഞ്ചാരിണി,
അറിവ് തീണ്ടാത്തവന്‍,
പേറ്റു നോവറിയാത്ത
എന്നെ മുന്‍ നിര്‍ത്തി
ഇവരെന്റെ മക്കള്‍.
'ഇരുളിന്റെ മക്കളെ'-
ന്നെഴുതി നീ വെച്ചു.

സത്യം...

മരവും മതിലും
ഭൂമിയുടെ പാതിയും
നിഴലും മറയും തട്ടി-
യുടഞ്ഞും പോം വെട്ടം
തോറ്റു മടങ്ങിയ
വഴിയില്‍ പരന്നതാണീ
കറുപ്പതില്‍ തെല്ലുമേയില്ല
എനിക്കേത് പാപവും.

എങ്കിലും...

മരണത്തില്‍ ഗന്ധവും
ഭീതി തന്‍ സ്പര്‍ശവും
ശാപം തിറകെട്ടിയാടിയ
താളവും
എന്റെ നെഞ്ചില്‍ നീ
പതിപ്പിച്ചു വെക്കുക

പകരം...

ഈയിരുളിന്‍ കുളിര്‍മ്മയും
എന്നില്‍ പെയ്യുന്ന
രാ മഴയുടെ തണുപ്പും
രാവിന്റെ ലാവണ്യ-
മെഴുതിയ കവിതയും
എന്‍ നെഞ്ഞത്ത് നീ ചേര്‍-
ന്നണയും മയക്കവും
അളവ് കോല്‍ വെക്കാതെ
നീ അടര്ത്തീടുക

പിന്നെ

മണ്ണെണ്ണ തിരി വെച്ചെന്‍
രാത്രിയെ തോല്പിച്ച
നിന്‍ വീരഗാഥകള്‍ നീട്ടി കുറച്ചു നീ
ചാരുകസേരയില്‍ നന്നേ ഞെളിയുക

2011 ജനുവരി 23, ഞായറാഴ്‌ച

സ്വാതന്ത്രമെന്നത്!!!

പിറന്നിറങ്ങിയ
ഗര്‍ഭപാത്രം
അവരുടേത്!

പഠിച്ചിറങ്ങിയ
വാക്കുകള്‍
അവരുടേത്
വിശ്വസിച്ച ദൈവം
അവരുടേത്

ജനായത്ത വിധിയും
സ്വാത്രത്തിന്റെ രുചിയും
അവരുടേത്

മുന്നില്‍ നിരക്കുന്ന
യാഥാര്‍ത്ഥ്യങ്ങളെ ഭയന്നു
എന്നിലേക്ക് ഞാന്‍
കണ്ണുകള്‍ മൂടവേ,

ഇരുട്ടില്‍
ഞാനടയിരുന്ന
ചിന്തയുടെ കുന്തമുനകളില്‍
ഹൃദയം മുറിഞ്ഞു
വെളുത്ത
കടലാസിനു മുകളില്‍
ഈര്‍ഷ്യയുടെ രക്തപാടുകള്‍
ജല്പനങ്ങളെ മണത്ത
ഉപ്പിന്റെ കണ്ണീരും
ചവര്‍പ്പാര്‍ന്ന വിയര്‍പ്പും
കീറിക്കളഞ്ഞ
തുണ്ടുകളില്‍
കവിതയില്ലായിരുന്നു.

ശ്യാം ചോദിച്ചു
"എന്തോന്നു ആവിഷക്കാര സ്വാതന്ത്ര്യം?
എഴുത്തെല്ലാം
അവനവന്റെ സീയൂസിന്"

*കോക്കസസ് മലയില്‍
നിന്നു കഴുകന്മാര്‍
എന്റെ കരളും കൊത്തി
പറന്നകന്നു.

*എപ്പിതാഫ്:

"ഞങ്ങള്‍ ക്ഷീണിതരാണ്
ബന്ധിതരല്ല!"


* കൊക്കാസസ്: ഇവിടെയാണു പ്രൊമിത്യൂസിനെ ബന്ധിതനാക്കിയതെന്നു ഐതീഹ്യം.
*എപ്പിതാഫ്: ശവക്കല്ലറയിലേ കുറിപ്പ്.


2010 നവംബർ 6, ശനിയാഴ്‌ച

ജീവിതവും മരണവും

നിന്റെ പുല്‍നാമ്പുകള്‍
രാത്രിയുടെ ആദ്യയാമത്തില്‍
ഞാന്‍ കണ്ടതാണ്
എന്റെ മിഴികള്‍
ഉറങ്ങി തുടങ്ങും വരെ
മഞ്ഞു തുള്ളിയെ
നീ കടം വാങ്ങിയിരുന്നില്ല.

അതില്‍ നിന്റെ കണ്ണുണ്ട്
മഞ്ഞിന്റെ കണ്ണുകള്‍
കൃഷ്ണമണിയില്‍
എന്റെ വിളറിയ ചിരിയും
കണ്ണുകൊണ്ട് മാത്രം
നീ പറയുന്നതിനെ
ഞാന്‍ ജീവിതം എന്ന് വിളിച്ചു

വെയില്‍ വീണു തുടങ്ങുന്നു
നീ കടം വാങ്ങിയ
മഞ്ഞു തുള്ളിയുടെ കഥകള്‍
പാതി വഴി തീരുകയാണ്
വെയിലിനു ചൂട് കൂടുന്നു
അടയുകയാണ്
മഞ്ഞിന്റെ കണ്ണുകള്‍

എന്റെ വിളറിയ ചിരി
അത് കൊണ്ട് നിനക്കൊരു
റീത്ത്
മഞ്ഞിന്റെ കണ്ണുകള്‍
അടയുകയാണ്
അതിനെ
ഞാന്‍ മരണം
എന്ന് വിളിച്ചു.