-->

Followers of this Blog

2009 ജൂൺ 30, ചൊവ്വാഴ്ച

നക്ഷത്രമേ...

നിന്നോട്...
നീ മിഴികളടയ്ക്കരുത്
അതിലെന്‍ സ്വപ്നവും പ്രണയവുമുണ്ട്

നിന്റെ മിഴിനീര്‍ത്തുള്ളികള്‍
വീണുടയരുത്
അതില്‍ ഞാന്‍ ജീവിച്ചു കൊള്ളട്ടെ.

2009 ജൂൺ 26, വെള്ളിയാഴ്‌ച

കണ്ണുകളാവുന്നവര്‍...

കൃഷ്ണമണി കീറിത്തുളച്ച ചില്ലിന്‍ മുന,
ജീവന്റെ പകലൊട്ട് ദൂരമവശേഷിക്കേ-
പാതിവഴി തമസ്സിന്റെ തീരത്ത് തള്ളിയെന്‍
പകലുകള്‍ കൊണ്ടെങ്ങോ മാഞ്ഞുപോയി,
ഈ രാവേറെ നേരത്തേയെത്തി.

കണ്ണുകളുടഞ്ഞ ചെറു കുരുവിയെ പോലെയീ-
പകലിനും രാവിന്നുമൊരു നിശാഗന്ധമതി-
ലൊരു പൊട്ടുവെട്ടത്തിനായ് നേര്‍ത്ത് കേഴുമെന്‍
ഇടനെഞ്ച് പൊട്ടിയൊഴുകുന്നു പുഴയായ്,
അതിന്‍ തീരത്ത് നീ വന്നിരുന്നു

മിഴികളിലിരുട്ടു പടരുന്നതൊരു പിഴയല്ല-
ഇരുളും കറുപ്പല്ല, നന്നെ വെളുത്തതാം,
മനസ്സിന്റെ വാതിലുമിറുക്കേയടച്ചതി-
ല്ലിരുളാക്കി മാറ്റുന്നതാണു പാപം;
പക്ഷെ, യിരുളിന്നു നീ കൂട്ടിരുന്നു.

പീലിയുടെ നിറഗണവുമാകാശ നീലിമയു-
മസ്തമന ശോണിമയും ശലഭവര്‍ണ്ണങ്ങളും
നീയെന്റെയാത്മാവില്‍ നട്ട തരു ഭാവനാ-
ശിഖരത്തില്‍ കൂട് കൂട്ടുന്നു മെല്ലെ-
കുഞ്ഞു ലോകമീ കൂട്ടിലണയുന്നു.

നീയെന്നതൊരു കൊച്ചു മെഴുകുതിരി വെട്ടമാ
ണതിലഞ്ഞീടാത്ത നൈരാശ്യമില്ല ശത-
കോടി ദുഖങ്ങള്‍ തന്‍ നോവില്ല, നീ തന്ന-
പ്രണയമാണീ തുണ്ടു വെട്ടം.
അതു തെളിയിച്ചൊരാളെന്റെ ദൈവം.

കണ്‍ടു തീരാതങ്ങ് തീര്‍ന്നുപോയ് മഴവില്ലു-
മരുവിയും പൂക്കളും ചിരികളും മാഞ്ഞുപോ-
യിനി നിന്റെ മിഴിയിണയിലാണെന്റെ കാഴ്ച നിന്‍-
മിഴിയിലെന്‍ മിഴിചേര്‍ത്ത് വെയ്പ്പൂ.
നിന്റെ മടിയിലെന്‍ ജീവനലിയിപ്പൂ.


[ജീവിതത്തിനിടയ്ക്ക് വെച്ച് വെളിച്ചം മങ്ങിപ്പോയ നിനക്ക്,
നിന്റെ ഇരുട്ടിനെ മായ്ച്ച് തിരികൊളുത്തിയ പെണ്‍കുട്ടിക്ക്,
നിങ്ങളൊരുമിച്ച് തുടങ്ങിയ യാത്രയ്ക്ക്,
എല്ലാവിധ ആശംസകളും ഈ വരികളും.]

2009 ജൂൺ 24, ബുധനാഴ്‌ച

ചെറായി മീറ്റ് ഗീതം

എന്റെ വീടിനടുത്തു നിന്നു ഏകദേശം അരമണിക്കൂറു കൊണ്ടെത്താവുന്ന സ്ഥലമാണ് ചെറായി. എന്നിട്ടും അവിടെ വെച്ച് പ്രിയപ്പെട്ട ബ്ലോഗര്‍മാര്‍ സമ്മേളിക്കുമ്പോള്‍ അവിടെ എത്തിച്ചേരാനാവാതെ വരുന്നതിനെ വിധിയുടെ വിളയാട്ടമെന്നോ, യാദൃശ്ചികമെന്നൊ ഒക്കെ വിളിക്കാം. അതുപോലെ തന്നെ യാദൃശ്ചികമാണു ഈ ഗീതത്തിനു പിന്നില്‍ ആചാര്യനോടും, ജയേട്ടനോടും, കാപ്പുവിനോടും, പണിക്കരു മാഷിനോടുമൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതും. വെറുമൊരു ഗീതമെന്നതിനപ്പുറത്തേക്ക് ലോകത്തിന്റെ പലമൂലകളിരുന്നു കൈകോര്‍ത്തു എന്നുള്ളതാണു, എനിക്കേറ്റവും സന്തോഷം പകരുന്നത്. മലയാളമെന്നതാണു അങ്ങിനെ ഒന്നിപ്പിച്ചു നിര്‍ത്തിയ കണ്ണി. ബൂലോകമാണതിനു നിദാനം.

മസ്കറ്റിലിരുന്നു ജയേട്ടന്‍ വരികളെഴുതുന്നു, റായ്പൂരിലിരുന്നു പണിക്കരുമാഷും, ഇവിടെയീ ദുഫായിലിരുന്നു ഞാനും അതിന്റെ സംഗീതത്തെക്കുറിച്ച് ചിന്തിക്കുന്നു, അമ്മേരിക്കയിലിരുന്നു കാപ്പുവും, പിന്നെയാചാര്യനും ഇതിനുപിന്നില്‍ ഓടി നടക്കുന്നു, ലോകത്തിന്റെ മറ്റൊരു കോണില്‍, ചെറായില്‍ ഇതാലപിക്കുന്നു. ഇതാണു ഈ ബൂലോകത്തിന്റെ സത്ത. ആശയങ്ങളിലും, വീക്ഷണകോണുകളിലും, സംഘട്ടനമോ, സമദൂരമോ ഉണ്‍ടെങ്കിലും ബൂലോകമെന്ന ഒറ്റയാശയം രാജ്യത്തിന്റെയോ മനസിന്റെയോ ആശയങ്ങളുടെയോ അതിരുകളെ മായ്ച്ച് ലോകത്തെ ഒറ്റയൊരു ഭൂചിത്രത്തില്‍ നിര്‍ത്തുന്നു. ജൂലൈ 26നു ചെറായില്‍, ശരീരത്തേക്കാളുപരി, മനസു കൊണ്ടവിടെ ഒത്തുചേരുന്നവരായിരിക്കുമധികവും. എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും. ഒപ്പം, ജയേട്ടനും, കാപ്പുവിനും, ആചാര്യനും നന്ദിയും, പണിക്കര്‍മാഷ്ക്ക് അഭിനന്ദനങ്ങളും.

1. രചന: ജയകൃഷ്ണന്‍ കാവാലം സംഗീതം, ആലാപനം: ഡോ. എന്‍.എസ്. പണിക്കര്‍
Get this widget | Track details | eSnips Social DNA


2. രചന: ജയകൃഷ്ണന്‍ കാവാലം സംഗീതം, ആലാപനം: അരുണ്‍ ചുള്ളിക്കല്‍
Get this widget | Track details | eSnips Social DNA

2009 ജൂൺ 22, തിങ്കളാഴ്‌ച

എന്റെ കോളേജ് കവിതകള്‍

ബസ് യാത്ര

കണ്‍സഷന്‍ കാര്‍ഡിലേക്കുള്ള കഴുകന്‍ നോട്ടവും
കറുത്ത ബാഗില്‍ ചിതറിവീണ നാല്‍പത് പൈസയും
കണ്ടക്ടറുടെ അവജ്ഞയും
ഞാന്‍ സഹിച്ചത്
നിന്റെ വിയര്‍പ്പിന്‍ ഗന്ധവുമേറ്റ്
പിന്നില്‍ ചാരിനില്‍ക്കാനല്ലായിരുന്നെങ്കില്‍
പിന്നെയെന്തിനാണ്?


സോഷ്യല്‍

ഇന്നലെ ഇതിലേ പോയവരുടെ
കാലടികള്‍ മാഞ്ഞ വഴിയിലൂടെ
എന്റെ പുതിയ യാത്രകള്‍ക്ക്
തിരി കൊളുത്തവേ

പ്രണയമരത്തിന്റെ ചുറ്റില്‍
ചിതറി വീണുറങ്ങിയ
മഞ്ഞപ്പൂക്കളുടെ ഗന്ധം മാഞ്ഞിരുന്നില്ല.

കാന്റീന്‍

ചുടുകടുപ്പന്‍ കാപ്പിയുടെ ഉറക്കമില്ലായ്മയില്‍
വായിച്ചു തള്ളിയ വിപ്ലവങ്ങള്‍.
നീയെന്നിലേക്ക് ചാരിയിരുന്നു,
ചായക്കോപ്പയിലെ ചൂടാറ്റിയത്.

പരിപ്പുവടയില്‍ നിന്നടര്‍ന്നു മാറിയ
കറിവേപ്പിലയും പച്ചമുളകും,
തിങ്കളാഴ്ചയ്ക്ക് തണുത്തുപോയ
മത്തിപൊരിച്ചതും,
എന്‍സിസി ബൂട്ടിനടിയില്‍
ചതഞ്ഞരഞ്ഞ മുട്ടക്കറിയും പൊറോട്ടയും,
പുകപരത്തിയൊരു ബസ് വരും മുന്‍പേ
കടിച്ചു പിടിച്ചൊരു കുറ്റിബീഡിയും.

ഗ്രാമര്‍ ക്ലാസ്

ആദ്യമേ നീ നല്‍കിയ ഉറക്കങ്ങള്‍ക്ക് നന്ദി..
പ്രണയമില്ലാത്ത വ്യാകരണത്തിന്റെ
ദിത്വസന്ധിയെ പ്രണയിച്ചു ഞാന്‍
ചേരുമ്പോളിരട്ടിക്കുന്ന നിന്‍
ചുംബനത്റ്റിന്റെ മധുരവും

സമരം

മരവിച്ചുപോയ ഇടിനാദങ്ങള്‍
പിളര്‍ന്നു തീര്‍ന്നുപോയ കടലുകള്‍
കുരച്ചു തളര്‍ന്ന രക്തപ്പട്ടികള്‍
ക്ളീഷെകളായ് പോയ
സ്വാതന്ത്ര്യവും, സമത്വവും
സാഹോദര്യവും, പിന്നെ
പഴകിയുറഞ്ഞൊരു പുരോഗമനവാദവും.

ഇലഞ്ഞിമരം

നീ പൂത്തതും കായുതിര്‍ത്തതും
ഇലപൊഴിഞ്ഞൊരു ഫെബ്രുവരിയില്‍
തലതാഴ്ത്തി നിന്നു യാത്ര മൊഴിഞ്ഞതും
തരളമെന്‍ പ്രണയ മര്‍മ്മരങ്ങള്‍ക്ക്
തണലായ് നിന്നതും...

നിന്റെ ചോട്ടിലിരുന്നു
പറയാതെയും പറഞ്ഞും പോയ
പ്രണയങ്ങളെത്ര?

[ടി.സി. വാങ്ങിപ്പോയതിന്റെ പിറ്റേന്ന് ശൂന്യമായ കോളേജിന്റെ ഇടനാഴിയിലിനുന്നപ്പോള്‍ കുറിച്ച് വെച്ചത്]

2009 ജൂൺ 21, ഞായറാഴ്‌ച

വാര്‍ഷികാഘോഷ മഹാമഹങ്ങള്‍

ബ്ലോഗന്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ 1-മത് വാര്‍ഷികവും
ബ്ലോഗനനുസ്മരണവും

കൊല്ലല്‍ വര്‍ഷം 2009, മുടിഞ്ഞമാസം 16(അടിയന്തിരത്തി)നു
ബ്ലോഗര്‍ നഗര്‍, ഗൂഗിള്‍ പി.ഓ-8706637

മാന്യമഹാ ബ്ലോഗന്മാരെ ബ്ലോഗികളെ,

പോസ്റ്റുകളുടെ കൂട്ടപ്പൊരിച്ചിലും, കമന്റിലെ കൂട്ടത്തല്ലും കടന്നു പോയൊരു വര്‍ഷത്തിന്റെ അത്ര മെച്ചമൊന്നുമല്ലാതൊരോര്‍മ്മയുമയവിറക്കി, ബ്ലോഗറിന്റെ കുളിര്‍മയും പേറിയിതാ ആ സുദിനം വന്നണഞ്ഞു. ബ്ലോഗന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് പോസ്റ്റിടുകയായി. ബ്ലൊഗനുസ്മരണം 2009 -ലേക്ക് കമന്റിടാന്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും സ്വാഗതമരുളുന്നു.

കാര്യപരിപാടികള്‍

രാവിലെ 9 നു : പോസ്റ്റുയര്‍ത്തല്‍ (പൊതുവായിട്ട് ഒരെണ്ണമോ, ഓരോരുത്തര്‍ക്ക് അവരവരുടെ പറമ്പിലോ ഓരോ പോസ്റ്റുവീതം ഉയര്‍ത്താവുന്നതാണു.)

10 മണിക്ക് : കാണാപോസ്റ്റ് (വാര്‍ഷികപോസ്റ്റുയര്‍ത്തിയത് ചിന്തപറമ്പില്‍ നിന്നും അഗ്രഗേറ്റര്‍ ജംഗ്ഷനില്‍ നിന്നും എത്തിനോക്കി കണ്‍ടുപിടിക്കല്‍. പോസ്റ്റിടുന്നയാള്‍ തന്നെ ഇതാദ്യം ഉറപ്പു വരുത്തേണ്ടതാണു)

11 മണിക്ക് : ലിങ്കെറിയല്‍ (ചാറ്റ്, ഈ മെയില്‍ വഴി ഏറിയുന്ന ലിങ്കുകള്‍ പെറുക്കി ബ്രൌസറില്‍ തൂക്കണം. ആദ്യം ലിങ്കുമായെത്തുന്നയാള്‍ സമ്മാനമായി ഒരു തേങ്ങ കിട്ടുന്നതും അത് പോസ്റ്റിനു താഴെ തന്നെ ഉടക്കേണ്ടതുമാണ്.)

12 മണിക്ക് : സ്മരണിക പ്രകാശനം (ഇതു വരെ കാട്ടിക്കൂട്ടിയത് മുഴുവന്‍ ഒറ്റപ്പോസ്റ്റില്‍ ഉള്‍ക്കൊള്ളിക്കുന്ന സാഹസിക പരിപാടി)

ഉച്ചതിരിഞ്ഞു 2 മണിക്ക്: കണ്ണുകെട്ടി കമന്റടി (സ്മരണിക ഫുള്ളായി വായിക്കാന്‍ സമയമില്ലാത്തവര്‍ മാത്രം പങ്കെടുക്കുക)

3 മണിക്ക് : കമന്റ് പെറുക്കല്‍ (പോസ്റ്റിറുന്നവര്‍ക്ക് മാത്രം. ഏറ്റവും കൂടുതല്‍ കമന്റു കിട്ടുന്നവരെ വിജയിയായി പ്രഖ്യാപിക്കും. എന്തൊന്നിത് വാരിഷിക റിയാലിറ്റി ഷോയാ)

4 മണിക്ക് : ചര്‍ച്ചാക്ളാസുകള്‍

1. ഒരു പണിയുമില്ലാത്തപ്പോള്‍ എങ്ങിനെ വാര്‍ഷികപോസ്റ്റിടാം
2. ഏതു സമയത്ത് വാര്‍ഷികപോസ്റ്റിടാം

തുടങ്ങിയ വിഷയങ്ങളേ ഉള്‍ക്കൊള്ളിച്ച് ബ്ലോഗനര് അനിലര്, ബ്ലോഗനര് പറമ്പിലാനര്, ബ്ലോഗനര് കുന്നങ്കുളര് എന്നിവര്‍ സംസാരിക്കുന്നു.

വൈകീട്ട് നാലിനു : ആശംസപ്രസംഗം (വഴിയേ പോകുന്ന ആര്‍ക്കും ആശംസകള്‍ അര്‍പ്പിക്കാവുന്നതാണു)

വൈകീട്ട് അഞ്ചിനു: മറുപടി പ്രസംഗം (സ. വാര്‍ഷികന്‍ എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചു സംസാരിക്കുന്നു. തന്നെ ഈ വഴിക്കു പിഴപ്പിച്ചവന്മാരെയും ഇത്തരുണത്തില്‍ സ്മരിക്കുന്നതാണു)

തുടര്‍ന്നു, കലാപരിപാടികള്‍ (തന്റെ തന്നെ ചില പോസ്റ്റുകളിലെ ലിങ്കുകള്‍ ആരും വായിക്കരുതെന്ന ഉദ്ദേശ്യത്തോടെ ഉള്‍ക്കൊള്ളിക്കുന്ന കലാപരിപാടി.)


ഏവര്‍ക്കും സ്വാഗതം


NB: പോസ്റ്റില്‍ മാറ്റം വരുത്താന്‍ സ. വാര്‍ഷികനു അവകാശമുണ്ടായിരിക്കുന്നതാണു



വാര്‍ഷികപോസ്റ്റിട്ടവരെ കളിയാക്കനല്ല കേട്ടൊ. അടുത്തടുത്ത് വാര്‍ഷികപോസ്റ്റ് കണ്ടപ്പോളൊന്നു തോണ്‍ടാമെന്നു കരുതി. തോണ്‍ടണമെന്നെയുള്ളു. ചൊറിയണമെന്നില്ല. എല്ലാവാര്‍ഷികന്മാര്‍ക്കും ഒറ്റവാക്കില്‍ "ആശംസകള്‍"


കടപ്പാട്: മദ്യപാനാഘോഷം എന്നപേരില്‍ വന്ന ഈ മെയില്‍.