[ഏ.ജി. ഗാര്‍ഡിനര്‍ (1865-1946) ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധരായ ആംഗലേയ ഉപന്യാസകരില്‍ ഒരാളായിരുന്നു. ആല്ഫാ ഓഫ് പ്ളോ (Alpha of Plough) എന്ന തൂലികാനാമത്തിലാണു അദ്ദേഹം എഴുതിയിരുന്നത്. നര്‍മ്മത്തിന്റെ അകമ്പടിയോടെ, രസകരവും ലളിതവുമായ രീതിയില്‍ ജീവിതത്തിന്റെ അടിസ്ഥാനമൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതില്‍ അദ്ദേഹത്തിനു അനന്യസാധാരണമായ കഴിവുണ്ടായിരുന്നു. The Pillars of Society, Pebbles on the Shore, Many Furrows, Leaves in the Wind എന്നിവയാണു പ്രസിദ്ധമായ കൃതികള്‍. ഈ ലേഖനം- On Rule of the Road- Leaves in the Wind (1918) എന്ന സമഹാരത്തില്‍ നിന്നുള്ളതാണു.]
അതൊരു രസകരമായ സംഭവം ആയിരുന്നു, മി. ആര്‍തര്‍ റാന്സം കഴിഞ്ഞദിവസം പെട്രോഗരാഡില്‍ നിന്നും അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഒരു തടിച്ച സ്ത്രീ പെട്രൊഗ്രാഡിലെ തെരുവിന്‍ ഒത്തനടുവിലൂടെ ഒരു ബാസ്ക്കറ്റും തൂക്കിപ്പിടിച്ച് നടക്കുകയായിരുന്നു, എന്നു മാത്രമല്ല ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ അവരുടെ ജീവനു തന്നെ ഹാനികരമാകുന്ന വിധമായിരുന്നു അവരുടെ നടത്തം. കാല്‍നടക്കാര്‍, നടപ്പാത ഉപയോഗിക്കണമെന്നു അവര്‍ നിര്ദ്ദേശിക്കപ്പെട്ടെങ്കിലും അവരുടെ മറുപടി ഇപ്രകാരമായിരുന്നു. "എനിക്കിഷ്ടമുള്ളിടത്തു കൂടെ ഞാന്‍ നടക്കും. കാരണം ഞങ്ങള്‍ക്കതിനുള്ള സ്വാതന്ത്ര്യം ഇപ്പോള്‍ ഉണ്ട്." സ്വാതന്ത്ര്യമുണ്ട് എന്നു കരുതി കാല്‍നടക്കാര്‍ റോഡിലൂടെ നടക്കുകയും, വാഹനങ്ങള്‍ നടപ്പാതയിലൂടെയും ഓടിച്ചാല്‍ അതൊരു പ്രാപഞ്ചിക അരാജകത്വത്തിനു തന്നെ കാരണമാകും എന്നത് ആ സ്ത്രീക്ക് ബാധകമല്ല എന്നു തോന്നും. എല്ലാവരും എല്ലാവരുടെയും വഴി കയ്യേറിയാല്‍ ആരും എങ്ങും എത്തില്ല. വൈയക്തിക സ്വാതന്ത്ര്യം ഇത്തരത്തില്‍ ഒരു സാമൂഹിക അരാജകത്വത്തിനു കാരണഭൂതമാകും.
ഈയിടെയായി, സ്വാതന്ത്ര്യത്തില്‍ നാം, ഈ സ്ത്രീയെപ്പോലെ അപകടകരമാം വിധം ഉന്മത്തരാകുന്നുണ്ട്. എന്തുകൊണ്ട് റോഡ് നിയമങ്ങള്‍ എന്നു കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. റോഡ് നിയമങ്ങള്‍ എന്തു കൊണ്ടെന്നാല്‍, എല്ലാവരുടെയും സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിനു വേണ്ടി ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ വേണ്ടിവരും എന്നതാണു. പലപ്പോഴും സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍, വ്യക്തിഗത സ്വാതന്ത്ര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ നാം ബാധ്യസ്തരാണു. അതു സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ്യവത്ക്കരണം ഉറപ്പാക്കുകയും ചെയ്യുന്നു.
സ്വാതന്ത്ര്യം എന്നത് വ്യക്തിപരമായ ഇടപാട് എന്നതിനപ്പുറം ഒരു സാമൂഹിക കരാര്‍ ആണു. അതു താല്‍പര്യങ്ങളുടെ പൊതുവായ അംഗീകാരവും നിയന്ത്രണവുമാണു- അന്യന്റെ സ്വാതന്ത്യത്തിലേക്കുള്ള കടന്നു കയറ്റമല്ല. തീര്‍ച്ചയായും, എനിക്കിഷ്ടമുള്ളത് ചെയ്യാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ട്. നിശാവസ്ത്രമണിഞ്ഞ്, മുടിനീട്ടി വളര്‍ത്തി, നഗ്നപാദനായി എനിക്കു തെരുവിലൂടെ നടക്കം. ആരു എന്നോട് 'അരുതെ'ന്നു പറയും? നിങ്ങള്ക്ക് എന്നെ നോക്കി പൊട്ടിച്ചിരിക്കാം. എനിക്ക് നിങ്ങളെ അവഗണിക്കാം. മുടിയില്‍ കളറടിക്കാനോ, ഫ്രോക്കിടാനോ, വള്ളിച്ചെരിപ്പിടാനോ എനിക്കിഷ്ടമുണ്ടെങ്കില്‍, അതിനു എനിക്ക് ആരുടെയും സമ്മതം വേണ്ട. ഞാന്‍ ഇഷ്ടമുള്ളതു പോലേ ചെയ്യും. മട്ടന്റെ കൂടെ മസ്റ്റാഡ് കഴിക്കണമോ വേണ്ടയോ എന്നു നിങ്ങളോട് ചോദിക്കേണ്ട കാര്യം എനിക്കില്ല.
ഇതു പോലെ ആയിരക്കണക്കിനു കാര്യങ്ങളില്‍ എനിക്കോ നിങ്ങള്ക്കോ ആരുടെയും അനുവാദത്തിനായി കാത്തു നില്ക്കേണ്ടതില്ല. നമ്മുടെ ഇഷ്ടമനുസരിച്ചു വര്‍ത്തിക്കാന്‍, -അതു ഭോഷത്തമോ, ബൌദ്ധീകമോ, പരമ്പരാഗതമോ, പരിഷ്കൃതമോ, എളുപ്പമോ കഠിനമോ ആകട്ടെ- നമ്മള്‍ നിയന്ത്രിക്കുന്ന ഒരു ലോകം നമുക്കുണ്ടു. അതിനു പുറത്തേക്കു കാല്‍ വെയ്ക്കുമ്പോള്‍ മുതല്‍ നമ്മളുടെ വ്യക്തിസ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനു കൂടി അനുസൃതമായി ദ്യോതിപ്പിക്കപ്പെടും. എനിക്ക് അര്‍ദ്ധരാത്രി മുതല്‍ രാവിലെ 3 മണി വരെ ട്രൊമ്പോണ്‍ (ട്രംപെറ്റ് പോലുള്ള സംഗീത ഉപകരണം) വായിക്കണമെന്നിരിക്കട്ടെ. ഹെല്‍വെലീന്‍ മലയുടെ മുകളില്‍ പോയിരുന്നു വായിച്ച് എനിക്ക് നിര്‍വൃതിയടയാം. പക്ഷേ എന്റെ ശയനമുറിയില്‍ ഇരുന്നു വായിച്ചാല്‍ എന്റെ കുടുംബാംഗങ്ങള്‍ എതിര്ക്കും. തെരുവില്‍ പോയിരുന്നു വായിക്കാമെന്നു വെച്ചാല്‍, അര്‍ദ്ധരാത്രി ട്രോംബോണ്‍ വായിക്കാനുള്ള എന്റെ സ്വാതന്ത്ര്യം സ്വസ്ഥമായി ഉറങ്ങാനുള്ള എന്റെ അയല്ക്കാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കരുത്. ഈ ലോകത്ത് ഒരുപാട് പേരുണ്ട്. എന്റെ സ്വാതന്ത്ര്യം അവരുടെ സ്വാതന്ത്ര്യത്തെക്കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കണം.
കഴിഞ്ഞ ദിവസം രാവിലെ ട്രെയിനില്‍ യാത്ര ചെയ്യവേ ഞാന്‍ ബ്ളൂ ബുക്ക് വായിക്കാന്‍ തുടങ്ങി. ഒരുല്ലാസത്തിനൊ ആനന്ദത്തിനോ വേണ്ടിയല്ല ഞാന്തു വായിച്ചു കൊണ്ടിരുന്നത്. സത്യത്തില്‍, ആനന്ദത്തിനു വേണ്ടി ഒരിക്കലും ഞാന്‍ ബ്ളൂ ബുക്ക് വായിച്ചിട്ടില്ല. ഒരു ബാരിസ്റ്റര്‍ ആ പുസ്തകം വായിക്കുന്ന അതേ ഗൌരവത്തോടും ശ്രദ്ധയോടും കൂടെയാണു, അതു ഞാന്‍ വായിച്ചതു. ഇപ്പോള്‍ നിങ്ങള്ക്കൊരു പുസ്തകം ആനന്ദത്തിനു വേണ്ടി വായിക്കണമെങ്കില്‍ ചുറ്റും നടക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ശ്രദ്ധിക്കില്ല. ഞാന്‍ കരുതുന്നത്, ട്രിഷ്രാം ഷാന്‍ഡിയും, ട്രെഷര്‍ ഐലന്റും ഒരു ഭൂമികുലുക്കത്തിനു നടുവിലിരുന്നു പോലും എനിക്ക് ആസ്വദിക്കാം എന്നാണു.
പക്ഷേ വായന ഒരു കര്‍ത്തവ്യം എന്ന നിലയില്‍ ആകുമ്പോള്‍, അതിനാവശ്യമായ ശാന്തമായ അന്തരീക്ഷം നിര്ണ്ണായകമാണു. തൊട്ടടുത്ത സ്റ്റേഷന്‍ മുതല്‍ എനിക്കതു നഷ്ടപ്പെട്ടു. അവിടെ നിന്‍നും രണ്ടുപേര്‍ കയറി. അതിലൊരാളുടെ ഉഛവും ആത്മപ്രശംസാര്‍ത്ഥവുമായ ശബ്ദം എന്റെ ശാന്തതയ്ക്ക് ഭംഗം വരുത്തി. ബ്ളൂ ബുക്കിലെ ക്ളോസുകളും സെക്ഷനുകളുമായി ഞാന്‍ മല്പിടുത്തം നടത്തുമ്പോള്‍ അയാളുടെ ശബ്ദം ഒരു കൊടുങ്കാറ്റു പോലെ ഉയര്ന്നു. കുടുംബചരിത്രവും, മകന്റെ യുദ്ധ വീരകൃത്യങ്ങളും, രാഷ്ട്രീയ വിമര്‍ശനങ്ങളും അടങ്ങിയ അയാളുടെ പ്രഭാഷണത്തില്‍, വായന തുടരുവാനുള്ള എന്റെ വികല ശ്രമങ്ങള്‍ മുങ്ങിപ്പോയി. ബ്ളൂ ബുക്ക് അടച്ചു വെച്ചു ജനലിലൂടെ ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു. ഇടിവെട്ടുന്നതു പോലുള്ള അയാളുടെ ശബ്ദം അസഹ്യതയോടെ ഞാന്‍ ശ്രവിച്ചു കൊണ്ടിരുന്നു.
താഴ്ന്ന ശബ്ദത്തില്‍ സംസാരിക്കാന്‍ അയാളോടു പറയാമെന്നു വെച്ചാല്‍ ഞാന്‍ ഒരു മുരടന്‍ ആണെന്നു അയാള്‍ കരുതും. അയാളുടെ ഈ കത്തി സഹിക്കുകയല്ലാതെ അവിടെയുണ്ടായിരുന്ന ആര്‍ക്കും മട്ടൊരു മാര്ഗ്ഗവുമില്ലയിരുന്നു എന്നത് അയാളെ ബാധിച്ചില്ല. ഒരു കാര്യത്തില്‍ എനിക്കു സംശയമില്ല. അയാള്‍ പൂര്ണ്ണമായും ഈ ബോധ്യത്തിലാണു. അതായത് കാര്യേജിലുണ്ടായിരുന്ന എല്ലാവരും അയാളോടു നന്ദിയുള്ലവരാണെന്നും, അവര്ക്കെല്ലാം പ്രോജ്വലമായ യാത്ര താന്‍ പ്രദാനം ചെയ്തു എന്നും, വിജ്ഞാനകോശം പോല്‍ ആഴമുള്ള തന്റെ അറിവില്‍ എല്ലാവരും ആകൃഷ്ടരായി എന്നും ഒക്കെ. അയാള്‍ വ്യക്തമായ ഉദ്ദേശങ്ങളുള്ള ആള്‍ തന്നെ. യഥാര്‍ത്ഥത്തില്‍ അയാള്‍ സാമൂഹിക ബോധമുള്ളവനല്ല. അയാള്‍ ഒരു സഹവര്‍ത്തിയുമല്ല.
മറ്റുള്ളവരുടെ അവകാശങ്ങള്ക്കും വികാരങ്ങള്ക്കും നല്ക്കുന്ന തരക്കേടില്ലാത്ത പരിഗണനയാണു സമൂഹസ്വഭാവത്തിന്റെ അടിസ്ഥാനം. ചെറിയ രാഷ്ട്രങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന പോലെ തന്നെ, ശാന്തരും എളിയവരുമായവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം എന്നാണു ഞാന്‍ വിശ്വസിക്കുന്നത്.
ഉദാഹരണമായി ത്രോമ്പോണിന്റെ കാര്യം തന്നെ എടുക്കാം. ഹാസ്ലിറ്റ് പറയുന്നത്, ആ ഭീകരമായ ഉപകരണം വായിക്കാന്‍ പഠിക്കുന്നവന്‍ അതു സ്വന്തം വീട്ടില്‍ വെച്ചു ചെയ്യണം എന്നാണു. അതു അയല്‍വാസികള്‍ക്ക് ശല്യമാകുമെങ്കിലും, ശല്യപ്പെടുത്തലിന്റെ തീവ്രത ഏറ്റം കുറച്ച് വായിക്കുവന്‍ ഞാന്‍ ബാധ്യസ്ഥനാണു. ഏതെങ്കിലും അറകളിലിരുന്നു ജനലുകളടച്ചു വേണം അതു വായിക്കാന്‍.അല്ലാതെ പുറത്തു വരാന്തയില്‍ വന്നിരുന്നോ ജനലുകളും വാതിലും തുറന്നിട്ടോ, അടുത്ത വീട്ടില്‍ താമസിക്കുന്നവന്റെ ചെവിയില്‍ തിളച്ചുകയറും വിധം ഭയാനകമായോ അല്ല വായിക്കേണ്ടത്. ഇനി ഒരു മനുഷ്യന്‍ ഉയര്‍ന്ന വാട്ട്സ് ഉള്ള ഗ്രാമഫോണ്‍ ശ്രവിക്കുകയാണെന്നു വയ്ക്കൂ. ഒരു ഞായറാഴ്ച മധ്യാഹ്നത്തില്‍ ജനലുകളൊക്കെ തുറന്നിട്ട് ഉയര്‍ന്ന ശബ്ദത്തില്‍ Keep the Home Fires Burning കേള്‍ക്കുന്നു. ഇത്തരം കാര്യങ്ങളില്‍ സാമൂഹ്യപെരുമാറ്റത്തില്‍ പാലിക്കേണ്ട ശരിയായ നിയന്ത്രണങ്ങള്‍ ഏതൊക്കെയാണു?
നിങ്ങള്‍ക്കൊരു ഗ്രാമഫോണുണ്ടെങ്കില്‍ അതു കേള്‍ക്കാന്‍ നിങ്ങള്‍ക്കധികാരമുണ്ട്. പക്ഷെ, അതിന്റെ ശബ്ദം നിയന്ത്രിച്ച് നിങ്ങളുടെ ഭവനത്തില്‍ കേള്‍ക്കുവാന്‍ മാത്രം പാകത്തില്‍ വെക്കുന്നില്ലെങ്കില്‍, അപരന്റെ സ്വാതന്ത്ര്യത്തെ നിങ്ങള്‍ തടസ്സപ്പെടുത്തുകയാണു. നിങ്ങളുടെ അയല്‍ക്കാരനു Keep the Home Fires Burning ഇഷ്ടമല്ലായിരിക്കാം. ഒരു പക്ഷേ ശാന്തമായ ഒരു ഞായാറാഴ്ചയായിരിക്കും അയാള്‍ ആഗ്രഹിക്കുന്നത്. അത്കൊണ്ടു തന്നെ അവരുടെ ശാന്തതയയെ കയ്യേറുന്നത് ക്രൂരതയാണു.
എനിക്ക് തോന്നുന്നതു, നമ്മുക്ക് പൂര്‍ണ്ണമായും ഏകാധിപതിയോ, പൂര്‍ണ്ണമായും ജനാധിപത്യവാദിയോ ആകാന്‍ കഴിയില്ല എന്നാണു - അല്ലെങ്കില്‍ ഇതു രണ്ടിന്റെയും വിവേകപരമായ മിശ്രിതമാണു നമ്മള്‍. നമ്മുക്ക് രണ്ടു സ്വാതന്ത്ര്യവും സംരക്ഷിക്കണം- വ്യക്തിസ്വാതന്ത്ര്യവും സമൂഹസ്വാതന്ത്ര്യവും. എന്റെ കുട്ടി ഏതു സ്കൂളില്‍ പഠിക്കണമെന്നൊ, ഏതു വിഷയത്തില്‍ കേന്ദ്രീകരിക്കണമെന്നൊ, ഏതു ഗെയിം കളിക്കണമെന്നൊ തീരുമാനിക്കന്‍ ഒരധികാരിയേയും ഞാന്‍ അനുവധിക്കില്ല. അവയെല്ലാം വൈയക്തീകമാണു. എന്നു വെച്ചു എനിക്ക് എന്റെ അയല്‍വാസിക്കു ശല്യമായിത്തീരാനോ, എന്റെ മകനെ സാമൂഹ്യവിരുദ്ധനായി വളര്‍ത്താനോ എനിക്ക് സ്വാതന്ത്ര്യമില്ല.
ചെറിയ ചെറിയ പെരുമാറ്റങ്ങളിലൂടെയാണു, അതു റോഡുനിയമങ്ങള്‍ അനുസരിക്കുന്നതാണെങ്കില്‍ കൂടി, നമ്മള്‍ പ്രാകൃതനെന്നോ, പരിഷ്കൃതനെന്നൊ വിലയിരുത്തപ്പെടുന്നതു. വലിയ ത്യാഗങ്ങള്ക്കും വീരകൃത്യങ്ങള്ക്കും അതിനായകത്വത്തിനുമുള്ള അവസരങ്ങള്‍ നന്നേ കുറവാണു. താല്പര്യങ്ങളുടെ പൊതുതായ ഇടപെടലുകളിലെ, ചെറിയ പെരുമാറ്റങ്ങള് ആണു, ജീവിതത്തിനു വലിയവില നല്കുന്നത്- അല്ലെങ്കില്‍ ജീവിതയാത്ര മധുരതരമോ, കയ്പേറിയതോ ആക്കിത്തീര്ക്കുന്നതു. തീവണ്ടിയില്‍ വെച്ചു ഞാന്‍ കണ്ട എന്റെ സുഹൃത്ത് ഇതിനെക്കുറിച്ച് ചിന്തിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അങ്ങിനെ എന്റെ ബ്ളൂ ബുക്ക് പാരായണം തടസപ്പെടാത്ത വിധം അദ്ദേഹം സംസാരിക്കും.
-----
[കഴിഞ്ഞ ദിവസം എന്റെ കസിന്‍ വിളിച്ചു ചോദിച്ചു. അടുത്തെങ്ങാനും പെന്തെക്കൊസ്താക്കാരുണ്ടോന്ന്. അവന്റെ വീടിനടുത്തുള്ള പെന്റെക്കൊസ്താ പ്രാര്‍ത്ഥനക്കാരുടെ ഉച്ചത്തിലുള്ള പ്രാര്‍ത്ഥന കൊണ്ട് അവനു പരീക്ഷയ്ക്കു പഠിക്കാന്‍ കഴിയുന്നില്ല. അപ്പോഴാണു ഗാര്‍ഡിനറുടെ ഈ ലേഖനം ഓര്‍മ്മ വന്നത്. സ്വന്തം കാര്യം സിന്ദാബാദ് ഇന്നുമുള്ളതിനാല്‍ ഈ ലേഖനം പരിഭാഷപ്പെടുത്തിയത് കാലയുക്തം എന്നു കരുതുന്നു.]
4 അഭിപ്രായങ്ങൾ:
നന്നായിരിക്കുന്നു :)
ശരിക്കും ചര്‍ച്ച ചെയ്യപ്പെടെന്ട ഒരു വിഷയമാണിത്... നമ്മുടെ സമൂഹത്തില്‍ പലരുടെയും പ്രവൃത്തികള്‍ കാണുമ്പോള്‍ ഔചിത്യബോധം തീരെ തോട്ടുതീണ്ടിയിട്ടില്ലെന്നു കാണാം - അതുകൊണ്ട് തന്നെ ഈ പോസ്റ്റ് കാലിക പ്രസക്തിയുള്ളതാകുന്നു - അഭിനന്ദനങ്ങള്‍
നല്ല പോസ്റ്റ്
ഗാർഡിനറുടെ ജീവിതകാലയളവ് [ഏ.ജി. ഗാര്‍ഡിനര്‍ (1965-1946) എന്നതിലെ തെറ്റ് തിരുത്താൻ ശ്രദ്ധിക്കുമല്ലൊ
ലക്ഷ്മി, തെറ്റു തിരുത്തിയുട്ടുണ്ട്. താങ്ക്സ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ