രഞ്ജിത്തിന്റെ തിരക്കഥ ഒരു ട്രെന്ട് സെറ്റര്‍ ആകുമോ എന്നറിയില്ല. കാരണം ഈ ട്രെന്ടില്‍ ഈ ഒരു കഥ മാത്രമേ പറയുവാന്‍ കഴിയൂ. നാട്ടുകാര്‍ക്ക് പ്രിയങ്കരനും ഇടയ്ക്ക് വെച്ചു തെറ്റിധരിക്കപ്പെടുകയും വീണ്ടും പ്രിയങ്കരാകപ്പെടുകയും ചെയ്യുന്ന നായകനും, സ്ഥിരം പ്രണയകഥകളും, കണ്ണിലുണ്ണികളായ ഗജപോക്കിരികളും കള്ളന്മാരും, ബ്രഹ്മാണ്ഡനായകരും ക്യാമറയ്ക്കും കണ്ണിനും സ്ക്രീനിനും ഒരു പോലെ ബോറടിച്ചു തുടങ്ങുമ്പോള്‍, തിരക്കഥ നല്കുന്ന അനുഭവം സുഖകരമാണു. കഥപറയുന്ന സങ്കേതവും, ത്രെഡും പുതുമ എന്ന പദത്തിനര്‍ഹമാണു.
അക്കി എന്നു വിളിക്കപെടുന്ന അക്ബര്‍ അഹമ്മദ്, ആദ്യ സിനിമയില്‍ തന്നെ കഴിവു തെളിയിച്ച സംവിധായകനാണു. പുതിയ ഓഫറുകളുണ്ടെങ്കിലും അയാള്‍ പേരിനു വേണ്ടി പടമെടുക്കുന്ന സംവിധായകനല്ല. അയാള്‍ നടത്തുന്ന കസബ്ളാങ്ക എന്ന റെസ്റ്ററന്റില്‍ ഒപ്പം കഴിവുള്ള നാലു സുഹൃത്തുക്കളുമുണ്ട്. തന്റെ പുതിയ സിനിമയുടെ കഥയുടെ എഴുത്തുപുരയിലൂടെ, അക്കി തിരക്കഥയുടെ ചുരുളഴിക്കുന്നു, അകാലത്തില്‍ പൊലിഞ്ഞു പോയ സംവിധായകന്‍ അബികുരുവിള, സെറ്റുകളില്‍ നിന്നും തന്റെ ഭര്യയ്ക്കയക്കുന്ന കത്തുകളും. 80-കളില്‍ കഴിഞ്ഞ മഞ്ഞുകാലം എന്ന സിനിമയിലൂടെ എത്തി യുവഹരമായി മാറിയ മാളവിക(പ്രിയാമണി)യും അതേ സിനിമയില്‍ വില്ലനായെത്തിയ അജയചന്ദ്ര(അനൂപ് മേനോന്‍)നും തമ്മിലുള്ള പ്രണത്തിന്റെ ചൂരിലും, വേര്പിരിയലിന്റെ വേദനയിലും, നിദാനങ്ങളിലുമാണു തിരക്കഥ ചിറകു വിരിക്കുന്നത്.
അജയചന്ദ്രന്‍ പിന്നീട് സൂപ്പര്‍ സ്റ്റാര്‍ ആയിത്തീരുന്നു. പക്ഷെ, മാളവിക വിസ്മൃതിയുടേയൊ, അജ്ഞാതതയുടെയോ മറവില്‍ മാഞ്ഞു പോകുന്നു. അവളിലേക്കുള്ള വെളിച്ച്മാണു, അബിയുടെ കത്തുകള്‍, പിന്നെ അക്കിയുടെ അന്വേഷണങ്ങളും. അവരുടെ പ്രണയത്തിന്റെ സങ്കീര്‍ണ്ണതകള്‍ അഴിഞ്ഞു തുടങ്ങുന്നിടത് അക്കിയിലെ എഴുത്തുകാരന്‍ മരിക്കുകയും, അന്വേഷിച്ചുപോകുന്നവന്റെ ത്വരതയിലപ്പുറം മാനുഷിക വശങ്ങള്‍ക്ക് അയാളിലെ എഴുത്തുകാരന്‍ വഴിമാറിക്കൊടുക്കുകയും ചെയ്യുന്നു.
അജയ്ന്റെയും മാളവികയുടെയും പുനഃസമാഗമങ്ങള്‍ മനസ്സിലുണര്‍ത്തുന്ന അസ്വസ്ഥത ഇപ്പൊഴും വിട്ടുമാറുന്നില്ല. പ്രണയം മനസ്സിനെ കീറുകയും, ആ മുറിവില്‍ രക്തം പൊടിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. ക്ളൌഡ്സ് എന്ഡില്‍ കഥ പറഞ്ഞു നിര്‍ത്തുമ്പോള്‍, അവശേഷിപ്പിക്കുന്ന ഈ സുഖമുള്ള വേദനയാണു, തിരക്കഥയുടെ വിജയം. അനൂപ്, പ്രിയാമണി, പൃഥ്വിരാജ് എന്നിവര്‍ അഭിനന്ദനാര്‍ഹരാണു. സംവൃതയുടെ വേഷത്തിനു വെല്ലുവിളികളൊന്നും തന്നെയില്ല. ഗാനവും പശ്ചാത്തല സംഗീതവും കഥയുടെ മൂഡ് ക്രിയേഷനില്‍ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്.
അക്കിയുടെ വാപ്പിച്ചി പറയുന്ന പോലെ, ‘ഒരു ചായ ശെരിയായില്ലെങ്കില്‍, സോറി പറഞ്ഞ്, മറ്റൊരു ചായ എടുക്കം. അതു പോലെയല്ല സിനിമ…”. തിരക്കഥ ഇനി രണ്ടാമെതെടുക്കാന്‍ കഴിയില്ലെങ്കിലും, ഇതു കൂടി പറഞ്ഞേക്കട്ടെ. പെര്‍ഫെക്ഷന്‍ എന്നത് അവിടെ ഇവിടെ ഒക്കെ നഷ്ടപ്പെട്ടതു പോലെ തോന്നി. മനസ്സില്‍ ആഗ്രഹിച്ചതു, ക്യാമറയിലേക്ക് പകര്‍ത്താന്‍ കഴിഞില്ല എന്ന സംഘര്‍ഷത്തിന്റെ നിഴലും, ക്ളൈമക്സിലെ ഒരു വലിവും അനുഭവപ്പെട്ടതൊഴിച്ചാല്‍ വൈകുന്നെരം ഒരു നല്ല ചെറുകഥ വായിച്ചിട്ട്, ചാരുകസേരയില്‍ കിടക്കുമ്പോഴുള്ള ഒരു സുഖമായിരുന്നു തിയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ