-->

Followers of this Blog

2008, സെപ്റ്റംബർ 24, ബുധനാഴ്‌ച

ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ വീണ്ടുവിചാരം

വീണ്ടുവിചാരം, വെളിപാട്, തിരിച്ചരിവ് അല്ലെങ്കില്‍ ബോധോദയം ഇതൊക്കെ മഹാന്മാര്‍ക്ക് ഉണ്ടാകുന്ന ചില പ്രതിഭാസങ്ങളാണു. ശ്രീ ബുധ്ദന്‍, സെയിന്റ് പോള്‍, അശോക ചക്രവര്‍ത്തി അങ്ങിനെ പലര്‍ക്കും ഇത്തരം വെളിപാടുകള്‍ ഉണ്ടായതായി അറിവുണ്ട്. അക്കൂട്ടരിലേക്ക് പരിഗണിക്കപെടാവുന്ന ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ നമുക്കുണ്ടായിരിക്കുന്നു. സുകൃതമലയാളികളേ, ലാല്‍സലാം.

സഖാവ് ബേബി അവര്‍കള്‍ക്കുണ്ടായ വീണ്ടു വിചാരമാണു പ്രതിപാദ്യം. വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളില്‍ വരുന്നതു, പഠിക്കാനാണു, സമരം ചെയ്യാനല്ല, എന്നു ഈ വിദ്വാന്‍ കണ്ടെത്തിയിരിക്കുന്നു. ചില മുന്‍കാല പരിഷകള്‍ ഇതു ആവര്ത്തിച്ചു പറഞ്ഞു നടന്നു പല്ലും നഖവും കൊഴിഞ്ഞ കഥകള്‍ നമ്മുക്ക് സൌകര്യാര്‍ത്ഥം മറക്കാം. വെളിപാടുകാരന്റെ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്‍ത്തനകാലം ജീവചരിത്രത്തില്‍ പൂപ്പലു പിടിക്കാതെ കിടപ്പുണ്ടല്ലോ. അന്നു കുരച്ചു കൊണ്ടിരുന്ന രക്തപ്പട്ടികള്‍ക്കെന്തു സംഭവിച്ചൊ ആവോ? എന്തൊക്കെയായാലും ഇതിനെയൊക്കെയാണു മോനെ ഒരു വെളിപാട് എന്നു വിളിക്കവുന്നതു. അല്പം വൈകിയാലും വരാനുള്ള ബുധ്ദി വഴിയില്‍ തങ്ങിയില്ലല്ല്ലൊ?

ഇതൊക്കെ കേട്ട ചില ദോഷൈകദൃക്കുകള്‍ പറഞ്ഞു നടക്കുന്നു, “വലതന്‍മാര്‍ ഭരണത്തില്‍ വരുമ്പോ, ഈ സഖാവു തന്നെ കുട്ടി സഖാക്കന്മാരെക്കൊണ്ട് ചുടുചോര്‍ വാരിക്കുമെന്നു”. കാക്ക കുളിചാല്‍…പട്ടിയുടെ വാല്…എന്നൊക്കെ അത്തരം മൂരാച്ചികള്‍ പരദൂഷണം പറയുന്നു.

കടല്‍ രണ്ടായി പിളര്‍ത്താനും ഇടിനാദം മുഴക്കാനും ഇറങ്ങിത്തിരിക്കുന്ന വിദ്യാര്‍ത്ഥി സഖാക്കന്മാര്‍ ഇതൊക്കെ തള്ളുമോ അതൊ കൊള്ളുമോ? സമരം നടത്തുന്നതു നിര്‍ബന്ധമാണെങ്കില്‍ അതു പഠനസമയം കഴിഞ്ഞു മതിയെന്ന ബേബി ചിന്ത സുന്ദരമാണെന്നു അംഗീകരിച്ചു കൊണ്ടു തന്നെ, ഇതിനൊരു ചരമഗീതം എഴുതുന്നു. വേണമെങ്കില്‍ ബൂര്‍ഷ്വാഗാനം എന്നു വിളിച്ചോളൂ…

“കാരസ്കരത്തിന്‍ കരു പാലിലിട്ടാല്‍
കാലാന്തരേ കയ്പ് ശമിപ്പതുണ്ടൊ?”

അഭിപ്രായങ്ങളൊന്നുമില്ല: