-->

Followers of this Blog

2010, മേയ് 13, വ്യാഴാഴ്‌ച

അബ്രയുടെ കൊഞ്ചലുകള്‍

ശ്യാം,

ഞാന് ഈ കത്തെഴുതുമ്പോള് എന്റെ കൂടെ മെലിന്റ ഉണ്ട്. നാളെ അവള് ഫിലിപീന്സിലേക്ക് മടങ്ങുന്നു. അവളുടെ വിസയുടെ കാലാവധി അവസാനിക്കുകയാണ്. പെട്ടെന്നൊരു ജോലി നഷ്ടപെട്ടതിന്റെ ഷോക്ക്, മറ്റൊന്നു കിട്ടാത്തതിലുള്ള വേദന അതില് നിന്നൊക്കെ അവള് ഇപ്പോഴും മോചിതയല്ല എന്ന് തോന്നുന്നു. മുന്പൊക്കെ നിര്ത്താതെ കലപില കൂട്ടിയിരുന്ന അവള് ഇപ്പോള് കഴിഞ്ഞ ഒരു മണിക്കൂറായി ഈ ഓളപ്പരപ്പില് നോക്കി നിശബ്ദമിരിക്കുന്നു. മനസിലെ പൊള്ളല് യാതൊരു ആലന്കാരികതയുമില്ലാതെ അവള് പറഞ്ഞു നിര്ത്തിയത് ആ ഒരു മണിക്കൂര്‍ മുന്പാണ്. "Arun Im down " പിന്നീടുള്ള അവളുടെ നിശബ്ദമായ വരികള് മുഴുവനും ഏറ്റുവാങ്ങിയത് ഈ ഓളങ്ങളാണ്. അബ്രയുടെ ഓളങ്ങള്.

ദുബായ് എന്ന മഹാനഗരത്തിന്റെ തിരക്കില് ആരാലും അറിയപ്പെടാതെ തെന്നി നീങ്ങുന്ന എന്റെ ജീവിതത്തിലെ വെള്ളിയാഴ്ച്ചകളും അതിന്റെ സായന്തനങ്ങളും ഏറ്റവും അധികം അപഹരിച്ചു കൊണ്ട് പോയിട്ടുള്ളത് ഈ തീരമാണ്. മെലിന്റയും ഒരുപക്ഷെ ഇത് തന്നെ പറയും എന്ന് തോന്നുന്നു. അവള് എന്റെ സുഹൃത്തായതിനുശേഷം ഞങ്ങള് ഇവിടെ വന്നിരിക്കാത്ത വെള്ളിയാഴ്ചകള് നന്നേ കുറവാണ്. ഇവിടെയിരുന്നു പാടിതീര്ത്ത വരികള് എത്ര? ബ്രയാന് ആദംസിന്റെ പാടുകള് ഇഷ്ടപെടുന്ന അവള് വലിയ മെച്ചമല്ലാത്ത എന്റെ സ്വരത്തില് എത്ര തവണയാണ് Everything I do; I do it for you കേട്ടിട്ടുള്ളത്? അല്ലെങ്കില് തന്നെ ഏത് കഴുതയെക്കൊണ്ടും പടുപാട്ട് പാടിക്കാനുള്ള സൌന്ദര്യം ഈ തീരത്തിനുണ്ട്. ഈ അബ്രകളുടെ തീരത്തിന്.

നഗരത്തെ രണ്ടായ് പിളര്ന്നു പോര്ട്ട് റഷീദ് മുതല് രാസ് അല് ഖോര് വരെ നീണ്ടു കിടക്കുന്ന ദുബായ് ക്രീക്ക്. ചിലര് അബ്ര എന്ന് വിളിക്കുന്നു. ചിലര് ക്രീക്ക് എന്ന് വിളിക്കുന്നു. പേര് കൊണ്ടെന്തു വിളിച്ചാലും ഈ തീരം പറയുന്ന കഥകളെല്ലാം ഒന്ന് തന്നെ. ഇവളോട് പറയുന്ന കഥകളും ഒന്ന് തന്നെ. പറയുന്നവന്റെ ദേശവും ഭാഷയും മാത്രം മാറുന്നു. പിന്നെ വിളിപ്പേരുകളും. തെംസും യമുനയും നൈലും സെയിനും യുഫ്രാട്ടീസും എല്ലാം ഇപ്പോള് എനിക്ക് തീരമാണ്. ഒരു തീരത്ത് ബര്ദുബായ്. മറുതീരത്ത് ദേരയും. ഇതിനിടയില് ദൈവം കീറിയിട്ട പതിനഞ്ചു കിലോ മീറ്റര് ജലാശയം. അവളുടെ നെഞ്ചിലൂടെ താളമിട്ടു പായുന്ന അബ്രകള് എന്ന ചങ്ങാടങ്ങള്. ഒരു ദിറം കൊടുത്താല് അതില് കയറി ദേരയിലേക്ക് പോവാം. തിരികെ വരാനും അങ്ങിനെ തന്നെ. ഇറാനികളോ ബംഗാളികളോ നിയന്ത്രിക്കുന്ന ഈ ചങ്ങാടങ്ങളില് അധികവും യാത്ര ചെയ്യുന്നത് സാധാരണക്കാരാണ്. ചങ്ങാടം നിയന്ത്രിക്കുന്നയാളുടെ നിസംഗത യാത്രക്കാരിലേക്കും പടര്ന്നിരിക്കും.

ഒട്ടുമിക്കവരും ജോലി കഴിഞ്ഞു പോകുന്നവരാണ്. താരതമ്യേന ചിലവ് കുറഞ്ഞ ദേരയില് താമസിക്കനിഷ്ടപെടുന്ന ഇവരുടെ ജീവിതം ഈ രണ്ടു തീരങ്ങള്ക്കിടയില് പാഞ്ഞു തീരുന്നു. ഒരുപക്ഷെ അവരുടെ ആകെയുളള ഒരാശ്വാസം അബ്രകളില് തട്ടിതെറിക്കുന്ന ക്രീക്കിന്റെ ജലമര്മ്മരങ്ങളാണ്. അല്ലെങ്കില് ആ ഓളങ്ങളില് തട്ടാതെ അവരുടെ ചിന്തകള് നാട്ടിലേക്ക് പോവുന്നുണ്ടാവം. നോട്ടമെത്താത്ത ദൂരത്തെ ഓര്മ്മകള് നോട്ടമെത്തുന്ന തീരങ്ങളില് കണ്ട് നെടുവീര്പ്പുമായി മൂന്നോ നാലോ നിമിഷങ്ങള്. അവയ്ക്കിടയിലൂടെ മന്ദം നീങ്ങുന്ന വിനോദയാനങ്ങള്. രാത്രിയായാല് ഈ യാനങ്ങളിലെ വര്ണവിളക്കുകള് നല്കുന്ന നിറമാണ് ഇവളുടെ സൌന്ദര്യം. ഒന്നിന് പിറകെ ഒന്നായി അവ നെഞ്ചിലേറ്റി കൊണ്ട് പോവുന്ന വിനോദ സഞ്ചാരികള്. അബ്രകളില് തളംകെട്ടി നില്കുന്ന മൌനത്തിന്റെ നേരെ വിപരീതമാണ് ഈ യാനങ്ങള്. തുടര്ച്ചയായി അലയടിക്കുന്ന അറേബ്യന് സംഗീതം. ചിലര് അതിനൊപ്പം ചുവട് വെക്കുന്നു. Some dance to remember; some dance to forget. ഗര്ഹൂദ്, മക്തൂം, ബിസിനസ് ബേ, പൊങ്ങുപാലം തുടങ്ങിയ പാലങ്ങള് കടന്നു പോകുന്ന യാത്ര. ഇവിടെയാണ് എഞ്ചിനീയറിംഗ് വിസ്മയം എന്ന് ലോകം പറയുന്ന ഷിന്ടക ടണല് പാത.

കുറച്ചു ദൂരെ മാറി ഒരു പാക്കിസ്ഥാനി ഉറക്കെ ഫോണില് സംസാരിക്കുന്നു. അയാള് ഇടയ്ക് കരയുന്നുണ്ട്. ഒരാള് പരസ്യമായി ഫോണില് വിളിച്ചു കരയുന്ന കാഴ്ച ഞാന് ആദ്യമായി കാണുന്നതല്ല. ഇന്റര്‍ നെറ്റ് കഫെകളില്‍, ചെറിയ ഗള്ളികളിലെ നടപ്പാതകളില്‍, ഈന്തപ്പനയുടെ തണലരികില്‍ ഒക്കെ. ഇവിടെ ചിതറിതീരുന്ന ജീവിതങ്ങളുടെ ബാക്കിപത്രമാണ് ഈ നിറയുന്ന കണ്ണുകള്‍. അയാളുടെ ഓര്‍മ്മകളില്‍ ഒരു പക്ഷെ തന്റെ മകന്റെയോ മകളുടെയോ കുഞ്ഞു ചിരിയും പിണക്കവുമാകാം. ഒറ്റപെടലിന്റെ പരിഭവമാകാം. ഇങ്ങനെ ഒരുപാട് പരിഭവങ്ങള്‍ ഇത് ഭാഷയിലും ഭാവത്തിലും പറഞ്ഞാലും ചെറിയ കല്ലുകളിലും പടവിലും തട്ടിയുടയുന്ന വാക്കുകളില്‍ ഈ ഓളങ്ങള്‍ മറുപടി പറയുന്നു.

ഇവിടെ ഇരുന്നു തല പൂഴ്ത്തി വെച്ചു കരയുന്നവര്. നാട്ടിലേക്ക് വിളിച്ചു വിതുമ്പുന്നവര്. ഇവിടെ വെച്ച് തന്നെ പറഞ്ഞ പ്രണയത്തിന്റെ ചിതാഭസ്മം ഇവിടെ തന്നെ ഒഴുക്കുന്നവര്. മുനിസിപ്പാലിറ്റി നിയമങ്ങള് ശക്തമായത് കൊണ്ടാവാം കീറിപ്പറന്നൊഴുകുന്ന പ്രണയലേഖനങ്ങളും പടര്ന്ന മാഷിവാക്കുകളും കുറവാണ്. പക്ഷെ ഇവിടെയിരുന്നു പ്രണയിക്കുന്നവര് ഒട്ടും കുറവല്ല. തീരത്തോട് ചേര്ന്നുള്ള പടവുകളില് അവര് നിരന്നിരിക്കുന്നു. ചിലര്ക്ക് ഭാഷയുടെയോ ദേശത്തിന്റെയോ വിശ്വാസങ്ങളുടെയോ അതിര്ത്തികളില്ല.

ഇതിനിടയില്‍ ഞാന്‍ തല ഉയര്‍ത്തി മെലിന്റയെ നോക്കി. അവള്‍ ഇപ്പോഴും നിര്‍വികാരമായി കണ്ണുകളെ മേയാന്‍ വിട്ടിരിക്കുകയാണ്. ഇരുതീരത്തിലുമായി ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ അവളുടെ കണ്ണുകള്‍ അലഞ്ഞു നടക്കുന്നു. ജലതരംഗങ്ങലുണര്‍ത്തി വരുന്ന കാറ്റ് അവളുടെ മുടിയിഴകളെ അലോസരപെടുത്തുന്നു. കാറ്റില്‍ പടര്‍ന്നിരിക്കുന്ന പുകമണം ഇവിടുത്തെ സീഷേകളില്‍ നിന്നാണ്. ഹുക്ക പോലെയിരിക്കുന്ന സീഷേകളില്‍ നിന്നും പുകവലിച്ചിരിക്കുന്നവരാരും. നാട്ടിലെ വഴിയരികിലിരുന്നു ബീഡി വലിച്ചു തള്ളുന്നവരുടെ കൊച്ചു വര്‍ത്തമാനങ്ങള്‍ അനുസ്മരിപ്പിക്കുന്നില്ല. ആരും ആരെയും കേള്‍ക്കാതെ സ്വയം നിര്‍മിച്ച കൊച്ചു ലോകത്തിനുള്ളില്‍ നിന്നും പുക പുറത്തേക്കു തള്ളി കൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ ഇവിടം ശബ്ദമുഖരിതമല്ല. വഴി വാണിഭക്കാരുടെ ബഹളമൊഴിച്ചാല്‍..

“Arun let’s move”

മെലിന്റ ഒരു ഞെട്ടലില്‍ നിന്നെന്നത് പോലെയാണ് അത് പറഞ്ഞത്.

“Meli. A moment please. Few more lines to go”

"വെന്റ വാ" മലയാളത്തില്‍ പഠിച്ചു വെച്ചിട്ടുള്ള ചെറിയ വാക്കുകള്‍ ഇപ്പോഴും അവളെ കൊണ്ട് നന്നായി ഉച്ചരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ശ്യാം, നിനക്ക് ഞാന്‍ ഇനി പിന്നീടെഴുതാം. വിസിറ്റ് വിസയില്‍ ഇവിടെ എത്തി ജോലിതേടി അലയുമ്പോള്‍ ഒരല്പം ആശ്വാസം തേടി ഇവിടെ വന്നിരിക്കുന്നവരെ കുറിച്ച്, ഈ തീരത്ത് കൊഞ്ചി കളിച്ച്ചോടുന്ന കുഞ്ഞിക്കാലുകളെ കുറിച്ച്, ഇവിടെ വിടര്‍ന്നും പൊഴിഞ്ഞും തീര്‍ന്ന പ്രണയങ്ങളെ കുറിച്ച്, കൂട്ടുകൂടി വരുന്നവരുടെ കൊച്ചു വര്ത്തമാനങ്ങളെ കുറിച്ച്, പ്രവാസമൊഴിഞ്ഞു പോവുമ്പോള്‍ ഈ തീരത്തോട് യാത്ര പറയാനെത്തുന്നവരെ കുറിച്ച്...

ഇപ്പോള്‍ ഞാന്‍ ഇവളെ യാത്രയാക്കട്ടെ. ഇനിയൊരിക്കലും ഒരുപക്ഷെ ഇവളെ ഞാന്‍ ഇനി നേരില്‍ കാണില്ലല്ലോ. അടുത്ത വെള്ളിയാഴ്ച മുതല്‍ ഈ തീരത്ത് ഞാന്‍ തനിച്ചാണ്.

2010, മേയ് 8, ശനിയാഴ്‌ച

അമ്മയോട്

നിന്റെ കണ്പീലിയില്
തട്ടിയുടഞ്ഞു പതിക്കുന്ന
മിഴി നീര് കണങ്ങള്
പൊതിഞ്ഞെടുത്തൊരു
ചെമ്പില കുമ്പിളില്
ചേര്ത്ത് വെക്കുന്നു ഞാന്
ഇടവഴിയില് മുല്മുനകള്
കീറിയെന് കാലു പിടയുമ്പോള്
മുറിവില് പുരട്ടിയെന്
നീറ്റലടക്കാന്...

2010, മേയ് 5, ബുധനാഴ്‌ച

ആ എസ് എം എസ്

പ്രിയേ ആ എസ് എം എസ് നീ എന്ത് ചെയ്തു?

ഏത് എസ് എം എസ്?

ഉത്തമഗീതം പോലെ കടും പ്രണയമാര്ന്ന എസ് എം എസ്...

അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്?

ഡിലീറ്റ് ചെയ്തോ എന്നറിയാനാ

ചെയ്തെന്കിലെന്ത്?

ഓ ഒന്നുമില്ല

അതെന്താ നിന്റെ ഹൃദയമായിരുന്നോ അത്?

ഹേയ്! അതൊന്നുമല്ല. നിന്റെ കെട്ടിയോന് കാണും മുന്പ് അതങ്ങ് ഡിലീറ്റ് ചെയ്തേക്കാന് പറയാനാ.