-->

Followers of this Blog

2009, സെപ്റ്റംബർ 29, ചൊവ്വാഴ്ച

പ്രേമലേഖനം പാര്‍ട്ട് 2

പാര്‍ട്ട് വണ്‍ ബേപ്പൂര്‍ സുല്‍ത്താനാകിയ ബഷീര്‍ എഴുതിക്കഴിഞ്ഞു. അതു വായിച്ചിട്ടുള്ളോര് തല്ലാന്‍ വടിയുമായി നിന്നോ...

കഥാപാത്രങ്ങള്‍ മ്മടെ കേശവന്‍ നായരും സാറാമ്മയു തന്നെ പിന്നെ ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും

പ്രേമലേഖനം പാര്‍ട്ട് 2

കേശവന്‍ നായര്‍ വീണ്ടും പ്രേമലേഖനം എഴുതാനിരുന്നു.

പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൌവ്വനതീഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍…

കൊടച്ചക്രം. സാറാമ്മയ്ക്കിഷ്ടം ബ്ളോഗുകളാണു. എന്നു കരുതി കേശവന്‍നായര്‍ക്ക് ഈ വരികളല്ലാതെ മറ്റൊന്നും വായില്‍ വരുന്നില്ല. പ്രണയിക്കുന്ന വകയില്‍ അവളു പറഞ്ഞ മാസശമ്പളം പുഷ്പം പോലെ കൊടുക്കാനുള്ള വരുമാനം കേശവന്‍ നായര്‍ക്കുണ്ട്. പക്ഷേ നാലാളു വായിക്കുന്നൊരു ബ്ലോഗുണ്ടോ? സാറാമ്മ അത്തരമൊരു ഡിമാന്റ് വെക്കുമെന്നു ഒരു ഫീകര സ്വപ്നത്തില്‍ പോലും കേശവന്‍ നായര്‍ ഓര്‍ത്തില്ല. അപ്പിയിടാന്‍ മുട്ടിയ പട്ടിയേ പോലെ ഈ ചോദ്യത്തിനു ചുറ്റും കേശവന്‍ നായര്‍ മോങ്ങിയും മണ്ടിയും നടന്നു. സാറാമ്മയ്ക്ക് ഇദം പ്രഥമമായെഴുതിയ പ്രേമലേഖനമല്ലാതെ മറ്റൊന്നും എഴുതി ശീലമില്ലാത്ത അയാള്‍ ബ്ളോഗുകളില്‍ നോക്കി കണ്ണു തള്ളിയിരുന്നു. കണ്ണുതള്ളി പണ്ടാരമടങ്ങിയിട്ടെന്തു കാര്യം? എന്തെങ്കിലും ഏഴുതി സാറാമ്മയെ പ്രീതിപ്പെടുത്തിയിട്ടു തന്നെ ബാക്കി. അല്ലേല്‍ അവളുകൊള്ളാവുന്ന ഒരു ബ്ളോഗറുടെ കൂടെ പോകും. സാറാമ്മേ നിന്റെ പ്രേമത്തിനായ് മാത്രമാണു ഞാനിതെഴുതുന്നത്, എന്ന ഒറ്റ മൂച്ചില്‍ കേശവന്‍ നായര്‍ എഴുതിത്തുടങ്ങി.

ചെമ്മാനും ചെരുപ്പുകുത്തിക്കും കൈ വെക്കാവുന്ന ഏരിയ എന്ന നിലയില്‍ പ്രണയം തന്നെ കയ്യിട്ടുവാരി. അപ്പൊ ത്രെഡ് അതാണു പ്രേമനൈരാശ്യം. പണ്ടു ലിറ്റ്റേച്ചര്‍ ക്ളാസ്സില്‍ ഈ പരുവത്തില്‍ കഥകള്‍ എഴുതി ആരാധികമാരെ സൃഷ്ടിക്കുകയും ആരാധികമാരില്‍ ചിലര്‍ കാമുകിമാരാകുകയും ചെയ്യുന്നതു കണ്ടു തന്റെ പുച്ഛം മലപോല്‍ വളരുകയും അതിനു മുകളില്‍ അവരുടെ പ്രണയമരം വളരുകയും ചെയ്ത നാളുകളില്‍ കേശവന്‍ നായര്‍ അവളൂമാരെ മരമണ്ടികള്‍ എന്നും കൂപമണ്ഡൂകങ്ങളെന്നും എന്നും വിളിച്ചു. അതൊക്കെ പറഞ്ഞിട്ടു ഇനി കാര്യമില്ല. കഥ തുടങ്ങിയേക്കാം.

സുന്ദരനായ ഒരു നായകന്‍. അതു താന്‍ തന്നെയായിക്കോട്ടെ. അല്ലേല്‍ വേണ്ട. സാറാമ്മ തെറ്റിദ്ധരിക്കും. നായകനു വേറെ പേരു കൊടുക്കം. സുകുമാരന്‍. സുകു എന്നു വിളിക്കാം. നായിക മേരി. ഇതിലൊരാളെ പുവര്‍ ഫെല്ലോ ആക്കണം. എന്നാലേ സെന്റിമെന്റ്സ് വര്‍ക്കൌട്ടാകൂ. അല്ലെങ്കില്‍ എന്തെങ്കിലും കഴിവുകേടുണ്ടാക്കണം . കഴിവുകേട് അറിഞ്ഞുകൊണ്ടുള്ള പ്രണയത്തിനു പണ്ടേ മാര്‍ക്കറ്റു കൂടുതലാ. എന്തായാലും മേരിയേപ്പിടിച്ചങ്ങ് ദരിദ്രയാക്കിയേക്കാം. സുകുവെന്നാണു പേരെങ്കിലും, കക്ഷി താന്‍ തന്നെയാകയാല്‍ സ്വയം ദരിദ്രനാകാന്‍ കേശവന്‍ നായര്‍ മടിച്ചു. (കേശവനാളു ഷോവനിസ്റ്റാ).

നായകനും നായികയും റെഡിയായ സ്ഥിതിക്ക് ഇനി അവരെ കൂട്ടിമുട്ടിക്കാനൊരിടം വേണം. ചന്തക്കവല, മാവേലി സ്റ്റോര്‍, പള്ളിപ്പറമ്പ്, കുളക്കടവ്, ബസ് സ്റ്റാന്റ് അങ്ങിനെ പ്രണയം പൊട്ടിമുളക്കാന്‍ പോസിബിലിറ്റിയുള്ള പല ഏരിയകളും കേശവന്‍ നായര്‍ തപ്പി നോക്കി. അതൊന്നും കേശവന്‍ നായര്‍ക്ക് പിടിച്ചില്ല. അയാള്‍ സുകുവിനെ ഒരു കള്ളു ഷാപ്പില്‍ കൊണ്ടു ചെന്നിരുത്തി. അവിടെ കറി വിളമ്പാന്‍ മേരിക്കുഞ്ഞിനെയും. മേരിക്കുഞ്ഞിന്റെ മത്തിക്കറിയില്‍ സുകുമാരനും, സുകുമാരന്റെ റെയ്ബാന്‍ കണ്ണടയില്‍ മേരിക്കുഞ്ഞും ആകൃഷ്ടയായതോടു കൂടി, കേശവന്‍ നായര്‍ പ്രണയത്തിന്റെ മാലപ്പടക്കനു ബീഡിക്കുറ്റി വെച്ചു കൊടുത്തു. ചറപറ പൊട്ടിത്തെറിച്ച് അതങ്ങ് കത്തിക്കേറി. അവരുടെ പ്രണയത്തില്‍ മുന്തിരിക്കള്ളും മത്തിച്ചാറും നിറഞ്ഞു.

ഇനി ഇവരുടെ ഇടയില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നു കേശവന്‍ നായര്‍ക്ക് തോന്നി. അതു വഴി അവരുടെ ഇടയില്‍ ഒരു ഉടക്ക് ഉണ്ടാകുകയും, പിന്നെ തെറ്റിദ്ധാരണ മാറുന്ന മുറയ്ക്ക് മാപ്പു പറയല്‍, മാപ്പുകൊടുക്കല്‍, ആശ്വസിപ്പിക്കല്‍, പ്രേമം വര്ദ്ധിപ്പിക്കല്‍ തുടങ്ങിയ മസാലകള്‍ ചേര്‍ക്കാം. ആണ്ടെടാ കിടക്കുന്നു വെടിച്ചില്ലു പോലെ ഒരോപ്ഷന്‍.

മേരിക്കുഞ്ഞിനു സുകു ബീഡിവലിക്കുന്നത് കണ്ടാല്‍ ഹാലിളകും. സുകുവിനെക്കോണ്ട് അക്കാര്യം സത്യപ്രതിജ്ഞ ചൊല്ലിച്ചു നിരോധിച്ചിട്ടുള്ളതുമാണു. അങ്ങിനെ ഇരിക്കെയാണു ഷാപ്പില്‍ സുകുവിരിക്കുന്ന മൂലയില്‍ നിന്നും പുക ‘ഗമഗമാ’ന്നു ഉയര്‍ന്നു വരുന്നത് മേരികണ്ടത്. വിശ്വാസവഞ്ചനയ്ക്ക് ഇതില്‍ പരം എന്തു വേണം. അവള്‍ കെറുവിച്ചു. കെറുവിച്ച് അടിയായി, ഡിവോഴ്സ് വരെ എത്തിച്ച സാഹചര്യത്തിലാണു മിന്നായം പോലേ പുകയുടെ ഉത്ഭവം മേരീ കണ്ടത്. സുന്ദരമായൊരു ആമത്തിരി. ഷാപ്പില്‍ ജനിച്ചു വളര്‍ന്ന കൊതുകുകളുടെ ശല്യം സഹിക്കവയ്യാതെ സുകുമാരന്‍ സ്വന്തം ചെലവില്‍ കത്തിച്ചു വെച്ച ആമത്തിരിയുടെ പുക കണ്ടാണല്ലോ, സുകുവണ്ണനെ തെട്ടിദ്ധരിച്ചതെന്നോര്‍ത്ത് മേരി നെഞ്ചത്തലച്ചു കരഞ്ഞു. അവളുടെ മാറത്തു തടവി സുകുമാരന്‍ അവളെ ആശ്വസിപ്പിച്ചു. അങ്ങിനെ പ്രേമം പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. എന്നു മാത്രമല്ല ഒടയതമ്പുരാന്‍ വിചാരിച്ചാലും തകര്‍ക്കാനാവില്ലെന്നു അവര്‍ പരസ്പരം മത്സരിച്ച് ഡയലോഗ് വിട്ടു. ആ ഡയലോഗ് വീണ്ടും വീണ്ടും പറയിപ്പിച്ച് കേശവന്‍ നായരും ഒന്നു സുഖിച്ചു. പ്രണയം സെറ്റപ്പായ സ്ഥിതിക്ക് സെന്റിയിലേക്ക് കാലുവെക്കാന്‍ തന്നെ അയാള്‍ ഉറച്ചു.

ഇവരെ പിരിക്കുന്നതാണു ക്ളൈമാക്സ്. എന്നു മാത്രമല്ല അവരു പിരിയുമ്പോ വായിക്കുന്നവരു മൂക്കുപിഴിഞ്ഞു പണ്ടാരടങ്ങണം. മേരിക്കുഞ്ഞിനു ഒരു കല്യാണ ആലോചന കൊണ്ടു വന്നാലോ? അതില്‍ മനം നൊന്തു പാടുന്ന സുകുവിന്റെ ഘോര ശബ്ദം കേശവന്‍ നായര്‍ക്ക് സുഖിച്ചില്ല. അവിഹിത ഗര്‍ഭമുള്ള ഏതെങ്കിലും പെണ്ണിനെ സുകുമാരന്റെ തലയില്‍ കെട്ടി വെച്ച് മേരിക്കുഞ്ഞിനെ തെറ്റിദ്ധരിപ്പിക്കാം എന്നു വെച്ചാല്‍ ആമത്തിരി സംഭവത്തിനു ശേഷം മേരിക്ക് സുകുവിനു ഒടുക്കത്തെ വിശ്വാസമാണു. സുകുവിനു ക്രൂരനായ ഒരപ്പനുണ്ടാകി മേരിയെ തട്ടിക്കളയുക, കള്ളു കുടിച്ച് കടം കേറി സുകു ആത്മഹത്യ ചെയ്യുക, മേരിക്കു നന്മ വരാന്‍ സുകു ഒഴിഞ്ഞു മാറുക, സുകു വിഷമദ്യം കഴിച്ചൊ ടിപ്പര്‍ ലോറി കേറിയൊ പടിയാകുക തുടങ്ങിയ നൂറായിരം ഓപ്ഷനുകള്‍ കേശവന്‍ നായര്‍ ചിന്തിച്ചു കൂട്ടി.

തേരാപ്പാരാ നടന്നിരുന്ന സുകുവിനെ ഒരു സുപ്രഭാതത്തില്‍ കേശവന്‍ നായര്‍ കള്ളവണ്ടി കയറ്റി ബോബെക്കു പറഞ്ഞയച്ചു. പോയി രണ്ട് മാസത്തിനുള്ളില്‍ മേരിക്കുഞ്ഞിനെ വെറെ കല്യാണവും കഴിപ്പിച്ചു. നിരാശയുടെ ആഴക്കടലിന്റ് കരയില്‍ ചങ്കുപൊട്ടി പാട്ടു പാടാന്‍ സുകുവിന്റെ ഘോരശബ്ദത്തിനു അനുമതി കൊടുത്ത് കേശവന്‍ നായര്‍ തന്റെ പ്രഥമ ബ്ളോഗ് പോസ്റ്റ് ചെയ്തു.

കേശവന്‍ നായര്‍ പണ്ടു പണ്ടു പുച്ഛിച്ച മരമണ്ടികള്‍(ണ്ടന്മാര്‍) ബ്ളോഗിനെ വളഞ്ഞു കൂടി സ്തുതി പാടുകയും പൂമാലയര്‍പ്പിക്കുകയും ചെയ്തു. അതു കേട്ട് സാറാമ്മ നിര്‍വൃതിയടഞ്ഞു. കേശവന്‍ നായര്‍ വീണ്ടും വീണ്ടുമെഴുതി. പറഞ്ഞതും പറയാത്തതുമായ പ്രണയങ്ങള്‍ ബൂലോകത്ത് വിലസ്സി നടന്നു. നായകന്റെ ആത്മഹത്യ, നായികയുടെ ആത്മഹത്യ, നായികയുടെ വിവാഹം അഥവാ നായകന്റെ വിരഹം, നായകന്റെ മാറാരോഗം, ക്രൂരനായ അപ്പന്മാര്‍, ഇന്നും കാത്തിരിക്കുന്ന നായിക തുടങ്ങിയ ക്ളൈമാക്സുകള്‍ വായിച്ച്, കൂപമണ്ഡൂകങ്ങള്‍ മൂക്കുചീറ്റി. ആവര്‍ത്തന വിരസ്സത, പുതുമയില്ലായ്മ എന്നൊക്കെ പറഞ്ഞു ചെളിയെറിഞ്ഞ വിവരമില്ലാത്തവരെ കേശവന്‍ നായര്‍ മൈന്റ് ചെയ്തില്ല. എന്നു മാത്രമല്ല ചില കമന്റുകള്‍ വേസ്റ്റ് ബാസ്കറ്റില്‍ കമഴ്ത്തുകയും ചെയ്തു.

കേശവന്‍ നായരെ സംബന്ധിച്ചിടത്തോളം എഴുത്ത് എന്നു പറയുന്നത് ജീവിതത്തിലേക്ക് തിരിച്ചു വെച്ച 50X20 ft. കണ്ണാടിയാണു. ജീവിതത്തില്‍ പ്രണയമാവര്‍ത്തിക്കുന്നിടത്തോളം കാലം എഴുത്തിലും ആവര്ത്തിക്കാമെന്നിരിക്കെ എന്തോന്നു ആവര്‍ത്തന വിരസത. ഇതൊക്കെ പറഞ്ഞു നടക്കുന്നവന്മാരുടെ മൂക്കിടിച്ചു പരത്തണം. മാത്രമല്ല, പരത്തിയ മൂക്കില്‍ മുളകുപൊടി കൂടി വിതറിയിട്ടേ കേശവന്‍ നായരുടെ കലിപ്പടങ്ങിയുള്ളൂ.

കമന്റുകളും ഫോളോവെര്‍സുകളും നിറഞ്ഞ കേശവന്‍ നായരുടെ ബ്ളോഗില്‍ സാറാമ്മ വശംവദയായി. അങ്ങിനെ കേശവന്‍ നായരുടെ ജീവിതത്തിലും പ്രണയം പുഷ്പിച്ചു. കണ്ണില്‍ കണ്ട വഴിയിലൂടെ അവര്‍ ചുമ്മാ ആടിപ്പാടി നടന്നു. ഇതില്‍ക്കൂടുതല്‍ എന്തു പറവാന്‍.

ഇതിഃ ശ്രീ കേശവീയ ബ്ളോഗാത്മ്യം സമാപ്തം.

2009, സെപ്റ്റംബർ 23, ബുധനാഴ്‌ച

മനസാക്ഷിക്കു മുന്നില്‍ വിജയിച്ച്...

"I have fought my battle to my heart content, although
I fail in glory."

നമ്മുടെ ബൂലോകത്തിലെ ആരോപണത്തിന്‍റെ മറുവശത്തേക്ക് നടന്നു എന്നതില്‍ നിന്നാണു ഇങ്ങനെ ഒരു മറുപടി അനിവാര്യമായത്. സത്യം അവ്യക്തമായി കിടക്കുന്നെങ്കിലും ആധികാരികമായ തെളിവുകള്‍ ലഭിക്കാത്തത് ഇത്തരമൊരു മറുപടിയിലേക്ക് എത്തിച്ചിരിക്കുന്നു. നാലോ അഞ്ചോ ദിവസം നീണ്ടു നിന്ന അന്വേഷണത്തില്‍ സിയാബ് സഹകരിക്കും എന്നു അദ്ദേഹം ഈ-മെയില്‍ മറുപടി നല്‍കിയ പ്രതീക്ഷയിലാണു ഞാനും എന്‍റെ സ്റ്റാന്‍ഡിനോട് അനുകൂലിക്കുന്ന ആളെന്ന നിലയില്‍ മേരിലില്ലി, എന്റെ നാട്ടിലെ ചില സുഹൃത്തുക്കള്‍ എന്നിവരുടെ സഹായത്തോട് കൂടി ഇതിനു വേണ്ടി ഇറങ്ങിത്തിരിച്ചത്. സിയാബിന്റേതു പോലെ കഷ്ടപ്പെട്ടു വളര്‍ന്നു വന്ന സാഹചര്യം, ക്യാന്‍സര്‍ എന്ന രോഗം ഒരാളുടെ ശാരീരിക, മാനസിക അവസ്ഥയെയും എങ്ങിനെ ബാധിക്കുമെന്നു നേരില്‍ കണ്ടിട്ടുള്ള അനുഭവം, കാരുണ്യപ്രവര്‍ത്തനമേഖലയില്‍ വ്യാപരിക്കുന്നവര്‍ക്ക് തടസമായേക്കാവുന്ന അവസ്ഥ, സിയാബിന്‍റെ പ്രയത്നങ്ങളോടുണ്ടായിരുന്ന മതിപ്പ് ഇതെല്ലാമാണു ഈ ഒരു വഴിയിലേക്ക് പ്രേരകമായത്.

നമ്മുടെ ബൂലോകം സിയാബിനെതിരെ ആരോപണങ്ങളുമായി വരുമ്പോള്‍ അയാള്‍ കീമോ തൊറാപ്പിക്കു വിധേയനാകുന്ന സമയമാണെന്ന അറിവ് കിട്ടിയതിനാലാണ് മാനുഷിക പരിഗണന എന്ന വാദവുമായി ഞാനും മേരി ലില്ലിയും രംഗത്തെത്തുന്നത്. കാന്‍സര്‍ രോഗിയെന്നു സിയാബ്‌ സ്വയം സമ്മതിച്ച ശേഷവും അതെ മാനുഷിക പരിഗണന തന്നെ ആണ് അയാള്‍ക്ക്‌ വേണ്ടി നിലയുറപ്പിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതും. അയാളുടെ രോഗാവസ്ഥ സത്യമെങ്കില്‍, അയാളെ കാരണമറിയാതെ കല്ലെറിയരുത് എന്ന ധാര്‍മ്മിക ചിന്ത മനസിലുണ്ടായിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രോഗത്തിന്‍റെ പൂര്‍ണ വിവരങ്ങള്‍ കൈമാറാം എന്നായിരുന്നു സിയാബ്‌ ഏറ്റിരുന്നത്. പക്ഷെ പറഞ്ഞ തീയതിക്കുള്ളില്‍ രേഖകള്‍ കൈമാറാന്‍ സിയാബ്‌ തയ്യാറായില്ല. തന്‍റെ കൈയില്‍ ചികിത്സയുടെ പൂര്‍ണ വിവരങ്ങള്‍ ഉണ്ടെന്നു പറയുമ്പോഴും അതു മറ്റൊരാള്‍ക്ക് കൈമാറാന്‍ സിയാബ്‌ മാനസികമായി തയ്യാറല്ല എന്നാണു ഇതില്‍ നിന്നും മനസിലാകുന്നത്. രോഗിയുടെ വിവരങ്ങള്‍ മറച്ച് വെക്കാന്‍ അയാള്‍ക്കുള്ള വ്യക്തിപരമായ അവകാശത്തെ അംഗീകരിക്കമെങ്കിലും, അതിന്‍റെ പിന്നില്‍ ഉയര്‍ന്നിട്ടുള്ള സാമ്പത്തീക ആരോപണങ്ങളെ പ്രതിരോധിക്കാന്‍ അയാള്‍ തയ്യാറാകുമെന്ന പ്രതീക്ഷയില്‍ അടുത്ത രണ്ടു ദിവസങ്ങള്‍ കൂടി കാത്തിരുന്നത്. പിടിച്ചു വാങ്ങുക എന്നത് അസാധ്യവുമാണ് . അയാളുടെ കൈയില്‍ ഇനിയും അതവശേഷിക്കുന്നുണ്ടെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് കൈമാറി, അസുഖകരമായ ഈ അവസ്ഥയെ അയാള്‍ ഒഴിവാക്കും എന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്. പക്ഷെ അതു ഈ വിഷയത്തില്‍ ഞങ്ങള്‍ ഏറ്റെടുത്തിരുന്ന ദൌത്യത്തിനതീതമായി നില്‍ക്കുന്നതാണ്.

ബൂലോകവുമായി ആരോഗ്യപരമായ സംവാദം നടന്നു എന്നു തന്നെയാണു കരുതുന്നത്. അനോണിമസ് അഭിപ്രായങ്ങളും വ്യക്തിഹത്യയും അപവാദമാണ്. സംവാദത്തില്‍ പറഞ്ഞിരുന്നത് പോലെ രേഖകള്‍ സമയബന്ധിതമായി നല്‍കാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ ഇതില്‍ നിന്നും പിന്മാറുകയാണ് . ഇതില്‍ തോല്‍വിയും ജയവുമുണ്ട്. ഞങ്ങളെ എതിര്‍ത്തവര്‍ പോലും നേരില്‍ വിളിച്ച് ശ്രമങ്ങളെ അഭിനന്ദിച്ചത് അംഗീകാരമായി തന്നെ കണക്കാക്കുന്നു. മാത്രമല്ല, ആരോപണം കേട്ടയുടനെ ഒരാളെ മുന്‍വിധിയോട് കൂടി സമീപിച്ചില്ല എന്നതും പിന്നിട് അയാള്‍ നിരപരാധിയാണു എന്ന തിരിച്ചറിവില്‍ മനസാക്ഷി വേദനിക്കില്ല എന്നതും ഞങ്ങള്‍ക്ക് അഭിമാനത്തിനു വകയുള്ള കാര്യങ്ങളാണ് . നാലുവശത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുന്നു.

ഗ്യാലറിയില്‍ ഇരുന്നു കയ്യടിച്ചില്ല, മൂക്കത്ത് വിരല്‍ വെച്ചില്ല, കളത്തിലിറങ്ങി കഴിവിന്‍റെ പരമാവധിയില്‍ നന്നായി തന്നെ പരിശ്രമിച്ചു. മനസാക്ഷിക്കു മുന്നില്‍ വിജയിച്ചും എതിര്‍ത്തവര്‍ക്കുമുന്നില്‍ പരാജിതരായും ഞങ്ങള്‍ പിന്തിരിയുന്നു. സത്യം അവ്യക്തത നീക്കി, മാതൃകപരമായ ജ്വാലയോടെ പുറത്തുവരും എന്ന പ്രതീക്ഷയില്‍ തന്നെ. കാലവിളംത്തില്‍ സത്യം തന്നെ ജയിക്കും. കല്ലെറിയാം, അപഹസിക്കാം, ആരോപണങ്ങളുമായി മുന്നോട്ട് വരാം. ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട്, നിങ്ങളുടെ മുന്നില്‍.

2009, സെപ്റ്റംബർ 19, ശനിയാഴ്‌ച

ഉത്തരം പറയേണ്ടത് സിയാബോ അതോ...

...മേരിലില്ലിയോ? അല്ലെങ്കില്‍ ഹന്‍ലലത്ത്, അനീഷ് (അനു), അലക്സ്, നന്ദകുമാര്‍, പിന്നെ ഈ എളിയവനും മറ്റുചിലരുമൊക്കെ സിയാബിനെ അനുകൂലിച്ച് തന്നെ സംസാരിച്ചവരാണു. ഇവരില്‍ നിന്നാണൊ ആധികാരികമായ ഉത്തരം വരേണ്ടത്. കാപ്പിലാനും ഹന്‍ലലത്തും, മേരിലില്ലിയും അവരവരുടെ ബ്ലോഗുകളില്‍ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരാണു. പക്ഷെ അതിനര്‍ത്ഥം ഇവരൊക്കെ എല്ലാം ചേര്‍ന്നു കോക്കസോ, ക്ലിപ്തമോ ഉണ്ടാക്കി ബൂലോകത്ത് തട്ടിപ്പുവീരന്മാരായി നടക്കുന്നു എന്നാണോ?

നമ്മുടെ ബൂലോകത്തിലെ വാര്‍ത്തകള്‍ തെളിവുകള്‍ നിരത്തിയുള്ളതാകയാല്‍ അതു മാനിച്ച് കൊണ്ട് തന്നെ പറയട്ടെ. ഇവിടെ സംസാരിക്കേണ്ടവര്‍ രണ്ടുപേരാണു. ഒന്നു സിയാബ്. രണ്ട് ഉമ്മ്ച്ചി എന്നു സിയാബ് വിളിക്കുന്ന പ്രവാസി ബ്ലോഗര്‍. രണ്ടുപേരും അവ്യക്തത നിലനിര്‍ത്തുന്നു. ഇവിടെ സിയാബിനെ അനുകൂലിച്ചവരടക്കം അറിയുന്ന കഥ ക്യാന്‍സര്‍ രോഗത്തിന്റേതാണു. ഇതാദ്യമെ നമ്മുടെ ബൂലോകം പറഞ്ഞിരുന്നെങ്കില്‍ ഇതുപോലൊരു വൈകാരിക വിപ്ലവം ഉണ്ടാകുമായിരുന്നില്ല. മേരിലില്ലിയേയും ഹന്‍ലലത്തിനേയും ടി. പത്രം ക്ഷണിച്ച് വരുത്തി അഭിപ്രായമറിയിക്കാന്‍ ആവശ്യപ്പെട്ടതാണു എന്നത് ആദ്യപോസ്റ്റിലെ കമന്റുകളില്‍ നിന്നു വ്യക്തമാണു. ഈ പോസ്റ്റ് മേരിലില്ലിയുമായി നടത്തിയ അഭിമുഖത്തില്‍ “വിന” നല്‍കിയ ലിങ്കില്‍ നിന്നാണു എനിക്ക് ലഭിക്കുന്നത്. മേരിലില്ലിക്ക് സിയാബിനെ അറിയാം എന്നതു കൊണ്ട് ഉടനെ അവരെ വിളിച്ചു കാര്യം തിരക്കി. അവര്‍ക്ക് അപ്പോള്‍ തന്നെ പ്രതികരിക്കാമായിരുന്നു. പക്ഷെ എന്നോട് അവര്‍ പറഞ്ഞത് അവനു ചില പ്രശ്നങ്ങള്‍ ഉണ്ട്. അതറിയുമ്പോള്‍ ഈ ഒരു ആരോപണം പിന്‍വലിക്കപ്പെടും എന്നാണു.

പിന്നിട് ക്ഷണിക്കപ്പെട്ടപ്പോള്‍ മാത്രമാണു അവര്‍ പ്രതികരിക്കാന്‍ തയ്യാറായത്. അവര്‍ക്കറിയാമായിരുന്ന പ്രശ്നം ഈ രോഗമാണു എന്നറിഞ്ഞപ്പോള്‍ മുതലാണു സിയാബ് മാനുഷിക പരിഗണന അര്‍ഹിക്കുന്നു എന്ന നിലയില്‍ അടുത്ത വാര്‍ത്ത ഹോള്‍ഡ് ചെയ്യാന്‍ പത്രാധിപരോട് ഞാനും അപേക്ഷിക്കുന്നത്. അത് നമ്മുടെ ബൂലോകം ഒരു പക്ഷെ രോഗത്തെക്കുറിച്ചുള്ള കാര്യം അറിഞ്ഞു കാണില്ല എന്നു കരുതിയാണു. അതു മനസിലിരിക്കുമ്പോള്‍ ആരായാലും സുഹൃത്തിനുവേണ്ടി പ്രത്യേകിച്ച് അനിയനായി കരുതുന്ന ഒരാള്‍ക്ക് വേണ്ടി വൈകാരികമായി പ്രതികരിക്കും. അതിനെ കോക്കസ് എന്നൊക്കെ വിളിക്കും മുന്‍പ് ഒരു കാര്യം മനസിലാക്കണം. സിയാബ് ആ സമയത്ത് കീമൊതെറാപ്പിക്ക് വിധേയനാകുന്ന സമയം ആണു (ഇതിലെ സത്യം സിയാബ് തന്നെ പറയട്ടെ). എന്റെ ഒരു ഡോക്ടര്‍ സുഹൃത്തുമായി സംസാരിച്ചതില്‍ നിന്നു, കീമോ ചെയ്യുന്നത് അഡ്വാന്‍സ്ഡ് സ്റ്റേജില്‍ ആയിരിക്കും എന്നറിയാന്‍ കഴിഞ്ഞു. അങ്ങിനെ ഒരു അവസ്ഥ തരണം ചെയ്യാന്‍ ശ്രമിക്കുന്നയാളെ ഇത്തരണുത്തില്‍ വേദനിപ്പിക്കരുത് എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം മാത്രമേ എല്ലാ സുഹൃത്തുക്കള്‍ക്കും ഉണ്ടാകു. അതു ഉയര്‍ന്ന വികാരത്തില്‍ പുറത്ത് വന്നില്ലെങ്കിലേ അതിശയമുള്ളു. ആ വികാരത്തെ ശരിയായ അര്‍ത്ഥത്തില്‍ മാനിക്കേണ്ടതല്ലെ. അതിനു തട്ടിപ്പുവീരന്മാരുടെ ക്ലിപ്തമെന്നോ കോക്കസ് എന്നൊ പങ്കുപറ്റല്‍ എന്നോ ഒക്കെ പറഞ്ഞ് ക്രൂശിക്കേണ്ടതുണ്ടോ?

ഈ വാര്‍ത്ത ആദ്യമെ വരുത്താതെ അതിനൊരു ഇന്‍ട്രോ ഇട്ട്, ചലനം ഉണ്ടാക്കി വികാരത്തള്ളിച്ച ഉണ്ടാക്കി, ആളുകളെ ക്ഷണിച്ചു വരുത്തി കമന്റിടീച്ച് നടത്തിയ വാര്‍ത്തയുടെ മാര്‍ക്കറ്റിംഗ് ആണു ഇതു പോലെയുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കിയത്. രോഗവിവരം അറിയാതെയാണെന്നും അതു രോഗിയെത്തളര്‍ത്തരുതെന്നുമുള്ള നല്ല ഉദ്ദേശമേ സിയാബിനെ അനുകൂലിച്ചവര്‍ക്കുണ്ടായിരുന്നുള്ളു. അല്ലാതെ ഇവിടെ ആര്‍ക്കും ഒരു ടൊട്ടല്‍ ഫൊര്‍ യു ഉണ്ടാക്കണ്ട. ഉത്തരമെല്ലാം സിയാബിന്റെ കൈയിലാണു. അയാളുടെ നട്ടെല്ലു നിവര്‍ത്താതെയുള്ള മറുപടി ദുരൂഹമായത് കൊണ്ട് തന്നെ സംശയങ്ങള്‍ നിലനില്‍ക്കുന്നു. പ്രവാസിബ്ലോഗര്‍ ചെയ്തത് നല്ല കാര്യമെങ്കിലും അവരും കാര്യങ്ങള്‍ കുറച്ച് കൂടെ വ്യക്തമാക്കാന്‍ തയ്യറാകേണ്ടതാണു. രണ്ടുപേരും നേരിട്ട് നല്‍കുന്ന വിശദീകരണത്തിലാണു സത്യമിരിക്കുന്നത്, അത് വികാരപരമായ മറുപടിയിലോ, സഹതാപം ജനിപ്പിക്കുന്ന പോസ്റ്റിലോ അല്ല. സിയാബിന്റെ സുഹൃത്തുക്കള്‍ക്ക് കൂടുതലായി എന്തെങ്കിലും അറിയുമോ എന്നറിയില്ല. പണമിടപാടിന്റെ കാര്യം തന്നെ അവരറിയുന്നത് ഒരു പക്ഷെ ഇപ്പോഴാണു. മേരിലില്ലിയും അതു വ്യക്തമാക്കുന്നുണ്ട്.

ഇതില്‍ കൂടുതല്‍ അറിയാനുള്ള വ്യക്തിപരമായ ശ്രമത്തില്‍, സിയാബിനെ ചികിത്സിക്കുന്ന ഡോക്ടര്‍, ഹോസ്പിറ്റല്‍, ബയോപ്സി തുടങ്ങിയ വിവരങ്ങള്‍ തിങ്കളാഴ്ച തരുമെന്നു സിയാബ് തന്നെ എനിക്ക് മെയില്‍ അയച്ചിട്ടുണ്ട്. തരുമെന്ന പ്രതീക്ഷയിലാണു ഞാന്‍. അതു കാര്യങ്ങള്‍ സുതാര്യമാക്കുന്നു എന്നു കരുതുന്നു. അങ്ങിനെയൊന്നു സിയാബ് ചെയ്തില്ലെങ്കില്‍ നാളെ കരയുന്നൊരാള്‍ക്ക് വേണ്ടി കൈ നീട്ടാന്‍ എന്റ് കൈകള്‍ ഉയരില്ല. അവിടെയൊക്കെ സിയാബിന്റെ മുഖം ഉയര്‍ന്നു വരും. അര്‍ഹിക്കുന്നവനു നേരെ പോലും മുഖം തിരിഞ്ഞു പോകും. ചാരിറ്റി എന്ന വാക്കിനെ തന്നെ വെറുത്തു പോകും. സിയാബും പ്രവാസിബ്ലൊഗ്ഗറും ഒരുപോലെ പുറത്ത് വന്നു ബൂലോകത്തോട് സംസാരിക്കണം. എങ്കില്‍ മാത്രമെ ഈ രക്തത്തിലെ ശരിയായ പങ്ക് അളക്കാന്‍ കഴിയൂ.

മനസിലുയരുന്ന ഒരുചോദ്യം കൂടി, സിയാബ് പണം വാങ്ങി എന്നത് അയാള്‍ അംഗീകരിക്കുന്നു. ആ പണം തിരികെ നല്‍കാമെന്നു പറയുന്നു. രോഗമാണെന്ന കാര്യത്തിനു തെളിവ് നല്‍കാമെന്നും സമ്മതിക്കുന്നു. രോഗമുണ്ട് എന്നതിനു ഞാന്‍ നേരിട്ട് കണ്ടില്ലെങ്കിലും വിശ്വസ്തനായ സുഹൃത്ത് വായ തുറന്നു തന്നെ അവസ്ഥ കണ്ടതാണു. ഞാന്‍ നേരില്‍ കാണാത്തത് കൊണ്ട് സുഹൃത്തിന്റെ സാക്ഷ്യം വിശ്വാസയോഗ്യമെങ്കിലും അതു അടിസ്ഥാനമാക്കി സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ സിയാബ് നല്‍കിയാല്‍ അതു കൊണ്ടുള്ള പുനരന്വേഷണത്തില്‍ സിയാബ് തെറ്റുകാരനല്ലെന്നു തെളിഞ്ഞാല്‍ നമ്മുടെ ബൂലോകം നാളെ എന്താണു ചെയ്യാന്‍ പോകുന്നത്. മാപ്പ് പറയുമോ? കാശു പിരിച്ച് അയാള്‍ക്ക് ചികിത്സനടത്തുമോ? അത് പോലെ ഒരു അപമാനം ദയവായി ചെയ്യരുത്. അയാളെ സ്വതന്ത്രമായി വിടുക. നല്ലൊരു പടയാളിക്കു നല്‍കുന്ന അംഗീകാരമാകുമത്. നേരെ മറിച്ച്, സിയാബാണു കുറ്റക്കാരനെങ്കില്‍ അയാളെ നിയമത്തിനു തന്നെ വിട്ടു കൊടുക്കണം. നമ്മള്‍ക്ക് തെറ്റ് ചൂണ്ടിക്കാണിക്കാം. പക്ഷെ കല്ലെറിയാതിരിക്കുക. ഒപ്പ്ം അയാളുടെ കൂടെ ഒരു ദുരവസ്ഥ തരണം ചെയ്യാന്‍ കൂടെ നിന്ന സുഹൃത്തുക്കളുടെ വികാരത്തെക്കൂടി മാനിക്കുക. ഒരു മുന്‍വിധി ഒഴിവാക്കുക. സ്നേഹപൂര്‍വ്വം.

2009, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

സത്യമെന്നതെന്ത്...?

What's TRUTH?
Asked Pontius Pialte
Tunred back and
never waited for the answer.
നസ്രായനു മറുപടിയുണ്ട്

എന്റെ മനസിനെതിരെ
ഞാനുമിരിക്കുന്നു.
സത്യമെന്ത്...?
മുഖം തിരിച്ച് ഞാന്‍ പടിയിറങ്ങുന്നു
സ്വയം വിധിച്ച
കുരിശുമരണമാണെനിക്ക്

നിങ്ങള്‍...
എന്റെ മുഖത്ത്
കാര്‍ക്കിച്ചു തുപ്പുക
മുള്‍തറച്ചിറങ്ങുന്ന
കിരീടമണിയിക്കുക
എന്റെ കയ്യില്‍
വളഞ്ഞ ഞാങ്കണ നല്‍കുക.

സത്യത്തിന്റെ നേര്‍ വഴി
വാതിലടച്ച്
ഗാഗുല്‍ത്താ വരെ ഞാന്‍
തനിച്ചു നടക്കാം
കണങ്കാലിലും ഇടംകൈയിലും
ഞാന്‍ തന്നെ ആണി തറക്കാം

അവസാനമായി
എന്റെ വലം കൈ തറച്ച് വെക്കുക
നെഞ്ചിലേക്കൊരു കുന്തമുനയും

ഇത് പരാജിതന്റെ
കുരിശുമരണമാണു
മൂന്നാം നാള്‍ എനിക്ക്
ഉയര്‍ത്തെഴുന്നേല്‍ക്കണ്ട...

2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച

തിരികെ ഒഴുകുന്ന കടല്‍

നീ കടലാണു
നിന്നിലേക്കൊഴുകുന്ന പുഴയാണു
ഞാന്‍...
ഈ വരികള്‍ മടുത്തുപോയി...

നിന്റെ തീരത്തെഴുതി
വെച്ചിട്ടു പോയ വരികള്‍
തിരക്കൈ നീട്ടി മായിച്ചതെന്നോര്‍ത്ത്
പൊള്ളിയ താപത്തില്‍,
മലയിറങ്ങി വന്നു
കടലിലേക്കിറങ്ങിയ ചാലുകള്‍
വറ്റിയിരുന്നു.

തിരക്കൈ നീട്ടി മായിച്ചതല്ല നിന്‍,
ഇടനെഞ്ചില്‍ ചേര്‍ത്ത് വെച്ചെന്നു
പറയാതിരുന്നതെന്ത്...
എനിക്കുള്ള വരികള്‍ നീ എഴുതിയില്ല,
നനഞ്ഞു തുടങ്ങാത്ത മണ്ണിനടിയില്‍
മുനമടങ്ങിയിരുന്ന പുല്‍നാമ്പു പോലെ
അക്ഷരങ്ങളെ നീ മറച്ചു വെച്ചു...

Thou art the sea,
I flow down to which.
Nor did you flow back.
Yet,
On a day
It breaks the conventional
And,
By a power unknown
Thou shall flow back to me

നിന്നിലേക്കൊഴുകാനിനി
നനവുള്ള മണ്ണില്ല,
വഴിച്ചാലു തീര്‍ത്ത
മഴക്കാലവും തീര്‍ന്നുപോയി.
എന്റെ വഴിയും നീരൊഴുക്കും
ഇവിടെ തീരുകയാണു.

വരണ്ട മണ്ണിനോട് ചേര്‍ന്നൊരു
വയലേല
അതു ചെന്നു തീരുന്നിടത്ത്
ഞാനിരിപ്പുണ്ട്...

നാളെ മഞ്ഞുവീഴുന്ന പ്രഭാതമാണു
എന്റെ സന്ധ്യ തണുത്തു തുടങ്ങുന്നു
ചിതറിയ സ്പന്ദനങ്ങളും
ചിലമ്പിച്ച സ്വനങ്ങളുമായി
നിന്റെ കടല്‍ ഒഴുകിതുടങ്ങിയോ?