-->

Followers of this Blog

2009, ജൂലൈ 30, വ്യാഴാഴ്‌ച

ഉറക്കത്തെ മോഷ്ടിച്ചവള്‍

എന്റെ ഉറക്കത്തെ പലതായ് മുറിച്ചു നീ
മോഷ്ടിക്കുന്നതെന്തിനു?
നീ ചിരിക്കേണ്ട...
കണ്ണില്‍ നോക്കിയുള്ള നിന്റെയീ ചിരി,
അതുമായെന്‍ ഉറക്കത്തെ നീ
മോഷ്ടിക്കുന്നതെന്തിനു?

വഴിയരികില്‍ ലോറിയിറങ്ങി ചതഞ്ഞ
പൊമേറേനിയന്‍ പട്ടി,
അതിനരികിലിരിക്കുന്ന പാണ്ടന്റെ
നനവൂറുന്ന കണ്ണുകള്‍,
ഗര്‍ഭപാത്രത്തെ നിഷേധിച്ച
കാമുകനും ഭര്‍ത്താവിനുമിടയില്‍
ആളിയമര്‍ന്നൊരു പെണ്‍ തരി,
സൂര്യനെതോല്പിച്ച്
ചുടുകട്ട കെട്ടിയുയര്‍ത്തി
പറന്നുയരുന്ന
ബംഗാളുകാരന്‍ കുലിപ്പണിക്കാരന്‍,
കാലില്‍ തറച്ച മുള്ള്,
മടിയില്‍ വീണുറങ്ങുന്ന കുഞ്ഞ്,
നെഞ്ചിലെ റോസാപ്പുവുകള്‍,

ഇതെല്ലാം നീ തന്നെ...
എന്റെയുറക്കത്തെ ഭാഗിച്ചെടുത്ത്
മോഷ്ടിച്ചവര്‍
ഇതെല്ലാം നീ തന്നെ
നീയെന്ന കവിത..
കവിതയാകുന്ന നീ...
എന്റെ ഉറക്കത്തെ പലതായ് മുറിച്ചവള്‍
മോഷ്ടിച്ചവള്‍
എന്റെ സ്വസ്ഥതയെ നശിപ്പിച്ചവള്‍
എന്നിട്ടും നിന്നെ പ്രണയിക്കാതിരിക്കാന്‍
എനിക്കു കഴിയുന്നില്ലല്ലോ?

2009, ജൂലൈ 23, വ്യാഴാഴ്‌ച

ചേര്‍ന്നിരിക്കുന്ന വേദന

ചേര്‍ന്നിരിക്കാനൊരു
വേദനയുണ്ട്

അതറിഞ്ഞതു കൊണ്ടാണ്
കടലാസുകള്‍ ചേര്‍ത്തു വെച്ച്
സ്റ്റേയ്പ്ലറുകോണ്ടമര്‍ത്തുമ്പോള്‍
തുളച്ചുകയറുന്ന വേദനയിലും
അവ കരയാത്തത്

2009, ജൂലൈ 17, വെള്ളിയാഴ്‌ച

ഓര്‍മ്മകള്‍

നീ മറക്കാന്‍ പഠിച്ചതും
എന്നോട് മറക്കാന്‍ പറഞ്ഞതുമാണു
എന്റെ ഓര്‍മ്മകള്‍.
കൈത്തണ്ടയില്‍ നിന്നൂര്‍ന്ന്
ഉടഞ്ഞു വീണ വളപ്പൊട്ടു പോലെ
മാംസമുള്ള ഹൃദയത്തിലവ
തറച്ചു കിടക്കുന്നു.

നഖമുന കൊണ്ട്
എന്റെ തുടയില്‍ നീ എഴുതിയ
വിപ്ലവങ്ങളില്‍
എന്റെ മതമൊരു കറുപ്പും
നിന്റെ അച്ഛനൊരു ബൂര്‍ഷ്വയും
നമ്മുക്കെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍
വര്‍ഗ്ഗബോധമില്ലാത്തവയുമായത്...

ചേര്‍ത്തു വെച്ച കൈകളുയര്‍ത്തി
പിളര്‍ത്താമെന്നു കരുതിയ
ചെങ്കടലുകള്‍,
കടലുകള്‍ പിളര്‍ന്നു പോയ
വഴി ചേരുന്ന കാനാന്‍ ദേശം,
ജീവനും മരണവുമൊന്നിച്ച്
എന്നു നീ പറഞ്ഞത്,
പല്ലുകോര്‍ത്ത ചുണ്ടില്‍
പൊടിഞ്ഞ രക്തം കൊണ്ട്
നിന്റെ നെറ്റില്‍ സിന്ദൂരമിട്ടത്...

കടല്‍ത്തീരമെത്തും മുന്‍പ്
തുടയിലെ നഖചന്ദ്രരേഖകള്‍
മാഞ്ഞു പോയത്,
അച്ഛന്റെ കോടതിയില്‍ നീ
മാപ്പു സാക്ഷിയായത്,
ഇരുട്ടിന്റെ മറവില്‍
ഞാന്‍ ഒറ്റിക്കൊടുക്കപ്പെട്ടത്,
കണ്ണുനീര്‍ വീണു പൊള്ളിയ കടലാസില്‍
നിന്നെ ശപിച്ച്
എഴുതിയ കവിതകള്‍...

ഇന്നു...

ഈ കടല്‍ത്തീരത്ത്
വിളിയെത്താ ദൂരത്ത്
രണ്ട് കൂരകള്‍
ഒരു കൂരയിലിരുന്നു നീയും
മറുകൂരയിലിരുന്നു ഞാനും
നെഞ്ചില്‍ തറച്ച
വിപ്ലവ വെടിയുണ്ടകളില്‍
വിരലോടിച്ചമര്‍ത്തി
വേദനപൂണ്ട്.

ലോകത്തിലങ്ങിനെ
എത്ര തീരങ്ങള്‍
എത്ര കൂരകള്‍
വെടിയുണ്ടകള്‍, വേദനകള്‍?

ഈ വളപ്പൊട്ടുകള്‍ കൊണ്ടെന്നെ
നീ ക്രൂശിച്ചു കൊള്ളുക
ഓരോ മൂന്നാം ദിവസവും
ഞാനുയിര്‍ത്തെഴുന്നേല്‍ക്കുമെങ്കിലും...

2009, ജൂലൈ 13, തിങ്കളാഴ്‌ച

മോര്‍ച്ചറിക്കു മുന്നില്‍

മരവിച്ചു പോയവനെയും
തുളയ്ക്കുന്ന തണുപ്പില്‍
മാംസം പൂക്കുന്ന മണത്തിനൊപ്പം
കൊഴിഞ്ഞു വീഴുന്ന
അസ്ഥിയില്‍ മൊട്ടിട്ട
ശവം നാറി പൂവുകള്‍

കുടുസ്സുമുറിയുടെ നീലവെളിച്ചത്തിനു
കാവലിരിക്കുന്നൊരാള്‍
ജീവനും മരണത്തിനുമിടയില്‍
ഉറക്കം മുറിഞ്ഞ
ഇരട്ടക്കണ്ണുമായ്

ചങ്കുപൊട്ടിയൊരോട്ടയില്‍
മരണത്തിന്റെ ചൂളം വിളിയും
നെറ്റിയില്‍ താപത്തിന്റെ
ചുവന്ന കണ്ണുമായ്
നീട്ടിയ കയ്യില്‍ അറ്റ ചേതനയും പേറി
പാഞ്ഞു പോയൊരു
തകര വണ്ടി

തലയോട്ടിയുടഞ്ഞൊരുണക്ക മരത്തില്‍
പച്ചില കുരുക്കാത്ത കറുത്ത കൊമ്പില്‍
തൂങ്ങിയാടുന്ന കൂമന്റെ മൂളലും

അട്ടിയിട്ട കട്ടിലുകളില്‍
ശവങ്ങള്‍ കാത്തു കിടക്കുകയാണു
ജന്മം കൊണ്ട് പതിച്ചു കിട്ടിയ
ആറടി മണ്ണിനോ
മരവിച്ചിട്ടും തീരാത്ത തണുപ്പിനെ
തീര്‍ക്കുവാന്‍
തെക്കു മാറി ചരിഞ്ഞു വീഴുന്ന
മാവിന്റെ ചില്ലയില്‍
കത്തുന്ന ചൂടിനോ

2009, ജൂലൈ 7, ചൊവ്വാഴ്ച

മോനെ, നീ വന്ന വഴികള്‍ ഓര്‍ക്കുക

സംഭവം കുറെക്കാലം മുന്‍പാണു. ഈവനിങ് ഷിഫ്റ്റില്‍ ഇരിക്കുന്ന എന്റെ ഫോണില്‍ "ഹോം കോളിങ്". മമ്മിയായിരുന്നു. "മോനെ അത്യാവശ്യമായി എന്റെ മൊബൈല്‍ ഒന്നു റീച്ചാര്‍ജ്ജ് ചെയ്യണം. വേഗം വേണം". മമ്മിയുടെ സ്വരത്തില്‍ പരിഭ്രാന്തി. "എന്തു പറ്റി മമ്മി?". "ഒന്നുമില്ലെടാ". എനിക്ക് എന്തൊ പന്തികേട് തോന്നി. "വീട്ടിലാര്‍ക്കെങ്കിലും എന്തെങ്കിലും? എന്ന ചോദ്യം എന്നെ വേട്ടയാടി കൊണ്ടിരുന്നു. അനിയനേയും, കസിനേയും, കൊച്ചാപ്പനേയും വിളിച്ചു തിരക്കി. ആരും ഒന്നും പറഞ്ഞില്ല. ഇനിയൊരു പക്ഷെ, എന്നോട് പറയാതിരിക്കുന്നതാണോ?. വെല്ലവിധേനയും ഷിഫ്റ്റ് തീര്‍ന്നു തീര്‍ന്നില്ല എന്നു വരുത്തി ഞാന്‍ വീട്ടിലേക്ക് അതിവേഗത്തില്‍ ബൈക്കോടിച്ച് ചെന്നു. മനസില്‍ പലചിന്തകളും, ഒരു പക്ഷെ അമ്മൂമ്മയ്ക്കെന്തെങ്കിലും? വീടിനുമുന്നില്‍ ആള്‍ക്കൂട്ടമുണ്ടോ എന്നാണു ഞാന്‍ ആദ്യമേ നോക്കിയത്. ആരുമുണ്ടായിരുന്നില്ല. "ദൈവമേ ഇനിയാരെങ്കിലും ഹോസ്പിറ്റലില്‍?"

ഇതൊന്നുമല്ല കാര്യം. മനുഷ്യന്‍ വെറുതെ തീ തിന്നു. സന്നിദാനന്ദന്‍! കക്ഷിയെ അറിയുമായിരിക്കുമല്ലൊ? സന്നിയെന്നു പറഞ്ഞാല്‍ അറിയാത്തവര്‍ ലോകമലയാളത്തിലുണ്ടോ? സംഗീതവും ശബ്ദവും ശ്രീ അയ്യപ്പന്റെ വരമായി ലഭിച്ചു എന്നു വിശ്വസിക്കുന്ന ഐഡിയ സ്റ്റാര്‍ സന്നിധാനന്ദന്‍ തന്നെ. അദ്ദേഹം പാടിയതു ശെരിയായില്ല എന്നു ശ്രീക്കുട്ടനും, ദീദിയും, ശരത്തും ഒരു പോലെ പറഞ്ഞു (ഗസല്‍ എന്നൊക്കെ പറഞ്ഞാല്‍ സന്നി കൊത്തിയാല്‍തന്നെ ആ കൊക്കിലൊതുങ്ങില്ല എന്ന കാര്യം ആര്‍ക്കുമറിയാം. അതിനു പ്രത്യേകിച്ചൊരു ദിവ്യത്വം വേണ്ട.) എങ്കിലും അദ്ദേഹം കൊള്ളാവുന്ന ഒരു പാട്ടുകാരന്‍ തന്നെ. അതു കൊണ്ടു തന്നെയാണു സന്നിയേയും റിത്വികിനേയും കുറിച്ച് ഇങ്ങനെയൊക്കെ എഴുതിയതും. വീട്ടുകാര്‍ക്കും കക്ഷിയെ ക്ഷ ബോധിച്ചിരുന്നു. സംഗീതം മാത്രമല്ല സന്നിയുടെ ജീവിതചുറ്റുപാടുകളും ടിവിയില്‍ കണ്ടതു കൊണ്ട് തന്നെ ആ സ്നേഹം കുറച്ചു കൂടി വാത്സല്യത്തിന്റെ തന്നെയായിരുന്നു. അതു കൊണ്ടാണു ഒരു പക്ഷെ സന്നി അടുത്ത റൌണ്ടില്‍ നിന്നും പുറത്തായാലോ എന്നു ഭയന്ന്‍ എന്റെ മമ്മി അര്‍ജന്റ് ആയി മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ പറഞ്ഞതും. ആരെങ്കിലും ചാകാന്‍ കിടക്കുന്നൊ എന്നൊക്കെ കടന്നു ചിന്തിച്ചത് എന്റെ തെറ്റ്. പോട്ടെ, ഒരു നല്ല കാര്യത്തിനല്ലെ.

കണ്ണുകാണാത്തവരെ ഉള്‍പ്പെടുത്തിയേക്കാമെന്നു ഏഷ്യാനെറ്റ് നേര്‍ച്ച നേര്‍ന്നിട്ടുണ്ട്. അതു വഴിവരുന്ന സെന്റി എസ്.എം.എസുകള്‍ അവര്‍ വേണ്ട എന്നും വെക്കണ്ട. ഓരൊ അന്ധഗായകരെക്കൊണ്ടും "കണ്ണു തുറക്കാത്ത ദൈവങ്ങളേ" വിളിച്ച് ഗായകനെയും, അവതാരികയേയും, ജഡ്ജസിനെയും, കാണികളേയും ഒരു പോലെ കരയിക്കുന്ന സെന്റിമെന്റ്സാണു സന്നിയെപ്പോലെയുള്ളവരുടെ വോട്ട്. സന്നി മികച്ച ഗായകനല്ല. കൊള്ളാവുന്ന ഗായകന്‍, പിന്നെ സാമ്പത്തീകമായ പ്രശ്നങ്ങള്‍. ഇതു രണ്ടും ചേര്‍ത്തു വായിച്ചാണു എന്റെ മമ്മി സന്നിക്ക് എസ്.എം.എസ് അയക്കുന്നത്.

നല്ല പാട്ടിനു മാത്രമായിരുന്നെങ്കില്‍ മമ്മി എന്തു കൊണ്ട് മറ്റുള്ളവര്‍ക്കു വോട്ടു ചെയ്യുന്നില്ല എന്ന എന്റെ ചോദ്യത്തിനു മമ്മി ഒരു ചിരിക്കപ്പുറം മറുപടി പറഞ്ഞേനെ. അങ്ങിനെ സന്നിയെ വളര്‍ത്തിയ എത്ര മമ്മിമാരുടെ വോട്ടുകള്‍, ഇതൊക്കെ സന്നിധാനന്ദന്‍ മറക്കാമോ? പാടില്ല. കഴിഞ്ഞ ദിവസം സന്നിയേക്കുറിച്ച് എഴുതിയ പോസ്റ്റില്‍ വന്ന കമന്റാണു സന്നിയോട് ഇത് പറയാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇതു സന്നി വായിക്കില്ലെന്നറിഞ്ഞു കൊണ്ടു തന്നെ. കമന്റിട്ട കുട്ടി പങ്കു വെച്ചത് അവരുടെ അയല്‍വാസിയായ ആന്റിക്കുണ്ടായ അനുഭവമാണു

സിങ്കപ്പൂരിലെ ഒരു മലയാളി അസോസിയേഷന്റെ പരിപാടിക്ക് സന്നി പാടുവാനെത്തുന്നു. മറ്റു ഗായകരുമുണ്ട്. ഈ ആന്റി സംഘാടകരില്‍ ഒരാളാണു. സിങ്കപ്പൂരിലെ പ്രസിദ്ധമായ ഒരയ്യപ്പക്ഷേത്രത്തില്‍ പോകണമെന്ന സന്നിയുടെ ആഗ്രഹപ്രകാരം, ഈ ആന്റി, മറ്റൊരാന്റിയും, അങ്കിളുമൊരുമിച്ച്, സന്നിയോടൊരുമിച്ച് പോകുന്നു. തങ്ങളുടെ പ്രിയപ്പെട്ട സ്റ്റാര്‍ സിങ്ങറുടെ കൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞതില്‍ അവര്‍ക്ക് അതിയായ സന്തോഷമുണ്ടായിരുന്നു. എന്നാല്‍ സന്നിയോ, ആകാശത്തു നിന്നു പൊട്ടി വീണവനെ പോലെ കാറില്‍ ഒരക്ഷരം മിണ്ടാതെ, ജാഡയില്‍. ശെരിക്കും സ്റ്റാര്‍ തന്നെ, അതാണല്ലൊ ആകാശത്തു നിന്നും പൊട്ടി വീണത്. നക്ഷത്രങ്ങള്‍ കുറഞ്ഞ പക്ഷം ചിരിക്കും, ഓഹ് ഇത് സ്റ്റാര്‍ സിങ്ങര്‍ ആണല്ലൊ ചിലപ്പോള്‍ ചിരിക്കില്ല. അമ്പലത്തിലെത്തിയപ്പോള്‍ പൂജാരിക്കും അതിയായ സന്തോഷം. തന്റെ നാട്ടുകാരനും സന്നിക്കുവേണ്ടി പ്രത്യേക പൂജകള്‍ കഴിച്ചിട്ടുള്ളയാളുമാണു കക്ഷി. ഇതൊക്കെ അദ്ദേഹം പറഞ്ഞിട്ട് സന്നിയുണ്ടോ ഒരു വാക്കു പറയുന്നു. അല്ലെങ്കില്‍ തന്നെ പൂജാരിക്കെന്ത് സ്റ്റാറില്‍ കാര്യം. ഇപ്പടി പെട്ട തങ്ങളുടെ പ്രിയപ്പെട്ട ഗായകന്റെ പെരുമാറ്റം അവരെ വെല്ലാതെ വേദനിപ്പിച്ചു.

താമസസ്ഥലത്തു തിരികെയെത്തുമ്പോള്‍ അവിടെ ജി. വേണുഗോപാല്‍. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നു, സംസാരിക്കുന്നു. ഇതിലെന്തു കാര്യം, അയാള്‍ സ്റ്റാര്‍ സിങ്ങറല്ലല്ലൊ വെറും സിങ്ങറല്ലേ. അപ്പൊ ചിരിക്കാം, സംസാരിക്കാം. അതു തുളുമ്പാത്ത നിറകുടമാണെന്ന്‍ എന്റെ സുഹൃത്ത് പറയുന്നു. സന്നിയോ മഹാന്‍, മഹാനായ അല്‍പന്‍, അര്‍ത്ഥവും ഐശ്വര്യവും കിട്ടിയ അല്‍പന്‍. ഒരിക്കല്‍ ചലചിത്രതാരം ഗണേഷ് കുമാര്‍ സന്നിധാനന്ദനു അഹങ്കാരം കൂടിയൊ എന്നു ശങ്കിച്ചപ്പോള്‍ ഞാന്‍ കരുതിയത് അതു ഗണേശന്റെ അസൂയകൊണ്ടാണെന്നാണു. ഗണേശന്‍ എതെങ്കിലും പരിപാടിയില്‍ എസ്.എം.എസിനായി കൈനീട്ടി യാചിച്ചാല്‍ ഒരു പട്ടിച്ചാത്തനും തിരിഞ്ഞു നോക്കരുതേ എന്നു ശപിക്കുകയും ചെയ്തു.

നിങ്ങള്‍ അഹങ്കാരിയാകുന്നതിനോട് എനിക്കെതിര്‍പ്പില്ല, മി. സന്നി. പക്ഷെ, വന്ന വഴി, ഓരൊ പ്രേക്ഷകനോടും ഭിക്ഷയാചിച്ചു നേടിയ എസ്.എം.എസുകള്‍ കൊണ്ട് വന്ന വഴി, എന്നെപ്പോലെ സാദാ ജോലിക്കാരന്‍ റീചാര്‍ജ്ജ് ചെയ്തു തന്ന വഴി. അതു മറക്കരുത്. വന്നവഴി മറന്നാല്‍ നിങ്ങളുടെ സ്വാമി അയ്യപ്പന്‍ പൊറുക്കില്ല. ദൈവമില്ലാത്തവരുള്ള നാട്ടിലാണെല്‍ മനുഷ്യനും പൊറുക്കില്ല. ഒരു കൈലി മുണ്ടുമുടുത്ത് നിങ്ങളുടെ കുഞ്ഞു വീടിന്റെ കോലായില്‍ ചാരിയിരിക്കുന്ന സന്നിധാനന്ദനെ ടിവിയില്‍ കണ്ട് എന്റെ മമ്മി വിതുമ്പിയിട്ടുണ്ട്. നിങ്ങള്‍ക്ക് വേണ്ടി കുരിശടിയില്‍ തിരികത്തിച്ചിട്ടുണ്ട്. അതു പോലെ ഒരു പാടുപേര്‍ തിരിവെച്ചു തെളിയിച്ച വഴി നിങ്ങള്‍ മറന്നു കളഞ്ഞാല്‍ അവര്‍ നിങ്ങളെ ശപിക്കില്ല. പക്ഷെ, അവരെ വേദനിപ്പിക്കണമോ. ആ വേദന നിങ്ങള്‍ക്ക് ശബ്ദം നല്‍കിയ അയ്യപ്പസ്വാമികള്‍ സഹിക്കുമോ? സഹിക്കുമെങ്കില്‍, ഇനിയും അഹങ്കരിച്ചു കൊള്ളുക. മറിച്ച് ഇല്ലായെന്നാണെങ്കില്‍, ഇന്നു മുതല്‍ നിങ്ങള്‍ ചിരിച്ചു തുടങ്ങുക, സംസാരിച്ചു തുടങ്ങുക, നിങ്ങള്‍ക്ക് വേണ്ടി സമയവും, എസ്.എം.എസും, പ്രാര്‍ത്ഥനയും തന്നവരെകാണുമ്പോള്‍. അതു കൊണ്ടു നിങ്ങള്‍ ഒരിക്കളും ചെറുതാകില്ല. അങ്ങിനെ ചെറുതാക്കാനല്ലല്ലൊ അവര്‍ നിങ്ങള്‍ക്ക് എസ്.എം.എസ് അയച്ചത്. സന്നി മാത്രമല്ല എല്ലാ താരഗായകരും ഇങ്ങനെ തന്നെ ചിന്തിക്കുമെന്നു തന്നെ വിശ്വസിച്ചുകൊണ്ട്. സ്നേഹപൂര്‍വ്വം ആശംസകള്‍

2009, ജൂലൈ 4, ശനിയാഴ്‌ച

വളവിലെ ചതികള്‍

ചെങ്കല്ലു ചെത്തിയ ഇടവഴിയിലെ
വളവു നീ ഓര്‍ക്കുന്നുണ്ടോ?

നിന്റെ ചുണ്ടിലെ വിയര്‍പ്പിനു ഉപ്പാണ്
എന്നു ഞാന്‍ പറഞ്ഞു.
നിന്റെ ചെവികള്‍ക്കപ്പുറം പറന്നു പോയ
എന്റെ വാക്കുകളേ,
വലയെറിഞ്ഞു പിടിച്ച്,
വളവു തിരിഞ്ഞു വന്നൊരാള്‍.
ഒരണുവിസ്ഫോടനത്തിനപ്പുറം
മനസ്സു കൊണ്ട് അതിര്‍ത്തി വരച്ച്
രണ്ട് രാജ്യങ്ങളായ്,
നിന്റെ വീടും എന്റെ വീടും, പിന്നെ
നമുക്കിടയില്‍ ഇന്നോളം മായാത്തൊരീ
നിയന്ത്രണരേഖയും.

പൊടിമീശയെ അരിച്ചിറങ്ങിയ പുകയും,
നീറിനിന്നു ചുവന്ന കനല്‍ തുമ്പും,
അണഞ്ഞലിഞ്ഞീ കാറ്റില്‍ മായും മുന്‍പ്,
വളവു തിരിഞ്ഞു വന്നൊരാള്‍.
അണയാത്ത സിഗരറ്റു മുന കൊണ്ട്
കൈത്തണ്ടയില്‍ വീണ അപ്പന്റെ കയ്യൊപ്പ്.
നിയന്ത്രണ രേഖയുടെ
നീറുന്ന ഓര്‍മ്മകള്‍.

വീശിവളച്ച വണ്ടിക്കു മുന്നില്‍,
വീശി നിന്ന കാക്കി കൈകള്‍.
വളവു തിരിഞ്ഞു വന്നൊരാള്‍.
ആ വളവിലാണു
നൂറു രൂപയുടെ വിലയുള്ള
നിയന്ത്രണരേഖകള്‍.

വളവുകളേ,
നിങ്ങള്‍ സുന്ദരമാകുന്നു,
സുന്ദരികളാകുന്നു.
അതെ,
ചുണ്ടിന്റെ കോണില്‍
ചെറിയ ചതി പുരട്ടി വെച്ച സുന്ദരികള്‍.
വളവുകളിലെ ചതികള്‍
സൂക്ഷിക്കുക

ജീവിതത്തിന്റെയൊരു വളവില്‍,
കയറും കണക്കു പുസ്തകവുമായ്,
ചിത്രഗുപ്തനുമിരിക്കുന്നു.
അവിടെയൊടുങ്ങുന്ന
നിയന്ത്രണരേഖകള്‍.
വളവിലെ ചതികള്‍
സൂക്ഷിക്കുക...