-->

Followers of this Blog

2011, മേയ് 23, തിങ്കളാഴ്‌ച

ബട്ടത്രിയുടെ സംബവാമി

ആരാണീ ബട്ടത്രി? എന്താണീ സംബവാമി?

ഇതിനെല്ലാം മറുപടി പറയാം. അതിനു മുന്‍പ്‌ നിങ്ങള്‍ American/British Accent, Pronunciation എന്നിവ അരച്ചും പാതി ചവച്ചും ഒക്കെ കലക്കി കുടിച്ചിരിക്കണം. ഇനി അഥവാ അമ്മിക്കല്ലില്‍ അരക്കാന്‍ എന്തേലും ബുദ്ധിമുട്ടുണ്ടെല്‍, പറഞ്ഞാല്‍ മതി.  മിക്സിയില്‍ അരച്ച്, സ്പൂണില്‍ കോരിത്തന്ന് സായിപ്പോ മദാമ്മയോ കേട്ടാല്‍ തരിച്ചു നില്‍കുന്ന സ്പോക്കന്‍മാരും സ്പോക്കികളും ആക്കി പുറത്തിറക്കുന്ന ഒന്നാം ക്ലാസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്-കള്‍ നാനാമൂലക്കും നെറ്റിപ്പട്ടം കെട്ടി നില്‍പ്പുണ്ട്. ചുമ്മാ ഒരു കൈ നോക്കിയാല്‍ ഈ പറയുന്ന സാധനമൊക്കെ പുഷ്പം പോലെ പഠിക്കാം. ഞാനും ആറുമാസം ഈ പെടാപാട് പെട്ട് സര്‍ട്ടിഫിക്കറ്റ്‌ ഒക്കെ വാങ്ങിയിട്ടുള്ളതാ...ഒരു ഭാഷ അതിന്റെ എല്ലാ ഗുണങ്ങളോടും കൂടെ സ്വായത്തമാക്കുന്നത് വളരെ നല്ല കാര്യമാണ്. ഇംഗ്ലീഷ്‌ ഭാഷ അതിന്റെ ഉച്ചാരണ ശുദ്ധിയോടു കൂടി തന്നെ പഠിക്കാനും സംസാരിക്കാനും ശ്രമിക്കുന്നതും വളരെ നല്ല കാര്യമാണ്. ദൃശ്യാ-ശ്രാവ്യ മാധ്യമങ്ങളിലെ അവതാരകരും, പബ്ലിക്‌ സ്കൂളുകളിലെ കുട്ടികളും ഒക്കെ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നവരാണ്. വളരെ നല്ലത്. ഹോട്ടല്‍ അല്ല ഹൊട്ടേല്‍ (Hotel) ആണ് എന്നും, മക്‌ ഡോണാള്‍ഡ്‌ അല്ല ഡോനല്‍ഡ് (Donald) ആണ് എന്നും, ഇതെല്ലാം സിംബ്ലി അല്ല സിംപ്ലി (Simply) ആണ് എന്നുമൊക്കെ തിരിച്ചറിയാനും അതനുസരിച്ച് ഇംഗ്ലീഷ് ഭാഷ ശരിയായി ഉച്ചരിക്കാനും ഇത്തരം ശ്രമങ്ങള്‍ ഉപകരിക്കും. എന്നാല്‍ മറുഭാഷയായ ഇംഗ്ലീഷ്-ല്‍ കാണിക്കുന്ന ഈ താല്പര്യം മലയാളത്തില്‍ കാണിക്കുന്നുണ്ടോ?ഇന്നലെ ഞാന്‍ ഒരു നൃത്തനാടകം കാണാന്‍ പോയി. 'സംബവാമി" യുഗേ യുഗേ' based on "നരായണീയം" written by "ബട്ടത്രി". എന്താണീ സം'ഭ'വം എന്ന് ഞാന്‍ ഒന്ന് ശങ്കിച്ചു. ബട്ടത്രി മറ്റാരുമല്ല. നാരായണീയം എഴുതിയ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി തന്നെ, സ്ക്രീനില്‍ അദ്ദേഹത്തിന്റെ ചിത്രം തെളിഞ്ഞപ്പോള്‍ ആണ് ബട്ടത്രി ഭട്ടതിരിയാണ് എന്ന കാര്യം എനിക്ക് തിരിഞ്ഞത്. എങ്ങിനെയാ അദ്ദേഹം ബട്ടത്രി ആയത് എന്ന് ചോദിച്ചാല്‍, മലയാളവാക്കുകള്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ബ്രിട്ടീഷുകാര്‍ അത്തരം വാക്കുകള്‍ തങ്ങള്‍ക്ക് വഴങ്ങുന്നത് പോലെ ഉച്ചരിച്ചു എന്ന് വേണം പറയാന്‍. സംഗതി എളുപ്പം അഥവാ ഇട്ലി, പുട്ടു, കഞ്ചി, മേനന്‍, ബട്ടത്രി, പരാസി, പാല്‍ഗട്ട്, കൊരച്ച് കൊരച് തുടങ്ങിയ സുന്ദരന്‍ വാക്കുകള്‍ വീണു കിട്ടി. പാവം സായിപ്പല്ലേ, പോട്ടേന്ന് വെക്കാം. പക്ഷെ ഒരല്പം എരിവും ഉപ്പും പുളിയുമൊക്കെ കൂട്ടി ശീലിച്ച നമ്മുടെ നാവിന് ഈ വാക്കൊന്നും വഴങ്ങാതെ ഇരിക്കുന്നില്ലല്ലോ. പിന്നെ എന്തിന്  നമ്മള്‍ ഇത് ഏറ്റു  പിടിക്കണം?മലയാളത്തിലെ ഒരു പ്രശസ്ത ഗായികയെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു അവതാരക വിളിക്കുന്നത്‌ ചീത്തര്‍ ചേച്ചി എന്നാണ്. മലയാളികള്‍ കാണുന്ന പരിപാടിയല്ലേ. ചിത്ര എന്ന് പറയാന്‍ അത്ര വലിയ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ.  പിന്നെ എന്ത് കൂടോത്രമാണ് ചിത്രയെ ചീതര്‍ചേച്ചി എന്ന് വിളിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്ന് മനസിലാവുന്നില്ല. എനിക്ക് തോന്നുന്നത് ഇവരുടെ ഒക്കെ കയ്യില്‍ എന്തോ യന്ത്രം ഉണ്ടെന്നാണ്. അതായത്‌ ഏതെങ്കിലും ഒരു മലയാള വാക്കോ പേരോ ഈ യന്ത്രത്തോട് പറഞ്ഞാല്‍ അതിന്റെ ആംഗലേയവത്കരിച്ച ഉച്ചാരണം തിരികെ നല്‍കുന്ന ഏതോ ഒരു യന്ത്രം. അല്ലാതെ ഇത്ര കഷ്ടപ്പെട്ട് അനാവശ്യമായ നീട്ടലും കുറുക്കലും നിറഞ്ഞ ഉച്ചാരണം വേറെ എങ്ങും കിട്ടില്ല.

ഒരന്യഭാഷക്കാരന്‍റെ ഉച്ചാരണവൈകല്യം മൂലം ചില വാക്കുകള്‍ക്ക് ഉണ്ടായ അഭംഗി അതെ ഭാഷക്കാരനായ ഒരാള്‍ തോളത്ത്‌ ചുമന്ന് നടക്കുന്നത് അപഹാസ്യമാണ്. എന്നാല്‍ ചിലരെ സംബന്ധിച്ചിടത്തോളം വാക്കിന്റെ ശരിയായ ഉച്ചാരണം ഉപയോഗിക്കുന്നതാണ് അപഹാസ്യം എന്ന് വന്നാല്‍ എന്ത് ചെയ്യും. ഉദാഹരണമായി ഇവിടെ ദുബായില്‍ നടക്കുന്ന കൂട്ടായ്മകളില്‍ സ്വയം പരിചയപ്പെടുത്തുന്നത് ശ്രദ്ധിക്കു."അയാം ശ്രുതി മേനന്‍"

"മേനോന്‍?"

"യെസ്, മേനന്‍"മേനന്‍ അങ്ങിനെ വികലമായി പറഞ്ഞാലേ "തങ്ങളും പരിഷ്ക്കാരികള്‍' ആണെന്ന് അവര്‍ക്ക്‌ തന്നെ ബോധ്യമുണ്ടാകൂ. ഇങ്ങനെ ഒരു 'പരിഷ്ക്കാര' ബോധം മുന്നില്‍ നിരന്നു നില്‍ക്കുന്നത്‌ കൊണ്ടാണ് വേദിയില്‍ എത്തുന്നവര്‍ ഭട്ടതിരിയെ ബട്ടത്രിയും അദേഹം എഴുതിയ നാരായണീയം  "നരായനീയവും" ഒക്കെ ആയി പോകുന്നത്. ഇത് പൊള്ളയായ പരിഷ്കാരബോധമാണ്. കേള്‍ക്കുന്നവരില്‍ ഈ ഉച്ചാരണം ചിരിക്കുള്ള വകയോ, അസഹ്യതോ ആണ് ഉണ്ടാക്കുന്നത്. ഇംഗ്ലീഷ്‌ വാക്കുകള്‍ വികലമായി ഉച്ചരിക്കുന്നത് കേള്‍ക്കുമ്പോള്‍ തോന്നുന്ന അതേ അരോചകവും അപഹാസ്യവുമായ വികാരമാണ്, മലയാളം വികലമായി ഉച്ചരിക്കുമ്പോഴും തോന്നുന്നത് എന്ന് ഇത്തരക്കാര്‍ മനസിലാക്കുന്നുണ്ടോ എന്നറിയില്ല. എന്തായാലും അത് നല്‍കുന്ന പരിഷ്കാരബോധം തികച്ചും അറിവില്ലായ്മയില്‍ നിന്നും ഉണ്ടാകുന്നതാണ്.

ഈ അറിവില്ലായ്മ ഇപ്പോള്‍ തിരുത്തിയില്ലെങ്കില്‍ മലയാളഭാഷയുടെ ഉച്ചാരണം ദിനം പ്രതി വികലമായി കൊണ്ടിരിക്കും. ഇംഗ്ലിഷ് വൃത്തിയായി ഉച്ചരിക്കാന്‍ കാണിക്കുന്ന അതേ താല്പര്യവും ശ്രദ്ധയും ശ്രമവും മലയാളത്തില്‍ കൂടെ കാണിക്കാവുന്നതാണ്. കുറഞ്ഞ പക്ഷം സം"ബ"വാമി യുഗേ യുഗേ എന്ന് പറയാതിരിക്കാന്‍ എങ്കിലും.

2011, മേയ് 17, ചൊവ്വാഴ്ച

ചക് ദേ പോലൊരു മാണിക്യക്കല്ല്

കുറച്ചു ദിവസം മുന്‍പ്‌ മാതൃഭൂമിയില്‍ വായിച്ചു, സിനിമയില്‍ പറയാന്‍ ആകെ കൂടി അറുപതിനടുത്ത് പ്രമേയങ്ങള്‍ മാത്രമേ ഉള്ളു അത്രേ. അത് വെച്ചാ ഉള്ളത് കൊണ്ട് ഓണം പോലെ ലോക സിനിമയില്‍ മൊത്തമായി നൂറായിരക്കണക്കിന് സിനിമകള്‍ വെള്ളിത്തിരയില്‍ എത്തുന്നത്. ആലോചിച്ചു നോക്കിയപ്പോള്‍ ശരിയാണ്. ജീവിതത്തിലും ആവര്‍ത്തനങ്ങള്‍ തന്നെ അല്ലെ നടക്കുന്നത്. ഒരാള്‍ ജനിക്കുന്നു, വളരുന്നു. ചിലര്‍ പണത്തില്‍ വളരുന്നു, ചിലര്‍ പണമില്ലാതെ വളരുന്നു, ഗുണ്ടാ പണിക്ക് പോകുന്നു, നേരെ വഴിക്കും വളഞ്ഞ വഴിക്കും പോകുന്നു,  പ്രണയിക്കുന്നു, കല്യാണം കഴിക്കുന്നു, കുട്ടികള്‍ ഉണ്ടാകുന്നു, ചിലര്‍ക്ക്‌ ദത്ത്‌, മക്കള്‍ വളരുന്നു അവരും പഴയപോലെ തന്നെ. യുദ്ധം, വൈരം, കൊള്ളയടി, പോലീസ്‌, കള്ളന്‍, നല്ലവന്‍, കെട്ടവന്‍, എല്ലാം ആവര്‍ത്തനങ്ങള്‍ അതൊക്കെ വെള്ളിത്തിരയില്‍ വീഴുന്നു എന്ന് പറയാം. ആവര്‍ത്തനം ഇല്ല, പ്രതിഫലനം മാത്രം. അത് കൊണ്ടാണ് കൂള്‍ റൈഡ് (ഹോളിവുഡ്‌) പോലൊരു ചക്ദേ (ബോളിവുഡ്‌) എന്നും ചക് ദേ പോലൊരു മാണിക്യക്കല്ല് (മലയാളം) എന്നും പറയാന്‍ തീരുമാനിച്ചത്. ഒന്നും അനുകരണമല്ല എന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിക്കുന്നതും.

മോശം പറയരുതല്ലോ, നൂറും ഇരുന്നൂറും രൂപ മുടക്കിയാണ് 'മള്‍ട്ടിപ്ലക്സില്‍' ഘടാഘടിയന്‍ " ചൈനാ ടൗണും ഡബിള്‍സും കണ്ടത്‌. മക്കളെ കണ്ടും മാമ്പൂ കണ്ടും മാത്രമല്ല; മമ്മൂക്കയെ കണ്ടും ലാലേട്ടനെ കണ്ടും കൊതിക്കരുത്‌ എന്ന ഒരു പഴഞ്ചൊല്ലുണ്ട് എന്ന് കൂടി അന്ന് തന്നെ തിരിച്ചറിഞ്ഞു. റാഫി മെക്കാര്‍ട്ടിന്‍ ഇനി ചെയ്യേണ്ടത്‌ ഫ്രെഡ്‌ ക്വിമ്പി ഉണ്ടാക്കിയ ടോം ആന്‍ഡ്‌ ജെറി (പഴയത്, ഇപ്പോഴത്തെ അല്ല) തുടര്‍ച്ചയായി കാണുകയും ടോം (മോഹന്‍ ലാല്‍) , ജെറി (മമ്മൂട്ടി), ബുള്‍ഡോഗ് (സുരേഷ് ഗോപി), ലിറ്റില്‍ മൗസ് (ദിലീപ്‌), ട്വീറ്റി (ജയറാം) അങ്ങിനെ ഒക്കെ നിരത്തി വെച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്യലാണ്. പ്രത്യേകിച്ച് കോമണ്‍സെന്‍സ്‌ ഒന്നും വേണ്ട. എന്ന് വെച്ചാല്‍ ചീഫ്‌ മിനിസ്റ്ററേ ചാക്കില്‍ കെട്ടി വെച്ച് (അതും തെരഞ്ഞെടുപ്പ് ചൂട് പിടിച്ചിരിക്കുന്ന സമയത്ത്‌) ചുമന്നോണ്ട് നടന്നാല്‍ ഒരു പട്ടിയും ചോദിക്കില്ല എന്ന ലെവലില്‍ പ്രേക്ഷകന്റെ സെന്സിനെ തരം താഴ്ത്തും വിധം ഇനിയും കഥകള്‍ പടച്ചു വിടാനുള്ള അവകാശം നിങ്ങള്‍ക്ക്‌ പതിച്ചു നല്‍കിയിരിക്കുന്നു എന്ന്.

ഡബിള്‍സ്ന്റെ കാര്യം ഞാന്‍ ഒന്നും പറയുന്നില്ല. ആ സിനിമയുടെ ഷൂട്ടിംഗ് സ്കെജ്യൂള്‍ന് പോയ നേരത്ത് മമ്മൂക്കയും നാദിയ മൊയ്തുവും കൂടി മിക്സഡ്‌ ഡബിള്‍സ് കളിച്ചു പഠിച്ചിരുന്നെങ്കില്‍ ടെന്നിസില്‍ ഇന്ത്യക്ക്‌ ഒരു ഗ്രാന്‍ഡ്‌സ്ലാം എങ്കിലും കിട്ടിയേനെ. സ്കൂള്‍ കലോല്‍സവത്തില്‍ പോലും ഈ നിലവാരത്തില്‍ നാടകങ്ങള്‍ വരല്ലേ എന്ന് കൂടി പ്രാര്‍ഥിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ആണ് മാണിക്യക്കല്ല് കാണുന്നത് എന്നത് കൊണ്ടാണ് പ്രമേയം മുന്‍പ്‌ ചവച്ചു തുപ്പിയതെങ്കിലും 'പടം കൊള്ളാം' എന്ന് പറയാന്‍ പ്രേരിപ്പിക്കുന്നത്.

നൂറു ശതമാനം തോല്‍വിയുള്ള സ്കൂളില്‍ മാഷായി വരുന്ന വിനയചന്ദ്രന്‍ (പൃഥ്വി രാജ്). അപ്പോള്‍ തന്നെ മനസ്സില്‍ ഷാരൂഖ്‌ ഖാന്‍ ഹോക്കി സ്റ്റിക്ക് പിടിച്ചു വരുന്ന രംഗം മനസ്സില്‍ വന്നു കഴിഞ്ഞു. പിന്നെ ആ സ്കൂളിനെ നേരെ ആക്കാനുള്ള ശ്രമങ്ങള്‍, ക്ലൈമാക്സ് അപ്പോള്‍ തന്നെ നമ്മള്‍ക്ക് പ്രവചിക്കാം. ആ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും എല്ലാ സിനിമയിലെയും പോലെ ആദ്യം പുതിയ മാഷ്‌ കൊണ്ട് വരുന്ന മാറ്റങ്ങളെ പുച്ഛത്തോടെ കാണുകയും പിന്നീട് ആകൃഷ്ടരാകുകയും ചെയ്യുന്നു. ഇതില്‍ ഒരു ചെറിയ സസ്പെന്‍സ് ഉള്ളത് പൃഥ്വിരാജ് ആരാണ് എന്നതാണ്. അത് ഞാന്‍ ഇവിടെ പറഞ്ഞു ഇനിയും കാണാനുള്ളവരുടെ രസത്തെ കൊല്ലുന്നില്ല. അങ്ങിനെ കാണികള്‍ പ്രതീക്ഷിച്ച ശുഭ പര്യവസാനത്തില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

സന്തോഷം കൊണ്ട് കണ്ണ് നനയുന്ന രംഗങ്ങള്‍ കൂടിയിണക്കിയത്‌ തിരക്കഥയെ ശക്തമാക്കിയിരിക്കുന്നു. പാട്ടുകള്‍ ചിലത് ഏച്ചു കെട്ടി വെച്ചതിനാല്‍ മുഴച്ചു നില്‍ക്കുന്നു. എങ്കിലും കേള്‍ക്കാന്‍ കുഴപ്പമില്ല. ഗ്രാമത്തിന്റെ ഫ്രെയിം നന്നായി പകര്‍ത്താന്‍ ക്യാമറാമാന് കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ പോലും പ്രേക്ഷകന്‍ വണ്ണാന്‍ മല (സിനിമയിലെ ഗ്രാമം)  വിട്ടു പോകുന്നില്ല എന്നത് ആ ചിത്രങ്ങളുടെ മിഴിവ് നല്‍കുന്ന ഗുണമാണ്. ആര്‍കും വെല്ലു വിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളോ സങ്കീര്‍ണ്ണതകളോ സിനിമയില്‍ ഇല്ലാത്തതിനാല്‍ അഭിനയ മികവ് അളക്കേണ്ടതില്ല. എല്ലാവരും അവരവരുടെ രംഗങ്ങള്‍ നന്നായി ചെയ്തിരിക്കുന്നു. പുതുമയില്ലെങ്കിലും പ്രേക്ഷകന്‍ തീയറ്റര്‍ വിടുമ്പോള്‍ നിരാശപ്പെടുന്നില്ല.

പലരും പറഞ്ഞതെങ്കിലും മലയാള സിനിമയ്ക്ക് വേണ്ടത്‌ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളോ, സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളോ അല്ല; പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തെ അംഗീകരിക്കുന്ന ചിത്രങ്ങളാണ് എന്ന് ഒന്നുകൂടി പറയുന്നു.  മാണിക്യകല്ല്‌ പോയി കണ്ടോളൂ. കുഴപ്പമില്ലാത്ത ചിത്രം.  ആരാണീ ചിത്രത്തിലെ മാണിക്യക്കല്ല് എന്ന് പറയാന്‍ കഴിയില്ല. എല്ലാം മാണിക്യം തന്നെ.