-->

Followers of this Blog

2011, മേയ് 17, ചൊവ്വാഴ്ച

ചക് ദേ പോലൊരു മാണിക്യക്കല്ല്

കുറച്ചു ദിവസം മുന്‍പ്‌ മാതൃഭൂമിയില്‍ വായിച്ചു, സിനിമയില്‍ പറയാന്‍ ആകെ കൂടി അറുപതിനടുത്ത് പ്രമേയങ്ങള്‍ മാത്രമേ ഉള്ളു അത്രേ. അത് വെച്ചാ ഉള്ളത് കൊണ്ട് ഓണം പോലെ ലോക സിനിമയില്‍ മൊത്തമായി നൂറായിരക്കണക്കിന് സിനിമകള്‍ വെള്ളിത്തിരയില്‍ എത്തുന്നത്. ആലോചിച്ചു നോക്കിയപ്പോള്‍ ശരിയാണ്. ജീവിതത്തിലും ആവര്‍ത്തനങ്ങള്‍ തന്നെ അല്ലെ നടക്കുന്നത്. ഒരാള്‍ ജനിക്കുന്നു, വളരുന്നു. ചിലര്‍ പണത്തില്‍ വളരുന്നു, ചിലര്‍ പണമില്ലാതെ വളരുന്നു, ഗുണ്ടാ പണിക്ക് പോകുന്നു, നേരെ വഴിക്കും വളഞ്ഞ വഴിക്കും പോകുന്നു,  പ്രണയിക്കുന്നു, കല്യാണം കഴിക്കുന്നു, കുട്ടികള്‍ ഉണ്ടാകുന്നു, ചിലര്‍ക്ക്‌ ദത്ത്‌, മക്കള്‍ വളരുന്നു അവരും പഴയപോലെ തന്നെ. യുദ്ധം, വൈരം, കൊള്ളയടി, പോലീസ്‌, കള്ളന്‍, നല്ലവന്‍, കെട്ടവന്‍, എല്ലാം ആവര്‍ത്തനങ്ങള്‍ അതൊക്കെ വെള്ളിത്തിരയില്‍ വീഴുന്നു എന്ന് പറയാം. ആവര്‍ത്തനം ഇല്ല, പ്രതിഫലനം മാത്രം. അത് കൊണ്ടാണ് കൂള്‍ റൈഡ് (ഹോളിവുഡ്‌) പോലൊരു ചക്ദേ (ബോളിവുഡ്‌) എന്നും ചക് ദേ പോലൊരു മാണിക്യക്കല്ല് (മലയാളം) എന്നും പറയാന്‍ തീരുമാനിച്ചത്. ഒന്നും അനുകരണമല്ല എന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിക്കുന്നതും.

മോശം പറയരുതല്ലോ, നൂറും ഇരുന്നൂറും രൂപ മുടക്കിയാണ് 'മള്‍ട്ടിപ്ലക്സില്‍' ഘടാഘടിയന്‍ " ചൈനാ ടൗണും ഡബിള്‍സും കണ്ടത്‌. മക്കളെ കണ്ടും മാമ്പൂ കണ്ടും മാത്രമല്ല; മമ്മൂക്കയെ കണ്ടും ലാലേട്ടനെ കണ്ടും കൊതിക്കരുത്‌ എന്ന ഒരു പഴഞ്ചൊല്ലുണ്ട് എന്ന് കൂടി അന്ന് തന്നെ തിരിച്ചറിഞ്ഞു. റാഫി മെക്കാര്‍ട്ടിന്‍ ഇനി ചെയ്യേണ്ടത്‌ ഫ്രെഡ്‌ ക്വിമ്പി ഉണ്ടാക്കിയ ടോം ആന്‍ഡ്‌ ജെറി (പഴയത്, ഇപ്പോഴത്തെ അല്ല) തുടര്‍ച്ചയായി കാണുകയും ടോം (മോഹന്‍ ലാല്‍) , ജെറി (മമ്മൂട്ടി), ബുള്‍ഡോഗ് (സുരേഷ് ഗോപി), ലിറ്റില്‍ മൗസ് (ദിലീപ്‌), ട്വീറ്റി (ജയറാം) അങ്ങിനെ ഒക്കെ നിരത്തി വെച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്യലാണ്. പ്രത്യേകിച്ച് കോമണ്‍സെന്‍സ്‌ ഒന്നും വേണ്ട. എന്ന് വെച്ചാല്‍ ചീഫ്‌ മിനിസ്റ്ററേ ചാക്കില്‍ കെട്ടി വെച്ച് (അതും തെരഞ്ഞെടുപ്പ് ചൂട് പിടിച്ചിരിക്കുന്ന സമയത്ത്‌) ചുമന്നോണ്ട് നടന്നാല്‍ ഒരു പട്ടിയും ചോദിക്കില്ല എന്ന ലെവലില്‍ പ്രേക്ഷകന്റെ സെന്സിനെ തരം താഴ്ത്തും വിധം ഇനിയും കഥകള്‍ പടച്ചു വിടാനുള്ള അവകാശം നിങ്ങള്‍ക്ക്‌ പതിച്ചു നല്‍കിയിരിക്കുന്നു എന്ന്.

ഡബിള്‍സ്ന്റെ കാര്യം ഞാന്‍ ഒന്നും പറയുന്നില്ല. ആ സിനിമയുടെ ഷൂട്ടിംഗ് സ്കെജ്യൂള്‍ന് പോയ നേരത്ത് മമ്മൂക്കയും നാദിയ മൊയ്തുവും കൂടി മിക്സഡ്‌ ഡബിള്‍സ് കളിച്ചു പഠിച്ചിരുന്നെങ്കില്‍ ടെന്നിസില്‍ ഇന്ത്യക്ക്‌ ഒരു ഗ്രാന്‍ഡ്‌സ്ലാം എങ്കിലും കിട്ടിയേനെ. സ്കൂള്‍ കലോല്‍സവത്തില്‍ പോലും ഈ നിലവാരത്തില്‍ നാടകങ്ങള്‍ വരല്ലേ എന്ന് കൂടി പ്രാര്‍ഥിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ആണ് മാണിക്യക്കല്ല് കാണുന്നത് എന്നത് കൊണ്ടാണ് പ്രമേയം മുന്‍പ്‌ ചവച്ചു തുപ്പിയതെങ്കിലും 'പടം കൊള്ളാം' എന്ന് പറയാന്‍ പ്രേരിപ്പിക്കുന്നത്.

നൂറു ശതമാനം തോല്‍വിയുള്ള സ്കൂളില്‍ മാഷായി വരുന്ന വിനയചന്ദ്രന്‍ (പൃഥ്വി രാജ്). അപ്പോള്‍ തന്നെ മനസ്സില്‍ ഷാരൂഖ്‌ ഖാന്‍ ഹോക്കി സ്റ്റിക്ക് പിടിച്ചു വരുന്ന രംഗം മനസ്സില്‍ വന്നു കഴിഞ്ഞു. പിന്നെ ആ സ്കൂളിനെ നേരെ ആക്കാനുള്ള ശ്രമങ്ങള്‍, ക്ലൈമാക്സ് അപ്പോള്‍ തന്നെ നമ്മള്‍ക്ക് പ്രവചിക്കാം. ആ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും എല്ലാ സിനിമയിലെയും പോലെ ആദ്യം പുതിയ മാഷ്‌ കൊണ്ട് വരുന്ന മാറ്റങ്ങളെ പുച്ഛത്തോടെ കാണുകയും പിന്നീട് ആകൃഷ്ടരാകുകയും ചെയ്യുന്നു. ഇതില്‍ ഒരു ചെറിയ സസ്പെന്‍സ് ഉള്ളത് പൃഥ്വിരാജ് ആരാണ് എന്നതാണ്. അത് ഞാന്‍ ഇവിടെ പറഞ്ഞു ഇനിയും കാണാനുള്ളവരുടെ രസത്തെ കൊല്ലുന്നില്ല. അങ്ങിനെ കാണികള്‍ പ്രതീക്ഷിച്ച ശുഭ പര്യവസാനത്തില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

സന്തോഷം കൊണ്ട് കണ്ണ് നനയുന്ന രംഗങ്ങള്‍ കൂടിയിണക്കിയത്‌ തിരക്കഥയെ ശക്തമാക്കിയിരിക്കുന്നു. പാട്ടുകള്‍ ചിലത് ഏച്ചു കെട്ടി വെച്ചതിനാല്‍ മുഴച്ചു നില്‍ക്കുന്നു. എങ്കിലും കേള്‍ക്കാന്‍ കുഴപ്പമില്ല. ഗ്രാമത്തിന്റെ ഫ്രെയിം നന്നായി പകര്‍ത്താന്‍ ക്യാമറാമാന് കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ പോലും പ്രേക്ഷകന്‍ വണ്ണാന്‍ മല (സിനിമയിലെ ഗ്രാമം)  വിട്ടു പോകുന്നില്ല എന്നത് ആ ചിത്രങ്ങളുടെ മിഴിവ് നല്‍കുന്ന ഗുണമാണ്. ആര്‍കും വെല്ലു വിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളോ സങ്കീര്‍ണ്ണതകളോ സിനിമയില്‍ ഇല്ലാത്തതിനാല്‍ അഭിനയ മികവ് അളക്കേണ്ടതില്ല. എല്ലാവരും അവരവരുടെ രംഗങ്ങള്‍ നന്നായി ചെയ്തിരിക്കുന്നു. പുതുമയില്ലെങ്കിലും പ്രേക്ഷകന്‍ തീയറ്റര്‍ വിടുമ്പോള്‍ നിരാശപ്പെടുന്നില്ല.

പലരും പറഞ്ഞതെങ്കിലും മലയാള സിനിമയ്ക്ക് വേണ്ടത്‌ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളോ, സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളോ അല്ല; പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തെ അംഗീകരിക്കുന്ന ചിത്രങ്ങളാണ് എന്ന് ഒന്നുകൂടി പറയുന്നു.  മാണിക്യകല്ല്‌ പോയി കണ്ടോളൂ. കുഴപ്പമില്ലാത്ത ചിത്രം.  ആരാണീ ചിത്രത്തിലെ മാണിക്യക്കല്ല് എന്ന് പറയാന്‍ കഴിയില്ല. എല്ലാം മാണിക്യം തന്നെ.

7 അഭിപ്രായങ്ങൾ:

ചക്രൂ പറഞ്ഞു...

ഇഷ്ടപ്പെട്ടു .......... :)

നാമൂസ് പറഞ്ഞു...

റിവ്യൂ കൊള്ളാം.
കണ്ടിട്ടില്ലാ, ഇടക്കൊക്കെയും സംഭവിക്കുന്ന ഇത്തരം പ്രതിഭാസങ്ങള്‍ നമ്മെ സന്തോഷിപ്പിക്കുന്നു.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

റിവ്യൂ കൊള്ളാം, സിനിമ കണ്ടേക്കാം.

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

പടം കണ്ടില്ല....
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ആകെ ഒരു പടമെ കാണാന്‍ നേരം കിട്ടിയുള്ളു അത് ഉറുമി ആയിരുന്നു.
കാശ് പോയി... സമയവും...
കണ്ടത് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല നമ്മളെന്തിനാ സ്വന്തം വെല കളയണേ... ഇതുപോലുള്ള ആല്‍ത്തു ഫാല്‍ത്തു പടം കണ്ടാ നമ്മടെ പേരിനല്ലേ മോശം... ഏത്....?

അജ്ഞാതന്‍ പറഞ്ഞു...

താങ്കള്‍ ഒരു കടുത്ത പ്റ്‍ഥ്വിരാജ്‌ ഫാന്‍ ആണെന്നു ഞാന്‍ ഊഹിക്കുന്നു, അതല്ലാതെ ഈ മാണിക്യക്കല്ലിനെ ഇത്റ വാഴ്തി സ്തുതിക്കാന്‍ ഒരു കാരണവും കാണുന്നില്ല, താങ്കള്‍ ഈ പടം കണ്ടോ എന്നു തന്നെ എനിക്കു സംശയമാണു, മാണിക്യക്കല്ലു പോലെ ഒരു പരമ ബോറന്‍ മൂവി അടുത്തിടെ ഞാന്‍ കണ്ടിട്ടേയില്ല ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്റത്തിണ്റ്റെ വേറെ ഒരു വേറ്‍ഷന്‍ ആണു ഈ പടം തോറ്റു കിടന്ന ഒരു സ്കൂളില്‍ പ്റ്‍ഥ്വിരാജ്‌ വന്നു പിള്ളാരെ ജയിപ്പിക്കുന്നു എങ്ങിനെ സ്കൂള്‍ പെയിണ്റ്റടിക്കുന്നു, വരാത്ത കുട്ടികളെ വിളിച്ചു കൊണ്ടു വരുന്നു അധ്യാപകറ്‍ എക്സ്റ്റ്റാ ക്ളാസ്‌ എടുക്കുന്നു, ഇതില്‍ എവിടെയാണു മാഷെ ഒരു സിനിമ ഒരു കഥ ? ആകെ കൊള്ളാവുന്നത്‌ ഗ്രാമ ഭംഗി (പൊള്ളാച്ചി മേട്ടുപ്പാളയം ആണെന്ന് തോന്നുന്നു) ജയ ചന്ദ്രന്‍ കോപ്പി അടിച്ച പാട്ടുകള്‍ (സുന്ദരീ ഒന്നൊരുങ്ങി വാ എന്ന പാട്ടിണ്റ്റെ ചരണം കോപ്പി അടിച്ചു) പലപ്പോഴും ഒന്നും സംഭവിക്കാതെ പടം നീങ്ങുന്നത്‌ കണ്ട്‌ ആള്‍ക്കാറ്‍ കോട്ടുവാ ഇടുന്നതാണു കണ്ടത്‌

അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞു...

@ സുശീലന്‍: ഈ പോസ്റ്റ്‌ വായിച്ചിട്ട് തന്നെയാണോ കമന്റ് ഇട്ടത്? ഇതില്‍ എവിടെയാണോ സ്തുതിപാഠകം? പിന്നെ ഒരു സിനിമയാണ് എനിക്കിഷ്ടപ്പെട്ട കാര്യം പറഞ്ഞു.

ബിന്‍സി എം ബി പറഞ്ഞു...

അരുണ്‍.. റിവ്യൂ ഇഷ്ടായില്ല കേട്ടോ..