-->

Followers of this Blog

2015, നവംബർ 6, വെള്ളിയാഴ്‌ച

വിലയിടുന്നവർ

തളർന്നുറഞ്ഞു പോയ 
ഇമകളെ 
കൊളുത്തിന്റെ 
മുനയിലുടക്കി 
പിളർന്നു വെച്ചത് 
അവളുടെ 
നീട്ടി വിളിയാണ്
അപ്പോളവൾ 
പകുതി തുറക്കാൻ 
ബാക്കിയുള്ള 
ചില്ലിന്റെ നിഴലിൽ
അര മുറുക്കുകയായിരുന്നു
ചിറകുകൾ 
മടക്കി കെട്ടി വെച്ച 
തത്തയില്ലാതെ 
അവളെന്റെ 
ആയുർരേഖ 
വരക്കുമെന്നോർത്താണ് 
പേഴ്സിൽ ചില്ലറയുടെ 
കിലുക്കം പരതിയത്...
കനലുകളില്ലാത്ത
ചൂടിന്റെ 
കള്ളക്കഥയെഴുതിയ 
കടലാസവൾ 
നീട്ടുമെന്നോർത്താണ്
വാടിയൊരു നോട്ടിനെ
വിരലിനിടയിൽ 
ഞെരുക്കി വെച്ചത്
പക്ഷെ,
കറവീണ ചാക്കിന്റെ
വാ തുറന്നെന്റെ 
മുന്നിലേക്കിട്ട് 
അരയിൽ 
നിന്നൊരു പിടി 
നോട്ടുകൾ 
വാരിപിടിച്ചവൾ 
കണ്ണിൽ നീറുന്ന
പുകയെന്റെ 
നെഞ്ചിലേക്കൂതി പറഞ്ഞു:
"നിന്റെ സ്വപ്നങ്ങളുടെ
വിലയിടിവറിഞ്ഞീ
ചളുങ്ങിയ 
തകര പാത്രത്തിനൊപ്പം
നിന്നെ
വിലയിട്ട് വാങ്ങാൻ
വന്നവളാണ്
ഞാൻ"

2015, ജൂൺ 1, തിങ്കളാഴ്‌ച

പ്രേമം: മൂവി റിവ്യൂ

ചിലയാളുകളെ, ചില സ്ഥലങ്ങളെ, ചില കാര്യങ്ങളെ ഇഷ്ടപ്പെടാന്‍ ഒരുപാട് സമയമെടുക്കും. ഇഷ്ടപ്പെട്ടാല്‍ പിന്നെ അകന്നു നില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്യും. അത് പോലെ ഒരു ഫീല്‍ നല്‍കുന്ന ചിത്രമാണ് പ്രേമം. പ്രേമം പൈങ്കിളി ആകുന്നത് സ്വഭാവികമാണ്. ആ സ്വാഭാവികത അതേ പോലെ പകര്‍ത്തിവെക്കാനുള്ള ശ്രമത്തില്‍ വന്നുപെട്ട ചില വലിച്ചു നീട്ടലും ഉറക്കം തൂങ്ങലും മാറ്റി നിര്‍ത്തിയാല്‍ വലിയ കുഴപ്പമില്ലാത്ത ചിത്രമാണ് പ്രേമം. 100 രൂപയ്ക്ക് ടിക്കറ്റെടുത്താല്‍ അതില്‍ 60-65 രൂപ മുതല്‍.

നിവിന്‍ പോളി അവതരിപ്പിക്കുന്ന ജോര്‍ജ്ജ് ഡേവിഡ് എന്ന കഥാപാത്രത്തിന്‍റെ പ്ലസ്ടു-കലാലയ-യുവകാലഘട്ടങ്ങളില്‍ പ്രണയത്തിന് വരുന്ന ഭാവഭേദങ്ങളാണ് പ്രേമത്തിന്‍റെ ഇതിവൃത്തം. ജോര്‍ജ്ജിന്‍റെ സുഹൃത്തുക്കളായി കോയയും (കൃഷ്ണ ശങ്കര്‍), ശംഭുവും (ശബരീഷ വര്‍മ്മ). ചിത്രത്തിന്‍റെ ആദ്യപകുതി ഒരു ശരാശരി നിവിന്‍പോളി ചിത്രത്തിന്‍റെ കുട്ടിക്കാലമാണ്. മേരി (അനുപമ പരമേശ്വരന്‍) യെന്ന ഒരു 80-90 കാലഘട്ടത്തിന്‍റെ സൌന്ദര്യസങ്കല്‍പങ്ങള്‍ ഒത്തു ചേരുന്ന പെണ്‍കുട്ടിയും അവളെ ചുറ്റി നില്‍ക്കുന്ന ആ കാലഘട്ടത്തിന് ചേര്‍ന്ന കാമുക സംഘവും ഒക്കെയാണ് ഈ ഭാഗത്തിന്‍റെ ത്രെഡ്. നേരത്തെ പറഞ്ഞത് പോലെയുള്ള ആ സ്വാഭാവികതയും ഇടക്ക് വീഴുന്ന തമാശയും ആലുവ പുഴയുടെ തീരത്ത് എന്ന പാട്ടുമൊക്കെ ഈ ഭാഗത്ത് ആശ്വാസകരമാണ്. പക്ഷെ അതേ സ്വാഭാവികത തന്നെ പലപ്പോഴും നല്ല ബോറടിയുമാണ്‌. ഈ ബോറടിക്കിടയിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമയില്‍ ഇല്ലാത്ത മറ്റൊന്ന് “നിവിന്‍ പോളിയുടെ പടമല്ലേ, ദിപ്പോ ശരിയാകും” എന്ന കാത്തിരിപ്പാണ്. ആ കാത്തിരിപ്പിന്‍റെ നല്ല ഫലമാണ് ജോര്‍ജ്ജിന്‍റെ കലാലയ ജീവിതം.

2015, മേയ് 12, ചൊവ്വാഴ്ച

പിന്തുടർച്ച...

മരിച്ചയാൾക്ക്‌
ഉപചാരമർപ്പിക്കാൻ
ഫേസ്ബൂക്ക്
 പ്രൊഫൈലിൽ
ചെന്നതാണ്

വാക്കുകൾ
പിടിതരാതെ
നിൽക്കുമ്പോൾ
കണ്ണുകൾ
നീലിച്ചു തിണർത്ത
ഒരൈക്കണിൽ
തറഞ്ഞു നിന്നു
 "ഫോളോവ്ഡ്"

'നിങ്ങളെ ഞാൻ
പിന്തുടരുന്നു'

2015, മാർച്ച് 30, തിങ്കളാഴ്‌ച

ഒരു വടക്കന്‍ സെല്‍ഫി: മൂവി റിവ്യൂ

ഫേസ്ബുക്കില്‍ കുറച്ച് നാള്‍ മുന്‍പ് ട്രെന്‍ഡ് ആയിരുന്ന ഒരു സ്റ്റാറ്റസ് മെസേജ് ആയിരുന്നു “ഓരോ സെല്‍ഫിക്കും പറയാനുണ്ടാകും ഡിലീറ്റ് ചെയ്യപ്പെട്ട 99 സെല്‍ഫികളുടെ കഥകള്‍.” എത്ര തവണ എടുത്താലാണ് ഒരു നല്ല സെല്‍ഫി കിട്ടുന്നത് എന്ന് സാരം. വടക്കന്‍ സെല്‍ഫി അങ്ങിനെ ശരിയാകാതെ പോയതൊക്കെ ഡിലീറ്റ് ചെയ്ത് തരക്കേടില്ലാത്തവ മാത്രം എടുത്ത് വെച്ച് പ്രേക്ഷകര്‍ക്ക് ഷെയര്‍ ചെയ്ത ഒരു സാധാരണ നല്ല ചിത്രമാണ്.

2015, മാർച്ച് 24, ചൊവ്വാഴ്ച

To South Africa (2015)

ഒരു മഴയിലൊഴുകി
ഒലിക്കും നിറങ്ങളിൽ
ലോകസ്വപ്നം
വരച്ചവരായിരുന്നു
അവർ,
മഴയുടെ
നിയമങ്ങളിൽ
പതറി വീണവർ,
നെഞ്ചിനടിയിൽ
ചതയുന്ന
പച്ചപ്പുല്ലിന്റെ
വേരിൻ വിടവിലൂടെ
സ്വപ്നങ്ങൾ
ചോരുന്നത്‌
നോക്കി നിന്നവർ...

പെയ്യുവാനിരു
മിഴികളിൽ
ഒരു മേഘം കൂടി
തങ്ങി നിൽക്കേ
ഇനിയവർ കാണുന്ന
സ്വപ്നങ്ങൾക്ക്‌
ഒരു നിറം മാത്രം
ഇനിയും
നിർവ്വചിക്കാത്ത
മഴയുടെ നിറം
മാത്രം

2015, മാർച്ച് 13, വെള്ളിയാഴ്‌ച

കേരളത്തിന്‍റെ ബജിറ്റ്: ബിബിസി ഒരു ഡോക്യുമെന്‍ററി എടുക്കൂ, പ്ലീസ്!!!

കോഴവിവാദത്തില്‍ പെട്ട ധനമന്ത്രിയുടെ ബജിറ്റ്. തടയാന്‍ രാപ്പകല്‍ നിയമസഭാമന്ദിരത്തില്‍ കുത്തിയിരുന്ന്‍ സമരം. രാവിലെ ഒന്‍പത് മണി. നിയമസഭയില്‍ മൂന്ന് തവണ ബെല്ലടിക്കുന്നു. മൂന്നാമത്തെ ബെല്ലോട് കൂടി ബജിറ്റ് നാടകം ആരംഭിക്കുന്നു.

ആദ്യം കസേരകളി. ധനമന്ത്രിയുടെ കസേര സഹകരണ മന്ത്രിയുമായി സഹകരിച്ച് വെച്ചുമാറല്‍. പിന്നെ കസേര എറിയല്‍... സ്പീക്കറിന്‍റെ കസേര വലിച്ചെറിയുന്നു. കമ്പ്യൂട്ടര്‍ തല്ലിപൊളിക്കുന്നു. ആ ക്ഷീണത്തില്‍ ഒരു എംഎല്‍എ തളര്‍ന്നു വീഴുന്നു. മറ്റൊരിടത്ത് ഒരു വനിതാ എംഎല്‍എയെ മന്ത്രി തടയുവാണോ തടവുകയാണോ എന്ന്‍ പറയാന്‍ പറ്റാത്ത അവസ്ഥയില്‍ തടഞ്ഞു നിര്‍ത്തുന്നു. അതാ അങ്ങോട്ടു നോക്കൂ...