-->

Followers of this Blog

2009, ജൂലൈ 7, ചൊവ്വാഴ്ച

മോനെ, നീ വന്ന വഴികള്‍ ഓര്‍ക്കുക

സംഭവം കുറെക്കാലം മുന്‍പാണു. ഈവനിങ് ഷിഫ്റ്റില്‍ ഇരിക്കുന്ന എന്റെ ഫോണില്‍ "ഹോം കോളിങ്". മമ്മിയായിരുന്നു. "മോനെ അത്യാവശ്യമായി എന്റെ മൊബൈല്‍ ഒന്നു റീച്ചാര്‍ജ്ജ് ചെയ്യണം. വേഗം വേണം". മമ്മിയുടെ സ്വരത്തില്‍ പരിഭ്രാന്തി. "എന്തു പറ്റി മമ്മി?". "ഒന്നുമില്ലെടാ". എനിക്ക് എന്തൊ പന്തികേട് തോന്നി. "വീട്ടിലാര്‍ക്കെങ്കിലും എന്തെങ്കിലും? എന്ന ചോദ്യം എന്നെ വേട്ടയാടി കൊണ്ടിരുന്നു. അനിയനേയും, കസിനേയും, കൊച്ചാപ്പനേയും വിളിച്ചു തിരക്കി. ആരും ഒന്നും പറഞ്ഞില്ല. ഇനിയൊരു പക്ഷെ, എന്നോട് പറയാതിരിക്കുന്നതാണോ?. വെല്ലവിധേനയും ഷിഫ്റ്റ് തീര്‍ന്നു തീര്‍ന്നില്ല എന്നു വരുത്തി ഞാന്‍ വീട്ടിലേക്ക് അതിവേഗത്തില്‍ ബൈക്കോടിച്ച് ചെന്നു. മനസില്‍ പലചിന്തകളും, ഒരു പക്ഷെ അമ്മൂമ്മയ്ക്കെന്തെങ്കിലും? വീടിനുമുന്നില്‍ ആള്‍ക്കൂട്ടമുണ്ടോ എന്നാണു ഞാന്‍ ആദ്യമേ നോക്കിയത്. ആരുമുണ്ടായിരുന്നില്ല. "ദൈവമേ ഇനിയാരെങ്കിലും ഹോസ്പിറ്റലില്‍?"

ഇതൊന്നുമല്ല കാര്യം. മനുഷ്യന്‍ വെറുതെ തീ തിന്നു. സന്നിദാനന്ദന്‍! കക്ഷിയെ അറിയുമായിരിക്കുമല്ലൊ? സന്നിയെന്നു പറഞ്ഞാല്‍ അറിയാത്തവര്‍ ലോകമലയാളത്തിലുണ്ടോ? സംഗീതവും ശബ്ദവും ശ്രീ അയ്യപ്പന്റെ വരമായി ലഭിച്ചു എന്നു വിശ്വസിക്കുന്ന ഐഡിയ സ്റ്റാര്‍ സന്നിധാനന്ദന്‍ തന്നെ. അദ്ദേഹം പാടിയതു ശെരിയായില്ല എന്നു ശ്രീക്കുട്ടനും, ദീദിയും, ശരത്തും ഒരു പോലെ പറഞ്ഞു (ഗസല്‍ എന്നൊക്കെ പറഞ്ഞാല്‍ സന്നി കൊത്തിയാല്‍തന്നെ ആ കൊക്കിലൊതുങ്ങില്ല എന്ന കാര്യം ആര്‍ക്കുമറിയാം. അതിനു പ്രത്യേകിച്ചൊരു ദിവ്യത്വം വേണ്ട.) എങ്കിലും അദ്ദേഹം കൊള്ളാവുന്ന ഒരു പാട്ടുകാരന്‍ തന്നെ. അതു കൊണ്ടു തന്നെയാണു സന്നിയേയും റിത്വികിനേയും കുറിച്ച് ഇങ്ങനെയൊക്കെ എഴുതിയതും. വീട്ടുകാര്‍ക്കും കക്ഷിയെ ക്ഷ ബോധിച്ചിരുന്നു. സംഗീതം മാത്രമല്ല സന്നിയുടെ ജീവിതചുറ്റുപാടുകളും ടിവിയില്‍ കണ്ടതു കൊണ്ട് തന്നെ ആ സ്നേഹം കുറച്ചു കൂടി വാത്സല്യത്തിന്റെ തന്നെയായിരുന്നു. അതു കൊണ്ടാണു ഒരു പക്ഷെ സന്നി അടുത്ത റൌണ്ടില്‍ നിന്നും പുറത്തായാലോ എന്നു ഭയന്ന്‍ എന്റെ മമ്മി അര്‍ജന്റ് ആയി മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ പറഞ്ഞതും. ആരെങ്കിലും ചാകാന്‍ കിടക്കുന്നൊ എന്നൊക്കെ കടന്നു ചിന്തിച്ചത് എന്റെ തെറ്റ്. പോട്ടെ, ഒരു നല്ല കാര്യത്തിനല്ലെ.

കണ്ണുകാണാത്തവരെ ഉള്‍പ്പെടുത്തിയേക്കാമെന്നു ഏഷ്യാനെറ്റ് നേര്‍ച്ച നേര്‍ന്നിട്ടുണ്ട്. അതു വഴിവരുന്ന സെന്റി എസ്.എം.എസുകള്‍ അവര്‍ വേണ്ട എന്നും വെക്കണ്ട. ഓരൊ അന്ധഗായകരെക്കൊണ്ടും "കണ്ണു തുറക്കാത്ത ദൈവങ്ങളേ" വിളിച്ച് ഗായകനെയും, അവതാരികയേയും, ജഡ്ജസിനെയും, കാണികളേയും ഒരു പോലെ കരയിക്കുന്ന സെന്റിമെന്റ്സാണു സന്നിയെപ്പോലെയുള്ളവരുടെ വോട്ട്. സന്നി മികച്ച ഗായകനല്ല. കൊള്ളാവുന്ന ഗായകന്‍, പിന്നെ സാമ്പത്തീകമായ പ്രശ്നങ്ങള്‍. ഇതു രണ്ടും ചേര്‍ത്തു വായിച്ചാണു എന്റെ മമ്മി സന്നിക്ക് എസ്.എം.എസ് അയക്കുന്നത്.

നല്ല പാട്ടിനു മാത്രമായിരുന്നെങ്കില്‍ മമ്മി എന്തു കൊണ്ട് മറ്റുള്ളവര്‍ക്കു വോട്ടു ചെയ്യുന്നില്ല എന്ന എന്റെ ചോദ്യത്തിനു മമ്മി ഒരു ചിരിക്കപ്പുറം മറുപടി പറഞ്ഞേനെ. അങ്ങിനെ സന്നിയെ വളര്‍ത്തിയ എത്ര മമ്മിമാരുടെ വോട്ടുകള്‍, ഇതൊക്കെ സന്നിധാനന്ദന്‍ മറക്കാമോ? പാടില്ല. കഴിഞ്ഞ ദിവസം സന്നിയേക്കുറിച്ച് എഴുതിയ പോസ്റ്റില്‍ വന്ന കമന്റാണു സന്നിയോട് ഇത് പറയാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇതു സന്നി വായിക്കില്ലെന്നറിഞ്ഞു കൊണ്ടു തന്നെ. കമന്റിട്ട കുട്ടി പങ്കു വെച്ചത് അവരുടെ അയല്‍വാസിയായ ആന്റിക്കുണ്ടായ അനുഭവമാണു

സിങ്കപ്പൂരിലെ ഒരു മലയാളി അസോസിയേഷന്റെ പരിപാടിക്ക് സന്നി പാടുവാനെത്തുന്നു. മറ്റു ഗായകരുമുണ്ട്. ഈ ആന്റി സംഘാടകരില്‍ ഒരാളാണു. സിങ്കപ്പൂരിലെ പ്രസിദ്ധമായ ഒരയ്യപ്പക്ഷേത്രത്തില്‍ പോകണമെന്ന സന്നിയുടെ ആഗ്രഹപ്രകാരം, ഈ ആന്റി, മറ്റൊരാന്റിയും, അങ്കിളുമൊരുമിച്ച്, സന്നിയോടൊരുമിച്ച് പോകുന്നു. തങ്ങളുടെ പ്രിയപ്പെട്ട സ്റ്റാര്‍ സിങ്ങറുടെ കൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞതില്‍ അവര്‍ക്ക് അതിയായ സന്തോഷമുണ്ടായിരുന്നു. എന്നാല്‍ സന്നിയോ, ആകാശത്തു നിന്നു പൊട്ടി വീണവനെ പോലെ കാറില്‍ ഒരക്ഷരം മിണ്ടാതെ, ജാഡയില്‍. ശെരിക്കും സ്റ്റാര്‍ തന്നെ, അതാണല്ലൊ ആകാശത്തു നിന്നും പൊട്ടി വീണത്. നക്ഷത്രങ്ങള്‍ കുറഞ്ഞ പക്ഷം ചിരിക്കും, ഓഹ് ഇത് സ്റ്റാര്‍ സിങ്ങര്‍ ആണല്ലൊ ചിലപ്പോള്‍ ചിരിക്കില്ല. അമ്പലത്തിലെത്തിയപ്പോള്‍ പൂജാരിക്കും അതിയായ സന്തോഷം. തന്റെ നാട്ടുകാരനും സന്നിക്കുവേണ്ടി പ്രത്യേക പൂജകള്‍ കഴിച്ചിട്ടുള്ളയാളുമാണു കക്ഷി. ഇതൊക്കെ അദ്ദേഹം പറഞ്ഞിട്ട് സന്നിയുണ്ടോ ഒരു വാക്കു പറയുന്നു. അല്ലെങ്കില്‍ തന്നെ പൂജാരിക്കെന്ത് സ്റ്റാറില്‍ കാര്യം. ഇപ്പടി പെട്ട തങ്ങളുടെ പ്രിയപ്പെട്ട ഗായകന്റെ പെരുമാറ്റം അവരെ വെല്ലാതെ വേദനിപ്പിച്ചു.

താമസസ്ഥലത്തു തിരികെയെത്തുമ്പോള്‍ അവിടെ ജി. വേണുഗോപാല്‍. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നു, സംസാരിക്കുന്നു. ഇതിലെന്തു കാര്യം, അയാള്‍ സ്റ്റാര്‍ സിങ്ങറല്ലല്ലൊ വെറും സിങ്ങറല്ലേ. അപ്പൊ ചിരിക്കാം, സംസാരിക്കാം. അതു തുളുമ്പാത്ത നിറകുടമാണെന്ന്‍ എന്റെ സുഹൃത്ത് പറയുന്നു. സന്നിയോ മഹാന്‍, മഹാനായ അല്‍പന്‍, അര്‍ത്ഥവും ഐശ്വര്യവും കിട്ടിയ അല്‍പന്‍. ഒരിക്കല്‍ ചലചിത്രതാരം ഗണേഷ് കുമാര്‍ സന്നിധാനന്ദനു അഹങ്കാരം കൂടിയൊ എന്നു ശങ്കിച്ചപ്പോള്‍ ഞാന്‍ കരുതിയത് അതു ഗണേശന്റെ അസൂയകൊണ്ടാണെന്നാണു. ഗണേശന്‍ എതെങ്കിലും പരിപാടിയില്‍ എസ്.എം.എസിനായി കൈനീട്ടി യാചിച്ചാല്‍ ഒരു പട്ടിച്ചാത്തനും തിരിഞ്ഞു നോക്കരുതേ എന്നു ശപിക്കുകയും ചെയ്തു.

നിങ്ങള്‍ അഹങ്കാരിയാകുന്നതിനോട് എനിക്കെതിര്‍പ്പില്ല, മി. സന്നി. പക്ഷെ, വന്ന വഴി, ഓരൊ പ്രേക്ഷകനോടും ഭിക്ഷയാചിച്ചു നേടിയ എസ്.എം.എസുകള്‍ കൊണ്ട് വന്ന വഴി, എന്നെപ്പോലെ സാദാ ജോലിക്കാരന്‍ റീചാര്‍ജ്ജ് ചെയ്തു തന്ന വഴി. അതു മറക്കരുത്. വന്നവഴി മറന്നാല്‍ നിങ്ങളുടെ സ്വാമി അയ്യപ്പന്‍ പൊറുക്കില്ല. ദൈവമില്ലാത്തവരുള്ള നാട്ടിലാണെല്‍ മനുഷ്യനും പൊറുക്കില്ല. ഒരു കൈലി മുണ്ടുമുടുത്ത് നിങ്ങളുടെ കുഞ്ഞു വീടിന്റെ കോലായില്‍ ചാരിയിരിക്കുന്ന സന്നിധാനന്ദനെ ടിവിയില്‍ കണ്ട് എന്റെ മമ്മി വിതുമ്പിയിട്ടുണ്ട്. നിങ്ങള്‍ക്ക് വേണ്ടി കുരിശടിയില്‍ തിരികത്തിച്ചിട്ടുണ്ട്. അതു പോലെ ഒരു പാടുപേര്‍ തിരിവെച്ചു തെളിയിച്ച വഴി നിങ്ങള്‍ മറന്നു കളഞ്ഞാല്‍ അവര്‍ നിങ്ങളെ ശപിക്കില്ല. പക്ഷെ, അവരെ വേദനിപ്പിക്കണമോ. ആ വേദന നിങ്ങള്‍ക്ക് ശബ്ദം നല്‍കിയ അയ്യപ്പസ്വാമികള്‍ സഹിക്കുമോ? സഹിക്കുമെങ്കില്‍, ഇനിയും അഹങ്കരിച്ചു കൊള്ളുക. മറിച്ച് ഇല്ലായെന്നാണെങ്കില്‍, ഇന്നു മുതല്‍ നിങ്ങള്‍ ചിരിച്ചു തുടങ്ങുക, സംസാരിച്ചു തുടങ്ങുക, നിങ്ങള്‍ക്ക് വേണ്ടി സമയവും, എസ്.എം.എസും, പ്രാര്‍ത്ഥനയും തന്നവരെകാണുമ്പോള്‍. അതു കൊണ്ടു നിങ്ങള്‍ ഒരിക്കളും ചെറുതാകില്ല. അങ്ങിനെ ചെറുതാക്കാനല്ലല്ലൊ അവര്‍ നിങ്ങള്‍ക്ക് എസ്.എം.എസ് അയച്ചത്. സന്നി മാത്രമല്ല എല്ലാ താരഗായകരും ഇങ്ങനെ തന്നെ ചിന്തിക്കുമെന്നു തന്നെ വിശ്വസിച്ചുകൊണ്ട്. സ്നേഹപൂര്‍വ്വം ആശംസകള്‍

15 അഭിപ്രായങ്ങൾ:

അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞു...

മോനെ, നീ വന്ന വഴികള്‍ ഓര്‍ക്കുക.

ഓരൊ അച്ഛനും മക്കളോട് പറയുന്നത്

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

ഈ സാക്ഷ്യം ഇഷ്ടപ്പേട്ടാലും ഇല്ലെങ്കിലും എസ്സെമ്മെസ് അയച്ച് എന്നെ സഹായിയ്ക്കണമെന്ന് അപേക്ഷിയ്ക്കുന്നു. എസ്സെമ്മെസ് അയയ്ക്കേണ്ട ഫോര്‍മാറ്റ്......

അങ്ങനെ എസ്സെമ്മസ്സിനെയും പോസ്റ്റാക്കി...

കണ്ണനുണ്ണി പറഞ്ഞു...

നന്നായി അരുണേ...
ചെറിയ പ്രായത്തില്‍ ഒരുപാട് പ്രസിദ്ധിയും പണവും ലഭിക്കുംപോ .. അല്ലെങ്കില്‍ ദാരിദ്ര്യത്തില്‍ നിന്ന് പെട്ടെന്ന് പനക്കാരനകുംപോള്‍ ചിലരെങ്കിലും പെട്ട് പോവുന്ന ഒരു മായ ലോകം ഉണ്ട്.. അവിടെയാവും ഒരു പക്ഷെ നമ്മുടെ പ്രോയപെട്ട ഗായകനും...
അദേഹത്തിന് ശരിയായ ലോകം തിരിച്ചറിയാന്‍ ഇടവരട്ടെ..

ചാണക്യന്‍ പറഞ്ഞു...

:):)

ramaniga പറഞ്ഞു...

paalam kadkkuvolam narayana............

വരവൂരാൻ പറഞ്ഞു...

അരുണേ വളരെ നല്ല പോസ്റ്റ്‌... പറയേണ്ടത്‌ തന്നെ... എനിക്കും തോന്നിയിട്ടുണ്ട്‌... പലരും പറഞ്ഞു കേട്ടിട്ടുണ്ട്‌ ഇതു പോലെ.. ചിലരുടെ വന്ന വഴി മറന്നുള്ള ജാടകൾ...ആശംസകൾ

വരവൂരാൻ പറഞ്ഞു...

അരുണേ വളരെ നല്ല പോസ്റ്റ്‌... പറയേണ്ടത്‌ തന്നെ... എനിക്കും തോന്നിയിട്ടുണ്ട്‌... പലരും പറഞ്ഞു കേട്ടിട്ടുണ്ട്‌ ഇതു പോലെ.. ചിലരുടെ വന്ന വഴി മറന്നുള്ള ജാടകൾ...ആശംസകൾ

ബഷീര്‍ വെള്ളറക്കാട്‌ / pb പറഞ്ഞു...

എസ്.എം.എസ് ഐഡിയ കൊണ്ട് ജിവിക്കുന്നവർ കൂടി വരികയല്ലേ.. വന്ന വഴി മറന്നില്ലെങ്കിലും പോയ വഴി (കാശ്) എസ്.എം.എസ്. അയക്കുന്നവർ ഓർത്താൽ നന്ന്

ബഷീര്‍ വെള്ളറക്കാട്‌ / pb പറഞ്ഞു...

എസ്.എം.എസ് വോട്ടെടുപ്പിനെ പറ്റി എഴുതിയത്
ഇവിടെ വായിക്കാം

shine അഥവാ കുട്ടേട്ടൻ പറഞ്ഞു...

വളരെ നന്നായി അരുൺ. ഇതൊരു സന്നിയുടെ മാത്രം കാര്യമല്ല, മൊത്തം സമൂഹതിനു വന്ന മാറ്റത്തിന്റെ ഭാഗമാണു. മുണ്ടു മുറുക്കി ഉടുത്തിട്ടായലും, loan എടുതു car മേടിക്കുന്നവർ അല്ലേ നമ്മൾ?!! , പിന്നെ നിറകുടം തുളുമ്പില്ല എന്നറിയാമല്ലോ? അതോർത്തു സമാധാനിക്കുക..

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

അരുണേ പോട്ടെടാ നീ ഫികാര ഭരിതനാവണ്ടാ. നമ്മുടെ കാര്ന്നവന്മാര്‍ അത് മുന്‍ കൂട്ടി പറഞ്ഞു വെച്ചില്ലേ...അല്‍പ്പന് എന്തോ കിട്ടിയാല്‍....പോപ്പിക്കുട വാങ്ങുമെന്നോ മറ്റോ???..തനിയാവര്‍ത്തനങ്ങള്‍:)

രഘുനാഥന്‍ പറഞ്ഞു...

പ്രിയ അരുണ്‍...

ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ് അരുണ്‍ എഴുതിയിരിക്കുന്നത്.."അല്പന് അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധ രാത്രിയിലും കുട പിടിക്കും" എന്ന് പഴമക്കാര്‍ പറഞ്ഞിട്ടുള്ളത് സന്നിയെപ്പോലുള്ള ആളുകളെ കണ്ടിട്ടായിരിക്കാം..സന്നിക്ക് അഹങ്കാരം ഉണ്ട് എന്ന് ഗണേഷ്‌ കുമാര്‍ പറഞ്ഞപ്പോള്‍ സണ്ണി പറഞ്ഞ മറുപടി തന്നെ "മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ" എന്നാണു..

മാവില്‍ മാങ്ങ ഉണ്ടായാല്‍ മാത്രം പോര അത് കാണാനും കല്ലെറിയാനും ആളുണ്ടാകണം എന്നുള്ള കാര്യം പാവം സന്നിക്ക് അറിഞ്ഞു കൂടാ...

മാങ്ങ നിറയുന്ന മാവിന്റെ കൊമ്പ് ഇപ്പോഴും താഴോട്ടു കുമ്പിട്ടു നില്‍കും എന്ന കാര്യവും ആ പാവത്തിന് അറിഞ്ഞു കൂടാ ...


ആശംസകള്‍

ആര്‍ദ്ര ആസാദ് പറഞ്ഞു...

വിവര‍ല്യാത്തതു കൊണ്ടല്ലെ....
വിട്ടുകള.....

Binoj (somettan) പറഞ്ഞു...

ചെലപ്പോ ആ കൊച്ചന്റെ ബോധക്കുറവും അപകര്‍ഷതാ ബോധവും ആയിരിക്കും

Faizal Kondotty പറഞ്ഞു...

നല്ല അവതരണം ...