-->

Followers of this Blog

2008, സെപ്റ്റംബർ 30, ചൊവ്വാഴ്ച

വിലക്കയറ്റങ്ങളുടെ ഭൂമിക: കേരളം ഇനി കട്ടന്‍ ചായ കുടിക്കും

അച്ചുമാമന്റെ സര്‍ക്കാര്‍ ഇനി വിലകൂട്ടാന്‍ എന്തുണ്ട് ബാക്കി എന്നോര്‍ത്ത് കുണ്ഠിതപ്പെടുകയാണ്. ഭരണത്തിലെത്തിയ ശേഷം മൂന്നാം തവണയും, ഈ വര്‍ഷം രണ്ടാം തവണയും മില്മാപാലിനു വിലവര്‍ധിപ്പിച്ചിരിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ 14 രൂപയ്ക്കും 16 രൂപയ്ക്കും പാല്‍ ലഭിക്കുമ്പോല്‍ ഇവിടെ അതു 20 രൂപായിലെത്തിച്ചു എന്ന റെക്കോര്ഡ് ഇനി നമുക്ക് സ്വന്തം. വര്ധനയ്ക്ക് നിദാനം സ്ഥിരം പല്ലവി തന്നെ. കെ.എസ്.ആര്‍ടി.സി, വൈദ്യുതി, ജലവിതരണം, അരിവിതരണം എന്നീ മേഖലകളില്‍ വിലവര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ അതേ ‘പ്രതിസന്ധി’യാണു പാല്‍ വില വര്‍ധനയക്കും കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്. പ്രതിസന്ധിരോഗം ബാധിക്കാവുന്ന അടുത്ത മേഖല ഏതായിരിക്കും എന്ന ആശങ്കയിലാണു കേരളീയര്‍.

പാല്‍വില വര്‍ദ്ധനയുടെ കൂടെ ഉയര്‍ത്തിക്കാട്ടിയ ഒന്നാണ്, ക്ഷീരകര്‍ഷകനു 90 പൈസ ലാഭം കിട്ടും എന്നതും കൂടുതല്‍ പേര്‍ ഈ ക്ഷീരകാര്‍ഷിക മേഖലയിലേക്കു ആകൃഷ്ടാരാകും എന്നതും. നാലുമാസം മുമ്പ് 2 രൂപ കൂട്ടിയപ്പൊഴും ഇതു തന്നെയാണു പറഞ്ഞതു. ഒപ്പം വിദര്‍ഭാ മോഡല്‍ ആവിഷ്കരിക്കുമെന്നും മറ്റു ചില പദ്ധതികളൊക്കെ നടപ്പിലാക്കി, പ്രതിസന്ധി ഒഴിവാക്കുമെന്നും. പക്ഷെ, ഫലത്തില്‍ ഇവയൊന്നും കാണുന്നില്ല എന്നു മാത്രമല്ല, വിലവര്ദ്ധന അടിയന്തിരമായി നടപ്പിലാക്കുകയും ചെയ്യുന്നു. മറ്റൊന്നു കൂടി ഇവിടെ പരാമര്‍ശം അര്‍ഹിക്കുന്നു, മില്മയുടെ മലബാര്‍ മേഖല ലാഭകരമാണെന്നതും അവിടെ കര്‍ഷകനു 1 രൂപ അധികവരുമാനം നല്കാന്‍ കഴിയുന്നുണ്ട് എന്നതും. അങ്ങിനെയെങ്കില്‍ ഈ വിലവര്‍ധന, പ്രതിസന്ധിയുടെ ശിശുതന്നെയോ?

സര്‍ക്കാര്‍ വിഹിതം വെട്ടിക്കുറച്ചതു കൊണ്ട്, വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരുന്നെന്നും അതിനാലാണു ചാര്‍ജ്ജ് വര്‍ധിപ്പിക്കേണ്ടി വന്നത് എന്നു സമ്മതിക്കാം. കഴിഞ്ഞ വേനല്‍മഴയില്‍ ലഭിചച അധികജലം കൊണ്ടുല്പാദിപ്പിച്ച വൈദ്യുതി വിറ്റവകയില്‍ ലഭമായി ലഭിച്ച 164 കോടി രൂപയിലെ വിഹിതം എന്ന നിലയിലെങ്കിലും ആ കാലയളവില്‍ ചാര്‍ജ്ജില്‍ കുറവുവരുത്താം എന്നു ചിന്തിക്കാതിരുന്നത് എന്തു കൊണ്ടാണ്? നഷ്ടം നികത്താന്‍ വര്‍ധനവ് ഏര്‍പ്പെടുത്തുന്നതു പോലെ ലാഭം ലഭിക്കുമ്പോള്‍ കുറവ് നല്‍കുവാനും സര്‍ക്കാരിനു കടമയില്ലേ?.

കേന്ദ്രവും, കേരളവും വിലവര്‍ധിപ്പിക്കുന്നതില്‍ കാണിക്കുന്ന ശുഷ്കാന്തി, വിലകുറക്കുന്നതില്‍ കാണിക്കുന്നില്ല. ബാരലിനു 152 ഡോളര്‍ വിലയുള്ള സമയത്താണ്, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതു. ഇപ്പോള്‍ ബാരലിനു 92 ഡോളര്‍ എത്തിയിട്ടു പോലും (സെപ്റ്റം.30 നു $97.43) വിലകുറക്കാന്‍ ഭരണപക്ഷമോ, ശുപാര്‍ശ എങ്കിലും ചെയ്യാന്‍ പ്രതിപക്ഷമോ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. കേരളത്തിലെ പ്രതിപക്ഷം എന്നാല്‍ ചത്തതിനൊക്കുമെ, ജീവിച്ചിരിക്കിലും എന്ന നിലയിലായിട്ടുണ്ട്.

ഏതു പ്രതിസന്ധിക്കും വിലവര്‍ദ്ധനായാണു മറുമരുന്നെന്നു വരികയാണെങ്കില്‍, ജനം ഒരു രണ്ടാം നിസ്സഹകരണ പ്രസ്ഥാനത്തിലേക്ക് പോകേണ്ടിവരും. പക്ഷെ, അതിനും നേതൃത്വം നല്കാന്‍ ഈ രാഷ്ട്രീയചെറ്റകള്‍ കൊടിയും തൂക്കി വരും എന്ന ഗതികേടുകൂടി നമുക്കുണ്ടല്ലൊ?

2008, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

ദൈവത്തിന്റെ മതം

ഏതാണു ദൈവത്തിന്റെ മതം എന്നതു എന്നെ അലട്ടുന്ന ചോദ്യമാണ്. ഒരിക്കല്‍ ഒരു പ്രൊട്ടെസ്റ്റന്റ് ആരാധനാലയത്തിനു മുന്നില്‍ എഴുതി വെച്ചിരുന്നതു ഈ അവസരത്തില്‍ ഞാനോര്‍ക്കുന്നു. “ക്രിസ്തുവാണു ഏകരക്ഷകന്‍”. കത്തോലിക്കനായ എനിക്ക് സന്തോഷം നല്കുന്ന വാക്യം ആണെങ്കിലും ദൈവം അങ്ങിനെ ആഗ്രഹിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ട്. നന്മ ചെയ്തു കടന്നു പോകുന്ന ഒരാളെ മമോദീസ വെള്ളം തലയില്‍ വീണില്ല എന്ന കാരണം കൊണ്ട് ദൈവം രക്ഷിക്കാതിരിക്കുമോ? ബഹുദൈവങ്ങളുള്ള ഹിന്ദുമതാചാരം ഉള്‍ക്കൊള്ളാത്ത ഒരാള്‍ക്ക് മോക്ഷം ലഭിക്കാതിരിക്കുമോ? ബഹുദൈവങ്ങളെ ആരാധിക്കുന്ന ഒരാള്‍ക്ക് സുബര്‍ക്കം നിഷേധിക്കപ്പെടുമോ?

ദൈവമില്ല എന്നു വിശ്വസിക്കുന്ന ഒരാള്ക്ക് ഞാനീ പറയുന്നത് സ്വീകാര്യമാണെന്നു തോന്നുന്നില്ല. എങ്കിലും പൊതുവില്‍ എല്ലാ വിശ്വാസികളും ദൈവസന്നിധിയിലേക്കുള്ള യാത്രയിലാണു. സൃഷ്ടാവിനെ കാണുവാനുള്ള സൃഷ്ടിയുടെ ആഗ്രഹപൂര്‍തീകരണമെന്നൊ, മോക്ഷം എന്നൊ, സ്വര്ഗ്ഗരാജ്യപൌരത്വം എന്നതൊക്കെയാണു ഈ യാത്രയുടെ ലക്ഷ്യം. മരണത്തിനു ശേഷം തങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതമായി അന്തിമവിധി ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.
പ്രവൃത്തികള്‍ക്കനുസൃതമാണു അന്തിമ വിധിയെങ്കില്‍ മതാചാരങ്ങള്‍ പാലിച്ചതു കൊണ്ടുമാത്രം, അല്ലെങ്കില്‍ ഒരു മതം പറയുന്ന ദൈവത്തില്‍ വിശ്വസിച്ചതു കൊണ്ടു മാത്രമേ മോക്ഷം, രക്ഷ ഇതൊക്കെ ലഭിക്കൂ എന്നു പറയുന്നതിന്റെ അടിസ്ഥാനം എന്താണ്? ദൈവം അങ്ങിനെ നിഷ്കര്‍ഷിക്കുന്നുണ്ടോ?

എനിക്ക് തോന്നുന്നത് ദൈവത്തിന്റെ മതം “മനുഷ്യന്‍” ആണെന്നതാണു. അന്തിമവിധിയില്‍ “നീ ഏതു മതക്കാരാണെന്നു എന്നൊ മതത്തിനു വേണ്ടി എന്തു ചെയ്തു എന്നൊ” എന്നീ ചോദ്യങ്ങള്‍ ഉണ്ടാകുമെന്നു ക്രിസ്ത്യന്‍ പഠനങ്ങളില്‍ ഇല്ല. “അടുത്തു നില്‍ക്കുന്ന മനുഷ്യനു നീ എന്തു ചെയ്തു” എന്നതു മാത്രമായിരിക്കും ഓരോ ക്രിസ്ത്യാനിയും നേരിടേണ്ടി വരുന്ന ചോദ്യം. കാരണം ദൈവത്തിനു മനുഷ്യന്‍ എന്ന മതത്തേക്കുറിച്ചു മാത്രമേ അറിവു കാണു. അതിനാല്‍ അദ്ദെഹം “ഹേയ് ക്രിസ്ത്യാനി”, “ഹെയ് സിഖ്”, “ഹെയ് ഹിന്ദു” എന്നു വിളിക്കുമെന്നു ഞാന്‍ കരുതുന്നില്ല. മറ്റു മതങ്ങളിലും തതുല്യമായ ആശയങ്ങളാണു ഉള്ളത് എന്നാണു ഞാന്‍ കരുതുന്നതു.

അന്തിമവിധിനാളില്‍ ദൈവം എന്നെ “മനുഷ്യാ” എന്നു വിളിക്കും എന്നാണു എന്റെ വിശ്വാസം.

2008, സെപ്റ്റംബർ 27, ശനിയാഴ്‌ച

ക്രിസ്തുവും ശ്രീ കൃഷ്ണനും: ചില സാമ്യങ്ങള്‍

ക്രിസ്തുവിന്റെയും ശ്രീകൃഷ്ണനന്റെയും സാമ്യങ്ങള്‍ ഇതിനോടകം തന്നെ പലരും പഠനവിഷയമാക്കിയിട്ടുണ്ട്. ഇവയൊക്കെ ഇന്റെര്നെറ്റില്‍ ഇംഗ്ളീഷില്‍ ലഭ്യമാണു. അത്തരം പഠനങ്ങളില്‍ നിന്നും ലഭിച്ച ചില ആശയങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നതു നല്ലതായിരിക്കും എന്നു തോന്നി.

ക്രിസ്തുവും കൃഷ്ണനും ഒരാളാണെന്നും, അല്ല, ഒരേ ദേവസങ്കല്‍പ്പത്തിന്റെ വ്യത്യസ്ത അവതാരങ്ങളാണെന്നും എന്ന ചിന്തകള്‍ക്ക് അനുകൂലമായും പ്രതികൂലമായും വാദങ്ങള്‍ നിലവിലുണ്ട്. അതേ സമയം തന്നെ വിശ്വസിക്കത്തക്കവണ്ണമുള്ള സാമ്യതകള്‍ രണ്ടുപേരുടെയും പേരുകളിലും, പ്രബോധനങ്ങളിലും, ജീവിതത്തിലും കാണാം.

1. ക്രിസ്തു എന്ന വാക്ക്, അഭിഷിക്തന്‍ (the anointed) എന്നര്‍ത്ഥം വരുന്ന ക്രിസ്തോസ്(kristos) എന്ന ഗ്രീക്ക് പദത്തില്‍ നിന്നണു ഉത്ഭവിച്ചിട്ടുള്ളതാണ്. കൃഷ്ണ എന്ന പദത്തിന്‍ തതുല്യമായ ഗ്രീക്ക് പദവും ക്രിസ്തോസ് എന്നതാണ്. കൂടാതെ, പശ്ചിമബ്‌ഗാളിലെ ഹിന്ദുക്കളുടെ ഇടയില്‍ കൃഷ്ണനെ ക്രിസ്തൊ (Kristo)എന്നു വിളിക്കുന്ന രീതിയും നിലവിലുണ്ട്. ഈ പദം ക്രിസ്തു എന്ന പേരിന്റെ സ്പാനിഷ് രൂപമായ ക്രിസ്തൊ(Cristo) എന്ന പദവുമായി സദൃശ്യമുള്ളതാണ്.

2. ഭാരതീയ ഹിന്ദു മതത്തില്‍ ഇങ്ങനെ ഒരു വിശ്വാസം കൂടിയുണ്ട്. അതായത്, യേശുക്രിസ്തുവിന്റേത്, ധര്‍മ്മ പുനഃസ്ഥാപനത്തിനായുള്ള, വിഷ്ണുവിന്റെ മറ്റൊരവതാരം തന്നെയാണെന്നും ആയതിനാല്‍ ക്രിസ്തുവും കൃഷ്ണനും പരസ്പരപൂരകങ്ങളാണെന്നും.

3. രണ്ടുപേരുടെയും അവതാരലക്ഷ്യങ്ങള്‍ ഒന്നു തന്നെയായിരുന്നു - മനുഷ്യകുലത്തിന്റെ രക്ഷ.

4. രണ്ടുപേരും ദൈവത്തിന്റെ മാനവരൂപത്തിലുള്ള അവതാരമായിരുന്നു. രണ്ടവതാരങ്ങളും മനുഷ്യകുലത്തിന്റെ സന്നിഗ്ധഘട്ടത്തില്‍ ആയിരുന്നു.

5. രണ്ടുപേരും ഗര്‍ഭസ്ഥരായതു ദൈവീകമായ അരൂപിയുടെ പ്രവര്‍ത്തനത്താലാണു.

6. രണ്ടുപേരുടെയും ജനനം നേരത്തെ പ്രതീക്ഷിക്കപ്പെടുകയും, സ്വര്‍ഗ്ഗീയ അശരീരിയാല്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു.

7. രണ്ടും പേരുടെയും ജനനം അസ്വാഭാവികമായ സ്ഥലത്തു വെച്ചായിരുന്നു.ക്രിസ്തു കാലിത്തൊഴുത്തിലും, കൃഷ്ണന്‍ തടവറയിലും. രണ്ടു പേരുടെയും ജനനസമയത്തു, സഹായിക്കാന്‍ ആയമാരോ, ശുശ്രൂഷികളോ, അടുത്തില്ലായിരുന്നു.

8. രണ്ട് പേരുടെയും ജനനം രാജകോപത്തിനു (കംസന്‍, ഹെറോദേസ്) നിദാനമാകുകയും, ദൈവകൃപയാല്‍ ജീവന്‍ രക്ഷിക്കപെടുകയും ചെയ്തു.

9. രാജകോപത്തില്‍ നിന്നും രക്ഷനേടാന്‍ രണ്ടു പേരും ശൈശവത്തിലേ പലായനം ചെയ്യേണ്ടി വന്നു. കൃഷ്ണന്‍ മധുര (Madhura)യില്‍ നിന്ന് അമ്പാടിയിലേക്കും, ക്രിസ്തു മെത്തൂറ (Muturea) എന്നു വിളിക്കപ്പെട്ടിരുന്ന ഈജിപ്ഷ്യന്‍ പ്രദേശത്തേക്കും. രാജാവിന്റെ ഉത്തരവിനെക്കുറിച്ച് അറിവ് നല്കിയത് ദേവദൂതന്മാരയിരുന്നു.

10. സര്‍പ്പതാഡനവുമായി രണ്ടുപേരും ബന്ധമുള്ളവരാണ്. ഒരാള്‍ സര്പ്പത്തിന്റെ ശിരസ്സില്‍ ചവിട്ടി നൃത്തം ചെയ്തപ്പോള്‍ മറ്റെയാളുടെ മാതാവിനെ, സര്‍പ്പത്തിന്റെ തല തകര്‍ക്കുന്ന സ്ത്രീ ആയി ചിത്രീകരിച്ചിരിക്കുന്നു.

11. കൃഷ്ണന്‍ കാലിമേയ്ക്കുന്ന ഇടയനായിരുന്നു. യേശു, സ്വയം ഇടയന്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. ക്രിസ്തീയ വിശ്വാസത്തില്‍ ഇടയന്‍ എന്ന concept-ന്‍ വളരെ അധികം പ്രാധാന്യമുണ്ട്.

12. തങ്ങളുടെ കുലമഹിമയെക്കുറിച്ച് അഹങ്കരിക്കുന്ന തങ്ങളുടെ ജനതയെ (യാദവകുലം, ഇസ്രയേല്‍ ഗോത്രം) ഓര്‍ത്ത് രണ്ടുപേരും ദുഃഖിതരായിരുന്നു.

13. രണ്ടുപേരും വിജാതീയ സ്ത്രീകളെ കിണറ്റിന്‍കരയില്‍ വെച്ച് കണ്ടുമുട്ടിയിട്ടുണ്ട്.

14. രണ്ടുപേരുടെയും മരണം ഭൂമിയില്‍ സ്പര്‍ശിക്കാതെ ആയിരുന്നു. കൃഷ്ണന്‍ ഒരു മരത്തില്‍ വെച്ചും യേശുകുരിശുമരത്തില്‍ വെച്ചും. രണ്ട് പേരുടെ ശരീരത്തിലും മൂര്‍ച്ചയുള്ള ആയുധം കൊണ്ടു മുറിവേറ്റിരുന്നു. (ശരം, ആണി)

15. രണ്ടുപേരും തങ്ങളുടെ മരണത്തിനു കാരണക്കാരയവര്‍ക്ക് മരിക്കും മുമ്പ് മാപ്പ് നല്കിയിരുന്നു.

16. രണ്ടുപേരും മരണത്തില്‍ നിന്നു ഉയര്‍ത്തെഴുന്നേല്ക്കുകയും സ്വര്‍ഗ്ഗാരോഹണം ചെയ്യുകയും ചെയ്തു.
രണ്ടുപേരും ത്രീത്വത്തിലെ രണ്ടാമത്തെ ആള്‍ ആണ്. (ബ്രഹ്മ, വിഷ്ണു (കൃഷ്ണന്‍), ശിവ- പിതാവ്, പുത്രന്‍(ക്രിസ്തു), പ.ആത്മാവ്.)

2008, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

വെള്ളക്കരം ഉയര്‍ത്തുന്ന ചിന്തകള്‍

ഒക്ടോ. 1, 2008 മുതല്‍ സംസ്ഥാനത്ത് വെള്ളക്കരം 90% വര്‍ദ്ധനയില്‍ പ്രാബല്യത്തില്‍ വരികയാണു. എന്നു വെച്ചാല്‍ നിലവില്‍ 80 രൂപ വീതം അടച്ചിരുന്ന ഉപഭോക്താക്കള്‍ ഇനി 150 രൂപാ വെച്ചടക്കണം. ഗാര്‍ഹിക ഇന്ധനം, അവശ്യവസ്തുക്കള്‍, പെട്രോള്‍, വൈദ്യുതി, ബസ് ചാര്‍ജ്ജ്, അരി ഇങ്ങനെ തൊട്ടതിനൊക്കെ പൊള്ളുന്ന വില ആയതിനാല്‍ ഈ വെള്ളക്കരത്തിലെ പൊള്ളലും മാവേലി പ്രജകള്‍ സഹിക്കാനാണു സാധ്യത.

എങ്കിലും വസ്തുതാപരമായി, ഈ വിലവര്‍ദ്ധന ജലവിതരണ ബോര്ഡിനു അനിവാര്യമായിരിക്കുന്നു. പ്രധാനമായും വൈദ്യുതി ബോര്‍ഡിനു നല്‍കാനുള്ള കുടിശ്ശിക ഒടുക്കാനെങ്കിലും. ജലവിതരണത്തിനു ഒരു വര്‍ഷം ഏകദേശം 350 കോടി രൂപയാണു ബോര്‍ഡിനു ചെലവാകുന്നതു. ബോര്‍ഡിന്റെ വരുമാനമാകട്ടെ 156 കോടി രൂപയും. 1999 നു അവസാനമായി കരം വര്‍ദ്ധിപ്പിച്ച ശേഷം പിന്നീട് രണ്ട് തവണ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ദ്ധനയക്ക് ബോര്‍ഡ് ശുപാര്‍ശ ചെയ്തെങ്കിലും പ്രാബല്യത്തില്‍ വന്നിരുന്നില്ല.

വൈദ്യുതി കുടിശ്ശിക ഉയര്‍ന്നു വരികയും ചാര്‍ജ്ജ് വര്ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍, ബോര്‍ഡ് കരം ഉയര്‍ത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഇതു വഴി ബോര്‍ഡ് പ്രതീക്ഷിക്കുന്നതും പ്രാബല്യത്തില്‍ വരുത്താനുദെശിക്കുന്നതുമായ ചില കാര്യങ്ങള്‍ ഒന്നു വിശകലനം ചെയ്യണമെന്നു തോന്നി.

1. ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നതിലൂടെ, ബോര്‍ഡ് പ്രതീക്ഷിക്കുന്ന അധിക വരുമാനം 140 കോടി രൂപയാണ്. ഇതു ഒരു പരിധി വരെയുള്ള നഷ്ടമേ നികത്തൂ.

2. മുഖ്യമന്ത്രിയുടെ ഔദ്യൊഗിക വസതിയായ ക്ളിഫ് ഹൌസടക്കം ജലബോര്ഡിനു നല്‍കാനുള്ള കുടിശിക 165 കോടി രൂപയാണു. ഇതില്‍ സിംഹഭാഗവും തന്നു തീര്‍ക്കാനുള്ളതു സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. ഇതു പിരിച്ചെടുത്താല്‍ ബോര്ഡിന്റെ ബാധ്യതകള്ക്ക് താല്‍ക്കാലിക പരിഹാരം കാണുവാന്‍ കഴിയും. പക്ഷെ നടപടികള്‍ ഒന്നും എടുത്തു കാണുന്നില്ല.

3. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കുടിശ്ശിക എഴുതിത്തള്ളും എന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതില്‍ വലിയ ത്യാഗമുള്ളതായി തോന്നിയില്ല. കാരണം ആകെ ഉപ്ഭോക്താക്കളില്‍ 7% മാത്രമാണു ഈ ഗണത്തില്‍ വരുന്നതു.

4. 10000 മി.ലി താഴെ ഉപയോഗിക്കുന്ന ബി.പി.എല്‍-കാര്‍ കരമടക്കേണ്ടാ എന്നു പറയുമ്പൊള്‍ എത്ര എ.പി.എല്‍-കാര്‍ക്ക് 10000 മി.ലി. വെള്ളം കിട്ടുന്നു എന്നു കൂടി ചിന്തിക്കേണ്ടതാണു. കുറഞ്ഞ പക്ഷം എറണാകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കള്‍ 1000 മി.ലി. തികച്ചു കണ്ടിട്ടു കാലങ്ങളായി. കരം കൂട്ടുമ്പോള്‍ സേവന നിലവാരം കൂടി ഉയര്‍ത്തുന്ന കാര്യം പരിഗണനയില്‍ വരണമെന്നാണു എന്റെ എളിയ പക്ഷം

വാല്‍ക്കഷണം : യുഡിഎഫ് കാലത്തു കരം വര്‍ധിപ്പിച്ചിരുന്നെങ്കില്‍ ഒരു പൊതുപണിമുടക്കോ, ഹര്‍ത്താലോ വീണുകിട്ടിയേനെ…

വെള്ളക്കരം ഉയര്‍ത്തുന്ന ചിന്തകള്‍

ഒക്ടോ. 1, 2008 മുതല്‍ സംസ്ഥാനത്ത് വെള്ളക്കരം 90% വര്‍ദ്ധനയില്‍ പ്രാബല്യത്തില്‍ വരികയാണു. എന്നു വെച്ചാല്‍ നിലവില്‍ 80 രൂപ വീതം അടച്ചിരുന്ന ഉപഭോക്താക്കള്‍ ഇനി 150 രൂപാ വെച്ചടക്കണം. ഗാര്‍ഹിക ഇന്ധനം, അവശ്യവസ്തുക്കള്‍, പെട്രോള്‍, വൈദ്യുതി, ബസ് ചാര്‍ജ്ജ്, അരി ഇങ്ങനെ തൊട്ടതിനൊക്കെ പൊള്ളുന്ന വില ആയതിനാല്‍ ഈ വെള്ളക്കരത്തിലെ പൊള്ളലും മാവേലി പ്രജകള്‍ സഹിക്കാനാണു സാധ്യത.
എങ്കിലും വസ്തുതാപരമായി, ഈ വിലവര്‍ദ്ധന ജലവിതരണ ബോര്ഡിനു അനിവാര്യമായിരിക്കുന്നു. പ്രധാനമായും വൈദ്യുതി ബോര്‍ഡിനു നല്‍കാനുള്ള കുടിശ്ശിക ഒടുക്കാനെങ്കിലും. ജലവിതരണത്തിനു ഒരു വര്‍ഷം ഏകദേശം 350 കോടി രൂപയാണു ബോര്‍ഡിനു ചെലവാകുന്നതു. ബോര്‍ഡിന്റെ വരുമാനമാകട്ടെ 156 കോടി രൂപയും. 1999 നു അവസാനമായി കരം വര്‍ദ്ധിപ്പിച്ച ശേഷം പിന്നീട് രണ്ട് തവണ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ദ്ധനയക്ക് ബോര്‍ഡ് ശുപാര്‍ശ ചെയ്തെങ്കിലും പ്രാബല്യത്തില്‍ വന്നിരുന്നില്ല.
വൈദ്യുതി കുടിശ്ശിക ഉയര്‍ന്നു വരികയും ചാര്‍ജ്ജ് വര്ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍, ബോര്‍ഡ് കരം ഉയര്‍ത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഇതു വഴി ബോര്‍ഡ് പ്രതീക്ഷിക്കുന്നതും പ്രാബല്യത്തില്‍ വരുത്താനുദെശിക്കുന്നതുമായ ചില കാര്യങ്ങള്‍ ഒന്നു വിശകലനം ചെയ്യണമെന്നു തോന്നി.
1. ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നതിലൂടെ, ബോര്‍ഡ് പ്രതീക്ഷിക്കുന്ന അധിക വരുമാനം 140 കോടി രൂപയാണ്. ഇതു ഒരു പരിധി വരെയുള്ള നഷ്ടമേ നികത്തൂ.
2. മുഖ്യമന്ത്രിയുടെ ഔദ്യൊഗിക വസതിയായ ക്ളിഫ് ഹൌസടക്കം ജലബോര്ഡിനു നല്‍കാനുള്ള കുടിശിക 165 കോടി രൂപയാണു. ഇതില്‍ സിംഹഭാഗവും തന്നു തീര്‍ക്കാനുള്ളതു സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. ഇതു പിരിച്ചെടുത്താല്‍ ബോര്ഡിന്റെ ബാധ്യതകള്ക്ക് താല്‍ക്കാലിക പരിഹാരം കാണുവാന്‍ കഴിയും. പക്ഷെ നടപടികള്‍ ഒന്നും എടുത്തു കാണുന്നില്ല.
3. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കുടിശ്ശിക എഴുതിത്തള്ളും എന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതില്‍ വലിയ ത്യാഗമുള്ളതായി തോന്നിയില്ല. കാരണം ആകെ ഉപ്ഭോക്താക്കളില്‍ 7% മാത്രമാണു ഈ ഗണത്തില്‍ വരുന്നതു.
4. 10000 മി.ലി താഴെ ഉപയോഗിക്കുന്ന ബി.പി.എല്‍-കാര്‍ കരമടക്കേണ്ടാ എന്നു പറയുമ്പൊള്‍ എത്ര എ.പി.എല്‍-കാര്‍ക്ക് 10000 മി.ലി. വെള്ളം കിട്ടുന്നു എന്നു കൂടി ചിന്തിക്കേണ്ടതാണു. കുറഞ്ഞ പക്ഷം എറണാകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കള്‍ 1000 മി.ലി. തികച്ചു കണ്ടിട്ടു കാലങ്ങളായി. കരം കൂട്ടുമ്പോള്‍ സേവന നിലവാരം കൂടി ഉയര്‍ത്തുന്ന കാര്യം പരിഗണനയില്‍ വരണമെന്നാണു എന്റെ എളിയ പക്ഷം
വാല്‍ക്കഷണം : യുഡിഎഫ് കാലത്തു കരം വര്‍ധിപ്പിച്ചിരുന്നെങ്കില്‍ ഒരു പൊതുപണിമുടക്കോ, ഹര്‍ത്താലോ വീണുകിട്ടിയേനെ…

2008, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

ഇനി യാഹൂ ചാറ്റ് ബോക്സ് ബ്ളോഗുകളിലും…

മീബോയുടെ ചുവട് പിടിച്ച് എന്നു വേണം പറയാന്‍. കാരണം മീബോ അല്ലാതെ മറ്റ് ഇന്റെര്നെറ്റ് മെസ്സെഞ്ജര്‍ ദാതാക്കള്‍ ഇതിനു മുന്പ് ഇത്തരം സേവനം നല്‍കിയാതായി അറിവില്ല. യാഹൂ ചാറ്റ് ഐഡി ഉള്ളവര്‍ക്ക് ഇനി തന്റെ ബ്ലോഗ് സന്ദര്‍ശിക്കുന്നവരുമായി തത്സമയം ചാറ്റ് ചെയ്യാനും സന്ദര്‍ശകര്ക്ക് ബ്ളോഗറുമായി ചാറ്റ് ചെയ്യാനുമുള്ള അവസരം ഈ പിങ് ബോക്സ് ഒരുക്കുന്നു. സന്ദര്‍ശകന്‍/വായനക്കാരന്‍ യാഹൂവില്‍ ലൊഗിന്‍ ചെയ്യേണ്ട ആവശ്യവുമില്ല.
Pingbox™ Widgetതീര്‍ത്തും സ്വകാര്യത ഉള്ള ഈ സംവിധാനം വളരെ എളുപ്പത്തില്‍ ബ്ളോഗുകളിലോ, വെബ്സൈറ്റുകളിലോ ഇടാവുന്നതാണു. മാക്, വിസ്റ്റാ, വെബ് തുടങ്ങിയ യാഹൂ മെസ്സെഞ്ജര്‍ പതിപ്പുകളില്‍ ഈ സൌകര്യം ലഭ്യമാണെങ്കിലും യാഹൂ മെസ്സെഞ്ജര്‍ 9.0-ല്‍ ആണു ഏറ്റവും മികചച അനുഭവം ലഭിക്കുന്നതു.

എങ്ങനെ പിങ് ബോക്സ് നിര്‍മിക്കാം?

എങ്ങനെ പിങ് ബോക്സ് നിര്‍മിക്കാം?

1. ആദ്യമായി ഇവിടെനിന്നും ഇഷ്ടമുള്ള ഡിസൈന്‍, നിറം, ഫോണ്ട് എന്നിവ തിരഞ്ഞെടുക്കുക.
2. അഭിവാദനം കൊടുക്കുക (ഉദാ: ഹലോ, പ്രിയ സുഹൃത്തെ, എന്നോട് സംസാരിക്കൂ)
3. പ്രദര്‍ശന നാമം (display name) കൊടുക്കുക.
4. സേവ് ചെയ്യുമ്പോള്‍ പിങ് ബോക്സിനു പേരു കൊടുക്കുക.വിവ്ധ ബ്ലോഗ്/സൈറ്റുകള്ക്കായി ഒന്നില്‍ കൂടുതല്‍ പിങ് ബോക്സുകള്‍ ഉണ്ടാക്കാവുന്നതാണു.
5. അടുത്ത സ്റ്റെപ്പിലേക്കു പോകുക.
6. എവിടെയാണു പിങ് ബൊക്സ് ഇടേണ്ടതെന്നു തെരഞ്ഞെടുക്കുക.
7. HTML കോപ്പി ചെയ്യുക. നിര്‍ദ്ദേശപ്രകാരം അതു സൈറ്റില്‍ പേസ്റ്റ് ചെയ്യുക.
8. പിങ് ബോക്സ് റെഡി.

കൂടുതല്‍ സഹായത്തിനായി യാഹൂ പിങ് ബോക്സ് FAQ കാണുക. യാഹൂ മെസ്സെഞ്ജര്‍ 9.0 ഡൌണ്‍ ലോഡ് ചെയ്യൂ

2008, സെപ്റ്റംബർ 24, ബുധനാഴ്‌ച

ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ വീണ്ടുവിചാരം

വീണ്ടുവിചാരം, വെളിപാട്, തിരിച്ചരിവ് അല്ലെങ്കില്‍ ബോധോദയം ഇതൊക്കെ മഹാന്മാര്‍ക്ക് ഉണ്ടാകുന്ന ചില പ്രതിഭാസങ്ങളാണു. ശ്രീ ബുധ്ദന്‍, സെയിന്റ് പോള്‍, അശോക ചക്രവര്‍ത്തി അങ്ങിനെ പലര്‍ക്കും ഇത്തരം വെളിപാടുകള്‍ ഉണ്ടായതായി അറിവുണ്ട്. അക്കൂട്ടരിലേക്ക് പരിഗണിക്കപെടാവുന്ന ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ നമുക്കുണ്ടായിരിക്കുന്നു. സുകൃതമലയാളികളേ, ലാല്‍സലാം.

സഖാവ് ബേബി അവര്‍കള്‍ക്കുണ്ടായ വീണ്ടു വിചാരമാണു പ്രതിപാദ്യം. വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളില്‍ വരുന്നതു, പഠിക്കാനാണു, സമരം ചെയ്യാനല്ല, എന്നു ഈ വിദ്വാന്‍ കണ്ടെത്തിയിരിക്കുന്നു. ചില മുന്‍കാല പരിഷകള്‍ ഇതു ആവര്ത്തിച്ചു പറഞ്ഞു നടന്നു പല്ലും നഖവും കൊഴിഞ്ഞ കഥകള്‍ നമ്മുക്ക് സൌകര്യാര്‍ത്ഥം മറക്കാം. വെളിപാടുകാരന്റെ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്‍ത്തനകാലം ജീവചരിത്രത്തില്‍ പൂപ്പലു പിടിക്കാതെ കിടപ്പുണ്ടല്ലോ. അന്നു കുരച്ചു കൊണ്ടിരുന്ന രക്തപ്പട്ടികള്‍ക്കെന്തു സംഭവിച്ചൊ ആവോ? എന്തൊക്കെയായാലും ഇതിനെയൊക്കെയാണു മോനെ ഒരു വെളിപാട് എന്നു വിളിക്കവുന്നതു. അല്പം വൈകിയാലും വരാനുള്ള ബുധ്ദി വഴിയില്‍ തങ്ങിയില്ലല്ല്ലൊ?

ഇതൊക്കെ കേട്ട ചില ദോഷൈകദൃക്കുകള്‍ പറഞ്ഞു നടക്കുന്നു, “വലതന്‍മാര്‍ ഭരണത്തില്‍ വരുമ്പോ, ഈ സഖാവു തന്നെ കുട്ടി സഖാക്കന്മാരെക്കൊണ്ട് ചുടുചോര്‍ വാരിക്കുമെന്നു”. കാക്ക കുളിചാല്‍…പട്ടിയുടെ വാല്…എന്നൊക്കെ അത്തരം മൂരാച്ചികള്‍ പരദൂഷണം പറയുന്നു.

കടല്‍ രണ്ടായി പിളര്‍ത്താനും ഇടിനാദം മുഴക്കാനും ഇറങ്ങിത്തിരിക്കുന്ന വിദ്യാര്‍ത്ഥി സഖാക്കന്മാര്‍ ഇതൊക്കെ തള്ളുമോ അതൊ കൊള്ളുമോ? സമരം നടത്തുന്നതു നിര്‍ബന്ധമാണെങ്കില്‍ അതു പഠനസമയം കഴിഞ്ഞു മതിയെന്ന ബേബി ചിന്ത സുന്ദരമാണെന്നു അംഗീകരിച്ചു കൊണ്ടു തന്നെ, ഇതിനൊരു ചരമഗീതം എഴുതുന്നു. വേണമെങ്കില്‍ ബൂര്‍ഷ്വാഗാനം എന്നു വിളിച്ചോളൂ…

“കാരസ്കരത്തിന്‍ കരു പാലിലിട്ടാല്‍
കാലാന്തരേ കയ്പ് ശമിപ്പതുണ്ടൊ?”

ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ വീണ്ടുവിചാരം

വീണ്ടുവിചാരം, വെളിപാട്, തിരിച്ചരിവ് അല്ലെങ്കില്‍ ബോധോദയം ഇതൊക്കെ മഹാന്മാര്‍ക്ക് ഉണ്ടാകുന്ന ചില പ്രതിഭാസങ്ങളാണു. ശ്രീ ബുധ്ദന്‍, സെയിന്റ് പോള്‍, അശോക ചക്രവര്‍ത്തി അങ്ങിനെ പലര്‍ക്കും ഇത്തരം വെളിപാടുകള്‍ ഉണ്ടായതായി അറിവുണ്ട്. അക്കൂട്ടരിലേക്ക് പരിഗണിക്കപെടാവുന്ന ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ നമുക്കുണ്ടായിരിക്കുന്നു. സുകൃതമലയാളികളേ, ലാല്‍സലാം.

സഖാവ് ബേബി അവര്‍കള്‍ക്കുണ്ടായ വീണ്ടു വിചാരമാണു പ്രതിപാദ്യം. വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളില്‍ വരുന്നതു, പഠിക്കാനാണു, സമരം ചെയ്യാനല്ല, എന്നു ഈ വിദ്വാന്‍ കണ്ടെത്തിയിരിക്കുന്നു. ചില മുന്‍കാല പരിഷകള്‍ ഇതു ആവര്ത്തിച്ചു പറഞ്ഞു നടന്നു പല്ലും നഖവും കൊഴിഞ്ഞ കഥകള്‍ നമ്മുക്ക് സൌകര്യാര്‍ത്ഥം മറക്കാം. വെളിപാടുകാരന്റെ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്‍ത്തനകാലം ജീവചരിത്രത്തില്‍ പൂപ്പലു പിടിക്കാതെ കിടപ്പുണ്ടല്ലോ. അന്നു കുരച്ചു കൊണ്ടിരുന്ന രക്തപ്പട്ടികള്‍ക്കെന്തു സംഭവിച്ചൊ ആവോ? എന്തൊക്കെയായാലും ഇതിനെയൊക്കെയാണു മോനെ ഒരു വെളിപാട് എന്നു വിളിക്കവുന്നതു. അല്പം വൈകിയാലും വരാനുള്ള ബുധ്ദി വഴിയില്‍ തങ്ങിയില്ലല്ല്ലൊ?

ഇതൊക്കെ കേട്ട ചില ദോഷൈകദൃക്കുകള്‍ പറഞ്ഞു നടക്കുന്നു, “വലതന്‍മാര്‍ ഭരണത്തില്‍ വരുമ്പോ, ഈ സഖാവു തന്നെ കുട്ടി സഖാക്കന്മാരെക്കൊണ്ട് ചുടുചോര്‍ വാരിക്കുമെന്നു”. കാക്ക കുളിചാല്‍…പട്ടിയുടെ വാല്…എന്നൊക്കെ അത്തരം മൂരാച്ചികള്‍ പരദൂഷണം പറയുന്നു.

കടല്‍ രണ്ടായി പിളര്‍ത്താനും ഇടിനാദം മുഴക്കാനും ഇറങ്ങിത്തിരിക്കുന്ന വിദ്യാര്‍ത്ഥി സഖാക്കന്മാര്‍ ഇതൊക്കെ തള്ളുമോ അതൊ കൊള്ളുമോ? സമരം നടത്തുന്നതു നിര്‍ബന്ധമാണെങ്കില്‍ അതു പഠനസമയം കഴിഞ്ഞു മതിയെന്ന ബേബി ചിന്ത സുന്ദരമാണെന്നു അംഗീകരിച്ചു കൊണ്ടു തന്നെ, ഇതിനൊരു ചരമഗീതം എഴുതുന്നു. വേണമെങ്കില്‍ ബൂര്‍ഷ്വാഗാനം എന്നു വിളിച്ചോളൂ…

“കാരസ്കരത്തിന്‍ കരു പാലിലിട്ടാല്‍
കാലാന്തരേ കയ്പ് ശമിപ്പതുണ്ടൊ?”

2008, സെപ്റ്റംബർ 21, ഞായറാഴ്‌ച

പുകവലിക്കാത്തവരുടെ ശ്രദ്ധയ്ക്ക്…

പുകവലിക്കില്ല എന്നതു കൊണ്ടു, പുകയിലയില്‍ നിന്നും അതിന്റെ പാര്‍ശ്വഫലങ്ങളില്‍ നിന്നും രക്ഷപെട്ടിരിക്കുകയാണു എന്നു കരുതല്ലേ.നിങ്ങളുടെ സാന്നിധ്യത്തില്‍ നിങ്ങളുടെ ബന്ധുക്കളോ സ്ഥിരമായി പുകവലിക്കാറുണ്ടൊ? എങ്കില്‍ നിങ്ങളും പുകയിലയുടെ വേട്ട മൃഗമാണു. ആരോഗ്യശാസ്ത്രം ഇതിനെ പരോക്ഷ ധൂമപാനം (Passive Smoking) എന്നു വിളിക്കുന്നു. മനപ്പൂര്‍വമല്ലാത്ത ഈ പുകവലിയെ പരിസര പുകവലിപ്പുക (Environmental Tobacco Smoke - ETS) എന്നും SecondHand Smoke (SHS) എന്നും വിളിക്കാറുണ്ട്.
എന്തൊക്കെയായാലും സംഗതി ഗുരുതരമായ അവസ്ഥയാണു. പുകവലിക്കുന്നവര്‍ക്ക് തുല്യമോ, അതിനേക്കാള്‍ കൂടുതലോ ആയി പരോക്ഷധൂമപാനം പുകവലിക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട് എന്നു പഠനങ്ങള്‍ തെളിയിക്കുന്നു. പരോക്ഷ പുകവലിക്കാര്‍ക്ക്, പുകയില കേതുവായ, രോഗങ്ങളും വൈകല്യങ്ങളും, മൃത്യുവും സംഭവിക്കുന്നതായി, ഈ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രധാനമായും ഇതു കുട്ടികളെയാണു ബാധിക്കുന്നതു. 1980 മുതലിങ്ങോട്ടുള്ള നിരീക്ഷണങ്ങളില്‍ പുകവലിക്കുന്ന അച്ഛനമ്മമാരുള്ള മക്കള്ക്ക്, ആത്സ്മ, അതുമായി ബന്ധപ്പെട്ടിട്ടുള്ള അസുഖങ്ങള്‍ എന്നിവ പുകവലിക്കത്തവരുടെ മക്കളേക്കാള്‍ 28% കൂടുതല്‍ ആണു എന്നു വെളിവായിട്ടുണ്ട്.ഇത്തരം കുട്ടികളുടെ ശ്വാസകോശത്തിന്റെ വികസനം സമപ്രായക്കരും തുല്യ ലിംഗത്തിലുമുള്ള കുട്ടികളുടേതിനേക്കാള്‍ മന്ദഗതിയിലായിരിക്കും. മാത്രമല്ല, ഇവരില്‍ ഭാരക്കുറവ്, ശ്വാസകോശരോഗങ്ങല്‍, ചുമ, കേഴ്വിക്കുറവ്, തുമ്മല്‍, മൂക്കൊലിപ്പ്, കണ്ണുകളില്‍ പുകച്ചില്‍, ശ്വാസം മുട്ടല്‍, കുറുങ്ങല്‍, കഫക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ താരതമ്യേന കൂടുതല്‍ ആയിരിക്കും. കൂടാതെ, പുകവലിക്കുന്നവരുടെ മക്കള്‍ പുകവലിക്ക് അടിമയായി തീരുന്ന പരവണത പുകവലിക്കാത്തവരുടെ മക്കളേക്കാള്‍ 68% കൂടുതല്‍ ആണു.
പുകവലിക്കുന്നവരുടെ പുകവലിക്കാത്ത പങ്കാളികളില്‍ പക്ഷാഘാത(stroke)ത്തിനുള്ള സാധ്യത വളരെക്കൂടുതലാണെന്നതാണ്‌ പുതിയ പഠനഫലം. അതായത്‌ സ്‌ത്രീകളാണ്‌ ഈ ആരോഗ്യപ്രശ്‌നത്തിന്‌ അടുത്ത ഇരകളാകുന്നതെന്ന്‌ ചുരുക്കം. ഹാര്‍വാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയിലെ ഒരു ഗവേഷകസംഘമാണ്‌ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌. 16,000ത്തില്‍പ്പരം ആളുകളുടെ ആരോഗ്യ റിപ്പോര്‍ട്ടുകള്‍ പഠനവിധേയമാക്കിയാണ്‌ ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്‌. പുകവലിക്കുന്നവരില്‍ പക്ഷാഘാതം വളരെ സാധാരണമായി കാണപ്പെടുന്ന ഒരു പ്രശ്‌നമാണ്‌. പുകവലിക്കാത്തവരില്‍ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത 42ശതമാനവും, പുകവലിക്കാരായ പങ്കാളികള്‍ക്കൊപ്പം ജീവിക്കുന്നവരില്‍ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത 72 ശതമാനവുമാണ്. ജീവിതത്തില്‍ ഒരിക്കല്‍പോലും പുകവലിക്കാത്ത, പുകവലിക്കാരന്റെ (ക്കാരിയുടെ) പങ്കാളിക്കു, ശ്വാസകോശാര്‍ബുധം വരാനുള്ള മാരകമായ സാധ്യത 20-30 %-ും, സ്തനാര്‍ബുധസാധത 70 %വും ആണു. 16-17 % വരെ ഉള്ള ശ്വാസകോശാര്‍ബുധങ്ങള്‍ സഹപ്രവര്ത്തകന്റെയോ സുഹൃത്തുക്കളുടേയോ, പുകവലിയില്‍ നിന്നും നിദാനമായതാണു.
പരോക്ഷ ധൂമപാനത്തിന്റെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍
രക്തചംക്രമണ വ്യവസ്ത: ഹൃദ്രോഗം, ഹൃദയാഘാതം, രക്തസമ്മര്‍ദ്ദം, ഹൃദമമിടിപ്പ് കുറയുക എന്നിവയ്ക്ക് കാരണമാകുന്നു.
ശ്വസന പ്രക്രിയ: ആത്സ്മ, ശ്വാസകോശത്തിന്റെ വളര്‍ച്ച മുരടിപ്പ്, അര്‍ബുദം എന്നിവ ഉളവാക്കുന്നു.
ഗര്‍ഭിണികള്‍: അകാല പ്രസവം
പൊതുവായി: ആസ്ത്മ, അലര്ജി, എന്നിവ ഗുരുതരമായ അവസ്ഥയില്‍ എത്തുന്നു.
കുട്ടികളില്‍:
ശിശുമരണം (sudden infant death syndrome (SIDS))
ആത്സ്മയുടെ ആരംഭം
ന്യുമോണിയ, ശ്വാസകോശാനുബാധ, ബ്രോങ്കെറ്റിസ്, ബാലക്ഷയം എന്നിവ പിടിപെടാനുള്ള ഉയര്‍ന്ന സാധ്യത
പഠന വൈകല്യങ്ങള്‍, വളര്‍ച്ചാ മുരടിപ്പ്
വിചിത്രമായ ഒരു സത്യം, പുകവലിക്കുന്നവരുടെ ശരീരത്തില്‍ 16% മാത്രം നിക്കോട്ടിനും കാര്‍ബണ്‍ മോണോക്സൈഡും കടന്നു ചെല്ലുമ്പൊള്‍ അടുത്തു നില്‍ക്കുന്ന പുകവലിക്കാത്തയാളുടെ ശരീരത്തില്‍ 40% ത്തോളം ആഗീരണം ചെയ്യപ്പെടുന്നു എന്നതാണു. പരോക്ഷധൂമപാനം മൂലം ഒരു വര്‍ഷം 56,000 പേര്‍ അമ്മേരിക്കയില്‍ മരിക്കുന്നു.
അതു കൊണ്ട്,
പുകവലിക്കുന്നവര്‍ ദയവായി, പൊതുസ്ഥലങ്ങളില്‍ നിന്നു പുകവലിക്കുന്നതു ഒഴിവാക്കുക.
പുകവലിക്കാത്തവര്‍ ഇത്തരം പ്രവണതകളെ, സധൈര്യം നിരുത്സാഹപ്പെറ്റുത്തുക.
വീടിനകത്തൊ, ഓഫീസിനകത്തോ പുകവലിക്കാതിരിക്കുക.
കുട്ടികള്‍ അടുത്തുള്ളപ്പോള്‍ പുകവലിക്കാതിരിക്കുക.
പുകവലിക്കുന്നവര്‍ ദയവായി, പുകവലിക്കാത്തവരെ ബുദ്ധിമുട്ടിക്കാതിരിക്കുക.
എന്തൊക്കെ സംഭവിചചലും ഞാന്‍ വലിക്കും എന്നു വിചാരിക്കുന്നവരെ, സൌകര്യപൂര്‍വ്വം ഒഴിവാക്കുക.

2008, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

ലാസറിന്റെ രണ്ടാം മരണം

ലാസര്‍ മരിച്ച വിവരം രണ്ടു ദിവസം കഴിഞ്ഞാണു, യേശു അറിഞ്ഞത്. പരേതനെ മനസ്സിലായോ? പണ്ടു, കര്‍ത്താവീശോമിശിഹാ ഉയര്‍പ്പിച്ചു വിട്ട കക്ഷി തന്നെയാണു, വീണ്ടും കാലം ചെയ്തിരിക്കുന്നതു. സെമിത്തേരിയില്‍ ചെന്നു കുഴിമാടത്തില്‍ ഒരു പെട്ടി തിരി കത്തിച്ചേക്കാം എന്നു വിചാരിച്ചാല്‍ ഇന്നു ഹര്ത്താലായിട്ടു ഒരു മുറുക്കാന്‍ കടപോലും തുറക്കില്ല എന്ന കാര്യം യേശു ഓര്‍ത്തതു.
പത്രോസിനോടു വിളിച്ചു പറഞ്ഞാല്‍ സംഗതി ശരിയാക്കാവുന്നതേയുള്ളൂ. ഗുരു പറഞ്ഞാല്‍ കട കുത്തി തുറന്നായാലും പഹയന്‍ തിരി കൊണ്ടു വന്നു കളയും. എന്നാലും അതു ശരിയല്ലല്ലൊ…പവര്‍ക്കട്ടു വരുമ്പോള്‍ കത്തിക്കാനയി വെച്ചിരുന്ന ഒരു കക്ഷണം തിരി തപ്പി പിടിച്ചു യേശു സിമിത്തേരിയിലേക്ക് വെച്ചടിച്ചു.
സെമിത്തേരിയിലെത്താന്‍ ഒരു പത്തിരുപത് മീറ്റര്‍ ബാക്കി നില്ക്കെ, മാര്‍ത്തായും മേരിയും (പരേതന്റെ സഹോദരിമാര്‍) സെമിത്തേരിയില്‍ നിന്നും പുറത്തേക്ക് വരുന്നത് യേശു കണ്ടു. യേശുവിനെ കണ്ട പാടെ, മാറത്തലച്ചു കരഞ്ഞു കൊണ്ട് മാര്‍ത്താ ഓടിയെത്തി. പഴയ ഡയലോഗ് ഒന്നു കൂടി കാച്ചി.
“ഗുരോ അങ്ങിവിടെ ഉണ്ടായിരുന്നെങ്കില്‍ അവനിതു സംഭവിക്കില്ലായിരുന്നു.”
“ഏതാണവന്റെ കുഴിമാടം.” യേശു ചോദിച്ചു.
മാര്‍ത്താ ലാസറിന്റെ കുഴിമാടം കാണിച്ചു കൊടുത്തു. ലവനെ ഇപ്പൊ ഉയര്‍പ്പിച്ചു പയറു പോലെ മുന്നില്‍ നിര്‍ത്തുന്നതു കാണാന്‍ മറ്റുള്ളവരും ചുറ്റും കൂടി നിന്നു.
ലാസറിന്റെ കുഴിമാടത്തില്‍ തിരികത്തിച്ചു വെച്ചു ഒരു ഒപ്പീസും ചൊല്ലി, യേശു തിരിച്ചു നടന്നു.
“ഗുരോ, ഇതെന്തോന്നിടപാടാണു” മാര്‍ത്താ കലിച്ചു. മേരി വിങ്ങിപ്പൊട്ടി. മറ്റുള്ളവര്‍ പിറുപിറുത്തു. ഇതൊന്നും മൈന്റ് ചെയ്യാതെ യേശു സെമിത്തേരിയില്‍ നിന്നും പുറത്തിറങ്ങി.
തന്നെ കുരിശില്‍ തറക്കാന്‍ മീറ്റിങ്ങ് കൂടിയവരുടെ കൂട്ടത്തില്‍ ലാസറും ഉണ്ടായിരുന്നു എന്ന കാര്യം ആരൊ അവനു ചോര്‍ത്തികൊടുത്തിരുന്നു. ശുഭം.

2008, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

മമ്മികളുടെ ശാപകഥകള്‍

ഫറവോ ശവകുടീരങ്ങ(മമ്മി)ളുടെ ശാപവുമായി ബന്ധപ്പെട്ട യാദൃശ്ചികമെന്നോ അവിശ്വസ്സനീയമെന്നോ തോന്നുന്ന സംഭവങ്ങള്‍ ഇന്നും വാദപ്രതിവാദങ്ങള്‍ക്ക് വിഷയമാകുന്നുണ്ട്. തുത്തെന്ഖാമന്‍, ആമീന്‍ റാ, എന്നിവരുടെ മമ്മികളുമായി ബന്ധപ്പെട്ട സംഭവങ്ങളാണു അവയില്‍ പ്രധാനം.
മമ്മികളുടെ പ്രവേശന കവാടത്തില്‍ ശാപവചനങ്ങള്‍ എഴുതിവെക്കുന്ന രീതി അന്നു നിലവിലിരുന്നു. ശവശരീരങ്ങളോടൊപ്പം അടക്കം ചെയ്തിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കള്ളന്മാര്‍ അപഹരിക്കതിരിക്കാനായി സ്വീകരിച്ചു പോന്ന രീതികളില്‍ ഒന്നായിരുന്നു ശാപം. അത്തരം ശാപവാക്കുകള്‍ എഴുതിയ മമ്മികളില്‍ പ്രവേശിക്കുന്നവര്‍ മരിക്കുമെന്നൊ, മാരക വ്യാധിക്ക് അടിമപ്പെടുമെന്നൊ, എന്നൊക്കെ ആയിരിക്കും ശാപം. അത്തരം മമ്മികളുമായി ബന്ധപ്പെട്ട യാദൃശ്ചിക സംഭവങ്ങളിലൊന്നാണു ടൈറ്റാനിക് ദുരന്തം.
1500 BC -ല്‍ ജീവിച്ചിരുന്ന ആമീന്‍-റാ എന്ന രാജകുമാരിയുടെ മമ്മിയുമായിട്ടണു ടൈറ്റാനിക് ദുരന്തത്തിനു ബന്ധം. ചിത്രപണികളാലംകൃതമായ, മരം കൊണ്ടുള്ള ശവപ്പെട്ടിയില്‍, നൈല്‍ നദീതീരത്തുള്ള ലക്സോര്‍ എന്ന സ്ഥലത്താണു, അവരെ അടക്കം ചെയ്തതു. 1890 കളുടെ അവസാനത്തില്‍ എസ്കവേഷനുവേണ്ടി അവിടം സന്ദര്‍ശിച്ച നാലു ഇംഗ്ളീഷു യുവാക്കള്‍, ആമീന്‍-റായുടെ ഭൌതീക അവശിഷ്ടങ്ങള്‍ അടങ്ങിയ ഈ മമ്മി സ്വന്തമാക്കാന്‍ ക്ഷണിക്കപ്പെട്ടു. വിശിഷ്ടമായ കൊത്തുപണികളോട് കൂടിയ ഈ മമ്മി, അവരിലോരാള്‍ നറുക്കെടുപ്പിലൂടെ സ്വന്തമാക്കി, വലിയൊരു തുക വിലയായി നല്‍കുകയും ചെയ്തു. അവര്‍ അതു, തങ്ങള്‍ താമസിച്ചിരുന്ന ഹോസ്റ്റെലില്‍ എത്തിച്ചു. എന്നാല്‍ ഏതാനും മണിക്കൂറുകള്ക്ക് ശേഷം, മരുഭൂമിയിലേക്ക് പോയ അയാള്‍ , പിന്നീട് ഒരിക്കലും മടങ്ങി വന്നില്ല.
അടുത്ത ദിവസം, അവശേഷിച്ച മൂന്നുപേരില്‍ ഒരാള്‍ക്ക് അബദ്ധത്തില്‍ കയ്ക്ക് വെടിയേറ്റു. കയ്യിലെ മുറിവ് മാരമായതിനാല്‍ കൈ മുറിച്ചു കളയേണ്ടി വന്നു. മൂന്നാമത്തെയാള്‍ നാട്ടിലെത്തുമ്പോഴേക്കും അയാളുടെ സംപദ്യമെല്ലം നശിചിരുന്നു. നാലാമത്തെയാള്ക്ക്, മാരകമായ അസുഖം പിടിപെട്ടു അയാളുടെ ജോലി നഷ്ടപ്പെടുകയും, ശിഷ്ടകാലം തെരുവില്‍ തീപ്പെട്ടി വിറ്റ് കാലം കഴിക്കേണ്ടതായും വന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ആമീന്‍-റായുടെ മമ്മി ഒരുപാട് ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ സൃഷ്ടിച്ചു, ഒടുവില്‍ ഇംഗ്ളണ്ടില്‍ തന്നെ എത്തി. ഒരു ലണ്ടന്‍ ബിസിനസുകാരന്‍ അതു വാങ്ങിയിരുന്നു.
മൂന്നു മാസങ്ങള്ക്ക് ശേഷം, അയാളുടെ കുടുംബമ്തിലെ മൂന്നുപേര്‍ റോഡപകടത്തില്‍ പെട്ടു. മാതമല്ല, ഒരു തീപിടിത്തത്തില്‍ അയാളുടെ വീടിനു കാര്യമായ നാശം സംഭവിച്ചു. ഒടുവില്‍ അതു ബ്രിട്ടീഷ് മ്യൂസിയത്തിലേക്ക് സംഭാവന ചെയ്തു.
മ്യൂസിയത്തിന്റെ മുന്നില്‍ ശവപ്പെടി ഇറക്കുന്നതിനിടയില്‍, ട്രക്ക് റിവേഴ്സ് ഗിയറില്‍ വീണു വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. പിന്നീട്, മമ്മി മ്യൂസിയത്തിലേക്ക് മാറ്റുമ്പോല്‍ സ്റ്റെയറില്‍ വെച്ച് കാലിടറിവീണ്, അതു ചുമന്നു കൊണ്ടിരുന്ന രണ്ടു പേരില്‍ ഒരാളുടെ കാലൊടിഞ്ഞു. പൂര്‍ണ്ണാരോഗ്യവാനായിരുന്ന, മറ്റെയാള്‍ രണ്ട് ദിവസത്തിനു ശേഷം അവിശ്വസ്സനീയമാം വിധം മരണമടഞ്ഞു.
മ്യൂസിയത്തിലേ ഈജിപ്ഷ്യന്‍ റൂമില്‍ മമ്മി സ്ഥാപിച്ച ശേഷവും ദുരന്തങ്ങള്‍ തുടര്ന്നു. റൂമിനു രാത്രി കാവല്‍ നിന്നിരുന്നവര്‍ പെട്ടിക്കകതു നിന്നും ഭ്രാന്തമായ രോദനങ്ങളും, വിലാപങ്ങളും കേട്ടു തുടങ്ങി. ആ രാത്രി തന്നെ ആ റൂമിലുണ്ടായിരുന്ന മറ്റു പ്രദര്‍ശന വസ്തുക്കളും നിലത്തു വീണു. ഡ്യൂട്ടിയിലായിരുന്ന ഒരു വാച്മേന്‍ മരിച്ചു, മറ്റെയാള്‍ ജോലി ഉപേക്ഷിച്ച് പോയി. തൂപ്പുകാര്‍ ആ മുറി വൃത്തിയാക്കാന്‍ വിസമ്മതിച്ചു. ഇതിനെയൊക്കെ പുഛ്ചിച്ച് ഒരു പൊടിപിടിച്ച തുണികൊണ്ട് ശവപ്പെട്ടിയുടെ മുഖപ്പ് തുടച്ച ഒരു സന്ദര്‍ശകന്റെ കുട്ടി, മീസില്സ് പിടിപെട്ടു ഏതാനും ദിവസങ്ങള്കുള്ളില്‍ മരിച്ചു.
ഒടുവില്‍ അധികാരികള്‍, ഈ മമ്മിയെ മ്യൂസിയതിന്റെ ബേസ്മെന്റിലേക്ക് (കെട്ടിടത്തിന്റെ ഏറ്റവും അടിയിലെ അറകള്‍)മാറ്റാന്‍ തീരുമാനിച്ചു. അതോടെ പ്രശ്നങ്ങള്‍ തീരുമെന്നു കരുതി. എന്നാല്‍ അറയിലേക്ക് മാറ്റാന്‍ സഹയിച്ച ജോലിക്കാരന്‍ ദീനം പിടിച്ചു കിടപ്പിലായി. അതിനു നേതൃത്വം നല്കിയ സൂപ്പര്‍ വൈസര്‍ അയാളുടെ ഡെസ്കില്‍ മരിച്ചു കിടക്കുന്നതായി കാണപ്പെട്ടു.
അപ്പൊഴേക്കും മാധ്യമങ്ങള്‍ ഈ സംഭവങ്ങള്‍ അറിഞ്ഞു തുടങ്ങി. ഒരു പ്രെസ്സ് ഫോട്ടോഗ്രാഫര്‍ മമ്മിയുടെ ചിത്രമെടുത്തു. ഫോട്ടൊ ഡിവെലപ് ചെയ്തപ്പോള്‍ അതില്‍ ഒരു മനുഷ്യന്റെ ഭീകരമായ ചിത്രമാണു അയാള്‍ കണ്ടതു. അതിനുശേഷം വീട്ടിലെത്തി, മുറിയില്‍ കയറി വാതില്‍ അടച്ച അയാള്‍ സ്വയം വെടി വെച്ചു മരിച്ചു.
10 വര്‍ഷത്തിനുള്ളില്‍ ഏകദേശം ഇരുപതോളം പേര്‍ മരണപ്പെടുകയോ മറ്റേതെങ്കിലും തരത്തില്‍ നാശനഷ്ടങ്ങള്‍ അനുഭവിക്കുകയോ ചെയ്തു. ഒടുവില്‍ ഒരു അമ്മേരിക്കന്‍ ആര്‍ക്കയോളജിസ്റ്റ് മോശമല്ലത്ത ഒരു വില കൊടുത്ത് ഈ മമ്മി വാങ്ങി. അതു ന്യൂയോര്‍ക്കിലേക്ക് കൊണ്ടു പോകാനുള്ള ഏര്‍പ്പാടു ചെയ്തു.
1912 ഏപ്രിലില്‍, ന്യൂയോര്‍ക്കിലേക്കു കന്നിയാത്ര നടത്തുകയായിരുന്ന ഒരു കപ്പലില്‍ മമ്മിയും കൊണ്ട് യാത്ര തുടങ്ങി. 1912 ഏപ്രില്‍ 14, രാത്രി, കപ്പലില്‍ യാത്ര ചെയ്തിരുന്ന 1500-ഓളം വരുന്ന യാത്രക്കാരുമായി, ആ കപ്പല്‍ അറ്റ്ലാന്റിക് സമുദത്തില്‍ മുങ്ങി. അന്നു മുങ്ങിയ ആ കപ്പല്‍ റ്റൈറ്റാനിക്‌ ആയിരുന്നു.
സംഭവങ്ങളും ശാപവും തമ്മിലുള്ള ബന്ധം വെറും യാദൃശ്ചികമാണെന്നും, അല്ലെന്നുമുള്ള വാദ ഗതികള്‍ അവശേഷിക്കെ, ആമീന്‍-റായുടെ മമ്മി ഒടുവില്‍ കടലിന്റെ അടിത്തട്ടില്‍ വിശ്രമിക്കുന്നു..

2008, സെപ്റ്റംബർ 17, ബുധനാഴ്‌ച

രഞ്ജിനീ മലയാളം

കക്ഷി സ്റ്റാര്‍ സിങ്ങറിലെ അവതാരകയാണു. ഉള്ളതു പറയാമല്ലൊ, മലയാളത്തിലെ മറ്റു റിയാലിറ്റി ഷൊ അവതാരകകളേക്കാള്‍ ഒരു അഞ്ചാറൂ പടി മുന്നിലാണ്‍ രഞ്ജിനി. സംഗതി- സ്റ്റാര്‍ സിങ്ങര്‍ ബോര്‍ സിങ്ങര്‍ ആയി തുടങ്ങിയിട്ട് ഒരു വ്യാഴവട്ടമായെങ്കിലും, ഇതു അംഗീകരിക്കാതെ വയ്യ. പക്ഷെ രഞ്ജിനീ, നിന്റെ മലയാളം! :-( വെഞ്ഞാറന്‍മൂടന്റെ വാക്കില്‍ പറഞ്ഞാല്‍ ‘പെറ്റ തള്ള സഹിക്കൂല’.

രഞ്ജിനീ മലയാളം എന്ന പ്രതിഭാസം (ആഭാസം) ആദ്യമായി കണ്ടു തുടങ്ങിയതു കൊച്ചി നഗരത്തിലെ ഒരു വിമെന്‍സ് കോളേജിലാണെന്നു അനുമാനിക്കാം. മലയാളത്തെ വളചും ഒടിച്ചും ചതച്ചും ഒരു മാതിരി വിരൂപമാക്കി അവളുമാരു കൊഞ്ചിക്കുഴഞ്ഞപ്പോള്‍, കേരളത്തില്‍ വന്ന സായിപ്പു പോലും നാണിച്ചു പോയി. അനാവശ്യമായ നീട്ടലും കുറുക്കലും, അക്ഷരങ്ങളുടെയും വാക്കുകളുടെയും ആംഗലേയ ശൈലിയിലുള്ള ഉച്ചാരണവും കൊണ്ടു വികൃതമായ ഈ രീതി ടി വി ചാനലു പെമ്പിള്ളാരു കൂടി ഏറ്റെടുത്തതോടു കൂടി അതൊരു ട്രെന്റ് ആയി മാറിയിരിക്കുന്നു.

ചില സൊസൈറ്റി കൊച്ചമ്മമാര്‍ കരുതി “ഇങ്ങനെയങ്ങ് സംസാരിച്ചാല്‍ അവര്‍ ഇംഗ്ളീഷില്‍ പണ്ഡിത പരിഷകളാണെന്നു, പൊതു ജനം കരുതും”. എന്ന്. കഴിഞ്ഞ ദിവസം മുന്‍കാല സൌത് ഇന്ത്യന്‍ നായിക, ഉര്‍വശിയുടെ പരമാര്‍ശം ഇത്തരുണത്തില്‍ പ്രതിപാദ്യമാണു. “രഞ്ജിനിയെപ്പോലെ ഇംഗ്ളീഷ് സംസാരിക്കന്‍ കഴിയാത്ത അസൂയാലുക്കളാണു രഞ്ജിനിയുടെ മലയാളത്തെ കളിയാക്കുന്നതു”. ‘അരിയെത്ര എന്നു ചോദിചല്‍ പയറഞ്ഞാഴി’ എന്നു പറയുമ്പോലാണതു. അന്ന്യഭാഷ നന്നായി സംസാരിക്കുന്ന ഒരാള്‍ മാതൃഭാഷ വികലമായി സംസാരിക്കുന്നുവെങ്കില്‍ അതു കഴിവില്ലായ്മ അല്ല, മറിച്ചു നല്ല ചുട്ട അടികിട്ടാത്തതിന്റെ കുഴപ്പമാണു.

എന്തായലും ഇതു കൊണ്ടു ചില ഗുണങ്ങളുണ്ട് എന്നു സമ്മതിക്കതെ വയ്യ. ഒന്നാമതായി, നല്ല ശോദന ലഭിക്കാന്‍ ഈ ഭാഷണം ശ്രവിക്കുന്നത്തു നല്ലതാണു. പിന്നെ, വയററിയാതെ വലിച്ചു വാരിത്തിന്നവര്‍ക്കു, വായില്‍ വിരല്‍ ഇടാതെ, ഛര്‍ദ്ദിക്കാന്‍ രഞ്ജിനീ മലയാളം ഒരു രണ്ടോ മൂന്നോ മിനുറ്റ് കേള്‍ക്കുന്നതു ഉത്തമം. വയറു കഴുകല്‍, ഭ്രാന്തിനുള്ള ഇലക്ട്രിക്‌ ഷോക്ക്, തുടങ്ങിയ ട്രീറ്റ്മെന്റുകള്‍ക്ക് ബദല്‍ ആയിട്ടും ഇതു ഉപയോഗിക്കാവുന്നതാണു. ഏറ്റവും പ്രധാനമായി എന്റെ മക്കളോടു എങ്ങിനെ മലയാളം പറയരുതു എന്നു പഠിപ്പിക്കാനും ഇതുപകരിക്കും.

ഇതു വായിച്ചിട്ടു, രഞ്ജിനീ മലയാളികള്‍ നന്നാകുമെന്നു കരുതിയല്ല ഞാനിതു എഴുതിയതു. മറിച്ച്, ഇതു കേള്‍ക്കുന്നവര്‍ മലയാള ഭാഷ ഇത്ര വികൃതമോ എന്നു ചിന്ത്തിക്കാതിരിക്കാനും, മലയാള ഭാഷണ രീതിയുടെ യഥാര്‍ത്ഥ സൌന്ദര്യം തേടി പോകാനുമത്രേ.

2008, സെപ്റ്റംബർ 16, ചൊവ്വാഴ്ച

നുണ പറയുന്നവര്‍…

നാളെ കാണാമെന്നു പറഞ്ഞാണ്
അവന്‍ ഇന്നലെ വൈകീട്ട് പോയതു…
ലോറിക്കടിയില്‍ തളം കെട്ടി നിന്ന
ചോരയില്‍…
അവന്റെ നുണ മാത്രം
മരവിച്ചു നിന്നു…
കുഞ്ഞിന്റെ കവിളില്‍
ഒരുമിച്ചു മുത്തമിടാം എന്നു പറഞ്ഞാണു
അവള്‍ ലേബര്‍ റൂമിലേക്കു പോയതു…
വെള്ളപുതച്ച തണുപ്പില്‍
അവള്‍ നുണ പറഞ്ഞു…
കുട്ടനു സൈക്കിള്‍ വാങ്ങി വരാമെന്നു പറഞ്ഞാണു
അച്ഛന്‍ പോയതു…
തുന്നിക്കെട്ടിയ മാംസ പിണ്ഡങ്ങള്‍
നുണകളാവര്‍ത്തിച്ചു…
ഇനി എന്നാണാവോ
ഞാന്‍ നുണ പറയുന്നതു?

2008, സെപ്റ്റംബർ 14, ഞായറാഴ്‌ച

വിശപ്പ്..

പുറത്തു ചിക്കി പരതി നടന്നിരുന്ന കോഴിക്കുഞ്ഞുങ്ങളില്‍ ഒന്നിനെ പ്റാപ്പിടിയന്‍ റാഞ്ചിക്കൊണ്ടു പോകുന്നതു കണ്ടാണു മമ്മി ഒച്ചയെടുത്തതു. നിറ്ഭാഗ്യവശാല്‍ പ്റാപ്പിടിയന്‍ അതിനെയും കൊത്തി പറന്നു ചില്ലി തെങിന്റെ മുകലില്‍ പോയിരിക്കുകയും ചെയ്തു. കല്ലേറും പ്രാകലും വിഫലമായപ്പോല്‍ മമ്മി അകത്തേക്കു കയറി പോയി.
അന്നു വൈകീട്ടു പൈപ്പിന്‍ ചുവട്ടിലും പിറ്റേ ദിവസം അയല്ക്കൂട്ടതിലും വില്ലനായ പ്റപ്പിടിയന്‍ ആയിരുന്നു വിഷയം . ആ പ്റാപിടിയന്റെ വിശപ്പിനെ പറ്റി ആരെങ്കിലും ചിന്തിചൊ ആവോ…?

ലക്ഷ്മി ഹോസ്പിറ്റല്‍ റൂം നം. 103

നെഞ്ചില്‍ തങ്ങി നിന്ന മൂടല്‍ മഞ്ഞിനെ അവര്‍ Pneumonia എന്നു വിളിച്ചു. കാലപഴക്കം ചെന്ന ചുമ എന്നു മാത്രമാണു അയാള്‍ അതിനെ വിശേഷിപ്പിച്ചതു. (വായിച്ചു തുടങ്ങും മുന്പ് പ്രിയപ്പെട്ട വായനക്കാരാ, ഇതില്‍ താങ്കള്‍ പ്രതീക്ഷിക്കുന്ന thread-ഓ, plot-ഓ കണ്ടെന്നു വരില്ല. ഏതാനും ചോദ്യങ്ങളുമ്, ഉത്തരങ്ങളും, മറുചോദ്യങ്ങളും മത്രമേ ഇതിലുള്ളൂ.)
നിര്‍ത്താതെയുള്ള ചുമ കേട്ടുകൊണ്ടാണു, അവള്‍ വാതില്‍ തുറന്നു അക്ത്തേക്കു വന്നതു. നമുക്കവളേ സിസ്റ്റര്‍ സോഫി എന്നു വിളിക്കാം. ഈ സിസ്റ്റെര്‍ എന്നതു കൊണ്ടുദ്ദെശിക്കുന്നതു ഒരു നേഴ്സിനെ ആണു. കേരളത്തില്‍ നേഴ്സുമാരെ സിസ്റ്റെര്‍ (സഹോദരി) എന്നു വിളിക്കുന്ന പൊതുവായ രീതി അവലംബിച്ചു എന്നു മാത്രം.
പുകഞ്ഞ് കൊണ്ടിരിക്കുന്ന ഒരു മാസ്ക് അവളെന്റെ നാസികയ്ക്കു മുകളില്‍ അമര്‍ത്തി വെച്ചു.
സോഫി: ഏതാ വലിക്കാറുള്ളതു?
അയാള്‍: എന്താ?
സോഫി: ബീഡിയോ അതൊ സിഗരറ്റോ?
അയാള്‍: രണ്ടും ശീലമില്ല.
സോഫി: അപ്പോ, കുടി മാത്രമായിരിക്കും അല്ലെ?
അയാള്‍: ഉവ്വ്, ഒരു രണ്ടര വര്‍ഷം മുന്പു വരെ…ഇപ്പൊ ഇല്ല.
സോഫി: നല്ല നടത്തത്തിലായിരിക്കും?
അയാള്‍: എന്നു ഞാന്‍ പറഞ്ഞില്ല. കുടിയും വലിയുമാണു ലോകത്തിലെ ആകെയുള്ള തെറ്റെങ്കില്‍ ഞാന്‍ നല്ല നടത്തത്തില്‍ ആണു.
സോഫി: സന്തോഷം
മാസ്ക് വലിച്ചു പറിച്ചെടുത്ത് അവള്‍ പോയി. അയാള്‍ നെഹ്റുവിന്റെ ആത്മകഥയിലേക് തല പൂഴ്ത്തി വെച്ചു. പുറത്തു വെളിച്ചം മങ്ങി വരുന്നതു അയാള്‍ ശ്രദ്ധിച്ചില്ല. പുറത്തു വിടര്ന്നു നിന്നിരുന്ന മഞ്ഞ പൂവുകള്‍ അടര്ന്നു തുടങ്ങിയിരുന്നു. താളുകള്‍ മറിഞ്ഞു പോകവേ, നെഹ്രുവിന്റെ യുവത്വത്തെ അയാള്‍ ആരാധിച്ചു തുടങ്ങി. ആരാധന മടുത്തു തുടങ്ങിയപ്പോള്‍ iPod ചെവിയില്‍ തിരുകി അയാള്‍ പുസ്തകത്തിനു മുകളില്‍ തല ചായ്ച്ചു.
വാതിലില്‍ തട്ടുന്ന സ്വരം കേട്ടാണു അയാള്‍ ഞെട്ടി ഉണര്ന്നതു. വാച്ചില്‍ അപ്പോള്‍ സമയം 7.45 p.m. “ഓഹ്! താനെപ്പൊഴോ മയങ്ങിപ്പോയിരിക്കുന്നു”. പുറത്തു ഇരുട്ടു വ്യാപിച്ചിരുന്നു. വാതിലില്‍ വീണ്ടും മുട്ടു കേട്ടു. “Yes! coming”
വാതില്‍ തുറന്നു. സിസ്റ്റര്‍ സോഫിയാണു. കയ്യിലുള്ള മെഡിസിന്‍ ട്രേയില്‍ സിറിഞ്ചുകള്‍, ഗുളികകള്‍, പഞ്ഞി അങ്ങിനെ ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്നു കിട്ടാവുന്ന എല്ലാമുണ്ട്. അയാള്‍്‌ കട്ടിലില്‍ ചെന്നിരുന്നു. സിറിഞ്ചില്‍ മരുന്നു വലിച്ചു കേറ്റുന്നതിനിടെ അവള്‍ ചോദിച്ചു.
സോഫി: നിങ്ങള്‍ എഴുത്തുകാരനാണോ?
അയാള്‍: എന്നു അവകാശപ്പെടാന്‍ ഒന്നും പറ്റില്ല.
കട്ടിലില്‍ ചിതറിക്കിടക്കുന്ന പുസ്തകങ്ങളും പേനയും ഡയറിയും കണ്ടിട്ടാകും അവള്‍ അങ്ങിനെ ചോദിച്ചതെന്നു അയാള്‍ ഊഹിച്ചു.
സോഫി: എന്തിനാണു നിങ്ങള്‍ എഴുതുന്നതു?
അയാള്‍: സ്റിഷ്ടിയുടെ പേറ്റുനോവു…
സോഫി: മണ്ണാങ്കട്ട. ഇതൊക്കെ എല്ലാവരും പറയുന്നതാ. അല്ലാതെ വെല്ലതും പറയാന്‍ ഉണ്ടോ?
അയാള്‍: കാശു കിട്ടും പിന്നെ സ്വല്പം അഹങ്കാരവും തോന്നും.
സോഫി: രണ്ടാമതു പറഞ്ഞതു കുറേക്കൂടി സത്യമാണു…(അവള്‍ ഇഞ്ചക്ട് ചെയ്യുകയാണു) വേദന ഉണ്ടൊ?
അയാള്‍: ചെറുതായിട്ടു…
സോഫി: അതു സ്രിഷ്ടിയുടെ വേദനയില്‍ കൂട്ടിക്കോളൂ…
അയാള്‍ മന്ദഹസിച്ചു.
സോഫി: ആട്ടെ, ഇപ്പൊഴെന്താ എഴുതുന്നതു?
അയാള്‍: ഒരു ചെറിയ കഥ…
സോഫി: ആരെക്കുറിച്ചാണു?
അയാള്‍: ആരെക്കുറിച്ചുമല്ല. ഒരു പഴയ അനുഭവത്തില്‍ മേമ്പൊടി ചേര്‍ക്കുന്നു എന്നു മാത്രം…
സോഫി: എന്നെക്കുറിച്ചെഴുതാമോ?
അയാള്‍ ചിരിച്ചു.
സോഫി: കളിയാക്കേണ്ട. നിങ്ങള്‍ക്ക്, ഒരു അക്കാദമി അവാര്‍ഡ് കിട്ടാനുള്ള സ്റ്റോറി ഒക്കെ എന്റെ ലൈഫില്‍ ഉണ്ട്.
അയാള്‍: നന്നായി. ജീവിത്ങ്ങള്‍ കഥ്യാകുമ്പോഴാണു എഴുത്തിന്റെ തീവ്രത ഫീല്‍ ചെയ്യുന്നതു.
സോഫി: നന്നായി അതിനെങ്കിലും ഈ ജീവിതം ഉപകരിക്കുമല്ലൊ.
അവള്‍ ട്രേയുമെടുത്തു പുറ്ത്തേക്കു പോയി.
അവള്‍ അവസാനം പറഞ്ഞതിന്റെ അന്താര്‍ത്ഥം അയാളെ അലട്ടി. നിരാശയുടെ നിഴല്‍ എവിടെയോ തങ്ങി നില്പുണ്ട്. അവളുടെ കണ്ണുകളിലാണൊ? പക്ഷെ അവളുടെ കണ്ണുകളേ താന്‍ ഇതു വരെ ശ്രദ്ധിച്ചിട്ടില്ല എന്നയാള്‍ ഓര്‍ത്തു.
അയാള്‍ക്കു തല കനക്കുന്നതു പോലെ തൊന്നി. അല്ലെങ്കില്‍ തന്നെ നിരാശയുടെ നിഴല്‍ വീഴാത്ത ഏതു ജീവിതമാണുള്ളതു? ഇനി വരുമ്പോള്‍ അവളോട് വിശദമായി ചോദിക്കാം.
ഇഞ്ചക്ഷന്റെ തളര്‍ച്ചയില്‍ അയാള്‍ മയങ്ങിപ്പോയി.
അടുത്ത ദിവസം റൌണ്ട്സിനു വന്ന ഡോക്ടര്‍ ചിരിച്ചു കൊണ്ടു ചോദിച്ചു. “ഇപ്പോ എങ്ങിനെ ഉണ്ടു”
അയാള്‍ പറഞു “I’m almost perfect now”
ഡോക്ടര്‍ “Okay, ഇന്നു തന്നെ discharge ആയിക്കോളൂ”.
അയാളുടെ കണ്ണുകള്‍ ഡോക്ടറുടെ പിന്നില്‍ നില്‍ക്കുന്ന നേഴ്സുമാരുടെ ഇടയില്‍ പരതി നടന്നു, പിന്നെ നിരാശയോടെ കണ്ണുകള്‍ പിന്വലിച്ചു.
ഡിസ്ചാര്ഗെ സമ്മറി വാങ്ങുമ്പോള്‍ അയാളുടെ കണ്ണുകളുളിലെ ചോദ്യത്തിനുള്ള മറുപടി, നേഴ്സ് റൂമിലെ കാറ്റില്‍ തങ്ങി നിന്നിരുന്നു. ഒറ്റത്തിരിയിട്ട വിളക്കിനു മുന്നില്‍ അവളുടെ ഛായാചിത്രം പുകയുന്ന ചന്ദനത്തിര്യുടെ ഗന്ധത്തിലലിഞ്ഞു എങ്ങോ മറഞ്ഞു.
അവള്‍ എന്തുകൊണ്ട് ജീവിതത്തില്‍ നിന്നും സ്വയം മറഞ്ഞു എന്ന ചോദ്യത്തിനു അയാള്‍ മറുപടി തേടിയില്ല. തലയിണയ്ക്കടിയില്‍ ഒളിച്ചിരുന്ന കടലാസു തുണ്ടില്‍ അവള്‍ മൌനമായി വിട പറഞ്ഞു.
“പ്റിയപ്പെട്ട എഴുത്തുകാരാ,
ഞാന്‍ വന്നപ്പോള്‍ നിങ്ങള്‍ ഉറക്കത്തിലായിരുന്നു. മൌനമായി നിങ്ങളോടു, ഞാനെന്റെ കഥ പറഞ്ഞു. നിങ്ങള്‍ കേട്ടൊ, ആവൊ? അല്ലെങ്കില്‍ എന്റെ കഥ എന്നില്‍തന്നെ മരിക്കടേ. നിങ്ങള്‍ എഴുത്തുകാര്‍ക്ക് ഭാവനയില്‍ എന്റെ കഥ എഴുതാം.
സോഫി.”
അയാള്‍ മനസ്സില്‍ പറഞ്ഞു. “സോഫി, നിന്റെ മരണത്തിനു മുന്പുള്ള കഥയില്‍ ഞാനെന്തെഴുതാനാണു? പ്രേമ നൈരാശ്യവുമ്, ബാധ്യതയുടെ മാറാപ്പും, അവിഹിത ഗര്‍ഭവും, പേനത്തുമ്പിനു വിരസ്സമായിരിക്കുന്നു. ഞാനൊന്നും എഴുതുന്നില്ല.”
അയാള്‍ പേന അടച്ചു വെച്ചു. പിന്നെ തന്നെക്കുറിച്ചു കഥ എഴുതണമെന്ന അവളുടെ ആഗ്രഹത്തിനു കടം പറഞ്ഞ് അയാള്‍ ചാരു കസേരയില്‍ ചാഞ്ഞു കിടന്നു.