-->

Followers of this Blog

2008, സെപ്റ്റംബർ 14, ഞായറാഴ്‌ച

ലക്ഷ്മി ഹോസ്പിറ്റല്‍ റൂം നം. 103

നെഞ്ചില്‍ തങ്ങി നിന്ന മൂടല്‍ മഞ്ഞിനെ അവര്‍ Pneumonia എന്നു വിളിച്ചു. കാലപഴക്കം ചെന്ന ചുമ എന്നു മാത്രമാണു അയാള്‍ അതിനെ വിശേഷിപ്പിച്ചതു. (വായിച്ചു തുടങ്ങും മുന്പ് പ്രിയപ്പെട്ട വായനക്കാരാ, ഇതില്‍ താങ്കള്‍ പ്രതീക്ഷിക്കുന്ന thread-ഓ, plot-ഓ കണ്ടെന്നു വരില്ല. ഏതാനും ചോദ്യങ്ങളുമ്, ഉത്തരങ്ങളും, മറുചോദ്യങ്ങളും മത്രമേ ഇതിലുള്ളൂ.)
നിര്‍ത്താതെയുള്ള ചുമ കേട്ടുകൊണ്ടാണു, അവള്‍ വാതില്‍ തുറന്നു അക്ത്തേക്കു വന്നതു. നമുക്കവളേ സിസ്റ്റര്‍ സോഫി എന്നു വിളിക്കാം. ഈ സിസ്റ്റെര്‍ എന്നതു കൊണ്ടുദ്ദെശിക്കുന്നതു ഒരു നേഴ്സിനെ ആണു. കേരളത്തില്‍ നേഴ്സുമാരെ സിസ്റ്റെര്‍ (സഹോദരി) എന്നു വിളിക്കുന്ന പൊതുവായ രീതി അവലംബിച്ചു എന്നു മാത്രം.
പുകഞ്ഞ് കൊണ്ടിരിക്കുന്ന ഒരു മാസ്ക് അവളെന്റെ നാസികയ്ക്കു മുകളില്‍ അമര്‍ത്തി വെച്ചു.
സോഫി: ഏതാ വലിക്കാറുള്ളതു?
അയാള്‍: എന്താ?
സോഫി: ബീഡിയോ അതൊ സിഗരറ്റോ?
അയാള്‍: രണ്ടും ശീലമില്ല.
സോഫി: അപ്പോ, കുടി മാത്രമായിരിക്കും അല്ലെ?
അയാള്‍: ഉവ്വ്, ഒരു രണ്ടര വര്‍ഷം മുന്പു വരെ…ഇപ്പൊ ഇല്ല.
സോഫി: നല്ല നടത്തത്തിലായിരിക്കും?
അയാള്‍: എന്നു ഞാന്‍ പറഞ്ഞില്ല. കുടിയും വലിയുമാണു ലോകത്തിലെ ആകെയുള്ള തെറ്റെങ്കില്‍ ഞാന്‍ നല്ല നടത്തത്തില്‍ ആണു.
സോഫി: സന്തോഷം
മാസ്ക് വലിച്ചു പറിച്ചെടുത്ത് അവള്‍ പോയി. അയാള്‍ നെഹ്റുവിന്റെ ആത്മകഥയിലേക് തല പൂഴ്ത്തി വെച്ചു. പുറത്തു വെളിച്ചം മങ്ങി വരുന്നതു അയാള്‍ ശ്രദ്ധിച്ചില്ല. പുറത്തു വിടര്ന്നു നിന്നിരുന്ന മഞ്ഞ പൂവുകള്‍ അടര്ന്നു തുടങ്ങിയിരുന്നു. താളുകള്‍ മറിഞ്ഞു പോകവേ, നെഹ്രുവിന്റെ യുവത്വത്തെ അയാള്‍ ആരാധിച്ചു തുടങ്ങി. ആരാധന മടുത്തു തുടങ്ങിയപ്പോള്‍ iPod ചെവിയില്‍ തിരുകി അയാള്‍ പുസ്തകത്തിനു മുകളില്‍ തല ചായ്ച്ചു.
വാതിലില്‍ തട്ടുന്ന സ്വരം കേട്ടാണു അയാള്‍ ഞെട്ടി ഉണര്ന്നതു. വാച്ചില്‍ അപ്പോള്‍ സമയം 7.45 p.m. “ഓഹ്! താനെപ്പൊഴോ മയങ്ങിപ്പോയിരിക്കുന്നു”. പുറത്തു ഇരുട്ടു വ്യാപിച്ചിരുന്നു. വാതിലില്‍ വീണ്ടും മുട്ടു കേട്ടു. “Yes! coming”
വാതില്‍ തുറന്നു. സിസ്റ്റര്‍ സോഫിയാണു. കയ്യിലുള്ള മെഡിസിന്‍ ട്രേയില്‍ സിറിഞ്ചുകള്‍, ഗുളികകള്‍, പഞ്ഞി അങ്ങിനെ ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്നു കിട്ടാവുന്ന എല്ലാമുണ്ട്. അയാള്‍്‌ കട്ടിലില്‍ ചെന്നിരുന്നു. സിറിഞ്ചില്‍ മരുന്നു വലിച്ചു കേറ്റുന്നതിനിടെ അവള്‍ ചോദിച്ചു.
സോഫി: നിങ്ങള്‍ എഴുത്തുകാരനാണോ?
അയാള്‍: എന്നു അവകാശപ്പെടാന്‍ ഒന്നും പറ്റില്ല.
കട്ടിലില്‍ ചിതറിക്കിടക്കുന്ന പുസ്തകങ്ങളും പേനയും ഡയറിയും കണ്ടിട്ടാകും അവള്‍ അങ്ങിനെ ചോദിച്ചതെന്നു അയാള്‍ ഊഹിച്ചു.
സോഫി: എന്തിനാണു നിങ്ങള്‍ എഴുതുന്നതു?
അയാള്‍: സ്റിഷ്ടിയുടെ പേറ്റുനോവു…
സോഫി: മണ്ണാങ്കട്ട. ഇതൊക്കെ എല്ലാവരും പറയുന്നതാ. അല്ലാതെ വെല്ലതും പറയാന്‍ ഉണ്ടോ?
അയാള്‍: കാശു കിട്ടും പിന്നെ സ്വല്പം അഹങ്കാരവും തോന്നും.
സോഫി: രണ്ടാമതു പറഞ്ഞതു കുറേക്കൂടി സത്യമാണു…(അവള്‍ ഇഞ്ചക്ട് ചെയ്യുകയാണു) വേദന ഉണ്ടൊ?
അയാള്‍: ചെറുതായിട്ടു…
സോഫി: അതു സ്രിഷ്ടിയുടെ വേദനയില്‍ കൂട്ടിക്കോളൂ…
അയാള്‍ മന്ദഹസിച്ചു.
സോഫി: ആട്ടെ, ഇപ്പൊഴെന്താ എഴുതുന്നതു?
അയാള്‍: ഒരു ചെറിയ കഥ…
സോഫി: ആരെക്കുറിച്ചാണു?
അയാള്‍: ആരെക്കുറിച്ചുമല്ല. ഒരു പഴയ അനുഭവത്തില്‍ മേമ്പൊടി ചേര്‍ക്കുന്നു എന്നു മാത്രം…
സോഫി: എന്നെക്കുറിച്ചെഴുതാമോ?
അയാള്‍ ചിരിച്ചു.
സോഫി: കളിയാക്കേണ്ട. നിങ്ങള്‍ക്ക്, ഒരു അക്കാദമി അവാര്‍ഡ് കിട്ടാനുള്ള സ്റ്റോറി ഒക്കെ എന്റെ ലൈഫില്‍ ഉണ്ട്.
അയാള്‍: നന്നായി. ജീവിത്ങ്ങള്‍ കഥ്യാകുമ്പോഴാണു എഴുത്തിന്റെ തീവ്രത ഫീല്‍ ചെയ്യുന്നതു.
സോഫി: നന്നായി അതിനെങ്കിലും ഈ ജീവിതം ഉപകരിക്കുമല്ലൊ.
അവള്‍ ട്രേയുമെടുത്തു പുറ്ത്തേക്കു പോയി.
അവള്‍ അവസാനം പറഞ്ഞതിന്റെ അന്താര്‍ത്ഥം അയാളെ അലട്ടി. നിരാശയുടെ നിഴല്‍ എവിടെയോ തങ്ങി നില്പുണ്ട്. അവളുടെ കണ്ണുകളിലാണൊ? പക്ഷെ അവളുടെ കണ്ണുകളേ താന്‍ ഇതു വരെ ശ്രദ്ധിച്ചിട്ടില്ല എന്നയാള്‍ ഓര്‍ത്തു.
അയാള്‍ക്കു തല കനക്കുന്നതു പോലെ തൊന്നി. അല്ലെങ്കില്‍ തന്നെ നിരാശയുടെ നിഴല്‍ വീഴാത്ത ഏതു ജീവിതമാണുള്ളതു? ഇനി വരുമ്പോള്‍ അവളോട് വിശദമായി ചോദിക്കാം.
ഇഞ്ചക്ഷന്റെ തളര്‍ച്ചയില്‍ അയാള്‍ മയങ്ങിപ്പോയി.
അടുത്ത ദിവസം റൌണ്ട്സിനു വന്ന ഡോക്ടര്‍ ചിരിച്ചു കൊണ്ടു ചോദിച്ചു. “ഇപ്പോ എങ്ങിനെ ഉണ്ടു”
അയാള്‍ പറഞു “I’m almost perfect now”
ഡോക്ടര്‍ “Okay, ഇന്നു തന്നെ discharge ആയിക്കോളൂ”.
അയാളുടെ കണ്ണുകള്‍ ഡോക്ടറുടെ പിന്നില്‍ നില്‍ക്കുന്ന നേഴ്സുമാരുടെ ഇടയില്‍ പരതി നടന്നു, പിന്നെ നിരാശയോടെ കണ്ണുകള്‍ പിന്വലിച്ചു.
ഡിസ്ചാര്ഗെ സമ്മറി വാങ്ങുമ്പോള്‍ അയാളുടെ കണ്ണുകളുളിലെ ചോദ്യത്തിനുള്ള മറുപടി, നേഴ്സ് റൂമിലെ കാറ്റില്‍ തങ്ങി നിന്നിരുന്നു. ഒറ്റത്തിരിയിട്ട വിളക്കിനു മുന്നില്‍ അവളുടെ ഛായാചിത്രം പുകയുന്ന ചന്ദനത്തിര്യുടെ ഗന്ധത്തിലലിഞ്ഞു എങ്ങോ മറഞ്ഞു.
അവള്‍ എന്തുകൊണ്ട് ജീവിതത്തില്‍ നിന്നും സ്വയം മറഞ്ഞു എന്ന ചോദ്യത്തിനു അയാള്‍ മറുപടി തേടിയില്ല. തലയിണയ്ക്കടിയില്‍ ഒളിച്ചിരുന്ന കടലാസു തുണ്ടില്‍ അവള്‍ മൌനമായി വിട പറഞ്ഞു.
“പ്റിയപ്പെട്ട എഴുത്തുകാരാ,
ഞാന്‍ വന്നപ്പോള്‍ നിങ്ങള്‍ ഉറക്കത്തിലായിരുന്നു. മൌനമായി നിങ്ങളോടു, ഞാനെന്റെ കഥ പറഞ്ഞു. നിങ്ങള്‍ കേട്ടൊ, ആവൊ? അല്ലെങ്കില്‍ എന്റെ കഥ എന്നില്‍തന്നെ മരിക്കടേ. നിങ്ങള്‍ എഴുത്തുകാര്‍ക്ക് ഭാവനയില്‍ എന്റെ കഥ എഴുതാം.
സോഫി.”
അയാള്‍ മനസ്സില്‍ പറഞ്ഞു. “സോഫി, നിന്റെ മരണത്തിനു മുന്പുള്ള കഥയില്‍ ഞാനെന്തെഴുതാനാണു? പ്രേമ നൈരാശ്യവുമ്, ബാധ്യതയുടെ മാറാപ്പും, അവിഹിത ഗര്‍ഭവും, പേനത്തുമ്പിനു വിരസ്സമായിരിക്കുന്നു. ഞാനൊന്നും എഴുതുന്നില്ല.”
അയാള്‍ പേന അടച്ചു വെച്ചു. പിന്നെ തന്നെക്കുറിച്ചു കഥ എഴുതണമെന്ന അവളുടെ ആഗ്രഹത്തിനു കടം പറഞ്ഞ് അയാള്‍ ചാരു കസേരയില്‍ ചാഞ്ഞു കിടന്നു.

അഭിപ്രായങ്ങളൊന്നുമില്ല: