-->

Followers of this Blog

2008, നവംബർ 2, ഞായറാഴ്‌ച

പ്രേമലേഖനം പാര്‍ട്-2

കേശവന്‍ നായര്‍ വീണ്ടും പ്രേമലേഖനം എഴുതാനിരുന്നു.

പ്രിയപ്പെട്ട സാറാമ്മേ,

ജീവിതം യൌവ്വനതീഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍…

കൊടച്ചക്രം. സാറാമ്മയ്ക്കിഷ്ടം ബ്ളോഗുകളാണു. എന്നു കരുതി കേശവന്‍നായര്‍ക്ക് ഈ വരികളല്ലാതെ മറ്റൊന്നും വായില്‍ വരുന്നില്ല. അവളു പറഞ്ഞ മാസശമ്പളം പുഷ്പം പോലെ കൊടുക്കാനുള്ള വരുമാനം കേശവന്‍ നായര്‍ക്കുണ്ട്. പക്ഷേ നാലാളു വായിക്കൊന്നൊരു ബ്ളോഗ് തനിക്കുണ്ടൊ? അപ്പിയിടാന്‍ മുട്ടിയ പട്ടിയേ പോലെ ഈ ചോദ്യത്തിനു ചുറ്റും കേശവന്‍ നായര്‍ മോങ്ങിയും മണ്ടിയും നടന്നു. സാറാമ്മയ്ക്ക് ഇദം പ്രഥമമായെഴുതിയ പ്രേമലേഖനമല്ലാതെ മറ്റൊന്നും എഴുതി ശീലമില്ലാത്ത അയാള്‍ ബ്ളോഗുകളില്‍ നോക്കി കണ്ണു തള്ളിയിരുന്നു. എന്തെങ്കിലും ഏഴുതി സാറാമ്മയെ പ്രീതിപ്പെടുത്തിയിട്ടു തന്നെ കാര്യം. അല്ലേല്‍ അവളുകൊള്ളാവുന്ന ഒരു ബ്ളോഗറുടെ കൂടെ പോകും. സാറാമ്മേ നിന്റെ പ്രേമത്തിനായ് മാത്രമാണു ഞാനിതെഴുതുന്നത്, എന്ന ഒറ്റ മൂച്ചില്‍ കേശവന്‍ നായര്‍ എഴുതിത്തുടങ്ങി.

ചെമ്മാനും ചെരുപ്പുകുത്തിക്കും കൈ വെക്കാവുന്ന ഏരിയ എന്ന നിലയില്‍ പ്രണയം തന്നെ കയ്യിട്ടുവാരി. അപ്പൊ ത്രെഡ് അതാണു പ്രേമനൈരാശ്യം. പണ്ടു ലിറ്റ്റേച്ചര്‍ ക്ളാസ്സില്‍ ഈ പരുവത്തില്‍ കഥകള്‍ എഴുതി ആരാധികമാരെ സൃഷ്ടിക്കുകയും ആരാധികമാരില്‍ ചിലര്‍ കാമുകിമാരാകുകയും ചെയ്യുന്നതു കണ്ടു തന്റെ പുച്ഛം മലപോല്‍ വളരുകയും അതിനു മുകളില്‍ അവരുടെ പ്രണയമരം വളരുകയും ചെയ്ത നാളുകളില്‍ കേശവന്‍ നായര്‍ അവളൂമാരെ മരമണ്ടികള്‍ എന്നും കൂപമണ്ഡൂകങ്ങളെന്നും എന്നും വിളിച്ചു. അതൊക്കെ പറഞ്ഞിട്ടു ഇനി കാര്യമില്ല. കഥ തുടങ്ങിയേക്കം.

സുന്ദരനായ ഒരു നായകന്‍. അതു താന്‍ തന്നെയായിക്കോട്ടെ. അല്ലേല്‍ വേണ്ട. സാറാമ്മ തെറ്റിദ്ധരിക്കും. നായകനു വേറെ പേരു കൊടുക്കം. സുകുമാരന്‍. സുകു എന്നു വിളിക്കാം. നായിക മേരി. ഇതിലൊരാള്‍ ദരിദ്രനാ(യാ)കണം. എന്നാലേ സെന്റിമെന്റ്സ് വര്‍ക്കൌട്ടാകൂ. അല്ലെങ്കില്‍ എന്തെങ്കിലും കഴിവുകേടുണ്ടാക്കണം . കഴിവുകേട് അറിഞ്ഞുകൊണ്ടുള്ള പ്രണയത്തിനു പണ്ടേ മാര്‍ക്കറ്റു കൂടുതലാ. എന്തായാലും മേരിയേപ്പിടിച്ചങ്ങ് ദരിദ്രയാക്കിയേക്കാം. സുകുവെന്നാണു പേരെങ്കിലും, കക്ഷി താന്‍ തന്നെയാകയാല്‍ സ്വയം ദരിദ്രനാകാന്‍ കേശവന്‍ നായര്‍ മടിച്ചു. (കേശവനാളു ഷോവനിസ്റ്റാ).

നായകനും നായികയും റെഡിയായ സ്ഥിതിക്ക് ഇനി അവരെക്കൂടിമുട്ടികാനൊരിടം വേണം. ചന്ത, അമ്പലം, പള്ളിമുറ്റം, കുളക്കടവ്, കോളേജ് ലൈബ്രറി, ബസ് സ്റ്റാന്റ് ഇതൊന്നും കേശവന്‍ നായര്‍ക്ക് പിടിച്ചില്ല. അയാള്‍ സുകുവിനെ ഒരു കള്ളു ഷാപ്പില്‍ കൊണ്ടു ചെന്നിരുത്തി. അവിടെ കറി വിളമ്പാന്‍ മേരിക്കുഞ്ഞിനെയും. മേരിക്കുഞ്ഞിന്റെ മത്തിക്കറിയില്‍ സുകുമാരനും, സുകുമാരന്റെ റെയ്ബാന്‍ കണ്ണടയില്‍ മേരിക്കുഞ്ഞും ആകൃഷ്ടയായതോടു കൂടി, കേശവന്‍ നായര്‍ പ്രണയത്തിന്റെ മാലപ്പടക്കത്തിനു ബീഡിക്കുറ്റി വെച്ചു കൊടുത്തു. അവരുടെ പ്രണയങ്ങളില്‍ മുന്തിരിക്കള്ളും മത്തിച്ചാറും നിറഞ്ഞു.

ഇതിനിടയില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നു കേശവന്‍ നായര്‍ക്ക് തോന്നി. അതു വഴി അവരുടെ ഇടയില്‍ ഒരു ഉടക്ക് ഉണ്ടാകുകയും, പിന്നെ തെറ്റിദ്ധാരണ മാറുന്ന മുറയ്ക്ക് മാപ്പു പറയല്‍, മാപ്പുകൊടുക്കല്‍, ആശ്വസിപ്പിക്കല്‍, പ്രേമം വര്ദ്ധിപ്പിക്കല്‍ തുടങ്ങിയ മസാലകള്‍ ചേര്‍ക്കാം.

മേരിക്കുഞ്ഞിനു സുകു ബീഡിവലിക്കുന്നത് കണ്ടാല്‍ ഹാലിളകും. സുകുവിനെക്കോണ്ട് അക്കാര്യം സത്യപ്രതിജ്ഞ ചൊല്ലിച്ചു നിരോധിച്ചിട്ടുള്ളതുമാണു. അങ്ങിനെ ഇരിക്കെയാണു ഷാപ്പില്‍ സുകുവിരിക്കുന്ന മൂലയില്‍ നിന്നും പുക ‘ഗമഗമാ’ന്നു ഉയര്‍ന്നു വരുന്നത് മേരികണ്ടത്. വിശ്വാസവഞ്ചനയ്ക്ക് ഇതില്‍ പരം എന്തു വേണം. അവള്‍ കെറുവിച്ചു. കെറുവിച്ച് അടിയായി, ഡിവോഴ്സ് വരെ എത്തിച്ച സാഹചര്യത്തിലാണു മിന്നായം പോലേ പുകയുടെ ഉത്ഭവം മേരീ കണ്ടത്. സുന്ദരമായൊരു ആമത്തിരി. ഷാപ്പില്‍ ജനിച്ചു വളര്‍ന്ന കൊതുകുകളുടെ ശല്യം സഹിക്കവയ്യാതെ സുകുമാരന്‍ സ്വന്തം ചെലവില്‍ കത്തിച്ചു വെച്ച ആമത്തിരിയുടെ പുക കണ്ടാണല്ലോ, സുകുവണ്ണനെ തെട്ടിദ്ധരിച്ചതെന്നോര്‍ത്ത് മേരി നെഞ്ചത്തലച്ചു കരഞ്ഞു. മാറത്തു തടവി സുകുമാരന്‍ അവളെ ആശ്വസിപ്പിച്ചു. അങ്ങിനെ പ്രേമം പൂര്‍വ്വാധികം ശക്തി പ്രാപിച്ചു.

ഇനി ഇവരെ പിരിക്കുന്നതാണു ക്ളൈമാക്സ്. എന്നു മാത്രമല്ല അവരു പിരിയുമ്പോ വായിക്കുന്നവരു മൂക്കുപിഴിഞ്ഞു പണ്ടാരടങ്ങണം. മേരിക്കുഞ്ഞിനു ഒരു കല്യാണ ആലോചന കൊണ്ടു വന്നാലോ? അതില്‍ മനം നൊന്തു പാടുന്ന സുകുവിന്റെ ഘോര ശബ്ദം കേശവന്‍ നായര്‍ക്ക് സുഖിച്ചില്ല. അവിഹിത ഗര്‍ഭമുള്ള ഏതെങ്കിലും പെണ്ണിനെ സുകുമാരന്റെ തലയില്‍ കെട്ടി വെച്ച് മേരിക്കുഞ്ഞിനെ തെറ്റിദ്ധരിപ്പിക്കാം എന്നു വെച്ചാല്‍ ആമത്തിരി സംഭവത്തിനു ശേഷം മേരിക്ക് സുകുവിനു ഒടുക്കത്തെ വിശ്വാസമാണു. സുകുവിനു ക്രൂരനായ ഒരപ്പനുണ്ടാകി മേരിയെ തട്ടിക്കളയുക, മത്തികറിക്ക് ഉപ്പു കൂടിപ്പോയെന്നു പറഞ്ഞു മേരിയെ ആത്മഹത്യ ചെയ്യിപ്പിക്കുക, കള്ളു കുടിച്ച് കടം കേറി സുകു ആത്മഹത്യ ചെയ്യുക, മേരിക്കു നന്മ വരാന്‍ സുകു ഒഴിഞ്ഞു മാറുക, സുകു വിഷമദ്യം കഴിച്ചൊ ടിപ്പര്‍ ലോറി കേറിയൊ പടിയാകുക തുടങ്ങിയ നൂറായിരം ഓപ്ഷനുകള്‍ കേശവന്‍ നായര്‍ ചിന്തിച്ചു കൂട്ടി.

ഒടുവില്‍ ഒരാഴ്ചത്തേക്ക് സുകുവിനെ പഴനിക്കു പറഞ്ഞു വിട്ടു. പോയി വരുന്നതിനിടയില്‍ മേരിക്കുഞ്ഞിനെ വെറെ കല്യാണവും കഴിപ്പിച്ചു. ഘോരമെങ്കിലും സുകുവിനെ നിരാശയില്‍ പാട്ടുപാടാന്‍ അനുവദിച്ചു കേശവന്‍ നായര്‍ തന്റെ പ്രഥമ ബ്ളോഗ് പോസ്റ്റ് ചെയ്തു.

കേശവന്‍ നായര്‍ പണ്ടു പണ്ടു പുച്ഛിച്ച മരമണ്ടികള്‍(ണ്ടന്മാര്‍) ബ്ളോഗിനെ വളഞ്ഞു കൂടി സ്തുതി പാടുകയും പൂമാലയര്‍പ്പിക്കുകയും ചെയ്തു. അതു കേട്ട് സാറാമ്മ നിര്‍വൃതിയടഞ്ഞു. കേശവന്‍ നായര്‍ വീണ്ടും വീണ്ടുമെഴുതി. പറഞ്ഞതും പറയാത്തതുമായ പ്രണയങ്ങള്‍ ബൂലോകത്ത് വിലസ്സി നടന്നു. നായകന്റെ ആത്മഹത്യ, നായികയുടെ ആത്മഹത്യ, നായികയുടെ വിവാഹം അഥവാ നായകന്റെ വിരഹം, നായകന്റെ മാറാരോഗം, ക്രൂരനായ അപ്പന്മാര്‍, ഇന്നും കാത്തിരിക്കുന്ന നായിക തുടങ്ങിയ ക്ളൈമാക്സുകള്‍ വായിച്ച്, കൂപമണ്ഡൂകങ്ങള്‍ മൂക്കുചീറ്റി. ആവര്‍ത്തന വിരസ്സത, പുതുമയില്ലായ്മ എന്നൊക്കെ പറഞ്ഞു ചെളിയെറിഞ്ഞ വിവരമില്ലാത്തവരെ കേശവന്‍ നായര്‍ മൈന്റ് ചെയ്തില്ല. എന്നു മാത്രമല്ല ചില കമന്റുകള്‍ വേസ്റ്റ് ബാസ്കറ്റില്‍ കമഴ്ത്തുകയും ചെയ്തു.

കേശവന്‍ നായരെ സംബന്ധിച്ചിടത്തോളം എഴുത്ത് എന്നു പറയുന്നത് ജീവിതത്തിലേക്ക് തിരിച്ചു വെച്ച 50X20 ft. കണ്ണാടിയാണു. ജീവിതത്തില്‍ പ്രണയമാവര്‍ത്തിക്കുന്നിടത്തോളം കാലം എഴുത്തിലും ആവര്ത്തിക്കാമെന്നിരിക്കെ എന്തോന്നു ആവര്‍ത്തന വിരസത. ഇതൊക്കെ പറഞ്ഞു നടക്കുന്നവന്മാരുടെ മൂക്കിടിച്ചു പരത്തണം. മാത്രമല്ല, പരത്തിയ മൂക്കില്‍ മുളകുപൊടി കൂടി വിതറിയിട്ടേ കേശവന്‍ നായരുടെ കലിപ്പടങ്ങിയുള്ളൂ.

കേശവന്‍ നായരുടെ ബ്ളോഗില്‍ സാറാമ്മ വശംവദയായി. ഒടുവില്‍ കേശവന്‍ നായരുടെ ജീവിതത്തിലും പ്രണയം പുഷ്പിച്ചു. കേശവന്‍ നായരും സാറാമ്മയും ചുമ്മാ ആടിപ്പാടി നടന്നു. ഇതില്‍ക്കൂടുതല്‍ എന്തു പറവാന്‍. ഇതിഃ ശ്രീ കേശവീയ ബ്ളോഗാത്മ്യം സമാപ്തം.

2 അഭിപ്രായങ്ങൾ:

റോഷ്|RosH പറഞ്ഞു...

:)
അടുത്തതെതാ ?

മതിലുകല്‍ക്ക പ്പുറത്ത് നിന്നു s m s അയച്ചുകളിക്കുന്ന നാരായണിയാണോ ??

നന്നായിട്ടുണ്ട്..

Unknown പറഞ്ഞു...

ആ എസ് എം എസ് നീ എന്തു ചെയ്തു?
എന്തിനാ?
ചുമ്മാ അറിയാന്‍?
അതു ഞാനപ്പോഴേ ഡിലീറ്റ് ചെയ്തു.
ഓഹ്...
എന്തു പറ്റി?
ഒന്നുമില്ല. അതെന്റെ ഹൃദയമായിരുന്നു.

സാംഷ്യ...ഇങ്ങനെ തട്ടട്ടേ? :D