-->

Followers of this Blog

2008, നവംബർ 13, വ്യാഴാഴ്‌ച

പാവം പെട്രോള്‍ കമ്പനികള്‍

പാവം പെട്രോള്‍ കമ്പനികള്‍, ദാരിദ്ര്യരേഭയ്ക്ക് താഴേ കേഴും പാവം പെട്രോള്‍ കമ്പനികളല്ലോ. മന്‍മോഹനണ്ണാ...അണ്ണനാണണ്ണ അണ്ണന്‍. വ്യവസായികളുടെ അണ്ണന്‍. അവരുടെ നഷ്ടത്തില്‍ അണ്ണനൊഴുക്കുന്ന കണ്ണീരുകാണുമ്പോ, ഒരു ലിറ്റര്‍ പെട്രോളിന്‍ ഒന്നൊ രണ്ടൊ രൂപ കൂടുതല്‍ കൊടുത്താലോ എന്നു വരെ ഞാനാലോചിക്കാറുണ്ട്. ബിര്‍ള്ളച്ചായനും അമ്പാനിയണ്ണനും ബാങ്കു പലിശ കൊറക്കണമെന്നു പറഞ്ഞപ്പൊത്തന്നെ അണ്ണന്‍ എടുപിടീന്നു കുറച്ചതു കേട്ടു ഉയര്‍ന്ന രോമങ്ങള്‍ താഴാന്‍ തുടങ്ങുമ്പോഴാ അണ്ണന്റെ പെട്രോള്‍ കമ്പനികളോടുല്ല സ്നേഹം കൂടി അറിഞ്ഞതു. ഇനി ഈ രോമങ്ങള്‍ താഴണേല്‍ അടുത്ത മണ്ഡലക്കാലമാകും. യെവന്മാരുടെ നഷ്ടം നമ്മുടെ നാടിന്റെ തീരാ നഷ്ടമാണല്ലൊ.. അപ്പൊ നമ്മളു തന്നെ ഒടുക്കണം. ചുമ്മാ അറിയാന്‍ വേണ്ടിയാണു കേട്ടാ ഈ ചോദ്യങ്ങള്.

എണ്ണകമ്പനികളു പ്രതിവര്ഷം ബ്രാന്ഡ് അമ്പാസഡര്‍മാര്‍ക്കും, പരസ്യത്തിനും വേണ്ടി ഒഴുക്കുന്നത് രണ്ടായിരത്തില്‍ പരം കോടി രൂപാ. പിന്നെയ് പരസയം കണ്ടല്ലെ നമ്മള്‍ പെട്രോളടിക്കുന്നതു. പിന്നെ എണ്ണിയാലൊടുങ്ങാത്തത്ര എണ്ണകമ്പനികള്‍ നാട്ടില്‍ മുളച്ചു നില്‍ക്കുവല്ലെ പരസ്യം കാണിച്ചു വിപണി പിടിക്കാന്‍. മരങ്ങോടന്റെ വണ്ടിയില്‍ പെട്രോളു തീര്ന്നാല്‍ ചരിച്ചടിച്ചും, ചോക്ക് താങ്ങിയും ഉന്തിയും തള്ളിയും ഒരു കണക്കിനു അടുത്ത പമ്പില്‍ ചെന്നു എണ്ണ നിറക്കുമെന്നല്ലാതെ ആരാ, ബ്രാന്ഡ് നോക്കി അടിക്കുന്നത്.

എണ്ണപുരണ്ടു പണ്ടാരടങ്ങി ജീവിച്ചു മടുക്കാതിരിക്കാന്‍ കമ്പനികള്‍ ആഡംബര വിനോദങ്ങള്‍ക്കായി തൊലക്കുന്നതു പ്രതിവര്‍ഷം 800 കോടിയിലധികം വരും. ഇതാരുടെ പോക്കറ്റില്‍ നിന്നു കൊടുക്കണമെന്ന മോഹനാ നീ പറയുന്നത്.

ഈ കഴിഞ്ഞ ആഴ്ചകളില്‍ എണ്ണകമ്പനികളിലെ വിദ്വാന്മാര്‍ കൊച്ചി ടാജ് മലബാറില്‍ വന്നു പുട്ടടിച്ചും കള്ളുകുടിച്ചും മീറ്റിങ്ങു കൂടിയത് ഒന്നരക്കോടി രൂപയ്ക്ക്. ഇത്തരത്തില്‍ ഒരു വര്ഷം യെവന്മാര്‍ മീറ്റിങ്ങു കൂടി തകര്ക്കുന്ന കോടികള്‍ എത്രയെന്നു ഒടയതമ്പുരാനറിയാം.

ഈ നഷ്ടമൊക്കെ നികത്താനാ നമ്മളു ജനങ്ങളുടെ തലയില്‍ അമിത ചാര്ജ്ജ് ഈടാക്കി മന്മോഹന്‍ കമഴ്ത്തിക്കൊടുക്കുന്നത്. ബാരലിനു 60-ല്‍ താഴെ എത്തിയാല്‍ വിലകുറക്കുന്നതു പരിഗണിക്കമെന്നു പെട്രൊളിയം മന്ത്രി ചുമ്മാ തള്ളിയിരിക്കുമ്പോഴാ വില 52 ഡോളര്‍ വരെ എത്തുന്നത്. എന്നിട്ടും വിലകുറക്കില്ല.

ഇപ്പോഴത്തേ വാദം വെച്ചു വില എന്നു കുറയാനാ? എന്നാണു ഇവിടത്തെ കമ്പനികള്‍ നഷ്ടത്തില്‍ നിന്നും കര കയറുന്നത്? മോഹനനു ബോധമുണ്ട്. അതാ പുള്ളി മലമ്പാമ്പിനെ കിട്ടിയാല്‍ മാലയാക്കി ഇടാമെന്നു പറയുന്നതു. മലമ്പാമ്പിനെ കിട്ടുകയുമില്ല. മാലയൊട്ടിടുകയുമില്ല. ഡിസലിനും മണ്ണെണ്ണയ്ക്കും ഉള്ള സബ്സീഡിയില്‍ വന്ന നഷ്ടം എന്നൊക്കെ പറഞ്ഞു, ഞങ്ങളുടെ കണ്ണില്‍ മണ്ണിട്ടോളൂ. ഞങ്ങള്‍ ഈ നാട്ടിലെ ജനങ്ങളല്ലല്ലോ? അങ്ങയുടെ ജനങ്ങള്‍ ടാറ്റയും ബിര്‍ലയും അമ്പാനിയുമല്ലേ.

2008, നവംബർ 8, ശനിയാഴ്‌ച

വൈദ്യുതിചാര്‍ജ്ജ് കൂടുമ്പോള്‍

എടീ ഭാര്യേ...ഇവിടെയുണ്ടായിരുന്നു രണ്ടയേണ്‍ ബോക്സിലൊന്നു കാണുന്നില്ല.

അതു ഞാന്‍ വില്‍ക്കാന്‍ വെച്ചു. നിങ്ങള്ക്ക് ഒരേ സമയം രണ്ടെണ്ണം വേണ്ടല്ലൊ.

വേണ്ട. പക്ഷെ നീയല്ലേ പറഞ്ഞതു രണ്ടണ്ണമുണ്ടെല്‍ സമയലാഭമാണു എന്നു.

ഇതിയാന്‍ വീട്ടില്‍ നില്ക്കുന്ന നേരം പണ്ടു ചെരട്ടാ കത്തിച്ചു ഒരാഴ്ചത്തേക്കുള്ളതു തേച്ചു വെക്കുമാരുന്നല്ലൊ.

അപ്പൊ ചിരട്ടപുകയടിച്ചു ഞാന്‍ കറുത്തുപോകുമെടി. ശോശയുടെ ഭര്‍ത്താവിനെപ്പോലേ ഞാനും വെളുക്കണ്ടേ?

ഓ..അതു നിങ്ങളു അമര്ത്തി തേച്ചു കുളിച്ചാല്‍ മതി കരിയങ്ങു പൊയ്ക്കോളും. പിന്നേയ്‌...അവിടെ വെറുതെ നിക്കുവാണെല്‍ ഇങ്ങോടൊന്നു വന്നേ...

എന്തിനാ...

ഇങ്ങു വാ മനുഷ്യാ...ഞാന്‍ പിടിച്ചിട്ട് ഇതനങ്ങുന്നില്ല.

ഇതിപ്പൊ എന്തിനാ ഈ അരകല്ല്.

നിങ്ങള്‍ക്ക് അരകല്ലില്‍ അരക്കുന്ന ചമ്മന്തി ഇഷ്ടമാണെന്നു, മമ്മി പറഞ്ഞു.

മമ്മി അതു പറഞ്ഞിട്ടു ഇപ്പൊ വര്‍ഷം രണ്ടായി. എനിക്കാണേല്‍ ഇപ്പൊ മിക്സിച്ചമ്മന്തി ഇല്ലാതേ ഒക്കുകേല.

നോക്കിനില്‍ക്കാതെ പിടിക്ക് മനുഷ്യാ..

നീയെന്റെ നടുവൊടിക്കും.

ആ അമ്മിക്കല്ലും ഉരലും കൂടി ഇങ്ങോട്ടടുപ്പിച്ചൊ..

കൊള്ളാം. ഇതും നീ വില്‍ക്കാന്‍ പോവാണോ? എന്റമ്മൂമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാ ഇതൊക്കെ.

എന്നിട്ടാണോ ഇതൊക്കെ തൂത്തു തുടയ്ക്കാത്തതു?

ശെരി. നീയും കൂടി പിടിക്ക്...

പിന്നേയ്, പോകുന്നതിനു മുന്പ് പറമ്പില്‍ കിടക്കുന്ന ഓല കൂടി ഇങ്ങു വലിച്ചിട്ടേരെ. ഇന്നെനിക്ക് അവധിയാ. ഒന്നു രണ്ടു ചൂലുണ്ടാക്കിയേക്കാം.

അതിനു പുറം തൂക്കാനുള്ള ചൂലു ഇവിടെ ഇരിപ്പുണ്ടല്ലോ?

ഇതകത്തു പെരുമാറാനാണിഷ്ടാ..

അതിനല്ലേ സുന്ദരമ്മയൊരു വാക്വം ക്ളീനറുള്ളതു.

ഹോ അതിന്റെ ശബ്ദം കേള്ക്കുമ്പൊ എനിക്ക് പെരുത്തു വരും.

അതിനു ശബ്ദമില്ലല്ലൊ. ചെലപ്പൊ സൈലെന്സര്‍ കേടായിക്കണും. മെക്കാനിക്കിനെ വിളിപ്പിക്കാം.

അതൊന്നും വേണ്ട. തല്‍ക്കാലം ചൂലുമതി.

കൊള്ളാം നല്ലത്. അപ്പൊ ഇനി ഏയ്റൊബിക്സിനും എക്സെര്സൈസിനും വേറേ കാശു കളയണ്ട.

പിന്നെ വൈകീട്ട് തടിമില്ലില്‍ നിന്നും അറക്കപ്പൊടി വാങ്ങണം. കുറ്റിയടപ്പു വെറുതെ ഇരിക്കുവാ.

അറക്കപ്പൊടിയില്‍ പാമ്പ് കേറില്ലെ?

അതിനു വെള്ളുള്ളിയോ, കായമോ കലക്കി ഒഴിച്ചാല്‍ മതി.

കരിപിടിക്കും.

ഞാന്‍ സഹിച്ചു. കുറ്റിയടപ്പാണേല്‍ ഏതുനേരോം തീ കാണും. ചോറോ കറിയോ ഇടക്കു ചൂടാക്കാമല്ലോ.

ഓവനോ.

അതെടുത്തു പെട്ടിയില്‍ വെച്ചേക്കു. അത്യാവശ്യം വരുമ്പോ എടുക്കാം.

ഇനി വേറെ പണിയൊന്നുമില്ലല്ലോ. ഞാന്‍ കുളിക്കാന്‍ പോകുവാ..

എന്നാല്‍ കിണറ്റില്‍ നിന്നും വെള്ളമെടുത്തോളു.

അതെന്താ ടാങ്കില്‍ വെള്ളമടിച്ചില്ലേ. മോട്ടോര്‍ കേടായോ.

അതൊന്നുമല്ല. എല്ലാദിവസവും മോട്ടോര്‍ അടിക്കുന്നതെന്തിനാ. അത്യാവശ്യത്തിനുള്ള വെള്ളം മാത്രം എടുത്താല്‍ മോട്ടോര്‍ വെച്ചു മൂന്നോ നാലോ ദിവസം കൂടുമ്പോ വെള്ളമടിച്ചാല്‍ മതി. കുളിക്കാനും അലക്കാനും വണ്ടികഴുകാനും കിണറ്റിലേ വെള്ളം പോരെ.

മതി. അതു മതി.

എന്താ ആലോചിക്കുന്നേ?

അല്ലെടി ഒരുമനുഷ്യന്‍ ഒറ്റ ദിവസം കൊണ്ട് ഇത്രേം മാറുമോ. എന്നു തുടങ്ങി ഈ രാജ്യസ്നേഹം?

എന്താ..

അല്ലാ ഈ എനെര്ജി സേവിങ് ഹാബിറ്റ്.

ഓ..അതു സ്നേഹം കോണ്ടൊന്നുമല്ല. ഇതിയാന്റെ പേരില്‍ ഇനി എടുക്കാന്‍ ലോണ്‍ ഒന്നും ബാക്കിയില്ലല്ലോ. കറണ്ടുബില്ലടക്കാന്‍ വായ്പ നല്കുന്ന സ്കീം ഒരു ബാങ്കും തുടങ്ങിയിട്ടുമില്ല.

ഓഹ്..അങ്ങിനെ...ഊഹ്..എന്താണെന്നറിയില്ലെടി ഭാര്യേ...ഈ കിണറ്റിലേ വെള്ളത്തില്‍ കുളിക്കാന്‍ നല്ല സുഖം..

കാണും കാണും

ഇടതു വാട്ടം; ചെങ്കൊടി മങ്ങുന്നു.

തദ്ദേശീയ ഉപതെരഞ്ഞേടുപ്പില്‍ ചുവപ്പന്‍ കാറ്റു വീഴ്ച്ച നേരിടുവാന്നു പ്രത്യേകം പൊലിപ്പിക്കേണ്ടതില്ല. ഇടതുകയ്യിലിരുന്ന ഏഴു സിറ്റിങു കൂടി കൈ വിട്ടതോടെ യുഡിഎഫ് 17 സീറ്റുകളൂമായി തെളിഞ്ഞു നില്‍ക്കുന്നു. 14 സീറ്റുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ ഒരെണ്ണം സ്വതന്ത്രനു. സ്വതന്ത്രന്‍ മുന്‍കാല (സിപിഐ) പഞ്ചായത്തു വൈസ് പ്രസിഡന്റായിരുന്നു എന്നതും വെളിയത്തിന്റെ സ്വന്തം പഞ്ചായത്തു(ചെപ്ര)കാരനാണെന്നതും നാടകത്തിന്റെ ആന്റിക്ളൈമാക്സില്‍ പറയാവുന്നതാണു. കക്ഷി സിപിഐയില്‍ നിന്നു ചാടിയതോടെയാ ചെപ്രയില്‍ ഉപതെരഞ്ഞെടുപ്പു സംജാതമായത്. സിപിഎം പിന്തുണ ഇല്ലെന്നു നോട്ടീസടിച്ചിറക്കിയെങ്കിലും, ഉണ്ടായിരുന്നു എന്നത് ചെപ്രയിലേ കൊച്ചു സഖാക്കള്ക്ക് വരെയറിയാം. എന്തായാലും ഭാര്‍ഗ്ഗവന്റെ നാട്ടില്‍ ചുവപ്പുകൊടിക്ക് കെട്ടിവെച്ച കാശുകൂടി കിട്ടിയില്ല. ബിജെപിക്കും വലതനും പിന്നില്‍ നാലാം സ്ഥാനം കൊണ്ടു ചുരുണ്ടുകൂടി.

ഇടതുഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ സര്‍ക്കാരിനു നല്‍കിയ താക്കീതാണിതെന്നൊക്കെ ഒരു രാഷ്ട്രീയ ഭാഷയില്‍ പറയാമെങ്കിലും, വലതു കാലിലല്‍ പറ്റിയ ചെളി ഇടതുകാലില്‍ തേച്ചും പിന്നീട് വലതിലേക്ക് മാറ്റിത്തേച്ചും തുടരുന്ന പ്രതിഭാസം ആവര്‍ത്തിച്ചു എന്നു പറയുന്നതാണു സത്യം. ചെളി കഴുകിക്കളയാനുള്ള യോഗം നമുക്കില്ലല്ലോ. ഗതികേട്. പിന്നെ മക്കള്‍ക്കു കൊടുക്കുന്ന ഭക്ഷണം അവരു കഴിച്ചില്ലേല്‍ പട്ടിക്കു കൊടുക്കുന്നു എന്നു മാത്രം. അതു പട്ടിയോടുള്ള സ്നേഹം കൊണ്ടല്ല; ഭക്ഷണം വേസ്റ്റ് ആക്കണ്ടല്ലോ എന്നു കരുതിയാണു.

യെച്ചൂരനു ജ്യോതിഷം വശമില്ലെങ്കിലും, നാവുപിഴയ്ക്കില്ല എന്നുറപ്പയി. ഇക്കുറി 20-ല്‍ ഒന്നെങ്കിലും എല്‍ഡിഎഫിനു കിട്ടുമോ എന്നു പറഞ്ഞ ആ സെക്കന്റില്‍ നാവില്‍ ഗുളികന്‍ കേറി എന്നു പറഞ്ഞാല്‍ മതിയല്ലൊ. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 20-ല്‍ 18-ഉം നേടി ഡിസ്റ്റിങ്ഷനോടെ പാസ്സായ എല്‍ഡിഎഫിനു, ഇത്തവണ രണ്ടാം മുണ്ടശ്ശേരി ബേബിക്കുട്ടനു കൊടുക്കാവുന്ന മൊഡറേഷനെങ്കിലും കിട്ടിയാല്‍ കൊള്ളാം.

200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഇനി താപ വൈദ്യുതിയുടെ അതേ വില നല്‍കണം. കുറച്ചുകൂടി കഴിഞ്ഞാല്‍ താപനിലയത്തില്‍ നിന്നു ആവശ്യമുള്ളവര്‍ നേരിട്ടുവാങ്ങിക്കൊ എന്നു ബാലന്‍മൂപ്പരു പറഞ്ഞാലതില്‍ അതിശയോക്തി ഉണ്ടാവില്ല. നാസ്തയ്ക്കു വിലകുറയുന്നത് ഭാഗ്യം.

2008, നവംബർ 5, ബുധനാഴ്‌ച

ഒബാമ ജയിച്ചു...മനോരമ വാര്‍ത്തകള്‍

ഒബാമയ്ക്കിഷ്ടം മത്തിക്കറി


വൈറ്റ് ഹൌസ്: മത്തിക്കറിയിലൂടെ കേരളത്തിനും അഭിമാനിക്കാം. അമ്മേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒബാമയ്ക്ക് ഏറ്റവും പ്രിയം കേരളത്തിലെ കള്ളുഷാപ്പില്‍ കണ്ടു വരുന്ന മത്തി ക്കറിയാണു എന്നു ഒബാമ, മാപ്പിളയോട് നേരിട്ടു പറഞ്ഞു. മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണൂ ഒബാമ ഇക്കാരയം വ്യക്തമാക്കിയത്. ഒബാമയുടെ കേരളാപ്രദേശ് വേരുകള്‍ അന്വേഷിച്ചു പോയ മാപ്പിളയ്ക്ക് തൃപതിയായി. കേരളത്തില്‍ വന്നിട്ട് മുല്ലപന്തല്‍, ചെറായി ബീച്ച് ഷാപ്പ് എന്നിവിടങ്ങളിലെ മത്തിക്കറി വാങ്ങി നാട്ടില്‍ കൊണ്ടുപോയി ഭാര്യനേം മക്കളേം തീറ്റിച്ച കാര്യം കൂടി ഒബാമ പറഞ്ഞു.

കുട്ടപ്പന്‍ ഒബാമയുടെ ഉറ്റ തോഴന്‍


വൈറ്റ് ഹൌസ്: ഒബാമയുടെ ഉറ്റതോഴരില്‍ ഒരാളാകാന്‍ ഭാഗ്യം ലഭിച്ച കുട്ടപ്പന്‍ നമ്മുടെ സ്വന്തം ചാലക്കുടിക്കാരന്‍. അഖിലലോക മുടിവെട്ടു തൊഴിലാളി യൂണീയന്റെ ചിക്കാഗോ സമ്മേളനത്തില്‍ വെച്ചാണു കുട്ടപ്പന്‍ ഒബാമയെ കന്ടൂ മുട്ടുന്നത്. അന്നു മുതല്‍ കുട്ടപ്പന്റെ ബാര്ബര്‍ ഷോപ്പില്‍ ചെന്നാണു ഒബാമ മുടിവെട്ടാറു. തന്റെ തെരഞ്ഞെടുപ്പു വിജയത്തില്‍ കുട്ടപന്റെ മുടിവെട്ടിനു വലിയ പങ്കുണ്ടായിരുന്നു എന്നു ഒബാമ സമ്മതിച്ചു. തന്റെ ഒരു കസ്റ്റമറും സുഹൃത്തുമായ ഒബാമ പ്രസിഡന്റായ സന്തോഷത്തിലാണു കുട്ടപ്പന്‍.

ഒബാമയ്ക്ക് ആശംസകള്‍ അര്‍പ്പിക്കൂ


നിങ്ങള്‍ക്കും ഒബാമയ്ക്ക് ആശംസകള്‍ അര്‍പ്പിക്കാം (തള്ളേ ഒബാമയ്ക്കു മലയാളവും തിരിയുമോ, യെവന്‍ പുലി തന്നെ) www.manoramaonline.com/obama

ഒബാമ ജയിച്ചു...മനോരമ വാര്‍ത്തകള്‍

ഒബാമയ്ക്കിഷ്ടം മത്തിക്കറി

വൈറ്റ് ഹൌസ്: മത്തിക്കറിയിലൂടെ കേരളത്തിനും അഭിമാനിക്കാം. അമ്മേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒബാമയ്ക്ക് ഏറ്റവും പ്രിയം കേരളത്തിലെ കള്ളുഷാപ്പില്‍ കണ്ടു വരുന്ന മത്തി ക്കറിയാണു എന്നു ഒബാമ, മാപ്പിളയോട് നേരിട്ടു പറഞ്ഞു. മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണൂ ഒബാമ ഇക്കാരയം വ്യക്തമാക്കിയത്. ഒബാമയുടെ കേരളാപ്രദേശ് വേരുകള്‍ അന്വേഷിച്ചു പോയ മാപ്പിളയ്ക്ക് തൃപതിയായി. കേരളത്തില്‍ വന്നിട്ട് മുല്ലപന്തല്‍, ചെറായി ബീച്ച് ഷാപ്പ് എന്നിവിടങ്ങളിലെ മത്തിക്കറി വാങ്ങി നാട്ടില്‍ കൊണ്ടുപോയി ഭാര്യനേം മക്കളേം തീറ്റിച്ച കാര്യം കൂടി ഒബാമ പറഞ്ഞു.

കുട്ടപ്പന്‍ ഒബാമയുടെ ഉറ്റ തോഴന്‍

വൈറ്റ് ഹൌസ്: ഒബാമയുടെ ഉറ്റതോഴരില്‍ ഒരാളാകാന്‍ ഭാഗ്യം ലഭിച്ച കുട്ടപ്പന്‍ നമ്മുടെ സ്വന്തം ചാലക്കുടിക്കാരന്‍. അഖിലലോക മുടിവെട്ടു തൊഴിലാളി യൂണീയന്റെ ചിക്കാഗോ സമ്മേളനത്തില്‍ വെച്ചാണു കുട്ടപ്പന്‍ ഒബാമയെ കന്ടൂ മുട്ടുന്നത്. അന്നു മുതല്‍ കുട്ടപ്പന്റെ ബാര്ബര്‍ ഷോപ്പില്‍ ചെന്നാണു ഒബാമ മുടിവെട്ടാറു. തന്റെ തെരഞ്ഞെടുപ്പു വിജയത്തില്‍ കുട്ടപന്റെ മുടിവെട്ടിനു വലിയ പങ്കുണ്ടായിരുന്നു എന്നു ഒബാമ സമ്മതിച്ചു. തന്റെ ഒരു കസ്റ്റമറും സുഹൃത്തുമായ ഒബാമ പ്രസിഡന്റായ സന്തോഷത്തിലാണു കുട്ടപ്പന്‍.

ഒബാമയ്ക്ക് ആശംസകള്‍ അര്‍പ്പിക്കൂ

നിങ്ങള്‍ക്കും ഒബാമയ്ക്ക് ആശംസകള്‍ അര്‍പ്പിക്കാം (തള്ളേ ഒബാമയ്ക്കു മലയാളവും തിരിയുമോ, യെവന്‍ പുലി തന്നെ) www.manoramaonline.com/obama

ഇതു നിങ്ങളുടെ വിജയം: ബാറക്ക് ഒബാമ Victory Speech of Obama

ബാറക്ക് ഒബാമയുടെ വിജയ പ്രഭാഷണം: പ്രസക്ത ഭാഗങ്ങള്‍ Courtesy: CNN

ചികാഗോയ്ക്ക് അഭിവാദനങ്ങള്‍,

അമ്മേരിക്കയില്‍ ഏതും സാധ്യമെന്നു സംശയിക്കുന്നവര്ക്കും, നമ്മുടെ സ്ഥാപകരുടെ സ്വപ്നങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടോ എന്നു ഉത്കണ്ഠപ്പെടുന്നവര്ക്കും, നമ്മുടെ ജനാധിപത്യ വ്യവസ്ഥയേ ചോദ്യം ചെയ്യുന്നവര്ക്കുമുള്ള മറുപടിയാണു ഈ രാവ്.

ഈ മറുപടി ജീവിതത്തിലാദ്യമായി മൂന്നും നാലും മണിക്കൂര്‍ തുടര്ച്ചയായി കാത്തിരുന്ന ജനതയുടെയാണു. കാരണം, തങ്ങളുടെ ശബ്ദം അതിനു മാത്രം വ്യത്യസ്തമായതു കൊണ്ടു തന്നെ ഈ സമയവും വ്യത്യസ്തമായിരിക്കുമെന്നു അവര്‍ വിശ്വസിച്ചു. ഈ മറുപടി, ഒരേ സമയം യുവജനങ്ങളുടെയും വയോധീകരുടെയും, കുബേരന്റേയും കുചേലന്റെയും, റിപ്പബ്ളിക്കന്റെയും ഡെമോക്രറ്റുകളുടെയും, കറുത്തവന്റെയും, വെളുത്തവന്റെയും, ഏഷ്യക്കാരന്റെയും, ഹിസ്പാനിക്കൂകളുടെയും, അമ്മേരിക്കന്റെയും, ശേഷിയുള്ളവന്റെയും ഇല്ലാത്തവന്റെയും, സ്വവര്‍ഗ പ്രണയികളുടെയും എതിര്‍വര്‍ഗ പ്രണയികളുടെയുമാണു.

ഞങ്ങള്‍ എതാനും ചില വ്യക്തികളുടെയോ, ചുവപ്പിലും നീലയിലുമുള്ള സംസ്ഥാനങ്ങളുടേയോ കൂട്ടമല്ല, മറിച്ച്, ഇന്നും എന്നും യുണൈറ്റ്ഡ് സ്റ്റേറ്റ്സ് ഒഫ് അമ്മേരിക്കയാണു എന്ന സന്ദേശമാണു, അമ്മേരിക്ക ലോകത്തിനു നല്കുന്നതു.

നല്ല നാളെയെക്കുറിച്ചുള്ള പ്രത്യാശയിലേക്ക്, നമ്മുടെ ചരിത്രപേടകത്തെ അടുപ്പിക്കാന്‍ കഴിയുമെന്നതിന്മേല്‍ ഉയര്ന്ന, സംശയത്തിന്റെ, ഭീതിയുടെ, അശുഭാത്മകതയുടെ വക്കിലേക്ക് നയിക്കപ്പെട്ടവര്ക്ക് ലഭിച്ച ഉത്തരമാണിത്. അതു ഏറെ നാളുകളായി, സമീപസ്തമാകുകയായിരുന്നു. ഈ രാവില്‍, ഈ തെരഞ്ഞെടുപ്പിന്റെ ദിനത്തില്‍, ഈ നിര്‍വചിക്കപ്പെടുന്ന നിമിഷങ്ങളില്‍, അമ്മെരിക്കയിലേക്ക് മാറ്റം കടന്നുവരുന്നു.

എല്ലാറ്റിനും മുകളിലായി, ഇതാരുടെ വിജയമാണു എന്ന കാര്യം ഞാന്‍ ഒരിക്കലും വിസ്മരിക്കില്ല. ഇതു നിങ്ങളുറ്റെ വിജയമാണു. ഈ വിജയം നിങ്ങള്ക്കുള്ളതാണു.

ഞാന്‍ ഈ സ്ഥാനത്തേക്ക് സാധ്യത ഇല്ലാത്ത അര്‍ത്ഥിയായിരുന്നു. ഞങ്ങളുടെ തുടക്കം പണക്കൊഴുപ്പോടെയായിരുന്നില്ല. ഞങ്ങളുടെ തെരഞ്ഞെടുപ്പു പ്രചരണം അട വിരിഞ്ഞത് വാഷിങ്ടണ്ണിലേ വന്‍മുറികളിലായിരുന്നില്ല. ഡെന്‍ മോയിന്സിന്റെ പിന്നാമ്പുറങ്ങളിലും കോണ്‍ക്കോഡിന്റെ സന്ദര്‍ശകമുറീകളിലും, ചാള്‍സ്റ്റന്റെ കാര്‍ പോര്‍ച്ചുകളിലുമാണു അതു തുടങ്ങിയതു. അധ്വാനിക്കുന്ന ജനത നാളേക്കുവേണ്ടി കരുതുന്ന അഞ്ചും പത്തും ഇരുപതും ഡോളറുകളാണു അതിനെ നിര്മ്മിച്ചതു. സ്വന്തം വീടിനെയും കുടുംബത്തേയും പിരിഞ്ഞു, ഉറക്കമിളച്ച്, കുറഞ്ഞവേതനത്തിനു ജോലി ചെയ്യുന്ന യുവത്വമാണു ഇതിനു കരുത്തു പകര്ന്നത്. ഉറയുന്ന തണുപ്പിനെയും, പൊള്ളുന്ന ചൂടിനെയും എതിരിട്ടും തീര്ത്തും അപരിചിത്മായ വാതിലില്‍ മുട്ടുകയും ചെയ്ത, യുവത്വം കഴിഞ്ഞു പോയവരില്‍- രണ്ടുനൂറ്റാണ്ടുകള്ക്ക് ശേഷവും, ജനങ്ങളുടെ, ജനങ്ങളാല്‍, ജനങ്ങള്ക്ക് വേണ്ടിയുള്ള ഭരണസംവിധാനം ഭൂമുഖത്തുനിന്നു തുടച്ചുമാറ്റപ്പെടാതിരിക്കാന്‍ പരിശ്രമിചവരില്‍ നിന്നാണു‍ അത് ശക്തിയാര്ജ്ജിച്ചതു.

ഇതു നിങ്ങളുടെ വിജയമാണു.

ഇതു നിങ്ങള്‍ ചെയ്തതു ഒരു തെരഞ്ഞെടുപ്പിനെ ജയിക്കാന്‍ വേണ്ടി മാത്രമല്ല. ഇതു നിങ്ങള്‍ ചെയ്തതു എനിക്ക് വേണ്ടിയല്ല.

ആഘോഷങ്ങളുടെ ഈ രാവുകള്ക്കപ്പുറം എണ്ണിയാലൊടുങ്ങാത്ത കര്ത്തവ്യങ്ങള്‍ കാത്തിരിക്കുന്നു-രണ്ട് യുദ്ധങ്ങള്‍, നാശത്തിന്റെ മുഖത്തെത്തി നില്ക്കുന്ന ഗ്രഹം, ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റം മോശമായ സാമ്പത്തീക പ്രതിസന്ധി. ഇറാക്ക് മരുഭൂമികളിലും, അഫ്ഘാന്‍ മലനിരകളിലും ജീവന്‍ പണയം വെച്ച് നടന്നു നീങ്ങുന്ന ധീരരായ നമ്മുടെ പടയാളികള്‍, നാളെ സ്വന്തം മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും, ചികിത്സാചിലവിനെക്കുറിച്ചും, വായ്പാതിരിച്ചടവിനെക്കുറിച്ചും ആശങ്കാകുലരാകുന്ന മാതാപിതാക്കള്‍, പുതിയ ഊര്‍ജ്ജസങ്കേതങ്ങള്‍സൃഷ്ടിക്കെണ്ടുന്ന പുതിയ തൊഴിലവസരങ്ങള്‍, നേരിടേണ്ടുന്ന ഭീഷണികള്‍. ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. നമ്മള്‍ ഒരു ജനത എന്ന നിലയില്‍ അവിടെ എത്തിച്ചേരും.

ആദ്യമായി ഈ സംസ്ഥാനത്തില്‍ നിന്നാണൂ ഒരു മനുഷ്യന്‍ റിപ്പബ്ളിക്കന്‍ പതാകയേന്തി വൈറ്റ് ഹൌസിലേക്കു പോയത് എന്ന കാര്യം നമുക്ക് സ്മരിക്കാം: സ്വയം പര്യാപ്തത, വ്യക്തിസ്വാതന്ത്ര്യം, രാജ്യത്തിന്റെ അഖണ്ഡത എന്നീ മൂല്യങ്ങളില്‍ ഒരു പ്രസ്ഥാനം പടുത്തുയര്‍ത്തിയ ഒരു മനുഷ്യന്-എബ്രാഹം ലിങ്കണ്‍.

ഈ ലോകത്തെ പിച്ചിച്ചീന്താന്‍ ഒരുങ്ങുന്നവരോട്: നിങ്ങളേ ഞങ്ങള്‍ പരാജയപ്പെടുത്തും. സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പരിശ്രമിക്കുന്നവരോട്: നിങ്ങളേ ഞങ്ങള്‍ പിന്തുണയ്ക്കും. അമ്മേരിക്കയുടെ ദീപസ്തംഭത്തിന്റെ പ്രഭ മങ്ങിയോ എന്നു സംശയിക്കുന്നവരോട്: അമ്മേരിക്കയുടെ ശക്തി, ആയുധബലത്തിലോ, സമ്പത്തിലോ അല്ല, മറിച്ചു അതിന്റെ ശക്തി അടിയുറച്ചിരിക്കുന്നത് ഈ മൂല്യങ്ങളിലാണു-ജനാധിപത്യം, സ്വാതന്ത്ര്യം, അവസരം, പിന്നെ അടങ്ങാത്ത പ്രതീക്ഷയും.

അതാണു അമ്മേരിക്കയുടെ യഥാര്‍ത്ഥ പ്രതിഭ: അമ്മേരിക്കയ്ക്ക് മാറുവാന്‍ കഴിയും, നമ്മുടെ സംവിധാനം കുറ്റമറ്റതാക്കാന്‍ കഴിയും, ഇന്നലെ നമ്മള്‍ നേടിയതെല്ലാം നാളേ നമുക്കു നേടാന്‍ കഴിയുന്നതിനെക്കുറിച്ച് പ്രതീക്ഷ നല്കുന്നു.

അതേ! നമ്മുക്ക് കഴിയും.

ഒരു മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തി. ബെര്ളിന്‍ മതില്‍ തകര്‍ന്നു. നമ്മുടെ ശാസ്ത്രവും സങ്കല്പവും ലോകത്തെ പരസ്പരം ബന്ധിപ്പിച്ചു.

അതേ! നമ്മുക്ക് കഴിയും.

അമ്മേരിക്ക, നമ്മള്‍ ഇതു വരെ എത്തി, ഒരുപാടു കണ്ടു. ഇനിയും ഒരുപാട് ചെയ്യുവാനുണ്ട്. അതുകൊണ്ട് ഇന്നു രാത്രി നമുക്ക് നമ്മോട് തന്നെ ചോദിക്കാം. അടുത്ത നൂറ്റാണ്ട് നമ്മുടെ മക്കള്‍ കാണുമെങ്കില്‍, 106 വയസ്സു വരെ എന്റെ പെണ്‍മക്കള്ക്ക് ജീവിക്കാന്‍ ഭാഗ്യം ലഭിക്കുമെങ്കില്‍ എന്തെന്തുമാറ്റം അവര്‍ കാണും? എന്തെന്തു പുരോഗതികള്‍ നമ്മള്‍ ഉണ്ടാക്കിയിട്ടുണ്ടാവും?

ഈ ചോദ്യങ്ങള്ക്ക് ഉത്തരം നല്കുവാനുള്ള അവസരമാണിത്. ഇതു നമ്മുടെ നിമിഷമാണു.

ഇതു നമ്മുടെ സമയമാണു: നമ്മുടെ ജനങ്ങള്ക്ക് തൊഴില്‍ തിരിച്ചു നല്‍കാനും നമ്മൂടെ കുട്ടികള്ക്ക് പുതിയ അവസരങ്ങളുടെ വാതില്‍ തുറന്നു കൊടുക്കുവാനും, സമൃദ്ധി പുനഃസ്ഥാപിക്കാനും സമാധാനം അഭിവൃദ്ധിപ്പെടുത്താനും, അമ്മേരിക്കയുടെ സ്വപ്നത്തിനായി പുനര്‍വാദിക്കാനും ശ്വാസത്തിലും പ്രതീക്ഷയിലും, നാനാത്വത്തിലും ഞങ്ങള്‍ ഏകൈകരാണു എന്ന സത്യം മുറുകേ പിടിക്കാനും. കൂടാതെ, എവിടെയൊക്കെ ഞങ്ങള്ക്ക് അസാധ്യം എന്ന സംശയവും, ദോഷൈകദൃക്കുകളും ഉയരുന്നുവോ അവിടെയൊക്കെ ഞങ്ങളുടെ ആവേശത്തെ സങ്കലനം ചെയ്യുന്ന കാലത്തെ വെല്ലുന്ന ഈ വിശ്വാസപ്രമാണം കൊണ്ടു ഞങ്ങള്‍ പ്രതികരിക്കും. Yes, We can.

നന്ദി. ദൈവം നിങ്ങളെയും, അമ്മേരിക്കയേയും അനുഗ്രഹിക്കട്ടെ.

ORIGINAL TEXT AND VIDEO FROM CNN

2008, നവംബർ 2, ഞായറാഴ്‌ച

പ്രേമലേഖനം പാര്‍ട്-2

കേശവന്‍ നായര്‍ വീണ്ടും പ്രേമലേഖനം എഴുതാനിരുന്നു.

പ്രിയപ്പെട്ട സാറാമ്മേ,

ജീവിതം യൌവ്വനതീഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍…

കൊടച്ചക്രം. സാറാമ്മയ്ക്കിഷ്ടം ബ്ളോഗുകളാണു. എന്നു കരുതി കേശവന്‍നായര്‍ക്ക് ഈ വരികളല്ലാതെ മറ്റൊന്നും വായില്‍ വരുന്നില്ല. അവളു പറഞ്ഞ മാസശമ്പളം പുഷ്പം പോലെ കൊടുക്കാനുള്ള വരുമാനം കേശവന്‍ നായര്‍ക്കുണ്ട്. പക്ഷേ നാലാളു വായിക്കൊന്നൊരു ബ്ളോഗ് തനിക്കുണ്ടൊ? അപ്പിയിടാന്‍ മുട്ടിയ പട്ടിയേ പോലെ ഈ ചോദ്യത്തിനു ചുറ്റും കേശവന്‍ നായര്‍ മോങ്ങിയും മണ്ടിയും നടന്നു. സാറാമ്മയ്ക്ക് ഇദം പ്രഥമമായെഴുതിയ പ്രേമലേഖനമല്ലാതെ മറ്റൊന്നും എഴുതി ശീലമില്ലാത്ത അയാള്‍ ബ്ളോഗുകളില്‍ നോക്കി കണ്ണു തള്ളിയിരുന്നു. എന്തെങ്കിലും ഏഴുതി സാറാമ്മയെ പ്രീതിപ്പെടുത്തിയിട്ടു തന്നെ കാര്യം. അല്ലേല്‍ അവളുകൊള്ളാവുന്ന ഒരു ബ്ളോഗറുടെ കൂടെ പോകും. സാറാമ്മേ നിന്റെ പ്രേമത്തിനായ് മാത്രമാണു ഞാനിതെഴുതുന്നത്, എന്ന ഒറ്റ മൂച്ചില്‍ കേശവന്‍ നായര്‍ എഴുതിത്തുടങ്ങി.

ചെമ്മാനും ചെരുപ്പുകുത്തിക്കും കൈ വെക്കാവുന്ന ഏരിയ എന്ന നിലയില്‍ പ്രണയം തന്നെ കയ്യിട്ടുവാരി. അപ്പൊ ത്രെഡ് അതാണു പ്രേമനൈരാശ്യം. പണ്ടു ലിറ്റ്റേച്ചര്‍ ക്ളാസ്സില്‍ ഈ പരുവത്തില്‍ കഥകള്‍ എഴുതി ആരാധികമാരെ സൃഷ്ടിക്കുകയും ആരാധികമാരില്‍ ചിലര്‍ കാമുകിമാരാകുകയും ചെയ്യുന്നതു കണ്ടു തന്റെ പുച്ഛം മലപോല്‍ വളരുകയും അതിനു മുകളില്‍ അവരുടെ പ്രണയമരം വളരുകയും ചെയ്ത നാളുകളില്‍ കേശവന്‍ നായര്‍ അവളൂമാരെ മരമണ്ടികള്‍ എന്നും കൂപമണ്ഡൂകങ്ങളെന്നും എന്നും വിളിച്ചു. അതൊക്കെ പറഞ്ഞിട്ടു ഇനി കാര്യമില്ല. കഥ തുടങ്ങിയേക്കം.

സുന്ദരനായ ഒരു നായകന്‍. അതു താന്‍ തന്നെയായിക്കോട്ടെ. അല്ലേല്‍ വേണ്ട. സാറാമ്മ തെറ്റിദ്ധരിക്കും. നായകനു വേറെ പേരു കൊടുക്കം. സുകുമാരന്‍. സുകു എന്നു വിളിക്കാം. നായിക മേരി. ഇതിലൊരാള്‍ ദരിദ്രനാ(യാ)കണം. എന്നാലേ സെന്റിമെന്റ്സ് വര്‍ക്കൌട്ടാകൂ. അല്ലെങ്കില്‍ എന്തെങ്കിലും കഴിവുകേടുണ്ടാക്കണം . കഴിവുകേട് അറിഞ്ഞുകൊണ്ടുള്ള പ്രണയത്തിനു പണ്ടേ മാര്‍ക്കറ്റു കൂടുതലാ. എന്തായാലും മേരിയേപ്പിടിച്ചങ്ങ് ദരിദ്രയാക്കിയേക്കാം. സുകുവെന്നാണു പേരെങ്കിലും, കക്ഷി താന്‍ തന്നെയാകയാല്‍ സ്വയം ദരിദ്രനാകാന്‍ കേശവന്‍ നായര്‍ മടിച്ചു. (കേശവനാളു ഷോവനിസ്റ്റാ).

നായകനും നായികയും റെഡിയായ സ്ഥിതിക്ക് ഇനി അവരെക്കൂടിമുട്ടികാനൊരിടം വേണം. ചന്ത, അമ്പലം, പള്ളിമുറ്റം, കുളക്കടവ്, കോളേജ് ലൈബ്രറി, ബസ് സ്റ്റാന്റ് ഇതൊന്നും കേശവന്‍ നായര്‍ക്ക് പിടിച്ചില്ല. അയാള്‍ സുകുവിനെ ഒരു കള്ളു ഷാപ്പില്‍ കൊണ്ടു ചെന്നിരുത്തി. അവിടെ കറി വിളമ്പാന്‍ മേരിക്കുഞ്ഞിനെയും. മേരിക്കുഞ്ഞിന്റെ മത്തിക്കറിയില്‍ സുകുമാരനും, സുകുമാരന്റെ റെയ്ബാന്‍ കണ്ണടയില്‍ മേരിക്കുഞ്ഞും ആകൃഷ്ടയായതോടു കൂടി, കേശവന്‍ നായര്‍ പ്രണയത്തിന്റെ മാലപ്പടക്കത്തിനു ബീഡിക്കുറ്റി വെച്ചു കൊടുത്തു. അവരുടെ പ്രണയങ്ങളില്‍ മുന്തിരിക്കള്ളും മത്തിച്ചാറും നിറഞ്ഞു.

ഇതിനിടയില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നു കേശവന്‍ നായര്‍ക്ക് തോന്നി. അതു വഴി അവരുടെ ഇടയില്‍ ഒരു ഉടക്ക് ഉണ്ടാകുകയും, പിന്നെ തെറ്റിദ്ധാരണ മാറുന്ന മുറയ്ക്ക് മാപ്പു പറയല്‍, മാപ്പുകൊടുക്കല്‍, ആശ്വസിപ്പിക്കല്‍, പ്രേമം വര്ദ്ധിപ്പിക്കല്‍ തുടങ്ങിയ മസാലകള്‍ ചേര്‍ക്കാം.

മേരിക്കുഞ്ഞിനു സുകു ബീഡിവലിക്കുന്നത് കണ്ടാല്‍ ഹാലിളകും. സുകുവിനെക്കോണ്ട് അക്കാര്യം സത്യപ്രതിജ്ഞ ചൊല്ലിച്ചു നിരോധിച്ചിട്ടുള്ളതുമാണു. അങ്ങിനെ ഇരിക്കെയാണു ഷാപ്പില്‍ സുകുവിരിക്കുന്ന മൂലയില്‍ നിന്നും പുക ‘ഗമഗമാ’ന്നു ഉയര്‍ന്നു വരുന്നത് മേരികണ്ടത്. വിശ്വാസവഞ്ചനയ്ക്ക് ഇതില്‍ പരം എന്തു വേണം. അവള്‍ കെറുവിച്ചു. കെറുവിച്ച് അടിയായി, ഡിവോഴ്സ് വരെ എത്തിച്ച സാഹചര്യത്തിലാണു മിന്നായം പോലേ പുകയുടെ ഉത്ഭവം മേരീ കണ്ടത്. സുന്ദരമായൊരു ആമത്തിരി. ഷാപ്പില്‍ ജനിച്ചു വളര്‍ന്ന കൊതുകുകളുടെ ശല്യം സഹിക്കവയ്യാതെ സുകുമാരന്‍ സ്വന്തം ചെലവില്‍ കത്തിച്ചു വെച്ച ആമത്തിരിയുടെ പുക കണ്ടാണല്ലോ, സുകുവണ്ണനെ തെട്ടിദ്ധരിച്ചതെന്നോര്‍ത്ത് മേരി നെഞ്ചത്തലച്ചു കരഞ്ഞു. മാറത്തു തടവി സുകുമാരന്‍ അവളെ ആശ്വസിപ്പിച്ചു. അങ്ങിനെ പ്രേമം പൂര്‍വ്വാധികം ശക്തി പ്രാപിച്ചു.

ഇനി ഇവരെ പിരിക്കുന്നതാണു ക്ളൈമാക്സ്. എന്നു മാത്രമല്ല അവരു പിരിയുമ്പോ വായിക്കുന്നവരു മൂക്കുപിഴിഞ്ഞു പണ്ടാരടങ്ങണം. മേരിക്കുഞ്ഞിനു ഒരു കല്യാണ ആലോചന കൊണ്ടു വന്നാലോ? അതില്‍ മനം നൊന്തു പാടുന്ന സുകുവിന്റെ ഘോര ശബ്ദം കേശവന്‍ നായര്‍ക്ക് സുഖിച്ചില്ല. അവിഹിത ഗര്‍ഭമുള്ള ഏതെങ്കിലും പെണ്ണിനെ സുകുമാരന്റെ തലയില്‍ കെട്ടി വെച്ച് മേരിക്കുഞ്ഞിനെ തെറ്റിദ്ധരിപ്പിക്കാം എന്നു വെച്ചാല്‍ ആമത്തിരി സംഭവത്തിനു ശേഷം മേരിക്ക് സുകുവിനു ഒടുക്കത്തെ വിശ്വാസമാണു. സുകുവിനു ക്രൂരനായ ഒരപ്പനുണ്ടാകി മേരിയെ തട്ടിക്കളയുക, മത്തികറിക്ക് ഉപ്പു കൂടിപ്പോയെന്നു പറഞ്ഞു മേരിയെ ആത്മഹത്യ ചെയ്യിപ്പിക്കുക, കള്ളു കുടിച്ച് കടം കേറി സുകു ആത്മഹത്യ ചെയ്യുക, മേരിക്കു നന്മ വരാന്‍ സുകു ഒഴിഞ്ഞു മാറുക, സുകു വിഷമദ്യം കഴിച്ചൊ ടിപ്പര്‍ ലോറി കേറിയൊ പടിയാകുക തുടങ്ങിയ നൂറായിരം ഓപ്ഷനുകള്‍ കേശവന്‍ നായര്‍ ചിന്തിച്ചു കൂട്ടി.

ഒടുവില്‍ ഒരാഴ്ചത്തേക്ക് സുകുവിനെ പഴനിക്കു പറഞ്ഞു വിട്ടു. പോയി വരുന്നതിനിടയില്‍ മേരിക്കുഞ്ഞിനെ വെറെ കല്യാണവും കഴിപ്പിച്ചു. ഘോരമെങ്കിലും സുകുവിനെ നിരാശയില്‍ പാട്ടുപാടാന്‍ അനുവദിച്ചു കേശവന്‍ നായര്‍ തന്റെ പ്രഥമ ബ്ളോഗ് പോസ്റ്റ് ചെയ്തു.

കേശവന്‍ നായര്‍ പണ്ടു പണ്ടു പുച്ഛിച്ച മരമണ്ടികള്‍(ണ്ടന്മാര്‍) ബ്ളോഗിനെ വളഞ്ഞു കൂടി സ്തുതി പാടുകയും പൂമാലയര്‍പ്പിക്കുകയും ചെയ്തു. അതു കേട്ട് സാറാമ്മ നിര്‍വൃതിയടഞ്ഞു. കേശവന്‍ നായര്‍ വീണ്ടും വീണ്ടുമെഴുതി. പറഞ്ഞതും പറയാത്തതുമായ പ്രണയങ്ങള്‍ ബൂലോകത്ത് വിലസ്സി നടന്നു. നായകന്റെ ആത്മഹത്യ, നായികയുടെ ആത്മഹത്യ, നായികയുടെ വിവാഹം അഥവാ നായകന്റെ വിരഹം, നായകന്റെ മാറാരോഗം, ക്രൂരനായ അപ്പന്മാര്‍, ഇന്നും കാത്തിരിക്കുന്ന നായിക തുടങ്ങിയ ക്ളൈമാക്സുകള്‍ വായിച്ച്, കൂപമണ്ഡൂകങ്ങള്‍ മൂക്കുചീറ്റി. ആവര്‍ത്തന വിരസ്സത, പുതുമയില്ലായ്മ എന്നൊക്കെ പറഞ്ഞു ചെളിയെറിഞ്ഞ വിവരമില്ലാത്തവരെ കേശവന്‍ നായര്‍ മൈന്റ് ചെയ്തില്ല. എന്നു മാത്രമല്ല ചില കമന്റുകള്‍ വേസ്റ്റ് ബാസ്കറ്റില്‍ കമഴ്ത്തുകയും ചെയ്തു.

കേശവന്‍ നായരെ സംബന്ധിച്ചിടത്തോളം എഴുത്ത് എന്നു പറയുന്നത് ജീവിതത്തിലേക്ക് തിരിച്ചു വെച്ച 50X20 ft. കണ്ണാടിയാണു. ജീവിതത്തില്‍ പ്രണയമാവര്‍ത്തിക്കുന്നിടത്തോളം കാലം എഴുത്തിലും ആവര്ത്തിക്കാമെന്നിരിക്കെ എന്തോന്നു ആവര്‍ത്തന വിരസത. ഇതൊക്കെ പറഞ്ഞു നടക്കുന്നവന്മാരുടെ മൂക്കിടിച്ചു പരത്തണം. മാത്രമല്ല, പരത്തിയ മൂക്കില്‍ മുളകുപൊടി കൂടി വിതറിയിട്ടേ കേശവന്‍ നായരുടെ കലിപ്പടങ്ങിയുള്ളൂ.

കേശവന്‍ നായരുടെ ബ്ളോഗില്‍ സാറാമ്മ വശംവദയായി. ഒടുവില്‍ കേശവന്‍ നായരുടെ ജീവിതത്തിലും പ്രണയം പുഷ്പിച്ചു. കേശവന്‍ നായരും സാറാമ്മയും ചുമ്മാ ആടിപ്പാടി നടന്നു. ഇതില്‍ക്കൂടുതല്‍ എന്തു പറവാന്‍. ഇതിഃ ശ്രീ കേശവീയ ബ്ളോഗാത്മ്യം സമാപ്തം.