-->

Followers of this Blog

2009, ഓഗസ്റ്റ് 26, ബുധനാഴ്‌ച

പ്രേയ്സ് ദ് ലോ(ര്‍)ഡ്

ഞായറാഴ്ച…

സകലമാനവനും അവധിദിവസമാകേണ്ടതും സത്യക്രിസ്ത്യാനികള്‍ക്ക് കടമുള്ളതുമായ ദിവസം, അഥവാ അന്ന് വിലക്കപ്പെട്ട വേലകള്‍ ചെയ്യരുതെന്ന് സഭയുടെ പ്രമാണങ്ങളില്‍ പറയുന്നു. ഏതൊക്കെയാണു ഈ വേലകള്‍ എന്നു ഡിഫൈന്‍ ചെയ്യത്തതിനാല്‍ പശു, പോത്ത്, കാള, ആട്, മാട്, കോഴി, പന്നി തുടങ്ങിയവയെ വെട്ടിവിറ്റ് കാശാക്കുന്നവരും, കള്ളുവില്‍ക്കുന്നവരുമായ ക്രിസ്ത്യാനികളെ സൌകര്യപൂര്‍വ്വം ഒഴിവാക്കിയിട്ടുണ്ട്.

അന്നു പള്ളിയില്‍ പോകണമെന്ന നിയമം കൂടി ഉള്ളതിനാല്‍ മൂന്നാമത്തെ കുര്‍ബ്ബാനയ്ക്ക് തന്നെ പൊയേക്കം എന്നുറപ്പിച്ച് ഒരു എട്ടരയോടെ ഞാന്‍ എണീറ്റു. ലോകത്തിലേതന്നെ ഏറ്റവും സുന്ദരമായ കുര്‍ബ്ബാന മൂന്നമത്തെ കുര്ബ്ബാനയാണു. കാര്യം മതസൌഹാര്‍ദ്ദമൊക്കെയുണ്ടെങ്കിലും ഇടവകയിലേ സുന്ദരികളായ പെണ്ണാടുകളെ വായ്‌നോക്കുന്നതില്‍ ഒരു പ്രത്യേക സുഖം ഉണ്ട്. അതിനു മൂന്നാമത്തെ കുര്‍ബ്ബാനയാണു ബെസ്റ്റ്. മൂന്നാം കുര്ബ്ബാനയ്ക്ക് ഒന്‍പതുമണിക്കടിക്കുന്ന പള്ളിമണിയും ആ ഇടവകയിലെ യുവഹൃദയങ്ങളുടെ മിടിപ്പുമായി, കാലാകാലങ്ങളോളം സാമ്യമുണ്ട്. പ്രേമവും വായ്‌നോക്കലുമല്ല വിഷയം എന്നതിനാല്‍ ഇതിവിടെ നില്ക്കട്ടെ.

പതിവുപോലേ അച്ചന്‍ സുവിശേഷപ്രസംഗം നിറുത്തിയ സമയത്തു തന്നെ പള്ളിയിലെത്താന്‍ കഴിഞ്ഞതില്‍ എനിക്ക് സംതൃപ്തി തോന്നി. വട്ടക്കല്ലില്‍ ഇരുന്നു കുര്‍ബ്ബാന കാണുന്നത് കൊണ്ട്, പുഴയിലൂടെ പോകുന്ന വള്ളങ്ങളുടെയും മീന്‍ബോട്ടുകളുടെയും എണ്ണമെടുക്കം എന്ന ഗുണമുണ്ട്. സമയം പോകുന്നതറിയത്തുമില്ല.

അങ്ങിനെ വായ്‌നോട്ടവും വള്ളനോട്ടവും തകൃതിയായി നടക്കുമ്പോഴാണു, മേരിച്ചേച്ചിയുടെ വായില്‍ അകപ്പെടുന്നത്. പ്രാര്‍ത്ഥന, സുവിശേഷം, ധ്യാനം എന്നിങ്ങനെ സകലമാന കലാപരിപാടികളൂം ഉള്ളതിനാല്‍ കര്‍ത്താവിനു മേരിച്ചേച്ചിയെ നന്നേ ബോധിക്കുകയും ഉടലോടെ സ്വര്‍ഗ്ഗത്തില്‍ കേറാന്‍ ചാന്സുള്ളവരുടെ ലിസ്റ്റില്‍ ടിയാന്റെ പേരു തിരുകിക്കേറ്റുകയും ചെയ്തിട്ടുണ്ട്.

മേരിച്ചേച്ചി: പ്രേയ്സ് ദ് ലോ(ര്‍)ഡ്
ഞാന്‍: ഈശൊ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
മേരിച്ചേച്ചി: നിന്നോട് പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ വരണമെന്നു പറഞ്ഞിട്ടെന്തായി?
ഞാന്: അതു പിന്നെ സമയം കിട്ടെണ്ടെ ചേച്ചി.
മേരിച്ചേച്ചി: നീ കുര്‍ബ്ബാനയ്ക്കു വന്നിട്ടെന്താ പള്ളീടകത്തു കേറാത്തത്
ഞാന്: വന്നപ്പോ വൈകി, അപ്പൊപ്പിന്നെ പുറത്തു നില്‍ക്കാം എന്നു കരുതി.

വൈകി എന്ന റീസണ്‍ പറയാന്‍ തോന്നിയ നേരത്തെ ഞാന്‍ ശപിച്ചു. പണ്ടാരമടങ്ങാന്‍ മേരിച്ചേച്ചി അവീടെനിന്നും ഒരു ഗിരിപ്രഭാഷണം തുടങ്ങി. പത്തുപ്രമാണങ്ങളും, തിരുസഭയുടെ കല്പനകളും, ചാവുദോഷവും നരഗാഗ്നിയും, തീപ്പൊയ്കയും, പഴയതും പുതിയതുമായ സകലനിയമങ്ങളും അടങ്ങിയ അത്തരമൊരു പ്രസംഗം കേട്ടിട്ടു, ഉടയതമ്പുരാന്‍ നേരിട്ടു വന്നു എന്റെ തലയില്‍ ഇടിത്തീ ഇറക്കിക്കളയുമോ എന്നു വരെ ഞാന്‍ ചിന്തിച്ചു. ഒടുവില്‍ “നീയൊന്നും നന്നാകില്ലെട” എന്ന വട്ടപ്രാക്കും പാകി, മേരിച്ചേച്ചി നടന്നകന്നു. ഈ സമയം കൊണ്ട് കുര്‍ബ്ബാനയ്ക്കു വന്ന കൊള്ളാവുന്ന പെമ്പിള്ളാരൊക്കെ കുടുംബത്തെത്തിയിരുന്നു. ആ ദിവസവും പോയിക്കിട്ടി.

തിങ്കളാഴ്ച…

നല്ലതണുപ്പുള്ളതിനാല്‍ അന്നൊരു മെഡിക്കല്‍ ലീവെടുത്തു ചുമ്മാ ഉറങ്ങിയേക്കം എന്നു വിചാരിച്ച് കിടക്കുമ്ബൊഴാ, കേള്‍ക്കാന്‍ കൊള്ളാവുന്നതും അല്ലാത്തതുമായ നല്ല നാടന്‍ തെറികള്‍ എന്റെ ഉറക്കം നശിപ്പിച്ചത്. മലയാളഭാഷയിലേക്ക് പരിഗണിക്കാവുന്ന ചില പുതിയ തെറികള്‍ക്കൊപ്പം വടുകത്തി, ചെറ്റ, കരനാറി, പരതെണ്ടി തുടങ്ങിയ ലഘുവായ പ്രയോഗങ്ങളും കേള്‍ക്കുന്നുണ്ട്. ഒരാടാണു മാറ്റര്‍. ജൊക്കിത്താത്തിയുടെ ആട് അടുത്ത വീട്ടിലെ പറമ്പില്‍ സ്വൈര്യവിഹാരം നടത്തുകയും പറമ്പില്‍ നിന്നിരുന്ന മൊത്തം വാഴത്തൈകളിലൊന്നിന്റെ കൂമ്പില തിന്നുകയും ചെയ്തിരിക്കുന്നു. അയല്‍ക്കാരെ തമ്മില്ലടിപ്പിക്കുന്നതില്‍ ആട്, കോഴി എന്നിവയ്ക്കുള്ള സ്വാധീനം പറയേണ്ടതില്ല.

പറമ്പിന്റെ ഉടമ ആരെന്നും പുതിയ തെറികളുടെ ഉപജ്ഞാതാവേതെന്നും ഇതിനകം മനസ്സിലായിക്കഴിഞ്ഞതിനാല്‍ അതു മേരിച്ചേച്ചി തന്നെ എന്നു ഉറപ്പിച്ചു പറഞ്ഞു കൊണ്ട് കഥ നിറുത്തുന്നു. പ്രേയ്സ് ദ് ലോ(ര്‍)ഡ് എന്നു മാത്രമല്ല, ഇതു കൂടി പറഞ്ഞേക്കട്ടേ.

“നിങ്ങളുടെ അധരങ്ങള്‍ എന്നെ(ദൈവത്തേ) സ്തുതിക്കുന്നുവെങ്കിലും ഹൃദയങ്ങള്‍ അകലെയത്രെ”. -ബൈബിള്‍

2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

പിറക്കാതെ പോയവര്‍

മണ്ണിന്റെ നിറമറിയാതെ,
വിത്തിനുള്ളില്‍ കരിഞ്ഞു പോയൊരു
രണ്ടിലത്തളിര്‍,
ഉണ്ണീ നീയെന്തെ പിറക്കാതെ പോയി?

അളവുകോല്‍ തെറ്റിയ പിള്ളത്തൊട്ടില്‍
വിമൂകമെന്‍ മുന്നിലാടുന്നു
നീയെന്തെയുണ്ണീയിതില്‍
വിരുന്നു വന്നീല?
കണ്ണുനീര്‍ മണമല്ല
അമ്മിഞ്ഞ നിന്‍ ചുണ്ടില്‍
പകരുന്ന മണവും മോണച്ചിരിയും
ഇനിയെന്താണു ഞാന്‍
കാത്തിരിക്കേണ്ടത്?
നീയാണെന്നോ പെണ്ണെന്നൊ
ചോദിച്ചില്ല
തെല്ലുമേ ഞാന്‍
നീയാരോടാണു പരിഭവിച്ചത്?
തുന്നിചേര്‍ത്തൊരി കുഞ്ഞു പാവും
കിലുകിലെ കിലുങ്ങുമണി, തൊങ്ങലും,
കറുത്ത ചാന്തും, കരിവളകളും
കാത്തുകാത്ത് വെച്ച
കവിളിലൊരുമ്മയും
ഏറ്റുവാങ്ങാനാരിനിയീ വഴി?


ചിറകുകളില്‍ നിറമുള്ള
സംഗീതമേറി
നീ പറന്നു പോയതൊരു
പുതുമേട്ടിലാവാം
പുതുതീരമണയാന്‍
വഴിമാറിയൊഴുകിയതാവാം
എങ്കിലും...
വിരലെണ്ണിയ നാളുകളിലെ
അമ്മയായ് മാറിയ
ഒരുവളുടെ പ്രാര്‍ത്ഥന

പോകുമീ പോക്കില്‍
നീയെന്റെ വേദനയുമെടുത്തു
കൊള്‍ക...

കുഞ്ഞിക്കാലടികള്‍
പതിയാതെ പോയ
ശാപം വീണ മടിത്തട്ടിനു
മാപ്പ്...

2009, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ഓര്‍മ്മിക്കാനെഴുതുന്നത്...

ഓര്‍മ്മിക്കാനുള്ളതും ഒരിക്കലും ഓര്‍മ്മിക്കരുത് എന്നു വിചാരിക്കുന്നതും അതൊക്കെ എഴുതാമെന്നു തോന്നി. എഴുതാമെന്നല്ല എഴുതിതുടങ്ങിയിരിക്കുന്നു. അവ കറുത്തുപോയ പകലുകള്‍ ആണൊ എന്നു ചോദിച്ചാല്‍, മുഴുവനായും അങ്ങിനെയല്ല, വെളിച്ചവുമുണ്ടിവിടെ. പക്ഷെ എഴുതിതുടങ്ങിയപ്പോള്‍ സ്വന്തം പേരില്‍ എഴുതാന്‍ തോന്നിയില്ല. ഭീരുത്വം കൊണ്ടുതന്നെ. ഇപ്പോള്‍ വെളിച്ചത്തിരുന്നെഴുതാന്‍ എന്നെ പ്രേരിപ്പിച്ച ഒരാളുണ്ട്. ആ മനസിനു ഒരുപാട് നന്ദി. പിന്നെ ഇടയ്ക്കിടെ ഞാന്‍ വായിക്കുന്ന ചിദംബര സ്മരണയ്ക്കും.

മൂന്നു ചോദ്യങ്ങളായിരുന്നു മുന്നില്‍..

1. സ്വന്തം പേരില്‍ എഴുതണമോ... അതിനുത്തരം ഇനി വേണമെന്നില്ല.

2. ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ പ്രായമായോ? ഇല്ല. ആയിട്ടില്ല. പക്ഷെ മരണമോ അത്ഷിമേഴ്സോ മെമ്മൊറി ലോസോ ഇതൊക്കെ എപ്പൊ വരും എന്നു പറയാനാവും. ഓര്മ്മകള്‍ പോയാലോ, ഓര്‍മ്മിക്കാനാളില്ലാതായാലോ, പിന്നെ എന്തു കുറിപ്പുകള്‍. ചുമ്മാ എഴുതി വെച്ചിട്ടു പോകാമെന്നെ.

3. ഓര്‍മ്മക്കുറിപ്പെഴുതാന്‍ മാത്രം നീ ആരു? നല്ല ചോദ്യം. എന്റെ ഓര്‍മ്മക്കുറിപ്പുകള്‍ താല്പര്യപൂര്‍വ്വം വായിക്കുന്ന ഒരു മാസിനെ ഉണ്ടാക്കാന്‍ മാത്രം ഞാനാരുമല്ല. പക്ഷെ, എന്റെ ഓര്‍മ്മകളും ഓര്‍മ്മകള്‍ തന്നെയാണു. ഏതൊരു സാധാരണക്കാരന്റെ ഓര്‍മ്മകള്‍ക്കും അയാളുടെ ജീവിതത്തില്‍ അതിന്റേതായ പ്രാധാന്യം കാണും. വെറും സാധാരണ സംഭവങ്ങള്‍, ചിലര്‍ക്ക് അവരുടെ ജീവിതത്തില്‍ വലിയ കാര്യമായിരിക്കം. To the world, it might be a simple thing, but to him, it might be the world.


ആ ലോകത്തിലെ ചില കാര്യങ്ങള്‍ ഇവിടെ എഴുതുന്നു....

2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

പ്രണയം പൊളിയുന്ന രാത്രിയില്

“നീ എന്ത് ചെയ്യാന്‍ പോകുന്നു?”

“എഴുതാന്‍”

“ഈ പാതിരാത്രിക്കോ? പോയിക്കെടന്നൊറങ്ങെടാ ചുള്ളി”

“ആന്റൊ, ഒരു വാല്‍മികത്തിലകപ്പെട്ട കവിയാണു ഞാന്‍, ഒരു രാമയണമെങ്കിലും എഴുതാതെ എന്റെ മനസടങ്ങില്ല.”

“നീയെന്തിലൊ അകപ്പെട്ടെന്ന് കൊറച്ചുനാളായി തോന്നിയിട്ട്, ഇതു പോലൊരു പണ്ടാരത്തിലാണെന്നറിഞ്ഞില്ല. ഇനി അങ്ങിനെ വെല്ലതുമാണെങ്കില്‍ ഈ രാമായണം എഴുതുന്ന നേരത്തിനു നീ വെല്ല സുവിശേഷമോ ഇടയലേഖനമോ എഴുത്…ഒന്നുമല്ലേലും നമ്മള്‍ സത്യക്രിസ്ത്യാനികളല്ലെ”

“പിടഞ്ഞു വീണ ക്രൌഞ്ചത്തിനെ ഇണകൊത്തിയത് എന്റെ കണ്ണിലല്ല, നെഞ്ചിലാണു”

“നിന്റെ കൂമ്പിനിട്ടൊന്നു കുത്തണമെന്നു കൊറച്ചു നാളായി ഞാനും കരുത്തുന്നു. നീ പറഞ്ഞ ആ സാധനത്തിനു സോസ്ത്രം. ഇനി ഉറങ്ങാമല്ലോ”

ഇല്ലാന്റൊ മുപ്പതു ദിവസമല്ല മുപ്പത് മിനുറ്റ് കൊണ്ട് രാമായണമെഴുതുന്ന ബ്ലോഗറാകണെമെനിക്ക്. നീയൊരു കാര്യം മനസിലാക്കണം, ഞാനിപ്പോള്‍ ഒരു ബ്ലൊഗര്‍ മാത്രമല്ല, ഒരു നിരാശാകാമുകന്‍ കൂടിയാണു. ഒന്നാഞ്ഞു പിടിച്ചാല്‍ ഒരു പത്തിരുപത്തഞ്ച് പ്രണയ കവിതയെങ്കിലും എഴുതാം. ഈ സുവര്‍ണ്ണാവസരം ഇനി കിട്ടില്ല.”

“അതു നീ എന്തു കെടുതിയെങ്കിലും ചെയ്യ് പാതിരാ കഴിഞ്ഞ്, ഞങ്ങക്കൊറങ്ങണം”

“എങ്കില്‍ ഞാന്‍ ക്രീക്കിലേക്ക് പോകുന്നു”

“വെള്ളത്തില്‍ ചാടിചാകാനാ”

“അല്ല എഴുതാന്‍”

“എങ്കില്‍ ഞാനും വരുന്നു. പശുവിന്റെ കടീം മാറും, കാക്കയുടെ വെശപ്പും തീരും”

“പശുവിന്റെ കടി മനസിലായി, ഇതില്‍ കാക്കയുടെ വെശപ്പ് പിടികിട്ടിയില്ല”

“അല്ലാ‍നിന്റെ എഴുത്തും നടക്കും എനിക്ക് നാലു മദാമ്മമാരെ കാണെം ചെയ്യാം”

“കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതാന്റൊ, ബൈ ദ വേ ഫ്രിഡ്ജില്‍ ടക്കീല ബാക്കിയുണ്ടല്ലോ. ഞങ്ങള്‍ നിരാശകാമുകന്മാര്‍ എന്നും മാതൃകയാക്കിയിട്ടൊള്ള ദേവദാസാശാനെ പോലെ ഇന്ന് രാത്രി വെള്ളമടിച്ച് ചങ്ക് കീറി ഞാന്‍ ചാകും”

“ഉവ്വാ…ടക്കീല…ഒരു ഹാഫ് ബോട്ടില്‍ റെഡ് ബുള്ളുകാണും”

“അതെങ്കിലത്, വെള്ളമടിച്ച് പൂസാകാന്‍ തീരുമാനിച്ചാല്‍ ബോധം പോകാന്‍ പച്ച വെള്ളമായാലും മതി. ഇതു കഴിഞ്ഞിട്ട് വേണം എന്റെ പ്രേമനൈരാശ്യത്തിനെ എപിസോഡ് തൊറക്കാന്‍”

“എനിക്കൊറങ്ങണം”

“ആന്റോ!!!! നീയിങ്ങനെ ക്രൂരമായി സംസാരിക്കരുത്. പ്രേമം പൊളിഞ്ഞ് അണ്ടം കീറിനില്ക്കുന്നവന്റെ കഥനകഥ ഫുള്ളായി ഒരു രാത്രി മുഴുവനുമിരുന്നു കേള്‍ക്കേണ്ടത് ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്റെ കടമയാണു. അതു കേട്ടിട്ടു നീ “പോട്ടെടാ, അവളെ നിനക്ക് വിധിച്ചട്ടില്ല. ഇതിലും നല്ല പെണ്ണിനെ നിനക്കും കിട്ടും, നിന്റെ സ്നേഹത്തിനുള്ള യോഗ്യത അവള്‍ക്കില്ല. നമ്മളെ വേണ്ടാത്തവരെ നമുക്ക് വേണ്ടടാ” തുടങ്ങിയ ഡയലോഗുകള്‍ പറഞ്ഞു എന്നെ ആശ്വസിപ്പിക്കണം.

“എനിക്കൊറങ്ങണം”

“പുഷ് അപ് അടിച്ച് പുഷ് അപ് അടിച്ച് നിന്റെ നെഞ്ച് മാത്രമല്ലെടാ ചങ്കും കല്ലായിപോയി. നിന്റെ ചങ്ക് പത്തിന്റെ ആമറിനടിച്ച് പൊടിച്ച് പണ്ടാരമടങ്ങി ഏതെങ്കിലും പെണ്ണു പോകുമെടാ…അന്നു നീ എന്റെ വേദന മനസിലാക്കും”

“ഞാന്‍ സഹിച്ചു”

“നിനക്കറിയോ ആന്റൊ?”

“അവളെ നീ പൊന്നു പോലെയാ പ്രേമിച്ചത്…”

“….”

അവളെപ്പോലെ വേറെയാരെയും നീ സ്നേഹിച്ചിട്ടില്ല”

“…”

“എന്നിട്ടും അവളീ ചതി നിന്നോട് ചെയ്തല്ലോ”

“ഡായ് നിര്‍ത്ത് നിര്‍ത്ത്…ഇതൊക്കെ എന്റ് ഡയലോഗാ…ഇതൊക്കെ ഞാന്‍ പറയും അപ്പൊ നീ തലയാട്ടും അതാണു ശെരിക്കൊള്ള സീന്‍”

“നീ എന്ത് പ്ണ്ടാരോങ്കിലും പറയ്”

“അവളു നാപ്പത്തിയെട്ടു മണിക്കൂര്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു പോയി”

കരുതല ഉറക്കത്തില്‍ നിന്നും ചാടിയെണീറ്റ് “വെടിയോ. ഏത് വെടി, എവിടെ?”

“കരുതലേ കണ്ട്രോള്‍..നീയുദ്ദേശിച്ച വെടിയല്ല. അതു നമ്മക് ഒതുക്കത്തില്‍ നാളെ ഡിസ്കസ് ചെയ്യാം.”

“ഞാനൊന്നു ആലങ്കാരികമായി പറഞ്ഞതാ…രണ്ടോസം മിണ്ടാതിരുന്നാല്‍ ലപ് തീരുമോന്നറിയാന്‍..രണ്ടോസമല്ല അവളിനി വരത്തേയില്ലാന്നു എനിക്കറിയാം”

“അപ്പൊ നീ അവളെ കൈവെച്ചോ”

“എന്നു വെച്ചാല്‍”

“ഇന്നിനി ഒറക്കം പോയാലും വേണ്ടീല നീ കാര്യങ്ങള്‍ വിശദമായി തന്നെ പറഞ്ഞോ”

“എന്റെ ആന്റൊ നീ പിന്നെം പിന്നെം വെള്ളം കലക്കി കരിമീനെ പിടിക്കുവാന്നൊ? അങ്ങിനെയൊന്നൂല്ലട ഇതൊരു ടെസ്റ്റ്..അവള്‍ക്കൂരിപോകാന്‍ ഒരു വഴി”

“ടെസ്റ്റ്..കോപ്പ് മണി മൂന്നായി പോയിക്കിടന്നുറങ്ങെടാ…മൈ..മോനെ..ഇപ്പൊ നിന്റെ പ്രേമമേ പോയിട്ടുള്ളു, ഒള്ള ജോലികൂടി കളയണ്ട…”

“ങെ! മൂന്നു മണിയായോ എന്നാലുറങ്ങിയേക്കാം. ഒരു നിരാശാകാമുകന്‍ ഇത്രയൊക്കെ ഒറക്കമെളച്ചാല്‍ മതി”

പ്രഭാതം, മണി ഏഴര. ആ‍ന്റൊ ഉണര്‍ന്നു നോക്കുമ്പോള്‍ ചുള്ളിയുടെ ബെഡ് ശൂന്യം. യിവനെങ്ങാനും ക്രീക്കില്‍ ചാടിച്ചത്തോ എന്നു വിചാരിച്ചിരിക്കുമ്പോ വാതില്‍ തുറന്നു ചുള്ളി വരുന്നു.

“നീയിതെവെടെപ്പോയി, ഞാന്‍ കരുതി ദുബായ് മുനിസിപ്പാലിറ്റി നിന്റെ ശവം മുങ്ങിയെടുത്ത് കാണുമെന്ന്”

“അതൊന്നും ഇനി വേണ്ട ആന്റൊ. രാവിലെ അഞ്ചരയായപ്പോ ലവള്‍ വിളിച്ചിരുന്ന് “അണ്ണ സാറി, ഒരു എടുത്ത് ചാട്ടത്തില്‍ പറഞ്ഞു പോയതാ, അണ്ണനെപോലെ കൊരങ്ങു കളിപ്പിക്കാവുന്ന സാധനത്തെ വേറെ കിട്ടില്ലാന്നു ഒറ്റ രാത്രികൊണ്ട് മനസിലായി” എന്നൊക്കെ. അതു കേട്ട് ഞാന്‍ വിതുമ്പിപോയെടാ. ഇവളെയാണല്ലോ ഞാന്‍ തെറ്റിദ്ധരിച്ചത്. ഞങ്ങളിപ്പൊ പഴയപോലെ ഡോള്‍ബിയായെടാ”

“പ്ഫാ! ചെറ്റ പട്ടി ശവം നാറി കഴുവേറിട മോനെ”

“ഹാന്റോ…ഇങ്ങനെ തെറി വിളിക്കാമോ”

“നിന്നെം നിന്റെ ലവളെം ബ്ലോഗും തല്ലിപ്പൊളിക്കമെന്നു വിചാരിച്ചാലും നീയൊന്നും നന്നാകില്ല. ഇത്രേങ്കിലും നിന്നെ വിളിച്ചില്ലെങ്കില്‍…”

“ആന്റൊ കൊരവള്ളീന്നു വിട്”

അവന്റെ മറ്റേടത്തെ നൈരാശ്യം നായിന്റെ മോനെ നിനക്കു ഞാന്‍ വെച്ചിട്ടൊണ്ടടാ”

“ഇവനെന്തിനാ കലിപ്പാകുന്നെ, ഒരു പ്രേമം വീണ്ടും തളിര്‍ക്കുമ്പോ…”

“സംഭവാമീ യുഗേ യുഗേ”

“കരുതലേ, അതിപ്പൊ നീയിവിടെ പറഞ്ഞതെന്തിനാ”

“എന്ത് സംഭവിച്ചാലും നീ നന്നാകില്ല”

“യൂ റ്റൂ ബ്രൂട്ടസ് കരുതലേ”

അടിക്കുറിപ്പ്: സംഗതി അങ്ങിനെ തന്നെയാകുന്നു. ഒരു നിരാശാകാമുകനിന്നും അര്‍ഹിക്കുന്ന വില ഈ സമൂഹം നല്‍കുന്നില്ല. ആന്റോയെ പോലെ കഠിനഹൃദയമുള്ള പെണ്ണുങ്ങളും അങ്ങിനെ തന്നെ. ഒരു രാത്രിമുഴുവന്‍ വെള്ളമടിച്ച് താടി വളരുമോ എന്ന ആശങ്കയിലിരിക്കുന്ന എന്നെപ്പോലെയുള്ളവരെ തിരിച്ചറിയുന്നിടത്തെ ഈ സമൂഹം നന്നാവൂ. ശുഭം

**ചുള്ളി – ഞാന്‍

**ആന്റോ- റൂം മേറ്റ്

**കരുതല- മറ്റൊരു റൂം മേറ്റ്

**ക്രീക്ക്- കാറ്റും കൊണ്ടിരിന്നു തിരയെണ്ണാന്‍ പറ്റിയ ദുബായിലെ കൊള്ളാവുന്നൊരു ലേക് വ്യൂ”