-->

Followers of this Blog

2010, ഏപ്രിൽ 20, ചൊവ്വാഴ്ച

ഒരു പ്രൊഫണല് നാടകത്തിന്റെ ഓര്മ്മയ്ക്ക്

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. എ ഡി ആറും, ടോബിയും ഞാനും ഒരാവശ്യവുമില്ലാതെ, പ്രൊഫഷണല് നാടകമത്സരം കാണാന് തീരുമാനിച്ച ദിവസം. അങ്ങിനെ ഒരു വെള്ളിയാഴ്ച ഇനി ഒരു നാടകചരിത്രത്തില്പോലും ഉണ്ടാകരുതെന്ന് കേരളത്തിലെ പ്രൊഫഷണല് നാടകക്കാര് ഒന്നടങ്കം കൂട്ടപ്രാര്ത്ഥന നടത്തിയ ദിവസം.

എ ഡി ആറും ടോബിയും എന്റെ പഴയ കമ്പനിയായ പൂര്ണ്ണത്തിലെ സുഹൃത്തുക്കളാണ്. ഞങ്ങള് മൂന്നുപേരും പൂര്ണ്ണത്തിലെ നാടകവേദിയില് ഇടിമിന്നി നിന്നിരുന്നവര്, ( ഇടി മിന്നിയല്ല; ഇടി വെട്ടേറ്റു നില്ക്കുന്ന തെങ്ങുകളാണെന്ന് ചില പരദൂഷികള് പറയും; വെറും അസൂയ കൊണ്ടാ) നാടകമാകുന്ന മഹാസാഗരത്തില് മുങ്ങിത്തപ്പി കണ്ട ചപ്പും ചവറുമൊക്കെ വാരിയെടുത്തവര്. എ ഡി ആറും പിന്നെ ഞാനും ഒന്ന് രണ്ട് മിനിനാടകങ്ങളെഴുതി അവതരിപ്പിച്ചു കയ്യടി (കൈ നീട്ടി കിട്ടുന്ന അടി) വാങ്ങുകയും, സ്വതവേ ശാന്തശീലരായ പൂര്ണ്ണം എഞ്ജിനിയേഴ്സിനെ, ഗുണ്ടകളൂടെ നിലവാരം വരെ എത്തിച്ച ചരിത്രമുള്ളവരുമാണ്. നായകവേഷത്തിനായി കടിപിടി കൂടാത്തവനും അഥവാ നായക വേഷം കിട്ടിയില്ലെങ്കില് സ്വന്തമായി ഡയലോഗ് സപ്ളൈ ചെയ്തു, നായകനെ നിലംപരിശാക്കുന്നവനുമാ ഈ ടോബി. തന്റെ പെര്ഫോമന്സ് കാണാന് ചാന്സ് നഷ്ടപ്പെട്ടവരെ അടുത്ത ദിവസം തന്നെ പൂര്ണ്ണത്തിലെ ഫൂഡ്കോര്ട്ടില് വിളിച്ചുകൂട്ടി സ്പെഷല് ഷോ നടത്തി കയ്യടി വാങ്ങുന്ന ഏര്പ്പാടു കൂടി കക്ഷിക്കുണ്ട്.

ഇങ്ങനെയുള്ള ലവന്മാരാണു അഖിലകേരളാ പ്രൊഫെഷണല് നാടകമത്സരം കാണാന് പോയതു. അതും കിലോക്കണക്കിന് ഗോള്ഡ് തരാമെന്ന് പറഞ്ഞാലും സമ്മതിക്കാത്ത നൈറ്റ് ഷിഫ്ടും ഇരന്നു വാങ്ങി. നാടകത്തിന്റെ പേര് “തിരുക്കുടുംബം” രചന “നാരായണന് കുട്ടി”. അന്നത്തെ ഷിഫ്റ്റ് തീര്ന്നപാതി, തീരാത്തപാതി, മൂന്നും കൂടെ പാലാരിവട്ടത്തേക്ക് വെച്ചടിച്ചു. പോകുന്ന വഴി ഞാന് എന്റെ നാടകരംഗത്തെക്കുറിച്ചുള്ള അറിവ് തുമ്പും വാലുമില്ലാതെ പറഞ്ഞ് കൊടുത്ത് ആത്മനിര്വൃതിയടയുകയും ഡ്രാമാസ്കോപ്, കൊടച്ചക്രം മുതലായ എനിക്കറിയാവുന്നതും മറ്റവന്മാര്ക്ക് കേട്ടാല് ഒറ്റയടിക്ക് മനസ്സിലാവാത്തതുമായ വാക്കുകളൊക്കെ പറഞ്ഞ് ചുമ്മാ ആളാകുകയും ചെയ്തു.

പക്ഷെ, നാടകം തുടങ്ങുന്നതിന് മുന്പ് ഒരു ബാലേക്കാരന് പള്ളീലച്ചന് നാടകത്തെക്കുറിച്ച് ഒന്നു രണ്ടു വാക്കു സംസാരിക്കുന്നതായിരിക്കും എന്ന അനൌന്സ്മെന്റ് എന്നെ അസ്വസ്ഥനാക്കി. താന് കുറച്ചു മുമ്പ് ചുമ്മാ തട്ടിവിട്ട പുളുവടികള് പൊളിച്ചടുക്കാന് ഇങ്ങനെ ഒരു സംഗതി നാടകത്തിനു മുന്പ് നടത്തുമെന്നു ഞാന് സ്വപ്നത്തില് പോലും കരുതിയില്ല. എന്തായാലും സംഗതി തുടങ്ങി, ‘നാടകരംഗത്തെ പരിപ്രേക്ഷ്യങ്ങള്’. കൊള്ളാം എന്നെ വെട്ടുന്നവനാ ഈ പള്ളീലച്ചന് വായില് കൊള്ളാത്ത വാക്കാ പുള്ളിടെം ആയുധം. പരിപ്രേക്ഷ്യം എന്നവാക്കിന്റെ അര്ത്ഥം കണ്ടു പിടിക്കാന് ഒരു പതിനാറു ദിവസം വെക്കേഷന് എടുത്തേക്കാം എന്നു ടോബിയും എ ഡി ആറും അപ്പൊ തന്നെ തീരുമാനിച്ചു. ആ വാക്കിനെക്കുറിച്ച് വലിയ പിടിപാടില്ലാത്തതിനാല് അച്ചനും അതെപറ്റി ഒരക്ഷരം മിണ്ടിയില്ല. പുള്ളിക്കാരന് അച്ചന്മാരുടെ സ്ഥിരം പരിപാടിയായ, ചെക്കൊസ്ളൊവക്യ, ടുണീഷ്യ, അന്റാര്ട്ടിക്ക, മെസ്സൊപ്പൊട്ടേമിയ, ഗിട്ടൊശ്ശ്ക്കിസ്താന്, കൊടകര, വടകര, ചാലക്കുടി തുടങ്ങിയ നാടുകളില് സഞ്ചരിച്ച തള്ളുകഥകളുമായി കത്തിക്കയറി, ഏകദേശം ആഫ്രിക്കയിലും പ്രാന്തപ്രദേശങ്ങളിലും എത്തിയപ്പോള് പ്രതികരണശേഷി നഷ്ടപ്പെടാത്ത ഒരു ചേട്ടന് കലിപ്പായി. ‘നിര്ത്തിയിട്ട് നാടകം തുടങ്ങടൊ’എന്ന ഒരൊറ്റ ഡയലോഗില് അച്ചന്റെ പരിപ്രേക്ഷ്യം ഫുള്സ്റ്റോപ്പടിച്ചു.

നാടകം തുടങ്ങി, പേര് 'തിരുക്കുടുംബം' ബൈബിള് നാടകമാണു. യേശുവും, മറിയവും, ഔസേപ്പും ചേര്ന്ന തിരുക്കുടുംബത്തിന്റെ കഥ കാണാന് ആളുകള് വായും പൊളിച്ചിരുന്നു. അവരുടെ അടുത്തിരുന്ന വാ പൊളിക്കാന് കഴിയാത്തവര് മൂക്കുംപൊത്തിയിരുന്നു. അത്യാവശ്യം സത്യക്രിസ്ത്യാനികള് എന്ന് കണ്ടാല് തോന്നിക്കോട്ടെ എന്ന് കരുതിയ ചിലര് കൊന്തയെടുത്ത് നമസ്കാരം തുടങ്ങി.

ഓരൊ രംഗങ്ങളും കടന്നു പോയി, തിരുക്കുടുംബത്തിനെ മഷിയിട്ടു നോക്കിയിട്ടു പോലും കാണാനില്ല. ആറേഴു ഭാര്യമാരെക്കൂടാതെ, അനിയന്റെ ഭാര്യയെക്കൂടി അടിച്ചുമാറ്റിയ ഹേറോദേസ്, ഭര്ത്താവിനും പുള്ളിക്കാരന്റെ സെറ്റപ്പിനും വേണ്ടി മണിയറ റെഡിയാക്കുന്ന ഹേറോദേസിന്റെ വൈഫ്. അമ്മയുടെ തോന്ന്യാസം ചോദ്യം ചെയ്ത യോഹന്നാന്റെ തലയെടുക്കാന് അപ്പനെ മാദകനൃത്തം ചെയ്തു മയക്കുന്ന മകള്. കൊള്ളാം പഷ് ക്ളാസ് തിരുക്കുടുംബം, ഇതിനെയാണോ തിരുക്കുടുംബം എന്നു വിളിക്കുന്നതെന്നൊര്ത്ത് അന്തം വിട്ടു നില്ക്കുമ്പോള് ദേ വരുന്നു ഒരു ഇടിവെട്ടു ക്ളൈമാക്സ്. മാതാവും ശിഷ്യന്മാരും വട്ടമേശയ്ക്ക് ചുട്ടുമിരുന്നു തിരിയും കത്തിച്ചു പ്രാര്ത്ഥിക്കുന്നു. ഒപ്പം ഒരനൌണ്സ്മെന്റും “ഇതാ ഒരു തിരുക്കുടുംബം.” കര്ട്ടന്.

ടോബിയും എ ഡി ആറും പരസ്പരം വായും പൊളിച്ച് നോക്കി. "അടി ടോബിച്ചായാ ചുള്ളിയെ" എന്നലറിക്കൊണ്ട് എ ഡി ആര് ചാടിയെണീറ്റു. പക്ഷെ ചുള്ളിയുടെ പൊടിപോലുമുണ്ടായിരുന്നില്ല തല്ലിയൊടിക്കാന്. നാടകത്തിന്റെ ഗതി കണ്ടപ്പോള് തന്നെ ക്ളൈമക്സെത്തും മുന്പെ ടോബിയും എ ഡി ആറും എന്നെ കൈവെക്കുമെന്നുറപ്പായിരുന്നത് കൊണ്ട് ഞാന് നേരത്തെ തന്നെ സ്കൂട്ടായിരുന്നു.

വൈകുന്നേരം ബിരിയാണി അടിക്കാന് മാറ്റിവെച്ചിരുന്ന കാശു കൊടുത്തു വാങ്ങിയ നാടകടിക്കറ്റ് ചവച്ചു തുപ്പിയിട്ടും എ ഡി ആറിനു കലിപ്പു തീര്ന്നില്ല. നാരായണന് കുട്ടിയുടെ മൂന്നുനാലു തലമുറയിലെ പിതാമഹന്മാരെ വായില്തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു പാവം കലിപ്പടക്കി. എ ഡി ആറിന്റെ കലിപ്പിന് തുല്യമായി അന്നേരം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില് അത് ടോബിയുടെ നിരാശ മാത്രമായിരുന്നു. ഇതു തിരുക്കുടുംബമല്ല, തിരിക്കുടുംബാമണെന്നു പറഞ്ഞു പ്രാകി ടോബി പൂര്ണ്ണം വഴി പോകുന്ന ബസില് കയറിയതോടെ ഒരു പ്രഫണല് നാടകം കാണണമെന്ന ആഗ്രഹത്തിനും ലാസ്റ്റ് കാര്ഡ് കാണിച്ചിരുന്നു. ശുഭം.

2 അഭിപ്രായങ്ങൾ:

കാട്ടിപ്പരുത്തി പറഞ്ഞു...

ഇതൊരു തിരുവടിയായിപ്പോയല്ലോ

അജ്ഞാതന്‍ പറഞ്ഞു...

nannayittund