-->

Followers of this Blog

2010, ഡിസംബർ 19, ഞായറാഴ്‌ച

മിസ്ഡ് കോള്

..The number you have called has been switched off. Please try again later.

നീ ഫോണ് ഓഫ് ചെയ്തു വെച്ചിട്ട് ഇപ്പോള് മണിക്കൂര് മൂന്നാകുന്നു.

"എന്താ ഇത് വരെ മിസ്ഡ് അടിക്കാതിരുന്നത്?"

"അയ്യോ! സോറി, ഞാന് ഒരല്പം തിരക്കിലായി പോയി"

"ഒഹ്! അപ്പോള് എന്നെ മറന്നു അല്ലെ?"

നിനക്ക് മിസ്ഡ് കോള് അടിച്ചില്ല എന്ന ചെറിയ കാര്യത്തില് തുടങ്ങിയ പിണക്കം. ഇപ്പോള് നീ ഫോണ് ഓഫ് ചെയ്തു വെച്ച് എന്നോട് പ്രതികാരം ചെയ്യുവാണ്. ഓരോ നിമിഷവും നിന്നെ വിളിക്കുമ്പോള് കേള്കുന്ന സ്വിച്ച്ഡ് ഓഫ് സന്ദേശം എന്റെ ഹൃദയത്തിലേക്ക് തറഞ്ഞു കയറുന്നു.

ഭൂമിയുടെ രണ്ടറ്റങ്ങള് തമ്മിലുള്ള ദൂരത്തെ സ്നേഹം കൊണ്ട് മാത്രം വെട്ടിച്ചുരുക്കി അതിന് മിസ്ഡ് കോള് എന്ന് പേരിട്ടത് ആരാണ്? നിമിഷാര്ദ്ധത്തില് മിന്നിമായുന്ന ഒരു മിസ്ഡ് കോളിന് ഒരു ജന്മത്തിന്റെ പ്രണയം സംവേദിക്കാന് കഴിയുമെന്ന്... ഹൃദയം കൊണ്ട് മാത്രം ലോകമുണ്ടാക്കി അതില് പ്രവാസ നൊമ്പരത്തെ ഒതുക്കി വെക്കുന്ന ഓരോരുത്തരുടെയും ജീവിതത്തില് ഒരു സാന്ത്വന സ്പര്ശമായി അതുണ്ട് ... 1 Missed Call.

ചിലരിതിനെ മിസ്ക്രീന് കോള് എന്ന് വിളിക്കുന്നു. മിസ്ക്രീന് എന്ന് വെച്ചാല് ദരിദ്രന് എന്നര്ത്ഥം. ഒരര്ത്ഥത്തില് അത് ദരിദ്രന്റെ കോള് തന്നെയാണ്. ജീവിതം കരുപ്പിടിപ്പിക്കുവാന് ഓരോ ഫില്സും ദിറവും ചേര്ത്ത് വെക്കുന്നവന് ഒരു മാസത്തിന്റെ ആദ്യ പകുതി പോലും കടക്കും മുന്പേ ജീവിതത്തിന്റെ അക്കൌണ്ടില് ബാക്കിയാകുന്നത് മൊബൈലിലെ ഈ രണ്ടു ദിറംസ് ആണ്. "ഞാന് ഇവിടെ ജീവനോടെ ഉണ്ടെടാ" "എന്നെ ഒന്ന് വിളിക്ക്" എന്ന് മൌനമായി പറയാന് ഈ രണ്ടു ദിറംസ് വിലയുള്ള മിസ്ഡ് കോളിന് കഴിയുന്നു. അതിനിടയില് ആരെങ്കിലും അറിയാതെ കോള് എടുത്തു പോയാല്... *121# ഡയല് ചെയ്ത് നെടുവീര്പ്പിടുന്നവര്. ഇനി ഒരു റിചാര്ജിനു വേണ്ടി അടുത്ത മാസത്തെ ശമ്പളത്തിലേക്കുള്ള ദൂരമാണ് അപ്പോള് മൊബൈല് സ്ക്രീനില് ഓരോ പ്രവാസിയും കാണുന്നത്.

തിരിക്കിനടയിലോ അറിയാതെയോ ഒരു കോള് വന്നാല് അതാരായിരുന്നു എന്നറിയുവാനും തിരികെ വിളിക്കുവാനുമുള്ള ഒരു സംവിധാനമായാണ് മൊബൈല് സേവന ദാതാക്കള് മിസ്ഡ് കോള് എന്ന ആശയം മുന്നോട്ടു കൊണ്ട് വന്നത് എന്ന് അനുമാനിക്കാം. അങ്ങിനെ ഒരു കോള് കിട്ടിയാല് അതിലും ലാഭമല്ലേ. ഒരു കാലത്ത് ഡിസ്പ്ളേയോ കോള് രെജിസ്ടറോ ഇല്ലാതിരുന്ന ലാന്ഡ് ലൈനുകള് ആയിരുന്നല്ലോ പൊതുവില് ഉണ്ടായിരുന്നത്. അന്നൊരു പക്ഷെ റിംഗ് കേട്ട് ഓടിയെത്തുമ്പോഴേക്കും കോള് ഡിസ്കണക്റ്റ് ആയാല് ആരാണു വിളിച്ചതെന്ന് അറിയാതെ ആധിപിടിച്ചിരുന്നു. അങ്ങിനെ ഒരു അവസ്ഥ ദൂരീകരിക്കുക കൂടിയാണു മിസ്ഡ് കോള് സംവിധാനം ചെയ്തത്. പക്ഷെ ഇന്നതിന്റെ ജോലികള് അതിലേറെയാണ്.

മിസ്ഡ് കോളിന്റെ എണ്ണവും ദൈര്ഘ്യവുമനുസരിച്ചു വ്യക്തികള്ക്കിടയില് അതിന്റെ അര്ഥം മാറി മാറി വരുന്നു. ദിവസത്തിന്റെ ഓരോ നാഴികയിലും വിനാഴികയിലും ലോകത്തിന്റെ രണ്ടു കോണിലിരുന്നു പ്രണയിക്കുന്നവരുടെ ഊഷ്മളതയും പേറി സന്ദേശകാവ്യങ്ങളിലെ ഹംസങ്ങളെ പോലെ എന്നാല് നൊടിയിട വേഗത്തില് അവ പാറിനടക്കുന്നു. ഇടക്കൊരാള് മിസ്ഡ് അടിക്കാതെ പോയാല് പിന്നെ മനസിനകത്തൊരു തീയാണ്. "എന്ത് പറ്റിക്കാണും?""അകല്ച്ച തോന്നിത്തുടങ്ങിയോ?""മറന്നു പോയോ?" അങ്ങിനെ നൂറുനൂറായിരം ചോദ്യങ്ങള് ഹൃദയത്തെ തുളച്ചു കൊണ്ട് കടന്നു പോകുന്നു. അവസാനം കിട്ടിയ മിസ്ഡ് കോളില് നിന്നും സമയത്തിന്റെ ദൈര്ഘ്യം ഏറി വരുമ്പോള് മനസിലെ തീ ആളിപ്പടര്ന്നു തുടങ്ങും. ഇടയ്ക്കിടെ ഫോണ് എടുത്തു നോക്കി ശൂന്യമായ സ്ക്രീന് നോക്കി നെടുവീര്പ്പിടും. പെട്ടെന്ന് ഫോണ് റിംഗ് ചെയ്യും, ചാടിപ്പിടിച്ചു നോക്കുമ്പോള് പുതിയ ഓഫറിനെ കുറിച്ച് പറയാന് ഏതെങ്കിലും ഒരു എജന്റ്റ്. ദേഷ്യത്തില് ഫോണ് കട്ട് ചെയ്ത് ഒരു മൂലയിലെക്കെറിയും. ചിതറിക്കിടക്കുന്ന ഫോണ് പാനലും ബാറ്ററിയും...

ഓഫീസില് എത്തി എന്ന് പറയാന്, തിരികെ വീട്ടില് എത്തി എന്ന് പറയാന്, ഉറങ്ങാന് പോകുന്നു എന്ന് പറയാന്, ഉണര്ന്നു എന്ന് പറയാന്, മിസ് യു എന്ന് പറയാന്, നിന്നെ ഓര്ക്കുന്നു എന്ന് പറയാന്, വിളിക്കൂ എന്ന് പറയാന്, അങ്ങിനെ ഒരുപാട് അര്ത്ഥങ്ങള് നെഞ്ചില് ചേര്ത്ത് വെച്ച് ഓരോ മിസ്ഡ് കോളും രണ്ടു ഹൃദയങ്ങളുടെ കഥ പറയുന്നു. എന്റെ ഹൃദയം നിന്നോട് പറയുന്നത് പോലെ.

ചിതറിക്കിടന്ന പാനലും ബാറ്ററിയും സിമ്മും കൂട്ടിയോജിപ്പിച്ച് ഫോണ് ഓണ് ചെയ്ത മാത്രയില് ഡിസ്പ്ളേ ഒന്ന് കൂടെ മിന്നി മറഞ്ഞു. 1 missed call. അത് നിന്റെതായിരുന്നു. Life is made of such small things like a missed call. ചുട്ടു പഴുത്ത മരുഭൂമില് പെയ്തു വീഴുന്ന മഴത്തുള്ളികള് പോലെ.. 

(Article by me appeared in Siraj on Nov 14, Sunday)

2010, ഡിസംബർ 14, ചൊവ്വാഴ്ച

സ്റ്റാര്‍ സിങ്ങറിനൊരു വൈല്‍ഡ് കാര്‍ഡ്

സംഭവം വല്ലാതെ ഗുരുതരമായി കൊണ്ടിരിക്കുവാ. എലിമിനേഷന്‍ അഥവാ ഉണ്ടയില്ല വെടി..പൊട്ടികരച്ചില്‍...മൂക്ക്പിഴിച്ചില്‍...അവതാരക, വിധികര്‍ത്താക്കള്‍ തുടങ്ങിയവര്‍ പണ്ട് വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ തലക്കാം ഭാഗത്ത്വന്നിരുന്നു കരയുന്ന കാര്‍ന്നോത്തികളെ പോലെ " എന്നാലും എങ്ങാനെ പാടിന്നതാ എന്റെ മക്കളെ! ഞങ്ങളെ വിട്ടുപോയല്ലാ.." എന്ന് ഈണത്തിലും താളത്തിലും കരഞ്ഞു പഞ്ചപാവങ്ങളും, സര്‍വ്വോപരി കണ്ണുനീര്‍ തുള്ളിയെസീരിയലിനോടുപമിച്ച ബൈജു ദേവരാജിന്റെ പങ്കപ്പാടുകള്‍ കണ്ടു വിമ്മി പൊട്ടി ഇരിക്കുന്നവരുമായ സെന്റികുഷ്മാണ്ടാങ്ങളുടെ എസ് എം എസ് വിലയിട്ടു വാങ്ങി പോയവര്‍ ആടെണ്ട കാട്ടുചീട്ടുമായി കേറി വരുന്നു. ആരുംപേടിക്കണ്ട. സംഗതി വൈല്‍ഡ് കാര്‍ഡാണ് വിഷയം. മനസിലായില്ലേ വൈല്‍ഡ് കാര്‍ഡ് അഥവാ സീസന്‍ 5 ല്‍ നേരത്തെഎലിമിനെഷനില്‍ പുറത്തായവരെ കയ്യും കാലും പിടിച്ചു തിരികെ കൊണ്ട് വരിക.

വലിയ പരിക്കൊന്നുമില്ലാതെ പാടുന്നവരെ സ്റ്റാര്‍ സിങ്ങര്‍ സീസന്‍ ഫൈവില്‍ ചുമ്മാ അലഞ്ഞു നടക്കുന്നുള്ളൂ എന്ന് ഏതുവക്കു പൊട്ടിയ കലത്തിനുമറിയാം (ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന് എടുത്തു പറയട്ടെ. അല്ലേല്‍ മഞ്ച് പിള്ളേര് വന്നുഎടുത്തിട്ടടിക്കും) എന്നിരിക്കെ, ചവിട്ടി പുറത്താക്കിയവന്മാരെ കൂടി വലിച്ചു കേറ്റുന്നത് എന്തിനാണ് എന്ന് മാന്യശ്രോതാക്കള്‍ ചിന്തിച്ചേക്കാം. മറ്റൊന്നും കൊണ്ടല്ല നിലവിലുള്ളവര്‍ ഗുണം കൊണ്ട് എസ് എം എസ് ഉണ്ടാക്കില്ല. എന്നാപിന്നെ എണ്ണം കൊണ്ടെങ്കിലും ഉണ്ടാക്കാം എന്ന് പ്രൊഡ്യൂസര്‍ ചിന്തിച്ചു പോയാല്‍ "അതിലെന്താശ്ചര്യം" എന്നാണുഅടിയന്റെ മനസ് പറയുന്നത്. പുള്ളിക്കാരനും ജീവിച്ചു പോവണ്ടേ.

ചവുട്ടി പുറത്താക്കുന്നതും വലിച്ചു കേറ്റുന്നതും ഒരു പുതുമയാണോ സാര്‍ എന്ന് ചോദിക്കരുത്..എനിക്കറിയാം..സമകാലീനകേരള രാഷ്ട്രീയ ചിന്താഗതികള്‍ വഴിക്കാണല്ലോ. ഒരു പാര്‍ട്ടി ചവിട്ടും മറ്റവന്‍ വലിക്കും. എന്നെ ഒന്ന് ചവിട്ടിയിരുന്നേല്‍പുറത്താകാമായിരുന്നു എന്ന് ചിന്തിക്കുന്ന ഘടാഘടിയന്‍മാരും ആരെങ്കിലും പുറത്തു വീഴുന്നുണ്ടോ ഒന്ന് വലിച്ചു കേറ്റാന്‍എന്ന് നോക്കി നാവും നീട്ടി ഇരിക്കുന്നവരും ആവശ്യത്തിനുണ്ട്. As is the king so is the people എന്നാണല്ലോമൂത്തൊരു പറയുന്നേ. അപ്പൊ പിന്നെ ഇങ്ങനെയുള്ള കൊശവന്മാര്‍ ഭരിക്കുന്ന നാട്ടില്‍ കാട്ടുചീട്ടല്ല കൊടുംകാട്ടുചീട്ടുകൊടുത്തു ആളെ കേറ്റിയാലും ദോഷം പറയാന്‍ ഒക്കുകേല. ഇതില്‍ ഒരു ഗുണമുള്ള കാര്യം ചവിട്ടുന്നതും വലിക്കുന്നതുംഒരേ പ്രസ്ഥാനമാണ് എന്നുള്ളതാണ്.

കാശ് ഇമ്മിണിയൊന്നുമല്ല വാരി പൊടിച്ചത്. അല്ലെങ്കില്‍ പാട്ടുകാര്‍ പോരാ എന്ന് നേരത്തെ തോന്നിയത് കൊണ്ടാണോആവോ, ഓരോരുത്തരെയും വീട്ടില്‍ ചെന്ന് കൊട്ടും പാടും ഗാനമേളയും ഒക്കെ ആയി വലിച്ചിഴച്ചു കൊണ്ട് വന്നത്. ഓരോളമായിക്കോട്ടേ എന്ന് കരുതിക്കാണും. പക്ഷെ വേലിയേറ്റം കൊണ്ടത് വേലിയിറക്കത്തിനു പോയി എന്ന് പറഞ്ഞാല്‍മതിയല്ലോ. പ്ലേബാക്ക് സിങ്ങറ(?)ടക്കം നിരന്നു നിന്നിട്ടും സംഗതി പ്രേക്ഷകര്‍ കൈവിട്ട മട്ടാണ്. അടിയനൊരു സ്ഥിരപ്രേക്ഷകന്‍ അല്ല എങ്കിലും. ഇതിനു മുന്‍പുള്ള സീസണുകളില്‍ അപ്പുറത്തെ മുറിയില്‍ എന്തേലും അപരാധംവായിച്ചോണ്ടിരിക്കുമ്പോള്‍, ഒറിജിനല്‍ ട്രാക്കിനെ വെല്ലും വിധം പാടുന്നവരുടെ സ്വരം കേട്ടു "ആരാ മമ്മി പാടുന്നെ" എന്ന് ഞാന്‍ അറിയാതെ വിളിച്ചു ചോദിച്ചിട്ടുണ്ട്, അങ്ങിനെ പലരുടെയും പേരും അറിഞ്ഞിരുന്നു. ദൈവം സഹായിച്ചു സീസണിലെ ആരും എനിക്കങ്ങിനെ ഒരു ബുദ്ധിമുട്ടുണ്ടാക്കിയില്ല. വഴിക്കുള്ള ഹൃദയംഗമമായ നന്ദി ഇവിടെരേഖപ്പെടുത്തുന്നു. പേരെടുത്തു പറയാന്‍ ആരെയും വിട്ടു പോയതല്ല. പേരറിയാഞ്ഞിട്ടാ.

അധികം ദൂഷിക്കുന്നില്ല. അല്ലെങ്കില്‍ തന്നെ ഇനിയെന്ത് പറവാന്‍. Well, പറയാനുള്ളത് തുറന്നു പറയാമല്ലോ എന്തായാലുംനിങ്ങള് വൈല്‍ഡ് കാര്‍ഡു കൊടുത്തു കേറ്റുന്നുണ്ട്, എന്നാ പിന്നെ കൊള്ളാവുന്നവരെ കേറ്റിക്കൂടായോ? ഞാന്‍ പറഞ്ഞ്വരുന്നത് മ്മടെ പണ്ടത്തെ പിള്ളാരെ കുറിച്ചാ. സച്ചിതാനന്ദന്‍, റിതിക്ക്, സോമു, തുടങ്ങിയവരെയൊക്കെ അവരുംപുറത്തായവര്‍ തന്നെ ആണല്ലോ. കാര്‍ഡുകള്‍ കശക്കി നിരത്തുന്ന കൂട്ടത്തില്‍ ഇവര്‍ക്ക് കൂടെ കൊടുക്കുവാണേല്‍ സേഫ്ആയി സ്കൂട്ടെങ്കിലും ചെയ്യാം. കുറച്ച നാള്‍ കൂടെ ആയുസ് കാണും. അല്ലേല്‍ പിന്നെ ഒരു ഭയങ്കരമാന ഭയങ്കര വൈല്‍ഡ്കാര്‍ഡ് ഉണ്ടാക്കി വെച്ചോളൂ. പോക്ക് പോയാല്‍ ഉടനടി സ്റ്റാര്‍ സിങ്ങരിനെ മൊത്തമായി പ്രേക്ഷകര്‍ വീട്ടില്‍ നിന്നംഎലിമിനേറ്റുചെയ്യും. അപ്പോള്‍ സ്വന്തമായി ഒരു വൈല്‍ഡ് കാര്‍ഡ് ഉണ്ടെങ്കില്‍ അതും നിങ്ങള്‍ക്കൊരുപകാരമാകില്ലേ? എന്ന് ഒരു അഭ്യുദയകാംഷി. ഒപ്പ്. ശുഭം.

2010, ഡിസംബർ 9, വ്യാഴാഴ്‌ച

തീയുടെ നിറങ്ങള്‍

അപ്പാപ്പേ!!
ഊം...?
അപ്പാപ്പേ!
എന്താടാ?
ഇങ്ങാട്ട് നോക്കിയേ...
എവിടെ?
ദാ ഈ വെളക്കെലാട്ട്
എന്താ വെളക്കെല്? മണ്ണെണ്ണ തീര്‍ന്നാ?
ഇല്ലപ്പാപ്പേ! ഇയിന്റെ നിറം കണ്ട? ആദ്യേം, നീല, പിന്ന മഞ്ഞ, പിന്ന കടും ചോപ്പ്, പിന്ന കറുപ്പ്..
ഊം..ആയിനെന്താട?
തെന്ത ങ്ങനെ പല നെറത്തീ കത്തണെ?
അതങ്ങനാ. മ്മടെ ജീവിതം പോലെ. പെലര്‍ച്ചക്ക് കാണുന്ന ആകാശം പോലെ നീലക്കും. വെയില് മൂക്കും പോലെ മഞ്ഞക്കും, മോന്തിക്ക്‌ ചോക്കും കടും ചോപ്പ്, പിന്നെ കറക്കും, കറുത്ത് കറുത്ത് ദാ ആ പുകപോലെ മാഞ്ഞു ഇല്ലാതാവും.
എന്ന് വെച്ചാ?
വെളക്കില്‍ എണ്ണ തീരും മുമ്പേ വെല്ലേം വായിക്കനുന്ടെല്‍ തീര്‍ത്തിട്ട് പോയി കെടക്കു ചെക്കാ. അപ്പാപ്പക്ക് വയ്യ നീ അവിടെ ഇരുന്നു പായാരിക്കാതെ. അമ്മയുടെ സ്വരം ഉയര്‍ന്നു.

***
ചാണക വരളികൊണ്ട് പൊതിഞ്ഞ അപ്പാപ്പന്റെ ശരീരം ചിതയില്‍ കത്തി തീരുമ്പോള്‍ അയാള്‍ നാളങ്ങളിലെ നിറഭേദങ്ങള്‍ നോക്കി നിന്നു. നീലയായി, മഞ്ഞയായി, കടും ചുവപ്പായി, കറുത്ത പുകയായി അപ്പാപ്പന്‍ മാഞ്ഞു പോയി.
***
"ഇനി പത്തു മിനിട്ട് കൂടെ" ഹാളില്‍ ഇരുന്ന മലയാളം ടീച്ചര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. "തീയുടെ നിറങ്ങള്‍" എന്ന് ചെറു കഥയ്ക്ക്‌ പേരിട്ടു അയാള്‍ തന്റെ പേപ്പര്‍ ടീച്ചര്‍ക്ക് കൊടുത്തു.
"ഇതില്‍ ഗുണപാഠം ഒന്നുമില്ലല്ലോ. മത്സരത്തിനുള്ള കഥക്ക് ഗുണപാഠം വേണമെന്ന് നേരത്തെ പറഞ്ഞതല്ലേ." തിരികെ നല്‍കിയ പേപ്പര്‍ വാങ്ങാതെ അയാള്‍ ഇറങ്ങി നടന്നു.
***
സ്റ്റാഫ് റൂമിലെ സ്റൌവില്‍ ചായക്ക്‌ വെള്ളം വെച്ചിട്ട് തീപ്പട്ടി കമ്പില്‍ മുനിഞ്ഞു തുടങ്ങിയ തീ പേപ്പറിലേക്ക്‌ പകര്‍ന്നു സ്റൌവിനു തീ കൊളുത്തി. പകുതി കത്തിയ പേപ്പര്‍ ജനലിലൂടെ ടീച്ചര്‍ പുറത്തെക്കെറിഞ്ഞു. തന്റെ "തീയുടെ നിറങ്ങള്‍" കത്തിയമരുന്നത് നോക്കി അയാള്‍ നിന്നു. നീല, മഞ്ഞ, കടും ചുവപ്പ്, കറുപ്പ്. എല്ലാം ജീവിതത്തിന്റെ നിറങ്ങള്‍ ആണ് എന്ന് അപ്പോള്‍ അയാള്‍ക്ക്‌ തോന്നി.