"ഇനി വേറെ ആലോചന നോക്കണ്ട ഓപ്പോളേ, ഇതങ്ങ്ട് ഒറപ്പിക്കാം"
"ഓലോട് ഒന്ന് പറയാതെങ്ങനാ?"
"ഇനിപ്പോ ചോദ്യോം പറച്ചിലും ഒന്നും വേണ്ട... എത്ര നാളെന്നു വെച്ചാ ഓപ്പോളും സാവീം ഇങ്ങനെ…”
“എന്തേലും ഒരു നല്ല ജോലി കിട്ടുമെന്നാ ഓല്.. ഇത്രേം പടിപ്പില്ലേ..?”
“അഞ്ചാറു കുട്ട്യോക്ക് ടൂശന്‍കൊടുക്കാനാ ഇക്കണ്ട പടിപ്പിനു പോയെ”
“എന്തിനോക്കെയോ വേറെ അപേക്ഷ വിട്ടത്രേ”
“ഊം...പ്രത്യേകം വിളിക്കാന്‍ ആരേലും ഉണ്ടേല്‍പറഞ്ഞാ മതി... ഞാനിറങ്ങുന്നു..."
തന്റെ കല്യാണം തീരുമാനിക്കപ്പെട്ടത് ഈ വിധത്തിലാണ് എന്ന് സാവിത്രി ഓര്‍ത്തു. “അല്ലെങ്കില്‍തന്നെ അച്ഛന്‍ കാട് കേറി പോയ വഴി കേറി വന്ന ദാരിദ്ര്യം ഇതില്‍കൂടുതല്‍ഒരു സൌഭാഗ്യം കൊണ്ടുതരാനില്ല.” അമ്മ... ശരിയാണ്..എമ്പാടു നിലം, തോപ്പ്, ഇരുന്നു തിന്നാലും തീരാത്ത നെല്ല്. കഴുത്തില്‍തൂക്കം പോരാത്ത താലിയുമിട്ട് താന്‍പടിയിറങ്ങിയപ്പോള്‍അമ്മ ആശ്വസിച്ചു കാണണം.
“ഇതിപ്പോ ധര്‍മ്മകല്യാണത്തിന്റെ ഗതികേട് കളരിപറമ്പിനില്ല. ന്റ കുട്ടി ഒരു ദീനക്കാരനായി പോയി... ഇല്ലേല്‍പൊന്നില്‍മൂടിയെ ഇവിടെ ഒരു പെണ്ണ് പടി കേറു... പൊന്നിന് തുല്യം പടിപ്പു വെച്ചാരും ഇഞ്ഞിവടെ തിന്നാന്‍ ഉണ്ടാക്കണ്ട...”
അങ്ങിനെ പിറുപിറുത്ത് വാതില്‍ക്കല്‍ വിശറി വീശി ചാരുകസാലയില്‍കിടക്കുന്നയാള്‍ ശിവശങ്കരന്റെ വല്യച്ഛനാണ്. പിറുപിറുപ്പ് എന്നാല്‍ എല്ലാവരും കേള്‍ക്കണം എന്നാണ് വല്യച്ഛന്. അന്നത്തേത് തനിക്കുള്ള നിര്‍ദ്ദേശമാണ് എന്ന അര്‍ത്ഥത്തില്‍ ശങ്കര്‍ തന്നെ നോക്കി ചിരിച്ചു. തണുത്ത ഭാവം ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ആ മുഖത്തിന് ആ ചിരി ഒരംഭംഗിയായിരുന്നു. പിന്നെ പിന്നെ ആ ചിരി സാധാരണമാണ് എന്നവള്‍ക്ക് മനസിലായി. ചോദ്യത്തിനും ഉത്തരത്തിനും ദേഷ്യത്തിനും സങ്കടത്തിനും അയാള്‍ അങ്ങിനെയാണ് പ്രതികരിച്ചിരുന്നത്. ഇന്ടര്‍വ്യൂനു കോള്‍ ലെറ്റര്‍ വന്നത് പറഞ്ഞപ്പോഴും, വല്യച്ഛന്‍ എതിര്‍ത്തപ്പോഴും അതെ ചിരി അയാളുടെ മുഖത്ത് എച്ചില്‍ പോലെ കിടന്നു. തന്റെ ശരീരത്തില്‍ പടര്‍ന്നു കയറുമ്പോള്‍ ഒഴികെ. അപ്പോള്‍ മാത്രമാണ് അയാള്‍ ഭര്‍ത്താവായിരുന്നത്.
ഒന്നുകില്‍ പുസ്തകത്തിന് മുന്നിലോ, അല്ലെങ്കില്‍ അടുപ്പിനു മുന്നിലോ ആയിരുന്നു സുമ ചിറ്റ. അങ്ങിനെ അല്ലാതെ അവരെ കാണുന്നത് അനിയനെ കൊല്ലിച്ചവള്‍ എന്ന് വല്യച്ഛന്‍ പ്രാകുമ്പോഴാണ്. ആ സമയത്ത് അവര്‍ തലകുമ്പിട്ട് പിന്നാലയില്‍ പോയിരുന്നു. കരയില്ല. വെറുതെ കണ്ണ് മിഴിച്ച് ദൂരേക്ക് നോക്കിയിരിക്കും. ഈ വലിയ വീട്ടില്‍ അവരുടെ ലോകം പുസ്തകത്തിലോ അടുക്കളയിലോ ഒതുങ്ങി തീര്‍ന്നിരുന്നു. ആ ലോകത്തേക്ക് വളരെ പെട്ടെന്നാണ് താന്‍ കടന്നു കൂടിയത്. അല്ലെങ്കില്‍ മറ്റൊരു ലോകം തുറന്നെടുക്കാനുള്ള ശ്രമത്തില്‍ സുമ ചിറ്റ തന്റെ ലോകമാകുകയായിരുന്നോ?
തന്നെക്കാള്‍ പത്തു വയസു മാത്രം മൂപ്പുള്ള സുമ ചിറ്റ പത്ത്രണ്ട് വര്ഷം മുന്‍പാണ് ശങ്കറിന്റെ ഇളയച്ഛന്റെ ഭാര്യയാവുന്നത്. കവിതയും കഥയും ഒക്കെ ആയി നടന്ന ഇളയച്ഛന് ചേര്‍ന്ന ഭാര്യയായിരുന്നു സുമ ചിറ്റ. ഒരുപാട് വായനയും എഴുത്തും ഒക്കെ ഉണ്ടായിരുന്നത്രെ. ഇളയച്ഛന്റെ രണ്ടാം കുടിയുടെ കാര്യം ചിറ്റ അറിയും വരെ താളനിബദ്ധമായ ഒരു കവിതയായിരുന്നു അവരുടെ ജീവിതം. പിന്നീട് കേട്ട കഥകള്‍ ശരിയെന്ന ചെറിയച്ഛന്റെ ഏറ്റുപറച്ചില്‍ മുതല്‍ അതിന്റെ താളം തെറ്റി തുടങ്ങി. പാമ്പ് തീണ്ടി ചെറിയച്ചന്റെ നീലച്ച ശരീരം മുന്നില്‍ കിടന്നപ്പോഴും സുമ ചിറ്റയുടെ കണ്ണുകള്‍ വരണ്ടു കിടന്നു.
"സാവി..."
കട്ടിലില്‍ തല കുമ്പിട്ടിരിക്കുകയായിരുന്നു അപ്പോള്‍ സാവിത്രി.
"ങ്ങ്ഹ്!!! ചിറ്റയോ??"
"വിഷമിക്കണ്ട മോളെ..."
"ന്നാലും ഞാന് ഒരുപാട് കൊതിച്ച ജോലിയാ ചിറ്റെ... ഇന്റെര്‍വ്യൂനുന്നു പോയിട്ട് കിട്ടീല്ലാച്ചാലും ഇത്രേം വെഷമില്ലാരുന്നു... പോണ്ടാന്നു പറഞ്ഞു വല്യച്ചന്‍..."
അത്രയും പറഞ്ഞു തീരുമ്പോള്‍ സാവിത്രി പൊട്ടിക്കരഞ്ഞു പോയി.
"സാരംല്യാ!! ന്റ മോള് കരയാതെ..." സുമ അവളെ ചേര്‍ത്ത് പിടിച്ചു. കൊതുമ്പുനാരു കത്തിയ പുകയുടെ മണവും വിയര്‍പ്പും കലര്‍ന്ന അവരുടെ മാറില്‍ സാവിത്രിയുടെ കണ്ണ് നീര്‍ പടര്‍ന്നു.
അന്ന്‍ മുതല്‍ തന്റെ സങ്കടങ്ങള്‍ അലതല്ലി തീരുന്ന മണ്‍തിട്ടയായിരുന്നു സുമ ചിറ്റ എന്ന് സാവിത്രി ഓര്‍ത്തു. അമ്മ മരിച്ചു പോയ വിവരം ആഴ്ചകള്‍ കഴിഞ്ഞറിഞ്ഞ ദിവസം അവരുടെ നെഞ്ചില്‍ ഞാന്‍ അലമുറയിട്ടു കരഞ്ഞു. മരിച്ച വിവരം പറയാന്‍ വന്ന ചെറിയപ്പനെ വഴിക്ക് വെച്ച് തന്നെ മടക്കി അയച്ചു വല്യച്ചന്‍. തന്നെ കാണാന്‍ പോലും വിട്ടില്ല.
"ദേ!! ഒന്നത്രേടം വരെ പോട്ടെ ഞാന്‍"
"ഉം!!!? എന്താ വിശേഷിച്ച്???
"അമ്മയെ കണ്ടിട്ട് ത്തിരിയായി... ഇങ്ങോട്ടും വരവില്ലല്ലോ??.. രണ്ടീസം കൂടെ നിന്നെച്ചു വരാം..."
"അതിനിപ്പോ ആയമ്മ മണ്ണായിട്ട് മാസം മൂന്നായില്ലേ... ഇനിപ്പോ നെനക്കാരാ അവിടെ കാവലിരിക്കാന്‍..."
അന്ന് താന്‍ അലമുറയിട്ടു കരഞ്ഞു...
ഇളിഞ്ഞ ചിരിയോടെ അന്ന് രാത്രിയിലും മാറില്‍ നിന്നും നേര്യത് അടര്‍ത്തി മാറ്റാന്‍ ശ്രമിച്ച ശങ്കറിന്റെ കൈകള്‍ തട്ടി തെറിപ്പിച്ച് ചിറ്റയുടെ മുറിയിലേക്കാണ് സാവിത്രി ഓടിയത്. പിന്നീടൊരിക്കലും ശങ്കറിന്റെ ചൂടുള്ള വായു തന്റെ കവിളില്‍ പതിഞ്ഞിട്ടില്ല. കൊതുമ്പുചാരത്തിന്റെ മണം പച്ചമഞ്ഞള്‍ ഗന്ധത്തിന് വഴി മാറിയ അവരുടെ മാറില്‍ മുഖമമര്‍ത്തിയായിരുന്നു, പിന്നീടുള്ള അവളുടെ രാത്രികള്‍ കടന്നു പോയത്.
"ന്താ? ശങ്കരനും സാവിത്രിക്കുമിടയില്‍?" ഈ ചോദ്യം തറവാടിന്റെ പല മൂലകളില്‍ തട്ടി പ്രതിധ്വനിച്ചതല്ലാതെ ആരും മറുപടി അന്വേഷിച്ചു പോയില്ല. ആ വലിയ വീട്ടിലെ മതിലുകള്‍ പല കാര്യങ്ങളിലും മനസിനകത്താണ് എന്ന് തോന്നും. അല്ലെങ്കില്‍ ഭര്‍ത്താവില്ലാത്ത സുമ ചിറ്റയ്ക്കും സൂക്കേട് കാരണം ശിവശങ്കരന്‍ വിവാഹം കഴിച്ച ദരിദ്രവാസി സാവിത്രിക്കും ചുറ്റുമായി ആ മതിലുകള്‍ നിറഞ്ഞു നിന്നു.
"പുതിയ പുസ്തകങ്ങള്‍ ഒന്നുമില്ലേ ചിറ്റെ?"
"ഞാന്‍ വന്നപ്പോ കൊണ്ടോന്നതും, ന്നെ അദ്യേം ഉണ്ടായിരുന്നപ്പോ ഒള്ളതും ഒക്കെ ഉള്ളു. പുറത്ത് പോവാതെ ഞാന്‍ എങ്ങനാ പുത്യ പുസ്തം നോക്കാ"
അവരില്‍ നിന്നൊരിക്കലും വ്യതസ്തമായിരുന്നില്ല താനും എന്ന് സാവിത്രി ഓര്‍ത്തു. പുറത്ത് വരഞ്ഞു പോകുന്ന വഴികള്‍ ഏതോ കഥകളില്‍ വായിച്ച ഓര്‍മ്മക്കപ്പുറം നിക്കുന്നത് പോലെ. പടിവാതിലിലൂടെ കാണുന്ന കാഴ്ചകള്‍ മാത്രമാണ് പുതുതായി അവശേഷിക്കുന്നത്. പിന്നെ ചിറ്റയും. തന്റെ ലോകം അവരിലോക്കൊതുങ്ങി തുടങ്ങിയ ഒരു ദിവസം...
അന്നവരുടെ നെഞ്ചിടിപ്പ് വല്ലാതെ കൂടുതലായിരുന്നു. തന്നെ പുണര്‍ന്നിരുന്ന അവരുടെ കൈകളുടെ കരുത്ത് കൂടി വരുന്നത് പോലെ തോന്നി. നെറുകയില്‍ ചുംബിച്ചു കിടക്കുന്ന ചുണ്ടുകള്‍ താഴേക്ക് ഇഴയുന്നു. ഒരു ഞെട്ടലില്‍ അന്ന് താന്‍ കണ്ണ് തുറന്നു. ചിറ്റയുടെ മാറിടം നഗ്നമായിരുന്നു...
എതിര്‍പ്പ്.... പിന്നെ ഇഷ്ടം....പ്രണയം.
ചിറ്റയെ താന്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. ശങ്കര്‍ കിതച്ചു കൊണ്ട് മാറില്‍ തളര്‍ന്നു വീഴുമ്പോള്‍ പോലും തോന്നാതിരുന്ന സ്ത്രീത്വബോധം ചിറ്റയുടെ ഉയര്‍ന്നു വരുന്ന നെഞ്ഞിടിപ്പില്‍ അവള്‍ അറിഞ്ഞു. തെറ്റ് എന്ന് മനസ്സില്‍ ശങ്കിച്ചിടത്തെല്ലാം അവള്‍ ശരിയെന്നു അമര്‍ത്തി എഴുതി വെച്ചു. ഒരിക്കല്‍ കൊളുത്ത് വീഴാതെ പോയ വാതില്‍ തുറന്നു വന്ന ശങ്കറിന് മുന്നില്‍ തുണി വാരി പുതക്കുമ്പോഴും ചിറ്റയുടെ നെഞ്ഞിടിപ്പില്‍ താന്‍ സുരക്ഷിതയാണ് എന്ന് അവള്‍ക്കു തോന്നി.
ശങ്കര്‍ ഒരു നിമിഷം പകച്ച് നോക്കി നിന്നു. പിന്നെ വാതില്‍ അടച്ച് തിരികെ നടന്നു. വല്യച്ഛന്റെ അലര്‍ച്ച ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ വശങ്ങളിലേക്ക് കോടിപോയ അയാളുടെ കാലുകള്‍ നിലം തൊടാതെ... മരവിച്ച്... ആടികൊണ്ടിരുന്നു...
"എത്തിയോ മോളെ?" ഒരുറക്കത്തില്‍ നിന്നുണര്‍ന്നു ചിറ്റ ചോദിച്ചു. പിന്‍ സീറ്റില്‍ ഇരുന്നു മയങ്ങുകയായിരുന്നു അവര്‍. സെന്റര് മിററിലൂടെ അവരെ നോക്കി പുഞ്ചിരിച്ച് സാവിത്രി പറഞ്ഞു..
"ഇല്ല ചിറ്റെ, ഇനിയും എട്ടു പത്തു കിലോ മീറ്റര്‍ കാണും."
നരയും ചുളിവും അവരുടെ പ്രായത്തെ കവര്‍ന്നു കൊണ്ട് പോയിരിക്കുന്നു. കൈകളിലെ കരുത്തൊഴികെ. ശങ്കര്‍ ആത്മഹത്യ ചെയ്ത പുലവീടി, തറവാട്ടില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ആ കൈ കരുത്ത് മാത്രമായിരുന്നു തന്റെ ഉറപ്പ്. ആരും എതിര്‍ത്ത് പറഞ്ഞില്ല. വല്യച്ഛന്‍ ചാരുകസാലയില്‍ കിടന്ന് അന്നും പതിവ് പോലെ പിറുപിറുത്തു.
"ന്റെ ക്ടാങ്ങളുടെ ആത്മാവ് പൊറുക്കില്ല... നശിക്കും... നരകിക്കും..."
ഒന്നും സംഭവിച്ചില്ല. നശിച്ചില്ല... നരകിച്ചില്ല... ചിറ്റയുടെ കൈയില്‍ അവശേഷിച്ച പൊന്‍ തരി വിറ്റ് വാടക്കൊരു ചെറിയ വീട്... ചെറിയ ചെറിയ ജോലി ചെയ്തു.. പിന്നെ സര്ക്കാര് ജോലിയില്‍ കയറിപ്പറ്റി.
"എനിക്കാ മണ്ണില്‍ ഉറങ്ങണംന്ന്‍ണ്ട് മോളെ..." അവശത കീഴടക്കി തുടങ്ങിയ ഒരു ദിവസം ചിറ്റ പറഞ്ഞു. "നടക്കില്ലാന്നറിയാം, ന്നാലും..."
"ചെയ്തത് തെറ്റായിന്ന് തോന്നണുണ്ടോ, ചിറ്റക്ക്...?
"നെനക്കൊരു ജീവിതല്ല്യാതെ പോയില്ലെന്നോര്‍ക്കുമ്പോ..."
ചിറ്റയുടെ വാ അവള്‍ പൊത്തി പിടിച്ചു. നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു. ചുണ്ടുകള്‍ കോര്‍ത്ത് തുടങ്ങുമ്പോള്‍ ചിറ്റയുടെ കൈകളില്‍ കരുത്ത് നിറയുന്നത് അവള്‍ അറിഞ്ഞു...
"വഴിയൊക്കെ മാറി പോയിരിക്കുന്നു അല്ലെ ചിറ്റെ... പേരിനു പോലും വെട്ടു വഴിയില്ല. "
പിറകിലെ മൌനം കണ്ട് അവള്‍ സെന്റര് മിററില്‍ നോക്കി. ചിറ്റ വീണ്ടും മയങ്ങി പോയിരിക്കുന്നു. ഇരുപതിലധികം വര്ഷം കഴിഞ്ഞിരിക്കുന്നു. ചെമ്മണ്‍ പാതയെല്ലാം ടാറിനോ കോണ്‍ക്രീറ്റിനോ അടിയിലാണ്. ദൂരെ നിന്നു തന്നെ തറവാടിനു മുന്നില്‍ വണ്ടികള്‍ നിരന്നു കിടക്കുന്നത് കണ്ട്. മിക്കവാറും എല്ലാവരും എത്തിക്കാണണം.
"അവിടെ കിടന്ന് മരിക്കനോ കഴിയില്ല. ഒന്നാ മണ്ണ് കണ്ടിട്ട് വരാം കുട്ടിയെ..." ഫാമിലി റീയൂണിയന്റെ കാര്യം പറഞ്ഞപ്പോള്‍ ചിറ്റ പറഞ്ഞു.
"പക്ഷെ നമ്മളെ നമ്മള്‍ എങ്ങിനെ അവര്‍ക്ക് മനസിലാക്കി കൊടുക്കും."
"പോവാം... വരുന്നത് പോലെ നോക്കാം..."
മുറ്റത്ത് തണല്‍ പാകിയിടത്തൊക്കെ കാറുകള്‍ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്നു. ഒഴിഞ്ഞ ഒരിടം നോക്കി സാവിത്രി വണ്ടി പാര്‍ക്ക് ചെയ്തു.
"എത്തി.. ചിറ്റെ..."
ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങി പിന്‍ ഡോര് തുറന്നു ചിറ്റയെ തട്ടി വിളിക്കുമ്പോള്‍ അവരുടെ ശരീരം സാവിത്രിയുടെ കൈകളിലേക്ക് ചാഞ്ഞു വീണു.
6 അഭിപ്രായങ്ങൾ:
വളരെ നന്നായി എഴുതി. നല്ല കഥ.
Fire ..part-2 ?
@Sabu: May be. But I have not watched the movie FIRE yet.
കഥയുടെ ക്രാഫ്റ്റ് വളരെ നന്നായി. തുല്യ ദുഖിതരായ രണ്ടു മനസ്സുകള്‍ പരസ്പരം അഭയമായപ്പോള്‍, അവരുടെ ഹൃദയ വികാരങ്ങള്‍ ഒന്നായപ്പോള്‍ അവര്‍ക്കിടയിലെ ബന്ധത്തിന്റെ ചരട് മുറുകുന്നത് ഒട്ടും വള്‍ഗര്‍ ആവാതെ അവതരിപ്പിച്ചു. കഥ പറഞ്ഞ രീതി ഇഷ്ടമായി.
അക്ബറിന്റെ അഭിപ്രായം തന്നെ എനിക്കും. ക്രാഫ്റ്റ് നന്ന്.... രണ്ടു സ്ത്രീ മനസ്സുകളുടെ ആന്തരികജീവിതത്തിലേക്ക് മാത്രമായി ഈ കഥ ഫോക്കസ് ചെയ്യുകയായിരുന്നുവെങ്കില്‍ ഒരു ഫ്രെഷ്‌നെസ്സ് ഫീല്‍ ചെയ്യിച്ചേനെ... മറ്റുകഥാപാത്രങ്ങള്‍ ഊഴം പോലെ മിന്നിയാല്‍ മതി....
അങ്ങിനെ ചെയ്യുമ്പോള്‍ സീരിയലുകളിലെ പോലെ വളരെ കണ്‍വെന്‍ഷണലായ രംഗങ്ങളെ ഒഴിവാക്കാന്‍ കഴിഞ്ഞേനെ... തികച്ചും മനശ്ശാസ്ത്രപരമായ ഒരു സമീപനം പലപ്പോഴും കഥാപത്രങ്ങളെ ആവിഷ്‌ക്കരിക്കുമ്പോള്‍ കഥാകൃത്തിന് അത് ഒരു വെല്ലുവിളിയാവാറുണ്ട്. മുന്‍നിരയിലെ പല കഥാകൃത്തുകളേയും നിലനിര്‍ത്തുന്നത് കഥാപാത്രങ്ങളുടെ മാനസിക തലങ്ങളെ അനാവരണം ചെയ്യുന്ന മികവുകൊണ്ടാണ്. അത് മനസ്സിലാക്കി ആ ഗുണങ്ങളെ സ്വാംശീകരിക്കാന്‍ അരുണിനും കഴിയണം
വളരെ കണ്‍വെന്‍ഷണലായ ആഖ്യാന മാതൃകകളെ അനുകരിച്ചുകൊണ്ട് കംഫര്‍ട്ടബിളാവുന്നതിനേക്കാള്‍ നമ്മുടെ ഫോക്കസ്സിനേയും അതിനുചേര്‍ന്ന ഭാഷയേയും ആവിഷ്‌ക്കരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുക.
വിജയാശംസകള്‍
നന്നായി എഴുതി :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ