കുട്ടിക്കാലത്ത് ഏതോ ഒരു സ്വാതന്ത്ര്യദിന പ്രത്യേകചലച്ചിത്രത്തിലാണ് ജപ്പാനിലെ സമരരീതിയെ കുറിച്ച് കേള്‍ക്കുന്നത്. നമ്മുടെ നാട്ടില്‍ തൊട്ടതിനും പിടിച്ചതിനും ഒക്കെ പണിമുടക്കുണ്ടാക്കി രാജ്യത്തിന്റെ ഉല്പാദനശേഷി കുറക്കുന്ന സമരപരിപാടികളെ ചോദ്യം ചെയ്യുന്ന വിധം ജപ്പാനിലെ അധിക ജോലി സമരം എന്നെ വല്ലാതെ ആവേശഭരിതനാക്കിയിരുന്നു. എന്ന് മാത്രമല്ല, ഇതേക്കുറിച്ച് പല പ്രസംഗങ്ങളിലും ഞാന്‍ വാചാലനായിട്ടുമുണ്ട്. ഘോരഘോരം ലേഖന മത്സരങ്ങളില്‍ നീട്ടിപ്പരത്തി എഴുതിയിട്ടുമുണ്ട്. പക്ഷെ ഇനി അങ്ങിനെ എഴുതേണ്ടിയോ പറയേണ്ടിയോ വന്നാല്‍ ഒന്ന് ഗ്രിപ്പിട്ടെ സംസാരിക്കൂ...
എന്ത് കൊണ്ടാണ് ജപ്പാനിലെ ജനങ്ങള്‍ അധിക ജോലി സമരത്തില്‍ ഏര്‍പ്പെടുന്നത്? അവരുടെ കഠിനാദ്ധ്വാന ശീലവും ചരിത്രവും പ്രകൃതിയും ഏല്‍പ്പിച്ച ദുരന്തങ്ങളെ അതിജീവിച്ച ഒരു ജനതയുടെ ഇച്ഛാശക്തിയെയും അനുകരിക്കേണ്ടത് തന്നെ. പക്ഷെ ഇങ്ങനെ അധികജോലി സമരം കൊണ്ട് എങ്ങിനെയാണ് ഒരു കമ്പനി സമ്മര്‍ദ്ദത്തില്‍ ആവുകയും തൊഴിലാളി സമരം വിജയിക്കുകയും ചെയ്യുന്നത് എന്ന കാര്യത്തില്‍ കലശലായ ഒരു സംശയം ഉണ്ടായിരുന്നു. പിന്നെ എങ്ങിനെയെങ്കിലും തൊഴിലാളിയെ ഞെക്കിപ്പിഴിയാന്‍ കാത്തിരിക്കുന്ന ഒരു സമൂഹത്തില്‍ ഇത്തരം ഒരു സമരത്തിന്റെ സാധ്യത എന്ത് എന്നതും.
ജപ്പാനിലെ ഒരു സാമ്പത്തികതന്ത്രം എന്നത് ഡിമാന്റ്റ് അനുസരിച്ചുള്ള ഉത്പാദനം എന്നതാണ്. അതായത് ഉല്പാദനസമയത്തിന്റെ വേഗത കൂട്ടി ഒരു ഉല്പന്നത്തിന്റെ ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് അതിവേഗം ഉപയോക്താവിന്റെ കയില് എത്തിക്കുക. എനിക്കിപ്പോള്‍ ഒരു കാര്‍ വേണമെങ്കില്‍ ഇന്ത്യയില്‍ സാധാരണഗതിയില്‍ ഞാന്‍ ഒരു ഷോറൂമില്‍ ചെന്ന് കാര്‍ ഓര്‍ഡര്‍ ചെയ്യുകയും അവരുടെ വെയര്‍ഹൌസില്‍ നിന്ന് കാര്‍ എത്തുകയും ചെയ്യും. എന്നാല്‍ ജപ്പാനില്‍ വെയര്‍ഹൌസിംഗ് എന്ന ആശയം തന്നെ കുറവാണ്. ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ചുള്ള ഉദ്പാദനം. അങ്ങിനെ ഉല്പന്നങ്ങള് കൂടുതല്‍ ഉണ്ടാക്കി വെക്കുമ്പോള്‍ വരുന്ന വെയര്‍ ഹൌസിംഗ്, വേസ്റ്റേജ്, ഡിസ്പോസല്‍ തുടങ്ങിയ അധിക ചെലവുകള്‍ ഒഴിവാക്കുന്ന തന്ത്രം. ഇതാണ് അധികജോലി സമരങ്ങള്‍ക്ക് പിന്തുണ നല്കുന്ന ഫാക്ടര്‍.
ദിവസവും എട്ടു മണിക്കൂര്‍ ജോലിചെയ്യുന്ന തൊഴിലാളി സമരത്തിന്റെ ഭാഗമായി രണ്ടുമണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുമ്പോള്‍ ഇരുപതു ശതമാനം വര്‍ദ്ധന ഉദ്പാദനത്തില്‍ ഉണ്ടാവും. അതായത് നൂറുകാര്‍ ആവശ്യമുള്ളിടത്ത് നൂറ്റിഇരുപത് കാര്‍ ഉത്പാദിപ്പിക്കപ്പെടും. ഇങ്ങനെ അധികം വരുന്ന കാര്‍ തീര്‍ച്ചയായും വെയര്‍ഹൌസ് ചെയ്യേണ്ട അധികചെലവ് കമ്പനിക്ക് ഉണ്ടാകും. ഇത് കുറഞ്ഞ എക്സപയറി കാലയളവ് ഉള്ള ഭക്ഷ്യ ഉദ്പന്നങ്ങള്‍ ആണെങ്കില്‍ അധികം വരുന്ന ഉല്പന്നങ്ങള് സംരക്ഷിക്കുന്ന ചെലവ് കൂടാതെ ഇവ ദ്രുതകാലയളവില്‍ നശിച്ചുപോവുകയും അത് ഡിസ്പോസ് ചെയ്യേണ്ടി വരികയും ചെയ്യും. ഇത് പോരെ ഒരു കമ്പനി സമ്മര്‍ദ്ദത്തിലാവാന്‍. സത്യത്തില്‍ ഈ അധികജോലി സമരം കമ്പനിക്ക് നഷ്ടമാണ് ഉണ്ടാക്കുന്നത്.
ഇന്ത്യയില്‍ ഇത് പോലെ സമരം ചെയ്തത് കൊണ്ട് കാര്യമില്ല എന്ന് മനസിലായില്ലേ. അഥവാ ഈ സമരം കൊണ്ട് എന്തെങ്കിലും ഇഫക്റ്റ് ഉണ്ടാവണം എങ്കില്‍ സ്റ്റോര്‍ ചെയ്യാന്‍ പറ്റാത്ത ഉല്പന്നങ്ങള് ഉണ്ടാക്കുന്ന തൊഴില്‍ ശാലകള്‍ ആയിരിക്കണം. പക്ഷെ ആവശ്യത്തിന് സ്റ്റോറിംഗ്, വെയര്‍ഹൌസിംഗ് സിസ്റ്റം ഉള്ള നമ്മുടെ നാട്ടില്‍ അതെത്രമാത്രം പ്രായോഗികമാണ് എന്ന് കണ്ടറിയണം. അത് വരെ ഈ പണിമുടക്ക് തന്നെ ഇങ്ങനെ കണ്ടോണ്ടിരിക്കാം.
2 അഭിപ്രായങ്ങൾ:
നല്ല നിഗമനങ്ങൾ-
അധിക സമയം ജോലി ചെയ്യുന്നതില്‍ അങ്ങിനെ ഒരു ഗുട്ടന്‍സ് ഉണ്ടല്ലേ , ഗുഡ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ