-->

Followers of this Blog

2011, സെപ്റ്റംബർ 14, ബുധനാഴ്‌ച

ഒറ്റുകള്‍ക്കപ്പുറം കവിതയുണ്ടാകുന്നു...

നിന്റെ മൌനത്തിന്
മൂര്‍ച്ഛയുണ്ടെന്നും
വാക്കിനതിരുകള്‍
തീരുന്നിടം മുതല്‍
എന്റെ നെഞ്ചതില്‍
കൊത്തിപ്പറിയുമെന്നു-
മറിഞ്ഞപ്പോഴാണ്
കവിതയില്ലാതെ
ഞാന്‍ കവിയായത്‌

ഒരു ചുംബനം കൊണ്ട്
നീ പൂക്കുമെന്നും
റാന്തലിന്റെ കരി
പടര്‍ന്ന ചുവപ്പ്
നിന്‍ കവിളില്‍ കലര്‍ന്നത്
പ്രണയമാണെന്നും
നരച്ചൊരു സന്ധ്യയുടെ
ചിതറിയ മഴയില്‍
ഒറ്റപ്പെടലിന് നീ
ചുംബനമില്ലാതെന്നെ
ഒറ്റുകൊടുത്തത്‌
വിരഹമെന്നും
പകര്‍ത്തിയെഴുതി
ഞാന്‍ കവിയായത്‌...

ഇന്ന്...
വരിയും വരയും
മുറിഞ്ഞിവിടെ
ഇടനാഴിയില്‍ ഞാന്‍
ചാഞ്ഞിരിക്കുമ്പോള്‍
ഇനിയുമെന്‍ ഹൃദയം നീ
നെടുകെ പിളര്‍ത്തുക
വാക ചുവപ്പ്
മിഴികളിലാഴ്ത്തി
ഉറക്കെ ചിരിച്ചെന്നെ
ഒറ്റിക്കൊടുക്കുക

ഇനിയെന്നിലൊരു കവി-
യെഴുതി തുടങ്ങുവാന്‍
ഒരു മഴ കൂടി
തനിയെ നനയണം
മഴ നനഞ്ഞിരുളി-
ലുറക്കെ കരയണം
രാത്രിയുടെ
വാരിയെല്ലുകള്‍
ഞെരിയുന്ന കലമ്പല്‍
തീരും മുന്‍പ്‌
കനലുകള്‍ കൊണ്ടെന്നെ
പൊള്ളിക്കുവാനും
മുറിവില്‍ കണ്ണുനീ-
രിറ്റിച്ചു നീറ്റാനും
എന്നെ വീണ്ടുമൊരു
കവിയാക്കുവാനും
ഒരിക്കല്‍ കൂടിയെന്നെ
നീ
ഒറ്റുകൊടുക്കുക.

4 അഭിപ്രായങ്ങൾ:

കൊമ്പന്‍ പറഞ്ഞു...

അഭിനന്ദനം താങ്കള്‍ക്ക് ഉള്ളതാ സുഹ്ര്ത്തെ വളരെ നല്ല വരികള്‍

Unknown പറഞ്ഞു...

നന്ദി...

ദൃശ്യ- INTIMATE STRANGER പറഞ്ഞു...

ഒരു മഴ കൂടി
തനിയെ നനയണം
മഴ നനഞ്ഞിരുളി-
ലുറക്കെ കരയണം....

കവിതകള്‍ ഇനിയും ഇനിയും ഉണ്ടാകട്ടെ..

വളരെ നല്ല വരികള്‍....ആശംസകള്‍

ജയ പറഞ്ഞു...

വിരഹത്തിന്റെ നീറ്റല്‍ ഉള്ളില്‍ പടരുന്ന ഒരു കാവ്യമഴ നനഞ്ഞ പോലെ ...ആശംസകളോടെ .....