ദെബസ്ത്യാനോസ് (സെബസ്ത്യാനോസ്) പുണ്യാളന്റെ കുരിശു പള്ളിക്ക് മുന്നില്‍, മുട്ടുകാലില്‍ ലേശം വാതത്തിന്റെ വേദനയുള്ള ഭാഗത്ത് വിരലുകൊണ്ട് അമര്‍ത്തി അങ്ങിനെ ചാരിയിരിക്കുമ്പോള്‍ വക്കച്ചന്‍ചേട്ടന് ഒരു രാജ്യം മുഴുവന്‍ചുറ്റും പരന്നു കിടക്കുന്നത് പോലെയാണ് ചെള്ളക്കര. മുട്ടിനാഴം വരുന്ന കുറുക്കുചെളി നീന്തി ചെള്ളക്കരയില്‍ആദ്യം കുടിയേറിയത് വക്കച്ചന്‍ചേട്ടനാണ്. അന്ന് മുതലേ തന്റെ തലക്ക് മുകളില്‍ ദൈവം തമ്പുരാനും അതിനു താഴെ ദെബസ്ത്യാനോസ് പുണ്യാളനും തനിക്ക് താഴെ ചെള്ളക്കരക്കാരുമാണ് അയാള്‍ക്ക്. ദൈവവും പുണ്യാളനും പറയുന്നത് കേള്‍ക്കുന്ന വക്കച്ചന്‍ചേട്ടനും അയാള്പറയുന്നത് കേള്‍ക്കുന്ന ചെള്ളക്കരയുമായി തൊള്ളായിരത്തി നാപ്പതിലെ വെള്ളപ്പൊക്കം ശമിച്ച കാലം മുതല്‍ ആ നാട് ചലിച്ചു തുടങ്ങി.
വള്ളത്തില്‍ കടലില്‍ പോയി പിടിച്ച അയലയും വാലാനും പുള്ളി ചെമ്മീനും വല കുടഞ്ഞു കുട്ടയിലേക്ക് പകുത്തു മാറ്റാന്‍ കൂടെ കൂടിയ അന്തോണി ചേട്ടനും പൈലി ചേട്ടനും കൂടി ചെള്ളക്കരയിലെക്ക് വന്നതോട് കൂടി വക്കച്ചന് ചേട്ടന് ഇടത്തും വലത്തും നില്ക്കാന് ആളുകളായി. ഇവിടെ മുതല്‍ ഈ ഗ്രാമത്തിന്റെ ചരിത്രം തുടങ്ങുന്നു. ചെള്ളക്കരയുടെ ചരിത്രം. അതാണ് വക്കച്ചന് ചേട്ടന്റെ ചരിത്രം.
തൊള്ളായിരത്തി എഴുപത്തി അഞ്ചില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന കാലത്ത് ചെള്ളക്കരയില്‍ പത്ത് പുതിയ കുടുംബങ്ങള്‍ കൂടി കുടിയേറി. വക്കച്ചന് ചേട്ടന്റെ കൂടെ വള്ളത്തില്‍ പോകുന്നവരോ കൂട്ടുവള്ളത്തില് പോകുന്നവരോ, അല്ലെങ്കില്‍ ചുളുവിലക്ക് കുറച്ചു ഭൂമി വാങ്ങി ബാക്കി അതിര് കെട്ടി വളച്ചെടുത്തവരോ ഒക്കെയായി ചെള്ളക്കരക്ക് പലകഷണങ്ങളായി പിരിയുന്ന കാലത്താണ് വക്കച്ചന് ചേട്ടന് ആദ്യമായി തന്റെ ഔദ്യോഗിക പദവി നേടിയെടുക്കുന്നത്. യശ:ശരീരനായ ശ്രീ കെ കരുണാകരന്റെ കറതീര്‍ന്ന അനുയായിയായ പൈലി ചേട്ടന് ചെള്ളക്കര കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ സഭയുടെ വലിയ അനുഭാവിയും വിശ്വാസിയുമായ വക്കച്ചന് ചേട്ടന് ഒരു കുരിശുവരച്ച് അതിനു ചുറ്റും വട്ടം വരച്ച് പാര്‍ട്ടിയുടെ ആദ്യയോഗത്തില്‍ ഒപ്പ് വെച്ചു. പിന്നീടുള്ള ചെള്ളക്കരയുടെ ഓരോ ചരിത്ര നിമിഷത്തിലും ഈ കുരിശും വട്ടവും തന്നെയായിരുന്നു ഔദ്യോഗികമായ അനുമതി. സഭയേക്കാള്‍ ഒരു പടി മുന്നില്‍ പാര്‍ട്ടിയെ സ്നേഹിച്ചിരുന്ന പൈലി ചേട്ടന് "കോ" എന്ന് സെക്രട്ടറി പദത്തില്‍ ഒപ്പ് വെച്ചു. ജോഷി ചേട്ടനും ചരിത്രകാരന്റെ അപ്പന്റെ തറവാടും അടിയന്തിരാവസ്ഥ അവസാനിച്ച കാലത്ത് ഇവിടത്തെ അതിരില്‍ തണ്ടപ്പേര് ചേര്‍ക്കും വരെ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ചെള്ളക്കരയുടെ രാഷ്ട്രീയ ചരിത്രം. സി എച്ചിന്റെ മന്ത്രിസഭ എഴുപത്തി ഒന്‍പതില്‍ വീഴുമ്പോള്‍ പുതിയ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയ ചെള്ളക്കരയുടെ ചെവിയില്‍ ആദ്യ ഇങ്ക്വിലാബ് വീഴുന്നത് സ. ഇ കെ നായനാര്‍ അധികാരമേല്‍ക്കുന്ന ദിവസംഅപ്പനും ജോഷിചേട്ടനും സ. ബാലന് ചേട്ടനും സ. ലക്ഷ്മി ചേച്ചിയും ആഹ്ലാദപ്രകടനം നടത്തുന്ന സമയത്താണ്. വക്കച്ചന്റെ ചേട്ടന്റെ രാഷ്ട്രീയപരമായ ആദ്യപരാജയവും അതായിരുന്നു.
തൊള്ളായിരത്തി എഴുപത്തിനാലില്‍ ക്രൈസ്തവ സഭ ആരംഭിച്ച ഇടവക കുടുംബയൂണിറ്റ് എന്ന ആശയം എണ്‍പതുകളുടെ ആരംഭത്തില്‍ ചെള്ളക്കരയിലും ശക്തമായി. വക്കച്ചന് ചേട്ടന്റെ രണ്ടാം വരവ് ഇവിടെ നിന്നാരംഭിക്കുന്നു. പതിനാലു കുടുംബങ്ങള്‍ അന്ന് വക്കച്ചന് ചേട്ടന്റെ പുരയില്‍ ഒത്തുകൂടി. പുരക്കകത്തിരുന്ന് പെണ്ണുങ്ങളും മുറ്റത്തിരുന്ന് ആണുങ്ങളും കയ്യടിച്ചു പാസാക്കിയ ആദ്യത്തെ പ്രമേയം വക്കച്ചന് ചേട്ടനെ കുടുംബയൂണിറ്റിന്റെ ആദ്യ പ്രസിഡണ്ട് ആയി തെരഞ്ഞെടുത്തു കൊണ്ടുള്ളതായിരുന്നു. ഇവിടം മുതല്‍ പള്ളിയുടെ മുന്‍പന്തിയില്‍ ചെള്ളക്കരയുടെ കുടുംബയൂണിറ്റിനെ എത്തിക്കുന്നതില്‍ വക്കച്ചന് ചേട്ടന്റെ നിതാന്തപരിശ്രമത്തിന്റെ ചരിത്രമാണ്.
വലത് വശത്ത് പൈലി ചേട്ടനും ഇടത് വശത്ത് അന്തോണി ചേട്ടനുമായി ആരംഭിച്ച ഈ ചരിത്രകഥ ഓരോ യൂണിറ്റ് വാര്‍ഷികത്തിലും വക്കച്ചന് ചേട്ടന് ആവര്‍ത്തിക്കുന്നത് ചെള്ളക്കരയ്ക്ക് ബോറടിച്ചു തുടങ്ങിയപ്പോള്‍ അവര്‍ ഭരണമാറ്റത്തെ കുറിച്ച് ചിന്തിച്ചു. അങ്ങിനെ എണ്പത്തിഏഴില് കേരളത്തില്‍ വീണ്ടും ഇടത് തരംഗം ആഞ്ഞടിക്കുന്ന കാലത്ത് ചെള്ളക്കരയിലും ഇടത് ചായ്വ് ഉണ്ടായി. ചരിത്രകാരന് ആറുവയസ് പ്രായമാകുന്ന വര്‍ഷം ചരിത്രകാരന്റെ അമ്മ യൂണിറ്റിന്റെ സെക്രട്ടറിയും ലോനന് ചേട്ടന് പ്രസിഡണ്ടുമായി. ഇതിനിടയില്‍ വക്കച്ചന് ചേട്ടന്റെ വ്യക്തി ജീവിതത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായി എന്ന് പറയാവുന്നത് മക്കളുടെ വിവാഹങ്ങള്‍ ആണ്. അവര്‍ ഭാഗം വാങ്ങി പിരിഞ്ഞു എങ്കിലും ചെള്ളക്കരയില്‍ നിന്ന് വിട്ടു പോയില്ല. അത് ചെള്ളക്കരയില്‍ വക്കച്ചന് ചേട്ടനുള്ള സ്വാധീനം വര്‍ദ്ധിപ്പിച്ചു.
ശ്രീ കെ കരുണാകരന് മൂന്നു വര്‍ഷം നീണ്ടുനിന്ന ഇടത് ഭരണത്തെ താഴെയിറക്കി ഭരണം തിരിച്ചു പിടിക്കും മുന്നേ ചെള്ളക്കരയില്‍ സ്വാധീനം വീണ്ടെടുത്ത വക്കച്ചന് ചേട്ടനുമായി ഇടത് ചായ്വ് നേതൃത്വം ലയിക്കുന്നത് സെബസ്ത്യാനോസ് പുണ്യാളന്റെ കാര്യത്തിലാണ്. അന്ന് വരെ ചെള്ളക്കരയ്ക്ക് തൊട്ടുചേര്‍ന്ന് കിടന്നിരുന്ന കിഴക്കേക്കരയുടെ പുണ്യാളന് തന്നെ ആയിരുന്നു ചെള്ളക്കരയുടേതും. പഞ്ഞം, പട, വസന്ത ഇതില്‍ നിന്നൊക്കെ രണ്ടുകരക്കാരെയും ഒരുപോലെ സംരക്ഷിക്കാന്‍ പുണ്യാളന് പ്രാപ്തനായിരുന്നു. പക്ഷെ ഒരമ്പ് പെരുന്നാളിന് കാര്യങ്ങള്‍ തകിടം മറിഞ്ഞു. നേര്‍ച്ച സദ്യയോട് അനുബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ കരകള്‍ പിരിഞ്ഞു. അന്നാണ് ഇടത് കക്ഷികളും വക്കച്ചന് കക്ഷികളും ലയിച്ച മുന്നണി ഭരണം ചെള്ളക്കരയില്‍ വരുന്നത്. രണ്ട് കക്ഷികളുടെയും പ്രതിനിധിയായി വക്കച്ചന് ചേട്ടന് വീണ്ടും പദവിയിലെത്തി. ഇതിനിടയില്‍ ചെള്ളക്കരയുടെ ഭൂപടത്തില്‍ കുടുംബങ്ങളുടെ എണ്ണം ഇരുപത്തി ഒന്നായി ഉയര്‍ന്നു. ഈ ഓരോ കുടുംബത്തില്‍ നിന്നും ഓരോരുത്തര് അരിയും പച്ചക്കറിയും പലച്ചരക്കും കൊണ്ട് വന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ പുണ്യാളന്റെ പെരുന്നാള്‍ ആഘോഷിച്ചു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അങ്ങിനെവക്കച്ചന് ചേട്ടന്റെ ചരിത്രത്തില്‍ പുണ്യാളന് ഇടം നേടി.
പുണ്യാളന്റെ പെരുന്നാള്‍ നടത്തപ്പെടുന്ന വീടുകള്‍ മെല്ലെ ഓലമേഞ്ഞതില് നിന്ന് ഓട് മേഞ്ഞതിലേക്ക് മാറി വന്നത് വക്കച്ചന് ചേട്ടന് അഭിമാനത്തോടെ നോക്കി നിന്നു. ചെള്ളക്കരയില്‍ പത്താം ക്ലാസ് പൂര്‍ത്തീകരിക്കുന്നവരും ഡിഗ്രിക്കാരും ഒക്കെ ഉണ്ടായി. മരപ്പണിക്കാരും, കല്‍പ്പണിക്കാരും, കോണ്ട്രാക്ടര്മാരും, കള്ളുകച്ചോടക്കാരും ഉണ്ടായി. കരയുടെ സാമ്പത്തികസ്ഥിതിയും മാറ്റവും ഒക്കെ ഉണ്ടായത് ദേബ്സ്ത്യാനോസ് പുണ്യാളന്റെ കാരുണ്യമാണ് എന്ന് വക്കച്ചന് ചേട്ടന് അസന്നിഗ്ദ്ധമായി പറയുകയും ചെള്ളക്കരക്കാര് ഒരുമിച്ച് അതേറ്റു പറയുകയും ചെയ്തിരുന്നു.
"ഇത് വരെ പുണ്യാളന് നമ്മള്‍ക്ക് വേണ്ടി ഒരുപാട് ചെയ്തുകൂട്ടി, ഇനി നമ്മളെന്തെലും പുണ്യാളന് ചെയ്തു കൊടുക്കണം."
വക്കച്ചന് ചേട്ടന് ചെള്ളക്കരയോട് മൊത്തമായിട്ടാണ് ഇത് പറഞ്ഞത്. ഒപ്പം തന്റെ വീടിന്റെ മുന്നിലെ അര സെന്റ് സ്ഥലവും പുണ്യാളന് വിട്ടു കൊടുക്കാന്‍ കൂടി തയ്യാറായി. രാഷ്ട്രീയപരമായി പഞ്ചായത്ത് റോഡിലേക്ക് ചേര്‍ന്ന് നില്ക്കുന്ന കുരിശുപള്ളിയുടെ പ്ലാന്‍ ഇടത് കക്ഷികള്‍ എതിര്‍ത്തു. റോഡുവികസനത്തില്‍ ഇത് പ്രശ്നമാകുമെന്നു എന്ന് കാണിച്ച പരാതിയിന്മേല് പഞ്ചായത്ത് സ്റ്റേ കൊണ്ടുവന്നത് വക്കച്ചന് ചേട്ടന്റെ സ്വപ്നങ്ങള്‍ക്ക് കൂടി ചേര്‍ത്തായിരുന്നു. ഇടത് പക്ഷ ചായ്വ് ഉണ്ടായിരുന്ന പഞ്ചായത്തും കേരളവും നായനാര്‍ സര്‍ക്കാരിനെ കയ്യൊഴിഞ്ഞപ്പോള്‍ കുരിശുപള്ളിക്ക് മേലുള്ള സ്റ്റേ പൈലി ചേട്ടന് പുല്ലു പോലെ പിന്‍വലിപ്പിച്ചു. 2001-ല്‍ എ കെ ആന്റണി കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ സമയത്ത്, വക്കച്ചന് ചേട്ടന്റെ നേതൃത്വത്തില്‍ ചെള്ളക്കരയുടെ ദേബ്സ്ത്യാനോസ് പുണ്യാളന് സ്വന്തമായി ഒരു കുരിശുപള്ളി ലഭിച്ചു. അപ്പോഴേക്കും വക്കച്ചന് ചേട്ടന് ശേഷമുള്ള രണ്ടാം തലമുറ കരുത്ത് നേടിയിരുന്നു. കരയില്‍ ഭരണം മാറിവന്നു. പാര്‍ട്ടികള്‍ക്ക് യൂത്ത് പാര്‍ട്ടികളും സഭക്ക് യുവനേതൃത്വവും വേണ്ടി വന്ന കാലത്ത് ഒരു കാലഘട്ടത്തിന്റെ നേതാവ് പിന്മാറുന്നത് ലോകചരിത്രം കണ്ടത് പോലെ ചെള്ളക്കരയുടെ ചരിത്രവും കണ്ടു. ഇതിനിടയില്‍ മക്കളെല്ലാം വിവാഹിതരായി; മക്കളുടെ മക്കളും വളര്‍ന്നു വലുതായി. പിന്നീടങ്ങോട്ട് പുണ്യാളനും കുരിശു പള്ളിയും അതിന്റെ താക്കോലും മാത്രമായി വക്കച്ചന് ചേട്ടന്റെ ചരിത്രം ചുരുങ്ങുവാന്‍ തുടങ്ങി.
പൈലി നടന്നു നീങ്ങി... കുരിശുപള്ളിയുടെ ഒരു മതിലില്‍ ഒട്ടിയിരിക്കുന്ന പഞ്ചായത്ത് നോട്ടീസില്‍ വക്കച്ചന് ചേട്ടന് ഒന്ന് കൂടെ നോക്കി. പിന്നെ ടാറിന്റെ മണമേല്‍ക്കാന്‍ കാത്ത് കിടക്കുന്ന പഞ്ചായത്ത് വഴിയേയും. ഇപ്പോഴത്തെ കോണ്‍ക്രീറ്റിന് താഴെ ചെങ്കല്‍ ചെളിയും അതിനു താഴെ കറുത്ത കുറുക്കു ചെളിയും ശവക്കച്ച പുതച്ചുറങ്ങുന്നത് അയാള്‍ കണ്ടു. പിന്നെ അരയില്‍ ഒരു പതിറ്റാണ്ട് കാലം ചേര്‍ന്ന് കിടന്നിരുന്ന കുരിശു പള്ളിയുടെ താക്കോല്‍ കൂട്ടം പരതിയെടുത്തു. വാതില്‍ തുറന്ന് പുണ്യാളന്റെ രൂപം എടുത്ത് തോളില്‍ വെച്ച് വക്കച്ചന് ചേട്ടന് കുരിശു പള്ളിയുടെ പടിയിറങ്ങി.
ഇവിടെ വക്കച്ചന് ചേട്ടന്റെ ചരിത്രം അവസാനിക്കുന്നു. നാളെ മുതല്‍ ചെള്ളക്കരക്ക് പറയാനുള്ള വികസനത്തിന്റെ ചരിത്രം മാത്രമാണ്. കുരിശുപള്ളിയുടെ ഒരു മതിലില്‍ ഒട്ടിയിരിക്കുന്ന പഞ്ചായത്ത് പൊളിക്കല്‍ നോട്ടീസില്‍ പറയുന്നത് അതിനുള്ള മുന്നൊരുക്കം മാത്രം....
5 അഭിപ്രായങ്ങൾ:
വക്കച്ചന് ചേട്ടന്റെ കഥ മനോഹരമായി പറഞ്ഞു അരുണ്‍
വികസനത്തിനു മുന്നില്‍ മറ്റൊന്നിനും സ്ഥാനമില്ലല്ലോ
ആദ്യത്തെ ടേക്ക് ഓഫിന്റെ ഭംഗിയും ചാരുതയും പറക്കലിലും ലാന്‍ഡിംഗിലും കണ്ടില്ല ഈ കഥയില്‍. എന്നാലും കൊള്ളാം
Vakkachan chettante charithram ivide avasanikkatte vikasanam undakatte
vakkachan chettante kadha valare nannayirikkunnu. iniyum ithu poleyulla srishtikal undakatte. best wishes
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ