-->

Followers of this Blog

2015, ജൂൺ 1, തിങ്കളാഴ്‌ച

പ്രേമം: മൂവി റിവ്യൂ

ചിലയാളുകളെ, ചില സ്ഥലങ്ങളെ, ചില കാര്യങ്ങളെ ഇഷ്ടപ്പെടാന്‍ ഒരുപാട് സമയമെടുക്കും. ഇഷ്ടപ്പെട്ടാല്‍ പിന്നെ അകന്നു നില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്യും. അത് പോലെ ഒരു ഫീല്‍ നല്‍കുന്ന ചിത്രമാണ് പ്രേമം. പ്രേമം പൈങ്കിളി ആകുന്നത് സ്വഭാവികമാണ്. ആ സ്വാഭാവികത അതേ പോലെ പകര്‍ത്തിവെക്കാനുള്ള ശ്രമത്തില്‍ വന്നുപെട്ട ചില വലിച്ചു നീട്ടലും ഉറക്കം തൂങ്ങലും മാറ്റി നിര്‍ത്തിയാല്‍ വലിയ കുഴപ്പമില്ലാത്ത ചിത്രമാണ് പ്രേമം. 100 രൂപയ്ക്ക് ടിക്കറ്റെടുത്താല്‍ അതില്‍ 60-65 രൂപ മുതല്‍.

നിവിന്‍ പോളി അവതരിപ്പിക്കുന്ന ജോര്‍ജ്ജ് ഡേവിഡ് എന്ന കഥാപാത്രത്തിന്‍റെ പ്ലസ്ടു-കലാലയ-യുവകാലഘട്ടങ്ങളില്‍ പ്രണയത്തിന് വരുന്ന ഭാവഭേദങ്ങളാണ് പ്രേമത്തിന്‍റെ ഇതിവൃത്തം. ജോര്‍ജ്ജിന്‍റെ സുഹൃത്തുക്കളായി കോയയും (കൃഷ്ണ ശങ്കര്‍), ശംഭുവും (ശബരീഷ വര്‍മ്മ). ചിത്രത്തിന്‍റെ ആദ്യപകുതി ഒരു ശരാശരി നിവിന്‍പോളി ചിത്രത്തിന്‍റെ കുട്ടിക്കാലമാണ്. മേരി (അനുപമ പരമേശ്വരന്‍) യെന്ന ഒരു 80-90 കാലഘട്ടത്തിന്‍റെ സൌന്ദര്യസങ്കല്‍പങ്ങള്‍ ഒത്തു ചേരുന്ന പെണ്‍കുട്ടിയും അവളെ ചുറ്റി നില്‍ക്കുന്ന ആ കാലഘട്ടത്തിന് ചേര്‍ന്ന കാമുക സംഘവും ഒക്കെയാണ് ഈ ഭാഗത്തിന്‍റെ ത്രെഡ്. നേരത്തെ പറഞ്ഞത് പോലെയുള്ള ആ സ്വാഭാവികതയും ഇടക്ക് വീഴുന്ന തമാശയും ആലുവ പുഴയുടെ തീരത്ത് എന്ന പാട്ടുമൊക്കെ ഈ ഭാഗത്ത് ആശ്വാസകരമാണ്. പക്ഷെ അതേ സ്വാഭാവികത തന്നെ പലപ്പോഴും നല്ല ബോറടിയുമാണ്‌. ഈ ബോറടിക്കിടയിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമയില്‍ ഇല്ലാത്ത മറ്റൊന്ന് “നിവിന്‍ പോളിയുടെ പടമല്ലേ, ദിപ്പോ ശരിയാകും” എന്ന കാത്തിരിപ്പാണ്. ആ കാത്തിരിപ്പിന്‍റെ നല്ല ഫലമാണ് ജോര്‍ജ്ജിന്‍റെ കലാലയ ജീവിതം.

ഇവിടെയാണ് ഏറ്റവും നന്നായി നാച്ച്വറാലിറ്റിയെ സംവിധായകനും രചയിതാവുമായ അല്‍ഫോന്‍സ്‌ പുത്രനും, ക്യാമറാമാന്‍ ആനന്ദ് സി ചന്ദ്രനും അവതരിപ്പിച്ചിരിക്കുന്നത്. മലര്‍ (സായി പല്ലവി) എന്ന ഗസ്റ്റ് ലക്ചറിന്‍റെ വരവും ജോര്‍ജ്ജിന്‍റെ കരുത്തുറ്റ രൂപമാറ്റവും സിനിമയില്‍ പെട്ടെന്നുണ്ടാകുന്ന വേഗതയും എല്ലാം ചേര്‍ന്ന് സിനിമയുടെ ബെസ്റ്റ് പീസ്‌ എന്ന് പറയാവുന്ന ഒരുഭാഗം ഇവിടെ രൂപപ്പെടുന്നുണ്ട്. എന്നാല്‍ മലര്‍ പോകുന്നതോടെ സിനിമയുടെ ആത്മാവും കുറെ നേരത്തേക്ക് നഷ്ടപ്പെട്ട് പോകുന്നു.
സിനിമയുടെ മൂന്നാം കാലത്തിലേക്ക് ഒരു കണക്കിന് എത്തിപ്പെട്ട് വലിച്ചു നീട്ടി ക്ലൈമാക് പിടിക്കാനുള്ള ശ്രമമാണ് പിന്നീടങ്ങോട്ട്. മൂന്നാം പ്രണയത്തിലെ സെലിന്‍റെ വരവും അതിലെ ചെറിയ സസ്പെന്‍സും, ജോര്‍ജ്ജിന്‍റെ ജോലിക്കാരന്‍ പറയുന്ന ചില തമാശകളും ചില സാമൂഹിക വിഷയങ്ങളിലെ ഫലപ്രദമല്ലാത്ത പ്രതികരണങ്ങളെ ഒന്ന് വിമര്‍ശിച്ചു വിടുന്നതുമൊക്കെയായി അല്‍ഫോന്‍സ്‌ പുത്രന്‍ ക്ലൈമാക്സ് ഒന്ന് പിടിച്ചു നിര്‍ത്തി എന്ന് പറയാം.
ചേരന്‍റെ ഓട്ടോഗ്രാഫ് പോലെ ഒക്കെ ഇടക്ക് ഒരു തോന്നല്‍ ഉണ്ടാക്കി നാച്വറാലിറ്റിയില്‍ ഒരേസമയം പിടിച്ചു നിന്നും തട്ടിവീണും നീങ്ങുന്ന ഒരു ശരാശരി ചിത്രമാണ് പ്രേമം. അല്‍ഫോന്‍സ്‌ പുത്രന്‍ സംവിധായകന്‍ എന്ന നിലയില്‍ മികച്ചു നില്‍ക്കുന്നു. തിരക്കഥ ചിലയിടങ്ങളില്‍ ദുര്‍ബലമാകുന്നുണ്ട്. സംഭാഷണങ്ങളും ട്രിം ചെയ്യേണ്ടിടത്ത് ചെയ്തിട്ടില്ല. പക്ഷെ ഈ കുറവുകളൊക്കെ നികത്തുന്നത് അദ്ദേഹത്തിന്‍റെ സംവിധായക മികവ് തന്നെയാണ്. നല്ല തിരക്കഥാകൃത്തുക്കള്‍ ഉണ്ടായത് കൊണ്ട് മാത്രം “സംവിധായക പ്രതിഭ”കളായിരുന്നവര്‍ പഴയകാലം പിടിച്ചെടുക്കാനുള്ള പെടാപ്പാടിനിടയില്‍ നോക്കിയിരുന്ന്‍ പഠിക്കേണ്ട ഒന്നാണ് അല്‍ഫോന്‍സ്‌ പുത്രന്‍റെ സംവിധാനം.
സിനിമയില്‍ എടുത്ത് പറയേണ്ട മറ്റൊന്ന് ആനന്ദ് സി ചന്ദ്രന്‍റെ ക്യാമറാ കണ്ണുകളാണ്. സിനിമയില്‍ സംവിധായകന്‍ എന്താഗ്രഹിക്കുന്നോ ആ ഫീല്‍ കൊണ്ടു വരുന്നത് ക്യാമറയുടെ കാഴ്ചകളാണ്. ആനന്ദ് അത് വളരെ നന്നായി ചെയ്തിരിക്കുന്നു. കാലഘട്ടത്തിനനുസരിച്ച് ഫ്രെയിമുകള്‍ക്ക് മിഴിവ് നല്‍കാന്‍ ആനന്ദിന് കഴിഞ്ഞിരിക്കുന്നു. സംഗീതസംവിധാനവും കുഴപ്പമില്ല. ആലുവപുഴയുടെ തീരത്ത് എന്ന പാട്ട് തന്നെയാണ് മികച്ച് നില്‍ക്കുന്നത്. അവസാനത്തെ റാപ്പ് കുറച്ച് കൂടെ നന്നാക്കാവുന്ന ഒന്നെങ്കിലും തരക്കേടില്ല.
നിവിന്‍ പോളിയുടേത് മികച്ച പ്രകടനമാണ്. മൂന്ന് കാലഘട്ടങ്ങളും നന്നായി. എങ്കിലും ജോര്‍ജ്ജിന്‍റെ രണ്ടാം കാലത്തിലെ താടിയും പിരിച്ചു കയറ്റിയ മീശയും തന്നെയാണ് മനസ്സില്‍ മാറാതെ നില്‍ക്കുന്നത്. സായി പല്ലവിയും ഒപ്പം നില്‍ക്കുന്നു. നായികാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഒന്നായി സായിയുടെ മലര്‍. അനുപമയുടെ മേരി തരക്കേടില്ല. അത്ര സ്വാഭാവികമല്ലാത്ത നാടകീയത കലര്‍ന്ന അഭിനയമാണ് അനുപമയുടേത്. കൃഷ്ണയും ശബരീഷും വിനയ് ഫോര്‍ട്ടിന്‍റെ കോളേജ് പ്രഫസറും, സൌബിന്‍ സാഹിറിന്റെ പിടി മാസ്റ്ററും, രണ്‍ജിപണിക്കരുടെ കാമിയോയും മികവ് നിലനിര്‍ത്തുന്നുണ്ട്.
ഈ സിനിമയുടെ നല്ലതും ചീത്തയും എന്ന് പറയുന്നത് അതിന്‍റെ സ്വാഭാവിക തന്നെയാണ്. ഒരിടത്ത് സ്വാഭാവികത നിലനിര്‍ത്തിയ ഭംഗി ഗുണകരമായപ്പോള്‍ മറ്റൊരിടത്ത് സ്വാഭാവികത നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ വന്നു പെട്ട വലിച്ചു നീട്ടല്‍ പ്രേക്ഷകനില്‍ മടുപ്പുണ്ടാക്കുന്നു. എങ്കിലും കാണാതെ വിടേണ്ട ഒരു ചിത്രമല്ല പ്രേമം.

6 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

കാണാന്‍ തീരുമാനിച്ചു

ഗൗരിനാഥന്‍ പറഞ്ഞു...

സി ഡി ഇറങ്ങും വരെ കാക്കന്നെ വിധി...കാണാന്‍ തീരുമാനിച്ചു...

കല്ലോലിനി പറഞ്ഞു...

സിനിമ കണ്ടിട്ടില്ലാത്തതുകൊണ്ട് നല്ല റിവ്യൂ എന്നെഴുതാന്‍ പറ്റില്ലല്ലോ.....

റിവ്യൂ ഇഷ്ടപ്പെട്ടു...

REIKI MASTER VIJAYAN പറഞ്ഞു...

My response to the film "Premam" is similar, ...... I am making an amoral statement. It doesnt entertain, doesnt edify. It fills your mind with trash & filth. But those who think otherwise, is legion.(എന്റെ ഗുരുവിന്റെ വാട്സ് അപ് ഉപദേശഠ)

REIKI MASTER VIJAYAN പറഞ്ഞു...

My response to the film "Premam" is similar, ...... I am making an amoral statement. It doesnt entertain, doesnt edify. It fills your mind with trash & filth. But those who think otherwise, is legion.(എന്റെ ഗുരുവിന്റെ വാട്സ് അപ് ഉപദേശഠ)

സുധി അറയ്ക്കൽ പറഞ്ഞു...

കുറേ തവണ കണ്ടു.