സോള്‍ട്ട് മാംഗോ ട്രീ എന്ന സിനിമയില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ ഷെഫീഖ് എന്ന കഥാപാത്രം തമാശയായി പറയുന്ന ഒരു കാര്യമുണ്ട്. "രണ്ടീസായിട്ട് നല്ല കോളാണല്ലോല്ലേ? കാലം തെറ്റിയ മഴ, ചൂട്, കാറ്റ്... സൂക്കേട് പടര്‍ന്നു പിടിക്കാന്‍ പറ്റിയ സാഹചര്യാ... പിന്നെ മൊതലാളി, ആ ബസ്റ്റ് സ്റ്റാന്‍ഡിനടുത്തുള്ള ചവറു കൂമ്പാരം കണ്ടിട്ട് എന്‍റെ കണ്ണാകെ നെറഞ്ഞ് പോയി... പകര്‍ച്ചവ്യാധി പടരാന്‍ വേണ്ടി ഇങ്ങനെ റെഡ്യായി നിക്കെല്ലേ..." സംഗതി തമാശയാണെങ്കിലും അതില്‍ തെല്ലുകാര്യമില്ലാതില്ല. കാരണം ഇതൊരു സീസണാണ്. സാംക്രമിക രോഗങ്ങളുടെ സീസണ്‍. കാലാവസ്ഥാ വ്യതിയാനവും ഇനിയും മുഴുവനായി പരിഹരിക്കപ്പെടാത്ത മാലിന്യനിര്‍മാര്‍ജ്ജനയജ്ഞവും ഒക്കെ പ്രത്യേകം ചര്‍ച്ചയ്ക്ക് വിധേയമാകുന്ന സീസണ്‍. എന്തായാലും ഇവയെ കുറിച്ചല്ല, ഇതുമായി ബന്ധപ്പെട്ട് വരുന്ന, നമ്മള്‍ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു വിഷയത്തെക്കുറിച്ചാണ് ഈ എഴുത്ത്. കഴിഞ്ഞ ദിവസം എന്‍റെ വളരെ അടുത്ത സുഹൃത്തുമായി സംസാരത്തിനിടെയാണ് ഈ വിഷയം കടന്നു വന്നത്. മറ്റൊന്നുമല്ല, അത് കൃത്യമായ നിയന്ത്രണങ്ങളില്ലാതെ വര്‍ദ്ധിച്ചു വരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ളതാണ്. പകര്‍ച്ച വ്യാധികളും അന്യസംസ്ഥാന തൊഴിലാളികളും തമ്മിലെന്ത് ബന്ധം എന്നല്ലേ? ഈ തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ സാഹചര്യം ഒന്ന് ശ്രദ്ധിച്ചു വീക്ഷിക്കു. ഈ ബന്ധം നമ്മള്‍ക്ക് വായിച്ചെടുക്കാന്‍ കഴിയും.