സോള്‍ട്ട് മാംഗോ ട്രീ എന്ന സിനിമയില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ ഷെഫീഖ് എന്ന കഥാപാത്രം തമാശയായി പറയുന്ന ഒരു കാര്യമുണ്ട്. "രണ്ടീസായിട്ട് നല്ല കോളാണല്ലോല്ലേ? കാലം തെറ്റിയ മഴ, ചൂട്, കാറ്റ്... സൂക്കേട് പടര്‍ന്നു പിടിക്കാന്‍ പറ്റിയ സാഹചര്യാ... പിന്നെ മൊതലാളി, ആ ബസ്റ്റ് സ്റ്റാന്‍ഡിനടുത്തുള്ള ചവറു കൂമ്പാരം കണ്ടിട്ട് എന്‍റെ കണ്ണാകെ നെറഞ്ഞ് പോയി... പകര്‍ച്ചവ്യാധി പടരാന്‍ വേണ്ടി ഇങ്ങനെ റെഡ്യായി നിക്കെല്ലേ..." സംഗതി തമാശയാണെങ്കിലും അതില്‍ തെല്ലുകാര്യമില്ലാതില്ല. കാരണം ഇതൊരു സീസണാണ്. സാംക്രമിക രോഗങ്ങളുടെ സീസണ്‍. കാലാവസ്ഥാ വ്യതിയാനവും ഇനിയും മുഴുവനായി പരിഹരിക്കപ്പെടാത്ത മാലിന്യനിര്‍മാര്‍ജ്ജനയജ്ഞവും ഒക്കെ പ്രത്യേകം ചര്‍ച്ചയ്ക്ക് വിധേയമാകുന്ന സീസണ്‍. എന്തായാലും ഇവയെ കുറിച്ചല്ല, ഇതുമായി ബന്ധപ്പെട്ട് വരുന്ന, നമ്മള്‍ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു വിഷയത്തെക്കുറിച്ചാണ് ഈ എഴുത്ത്. കഴിഞ്ഞ ദിവസം എന്‍റെ വളരെ അടുത്ത സുഹൃത്തുമായി സംസാരത്തിനിടെയാണ് ഈ വിഷയം കടന്നു വന്നത്. മറ്റൊന്നുമല്ല, അത് കൃത്യമായ നിയന്ത്രണങ്ങളില്ലാതെ വര്‍ദ്ധിച്ചു വരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ളതാണ്. പകര്‍ച്ച വ്യാധികളും അന്യസംസ്ഥാന തൊഴിലാളികളും തമ്മിലെന്ത് ബന്ധം എന്നല്ലേ? ഈ തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ സാഹചര്യം ഒന്ന് ശ്രദ്ധിച്ചു വീക്ഷിക്കു. ഈ ബന്ധം നമ്മള്‍ക്ക് വായിച്ചെടുക്കാന്‍ കഴിയും.
ഈ കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യകേരളം അല്പം ആശങ്കയോടെ വായിച്ച വാര്‍ത്തയാണ് കോഴിക്കോട് ഏലത്തൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരില്‍ സെറിബ്രല്‍ മലേറിയ സ്ഥിരീകരിച്ചു എന്നത്. ബഹു. ആരോഗ്യവകുപ്പ് മന്ത്രി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞതിന്‍റെ അടുത്ത ദിവസം ആറാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തു എന്നത്, ഇതത്ര നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല എന്ന ചിന്തയിലേക്കാണ് നമ്മള്‍ എത്തിക്കുന്നത്. പ്രത്യേകിച്ച് തലച്ചോറിനെ ബാധിക്കാവുന്ന ഏറ്റവും മാരകമായ രോഗങ്ങളില്‍ ഒന്നാണ് സെറിബ്രല്‍ മലേറിയ എന്നത് കണക്കിലെടുക്കുമ്പോള്‍, കുറഞ്ഞ പക്ഷം ഈ രോഗം പടരാനുള്ള സാഹചര്യം എങ്ങിനെ ഉണ്ടായി എന്നതെങ്കിലും പരിശോധിക്കപ്പെടേണ്ട കാര്യമാണ്. ഏലത്തൂരും പരിസരത്തും താമസിക്കുന്നവരുടെ ഒരു സംശയം ഈ രോഗം പരത്തുന്ന കൊതുകുകള്‍ പരക്കുന്നത് ഈ പ്രദേശത്തുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടത്ത് നിന്നാണ് എന്നതാണ്. ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല എന്ന് പറഞ്ഞ് നമ്മള്‍ക്ക് ഈ സംശയത്തെ തള്ളിക്കളയാം. എങ്കിലും അതിനുള്ള സാധ്യതകള്‍ അങ്ങിനെ കണ്ണടച്ച് തള്ളിക്കളയാവുന്നതല്ല. കാരണം ഇവര്‍ താമസിക്കുന്നയിടങ്ങളിലെ വൃത്തിയില്ലായ്മയും അനാരോഗ്യ സാഹചര്യങ്ങളും തന്നെ .
മിക്കയിടങ്ങളിലും തിങ്ങിക്കൂടിയാണ് ഇവര്‍ താമസിക്കുന്നത്. 15-20 പേര്‍ക്ക് താമസിക്കാവുന്ന സ്ഥലങ്ങളില്‍ 50-60 പേര്‍ വരെ താമസിക്കുന്നു. മിക്കയിടങ്ങളിലും പ്രാഥമികആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൌകര്യങ്ങളില്ല. ഉണ്ടെങ്കില്‍ തന്നെ അവ വളരെ പരിമിതവും വൃത്തിരഹിതവുമാണ്. ഈയിടെ സോഷ്യല്‍ മീഡിയകളില്‍ ബദാം ഷെയ്ക്ക് ഉണ്ടാക്കുന്ന സ്ഥലത്തെ അറപ്പുളവാക്കുന്ന രംഗങ്ങള്‍ നാം കണ്ടിരുന്നു. സമാനമായ സാഹചര്യമാണ് ഇവര്‍ താമസിക്കുന്ന മിക്കയിടങ്ങളിലും നിലനില്‍ക്കുന്നത്. മാത്രമല്ല . ഇവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെയോ തൊഴില്‍ വകുപ്പിന്റെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയോ പരിശോധന കാര്യമായി നടക്കാറുമില്ല. അതുകൊണ്ടു തന്നെ കാര്യങ്ങള്‍ കൂടുതല്‍ വഷളാവാനാണ് സാധ്യത. ഇത് ജലജന്യരോഗങ്ങള്‍ക്കും കൊതുകുകള്‍, ഈച്ചകള്‍ എന്നിവയുടെ പ്രജനനത്തിനും പെരുപ്പിനും അത് വഴി മാരകവും അല്ലാത്തതുമായ രോഗാണുക്കള്‍ പടരുന്നതിനും കാരണമായി തീരുന്നു. അതുകൊണ്ടാണ് നേരത്തെ പറഞ്ഞ സാധ്യത അത്ര എളുപ്പത്തില്‍ തള്ളിക്കളയാന്‍ കഴിയുന്ന ഒന്നല്ല എന്ന് പറഞ്ഞത്.
മറ്റൊന്ന്, ഈ തൊഴിലാളികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്ന ഒരു സിസ്റ്റം നിലവില്‍ ഇല്ല എന്നതാണ്. വിദേശരാജ്യങ്ങളില്‍ ജോലി ലഭിക്കുന്നവര്‍ നിര്‍ബന്ധമായും കടന്ന് പോകേണ്ട ഒന്നാണ് വൈദ്യപരിശോധന. കൃത്യമായ ടെസ്റ്റുകളിലൂടെ മെഡിക്കല്‍ ഫിറ്റ്‌നസ് തെളിയിച്ചാല്‍ മാത്രമേ ജോലിക്ക് ആവശ്യമായ വിസ ലഭിക്കുകയുള്ളൂ. എന്നാല്‍ ഇവിടെ ജോലിക്ക് വരുന്ന തൊഴിലാളികളില്‍, പ്രത്യേകിച്ച് ആരോഗ്യമേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരില്‍ ഭൂരിഭാഗവും കൃത്യമായ വൈദ്യപരിശോധനയ്ക്ക് വിധേയരാകാതെയാണ് ജോലിക്കെത്തുന്നത്. ഇവരുടെ നിലവിലെ സാഹചര്യങ്ങളില്‍ പരിശോധിക്കുന്ന സംവിധാനവും ഇവിടെ കാര്യക്ഷമമായി നടക്കുന്നില്ല.
അത് കൊണ്ട് തന്നെ മേല്പറഞ്ഞ അനാരോഗ്യസാഹചര്യങ്ങളെ ഒരല്‍പം ആശങ്കയോടെയല്ലാതെ നോക്കിക്കാണാതിരിക്കാന്‍ കഴിയില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ വൃത്തിയില്ലാത്തവരാണ് എന്ന പൊതുധാരണ വെച്ച് സാംക്രമിക രോഗങ്ങളുടെ പേരില്‍ അവരെ പ്രതികൂട്ടില്‍ നിര്‍ത്താനല്ല, മറിച്ച് അതിന് വഴിവെക്കുന്ന നിലവിലെ അലസമായ സംവിധാനത്തെ തച്ചുടച്ച് ആരോഗ്യകരമായ താമസസൗകര്യം ഇവര്‍ക്ക് ഉറപ്പ് വരുത്തുന്ന, ഇവരുടെ ആരോഗ്യ സ്ഥിതി കൃത്യമായി വിലയിരുത്താന്‍ സാധിക്കുന്ന ഒരു സിസ്റ്റം ഉണ്ടാക്കി ഈ ആശങ്കയെ നാം ദൂരികരിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. ചത്ത പശുവിന് മരുന്ന് കൊടുക്കുന്നു എന്ന പോലെ ഏലത്തൂരിലും പരിസരങ്ങളിലും കൊതുകിനു മരുന്നടി തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്. നല്ലത് തന്നെ. പക്ഷെ ഇത്തരം സാധ്യതകള്‍ കൂടി പരിഗണിച്ച് തക്കതായ നടപടികള്‍ നമ്മള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇന്ന് ഏലത്തൂരിന്റെ മാത്രം ആശങ്കയെന്ന് നാം വിലയിരുത്തുന്ന ഈ സാഹചര്യം കേരളത്തിന്‍റെ മുഴുവന്‍ ആശങ്കയായി വളരാതിരിക്കാന്‍ അതുപകരിക്കും.
3 അഭിപ്രായങ്ങൾ:
വളരെ ഒതുക്കമുള്ള ഭാഷയിൽ യാതൊരു മേലാപ്പുമില്ലാതെ കരുതലോടെ സമീപിക്കേണ്ട ഒരു വിപത്തിനെ അരുൺ അതർഹിക്കുന്ന ഗൗരവത്തോടെ അവതരിപ്പിച്ചു
നന്ദി വിശദമായ വിലയിരുത്തലിന്
നൂറു ശതമാനം സത്യമായ വിശകലനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ