-->

Followers of this Blog

2008, ഡിസംബർ 2, ചൊവ്വാഴ്ച

അഭയാക്കേസ് വലതുകരണത്തടിക്കുമ്പോള്‍

"നിന്റെ വലതു കരണത്തടിക്കുന്നവനു ഇടത് കരണം കൂടി കാണിച്ചു കൊടുക്കുക"-യേശു ക്രിസ്തു (ബൈബിള്‍)

സഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന ഡിഗ്രിയാണു ഇതിലൂടെ യേശു ഉദ്ദേശിക്കുന്നത്. വലതുകരണത്തടിക്കുക എന്നത് അസ്വാഭാവീകമാണു. സാധാരണഗതിയില്‍ ഒരാള്‍ക്ക് ഇടതുകരണത്തേ അടിക്കാന്‍ കഴിയൂ. വലതുകരണത്തടിക്കണമെങ്കില്‍ വലതുകൈയുടെ പുറം ഭാഗം കൊണ്ടടിക്കണം. പുറംകൈക്ക് അടികൊള്ളുക എന്നത് ഏറ്റം ഹീനവും അപമാനകരവുമായി കരുതിയിരുന്ന സമൂഹത്തിലാണു യേശു ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് പറയുന്നത്. അതു കൊണ്ടുതന്നെ, ഏറ്റവും അപമാനപരമായ അവസ്ഥയില്‍ പോലും സംയമനം പാലിക്കാന്‍ അദ്ദേഹത്തിന്റെ അനുഗമിക്കുന്ന സഭയ്ക്ക് ധാര്‍മ്മികമായ ഉത്തരവാദിത്വം ഉണ്ട്.

സിസ്റ്റര്‍ ആനിയുടെ ലേഖനം ഡീക്കന്‍ റോബിന്റെ ബ്ളൊഗില്‍ വായിച്ചു. സി.സ്റ്റെഫിയെ ലോകത്തിന്റെ വിശുദ്ധീകരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട സഹനത്തിന്റെ പ്രതീകമായി ചിത്രീകരിച്ചിരിക്കുന്നത് വായിച്ചാല്‍ വിശുദ്ധീകരണം എന്ന പദം പോലുമറയ്ക്കും. ഈ വേദന സഹിക്കുന്നു എന്നു പറയുന്ന ലേഖനം തുറന്നു വെക്കുന്നത് വേദന സഹിക്കാന്‍ കഴിയാത്ത സിസ്റ്റെറിന്റെ അസഹിഷ്ണുതയാണു. അറസ്റ്റിലായ ഉടന്‍തന്നെ സര്‍ക്കുലാര്‍ ഇറക്കിയ കോട്ടയം അതിരൂപതാ പി.ആര്‍.ഓയും ഇടയലേഖകനും ഉദ്ദേശിച്ചതു അറസ്റ്റിലായവര്‍ നിരപരാധികളാണു എന്ന അടിവരയിടുകയും സഭയുടെ മുഖം രക്ഷിക്കുകയുമാണു. പക്ഷേ അതുണ്ടാക്കിയത് വിപരീതഫലവും. വിശ്വാസികള്‍ക്കുണ്ടാകാവുന്ന സ്വാഭാവികമായ സംശയത്തേ ബലപ്പേടുത്തുക മാത്രമാണു അതു ചെയ്തത്. കാരണം അവയ്ക്ക് ആധികാരികത ഇല്ലായിരുന്നു എന്നത് തന്നെ.

അച്ചന്മാരും കന്യാസ്ത്രീയും നിരപരാധികളാണു എന്നു പറയുന്നവര്‍ക്ക് അതിനു തക്ക തെളിവു കൂടി നല്കാനുള്ള ബാധ്യതയുണ്ട്. കോട്ടുരാനച്ചനും പിതൃക്കയിലച്ചനും അഭയ മരിച്ചതിന്റെ തലേന്നു രാത്രി വൈകീട്ടും കോണ്‍വെന്റിലുണ്ടായിരുന്നു എന്നത് തെറ്റാണെങ്കില്‍ പിന്നെ അവര്‍ എവിടെയായിരുന്നു എന്നു ബോധ്യപ്പെടുത്താന്‍ ഈ ലേഖനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. മത്രമല്ല ഇതൊരു കെട്ടിച്ചമച്ച കേസ് ആണു എന്നു പറയുന്നതിനു വ്യക്തമായ അടിസ്ഥാനം നല്കുന്ന സ്ഥിതിവിവരങ്ങളും ഇതില്‍ ഇല്ല.
മറിച്ച് വിജൃംഭിതമായ വികാരങ്ങളുടെ വാചാടോപം മാത്രമേ ഉള്ളൂ. അത് വിവേകത്തെ കുറിക്കുന്നുമില്ല.

കുറ്റാരോപിതരുടെ അപരാധിത്വം സി.ബി.ഐ.ക്കും നിരപരാധിത്വം സഭയ്ക്കും വ്യക്തമായി തെളിയിക്കാന്‍ സാധിക്കാത്ത ഈ സാഹചര്യത്തില്‍, യേശുവിന്റെ ഈ ഉപദേശം മുഖവിലയ്ക്കു സഭ കൈക്കൊള്ളണം എന്നാണു എനിക്ക് തോന്നുന്നത്. അഭയക്കേസ് നമ്മുടെ വലതുകരണത്തു പതിച്ച അടിയാണു. സംയമനപൂര്‍വ്വം ഇടതു കരണം കൂടി കാണിച്ചു കൊടുക്കുക എന്ന നയമാണു നാം ഉള്‍ക്കൊള്ളേണ്ടത്. അതാണു യഥാര്‍ത്ഥ സഹനവും.

നാളെ, ഈ കേസില്‍ ഇവര്‍ നിരപരാധികളാണു എന്നു തെളിഞ്ഞാല്‍ അതു സഭയുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നേരെ മറിച്ച് ഇവര്‍ അപരാധികളായാല്‍ വികാരഭരിതരായി ഇന്നു നാമെഴുതുന്ന ലേഖനങ്ങളുടെ പുനര്‍വായന മാത്രം മതി, സഭയുടെ അന്തസ്സിനു മങ്ങലേല്പ്പിക്കാന്‍. അതു കൊണ്ട് ഈ അവസരത്തില്‍ വിചാരപൂര്‍വ്വമായ സംയമനം സഭയും വിശ്വാസികളും അനുഭാവികളും ഉള്‍ക്കൊള്ളണമെന്നാണു ഒരു അല്മായന്‍ എന്ന നിലയില്‍ എന്റെ അഭ്യര്‍ത്ഥന.

8 അഭിപ്രായങ്ങൾ:

മാറുന്ന മലയാളി പറഞ്ഞു...

പ്രസക്തമായ ലേഖനം......സത്യം തെളിയുമെന്ന് തന്നെ നമുക്ക് ഉറച്ച് വിശ്വസിക്കാം....കേസിന്‍റെ കാലപ്പഴക്കം അതിന് വിലങ്ങുതടിയാകാതിരിക്കട്ടെ എന്നും നമുക്ക് പ്രതീക്ഷിക്കാം

Unni(ജോജി) പറഞ്ഞു...

"വിശ്വാസികള്‍ക്കുണ്ടാകാവുന്ന സ്വാഭാവികമായ സംശയം" അങിനെ ഒന്നില്ല.
സംശയം(ചിന്തിക്കനുള്ള കഴിവും) ഇല്ലാത്തവരാണു വിശ്വാസികള്‍, എന്തു തന്നെ നടന്നാലും വിശ്വാസികള്‍ ബിഷപ്പുമാരുടെ താളതിനൊത്തു തുള്ളുന്നവരായിരിക്കും

വേണാടന്‍ പറഞ്ഞു...

ചുള്ളിക്കലേ..ചുള്ളന്‍ ലേഖനം..നല്ല നിരീക്ഷണം...

Dn. Rubin Thottupuram പറഞ്ഞു...

ഈ ദിവസങ്ങളില്‍ മുഴുവന്‍ നീതിക്കും സത്യത്തിനും പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത്‌ ആയിരക്കണക്കിന്‌ വിശ്വാസികളുടെ പ്രാര്‍ഥനയുടെയും ആരാധനയുടെയും ആത്മശക്തിയാലാണ്‌. എത്രയോ ആളുകള്‍ ഈ ദിവസങ്ങളില്‍ സംഭവത്തിന്റെ ദുരൂഹത തെളിയാനും പ്രാര്‍ഥിച്ചു. പ്രാര്‍ഥനയുടെ ശക്തിയില്‍ വിശ്വസിക്കുക. സഹനത്തിന്റെ തീച്ചുളയില്‍ നിന്ന്‌ അവര്‍ ആഗ്നിശുദ്ധി വരുത്തിവരട്ടെ-മാര്‍ മാത്യു മൂലക്കാട്ടിന്റെ ആഹ്വാനം
സിസ്റ്റര്‍ അഭയ: 'പിന്നില്‍ ആരായാലും കണ്ടെത്തണം'

അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞു...

രണ്ടു കാര്യങ്ങള്‍ പ്രാര്‍ത്ഥിക്കാനാണു ഇടയലേഖനത്തില്‍ പറഞ്ഞിരുന്നത്. ഒന്നു ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന അച്ചന്മാര്‍ക്കും സിസ്റ്ററിനും വേണ്ടിയും, രണ്ട് സത്യം പുറത്തു വരാനും. ആദ്യത്തെ പ്രാര്‍ത്ഥന ദൈവം സൌകര്യപൂര്‍വ്വം മൈന്‍ഡ് ചെയ്തില്ലെങ്കിലും രണ്ടാമത്തെ പ്രാര്‍ത്ഥന പൂര്‍വ്വകാല പ്രാബല്യത്തോടെ കൈക്കൊണ്ടെന്നാണു നാര്‍കോ അനാലിസിസും വെ(ര്‍)ജിന്‍ ടെസ്റ്റും സൂചിപ്പിക്കുന്നത്. സത്യം പുരമുകളിലിരുന്നു വിളിച്ചുകൂവുമെന്നു കര്‍ത്താവ് പറഞ്ഞത് എത്ര ശരി.

rasikan പറഞ്ഞു...

റോബിനച്ചോ,
"പിന്നില്‍ " ആണോ താത്പര്യം !!!!! ycolomi

അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞു...

ജോജി, ശരിയാണു, വിശ്വാസികള്‍ മിക്കവരും അന്ധവിശ്വാസികളായി മാറിക്കഴിഞ്ഞു. രാഷ്ട്രീയത്തിലായാലും മതത്തിലായലും നേതൃത്വത്തെ കണ്ണുമടച്ചു വിശ്വസിക്കുവാ..

അങ്ങിനെയല്ലാത്ത ചുരുക്കം ചിലരുണ്ട്...അവരുടെ സംശയമാ ഞാനുദ്ദേശിച്ചത്.

റൂബിന്‍, മുന്നിലും പിന്നിലുമൊക്കെയാരാണെന്നറിയാന്‍ കണ്ണു തുറന്നു പിടിച്ചാല്‍ മതി. പക്ഷെ സ്വയം അന്ധനായിരിക്കുവാണെങ്കില്‍ കണ്ണു തുറന്നു പിടിച്ചിട്ടും കാര്യമില്ല.

മുക്കുവന്‍ പറഞ്ഞു...

നാളെ, ഈ കേസില്‍ ഇവര്‍ നിരപരാധികളാണു എന്നു തെളിഞ്ഞാല്‍ അതു സഭയുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നേരെ മറിച്ച് ഇവര്‍ അപരാധികളായാല്‍ വികാരഭരിതരായി ഇന്നു നാമെഴുതുന്ന ലേഖനങ്ങളുടെ പുനര്‍വായന മാത്രം മതി, സഭയുടെ അന്തസ്സിനു മങ്ങലേല്പ്പിക്കാന്‍. അതു കൊണ്ട് ഈ അവസരത്തില്‍ വിചാരപൂര്‍വ്വമായ സംയമനം സഭയും വിശ്വാസികളും അനുഭാവികളും ഉള്‍ക്കൊള്ളണമെന്നാണു ഒരു അല്മായന്‍ എന്ന നിലയില്‍ എന്റെ അഭ്യര്‍ത്ഥന.


I put my sign under here!