-->

Followers of this Blog

2009, ജൂൺ 6, ശനിയാഴ്‌ച

കുഴിയെണ്ണേണ്ടതുണ്ടോ?

ഒരു കൃതി ആസ്വദിക്കുവാന്‍ എഴുത്തുകാരനേ അറിയേണ്ടത് നിര്‍ബന്ധ്മാണോ? അല്ലെന്നാണു എന്റെ ഉറച്ച വിസ്വാസം. അതു കൊണ്ടു തന്നെ ഇഞ്ചി പിടുത്ത്തത്തില്‍ ബെര്‍ളിയുടെ വാദം: (അതു കൃത്യമായി ഉദ്ധരിക്കാന്‍ ഈ ലിങ്കില്‍ ആ പോസ്റ്റ് അവശേഷിക്കുന്നില്ല) "എഴുതുന്ന ആള്‍ അനോണീ ആണെങ്കില്‍ അയാളുടെ കൃതികള്‍ വായിക്കാന്‍ തോന്നില്ല, അല്ലെങ്കില്‍ ആസ്വദിക്കാന്‍ കഴിയില്ല" എന്ന ബില്‍ പാസാക്കുന്ന സഭയില്‍ ഞാന്‍ പ്രതിപക്ഷത്തിരിക്കുന്നു. അദ്ദേഹത്തിനു അനോണി എഴുത്തിനോട് താല്‍പര്യമില്ലാത്തതു കൊണ്ടല്ല. അങ്ങിനെ ആയിരുന്നെങ്കില്‍ മരമാക്രിയേ വായിക്കേണ്ട കാര്യം അദ്ദേഹത്തിനില്ലല്ലോ. “എഴുതുന്നതാരു?” എന്ന ചോദ്യത്തിനുത്തരമില്ലാത്തതു മാത്രമാണു നല്ല ബ്ളൊഗ്ഗര്‍ എന്നു അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന അനോണി ആന്റണിയുടെ പോസ്റ്റുകള്‍ പോലും വായിക്കാതെ വിടുവാന്‍ ബെര്‍ളിയേ പ്രേരിപ്പിക്കുന്നത്. അനോണികളോട് ബഹുമാനം വേണമെന്നു തോന്നുന്നില്ല. പക്ഷേ മറഞ്ഞിരുന്നെഴുതന്നത് കാര്യപ്രസക്തവും വായനായോഗ്യവുമെങ്കില്‍ അവയെ അവഗണിക്കരുത് എന്നാണു എന്റെ പക്ഷം.

ഒരു ശില്പമോ, കവിതയോ, ചിത്രമോ ആസ്വദിക്കാന്‍ അതിന്റെ സൃഷ്ടാവ് ആരെന്നറിയേണ്ടത് തത്വത്തില്‍ ആവശ്യമില്ല. പകല്‍ക്കിനാവന്റെയും, മാരീചന്റെയും, കാപ്പിലാന്റെയും അനോണി ആന്റണിയുടെയും, കൃതികളും, ഫൊട്ടാഗ്രഫിയുമൊക്കെ കാണുകയും വായിച്ചു തുടങ്ങുകയും ചെയ്തിരുന്ന കാലത്ത് അവരാരാണെന്നു എനിക്കറിയില്ലായിരുന്നു. പകല്‍കിനാവനോട് കഴിഞ്ഞ ദിവസമാണു ആദ്യമായി ഫോണില്‍ സംസാരിക്കുന്നത് തന്നെ. അതിനുശേഷവും കിനാവന്റെ കവിതയിലോ ചിത്രത്തിലോ എന്തെങ്കിലും വ്യത്യസ്തത വന്നതായി എനിക്കു തോന്നിയില്ല. ബെര്‍ളി എഴുതുന്നത് കൊണ്ടാണു ചാര്‍ളിയുടെ പ്രേമലേഖനം എനിക്കിഷ്ടപ്പെട്ടത് എന്നതിനു ഒരടിസ്ഥാനവുമില്ല. അതു മെര്‍ളി എഴുതിയാലും പേരില്ലാത്തൊരുതനെഴുതിയാലും, ഒരേ ലെവലില്‍ ആസ്വദിക്കാന്‍ എനിക്കു കഴിയുമെന്നു തന്നെയാണു ഞാന്‍ കരുതുന്നത്. ഇനി സ്വയം പരിചയപ്പെടുത്തി എഴുതിയതു കൊണ്ട് എന്തെങ്കിലും വ്യത്യാസം ഉണ്ടാകും എന്നും എനിക്കു തോന്നുന്നില്ല. ആരു എഴുതുന്നു എന്നതിനേക്കാള്‍ എന്ത് എഴുതുന്നു എന്നതാണു ഒരാസ്വാദകനെ സംബന്ധിച്ച് പ്രധാനം.

മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ കടുത്ത ആരാധകരോ സ്തുതിപാഠകരോ ഒരുപക്ഷേ മാറി ചിന്തിച്ചേക്കാം. മമ്മൂട്ടിയുടെ ബ്ളോഗ്ഗില്‍ കമന്റ് വീഴാനുള്ള കാരണം തന്നെയതാണു. കമ്ന്റിട്ടവരില്‍ എത്ര പേര്‍ക് ബൂലോകവുമായി മുന്‍കാല ബന്ധമുണ്ട്, അല്ലെങ്കില്‍ എത്ര പേര്‍ മുന്പേ ബ്ളോഗ്‌ വായിച്ചിരുന്നു എന്നതും ചിന്തിക്കേണ്ട കാര്യമാണു. ജനാധിപത്യത്തേക്കുറിച്ചോ വോട്ടവകാശത്തേക്കുറിച്ചോ അദ്ദേഹം പറഞ്ഞിട്ടുള്ളത് മുന്പ് മറ്റാരെങ്കിലും പറഞ്ഞിരുന്നതില്‍ നിന്നു വ്യത്യസ്തമാണെന്നു എനിക്കു തോന്നിയില്ല. ഒരു എഴുത്തുകാരന്റെ പേരു കൊണ്ടു മാത്രമാണു അയാളുടെ കൃതികള്‍ ശ്രദ്ധിക്കപ്പെടുന്നതെങ്കില്‍ അയാളുടെ എഴുത്തിനു സാരമായ അസ്വാഭാവികതയുണ്ട്. സ്വാഭവീകമായത് എഴുത്തിലൂടെ എഴുത്തുകാരന്‍ ശ്രദ്ധിക്കപ്പെടുക എന്നതാണു.

ടോം ആന്റ് ജെറി എനിക്ക് വളരെ ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ സീരീസാണു. ചെറുപ്പം മുതലേ ഞാനതാസ്വദിക്കുന്നു. പിന്നീടെപ്പൊഴോ ഇതിന്റെ പിന്നില്‍ ഫ്രെഡ് ക്വിംബിയാണെന്നറിഞ്ഞു. പക്ഷേ ആ അറിവ് കൊണ്ട് എന്റെ അസ്വാദനത്തില്‍ എന്തെങ്കിലും ഏറ്റക്കുറച്ചിലുണ്ടായി എന്നു തോന്നിയില്ല. ബാലരമയിലേ മന്ത്രിയുടെ തന്ത്രങ്ങള്‍ എഴുതുന്നതാരു എന്നോ ഡിങ്കന്റെയും നമ്പോലന്റെയും കര്‍ത്താക്കാള്‍ ആരെന്നോ ഇതു വരെ എനിക്കറിയില്ല. എന്നിട്ടും എന്നിലേ അസ്വാദകനു അതൊരു തടസമായി തോന്നിയിട്ടില്ല. ബോബനും മോളിയും സ്ഥിരമായി വായിച്ചിരുന്നയളാണു, അതിന്റെ പിന്നില്‍ ടോമ്സ് ആണെന്നുമറിയാം എന്നു കരുതി നിലവാരമില്ല എങ്കിലും റ്റോംസ്-ന്റെ രചനയല്ലേ എന്നു കരുതി മാത്രം എനിക്കിപ്പോളത് വായിക്കാനും വാങ്ങിക്കാനും തോന്നാറില്ല. ജംഗിള്‍ ബുക്കെഴുതിയത് റുഡയാഡ് കിപ്ലിങ് ആണെന്നത് എത്ര പേര്‍ക്കറിയാം?. 95-97 കാലയളവുകളില്‍ അതിന്റെ മലയാളരൂപം ടെലിവിഷനില്‍ വന്നപ്പോള്‍ മുറികളില്‍ ഇരച്ചു കയറിയിരുന്നു കണ്ടവരില്‍ ഭൂരിഭാഗം പേരും മൌഗ്ളിയുടെ സൃഷ്ടാവ് കിപ്ലിങ് ആണു എന്നറിഞ്ഞു കൊണ്ടാസ്വദിച്ചവരല്ല. ജയന്റ്‌ റോബോട്ടും സൂപ്പര്‍ മാനും ഇപ്പോഴത്തെ കാര്‍ട്ടൂണ്‍ തരംഗങ്ങളുമൊക്കെ കുട്ടികളുടെ പ്രിയപ്പെട്ടതായിത്തീരുന്നത് എഴുത്തുകാരന്‍ ആരു എന്ന ചോദ്യം ഇല്ലാതെ തന്നെയാണു.

ഇനി അതാരെന്നറിഞ്ഞു കൊണ്ട് വായിക്കുന്നതില്‍ ചില അപകടങ്ങളും പതിയിരിക്കുന്നു. ചിനുഅവ അച്ചേബെയുടെ തിങ്‌സ് ഫോള്‍ അപാര്‍ട് വായിച്ച്തിനു ശേഷം അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാനുള്ള ശ്രമത്തിലാണു തിംഗ്‌സ് ഫോള്‍ അപ്പാര്‍ടിന്റെ രണ്ടാം ഭാഗം നോ ലോങര്‍ അറ്റ് ഈസ്-നെക്കുറിച്ചറിയുന്നത്. ചിന്വയെ അറിഞ്ഞത് കൊണ്ടു മാത്രം വളരേയേറെ പ്രതീക്ഷയോടെ വായിച്ചു തുടങ്ങിയ ആ നോവല്‍ എന്നെ തീര്‍ത്തും നിരാശപ്പെടുത്തി.സര്‍ഗ്ഗം എന്ന ചലച്ചിത്രം അക്കാലത്ത് എനിക്കിഷ്ടപ്പെടാന്‍ കാരണം, കരുത്തുള്ള വില്ലനായ മനോജ് കെ ജയന്‍ ദുര്‍ബല നായകനായ വിനീതിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നതു കൊണ്ട് മാത്രമാണു. കുറെക്കാലത്തേക്ക് ആ ചിത്രം കാണുമ്പോഴൊക്കെ മനോജിന്റെ ആത്മഹത്യയ്ക്ക് ശേഷം ഞാന്‍ ആ ചിത്രം തുടര്‍ന്നു കാണാറേയില്ലായിരുന്നു. കുറച്ചുകൂടി ബോധ്യം വന്ന നാളുകളിലാണു ആ സിനിമയുടെ കലാമൂല്യത്തേക്കുറിച്ചൊക്കെ ചിന്തിച്ചു തുടങ്ങുന്നത്. അതു മറ്റൊരു ലെവലിലേ ആസ്വദനത്തിലേക്കെത്തിക്കുകയും ചെയ്തു. സര്‍ഗ്ഗം സംവിധാനം ചെയ്ത ഹരിഹരന്റെ ചിത്രം എന്നത് മാത്രമാണു മയൂഖം കാണുവാന്‍ എന്നെ പ്രേരിപ്പിച്ചതു. എന്നെ തീര്ത്തും മടുപ്പിച്ചു കൊണ്ട് ആ ചിത്രം അവസാനിച്ചു. ഹരിഹരന്‍ എന്നയാളെ അറിഞ്ഞതു കൊണ്ടോ മനസിലാക്കിയതു കൊണ്ടോ പിന്നീടൊരിക്കല്‍ പോലും എനിക്കാ ചിത്രം ആസ്വദിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.

ബ്ളെസിയേയോ, റോഷന്‍ ആന്‍ഡ്രൂസിനെയോ, അമല്‍ നീരദിനേയോ അറിയാതെയാണു അവരുടെ പ്രഥമ ചിത്രങ്ങള്‍ കണ്ടിറങ്ങിയത്. അവ മികച്ച സുഖം നല്‍കുകയും ചെയ്തു. ഒരാളേ അറിയുന്നത്, അയാളുടെ സൃഷ്ടികളെക്കുറിച്ചൊരു മുന്‍വിധി നല്‍കുന്നു. ചിന്താവിഷ്ടയായ ശ്യാമള എന്ന മികച്ച ചിത്രത്തിനു ശേഷമിറങ്ങിയ ഇംഗ്ളീഷ് മീഡിയം എന്ന ചിത്രം തുടക്കത്തിലേ ക്രൌഡ് പുള്‍ അല്ലാതേ തുടര്‍കാഴ്ച ഉണ്ടാക്കാതിരുന്നത് എന്ത് എന്ന ചോദ്യത്തിനു, ശ്രീനിവാസന്‍ പറഞ്ഞ മറുപടി ഞാനോര്‍ക്കുന്നു. ആളുകള്‍ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രം വെച്ച് ശ്രീനിവാസന്റെ ചിത്രത്തിനു ഒരു മുന്‍വിധിയുണ്ടാക്കിയിരുന്നു. ഈ മുന്‍വിധിയോട് ഇംഗ്ളീഷ് മീഡിയം കാണാനെത്തിയതാണു പിന്നീടോരു അലയുണ്ടാക്കന്‍ ചിത്രത്തിനു കഴിയാതിരുന്നത്. ഇംഗ്ളീഷ് മീഡിയം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണു. പക്ഷേ അതു ശ്യാമളെയേ പോലെയാകണം എന്ന മുന്‍വിധിയുണ്ടാക്കി കണ്ടാല്‍ ഒരു പക്ഷേ അതൊരു പരാജയപ്പെട്ട ആസ്വാദനമായിത്തീരും. എഴുത്തുകാരനാരെന്നു മനസിലാക്കി അയാളുടെ കൃതികള്‍ ഇങ്ങനെ ആയിരിക്കും എന്നൊരു മുന്‍വിചാരണയോട് പോകുന്നത് പലപ്പോഴും നിരാശയിലെത്തിച്ചേക്കം എന്ന അപകടമാണു ഞാന്‍ പറഞ്ഞു വരുന്നത്.

ബെര്‍ളിക്ക് ഒരു ബ്ളോഗ് വായിക്കുന്നതിനു മുന്‍പ്‌ അതെഴുതുന്നതാരു എന്നറിയണമെന്നുള്ള ആഗ്രഹം അദ്ദേഹം ഉപേക്ഷിക്കുമെന്നു തന്നെയാണു എന്റെ വിശ്വാസം. അനോണിയായാലും നോണിയായാലും എഴുതുന്നത് നല്ലതെങ്കില്‍ ആസ്വദിക്കാതെ വിടാതിരിക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്നു തന്നെ ഞാന്‍ കരുതുന്നു. കോടാനുകോടി നക്ഷത്രങ്ങള്‍ തിളങ്ങുന്ന മനോഹരമായ കാഴ്ച നക്ഷത്രങ്ങളുടെ പേരറിയില്ലയെങ്കിലും നമ്മളാസ്വദിക്കുന്നത് പോലേ.

പ്രതിപക്ഷബഹുമാനപൂര്‍വ്വം,

3 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sabu Kottotty പറഞ്ഞു...

ബെര്‍ളിതോമസിന്‍റെ ബ്ളോഗ്‌ വായിച്ചുകൊണ്ടാണ്‌ ഞാന്‍ ബൂലോകത്തേക്കു വന്നത്‌. എനിക്കു പരിചയപ്പെടുത്തിയതാകട്ടെ ബഷീര്‍ പൂക്കോട്ടൂരും. പക്ഷേ ബെര്‍ളിയുടെ ഒരു കമന്‍റും മറ്റൊരു ബ്ളോഗിലും ഞാന്‍ കണ്ടിട്ടില്ല. എന്നുവച്ച്‌ ബെര്‍ളി മറ്റു ബ്ളോഗുകള്‍ വായിക്കുന്നില്ല എന്നുണ്ടോ ? ബൂലോകപ്രശസ്തിയാണു കാരണമെങ്കില്‍ എനിക്കു തോന്നുന്നത്‌ അരുണ്‍ കായംകുളത്തിനാണുകൂടുതലെന്നാണ്‌. . ഏതായാലും ഞാന്‍ ബെര്‍ളിതോമസ്സിനെ വായിക്കലു നിര്‍ത്തി. എഴുത്തുകാരനല്ല എഴുത്താണ്‌ പ്രധാനമെന്നാണ്‌ എന്‍റെ അഭിപ്രായം.
June 6,

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

യോജിക്കുന്നു കൂട്ടുകാരാ...