-->

Followers of this Blog

2010, നവംബർ 29, തിങ്കളാഴ്‌ച

മരുക്കാടില്‍ തനിയെ



ഇവിടെയൊരു പുഴ
വഴി മാറിയെത്തുമെ-
ന്നാശിച്ചു നീണ്ടങ്ങ്‌
പോയ പ്രവാസങ്ങള്‍
ആശകള്‍ തീരാതെ
വേരുകള്‍ വറ്റിയെന്‍
ഇലകളും പൂക്കളും
ശേഷിക്കുമസ്ഥിയും

2010, നവംബർ 17, ബുധനാഴ്‌ച

മുടിയനായ പുത്രന്‍

അത്യാവശ്യം കാശും സ്വത്തും ഒക്കെ ഉള്ള ഒരു പുള്ളിക്കാരന് രണ്ട്‌ മക്കളുണ്ടായിരുന്നു. മൂത്തവന്‍ അദ്ധ്വാനിയാണ്‌, പാടത്തും പറമ്പിലും ഒക്കെയായി എല്ല് മുറിയെ പണിയെടുക്കും. ഇളയവന്‍ ആള് തലതെറിച്ചോനാ. പണിയെടുക്കുകേല, എന്ന് മാത്രമല്ല അപ്പനും ചേട്ടനുമായി കഷ്ടപ്പെട്ട് ഉണ്ടാക്കിയതൊക്കെ ചുമ്മാ കള്ളുകുടിച്ചും ചീട്ടു കളിച്ചും പണ്ടാരമടക്കി കളയും. ഒരുദിവസം, അപ്പനും ചേട്ടനും തരുന്ന പോക്കറ്റ് മണി പോരാ എന്ന് തോന്നിയപ്പോള്‍ ചെറുക്കന്‍ തന്തപ്പടിയോടു ഉള്ള കാര്യം തുറന്നു പറഞ്ഞ്. "എനിക്കുള്ളതൊക്കെ മൊത്തായി ഇങ്ങു തന്നേര്. ഞാന്‍ വേറെ എവിടെങ്കിലും പോയി സെറ്റപ്പ് ആയിക്കോളം." ഒന്ന് പറഞ്ഞ് രണ്ടിന് പെടക്കാന്‍ നിക്കുന്ന മോനോട് തന്തപ്പടി എന്ത് പറയാന്‍. ശട പടേന്ന് ഭാഗം നടന്നു. ഇളയവന്‍ കിട്ടിയതും വാങ്ങി നാടുവിട്ടു.



കാശുണ്ടേല്‍ ചെലവാക്കാനാണോ വഴികളില്ലാത്തെ. പെട്ടെന്ന് തീര്‍ക്കാനാണേല്‍ ഒരു പെണ്ണ് കെട്ടിയാലും മതി. പക്ഷെ കക്ഷി തന്റെ സ്ഥിരം പരിപാടിയായ വെള്ളമടി ചീട്ടുകളി തുടങ്ങിയ പരിപാടികളില്‍ കാശിറക്കി കളിച്ചു. തോറ്റു. പക്ഷെ അവസാന ശ്വാസം വരെ വിട്ടു കൊടുത്തില്ല. കുത്ത് പാളയെടുക്കും വരെ വിട്ടു കൊടുത്തില്ല. അവസാനം കണ്ടവന്റെ തൊഴുത്തില്‍ ചാണകവും വാരി തേങ്ങാ പിണ്ണാക്കും തിന്നു കിടന്നപ്പോ പഹയനു വീണ്ടു വിചാരമുണ്ടായി.



അങ്ങിനെ ഇരിക്കെ സഖാവ് തന്തപ്പടിക്ക് ഇളയമകന്റെ എസ് എം എസ്. 'ആണ്ടെടാ കാശും പണ്ടോം വാങ്ങി നാട് വിട്ടുപോയവാന്‍ തിരിച്ചു വരുന്നെന്ന്'. "ഓ! വലിയ കാര്യമായി പോയി", മൂത്തവന്‍ കെറുവിച്ചു. ' "വിട്ടു കളയടെയ് ഒന്നുമല്ലേലും നമ്മുടെ രക്തമല്ലേ?" തന്തപ്പടി സമാധാനിപ്പിച്ചു. മോന്‍ വരുന്ന ദിവസം തന്തപ്പടി വഴീലോട്ടും നോക്കി ഇരുപ്പായി.



വെട്ടുപോത്തിനെ പോലെ മുക്രയിട്ടു പാഞ്ഞു ദാണ്ടേ വന്നു നില്‍ക്കുന്നു, ഒരു എസ് ക്ലാസ് ബെന്‍സ്. ടെഡ് ലാപിടാസ് സ്യൂട്ടില്‍ ഇറങ്ങി വരുന്നു റെയ്ബാന്‍ ഫിടിങ്ങ്സ് കണ്ണിനു മുന്നില്‍ വെച്ചു, കൈയിലും കഴുത്തിലും സ്വര്‍ണ്ണ ചെയിനുമായി ഒരു കിടിലന്‍ പയ്യന്‍.



"കൊച്ചുകുഞാന്നോട?" തന്തപ്പടി വണ്ടറടിച്ചു നിന്നു.



"യെസ്, ഡാഡ്, ലോങ്ങ്‌ ടൈം! ഹൌ ആര്‍ യൂ?



തന്തപ്പടിയുടെ വണ്ടറടി ഒന്ന് കൂടെ നീണ്ടു. "ബൈ ദ്‌ വേ, വേര്‍ ഈസ്‌ ചേട്ടായി?"



"ഓ അവന്റെ കാര്യമൊന്നും പറയാതിരിക്കുന്നത ഭേദം. കൃഷിയൊക്കെ മോശമാടാ. സര്ക്കാര് ദുരിതാശ്വാസം തരുമെന്ന് കരുതി ലോണ്‍ എടുത്തു. അവസാനം കിടപ്പാടം ബാങ്ക് കാര് കൊണ്ട് പോകും എന്ന അവസ്ത്തെലാ. പാടോം പറമ്പും ഒക്കെ ഫിനാന്സുകാര് കൊണ്ട് പോയി. ഇപ്പം വരും. കൂലിപ്പണിക്ക് പോയിരിക്കുവാ "



"ഓ സൊ സാഡ്. എത്ര രൂപാ വരും കടം? "



ഇനി ഇപ്പൊ ഒരു അഞ്ചാറ് ലക്ഷം കൂടെ കാണും.



"ഓ നോ. ഇതിനാണോ ടെന്‍ഷന്‍. നാളെ തന്നെ സെറ്റില്‍ ചെയ്യാമെന്ന് ബാങ്ക് കാരോട് പറയു."



"എന്നാലും എന്റെ കുഞ്ഞുകുഞ്ഞേ, നീ പെര്ശ്യക്കും മിറ്റെം പോയോ? തെണ്ടി തിരിഞ്ഞു വരും എന്നല്ലേ, ഞാന്‍ കരുതിയെ. "



"ഹി ഹി ഹി ഡാഡ്! അങ്ങിനെ ആകുമായിരുന്നു. പക്ഷെ ആ നായിന്റെ മോന്റെ ചാണക കുഴി കഴുകി കിട്ടിയ കാശ് എണ്ണി, പിണ്ണാക്കും തിന്നു കിടന്നപോള്‍ എനിക്ക് തോന്നി എന്തയാലും കുറെ കാശ് ചീട്ടു കളിച്ചു പോയി. എന്നാ ആ വഴിക്ക് തന്നെ പിടിക്കാം. കിട്ടിയ കാശ് കൊണ്ട് കിലുക്കി കുത്ത് തുടങ്ങി. ഞാന്‍ കളിച്ചില്ല. മറ്റവന്മാരെ കൊണ്ട് കളിപ്പിച്ചു. അറിയാവുന്ന പണി അല്ലെ ചെയ്യാന്‍ പറ്റൂ. പിന്നെ പള്ളി പെരുന്നാള്‍, ഉത്സവം, മൂന്നു നാലു ടീമിനെ കീഴിലിട്ടു കളി വിപുലീകരിച്ചു. ഒരു ആള്‍ കേരള നെറ്റ്‌വര്‍ക്ക്. സംഗതി ഏറ്റു. ഗോവയില്‍ ഇപ്പൊ 8 കാസിനോയാ വാങ്ങി ഇട്ടിരിക്കുന്നേ"



"കുഞ്ഞൂഞ്ഞേ നീ ഒരു വല്ലാത്ത പഹനാണെടാ" എന്ന് ചിന്തിച്ചു നില്‍ക്കെ അപ്പന്റെ മടിക്കുത്തില്‍ ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു വെച്ചു മുടിയന്‍ കാര്‍ സ്ടാര്റ്റ് ചെയ്തിരുന്നു.



ചുമ്മാതാണോ കര്‍ത്താവ്‌ പറയുന്നത് "വഴി തെറ്റി പോയവനെ തേടി പോകണം എന്ന്. ഇത് പോലുള്ള ഗുണങ്ങള്‍ ഉണ്ടാകും എന്ന് കര്‍ത്താവിനു അന്നേ അറിയാമായിരുന്നു." തന്തപ്പടി ചാര് കസേരയില്‍ കാലു നീട്ടിയിരുന്നു. പണ്ടത്തേക്കാള്‍ അഹങ്കാരത്തോടെ.

2010, നവംബർ 6, ശനിയാഴ്‌ച

ജീവിതവും മരണവും

നിന്റെ പുല്‍നാമ്പുകള്‍
രാത്രിയുടെ ആദ്യയാമത്തില്‍
ഞാന്‍ കണ്ടതാണ്
എന്റെ മിഴികള്‍
ഉറങ്ങി തുടങ്ങും വരെ
മഞ്ഞു തുള്ളിയെ
നീ കടം വാങ്ങിയിരുന്നില്ല.

അതില്‍ നിന്റെ കണ്ണുണ്ട്
മഞ്ഞിന്റെ കണ്ണുകള്‍
കൃഷ്ണമണിയില്‍
എന്റെ വിളറിയ ചിരിയും
കണ്ണുകൊണ്ട് മാത്രം
നീ പറയുന്നതിനെ
ഞാന്‍ ജീവിതം എന്ന് വിളിച്ചു

വെയില്‍ വീണു തുടങ്ങുന്നു
നീ കടം വാങ്ങിയ
മഞ്ഞു തുള്ളിയുടെ കഥകള്‍
പാതി വഴി തീരുകയാണ്
വെയിലിനു ചൂട് കൂടുന്നു
അടയുകയാണ്
മഞ്ഞിന്റെ കണ്ണുകള്‍

എന്റെ വിളറിയ ചിരി
അത് കൊണ്ട് നിനക്കൊരു
റീത്ത്
മഞ്ഞിന്റെ കണ്ണുകള്‍
അടയുകയാണ്
അതിനെ
ഞാന്‍ മരണം
എന്ന് വിളിച്ചു.






2010, നവംബർ 4, വ്യാഴാഴ്‌ച

പുഴയൊഴുകുമ്പോള്‍

പുഴേ
നീ വഴിമാറി
ഒരുപാട് ദൂരം
ഒഴുകിപോയി

എന്റെ കാത്തിരിപ്പിന്‍
വഴിയിലേക്ക്
നിന്റെ ചാല് കീറുവാന്‍
എനിക്കായുസും
തീര്‍ന്നെ പോയ്‌

ഇനിയെന്റെ തീരം
നീ അറിയണമെങ്കില്‍
ഭൂമിയുടെ മാറില്‍
ഉരുള്‍ പൊട്ടണം
വേദ പുസ്തകങ്ങള്‍
അതിനെ പ്രളയം
എന്ന് വിളിക്കും
നാല്പത് രാവ്
നീണ്ട പ്രളയം

പുഴേ
നീ വഴിമാറി
ഒരുപാട് ദൂരം
ഒഴുകിപോയി

2010, നവംബർ 2, ചൊവ്വാഴ്ച

A Suicide

A sleep
Small,
But a death,
Though wake up
Not in the heavens
Small
But Beautiful.
So,
Let's not
Wake up honey,
The winter is here.
Beneath,
The heats of
This blanket,
Let's close our eyes
Tightly,
Not to wake up
A sleep
But
A Death.