നീ ഫോണ്‍ ഓഫ് ചെയ്തു വെച്ചിട്ട് ഇപ്പോള്‍ മണിക്കൂര്‍ മൂന്നാകുന്നു.
"എന്താ ഇത് വരെ മിസ്ഡ് അടിക്കാതിരുന്നത്?"
"അയ്യോ! സോറി, ഞാന്‍ ഒരല്പം തിരക്കിലായി പോയി"
"ഒഹ്! അപ്പോള്‍ എന്നെ മറന്നു അല്ലെ?"
നിനക്ക് മിസ്ഡ് കോള്‍ അടിച്ചില്ല എന്ന ചെറിയ കാര്യത്തില്‍ തുടങ്ങിയ പിണക്കം. ഇപ്പോള്‍ നീ ഫോണ്‍ ഓഫ് ചെയ്തു വെച്ച് എന്നോട് പ്രതികാരം ചെയ്യുവാണ്. ഓരോ നിമിഷവും നിന്നെ വിളിക്കുമ്പോള്‍ കേള്കുന്ന സ്വിച്ച്ഡ് ഓഫ് സന്ദേശം എന്റെ ഹൃദയത്തിലേക്ക് തറഞ്ഞു കയറുന്നു.
ഭൂമിയുടെ രണ്ടറ്റങ്ങള്‍ തമ്മിലുള്ള ദൂരത്തെ സ്നേഹം കൊണ്ട് മാത്രം വെട്ടിച്ചുരുക്കി അതിന് മിസ്ഡ് കോള്‍ എന്ന് പേരിട്ടത് ആരാണ്? നിമിഷാര്‍ദ്ധത്തില്‍ മിന്നിമായുന്ന ഒരു മിസ്ഡ് കോളിന് ഒരു ജന്മത്തിന്റെ പ്രണയം സംവേദിക്കാന്‍ കഴിയുമെന്ന്... ഹൃദയം കൊണ്ട് മാത്രം ലോകമുണ്ടാക്കി അതില്‍ പ്രവാസ നൊമ്പരത്തെ ഒതുക്കി വെക്കുന്ന ഓരോരുത്തരുടെയും ജീവിതത്തില്‍ ഒരു സാന്ത്വന സ്പര്‍ശമായി അതുണ്ട് ... 1 Missed Call.
ചിലരിതിനെ മിസ്ക്രീന് കോള്‍ എന്ന് വിളിക്കുന്നു. മിസ്ക്രീന് എന്ന് വെച്ചാല്‍ ദരിദ്രന് എന്നര്‍ത്ഥം. ഒരര്‍ത്ഥത്തില്‍ അത് ദരിദ്രന്റെ കോള്‍ തന്നെയാണ്. ജീവിതം കരുപ്പിടിപ്പിക്കുവാന് ഓരോ ഫില്‍സും ദിറവും ചേര്‍ത്ത് വെക്കുന്നവന് ഒരു മാസത്തിന്റെ ആദ്യ പകുതി പോലും കടക്കും മുന്‍പേ ജീവിതത്തിന്റെ അക്കൌണ്ടില്‍ ബാക്കിയാകുന്നത് മൊബൈലിലെ ഈ രണ്ടു ദിറംസ് ആണ്. "ഞാന്‍ ഇവിടെ ജീവനോടെ ഉണ്ടെടാ" "എന്നെ ഒന്ന് വിളിക്ക്" എന്ന് മൌനമായി പറയാന്‍ ഈ രണ്ടു ദിറംസ് വിലയുള്ള മിസ്ഡ് കോളിന് കഴിയുന്നു. അതിനിടയില്‍ ആരെങ്കിലും അറിയാതെ കോള്‍ എടുത്തു പോയാല്‍... *121# ഡയല് ചെയ്ത് നെടുവീര്പ്പിടുന്നവര്. ഇനി ഒരു റിചാര്ജിനു വേണ്ടി അടുത്ത മാസത്തെ ശമ്പളത്തിലേക്കുള്ള ദൂരമാണ് അപ്പോള്‍ മൊബൈല്‍ സ്ക്രീനില്‍ ഓരോ പ്രവാസിയും കാണുന്നത്.
തിരിക്കിനടയിലോ അറിയാതെയോ ഒരു കോള്‍ വന്നാല്‍ അതാരായിരുന്നു എന്നറിയുവാനും തിരികെ വിളിക്കുവാനുമുള്ള ഒരു സംവിധാനമായാണ് മൊബൈല്‍ സേവന ദാതാക്കള്‍ മിസ്ഡ് കോള്‍ എന്ന ആശയം മുന്നോട്ടു കൊണ്ട് വന്നത് എന്ന് അനുമാനിക്കാം. അങ്ങിനെ ഒരു കോള്‍ കിട്ടിയാല്‍ അതിലും ലാഭമല്ലേ. ഒരു കാലത്ത് ഡിസ്പ്ളേയോ കോള്‍ രെജിസ്ടറോ ഇല്ലാതിരുന്ന ലാന്‍ഡ് ലൈനുകള്‍ ആയിരുന്നല്ലോ പൊതുവില്‍ ഉണ്ടായിരുന്നത്. അന്നൊരു പക്ഷെ റിംഗ് കേട്ട് ഓടിയെത്തുമ്പോഴേക്കും കോള്‍ ഡിസ്കണക്റ്റ് ആയാല്‍ ആരാണു വിളിച്ചതെന്ന് അറിയാതെ ആധിപിടിച്ചിരുന്നു. അങ്ങിനെ ഒരു അവസ്ഥ ദൂരീകരിക്കുക കൂടിയാണു മിസ്ഡ് കോള്‍ സംവിധാനം ചെയ്തത്. പക്ഷെ ഇന്നതിന്റെ ജോലികള്‍ അതിലേറെയാണ്.
മിസ്ഡ് കോളിന്റെ എണ്ണവും ദൈര്ഘ്യവുമനുസരിച്ചു വ്യക്തികള്‍ക്കിടയില്‍ അതിന്റെ അര്‍ഥം മാറി മാറി വരുന്നു. ദിവസത്തിന്റെ ഓരോ നാഴികയിലും വിനാഴികയിലും ലോകത്തിന്റെ രണ്ടു കോണിലിരുന്നു പ്രണയിക്കുന്നവരുടെ ഊഷ്മളതയും പേറി സന്ദേശകാവ്യങ്ങളിലെ ഹംസങ്ങളെ പോലെ എന്നാല്‍ നൊടിയിട വേഗത്തില്‍ അവ പാറിനടക്കുന്നു. ഇടക്കൊരാള് മിസ്ഡ് അടിക്കാതെ പോയാല്‍ പിന്നെ മനസിനകത്തൊരു തീയാണ്. "എന്ത് പറ്റിക്കാണും?""അകല്‍ച്ച തോന്നിത്തുടങ്ങിയോ?""മറന്നു പോയോ?" അങ്ങിനെ നൂറുനൂറായിരം ചോദ്യങ്ങള്‍ ഹൃദയത്തെ തുളച്ചു കൊണ്ട് കടന്നു പോകുന്നു. അവസാനം കിട്ടിയ മിസ്ഡ് കോളില്‍ നിന്നും സമയത്തിന്റെ ദൈര്‍ഘ്യം ഏറി വരുമ്പോള്‍ മനസിലെ തീ ആളിപ്പടര്‍ന്നു തുടങ്ങും. ഇടയ്ക്കിടെ ഫോണ്‍ എടുത്തു നോക്കി ശൂന്യമായ സ്ക്രീന്‍ നോക്കി നെടുവീര്‍പ്പിടും. പെട്ടെന്ന് ഫോണ്‍ റിംഗ് ചെയ്യും, ചാടിപ്പിടിച്ചു നോക്കുമ്പോള്‍ പുതിയ ഓഫറിനെ കുറിച്ച് പറയാന്‍ ഏതെങ്കിലും ഒരു എജന്റ്റ്. ദേഷ്യത്തില്‍ ഫോണ്‍ കട്ട് ചെയ്ത് ഒരു മൂലയിലെക്കെറിയും. ചിതറിക്കിടക്കുന്ന ഫോണ്‍ പാനലും ബാറ്ററിയും...
ഓഫീസില്‍ എത്തി എന്ന് പറയാന്‍, തിരികെ വീട്ടില്‍ എത്തി എന്ന് പറയാന്‍, ഉറങ്ങാന്‍ പോകുന്നു എന്ന് പറയാന്‍, ഉണര്‍ന്നു എന്ന് പറയാന്‍, മിസ് യു എന്ന് പറയാന്‍, നിന്നെ ഓര്‍ക്കുന്നു എന്ന് പറയാന്‍, വിളിക്കൂ എന്ന് പറയാന്‍, അങ്ങിനെ ഒരുപാട് അര്‍ത്ഥങ്ങള്‍ നെഞ്ചില്‍ ചേര്‍ത്ത് വെച്ച് ഓരോ മിസ്ഡ് കോളും രണ്ടു ഹൃദയങ്ങളുടെ കഥ പറയുന്നു. എന്റെ ഹൃദയം നിന്നോട് പറയുന്നത് പോലെ.
ചിതറിക്കിടന്ന പാനലും ബാറ്ററിയും സിമ്മും കൂട്ടിയോജിപ്പിച്ച് ഫോണ്‍ ഓണ്‍ ചെയ്ത മാത്രയില്‍ ഡിസ്പ്ളേ ഒന്ന് കൂടെ മിന്നി മറഞ്ഞു. 1 missed call. അത് നിന്റെതായിരുന്നു. Life is made of such small things like a missed call. ചുട്ടു പഴുത്ത മരുഭൂമില് പെയ്തു വീഴുന്ന മഴത്തുള്ളികള്‍ പോലെ..
(Article by me appeared in Siraj on Nov 14, Sunday)
2 അഭിപ്രായങ്ങൾ:
അരുണ്‍,
മുന്‍പൊരിക്കല്‍ നമ്മള് ഇവിടെ കണ്ടു മുട്ടിയിട്ടുണ്ടെന്ന് തോന്നുന്നു. ഏതാണ്ട് ഒരേ നാട്ടുകാരായ ഒരാളെ കണ്ടതില്‍ സന്തോഷം.
എഴുത്ത് തുടരുക. ആശംസകള്‍
കൊള്ളാം അരുണ്‍... ഇത് വായിച്ചപ്പോള്‍ ഞാന്‍ മറക്കാന്‍ ശ്രമിക്കുന്ന പ്രണയത്തിലേക്ക് ഓര്‍മ്മകള്‍ വീണ്ടും ചെന്നെത്തി...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ