-->

Followers of this Blog

2011, ജനുവരി 28, വെള്ളിയാഴ്‌ച

ഇരുട്ടിന്റെ കവിത

എനിക്ക് നിറമില്ലായിരുന്നു
നീ എന്നെ കറുപ്പെന്നു വിളിച്ചു.
എന്റെ നെഞ്ചില്‍
വിരല്‍ ചൂഴ്ന്നു വെച്ച്
നിന്റെ കുഞ്ഞുങ്ങള്‍
ചോറുരുളയുണ്ടു,
മറുതയും ഭൂതനും കരിങ്കണ്ണനും
ഒടിയനും ചാത്തന്റെ
കല്ലേറും സാക്ഷികള്‍...

ചോരയൂറ്റാന്‍ അലഞ്ഞൊരു യക്ഷി,
ചോരന്‍, മനസാക്ഷി
വേരറ്റു പോയവന്‍, കണ്ണില്‍
ചോര വരണ്ടവര്‍,
അപഥ സഞ്ചാരിണി,
അറിവ് തീണ്ടാത്തവന്‍,
പേറ്റു നോവറിയാത്ത
എന്നെ മുന്‍ നിര്‍ത്തി
ഇവരെന്റെ മക്കള്‍.
'ഇരുളിന്റെ മക്കളെ'-
ന്നെഴുതി നീ വെച്ചു.

സത്യം...

മരവും മതിലും
ഭൂമിയുടെ പാതിയും
നിഴലും മറയും തട്ടി-
യുടഞ്ഞും പോം വെട്ടം
തോറ്റു മടങ്ങിയ
വഴിയില്‍ പരന്നതാണീ
കറുപ്പതില്‍ തെല്ലുമേയില്ല
എനിക്കേത് പാപവും.

എങ്കിലും...

മരണത്തില്‍ ഗന്ധവും
ഭീതി തന്‍ സ്പര്‍ശവും
ശാപം തിറകെട്ടിയാടിയ
താളവും
എന്റെ നെഞ്ചില്‍ നീ
പതിപ്പിച്ചു വെക്കുക

പകരം...

ഈയിരുളിന്‍ കുളിര്‍മ്മയും
എന്നില്‍ പെയ്യുന്ന
രാ മഴയുടെ തണുപ്പും
രാവിന്റെ ലാവണ്യ-
മെഴുതിയ കവിതയും
എന്‍ നെഞ്ഞത്ത് നീ ചേര്‍-
ന്നണയും മയക്കവും
അളവ് കോല്‍ വെക്കാതെ
നീ അടര്ത്തീടുക

പിന്നെ

മണ്ണെണ്ണ തിരി വെച്ചെന്‍
രാത്രിയെ തോല്പിച്ച
നിന്‍ വീരഗാഥകള്‍ നീട്ടി കുറച്ചു നീ
ചാരുകസേരയില്‍ നന്നേ ഞെളിയുക

6 അഭിപ്രായങ്ങൾ:

നികു കേച്ചേരി പറഞ്ഞു...

ഇരുട്ടിന്റെ വരികൾ കൊള്ളാം.

രമേശ്‌ അരൂര്‍ പറഞ്ഞു...

അരുണ്‍ പഴകിത്തേഞ്ഞ കാവ്യബിംബങ്ങള്‍ ഈ ഇരുളില്‍ ചിരിക്കുന്നല്ലോ ...
ഉദാ :എന്റെ നെഞ്ചില്‍
വിരല്‍ ചൂഴ്ന്നു വെച്ച്.,
ശാപം തിറകെട്ടിയാടിയ
താളവും
മരണത്തില്‍ ഗന്ധവും
ഭീതി തന്‍ സ്പര്‍ശവും

കവിതയുടെ വെളിച്ചം എവിടെ ?

Thus Testing പറഞ്ഞു...

പണ്ട് തുടങ്ങിയെ ഈ ബിംബങ്ങള്‍ ഇരുട്ടിനെ ചേര്‍ത്തു പറയുന്നത് കൊണ്ട് ആവര്‍ത്തിച്ചതാണ്.

സാബിബാവ പറഞ്ഞു...

ഈയിരുളിന്‍ കുളിര്‍മ്മയും
എന്നില്‍ പെയ്യുന്ന
രാ മഴയുടെ തണുപ്പും
രാവിന്റെ ലാവണ്യ-
മെഴുതിയ കവിതയും
എന്‍ നെഞ്ഞത്ത് നീ ചേര്‍-
ന്നണയും മയക്കവും
അളവ് കോല്‍ വെക്കാതെ
നീ അടര്ത്തീടുക

കവിത നല്ലത് ഈ വരികള്‍ നല്ല ഇഷ്ട്ടമായി

Varun Aroli പറഞ്ഞു...

കൊള്ളാം. പകരം... ഈയിരുളിന്‍ കുളിര്‍മ്മയും എന്ന് തുടങ്ങുന്ന വരികള്‍ നന്നായിട്ടുണ്ട്.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

aashamsakal........