-->

Followers of this Blog

2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

ഒരു ചായ കുടിക്കാന്‍ ഇറങ്ങിയതാ

പലപ്പോഴും ഞാന്‍ ആ അപ്പാപ്പനെ വഴിയില്‍ വെച്ചു കാണാറുണ്ട്. അതില്‍ കവിഞ്ഞു ഞങ്ങള്‍ തമ്മില്‍ ഒരു പരിചയവുമുണ്ടായിരുന്നില്ല. എങ്കിലും കാണുമ്പോഴൊക്കെ ഒരുപാട് കാലമായി പരിചയമുള്ള ഒരാളോട് എന്ന പോലെ അയാള്‍ ചിരിക്കും. മാന്യതയുടെ പുറത്ത് ഞാനും ചിരിക്കും. ഉടനെ അയാള്‍ പറയും.

"ഒരു ചായ കുടിക്കാന്‍ ഇറങ്ങിയതാ"

'ആയിക്കോട്ടെ' എന്ന അര്‍ത്ഥത്തില്‍ ഞാന്‍ ചിരിക്കുകയോ തലയാട്ടുകയോ ചെയ്യും. പുതിയ സ്ഥലത്ത് താമസം തുടങ്ങിയിട

്ട് ഒന്നര വര്‍ഷത്തോളം ആകുന്നു. എങ്കിലും ഇന്നലെ വരെ കാണുമ്പോള്‍ ഇതിനപ്പുറം ഒരു സംഭാഷണം ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നില്ല.

ഇന്ന് വളരെ യാദൃ ച്ഛിമായി വീടിന്റെ പടിക്കല്‍ വെച്ച്‌ അദേഹത്തെ കണ്ടു. മഴ പെയ്യാന്‍ തുടങ്ങുന്നു എന്ന് തോന്നിയാല്‍, ഭൂമിയെ സ്പര്‍ശിക്കുന്ന ആദ്യ മഴത്തുള്ളികളെ കാണുവാന്‍ ചാരുപടിയില്‍ വന്നിരിക്കുന്ന ഒരു പതിവ് എനിക്കുണ്ട്. ആകാശം കറുക്കുന്നതും, പകലിനെ നരച്ച ഇരുള്‍ കീഴടക്കുന്നതും മേഘങ്ങള്‍ ഒഴുകുന്ന ദിശയില്‍ കാറ്റ് വീശുന്നതും ഇലക്കൂട്ടം ചായുന്നതും നോക്കിയിരിക്കെ ആ ചിരി പടിവാതിലനരികില്‍ നിന്ന് എത്തി നോക്കി. ചിരിക്കു ശേഷം അപ്പാപ്പന്‍ പറഞ്ഞു.

"ഒരു ചായ കുടിക്കാന്‍ ഇറങ്ങിയതാ"

"ഊം" ഞാന്‍ മൂളി. പെട്ടെന്നാണ് മഴ പെയ്യുവാന്‍ പോകുവാണ് എന്ന കാര്യം ഓര്‍ത്തത്‌.

"അല്ലാ... ചായകട എത്തും മുന്നേ മഴ പെയ്യിലെ?" എന്റെ ചോദ്യം പൂര്‍ത്തിയാകും മുന്പ് ടാര്‍പോളിന്‍ ഷീറ്റുകളില്‍ താളമിട്ട്‌ മഴ ചാഞ്ഞിറങ്ങി.

"കയറി നിന്നോ അപ്പാപ്പാ"

മഞ്ഞു കാലത്ത് പുല്‍ നാമ്പുകളില്‍ തങ്ങി നില്‍കുന്ന ഹിമകണം പോലെ നരച്ച മുടിയില്‍ വിടര്‍ന്നു നില്‍ക്കുന്ന മഴ തുള്ളികളെ തട്ടി കളഞ്ഞ് അയാള്‍ വരാന്തയില്‍ കയറി, ചാരുപടിയില്‍ ഇരുന്നു. ഒരു ചായ കുടിക്കാത്തതിന്റെ മുഷിവ്‌ ആ മുഖത്ത് ഉണ്ടെന്നു തോന്നി.

"അപ്പാപ്പനിരി... ഞാനൊരു കട്ടനിടാം..."

അടുക്കളയില്‍ കട്ടന്‍ ചായ ഉണ്ടായിരുന്നത് കൊണ്ട് അത് ചൂടാക്കി എടുത്തു. മധുരം എങ്ങിനെ എന്ന് ചോദിക്കണം എന്ന് തോന്നിയെങ്കിലും എന്റെ മനോധര്‍മ്മത്തിന്‌ അങ്ങ് മധുരം ചേര്‍ത്ത് ചായയുമായ് വരുമ്പോള്‍ അയാള്‍ കൈകള്‍ കൂട്ടി തിരുമി മുഖത്ത് വെച്ച്‌ ചൂട് കായുകയായിരുന്നു.

"അപ്പാപ്പാ...ദാ... ഇത് കുടിക്ക്..."

ചായ വാങ്ങി കുടിക്കുമ്പോള്‍ ഞാന്‍ അയാളുടെ മുഖത്ത് വിരിയുന്ന ഭാവം ശ്രദ്ധിച്ചു കൊണ്ടിരുന്നു. അനിഷ്ടം ഒന്ന് കാണാത്തതില്‍ മനസ്സില്‍ സന്തോഷിക്കുകയും ചെയ്തു.

"മഴ കാരണം അപ്പാപ്പന്റെ ഒരു നല്ല ചായ പോക്കായി ല്ലേ?"

"സാരമില്ല, ഇത് മതി..."

ചായകടയും അപ്പാപ്പന്റെ വീടും തമ്മില്‍ അര കിലോമീറ്ററില്‍ അധികം ദൂരമുണ്ട്. വയ്യാത്ത പ്രായത്തില്‍ വേച്ചു വേച്ച് ചായ കുടിക്കാന്‍ വേണ്ടി മാത്രം ഇത്രയും ദൂരം നടക്കുന്നത് എന്തിനാണ് എന്ന് ഞാന്‍ പലപ്പോഴും ആലോചിട്ടുണ്ട്. അത് ഞാന്‍ അന്നേരം ചോദിക്കുകയും ചെയ്തു..

"ഓരോരോ ശീലക്കേട്‌" എന്ന് പറഞ്ഞ് അയാള്‍ ചിരിച്ചു.

അത് ഒരു കാലഘട്ടത്തിന്റെ ശീലക്കേടാണ്‌. വളരെ സുന്ദരമായ ഒന്ന്. അയാളോട് കൂടുതല്‍ സംസാരിക്കുമ്പോള്‍ എനിക്കത് ബോധ്യമായി തുടങ്ങിയിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിലെ സൊറ പറച്ചിലിനും വലിയ ഷോപ്പിംഗ്‌ മാളുകളിലെ കണ്ടു മുട്ടലുകള്‍ക്കും വഴി മാറി കൊടുത്ത ഒരു ശീലക്കേട്‌. ചായക്കടയിലെ ആടുന്ന കാലുകളുള്ള ബെഞ്ചിലിരുന്നു ഊതിയൂതി കുടിക്കുന്ന ചായക്ക് രുച്ചിയേറുന്നത് അതിനോടൊപ്പം പറഞ്ഞ് പോകുന്ന സൌഹൃദങ്ങളുടെ കഥ കൂടി ചേരുമ്പോഴാണ്.

തോരാതെ നില്‍ക്കുന്ന മഴക്കൊപ്പം അയാള്‍ സംസാരിച്ചു കൊണ്ടിരുന്നു. ആ മനുഷ്യന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് തോന്നി. ഒരുപാട് സംസാരിക്കാനും ചിരിക്കാനുമൊക്കെ.

ടാര്‍പോളിന്‍ ഷീറ്റിലെ താളലയങ്ങള്‍ അന്നേരം തളര്‍ന്നു തുടങ്ങിയിരുന്നു. അയാള്‍ പുറത്തേക്ക നോക്കി.

"മഴ കുറഞ്ഞു" ചാരുപടിയില്‍ ചായഗ്ലാസ്‌ സൂഷ്മതോയോടെ വെച്ചിട്ട് അയാള്‍ ഇറങ്ങി. പടി കടക്കുമ്പോള്‍ ആദ്യം കണ്ടയാളെ നോക്കി ചിരിച്ചു... എന്നിട്ട് ഏറെ പരിചയമുള്ള ഒരാളോട് എന്ന പോലെ അയാള്‍ പറഞ്ഞു.

"ഒരു ചായ കുടിക്കാന്‍ ഇറങ്ങിയതാ"

തന്നെ ശ്രദ്ധിക്കാതെ പോകുന്ന ആ മനുഷ്യനെ നോക്കി തെല്ലും പരിഭവമില്ലാതെ ചിരിച്ചു കൊണ്ട് അയാള്‍ നടന്നു. ആ ചിരിയുടെ അര്‍ത്ഥം വളരെ ലളിതമായിരുന്നു. മനുഷ്യന്‍ ചിരിക്കുവാനും സംസാരിക്കുവാനും ആഗ്രഹിക്കുന്നു എന്ന സുന്ദരമായ അര്‍ത്ഥം.