-->

Followers of this Blog

2012, ഡിസംബർ 14, വെള്ളിയാഴ്‌ച

ദര്‍വാസാ - നരകത്തിലേക്കൊരു വാതില്‍

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നരകത്തിലേക്കൊരു വാതിലോ? വാട്ട് ദ ഹെല്‍ !!! അലറാന്‍ വരട്ടെ. പറയാന്‍ പോകുന്നത് ഇവിടെ എങ്ങുമുള്ള സ്ഥലത്തെ കുറിച്ചല്ല. ഇതങ്ങു ദൂരെ, 1991 വരെ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന ഇന്നത്തെ തുര്‍ക്ക്മെനിസ്ഥാനിലെ കാരാ-കും മരുഭൂമിയിലുള്ള നരകവാതിലിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കഴിഞ്ഞ നാല്പത്തിരണ്ടു വര്‍ഷമായി കത്തി കൊണ്ടിരിക്കുന്ന ദര്‍വാസാ (ദേര്‍വേസ്) ഗര്‍ത്തമാണ് നരകത്തിലേക്കുള്ള വാതില്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. തുര്‍ക്ക്മെനിസ്ഥാന്റെ  തലസ്ഥാനമായ അഷ്ഖാബാദില്‍ നിന്നും 260 കിലോ മീറ്റര്‍ വടക്കായി കാരാ-കും മരുഭൂമിയിലാണ്, ഏകദേശം 350 ളം പേര്‍ താമസിക്കുന്ന ദേര്‍വാസാ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഭാവനയിലെ നരകത്തെ അനുസ്മരിപ്പിക്കും വിധം ഒരിക്കലും അണയാത്ത തീയുടെ സാന്നിധ്യമാണ് ഇവിടെയുള്ള ദര്‍വാസ ഗര്‍ത്തത്തിന്  ഈ പേരുദോഷം നേടിക്കൊടുക്കാന്‍ ഇടയായത്.

1991 വരെ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്നു ഈ പ്രദേശം എന്ന് പറഞ്ഞല്ലോ. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് തുര്‍ക്ക്മെനിസ്ഥാന്‍ . പ്രത്യേകിച്ച് ദേര്‍വേസ് ഗ്രാമം. 1971-ല്‍ ഭൂഗര്‍ഭശാസ്ത്രജ്ഞന്മാരുടെ ഒരു സംഘം ഇവിടെ ഖനനം നടത്തിക്കൊണ്ടിരിക്കെ പ്രകൃതി വാതകം നിറഞ്ഞ വലിയൊരു ഭൂഗര്‍ഭ അറ കണ്ടെത്തി.  ഡ്രില്ലിംഗിനിടയില്‍ റിഗിനു താഴെയുള്ള പ്രതലം പിളരുകയും റിഗ് ഇടിഞ്ഞ് ഏകദേശം 70 മീറ്റര്‍ വ്യാസമുള്ള വലിയൊരു ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. തുടര്‍ന്ന് അറയില്‍ നിന്നും നിര്‍ഗമിച്ച ഗ്യാസ് ഗര്‍ത്തത്തില്‍ നിറഞ്ഞ് ഖനനം അസാധ്യമായി തീര്‍ന്നു.  മാത്രമല്ല വിഷലിപ്തമായ വാതകം അപകടകരമായി പുറത്തേക്ക് വ്യാപിക്കും എന്നവര്‍ ഭയപ്പെടുകയും ചെയ്തു. അങ്ങിനെയാണ് ഗ്യാസ് കത്തിച്ചു കളയാം എന്ന തീരുമാനത്തില്‍ ഖനനസംഘം എത്തിയത്. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ കത്തി തീരാവുന്ന ഗ്യാസ് മാത്രമേ അറയിലുണ്ടാവൂ എന്നായിരുന്നു അവരുടെ കണക്കു കൂട്ടല്‍. പക്ഷെ ആ കണക്കു കൂട്ടല്‍ തെറ്റിച്ചു കൊണ്ട് ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയി. തീ അണഞ്ഞതേയില്ല. ഇപ്പോഴും അണയാത്ത വലിയൊരു അഗ്നിഗര്‍ത്തമായി ദേര്‍വേസ് 42-ആം  വര്‍ഷത്തിലൂടെ കടന്നു പൊയ്കൊണ്ടിരിക്കുന്നു.

ചില മതവിശ്വാസം അനുസരിച്ച്  പാപം ചെയ്ത് നരകത്തിലെത്തുന്നവര്‍ ഒരിക്കലും അണയാത്ത തീ (നിത്യനരഗാഗ്നി) യില്‍ എറിയപ്പെടും എന്നാണ് കരുതപ്പെടുന്നത്. അങ്ങിനെ വെച്ച് നോക്കുമ്പോള്‍ ദേര്‍വേസിലെ ഈ നിത്യതീപൊയ്ക നരകത്തിലേക്കുള്ള വാതിലാണ് എന്ന് വിശേഷിപ്പിക്കപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. എന്തൊക്കെയായാലും ദേര്‍വേസ് ഗര്‍ത്തത്തിന് ഇനി അധികം ആയുസില്ലെന്നാണ് കേള്‍വി. പ്രകൃതി വാതകോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ഗര്‍ത്തം മൂടണം എന്നാണ് അടുത്തയിടെ ഇവിടം സന്ദര്‍ശിച്ച  തുര്‍ക്മേന്‍ പ്രസിഡണ്ട്‌  Gurbanguly Berdimuhamedow (ഇതെങ്ങനാ ഉച്ചരിക്കേണ്ടതെന്ന് ഒരു പിടിയുമില്ല) തീരുമാനിച്ചിരിക്കുന്നത്. ഈ നരക വാതില്‍ കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഉടനെ ടിക്കറ്റെടുത്ത് ദേര്‍വെസിലേക്ക് പറക്കണം എന്നര്‍ത്ഥം. അല്ലാത്തവര്‍ ഈ ചിത്രം കണ്ട് തൃപ്തിയടഞ്ഞോളൂ . 

2 അഭിപ്രായങ്ങൾ:

sumesh vasu പറഞ്ഞു...

കൊള്ളാം ആരാണാവോ ഇത് കത്തിക്കാൻ തീരുമാനിച്ചത്

അജ്ഞാതന്‍ പറഞ്ഞു...

sumesh vasu paranja pole aaranavo ithu kathikkanayi abhiprayam eduthath. enthayalu bestayitund