-->

Followers of this Blog

2013, ജനുവരി 3, വ്യാഴാഴ്‌ച

മേഘരൂപാലിംഗനം പോലെ "ടാ തടിയാ"

ഇതൊരു വിദേശചിത്രത്തിന്റെ പുനരവതരണമാണോ എന്നോ അങ്ങിനെ ഒരു ചിത്രം വേറെ ഭാഷയില്‍ ഉണ്ടോ എന്നൊന്നും തിരക്കാന്‍ നില്‍ക്കുന്നില്ല. അല്ലെങ്കില്‍ തന്നെ അതില്‍ വലിയ കാര്യമുണ്ട് എന്ന് തോന്നുന്നില്ല. ആസ്വാദകന് അവന്റെ ജീവിതവുമായി പിണഞ്ഞു കിടക്കുന്ന ഇഴകള്‍ ഒരു കഥയില്‍ കണ്ടെത്താന്‍ കഴിയുന്നതോടെ അവന്‍ ആ സിനിമയില്‍ ജീവിച്ചു തുടങ്ങും. അങ്ങിനെ ഒരു അനുഭൂതി ഉണ്ടാക്കാന്‍ കഴിയുമോ എന്നത് മാത്രമാണ് ഇപ്പോള്‍ സിനിമയോടുള്ള എന്റെ സമീപനം. 'ടാ തടിയാ' അങ്ങിനെ ഒരു ചിത്രമാക്കി ഒരുക്കുന്നതില്‍ ആഷിക് അബു വിജയിച്ചിരിക്കുന്നു.


സഹോദരങ്ങളായ ജോണ്‍ പ്രകാശിന്റെ (മണിയന്‍പിള്ള രാജു)യും ജോസ് പ്രകാശിന്റെ(ഇടവേള ബാബു)യും മക്കളാണ് ലൂക്കായും (ശേഖര്‍ മേനോന്‍ ) സണ്ണിയും (ശ്രീനാഥ് ഭാസി). ലൂക്കാച്ചന്‍ കഥ ഫ്ലാഷ് ബാക്കില്‍ പറഞ്ഞു പോകുന്നത് സണ്ണിയാണ്. ചെറുപ്പം മുതലേ അസാമാന്യമാം വിധം തടിവെച്ചു വരുന്ന ലൂക്കച്ചന്റെ ശരീരം പ്രകാശ് കുടുംബത്തിലെ വിഷയമായത് മുതല്‍ കാലം കടന്നു പോകവേ ലൂക്കച്ചന്‍ എന്ന പേര് 'തടിയന്' വഴി മാറിയത് വരെ അതിമനോഹരമായ ഫ്രെയിമുകളിലൂടെയും കൃത്യമായി ചെത്തി മിനുക്കിയ സംഭാഷങ്ങളിലൂടെയും  കുറിക്ക് കൊള്ളുന്ന നര്‍മ്മങ്ങളിലൂടെയും കൊണ്ട് പോകുന്നത്  ശ്യാം പുഷ്ക്കരന്റെയും, അഭിലാഷിന്റെയും, ദിലീഷിന്റെയും രചനാ വൈദഗ്ദ്യം തന്നെയാണ്.

ലൂക്കാച്ചന്റെ ബാല്യകാലസഖി ആന്‍ മേരി (ആന്‍ അഗസ്റ്റിന്‍ ) യുടെ തിരിച്ചുവരവ്‌ കഥയ്ക്ക് വഴിത്തിരിവാകുന്നു. തടിയന്റെ പ്രണയം ഹൃദ്യമാക്കിയത് വേണുഗോപാലും ബിജിബാലും ചേര്‍ന്നൊരുക്കിയ "അല്ലാഹ് അല്ലാഹ്" എന്ന ഗാനമാണ്. തുടര്‍ന്ന് വരുന്ന ആന്‍ മേരിയുടെ ചതി, തടിയന്റെ തകര്‍ച്ച, സ്വപ്നവും തിരിച്ചു വരവും, എല്ലാം ചേര്‍ന്ന് കഥയുടെ അവസാനത്തിലേക്ക് അടുക്കുന്നു. മേയര്‍ ഇലക്ഷനില്‍ തടിയന്റെ വിജയം പ്രതീക്ഷിതമെങ്കിലും ഇമോഷണല്‍ ഗ്രാവിറ്റി കൂട്ടുന്നതില്‍ അത് വഹിക്കുന്ന പങ്ക് ഒഴിവാക്കാനാവാത്തതാണ്. (ബ്യൂട്ടിഫുള്ളിന്റെ ക്ലൈമാക്സ് സീന്‍ പോലെ) കായലിലേക്ക് നീണ്ടു പോകുന്ന ബോട്ട് കടവില്‍ നിന്ന് ആന്‍ മേരിക്ക് തടിയന്‍ നല്‍കുന്ന മറുപടി ആസ്വാദകന്  അതിമധുരം സമ്മാനിക്കുന്നതോടെ തടിയനെ ഹൃദയത്തിലൊരിടത്ത് ചേര്‍ത്ത് വെച്ച് പ്രേക്ഷകര്‍ തീയറ്റര്‍ വിടുന്നു.

 ക്ലൈമാക്സിന് തൊട്ട് മുന്‍പ് അനുഭവപ്പെടുന്ന ഒരു ചെറിയ വലിച്ചില്‍ ഒഴികെ ആദ്യാന്തം ഒരു നല്ല റിഥം കാത്തു വെക്കാന്‍ അബുവിന് കഴിഞ്ഞിട്ടുണ്ട്.  പിന്നെ "പിന്തള്ളപ്പെടുന്നവന്റെ വിജയം" എന്ന ഇമോഷണല്‍ ഫോര്‍മുലയെ കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ല. ഇത്തരം ഒരു ത്രെഡ് എടുക്കുമ്പോള്‍ അതൊഴിവാക്കാന്‍ പറ്റാത്ത കാര്യമാണ് എന്നതും സാമാന്യ പ്രേക്ഷകര്‍ അതാഗ്രഹിക്കുന്നു എന്നതും ഇക്കാര്യത്തില്‍ തടിയന് അനുകൂലമാണ്.  ശേഖര്‍ മേനോനും, ശ്രീനാഥ് ഭാസിയും പുതുമുഖങ്ങളുടെ ശങ്ക തെല്ലുമില്ലാതെ വളരെ തന്മയത്വത്തോടെ ലൂക്കാച്ചനെയും സണ്ണിയേയും ഭദ്രമാക്കി പ്രേക്ഷകരിലെത്തിച്ചു. അരുന്ധദി നാദിന്റെ നൈറ്റ് റൈഡറും നിവിന്‍ പോളിയുടെ സുന്ദരവില്ലന്‍ പരിവേഷവും ശ്രീരാമന്റെ കഥാപാത്രവും  സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു. കൊച്ചിയുടെ സ്വാഭാവിക സൌന്ദര്യം ഫ്രെയിമിലാക്കിയ മികച്ച ഛായാഗ്രഹണങ്ങളില്‍ ഒന്ന് ഈ ചിത്രത്തിലൂടെ ഷൈജു ഖാലിദിനും സ്വന്തം.  


തടി, ഇരുണ്ട തൊലി, മുഖക്കുരു, കറുത്ത പാട്, ലൈംഗീക ശേഷി എന്നൊക്കെ പറഞ്ഞ് കോസ്മെറ്റിക് മാര്‍ക്കറ്റ് ശരാശരി മനുഷ്യനില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെ ചോദ്യം ചെയ്യുന്ന ടാ തടിയാ സൗന്ദര്യ സങ്കല്‍പ്പത്തിന്റെ ഫ്രെയിമുകള്‍ മാറ്റി വരക്കാനുള്ള പ്രേരണ കൂടി പ്രേക്ഷകന് നല്‍കുന്നു. നമ്മളെന്തിനു തൊലിയുടെ കറുപ്പിനെ പേടിക്കണം? നമ്മളെന്തിന് തടിയെക്കുറിച്ച് വ്യാകുലപ്പെടണം എന്ന ചോദ്യങ്ങള്‍ തന്നെയാണ് തടിയന്റെ എസന്‍സ്. ആ എസന്‍സ് ഉള്‍ക്കൊണ്ട്‌ കൊണ്ട് ലൂക്കാച്ചന്‍ എന്ന തടിയന്‍ നമ്മളെ  മേഘരൂപാലിംഗനം ചെയ്തു കൊണ്ട് ചോദിക്കുന്നു. "ഞാനിങ്ങനെയാണ്‌ ഭായ്... അതിലെന്താണ് ഭായ്...?"

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

കാണാമല്ലേ?

അജ്ഞാതന്‍ പറഞ്ഞു...

നല്ല അഭിപ്രായം ..

SAJU R thottappally പറഞ്ഞു...

നല്ല പോസ്റ്റ്‌ ..