-->

Followers of this Blog

2014, നവംബർ 11, ചൊവ്വാഴ്ച

ഇയ്യോബിന്‍റെ പുസ്തകം: മൂവി റിവ്യൂ

മികച്ച ഓഡിയോ വിഷ്വല്‍ ട്രീറ്റ് എന്ന് ‘ഇയ്യോബിന്‍റെ പുസ്തകം’ എന്ന് പറയുന്നിടത്തൊക്കെ വായിച്ചിരുന്നു. അതിനേക്കാള്‍ കൂടുതല്‍ എന്തുകൊണ്ടാണ് ഈ ചിത്രത്തെക്കുറിച്ച് ആരും പറയാത്തത് എന്നത് ഈ സിനിമ കണ്ടപ്പോള്‍ മാത്രമാണ് മനസിലായത്. അമല്‍ നീരദിന്‍റെ പുതിയചിത്രം ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് അതില്‍ തീര്‍ത്തും സംശയമില്ല. കടല്‍ കണ്ടുമാത്രം വളര്‍ന്നവന് മലയും, മലകണ്ട് മാത്രം വളര്‍ന്നവന് കടലും ഒരു വിഷ്വല്‍ ട്രീറ്റ് ആണ്. വലിയൊരു കൌതുകം. ആ കൌതുകത്തെ ഫ്രെയിമില്‍ പകര്‍ത്തിയതില്‍ അമല്‍ നീരദ് വിജയിച്ചിരിക്കുന്നു. അതും ഇതുവരെ ആരും കാണാതിരുന്ന ചിലസൌന്ദര്യങ്ങള്‍ കൂടെ ചേര്‍ത്തു വെച്ചിരിക്കുന്നത് കൊണ്ടാണ് നേരത്തെ പറഞ്ഞ ട്രീറ്റ് കണ്ണിന് ആനന്ദകരമാകുന്നത്. പക്ഷെ അതാണോ സിനിമയെന്ന് ചോദിച്ചാല്‍ ആ ചോദ്യത്തിലേക്ക് വരാം. അതിനു മുന്നേ ചില കാര്യങ്ങള്‍ കൂടി പറയട്ടെ.


മൂന്നാറിന്‍റെ കുടിയേറ്റകാലവും അതിന് തൊട്ടുമുന്നേ സായിപ്പ് മലനാടിന്‍റെ തോട്ടങ്ങളില്‍ കാലുറപ്പിച്ച കഥയും പറയുന്ന സിനിമ ഇയ്യോബിന്‍റെയും അയാളുടെ മക്കളുടെയും കൂടെ കഥയാണ്(?). സായിപ്പുമാരും, സായിപ്പ് നാടുവിട്ട ശേഷം സായിപ്പിന്‍റെ കോട്ടെടുത്തിട്ട് സ്വയം സായിപ്പന്മാരായി പ്രഖ്യാപിച്ചവരും, ശിങ്കിടികളും, അവരുടെ നല്ലകാലത്തില്‍ നിന്നുള്ള വീഴ്ചയും, കമ്മ്യൂണിസം കപ്പലിറങ്ങുന്നതും മലകേറി വരുന്നതും, അല്‍പ്പം ചരിത്രവുമൊക്കെ സീക്വന്‍സ് ചെയ്ത് അതിലേക്ക് ഫ്രെയിം വെച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇയ്യോബിന്‍റെ പുസ്തകം. ചിത്രത്തിന് ചേര്‍ന്ന മികച്ച വിഷ്വലുകള്‍ക്കൊപ്പം എടുത്ത് പറയേണ്ട കാര്യമാണ് കഥ പറയുന്ന കാലഘട്ടത്തിനൊപ്പിച്ചുള്ള കഥാപാത്രങ്ങളുടെ രൂപഘടന. തെരഞ്ഞെടുത്തിരിക്കുന്ന ഫ്രെയിമിലെ നിറങ്ങള്‍, വസ്ത്രധാരണം, ഹെയര്‍സ്റ്റൈല്‍ തുടങ്ങി മികച്ച മേക്ക്ഓവറിലൂടെ നടനില്‍ നിന്ന് കഥാപത്രത്തിലേക്കുള്ള ദൂരം ഒട്ടുമില്ലാതെയാകുന്നതില്‍ ചിത്രം അങ്ങേയറ്റം വിജയിച്ചിട്ടുണ്ട്. ലാലും, ഫഹദും, ജയസൂര്യയും, ലെനയും, പത്മപ്രിയയും ഈ മേക്ക്ഓവറിന്‍റെ അഡ്വാന്‍ഡേജ് നന്നായി ഉപയോഗിച്ചിട്ടുമുണ്ട്. പ്രത്യേകിച്ച് പത്മപ്രിയയുടെ കഥാപാത്രം. ഒരു ഡയലോഗ് പോലുമില്ലെങ്കില്‍ പോലും ആ കഥാപാത്രത്തിന്‍റെ പ്രസന്‍സ് പത്മപ്രിയയുടെ മികച്ച പ്രകടനത്തിലൂടെ സിനിമയില്‍ ചേര്‍ന്നു കിടക്കുമായിരുന്നു. ജയസൂര്യയുടെ സ്ലോ പോയിസന്‍ വില്ലനും ഫഹദില്‍ ഈ സിനിമയില്‍ നാം കാണുന്ന മാന്‍ലിനെസിന്‍റെ ഉയര്‍ന്ന ഡിഗ്രിയും എല്ലാം ഈ മേയ്ക്ക് ഓവറിന്‍റെ ബലത്തിലാണ്. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന വാഹനങ്ങള്‍, കെട്ടിടങ്ങള്‍, മറ്റ് പ്രോപ്പര്‍ട്ടികള്‍ ഒക്കെ അങ്ങേയറ്റം സൂഷ്മത കാത്തുപാലിച്ചിട്ടുണ്ട്. ഒരൊ സീനിന്‍റെയും ഫീല്‍ അതെ പോലെ പ്രേക്ഷകനിലേക്ക് പകരുന്ന വിധം ബാക്ക്ഗ്രൗണ്ട് സ്കോര്‍ വളരെ നന്നായി ചെയ്തിട്ടുണ്ട്. ഇതെല്ലാം ചേര്‍ന്നാല്‍ നല്ല സിനിമയുണ്ടാകും... ഉണ്ടാകേണ്ടതാണ്... ഒരു നല്ല കഥകൂടെയുണ്ടെങ്കില്‍...

മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ മികച്ച വിഷ്വല്‍, മ്യൂസിക്, കഥാപാത്രങ്ങള്‍, പശ്ചാത്തലം, പ്രോപ്പര്‍ട്ടീസ്, കുറച്ച് ലോകരാഷ്ടീയവും ചരിത്രവും, ഒരു നാടിന്‍റെ എന്തൊക്കെയൊ ചില ഫീല്‍സ്... ഇതൊക്കെ കൂട്ടി വെച്ചിട്ടും പറയാന്‍ കൊള്ളാവുന്ന കഥയില്ലാതെ പോയ ഒരു ചിത്രം. ഫഹദ് അവതരിപ്പിച്ച അലോഷിയെ തല്ലി കൊക്കയിലേക്ക് എറിയുന്നതോടെ ഇയ്യോബിന്‍റെ പുസ്തകവും കൊക്കയിലേക്ക് വീണു പോകുന്നു. പിന്നെ കൊക്കയില്‍ നിന്ന് കേറി വരുന്നത് ബിഗ്‌ബിയാണോ, സാഗര്‍ അലിയാസ് ജാക്കിയാണോ, ഏതെങ്കിലും ഹോളിവുഡ് പടമാണോ എന്ന് പറയാന്‍ അമല്‍നീരദിനോ തിരക്കഥാകാരന്‍ ശ്യാം പുഷ്കരനോ പോലും കഴിയില്ല. അതിനിടയില്‍ ഐറ്റം നമ്പറുമായി അമലാപോള്‍ വന്നത് ഏതോ തമിഴ്പടത്തില്‍ നിന്ന് ഇറങ്ങി ചാന്‍സ് ചോദിച്ചു വന്ന് ഡാന്‍സ് ചെയ്തത് പോലെ തോന്നുന്നു. പിന്നെയങ്ങോട്ട് ഇടി, വെടി, പുക, മണം മാത്രം. എന്തിനാ ഇവിടെ എല്ലാവരും പടക്കം പൊട്ടിക്കുന്നെ? ഇവിടെന്താ വിഷുവാ എന്നൊക്കെ പ്രേക്ഷകന്‍ ചോദിച്ചു പോയെങ്കില്‍ അത് കഥപറയുന്ന ആള് (ടി ജി രവിയുടെ കഥാപാത്രം) ക്ലൈമാക്സിന് നല്‍കുന്ന വിശേഷണം “മൂന്നാറിന്‍റെ വടക്കന്‍പാട്ട്” അതിന്‍റെ ദോഷമല്ല. അത് അങ്ങിനെയൊരു പാട്ട് പാടേണ്ട വിധത്തില്‍ പാടാതിരുന്നതിന്‍റെ പ്രശ്നമാണ്.

ഗുരുവായ രാം ഗോപാല്‍ വര്‍മ്മയുടെ ഡി കമ്പനി വയലന്‍സില്‍ നിന്നും അമല്‍ നീരദ് ഇനിയും മോചിതനല്ല. അതിലേക്ക് കുറച്ച് കമ്യൂണിസവും, ചരിത്രവും, നാടന്‍ പ്രയോഗങ്ങളും ഉപയോഗിച്ചാല്‍ കൊള്ളാവുന്ന കഥയുള്ള ഒരു സിനിമയും ഉണ്ടാകില്ല. അത് ആദ്യം പറഞ്ഞത് പോലെയുള്ള വിഷ്വല്‍ ട്രീറ്റ് മാത്രമേ ആകുന്നുള്ളൂ. ഒരു നല്ല ഡിന്നര്‍ കഴിച്ചിട്ട് ടോയിലെറ്റില്‍ പോകുന്നത് വരെ മാത്രം നിലനില്‍ക്കുന്ന ഒരു സുഖം. അതിനപ്പുറം പോകാന്‍ ഇയ്യോബിന്‍റെ പുസ്തകത്തിന്‌ കഴിയുന്നില്ല. ഒരുപക്ഷെ ഹൈറേഞ്ചിലിരുന്ന്‍ സിനിമകാണുന്ന ഒരാള്‍ക്ക് ഈ സിനിമയുടെ കഥയില്‍ എന്തെങ്കിലുമൊക്കെ ഇഷ്ടപ്പെടും എന്ന് തോന്നുന്നു. കടല്‍ത്തീരത്ത് നിന്ന് സിനിമ കാണുന്നവന് ഈ കഥ ഒരു ‘മാഴ്സ് അറ്റാക്ക്’ പോലെ അപരിചിതമായ എന്തോ ഒന്നാണ്. ഒരുപക്ഷെ അങ്ങിനെയൊരു ഹൈറേഞ്ച്കാരന്‍റെ മനസ് കടമെടുക്കാന്‍ കഴിയാത്തത് പ്രേക്ഷകന്‍ എന്ന നിലയില്‍ എന്‍റെ പരാജയമാകാം. ആ പരാജയത്തില്‍ നിന്ന് പ്രേക്ഷകനെ കരകേറ്റി വിടാന്‍ കഴിയാത്തത് ഈ സിനിമയുടെ പരാജയവും. അങ്ങിനെ പ്രേക്ഷകനും സിനിമയും ഒരുപോലെ പരാജയപ്പെടുന്നിടത്ത് വീണ്ടും രാഷ്ട്രീയം തിരുകിക്കയറ്റാന്‍ ശ്രമിച്ച് സിനിമ അവസാനിക്കുന്നു. അങ്ങിനെ ഇയ്യോബിന്‍റെ പുസ്തകത്തില്‍ തുടങ്ങുന്ന സിനിമ അവസാനിക്കുമ്പോള്‍ സിനിമയുടെ പേര് 'തോക്കുകള്‍ കഥ പറയുന്നു" എന്നാകുന്നു. സത്യത്തില്‍ ശരിക്കുള്ള ഇയ്യോബിന്‍റെ പുസ്തകം ഇപ്പോഴും ആരാലും വായിക്കപ്പെടാതെ ആ കൊക്കയില്‍ എവിടെയോ വീണു കിടപ്പുണ്ടെന്നാണ് സിനിമ കണ്ടിറങ്ങിയ ശേഷവും ഇപ്പോഴും എന്‍റെ വിശ്വാസം.

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

റിവ്യൂ പലതരത്തില്‍ വരുന്നു. കാണട്ടെ, എന്തായാലും.

ശ്രീ പറഞ്ഞു...

ഈ പടത്തെ പറ്റി വായിച്ച്യ റിവ്യൂ കളില്‍ ഏറ്റവും ഇഷ്ട്യപ്പെട്ടത്...
:)

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

പടം കാണാതെ അഭിപ്രായം പറയാൻ വയ്യല്ലോ....