-->

Followers of this Blog

2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

വെള്ളി മൂങ്ങ: മൂവി റിവ്യൂ

കാഴ്ചയിലും കേള്‍വിയിലും അസാമാന്യശക്തിയുള്ള പക്ഷിയാണ് വെള്ളിമൂങ്ങയെങ്കില്‍ ജിബുജേക്കബിന്‍റെ ‘മാമച്ചന്‍ വെള്ളിമൂങ്ങ’ (ബിജുമേനോന്‍) ഈ രണ്ടു കാര്യത്തിലും ഒരുപടി കൂടി മുന്നിലാണ്. കാണുന്നതിലും കേള്‍ക്കുന്നതിലും മാത്രമല്ല കാണാനിരിക്കുന്നത് കാണാനും കേള്‍ക്കാനിരിക്കുന്നത് കേള്‍ക്കാനും കഴിവുള്ള മാമച്ചന് വെള്ളിമൂങ്ങ എന്ന പേര് തത്വത്തിലും പ്രവര്‍ത്തിയിലും യോജിക്കുന്നു. വെള്ളിമൂങ്ങ: മുന്‍വിധികളില്ലാതെ ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം.


സംവിധായകനും തിരക്കഥാകൃത്തിനും ആവശ്യം വേണ്ടാത്തത് വിവരവും ലോജിക്കുമാണെന്ന മട്ടില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ (ഏറ്റവും അടുത്ത ഉദാഹരണം: പെരുച്ചാഴി) പ്രേക്ഷകരെ മണ്ടന്‍മാരാക്കി കൊണ്ടിരിക്കുമ്പോള്‍ ഒറ്റചിന്തയില്‍ അവിശ്വസനീയം എന്നു തോന്നുന്ന കാര്യം വലിയ ദഹനക്കേടൊന്നുമില്ലാതെ ലോജിക്കിലേക്ക് കൊണ്ടുവരാന്‍ വെള്ളിമൂങ്ങയ്ക്ക് കഴിഞ്ഞിരിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. തൊഴുത്തില്‍കുത്തും പിന്നില്‍ നിന്ന് കുത്തും കുലംകുത്തും സമൃദ്ധമായി വാഴുന്ന കേരളരാഷ്ട്രീയത്തില്‍ ഒരീര്‍ക്കിലി പാര്‍ട്ടിയുടെ നേതാവ് എങ്ങിനെയിത്തരം കാര്യങ്ങള്‍ക്ക് ഒരു മുഴം മുന്നേ വടിയെറിയണം എന്ന് കൂടി ചിത്രം പഠിപ്പിക്കുന്നു.

ആദ്യപകുതിവരെ ചിത്രം സമനിലയിലാണ്. NO LOSS NO GAIN. വലിയ കുഴപ്പമില്ലാത്ത തമാശകള്‍ ഇടക്ക് വീണു കിട്ടുന്നത് ആസ്വദിക്കാമെങ്കിലും ഇന്‍റര്‍വെല്‍ കാര്‍ഡ് കാണിക്കുമ്പോള്‍ അറിയാതെ പ്രേക്ഷകന്‍ “നിക്കണോ അതോ പോണോ” എന്ന്‍ ചോദിച്ചു പോകും. രണ്ടാം പകുതിയിലാണ് വെള്ളിമൂങ്ങയുടെ ആത്മാവ്. ആദ്യപകുതി ആ ആത്മാവിലേക്കുള്ള അല്പം വിരസമായ വഴിയും. വളരെ യാദൃശ്ചികമായി രാഷ്ട്രീയത്തില്‍ എത്തിപ്പെടുന്നയാളാണ് ബിജുമേനോന്‍ അവതരിപ്പിക്കുന്ന മാമച്ചന്‍. അച്ഛന്‍ തികഞ്ഞ ഗാന്ധിയന്‍ ആയിരുന്നെങ്കിലും ആ ആദര്‍ശങ്ങളൊന്നും മാമച്ചന് കിട്ടിയിട്ടില്ല എന്നാണ് മാമച്ചന്‍റെ അമ്മ (കെപിഎസി ലളിത) യുടെയും അവതാരകന്‍റെയും (ലാല്‍ ജോസ്) വാക്കുകളില്‍ നിന്ന്‍ മനസിലാവുന്നത്. എങ്കിലും ബിജുമേനോനെരാഷ്ട്രീയത്തിലേക്ക് വലിച്ചിടുന്നത് അച്ഛന്‍റെ “ഖദര്‍” ആണ്. അതില്‍ തെളിയാതെ തെളിഞ്ഞു കിടക്കുന്ന ഒരു പൊളിറ്റിക്സ് ഉണ്ട്. ഖദറിന്‍റെ ആദര്‍ശങ്ങളല്ല മറിച്ച് അതിന്‍റെ വെള്ള നിറമാണ് നാട്ടില്‍ ഒരു പൊതുപ്രവര്‍ത്തകന് ആവശ്യമെന്ന സുന്ദരമായ 'പ്രായോഗിക രാഷ്ട്രീയ' തത്വം. എന്നതായാലും അവതാരകന്‍റെ വാക്കുകള്‍ കടമെടുത്താല്‍ മാമച്ചന്‍ എടുത്തിട്ട “ഈ ഖദറിന്‍റെ കഥ”യാണ് വെള്ളിമൂങ്ങ.

നാട്ടുനടപ്പ് വെച്ച് നോക്കുമ്പോള്‍ ഏജ് ഓവറായി നില്‍ക്കുന്ന മാമച്ചന്‍ തന്‍റെ വാമഭാഗത്തെ കണ്ടെത്തുന്ന സാഹചര്യവും അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഫ്ലാഷ്ബാക്കും ചിരിക്കുള്ള വകയാണ്. നേരത്തെ പറഞ്ഞത് പോലെ രണ്ടാം പകുതിയിലാണ് ചിത്രത്തിന് ഇത്തിരി ശുദ്ധവായു കിട്ടുന്നത്. പിന്നീടങ്ങോട്ട് പടത്തിന് നല്ല മൂവ്മെന്‍റ് ഉണ്ട്. കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന്‍റെ നെറികേടുകള്‍ക്ക് ഒരു പോസിറ്റീവ് തലം കൊടുക്കുന്നതോടെ മാമച്ചനിലെ വെള്ളിമൂങ്ങ അതിന്‍റെ വിശ്വരൂപത്തിലെത്തുന്നു. അത് തന്നെയാണ് ചിത്രത്തിന്‍റെ സസ്പെന്‍സും.

മാമച്ചനായി ബിജുമേനോന്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നു. അജു വര്‍ഗീസും ഇഞ്ചോടിഞ്ച് പിടിച്ച് കൂടെയുണ്ട്. ക്യാരക്ടര്‍ റോളുകള്‍ കൈകാര്യം ചെയ്തവരില്‍ ടൈപ് കഥാപാത്രങ്ങള്‍ ഇല്ലായെന്നത് ആശ്വാസകരം. വോഡാഫോണ്‍ കോമഡി ഫെയിം ചെക്കനും (പ്രസിഡണ്ടിന്‍റെ ഭര്‍ത്താവ്) കലക്കുന്നുണ്ട്. ആസിഫ്അലിയുടെ കാമിയോ നന്നായി. ട്വിസ്റ്റില്‍ താനാരെന്ന വെളിപ്പെടുത്തല്‍ അല്പം പാളിയെങ്കിലും ആസിഫിന് വലിയ പരുക്ക് പറ്റിയിട്ടില്ല. നായികയായി അഭിനയിച്ച നിക്കി ഗാല്‍രാനിയെ ഇടക്കിടെ ഷോക്കടിപ്പിക്കുന്നത് നല്ലതാണ്. അങ്ങിനെയെങ്കിലും കുറച്ച് ഭാവം ആ മുഖത്ത് വരുന്നെങ്കില്‍ ഷോക്ക്‌ നല്ലതല്ലേ. പുള്ളിക്കാരിക്ക് ഏതെങ്കിലും സില്‍ക്സിന്‍റെ സാരിയുടുത്ത് റാംപ് വാക്കോ ഏഞ്ചല്‍ മൂവോ നടത്താമെന്നല്ലാതെ അല്‍പം ‘നവരസം’ വേണ്ടി വരുന്ന സീനുകള്‍ എടുത്താല്‍ പൊങ്ങുമെന്ന് തോന്നുന്നില്ല.

ഉള്ള തമാശകള്‍ നിലവാരമുള്ളതാണ്. കുടുംബത്തോടൊപ്പം കണ്ടിരുന്ന്‍ ആസ്വദിക്കാവുന്നതും. ഗാനങ്ങളില്‍ കൊള്ളാവുന്നത് ടൈറ്റില്‍ സോങ്ങ് മാത്രമാണ്. അതൊഴികെ ബിജിബാലിന്‍റെ സംഗീതം പോരാ. ജോജിതോമസിന്‍റെ രചന ഈ ചിത്രത്തിനാവശ്യമായ കേട്ടുറപ്പ് നല്‍കുന്നുണ്ട്. വിഷ്ണു നാരായണന്‍റെ ക്യാമറയില്‍ ഗ്രാമീണതയും ഇടക്ക് മാത്രം കേറിവരുന്ന നാഗരീകതയും പശ്ചാത്തലഭംഗിയും ഒരുപോലെ ഭദ്രം. സംവിധായകന്‍ എന്ന നിലയില്‍ ജിബുജേക്കബിന് ഈ ചിത്രം ആശ്വാസകരമാണ്. ഒരു മുഴുനീള എന്റര്‍ടെയിനര്‍ ചിത്രമല്ലെങ്കിലും വലിയ നിരാശയില്ലാതെ കണ്ടുപോരാവുന്ന ചിത്രമാണ്‌ വെള്ളിമൂങ്ങ. അതോടൊപ്പം മികച്ച പൊളിറ്റിക്കല്‍ സറ്റയറും.

അഭിപ്രായങ്ങളൊന്നുമില്ല: