-->

Followers of this Blog

2014, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

ഉല്‍പ്പന്‍റെ രാഷ്ട്രീയ പ്രവേശനം: As per Planning


ഈ കഥയില്‍ ഉല്‍പ്പന് സഹനടന്‍റെ റോള്‍ മാത്രമേയുള്ളൂ, കാരണം മെയിന്‍ നടന്‍ നുമ്മട മാഷാണ്. മാഷ്‌ എന്ന് വെച്ചാൽ പ്രദേശത്തെ കാണ്‍ഗ്രസ് പ്രസ്ഥാനം തന്നെയായിരുന്നു, അഥവാ മാഷില്ലെങ്കിൽ സാക്ഷാൽ ഒടയതമ്പുരാൻ ഇറങ്ങി വന്ന് നേരിട്ട് ഇടയലേഖനമിറക്കിയാല്‍ പോലും കരക്കാര് കൈപ്പത്തിയിൽ കുത്തില്ല. ആ ലെവലിൽ ഒരു ‘നരസിംഗം മോഡൽ പ്രസ്ഥാനം’ തന്നെയായിരുന്നു മാഷ്‌ എന്ന് വേണേൽ പറയാം. മാഷ്‌ എന്നൊക്കെ പറയുമ്പോള്‍ സത്യത്തിൽ പുള്ളിക്കാരൻ അംഗനവാടിയിൽ പോലും രണ്ടക്ഷരം പഠിപ്പിക്കാൻ പോയിട്ടില്ല. എങ്കിലും മഹാമനസ്കരായ കരക്കാർ അങ്ങേരെ മാഷേന്ന് വിളിച്ചു.
പുള്ളിക്കാരന്‍റെ വൈഫി ശ്രീമതി കുഞ്ഞന്ന ടീച്ചർ കരക്കാരുടെ മക്കൾ പഠിക്കുന്ന ദൈവ സഹായം ഗവണ്‍മെന്റ് സ്കൂളിൽ, ഐ മീൻ, ദൈവസഹായം കൊണ്ടു മാത്രം കർക്കിടകകോളിന് ഇടിഞ്ഞു പൊളിഞ്ഞു വീഴാതെ നിൽക്കുന്ന സ്കൂളിൽ ബേസിക് 'തറ' 'പറ' 'പന' ഒക്കെ പഠിപ്പിക്കുന്നുണ്ട്. ആ വശം വെച്ച് "കുഞ്ഞന്നയെ ‘ടീച്ചറേന്നും’ കെട്ടിയോനെ ‘എടോ പോടോ’ എന്നും വിളിക്കുന്നത് എങ്ങിനാ" എന്ന വൈക്ലബ്യത്തിൽ നിന്നാണ് കരക്കാർ മഹാമനസ്കരായി തീർന്നതും പുള്ളിക്കാരനെ മാഷേന്നു വിളിച്ചതും.

സംഗതി ഇതൊക്കെയാണെങ്കിലും മാഷ്ക്ക് ഒരു തീരാദുഃഖമുണ്ട്. അതും പ്രായത്തില്‍ അർദ്ധ സെഞ്ച്വറി കഴിഞ്ഞുനിൽക്കുന്ന ഒരു ഘോര ഘോര ദുഃഖം. ആറാമത്തെ വയസിൽ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടിയെടുത്തയാളാണ് മാഷ്‌. ആ പ്രായത്തിൽ എന്തിനാണ് പുള്ളി കൊടിയെടുത്തത് എന്ന കാര്യത്തിൽ നാളിതുവരെ ഒരു വിശദീകരണവും നല്‍കിയിട്ടില്ല. അത്തരം വിശദീകരണ സാഹചര്യങ്ങള്‍ വരുമ്പോള്‍ ഒരു രാഷ്ട്രീയ തന്ത്രമെന്ന നിലയില്‍ ‘ശാരീരികാസ്വാസ്ഥ്യം’ മൂലം വിട്ടു നില്‍ക്കാറാണ് മാഷിന്‍റെ സ്ഥിരം പരിപാടി. എന്നതായാലും മാഷ്ക്ക് വയസ് ഈ ചിങ്ങത്തിൽ 59 തികയും. കുഞ്ഞന്ന ടീച്ചറാണേൽ അടുത്ത പത്തു വർഷത്തെ ചിങ്ങങ്ങളിൽ വയസ് 35 പോലും കടക്കുന്ന കാര്യം സമ്മതിച്ചു തരുന്ന ലക്ഷണമില്ല. പക്ഷെ അതല്ല മാഷിന്‍റെ ദുഃഖം. "ഇത്രയും വർഷമായി ഈ കൊടിയും താങ്ങിപ്പിടിച്ച് തെക്ക് വടക്ക് നടക്കുന്നു, യെന്നിട്ടും ഒരു വാർഡ്‌ മെമ്പര്‍ പോലുമാകാൻ തനിക്ക് കഴിഞ്ഞിട്ടില്ല". കേരളരാഷ്ട്രീയ ഭൂപടത്തിൽ ഈ കര ഉൾക്കൊള്ളുന്ന വാർഡ്‌ ഒരു മാതിരി ഞെട്ടില്ലാ വട്ടയിലാ പപ്പടവട്ടമാണേലും പ്രസ്തുത വട്ടത്തിൽ രാഷ്ട്രീയ ദ്രോണാചാര്യരാണ് മാഷ്‌. അങ്ങിനെയുള്ള മാഷ്‌ ഈ കാലഘട്ടത്തിനുള്ളിൽ മിനിമം കരയുടെ മുഖ്യമന്ത്രിയെങ്കിലുമാവേണ്ടതാണ്. ബട്ട്‌ നോ ടിക്കറ്റ്... പാർട്ടി ടിക്കറ്റ് ഇത് വരെ നഹി മിലാ...

കഴിഞ്ഞ തവണ അറ്റപ്പറ്റെ സംഗതി ഒത്തു വന്നതാ. അപ്പോഴാ ബ്ലഡി സഫാരീസ് സര്‍ക്കാര്‍ മാഷിന്‍റെ വാർഡിനെ വനിതാ സംവരണ വാർഡാക്കി പ്രഖ്യാപിച്ചു കളഞ്ഞത്. എന്നാലും മാഷിനെ ഭാഗ്യം അങ്ങിനെ കൈവിട്ട് കളഞ്ഞില്ല. പുതിയ വിഭജനത്തിന്‍റെ അടിസ്ഥാനത്തിൽ പുള്ളിക്കാരന്‍ ഉള്‍പ്പെടുന്ന പ്രദേശം സ്വയംപര്യാപ്ത വാർഡായി. എന്ന് മാത്രമല്ല ഇത്തവണ ദിസ്‌ വാര്‍ഡ്‌ ഈസ്‌ നോ മോർ വനിതാ സംവരണം. സംഗതി അറിഞ്ഞയുടനെ മാഷ്‌ മനസ്സിൽ ഫ്രീയായി അഞ്ചെട്ടു ലഡ്ഡു പൊട്ടിച്ചു; കൂടെ കളർഫുൾ ആക്കാൻ അഞ്ചാറു കുപ്പി കൂടെ പൊട്ടിച്ചു. അങ്ങിനെ പൊട്ടിച്ച വകയില്‍ ആറാമത്തെ കുപ്പിയിലെ അവസാന തുള്ളി ഊറ്റികുടിക്കുന്ന ഉല്‍പ്പനെ നോക്കി മാഷ്‌ പ്രഖ്യാപിച്ചു. "അപ്പൊ! ഉല്‍പ്പനാണ് ഈ വാര്‍ഡില്‍ പാർട്ടിയുടെ യൂത്ത് വിംഗ് പ്രസിഡണ്ട്." ദതായിരുന്നു പാര്‍ട്ടിയുടെ യൂത്ത് വിംഗിന്‍റെ ഫസ്റ്റ് മീറ്റിംഗും ഉല്‍പ്പന്‍റെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനവും . ഉല്‍പ്പന്‍റെ ഒരു ജനസമ്മതിയൊക്കെ വെച്ച് നോക്കുമ്പോള്‍ വരുന്ന ഇലക്ഷനിൽ വാര്‍ഡ്‌ പിടിക്കാനുള്ള മാഷിന്‍റെ ‘തുറുപ്പുഗുല്‍പ്പന്‍’. പിന്നീടങ്ങോട്ട്
വിംഗിന്‍റെ മീറ്റിങ്ങോടു മീറ്റിംഗ്. അങ്ങിനെ മീറ്റിംഗ് കൂടി കൂടി മാഷിന്‍റെ പറമ്പിന്‍റെ ഒരു മൂലയിൽ ഉയർന്നു വന്ന ത്രിഗുണൻ കുപ്പികളുടെ കൂനക്കൊപ്പം ഉല്‍പ്പനും യൂത്തന്മാരും മാഷിന്‍റെ കീഴിൽ വളർന്നുവന്നു. കുപ്പികളുടെ എണ്ണത്തിന്‍റെയും, അച്ചാറും സോഡയും വാങ്ങിയ വകയില്‍ പെട്ടിക്കടയിലെ പറ്റിന്‍റെയും കണക്ക് നോക്കുമ്പോള്‍ വാര്‍ഡില്‍ മാഷ്‌ ജയിച്ച പോലെയായി.
അങ്ങിനെ ആ സുദിനം വന്നു. ഐ മീൻ വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയം. മാഷ്‌ മീറ്റിംഗ് നടക്കുന്ന മുറിയുടെ ഒരു സ്കെച്ച് വരച്ച്‌ മേശപ്പുറത്ത് നിവർത്തി വെച്ചു. വൻ ഓപ്പറേഷനാണ് ഇനി നടക്കാൻ പോകുന്നത്. അതിന്‍റെ പ്ലാനിംഗ് ആണ് മാഷ്‌ മേശപ്പുറത്ത് നിവര്‍ത്തി വെച്ചിരിക്കുന്നത്.

"ഞാൻ ദാ ഈ മൂലക്ക് ഒന്നും അറിയാത്തവനെ പോലെ ഇരിക്കും. ഉല്‍പ്പന്‍ ഈ ഫ്രണ്ട് ബെഞ്ചിൽ ഇരിക്കണം. മണ്ഡലം പ്രസിഡണ്ട് ഏകദേശം ദീ ഭാഗത്തായിരിക്കും ഇരിക്കുന്നത്. പുള്ളിക്കാരൻ എഴുന്നേറ്റ് നമ്മുടെ വാർഡിൽ ആരെ വേണം എന്ന് ചോദിക്കും. സ്റ്റെപ്പ് നമ്പര്‍ വണ്‍: ഉല്‍പ്പന്‍ ചാടിയെണീറ്റ് എന്‍റെ പേര് പറയണം. സ്റ്റെപ്പ് നമ്പര്‍ 2: ഉല്‍പ്പന്‍റെ പിന്നാലെ നിങ്ങളിൽ ആരേലും എണീറ്റ് ഒരു കാര്യോമില്ലാതെ എന്നെ പിന്താങ്ങണം.”

“അതെങ്ങിനാ മാഷേ ഈ പിന്താങ്ങല്‍?”

“ചുമ്മാ എണീറ്റ് നിന്ന് ‘അത് ഞാന്‍ പിന്താങ്ങുന്നു’ എന്ന് പറഞ്ഞാ മതിയെടെയ്. ദാറ്റ്സ് ഓൾ... സ്റ്റെപ്പ് നമ്പര്‍ 3: ബാക്കിയെല്ലാവരും ചേര്‍ന്ന്‍ കൈയടിച്ചു അതങ്ങ് പാസാക്കണം. ഫൈനല്‍ സ്റ്റെപ്പ്: നിങ്ങൾ എന്‍റെ പേര് ചേർത്ത് ജയ്‌ വിളിച്ച് എന്നെ പൊക്കി മുറിയുടെ ദീ കാണുന്ന വാതിലിലൂടെ പുറത്തേക്കു കൊണ്ടു പോണം. ഇത്രേം മതി ബാക്കി ഞാനേറ്റു."

സംഗതി ഫുൾ പ്ലാൻഡ്... മാഷ് സ്കെച്ച് മടക്കി കക്ഷത്തില്‍ വെച്ച് "ചലോ ദില്ലി"യടിച്ചു മുന്നേ നടന്നു. പിന്നാലെ ഫുൾ യൂത്തൻസ്. ഇടയ്ക്കിടെ ഒരൊ സ്റ്റെപ്സും ഉല്‍പ്പനേം ടീമിനേം വീണ്ടും വീണ്ടും പറഞ്ഞ് പഠിപ്പിച്ചു. സംഗതി മീറ്റിംഗ് നടക്കുന്ന മുറിയിലെത്തി. മാഷ്‌ മറ്റൊന്നും നോക്കിയില്ല. ഫുൾ കോണ്‍ഫിഡൻസിൽ സ്കെച്ചിൽ പറഞ്ഞപ്രകാരമുള്ള മൂലക്ക് ചെന്നിരുന്നു. ഉള്‍പ്പന്‍ ഫ്രണ്ട് ബെഞ്ചിൽ. എല്ലാം മാഷ്‌ സ്കെച്ചില്‍ പറഞ്ഞ പോലെ തന്നെ. മണ്ഡലം പ്രസിഡണ്ട് എഴുന്നേറ്റു. "അപ്പോൾ നമ്മുടെ വാർഡിലേക്ക് ആരെ നിർത്തണം" എന്ന ചോദ്യം ഇപ്പം വരുമെന്ന് മാഷ്‌ ഉല്‍പ്പന് സിഗ്നൽ കൊടുത്തു. ഉല്‍പ്പന്‍ ചാടിയെണീക്കാൻ റെഡിയായി... റെഡി.. വണ്‍ ...

ബട്ട് സംഗതികള്‍ മാറി മറിഞ്ഞു. ഡല്‍ഹില്‍ നിന്നുള്ള യുവാവ്ജിയുടെ പുതിയ നയം വ്യക്തമാക്കിയ ശേഷം പ്രസിഡണ്ട് പറഞ്ഞു "അങ്ങിനെ വരുമ്പോള്‍ ഇത്തവണത്തെ ഇലക്ഷന് നമ്മുടെ വാർഡിലേക്ക് ഞാൻ ഉല്‍പ്പനെ നിർദേശിക്കുന്നു." പ്രസിഡണ്ട് പറഞ്ഞത് എന്താണെന്ന് പോലും കേൾക്കാതെ പ്ലാനനുസരിച്ച് മാഷിന്‍റെ പേര് പറയാൻ ഉല്‍പ്പന്‍ ചാടിയെണീറ്റു. ഗംബ്ലീറ്റ് മിസ്‌അണ്ടര്‍സ്റ്റാണ്ടിംഗ്. ഉല്‍പ്പന്‍ എഴുന്നേറ്റ് നിന്നതോടെ മണ്ഡലം ജി പിന്നെ ഒന്നും ആലോചിച്ചില്ല. “അപ്പൊ ഉല്‍പ്പന്‍ ഏഴുന്നേറ്റ് നിന്ന് സമ്മതമറിയിച്ച സ്ഥിതിക്ക് ഉല്‍പ്പന്‍ തന്നെ നമ്മുടെ സ്ഥാനാര്‍ത്ഥി” പ്രസിഡണ്ട് പ്രഖ്യാപിച്ചു. ഉല്‍പ്പന്‍ ചാടിയെണീറ്റതോടെ, പ്ലാനിലെ സ്റ്റെപ്പ് നമ്പര്‍ 2: പിറകിലിരുന്ന ഒരുത്തന്‍ ചാടിയെണീറ്റ് ഒന്നും നോക്കാതെ തട്ടിവിട്ടു “ലത് ഞാന്‍ പിന്താങ്ങുന്നു”. സംഗതി ഇത്രയുമായതോടെ സ്റ്റെപ്പ് നമ്പര്‍ 3: എല്ലാവരും എണീറ്റ് കയടിച്ചു. സംഗതിയെല്ലാം ആസ് പെര്‍ പ്ലാനിംഗ്, എല്ലാം ഒക്കെയല്ലേ മാഷെന്ന് പറഞ്ഞു ഉല്‍പ്പന്‍ മാഷിരുന്ന മൂലയിലേക്ക് നോക്കി. വാട്ട്!!! മാഷും ഇരുന്ന കസേരയും ടോട്ടലി മിസ്സിംഗ്‌. ഒന്ന് കൂടി കണ്ണുതിരുമി നോക്കിയപ്പോ ആണ്ടെ കിടക്കുന്നു... മാഷ്‌ റിവേഴ്സ് ഗിയറില്‍ ബോധരഹിതനായി മലര്‍ന്നടിച്ച് നിലത്ത് വിത്ത്‌ കസേര. നൌ ഇറ്റീസ് ദ ടൈം ഫോര്‍ ദി ഫൈനല്‍ സ്റ്റെപ്പ്. ബോധം പോയ മാഷിനെ പൊക്കിയെടുത്ത് സ്കെച്ചില്‍ കാണിച്ച ഡോറിലൂടെ ഉല്‍പ്പനും ടീമും പുറത്തേക്ക്. പോകുന്ന വഴി വാതിലനടുത്തെത്തിയപ്പോള്‍ ഡോറില്‍ നോക്കി ഉല്‍പ്പന്‍ അനുയായികളോട് പറഞ്ഞു. “നുമ്മട മാഷിന സമ്മതിക്കണം, എന്താ പ്ലാനിംഗ്... സംഗതികള്‍ ഡോര്‍ വരെ കടുകിട കറകറക്റ്റ്.”

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഓരോ മഹാന്മാരുടെ ഉയര്‍ച്ചക്ക് പിന്നിലും ഇതുപോലെ ചില മാഷുമാരുണ്ടാവും.

(എന്നിട്ട് ഉല്‍പന്‍ ജയിച്ചോ?!)

ബഷീർ പറഞ്ഞു...

ഇങ്ങിനെയാണല്ലേ നേതാക്കൾ ഉണ്ടാകുന്നത് :) കൊള്ളാം

Unknown പറഞ്ഞു...

Thank you Ajith & Basheer