-->

Followers of this Blog

2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

എന്താ എന്‍റെ പേര്? (ഉല്‍പ്പന്‍ @ പോലീസ് സ്റ്റേഷന്‍)

ക്രിക്കറ്റ് എന്ന് പറയുമ്പോള്‍ പി എസ് സി റാങ്ക് ഗൈഡ് വെച്ചു നോക്കിയാല്‍ ഇന്ത്യയുടെ ദേശീയ ഗെയിം അല്ലെങ്കിലും സംഗതി പ്രചാരത്തില്‍ ആ ലെവലിലാണ്. എന്ന് മാത്രമല്ല സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ മഹാന്‍ ഒരു മാതിരി ട്വന്‍റി-ട്വന്‍റിയില്‍ സിക്സ് അടിച്ചു കൂട്ടുന്നത് പോലെ സെഞ്ചുറി അടിച്ചു കൂട്ടുന്ന കാലവും. പിന്നെ മൂന്നും ഒന്നും നാല് വടി കുത്തി നിര്‍ത്താന്‍ വേണ്ട സ്ഥലം മാത്രം മതി, അതിര് വേലി, കോമ്പൌണ്ട് വാള്‍, പഞ്ചായത്ത് വഴി, കുറ്റിക്കാട് എന്ന് വേണ്ട ഒരു മാതിരി തിരിച്ചറിയാന്‍ പറ്റുന്ന അടയാളങ്ങളൊക്കെ ബൌണ്ടറിയായി മാര്‍ക്ക് ചെയ്ത് കളി തുടങ്ങാന്‍. ഇതൊക്കെ ഒത്തു വന്നിരുന്ന ഒരു കാലം. 


രണ്ടു വശവും വീടുകളും അതിന്‍റെ മതിലും, ഒരു വശം പഞ്ചായത്ത് റോഡും, മറ്റൊരു വശം പിച്ചകക്കാടും ബൌണ്ടറിയടിച്ച അഞ്ച് സെന്റ്‌ നാല് ലിങ്ക്സ് പറമ്പായിരുന്നു ഞങ്ങളുടെ ലോര്‍ഡ്സ്. ഐ സി സി ലോ ബുക്കില്‍ തെരഞ്ഞാല്‍ പോലും കണ്ടുകിട്ടാത്ത ചില നിയമങ്ങള്‍ കൂടി ഈ ലോര്‍ഡ്സിലുണ്ട്. റൂള്‍ നമ്പര്‍ വണ്‍: മതില്‍, പിച്ചകക്കാട് മുതലായ പ്രദേശങ്ങളിലൂടെ ഉയര്‍ത്തിയടിച്ചാല്‍ ബാറ്റ്സ്മാന്‍ ഔട്ടാകുന്നതാണ്. റൂള്‍ നമ്പര്‍ ടു: മേല്‍പ്പറഞ്ഞവിധം ഉയര്‍ത്തി അടിക്കുന്ന പന്ത് അടിച്ചവന്‍ തന്നെ പോയി എടുത്തോണ്ട് വരേണ്ടതും, പന്ത് തിരികെ കിട്ടാത്ത പക്ഷം പന്തിന് നിലവിലെ മാര്‍ക്കറ്റ് വാല്യൂ കണക്കാക്കി ടി. വിലയുടെ 50 ശതമാനം ബാറ്റ്സ്മാനില്‍ നിന്ന് ഈടാക്കുന്നതുമാണ്. പന്നെ പന്തെറിയുന്ന വേഗത, ലോങ്ങ്‌ ഓഫ് ആന്‍ഡ്‌ ഓണിലെ ഫീല്‍ഡിംഗ് നിയന്ത്രണം തുടങ്ങി സെക്ഷനും ഉപസെക്ഷനുകളും ഒക്കെയായി ലോ പോയിന്‍റുകള്‍ വേറെയുമുണ്ട്. എങ്കിലും റൂള്‍ നമ്പര്‍ വണ്‍ തന്നെയാണ് ഇവിടത്തെ ഒരു ഹൈലൈറ്റ്. അതിന് കാരണം പാപ്പനായിരുന്നു.

പാപ്പന്‍ എന്ന് പറയുന്നത് ഞങ്ങളുടെ ഗ്രൗണ്ട്മാപ്പ് വെച്ച് നോക്കുമ്പോള്‍ പിച്ചിന്‍റെ ഓണ്‍സൈഡില്‍ വരുന്ന മതിലിന്‍റെയും അതിനകത്തുള്ള വീടിന്റെയും ഉടമസ്ഥനായിരുന്നു. എന്ന് മാത്രമല്ല ഒരു എക്സ് മിലിട്ടറിയും. പട്ടാളം പാപ്പന്‍ എന്ന് പറഞ്ഞാല്‍ കാശ്മീരിലും പരിസരപ്രദേശങ്ങളിലുമുള്ള തീവ്രവാദികള്‍ ഇപ്പോഴും മുട്ടുകാലുകള്‍ തമ്മില്‍ കൂട്ടിയിടിപ്പിക്കുമെന്നും 150 ഡിഗ്രി സെല്‍ഷ്യസില്‍ വെട്ടി വിയര്‍ക്കുമെന്നുമാണ് ജനസംസാരം. ദാറ്റ് മീന്‍സ് പുള്ളി നാട്ടിലെ ജനങ്ങളോട് ഈ കഥകള്‍ മാത്രമാണ് സംസാരവിഷയമാക്കാറ്. അത്രയ്ക്ക് കൊടുംഭീകരന്‍. പുള്ളിക്കാരന്‍റെ പറമ്പില്‍ പന്തടിച്ചിട്ടാല്‍ പന്ത് തിരിച്ചു കിട്ടില്ലെന്ന് മാത്രമല്ല അതിക്രമിച്ചു കയറി പന്തെടുക്കാന്‍ ചെന്നാല്‍ ഒരു പാക്ക് നുഴഞ്ഞുകയറ്റക്കാരനെ ഇന്ത്യന്‍ ജവാന്‍ എങ്ങിനെ പൂശുമോ അത് പോലെ പൂശിക്കളയും... അതും തൃശൂര്‍ പൂരത്തിന് പടക്കം പൊട്ടുന്നത് പോലെ. സംഗതി തോക്കില്ലാത്തതിനാല്‍ നാക്കുകൊണ്ടാണ് പുള്ളിയുടെ പൂരവെടി എന്ന ഒറ്റ വ്യത്യാസം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ റൂള്‍ നമ്പര്‍ വണ്ണിന്‍റെ കാര്യത്തില്‍ ഞങ്ങള്‍ കര്‍ക്കശനിലപാടാണ് സ്വീകരിച്ചിരുന്നത്. ബട്ട്‌ വാട്ട് യൂസ്? ഒരു മാതിരി ഇരുമ്പ് കഷണത്തെ കാന്തം വലിച്ചെടുക്കുന്നത് പോലെ എങ്ങിനെയൊക്കെ അടിച്ചാലും പന്ത് മതില് ചാടി പാപ്പന്‍റെ വീട്ടില്‍ പോയി വീഴും. തുടര്‍ന്ന്‍ ഞങ്ങളുടെ നുഴഞ്ഞുകയറ്റം, പാപ്പന്‍റെ പൂരവെടി തുടങ്ങിയ സ്ഥിരം കലാപരിപാടികള്‍. കണക്കെടുത്തു നോക്കിയാ ആസ് ഓഫ് 1999, കലൂര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം വിലക്ക് വാങ്ങാനുള്ള കാശിനുള്ള പന്ത് ഞങ്ങള്‍ പാപ്പന്‍റെ പറമ്പില്‍ അടിച്ചിട്ടുണ്ട്.

അന്നും ഞങ്ങള്‍ പന്തടിച്ച് പാപ്പന്‍റെ പറമ്പിലെത്തിച്ചു. ഇത്തവണ താരം നുമ്മടെ ഉല്‍പ്പന്‍ തന്നെ. ഉല്‍പ്പന്‍ ബാക്ക് ഫൂട്ടില്‍ നിന്ന് പുള്‍ ചെയ്ത ഷോട്ട് പാപ്പന്‍റെ മതിലും കടന്ന് അടുക്കളയുടെ ജനലും തകര്‍ത്ത് റീബോണ്ടായി പാപ്പന്‍റെ സഹധര്‍മ്മിണിയും ഞങ്ങളുടെ എനിമി നമ്പര്‍ ടൂവുമായ മാമിയുടെ നടുമ്പുറത്ത്. പോരേ പൂരം. പാപ്പന്‍ വീട്ടിലില്ലാതിരുന്നിട്ടും അതിന്‍റെ ഒരു കുറവും മാമി അറിയിച്ചില്ല പാപ്പനെ വെട്ടുന്ന മാമിയുടെ ഷെല്ലാക്രമണത്തില്‍ ഞങ്ങളുടെ ചെവിക്കല്ലുകള്‍ തവിടുപൊടി. പക്ഷെ വേഗതയുടെയും കാഴ്ചയുടെയും കാര്യത്തില്‍ മാമി സ്വല്‍പം പിന്നിലായതിനാല്‍ ഉല്‍പ്പന്‍ കൂളായി മതിലുചാടി ചെന്ന് മാമിയുടെ കണ്ണുവെട്ടിച്ച് പന്തെടുത്ത് തിരികെ പോന്നു. ഏകദേശം സൂര്യന്‍ അന്നേക്ക് രാജിവെച്ചു പോയി പന്ത് വരുന്നത് ടോര്‍ച്ചടിച്ചു നോക്കിയാല്‍ പോലും കാണാന്‍ പറ്റാത്തത്ര ഇരുട്ടായപ്പോള്‍ കളിനിര്‍ത്തി ഞങ്ങള്‍ വീട്ടിലും പോയി.

ഞങ്ങളുടെ ക്ലബ് മനോരമ ബാലജനസഖ്യത്തില്‍ അഫിലിയേറ്റഡായിരുന്നു. ആയിടക്കാണ് വെരിഫിക്കേഷന് വേണ്ടി ആളുവരുമെന്ന് ആന്‍സന്‍ ചേട്ടന്‍ പറഞ്ഞത്. ആന്‍സന്‍ ചേട്ടനാണ് ഞങ്ങളുടെ രക്ഷാധികാരി. എന്ന് പറയുമ്പോള്‍ ഞങ്ങളെ നേരെ നടത്തുന്നതും ഒരുമിച്ചു നിര്‍ത്തുന്നതും നല്ലനടപ്പില്‍ നിലനിര്‍ത്തുന്നതുമെല്ലാം പുള്ളിക്കാരനാണ്. പുള്ളി പറഞ്ഞാല്‍ പിന്നെ മറുവാക്കില്ല, അങ്ങിനെ നിലവിലെ ഇന്ത്യന്‍ പാര്‍ലിമെന്റ് പോലെ പ്രതിപക്ഷമില്ലാത്ത ഭരണപക്ഷമായിരുന്നു ആന്‍സന്‍ ചേട്ടന്‍. മാമിയുടെ പുറത്ത് പന്തടിച്ചിട്ടതിന്‍റെ പിറ്റേന്നും ഞങ്ങള്‍ പുള്ളി പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു. ഞങ്ങള്‍ കളിച്ചു തളര്‍ന്നിരിക്കുമ്പോള്‍ മാന്യമായി വസ്ത്രം ധരിച്ച ഒരു പുള്ളിക്കാരന്‍ വന്നു ചോദിച്ചു.

“ആരാടാ ഈ ഉല്‍പ്പന്‍?”

ഉല്‍പ്പന്‍ ചാടിയെണീറ്റു. “ഞാനാ സാറേ” എന്നിട്ട് അഹങ്കാരത്തോടെ ഞങ്ങളെ ഒരു നോട്ടവും. “കണ്ടോടാ ഈ ഉല്‍പ്പന്റെ പേര് അങ്ങ് മനോരമ വരെയെത്തി” എന്ന മട്ടില്‍.

“ആരാ ജാക്സണ്‍?”

“ദേ ദവന്‍” ഉല്‍പ്പന്‍ ജാക്സനെ ചൂണ്ടിക്കാണിച്ചു കൊടുത്തു.

“ഈ അരുണും അനിലും ഏതാ?”

“ദേ ദവനും ദതിന്‍റെ ദപ്പുറത്തിരിക്കുന്നവനും” ഉല്‍പ്പന്‍ എന്നെയും അനിയെയും ചൂണ്ടിക്കാണിച്ചു. മാത്രമല്ല അവിടെ കളിച്ചു കൊണ്ടിരുന്ന സകലവന്മാരുടെയും പേരും ഊരും അടക്കം ഫുള്‍ ബയോഗ്രഫി ഉല്‍പ്പന്‍ വിശദമായി തന്നെ പറഞ്ഞു കൊടുത്തു.

“ഓഹോ അപ്പോ നീയൊക്കെയാണ് പാപ്പന്‍റെ ഭാര്യയെ വീട് കേറി ആക്രമിച്ചത് അല്ലെ.?”

വാട്ട് ദ ഹെല്‍!!! “എന്താ സാറേ കാര്യം” കൂട്ടത്തില്‍ അല്പം സാമൂഹികപ്രതിബദ്ധത കൂടുതലുള്ള ജാക്സണ്‍ ചോദിച്ചു
.
“നീയൊക്കെ നാളെ സ്റ്റേഷനിലേക്ക് വരണം, ബാക്കി അവിടെ വന്നിട്ട് തരാം.”

അവസാനം പറഞ്ഞ സംഗതിയിലെ ഭീഷണിസ്വരത്തില്‍ ഞങ്ങള്‍ വിറച്ചു നില്‍ക്കുമ്പോള്‍ അയാള്‍ കണ്ണുരുട്ടി ഞങ്ങളെ നോക്കിയിട്ട് തിരികെ നടന്നു.
ഉടനെ ഞങ്ങള്‍ ആന്‍സന്‍ ചേട്ടനെ വിവരമറിയിച്ചു. പുള്ളി വിശദമായി അന്വേഷിച്ചു. സംഗതി ഗുരുതരമാണ്. രാജ്യസേവനത്തിന് ഇറങ്ങിതിരിച്ചവനും നിലവില്‍ റിട്ടയേഡുമായ ഒരു ധീരജവാന്‍റെ ഭാര്യയെ അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തില്‍ വീട് കയറി ആക്രമിച്ചിരിക്കുന്നു. എന്ന് പറഞ്ഞാല്‍ സംഗതി ഒരു രാജ്യദ്രോഹലെവലില്‍ ഒക്കെ വരും.

“നീയെന്തിനാ എല്ലാം തത്ത പറയുന്നത് പോലെ അയാളോട് പറഞ്ഞത്?” ആന്‍സന്‍ ചേട്ടന്‍ ഉല്‍പ്പനോട് ചോദിച്ചു.

“ഞാന്‍ വിചാരിച്ചെ പുള്ളി മനോരമേന്നാണന്നാ, പോലീസുകാരൊക്കെ കാക്കി ജൂണിഫോമിലല്ലേ വരൂ” ഉല്‍പ്പന്‍.

“മണ്ടാ, അത് മഫ്തിലാ” ജാക്സണ്‍ തിരുത്തി.

“ആണെങ്കിലെന്താ! പുള്ളിക്ക് ജൂണിഫോമിടാന്‍ പാടില്ലേ?” ഉല്‍പ്പന്‍ തിരിച്ചടിച്ചു.

“ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല” ആന്‍സന്‍ ചേട്ടന്‍ ഇടപെട്ടു. പുള്ളി ഇതിനിടയില്‍ ഒന്ന് രണ്ടു പേരെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. “കേസ് നിങ്ങള് വിചാരിക്കുന്നത് പോലെ അത്ര ഭീകരമൊന്നുമല്ല. എന്ന് കരുതി പണി കിട്ടില്ലെന്ന് പറയാന്‍ പറ്റില്ല. എന്തായാലും നിങ്ങള്‍ മൈനര്‍ ആയത് കൊണ്ട് സീരിയസായി എടുക്കാന്‍ വഴിയില്ല. മാത്രമല്ല വിദ്യാര്‍ത്ഥികളാണ് എന്നൊരു കണ്‍സിഡറേഷനും കിട്ടും. അതുകൊണ്ട് കാര്യമായ പ്രശ്നമുണ്ടാകില്ല.”

“പ്രശ്നണ്ട് ആന്‍സന്‍ ചേട്ടാ, പ്രശ്നണ്ട്” ഉല്‍പ്പന്‍ തന്‍റെ പ്രശ്നം മുന്നോട്ട് വെച്ചു. പണ്ട് പാരന്റ്സിനെ വിളിക്കാതെ ക്ലാസില്‍ കേറ്റില്ലാന്നു വാര്‍ണിംഗ് കിട്ടിയ ശേഷം ഉല്‍പ്പന്‍ പഠിക്കാന്‍ പോയിട്ടില്ല. ഉല്‍പ്പന്‍ മാത്രമല്ല കൂട്ടത്തില്‍ മറ്റുചിലര്‍ക്കും നിലവില്‍ വിദ്യാര്‍ത്ഥി സ്റ്റാറ്റസില്ല. സംഗതി ഗുരുതരമായ പ്രശ്നം തന്നെ. ഒടുവില്‍ ആന്‍സന്‍ ചേട്ടന്‍ തന്നെ വഴികണ്ടു. തല്‍ക്കാലം വിദ്യാര്‍ത്ഥികള്‍ തന്നെയാണെന്ന് പറയുക. ചോദിച്ചാല്‍ ഓരോരുത്തരും എന്തിന് പഠിക്കുന്നു എന്ന് പറയണമെന്നും ശട്ടം കെട്ടി. അങ്ങിനെ എല്ലാവരും പല പല കോഴ്സിലായി. ജാക്സണ്‍ പ്ലസ് ടൂ കൊമേഴ്സ്‌, അനില്‍ പത്താം ക്ലാസില്‍, ഞാന്‍ പ്രീഡിഗ്രി സെക്കന്റ് ഗ്രൂപ്പ്, ഉല്‍പ്പന്‍ പ്ലസ് വണ്‍ തേഡ് ഗ്രൂപ്പ്... അങ്ങിനെ മൊത്തം പഠിപ്പിസ്റ്റുകള്‍.

അന്ന് രാത്രി ഭീകരമായ ചില കാഴ്ചകളാണ് ഞങ്ങള്‍ സ്വപ്നത്തില്‍ കണ്ടത്. വിലങ്ങ്, ജയിലഴി, കോട്ടിട്ട ജഡ്ജി, സെന്‍ട്രല്‍ ജയിലിന്‍റെ എന്‍ട്രന്‍സ്‌, തൂക്കുകയര്‍ മുതലായ സീനുകള്‍. എന്നു മാത്രമല്ല, “തല്ലല്ലേ സാറേ, തല്ലല്ലേ, ഞങ്ങള്‍ ഭീകരന്മാരല്ലേ” എന്നുറക്കത്തില്‍ ഞങ്ങളില്‍ ചിലര്‍ വിളിച്ചു കൂവിയെന്നതും ഇത്തരുണത്തില്‍ സ്മരണാര്‍ഹമാണ്.

പിറ്റേന്ന് നേരത്തെ തന്നെ ഞങ്ങള്‍ പോലീസ് സ്റ്റേഷനിലെത്തി. എസ് ഐ എത്തിയിട്ടില്ല. സംഗതി അന്നൊക്കെ ജനമൈത്രി ഇല്ലാത്തതിനാല്‍ ഞങ്ങള്‍ക്കിരിക്കാന്‍ ഒരു സിംഗിള്‍ ബെഞ്ച് പോലുമില്ല. അങ്ങിനെ മതിലിലും തൂണിലുമൊക്കെ ചാരി ഞങ്ങള്‍ വരാന്തയില്‍ നിന്നു. ഇതിനിടയില്‍ കേറിപ്പോകുന്നവരും ഇറങ്ങിവരുന്നവരുമായ സകലമാനപോലീസുകാരും ഒരു കാര്യവുമില്ലാതെ “സാറിങ്ങുവരട്ടെടാ, നിന്‍റെയൊക്കെ കൂമ്പിടിച്ചു കലക്കും” എന്ന ലെവലില്‍ ഞങ്ങളെ കലിപ്പിച്ചു നോക്കിക്കൊണ്ടിരുന്നു. മാത്രമല്ല ഇടക്കിടെ ജയിലഴികള്‍ കാണുമ്പോള്‍ നാടോടിക്കാറ്റില്‍ ശ്രീനിവാസന്‍ ഞെട്ടുന്നത് പോലെ ഞങ്ങള്‍ ഞെട്ടുകയും ഗാന്ധിജിയുടെ ചിത്രം ഒറ്റനോട്ടത്തില്‍ കാണാന്‍ പാകത്തിന് അവിടെ ഇല്ലാതിരുന്നതിനാല്‍ ആ ഞെട്ടലില്‍ തന്നെ കണ്ടിന്യൂ ചെയ്യുകയും ചെയ്തു. അപ്പോഴേക്കും എസ് ഐ എത്തി. പരീക്ഷതുടങ്ങും മുന്നേ ഹാളില്‍ കേറാന്‍ അടിക്കുന്ന മണി കേള്‍ക്കുമ്പോള്‍ ധൃതി പിടിച്ച ഇമ്പോര്‍ട്ടന്റായാ ചോദ്യങ്ങള്‍ ഒന്ന് കൂടി തപ്പിപ്പിടിക്കുന്ന അതെ ടെന്‍ഷനില്‍ ഞങ്ങളൊക്കെ ഏതു കോഴ്സിനാ പഠിക്കുന്നത് എന്ന് പരസ്പരം ചോദിച്ച് ഉറപ്പുവരുത്തി.

“പ്ലസ് വണ്‍ തേഡ് ഗ്രൂപ്പ്” ഉല്‍പ്പന്‍ ഒരു സംശയവുമില്ലാതെ പറഞ്ഞു. ഉല്‍പ്പന്റെ ഉത്തരം തന്ന ആത്മവിശ്വാസത്തില്‍ ഞങ്ങള്‍ എസ് ഐയുടെ മുറിയിലേക്ക് കേറി.

ആദ്യറൗണ്ടില്‍ ജനറല്‍ ക്വസ്റ്റിന്‍സായിരുന്നു. അതിനൊക്കെ കൂടെ വന്ന ആന്‍സന്‍ ചേട്ടന്‍ പുല്ലുപോലെ മറുപടി പറഞ്ഞു. ഇനി രണ്ടാം റൌണ്ട്, എലിമിനേഷന്‍. ഇതില്‍ നന്നായി ഉത്തരം പറഞ്ഞാല്‍ ഔട്ട്‌. ഞങ്ങള്‍ക്ക് പുറത്തു പോകാം, അല്ലേല്‍ ഇന്‍ ആകും, ഐ മീന്‍, ഇന്‍സൈഡ് ദ ജയിലഴി ഓഫ് ഗവണ്മെന്റ് ഓഫ് കേരള. ചരിത്രത്തില്‍ ആദ്യമായും അവസാനമായും ഒരു റിയാലിറ്റി ഷോയില്‍ നിന്നും ഔട്ട്‌ ആകണേ എന്ന് പ്രാര്‍ത്ഥിച്ച കണ്ടസ്റ്റണ്ടുമാരായി ഞങ്ങള്‍.

ആദ്യചോദ്യം ജാക്സനോട്: “നീയെന്തു ചെയ്യുന്നെടാ?”

“പഠിക്കുവാ സാറേ”

“എന്തിന്?”

“പ്ലസ് ടൂ കൊമേഴ്സ്‌”

സബാഷ്! ചോദ്യവും ഉത്തരവും ഞങ്ങള്‍ പ്രതീക്ഷിച്ചത് തന്നെ. പരീക്ഷയ്ക്ക് ഒരാഴ്ച മുന്നേ ക്വസ്റ്റിന്‍ പേപ്പര്‍ ചോര്‍ത്തിക്കിട്ടുമ്പോഴുണ്ടാകുന്ന ആത്മവിശ്വാസത്തില്‍ ഞങ്ങള്‍ ഉഷാറായി നിന്നു.

“നീയോടാ” ചോദ്യം എന്നോടാണ്

“പ്രീഡിഗ്രി സയന്‍സ്”

വണ്ടര്‍ഫുള്‍! കാര്യങ്ങള്‍ ആസ് പേര്‍ പ്ലാനിംഗ്. അടുത്ത ചോദ്യം ഉല്‍പ്പനോട്.

“നിന്‍റെ പേരെന്താടാ?”

ഉല്‍പ്പന്‍ ശങ്ക ലവലേശമില്ലാതെ പറഞ്ഞു. “പ്ലസ് വണ്‍ തേര്‍ഡ് ഗ്രൂപ്പ്.”

ഞെട്ടി. ഞങ്ങള്‍ മാത്രമല്ല ചോദ്യം ചോദിച്ച എസ് ഐ വരെ ഞെട്ടി.

“അതാണോ നിന്‍റെ പേര്?”

അപ്പോഴാണ്‌ ഉല്‍പ്പന്‍ ചോദ്യം ശ്രദ്ധിച്ചത്. വാട്ടീസ് യുവര്‍ നെയിം?
കള്ളക്കളി!!! കള്ളക്കളി!!! ദിസ്‌ ക്വസ്റ്റിന്‍ കംബ്ലീറ്റിലി ഈസ്‌ ഔട്ട്‌ ഓഫ് സിലബസ്. എന്തുത്തരം പറയണമെന്നറിയാതെ ഉല്‍പ്പന്‍ ഞങ്ങളെ മാറിമാറി നോക്കി. അടുത്ത് നിന്ന ഞാന്‍ രഹസ്യമായി പറഞ്ഞു.

“പേര് പറയെടാ!”

“യേത് പേര് പറയണം?” ഉല്‍പ്പന്‍

“നിന്‍റെ സ്വന്തം പേര്”

ഉല്‍പ്പന് എന്നെ അത്ര വിശ്വാസമായില്ല. തന്നെ ഒറ്റക്ക് ഈ കേസില്‍ കുടുക്കാനുള്ള പരിപാടിയാണോ എന്ന് ന്യായമായും ഉല്‍പ്പന്‍ സംശയിച്ചു.
“ഫ!! കഴുവേറി! പേര് ചോദിച്ചാല്‍ നിന്ന് തിരുവാതിര കളിക്കുന്നോ?” എസ് ഐയുടെ സ്വരം ഉയര്‍ന്നപ്പോള്‍ ഉല്‍പ്പന്‍ രണ്ടും കല്‍പ്പിച്ച് പറഞ്ഞു.

“ആന്‍സന്‍ ചേട്ടാ, എന്‍റെ പേരെന്താ?”

ഠമാര്‍!! പഡാര്‍!!! ഉല്‍പ്പന്റെ ആ ചോദ്യത്തില്‍ ആന്‍സന്‍ ചേട്ടന്‍റെ പ്ലാന്‍ മൊത്തം തവിട് പൊടി. പിന്നെയങ്ങോട്ട് എസ് ഐയുടെ തേര്‍വാഴ്ച അല്ലായിരുന്നോ? “എന്താ ഇവിടെ സംഭവിച്ചേ? എന്തിനാ ഇയാളിങ്ങനെ പടക്കം പൊട്ടിക്കണേ” എന്ന് വിചാരിച്ച് ഉല്‍പ്പന്‍ വായും പൊളിച്ചു നിന്നു. ക്രിക്കറ്റ് കളിച്ച് മാമിയുടെ നടുവൊടിച്ചതിനേക്കാള്‍ നുണപറഞ്ഞതിനാണ് എസ് ഐക്ക് കലിപ്പേറിയത്. എന്നതായാലും സംഗതി ഒരുവിധത്തില്‍ ആന്‍സന്‍ ചേട്ടന്‍റെ ഇടപെടലില്‍ ഒതുങ്ങി. മേലില്‍ പാപ്പന്‍റെ വീടിരിക്കുന്നതിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ ക്രിക്കറ്റ് കളിക്കില്ലെന്ന് എഴുതി ഒപ്പിട്ട് വാങ്ങിച്ച ശേഷം ഞങ്ങളെ വെറുതെ വിട്ടു.

തിരികെ വീട്ടിലേക്ക് പോകും വഴി ഉല്‍പ്പന്റെ നെഞ്ചത്ത് കേറി ഞങ്ങള്‍ നിരങ്ങി. അപ്പോഴും സംഗതി പിടികിട്ടാതെ ഉല്‍പ്പന്‍ ചോദിച്ചു. “എന്തിനാ എല്ലാരും കൂടെ എന്‍റെ നെഞ്ചത്ത് കേറണത്. ലോകത്തുള്ള സകലമാന തെണ്ടികള്‍ക്കും എന്‍റെ പേരെന്താന്ന്‍ ചോദിക്കാം. ഇതിപ്പോ എന്‍റെ സ്വന്തം പേര് എന്താന്ന്‍ ഞാന്‍ ചോദിച്ചതില്‍ എന്തിനാ ഇത്രേം പ്രശ്നം?” ഉല്‍പ്പന്‍റെ ആ ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ലാതെ ഞങ്ങള്‍ വണ്ടറടിച്ചു നിന്നു.

അഭിപ്രായങ്ങളൊന്നുമില്ല: