-->

Followers of this Blog

2014, ഡിസംബർ 11, വ്യാഴാഴ്‌ച

പ്ലേറ്റെണ്ണി നോക്കിയപ്പോള്‍: ഉല്‍പ്പന്‍ കഥകള്‍ 6

അങ്ങിനെ പഞ്ചായത്ത് ഇലക്ഷന്‍ ഇങ്ങെത്തി. സ്വന്തം രാഷ്ട്രീയ ഗുരുവിന്‍റെ കാലുതന്നെ ആദ്യം വാരി ഒരു മികച്ച രാഷ്ട്രീയക്കാരന്‍റെ മോസ്റ്റ്‌ വാണ്ടഡ് ഗുണം കാണിച്ച ഉല്‍പ്പന്‍റെ കന്നിയങ്കം. ആ കന്നിയങ്കത്തില്‍ കണ്ണുമഞ്ഞളിച്ച് കാണുന്നവരോടൊക്കെ വോട്ട് ചോദിച്ചു പോയ ഉല്‍പ്പന്‍ സ്വന്തം വാര്‍ഡിന്‍റെ ബോര്‍ഡര്‍ വിട്ടുവരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന പരാതിയാണ് ആ ഇലക്ഷനിലെ ആദ്യഹൈലൈറ്റ്. ദത്‌ ചട്ടവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിച്ച് ഉല്‍പ്പന്‍റെ മുന്‍കാലരാഷ്ട്രീയഗുരുവും സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ബോധരഹിതനും ബോധം വീണപ്പോള്‍ പാര്‍ട്ടി വിമതനുമായി തീര്‍ന്ന മാഷ്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ പരാതി ബോധിപ്പിച്ചു. പക്ഷെ വാര്‍ഡ്‌ ബോര്‍ഡര്‍ പോയിട്ട് സ്വന്തം വീട് ബോര്‍ഡര്‍ പോലും കണ്ടാല്‍ ഉല്‍പ്പന്‍ തിരിച്ചറിയില്ല എന്ന് മനസിലാക്കിയതോടെ കമ്മീഷന്‍ ഉല്‍പ്പനെ വെറുതെ വിട്ടു. അങ്ങിനെ ഉൽപ്പൻ തന്റെ വോട്ടു പിടിത്തവുമായി ഘോരഘോരം മുന്നേറി.


സംഗതി പക്ഷെ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല. ഡിഫിയുടെ കരുത്തനും സര്‍വോപരി സുന്ദരനുമായ ഒരുത്തനാണ് പ്രധാന എതിരാളി. ലവനൊന്ന് അറിഞ്ഞു ചിരിച്ചാല്‍ മതി സുന്ദരികളും അല്ലാത്തവരുമായ ലവളുമാരുടെ വോട്ട് ലവന്‍റെ പിന്നാലെ പാറിപ്പറക്കും. മാത്രമല്ല അവന്‌ മുടിഞ്ഞ വിവരോമുണ്ട്. ഉല്‍പ്പനാണേല്‍ ഇത് രണ്ടും കട്ടക്ക് പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയും. കൂടാതെ സീറ്റ് പോയ മാഷ്‌ വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചതോടെ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകളില്‍ നെടുനീളന്‍ വിള്ളലും വീണു. ഈ പരമ്പരാഗത വോട്ട്‌ എന്നത്‌ കൊണ്ട്‌ മാഷും മാഷിന്റെ വീട്ടിലുള്ളവരും ചേർത്തുള്ള നാലെനാല്‌ വോട്ടാണ്‌ ഉദ്ദേശിക്കുന്നതെങ്കിലും‌ ഒരു പഞ്ചായത്ത്‌ ഇലക്ഷൻ തോൽക്കാൻ അതൊക്കെ ധാരാളം. അങ്ങിനെ ആ വിള്ളലിൽ കിടന്ന് കൈകാലിട്ടടിക്കുന്ന ഉൽപ്പനെ കണ്ണും പൂട്ടി പിന്താങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. അതിന്റെ കാരണം ഒന്നുമാത്രം. വൈകീട്ട് പൊട്ടുന്ന ത്രിഗുണഭഗവാനോടുള്ള ആദരവ്.

പക്ഷെ പുള്ളിക്കാരന്‍ പിടിച്ചാലും കിട്ടുന്ന ലെവലില്‍ കാര്യങ്ങള്‍ നീങ്ങുന്നില്ല എന്നായപ്പോള്‍ ഉല്‍പ്പന്‍ കളം മാറ്റി ചവിട്ടി. സംഗതി അതീവ രഹസ്യമാണ്. ഉല്‍പ്പന് വേണ്ടി വോട്ട് ചെയ്യുന്നവര്‍ക്ക് ഭയങ്കരമാന ഓഫര്‍. വോട്ടൊന്നിന് മൂന്ന് പൊറോട്ടേം ഒരു ഫുള്‍ ബീഫ് കറിയും, ഒരു ഗ്ലാസ് സര്‍ബത്തും. സര്‍ബത്ത് വേണ്ടാത്ത കരുത്തന്മാര്‍ക്ക് കടയുടെ പിന്നിലൂടെ ചെന്നാല്‍ വാട്ടീസ് ചെറിയ വെടി ഒന്ന് വലിയ വെടി ഒന്ന്. സംഗതി ഞങ്ങള്‍ രായ്ക്കുരാമാനം സകലമാന വോട്ടര്‍മാരെയും അറിയിച്ചു. സംഗതി ഉഷാര്‍... ആ ഒരു രാത്രി കൊണ്ട് പന്ത് ഉല്‍പ്പന്‍റെ കോർട്ടിൽ ചീറിപ്പാഞ്ഞെത്തി.
ഇലക്ഷൻ ഡേ... എല്ലാം നുമ്മട ആന്‍റപ്പന്‍ ചേട്ടന്‍റെ കടയില്‍ റെഡി.
ഒന്നും പറയാനില്ല....സംഗതിയേറ്റു... സര്‍ബത്ത് വോട്ടുകളും വാട്ടീസ് വോട്ടുകളും ധാരധാരയായി പോളിംഗ് ബൂത്തില്‍ നിന്നും ആന്‍റപ്പന്‍ ചേട്ടന്‍റെ കടയിലേക്കൊഴുകി. രാവിലത്തെ ഹാങ്ങ്‌ഓവറില്‍ പോളിംഗ് ശതമാനം അല്പം കുറഞ്ഞെങ്കിലും ഉച്ചയായപ്പോഴേക്കും വോട്ട് ചെയ്യുന്നത് ബൂത്തിലാണോ ആന്‍റപ്പന്‍ ചേട്ടന്‍റെ കടയിലാണോ എന്നറിയാന്‍ പറ്റാത്ത വിധം കനത്ത പോളിംഗ്.

വൈകുന്നേരമായപ്പോള്‍ ഉല്‍പ്പന്‍ കണക്ക് സെറ്റില്‍ ചെയ്യാനെത്തി. ഒരെണ്ണൂറ് പൊറോട്ട, അതിനൊത്ത കറി 280 പ്ലേറ്റ്, സര്‍ബത്ത് 100, വാട്ടീസ് ചെറുതും വലുതുമായി 450. പാഴ്സല്‍ 20.

“അതെന്തോന്നിനാ പാഴ്സല്‍?”

“അത് വാതം പിടിച്ചു കിടന്ന വോട്ടുകളെ പൊക്കികൊണ്ട് വന്ന് വോട്ട് ചെയ്യിച്ച വകേലാ”

ഞങ്ങൾ കണക്ക്‌ കൂട്ടി നോക്കി. വാര്‍ഡിലെ ആകെ വോട്ട് 462. അതില്‍ പോള്‍ ചെയ്തത് 340. കറിപ്ലേറ്റ് 280. അതില്‍ ഒരു മുപ്പതും നേരത്തെ പറഞ്ഞ വാതവോട്ടില്‍ പകുതിയും അസാധുവായിപ്പോയാലും ഒരു 250 - 260 വോട്ട്‌ ഉൽപ്പന്റെ പെട്ടിയിൽ വീണു കാണണം. അതായത്‌ ഒരു 100 വോട്ടിന്‍റെ മഹാഭൂരിപക്ഷത്തില്‍ ഉല്‍പ്പന്‍ അപ്പോ തന്നെ ജയിച്ചുകഴിഞ്ഞു. സബാഷ്‌!!! പിന്നെ ഒന്നുമാലോചിച്ചില്ല. ഒരിലക്ഷനില്‍ പൊറോട്ടയ്ക്കും ഇറച്ചിക്കറിക്കും ഇത്രേം പ്രാധാന്യം ഉണ്ടെന്ന് മനസിലാക്കാതെ പോയ മാഷിനും മ്മ്ട സുന്ദരനും ഒരു ക്വിന്‍റല്‍ പുച്ഛത്താല്‍ തുലാഭാരം നടത്തിയിട്ട് ഉല്‍പ്പനും പൊറോട്ടയ്ക്കും വാട്ടീസിനും അഭിവാദ്യമര്‍പ്പിച്ചു ഞങ്ങള്‍ അന്നത്തെ ത്രിഗുണസേവനത്തിനായി പിരിഞ്ഞു.

വോട്ടെണ്ണല്‍ ദിനം. ഞങ്ങള്‍ക്കാണേല്‍ ഒരുല്‍സാഹോമില്ല. 'ഇവിടെ പ്ലേറ്റെണ്ണി ജയിച്ചു നില്‍ക്കുമ്പോഴാ യെവന്‍മാരുടെ ഒരു വോട്ടെണ്ണല്‍' എന്ന മട്ടില്‍ ഞങ്ങള്‍ ഇലട്രിക് പോസ്റ്റും ചാരിനിന്നു. ഉല്‍പ്പനാണേല്‍ പാലം കടന്ന ശേഷമുള്ള ഒരുമാതിരി കൂരായണ ഭാവം. അതിപ്പോ സകലമാന കൂരായണന്മാരും രാഷ്ട്രീയപരമായി അങ്ങിനെയായതിനാല്‍ നുമ്മക്കിതൊരു പുത്തരിയല്ല. എന്നതായാലും റിസള്‍ട്ട് വരുന്നത് വരെ തൂങ്ങി നിന്നു. ഒരു മാലപ്പടക്കോം കയ്യില്‍ തൂക്കിയിട്ട്. “കുന്നപ്പുഴ ഒന്‍പതാം വാര്‍ഡില്‍ ആകെ പോള്‍ ചെയ്തത് 340 വോട്ട്. അതില്‍ തൊട്ടടുത്ത സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി 260 വോട്ട് നേടി ശ്രീ ഉല്‍പ്പന്‍ കെ. കെ. വിജയിച്ചിരിക്കുന്നു.” എന്ന് പറയുമ്പം കൊളുത്തി വിടാനുള്ളതാ ടി. പടക്കം.

സംഗതി അനൌണ്‍സ്മെന്റ് വന്നു. ഞങ്ങള്‍ തീ കൊളുത്താന്‍ റെഡിയായി.

“കുന്നപ്പുഴ ഒന്‍പതാം വാര്‍ഡില്‍ ആകെ പോള്‍ ചെയ്തത് 340 വോട്ട്.”

ഉല്‍പ്പന്‍ കിലുക്കത്തിലെ ഇന്നച്ചനെ പോലെ തലയാട്ടി. ‘ഊം... കേട്ടട്ടണ്ട്... കേട്ടട്ടണ്ട്”

“അതില്‍ തൊട്ടടുത്ത സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി”
ഉല്‍പ്പന്‍ വീണ്ടും ഇന്നച്ചന്‍ “പിന്നിലാക്കി... എന്നട്ട്”

“ഇരുന്നൂറ്റി...”

ഇത് കേട്ടതും ഉല്‍പ്പന്‍ അലറി. “കൊളുത്തടാ മോനെ പടക്കം”.

പടക്കത്തിന് തീകൊളുത്തി റോഡിലേക്കിറങ്ങി ഞങ്ങള്‍ ആഹ്ലാദപ്രകടനം തുടങ്ങി. ഉൽപ്പനെ എടുത്ത്‌ തോളിൽ കേറ്റുന്നു. ഇറക്കുന്നു. വീണ്ടും കേറ്റുന്നു. മുദ്രാവാക്യം വിളി... സുന്ദരനേം മാഷിനേം കൂക്കിവിളി... ആകെ ബഹളം.... ഇതിനിടയിൽ ഞങ്ങളുടെ പടക്കം പൊട്ടിത്തീർന്നു.

തൊട്ടുപിന്നാലെ അടുത്ത സെറ്റ് പടക്കം പൊട്ടുന്നു. 'ആരെടാ അതെന്നും ' ചോദിച്ച്‌ നോക്കുമ്പോ സുന്ദരനെ പൊക്കിയെടുത്ത് ചോപ്പന്മാര്‍ തുള്ളുന്നു. “യെവന്മാര്‍ക്കെന്താ പ്രാന്തായോ” എന്ന് പറഞ്ഞു നോക്കുമ്പോള്‍ ആണ്ടെ ബോര്‍ഡില്‍ റിസള്‍ട്ട്.

ആകെ വോട്ട്: 340
സുന്ദരന്‍: 203
മാഷ്‌ : 7
ഉല്‍പ്പന്‍: 113
അസാധു: 16

വാട്ട്‌ ദ ഹെൽ!!!

ബോര്‍ഡ് കണ്ടു ഉല്‍പ്പന്‍ ബോധരഹിതനായി കറങ്ങി വീണു. ഉൽപ്പന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്‌ തൊട്ടു പിന്നാലെ മാഷും ബോധരഹിതനായി.

അടുത്ത ദിവസം ബോധം വീണ രണ്ടു പേരേം കാണാന്‍ ചെല്ലുമ്പോള്‍ ഞങ്ങള്‍ കാണുന്നത് രണ്ടു പേരും പേപ്പറില്‍ എന്തോ എഴുതിക്കൂട്ടി കൂലങ്കഷമായി ചിന്തിക്കുന്നതാണ്.

“പ്ലേറ്റെണ്ണിയപ്പോ ജയിച്ചിരുന്ന ഞാന്‍ വോട്ടെണ്ണിയപ്പോ എങ്ങനെ തോറ്റ്” എന്ന് നുമ്മട ഉല്‍പ്പന്‍ ചിന്തിച്ചിരിക്കുമ്പൊ, “ഞാനും എന്‍റെ ഫാമിലീം കൂടാതെ എനിക്ക് വോട്ട് ചെയ്ത ആ മൂന്ന് 'പരമ്പരാഗത വോട്ടുകൾ'‍ ആരുടേതായിരിക്കും?” എന്നാലോചിക്കുവായിരുന്നു മാഷ്‌.

2 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ചോപ്പന്‍ ഉല്‍പ്പനെ മലര്‍ത്തിയടിച്ചു

ഇന്‍ക്വിലാബ് സിന്ദാബാദ്

Unknown പറഞ്ഞു...

sindaaba....sindaaba....njammale kammu simbabva