-->

Followers of this Blog

2014, ഡിസംബർ 18, വ്യാഴാഴ്‌ച

A Note for You

വര്‍ഷങ്ങള്‍ക്ക് മുന്നേ തോന്നിയ ഒരു പ്രണയം ഇപ്പോള്‍ തുറന്നു പറയുമ്പോള്‍ നിന്നില്‍ നിന്ന് വലിയ അത്ഭുതമൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഒരു നിസംഗത നിറഞ്ഞ മൌനം... അതിനറ്റത്ത് “എന്തേ നീ മിണ്ടാത്തെ?” എന്ന ചോദ്യത്തിന് നന്നേ തണുത്തുറഞ്ഞു പോയൊരു ‘നിന്‍റെ ചിരി’. അതിനപ്പുറം നിന്നെ അതിശയിപ്പിക്കുന്ന ഒന്നും എന്നിലോ എന്‍റെ പ്രണയത്തിലോ ഇല്ലാതെ പോയത് അതൊരു സാധാരണപ്രണയമായത് കൊണ്ടാണ്. ഒരു പക്ഷേ, നീ കേട്ടുകേട്ട് മടുത്തു പോയ വാക്കുകളില്‍ ചിലത് ‘നിന്നെ ഞാന്‍ പ്രണയിക്കുന്നു’ എന്നതായിരിക്കാം. ഒരാളുടെ പ്രണയം എത്ര സാധാരണമായിരുന്നാലും അയാള്‍ക്ക് അത് ഏത് ലോകോത്തര പ്രണയത്തേയും വലുതാണ്. പക്ഷെ പലതിലൊന്ന് മാത്രമായി എന്‍റെ പ്രണയത്തെയും നീ കേട്ടു പോകുമോ എന്ന ഒരു ഭയം എനിക്കുണ്ടായിരുന്നു. ഒരു പക്ഷെ ആ ഭയമാണ് ഇത് പറയാന്‍ എന്നെ ഇത്രയും വൈകിച്ച കാരണങ്ങളില്‍ ഒന്ന്.


നിന്നോട് ഇത് പറഞ്ഞു തീര്‍ത്തപ്പോള്‍ കൌതുകത്തോടെ എന്നെ നോക്കുന്ന ഒരു കുട്ടിയെയാണ് നിന്നില്‍ ഞാന്‍ കണ്ടത്. ആ കൗതുകം തന്നെയാണ് നിന്നെക്കൊണ്ട് കുറെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിച്ചത് എന്നെനിക്ക് തോന്നി. ആ ചോദ്യങ്ങളുടെ ഒടുവില്‍ നമ്മള്‍ എത്തി നിന്നത് ഞാന്‍ ഭയന്ന അതെ പോയിന്‍റില്‍ തന്നെ. “ഇത് പോലെ പലരും എന്നോടിങ്ങനെ പറഞ്ഞിട്ടുണ്ട് അത് കൊണ്ടാണ് ഞാന്‍ ഇത്രയും ചോദ്യങ്ങള്‍ ചോദിച്ചത്.” ഇടക്ക് എപ്പോഴോ ഉള്ളില്‍ തെളിഞ്ഞു തുടങ്ങിയ ഒരു നക്ഷത്രം നിന്‍റെ ആ വാക്കുകളില്‍ തട്ടി അടര്‍ന്നു വീണത് ഞാനറിഞ്ഞു. പിന്നെയങ്ങോട്ട് ഒരു വെളിച്ചവുമില്ല. ആ ഇരുട്ടിലൂടെ അങ്ങിനെ നടന്നു പോകുമ്പോള്‍ തിരിഞ്ഞു നിന്ന് നിന്നോട് ഒരിക്കല്‍ കൂടി ഇങ്ങനെ ചോദിക്കണം എന്ന് തോന്നി. “നീ എന്നെ പ്രണയിക്കുമോ?’

അത് ഞാന്‍ ചോദിച്ചത് നേരത്തെ തിളങ്ങിയ നക്ഷത്രത്തിന്‍റെ വെളിച്ചത്തില്‍ ഒരു മിന്നായം പോലെ കണ്ടത് നിന്‍റെ മനസ് ഞാന്‍ തന്നെയാണോ എന്നറിയാനാണ്. ഇന്നും നാളെയും കഴിഞ്ഞ് വീണ്ടും വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകും. അന്ന് ഒരു കോണിലിരുന്ന്‍ ഈ നിമിഷങ്ങള്‍ ഞാന്‍ പെറുക്കിവെക്കുമ്പോള്‍ “ആ മിന്നായം നിന്‍റെ മനസായിരുന്നോ” എന്ന് എന്ത് കൊണ്ട് ചോദിച്ചില്ല എന്ന എന്‍റെ തന്നെ ചോദ്യത്തിന് ഒരു മറുപടി പറയാനാണ് ഞാന്‍ ഇപ്പോള്‍ ഞാന്‍ നിന്നെ തിരിഞ്ഞു നോക്കുന്നത്. പക്ഷെ അതിന് വ്യക്തമായ ഒരു മറുപടി പറയാതെ നീ ഒഴിഞ്ഞുമാറി.

എന്‍റെ ആദ്യപ്രണയത്തിലും അതെ മറുപടിയാണ് എനിക്ക് കിട്ടിയത്. “അത് ശരിയാവില്ല” എന്ന മറുപടി. ആ മറുപടി ഒരു വേട്ടക്കാരനെ പോലെ എന്നെ പിന്തുടര്‍ന്നിരുന്നു. ഒരു പെണ്‍കുട്ടിയോട് പ്രണയം തുറന്നു പറഞ്ഞാല്‍ അടുത്ത നിമിഷം മുതല്‍ ഉള്ളില്‍ ഒരസ്വസ്ഥത നിറയും. അത് ഇല്ലാതാവുന്നത് അവള്‍ ‘അതെ’ എന്നോ ‘അല്ലാ’ എന്നോ വ്യക്തമായ ഒരു മറുപടി പറയുമ്പോഴാണ്‌. അല്ലാത്ത പക്ഷം ഒരവ്യക്തത അവനെ വിടാതെ വേട്ടയാടി കൊണ്ടിരിക്കും. എന്‍റെ ആദ്യപ്രണയത്തിലെ നായിക മറ്റൊരാളെ പ്രണയിക്കുന്നു എന്നറിയുന്നത് വരെ പിന്നില്‍ നിന്ന് പാഞ്ഞു വരുന്ന അസ്ത്രത്തിന്‍റെ സീല്‍ക്കാരം പോലെ ആ അസ്വസ്ഥത എന്നെ പിന്തുടര്‍ന്നിരുന്നു.

ഇപ്പോള്‍ നീ തൊടുത്തു വിട്ടിരിക്കുന്നതും അങ്ങിനെ ഒരസ്വസ്ഥതയാണ്. ആ വേട്ടയാടലില്‍ നിന്ന് രക്ഷപെടാനാണ് നിന്നോട് ഒരു ‘നോ’ പറയാന്‍ ഞാന്‍ പറഞ്ഞത്. പക്ഷെ ഇത് അപക്വമായ ആ കാലമല്ലല്ലോ. നമ്മള്‍ സ്വയം നിര്‍മ്മിക്കുന്ന കാരണങ്ങളെ നിര്‍ദാഷിണ്യം തള്ളിക്കളയാന്‍ പാകത്തില്‍ മനസ് പക്വമായി വളര്‍ന്നു പോയിരിക്കുന്നു. ആ പക്വതയുടെ മണ്ണില്‍ ആഴ്ന്നുപോയ വേരില്‍ നിന്ന് തളിര്‍ത്തത് കൊണ്ടാവാം ഇപ്പോഴും നിന്നോടുള്ള പ്രണയം എന്നെ വിട്ടുപോകുന്നില്ല. ഒപ്പം നിന്‍റെ മറുപടിയിലെ അവ്യക്തതയും.

അങ്ങിനെ ഒരസസ്വസ്ഥയുടെ മുനമ്പില്‍ നിന്നാണ് ഈ കുറിപ്പ് നിനക്ക് ഞാന്‍ എഴുതുന്നത്. ഇത് ഞാനെഴുതുന്നത് നിനക്ക് മാത്രം വായിക്കാനാണ്. നാളെ ഞാന്‍ മരിക്കുമ്പോള്‍ ഒപ്പം പ്രശസ്തി എന്നത് കൂടെ എന്നെ പിന്തുടരുന്നുവെങ്കില്‍ ‘ഇത് നിനക്ക് മാത്രം വായിക്കാനാണ്’ എന്ന വരി നീ അടിവരയിട്ട് വായിക്കണം. ഒരു വെള്ളിക്കാശിനും നീയിത് പകരം വെക്കരുത്. കാരണം നീയല്ലാതെ ഇത് വായിക്കുന്ന ആര്‍ക്കെങ്കിലും ഇതിലെ വാക്കുകള്‍ ഒരുപക്ഷെ മുറിവായേക്കാം. അന്ന് അവരുടെ മുറിവുകളില്‍ ചുംബിച്ച് ക്ഷമചോദിക്കാന്‍ എന്‍റെ ശ്വാസം തിരികെ വരില്ലല്ലോ.

പിന്നെ ഒരു കാര്യം കൂടി. ഇത് നീ ഒരുതവണ മാത്രമേ വായിക്കാവൂ. അതിന് ശേഷം നിനക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരിടത്ത് നീയിത് മറച്ചു വെക്കണം. പിന്നീട് എപ്പോഴെങ്കിലും നിനക്കെന്നെ പ്രണയിക്കാന്‍ കഴിയും എന്ന് തോന്നുമ്പോള്‍ മാത്രം... അപ്പോള്‍ മാത്രം നീ ഇത് ഒരിക്കല്‍ കൂടി വായിക്കണം. അന്നേരം വളരെ ലളിതമായി നിന്‍റെ മനസിലെ മിന്നായം എന്തായിരുന്നുവെന്ന് നിനക്ക് എന്നോട് പറയാന്‍ “ഞാന്‍ ഇന്ന് അത് വീണ്ടും വായിച്ചു,” എന്ന് മാത്രം നീ പറഞ്ഞാല്‍ മതി. അതിന് വേണ്ടി മാത്രം, നീയിത് ഒരിക്കല്‍ മാത്രം വായിക്കുക. ഇനി പറയാന്‍ വാക്കുകളൊന്നും എന്നില്‍ അവശേഷിക്കുന്നില്ല. അതുകൊണ്ട് നിറുത്തുന്നു.

1 അഭിപ്രായം:

ajith പറഞ്ഞു...

നോട്ട് ഫോര്‍ യൂ ആയതുകൊണ്ട് അഭിപ്രായമില്ല, വായിച്ചു