-->

Followers of this Blog

2017, ഏപ്രിൽ 26, ബുധനാഴ്‌ച

രക്ഷാധികാരി ബൈജു: നന്മയുടെ ഒരു കയ്യൊപ്പ്

ഒന്നുകിൽ എവിടെയോ നഷ്ടപ്പെട്ടു പോയ അല്ലെങ്കിൽ നഷ്ടപ്പെടാനിരിക്കുന്ന ഒരു സുഖമുള്ള നൊമ്പരം... അതിനു മുകളിൽ പതിഞ്ഞ നന്മയുടെ കൈയ്യൊപ്പാണ് രക്ഷാധികാരി ബൈജു. ഒറ്റ വാചകത്തിൽ പറഞ്ഞാൽ "ഈ സിനിമ അവസാനിക്കാതിരുന്നെങ്കിൽ" എന്ന് തോന്നിപ്പിച്ച സിനിമ. ഒരു നിമിഷം പോലും അകന്നു പോവാത്ത വിധം ബൈജുവും അയാളുടെ ജീവിതം ചുറ്റി തിരിഞ്ഞു നിൽക്കുന്ന കുമ്പളം ബ്രദേഴ്‌സും അവർ ഒത്തു ചേരുന്ന പറമ്പും പ്രേക്ഷകന്റെ മനസിൽ ഒട്ടി ചേർന്നു നിൽക്കുന്നു. അവരെ തഴുകി നിൽക്കുന്ന സ്വാഭാവികതയിലൂടെ മാത്രം പ്രേക്ഷകനെ ചിരിപ്പിക്കാനും കണ്ണു നനയിക്കാനും ചിന്തിപ്പിക്കാനും ഈ സിനിമയ്ക്ക് കഴിഞ്ഞിരിക്കുന്നു. ധൈര്യമായി ഈ വെക്കേഷന് കുട്ടികളെയും കൂട്ടി പോയി കണ്ടോളു.  അവർക്ക് പകർന്നു നൽകാൻ ഈ സിനിമ മാറ്റി വെക്കുന്ന അനുഭവങ്ങൾക്കൊപ്പം, എവിടെയോ മറന്നു വെച്ച ചിലത് മനസിന്റെ കോണിൽ നിന്ന് പൊട്ടി തട്ടിയെടുത്ത് നിങ്ങളും കൂടുമെന്ന് നൂറു ശതമാനം ഉറപ്പ്. കാരണം, ചെറിയ മതിലും, കുറ്റിക്കാടും നീല പ്ലാസ്റ്റിക് വേലിയും പടർപ്പുമൊക്കെ അതിരു വെച്ച പറമ്പിൽ ഒരുപക്ഷെ ഒരു കാലത്ത് നമ്മളും നിന്നിട്ടുണ്ടാകും എന്നത് തന്നെ. ആ പറമ്പിൽ കളിയും കഴിഞ്ഞ് വിയർത്തൊലിച്ച് വരുമ്പോൾ നമ്മൾക്കൊന്നു ചാരിയിരിക്കാൻ ഒരു മരവുമുണ്ടാകും. ആ  മരത്തിന്റെ വേരിൽ ചാരിയിരുന്ന് ഈ സിനിമ കാണുമ്പോൾ നമ്മളനുഭവിക്കുന്ന സുഖമാണ് ബൈജുവിന്റെ വിജയം.

ഒരു ഗോളാന്തര വാർത്ത എന്ന സിനിമയിലെ ശങ്കരാടിച്ചേട്ടന്റെ ഡയലോഗ് കടമെടുത്താൽ "ബിജു മേനോനെ ഇനി ഞാൻ അഭിനന്ദിക്കുന്ന പ്രശ്നമില്ല" എന്ന് പറയേണ്ടി വരും. അയാൾ ബൈജുവായി ജീവിക്കുകയാണ് ഈ സിനിമയിൽ, മികച്ച തന്മയീഭാവത്തോടെ. രക്ഷാധികാരി ബൈജുവിനെ സിനിമയുടെ പുസ്തകത്തിൽ അടയാളപ്പെടുത്തി വെക്കുന്നതും ബിജുമേനോന്റെ ഈ പ്രതിഭ കൊണ്ടുതന്നെയാണ്. വിജയരാഘവൻ, ഇന്ദ്രൻസ് മുതൽ അലൻസിയർ വരെ പരിചിതമായ മുഖങ്ങൾ വളരെ കുറവെങ്കിലും, ഒരു പുതുമുഖം പോലും അഭിനയത്തിന്റെ കാര്യത്തിൽ പിന്നിലേക്ക് പോയിട്ടില്ല. ചെറിയ സീനുകളിൽ പോലും പൂർണ്ണത കാത്തുസൂക്ഷിക്കുവാൻ സംവിധായകൻ രഞ്ജൻ പ്രമോദിന് കഴിഞ്ഞതും കുട്ടികൾ മുതൽ ബൈജുവിന്റെ ഭാര്യാവേഷം അവതരിപ്പിച്ച ഹന്നാ റെജി വരെയുള്ള പുതുമുഖങ്ങൾ കാണിച്ച മികച്ച പ്രകടനം കൊണ്ടു കൂടിയാണ്. അജുവർഗീസിനെ പ്രണയിക്കുന്ന റോളിൽ അഭിനയിച്ച പെൺകുട്ടിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ദിലീഷ് പൊത്തന്റെ അതിഥി വേഷവും കലക്കി. ആ അതിഥി വേഷത്തിൽ ഞാൻ കാണുന്നത് ഒരു തിരക്കഥാതന്ത്രമാണ്. ഒരു രക്ഷകൻ എവിടെ നിന്നോ വരുമെന്ന മോഹം പ്രേക്ഷകനിൽ ജനിപ്പിക്കുന്ന ഒരു ഗൂഢതന്ത്രം. ഇനിയും സിനിമ കാണാനുള്ളവരുടെ വിധിക്ക് ഞാനതിനെ വിടുന്നു. തമാശയ്ക്ക് വേണ്ടി തമാശ ഉണ്ടാക്കാത്ത ഈ ചിത്രത്തിൽ ഹരീഷ് പെരുവണ്ണയുടെ ഇരുത്തം വന്ന ഹാസ്യവും പ്രത്യേക പരാമർശം അർഹിക്കുന്നു. അല്ലെങ്കിലും ഈ സിനിമയിൽ എല്ലാവരും ചിരിപ്പിക്കുന്നവരും കരയിപ്പിക്കുന്നവരും ഒക്കെയാണ്. അതിന്റെ ക്രെഡിറ്റ് തീർച്ചയായും തിരക്കഥയ്ക്കുള്ളതാണ്.

രഞ്ജൻ പ്രമോദിന്റെ പ്രതിഭയ്ക്കൊത്ത തിരക്കഥ. നല്ല കെട്ടുറപ്പ്, മികച്ച സംഭാഷണങ്ങൾ, കുറിക്കുകൊള്ളുന്ന വരികൾ. അതിനു ചേർന്ന ആത്മാർത്ഥത നിറഞ്ഞ ക്ലൈമാക്‌സും. തൊട്ടാൽ പൊള്ളുന്ന ഒരു ശ്രമമാണ് രഞ്ജൻ ക്ലൈമാക്സിലൂടെ നടത്തിയത്. പക്ഷെ തിരക്കഥയിലും സംവിധാനത്തിലും സമീപനത്തിലും രഞ്ജൻ കാണിച്ച മികച്ച കൈയൊതുക്കം ആ ശ്രമത്തെ വേറിട്ടൊരു സിനിമാനുഭവത്തിലെത്തിച്ചു. അത് തന്നെയാണ് ഈ സിനിമയെ ജീവിതമാക്കിയത്. അതു വിവരിച്ച് ഒരു രസം കൊല്ലിയാകാൻ ആഗ്രഹമില്ലാത്തതിനാൽ ഇനിയും കാണാനുള്ളവർക്ക് വേണ്ടി ഇതും ഞാൻ മാറ്റിവെക്കുന്നു.

ഹരിനാരായണന്റെ വരികളും ബിജിബാലിന്റെ സംഗീതവും സിനിമയോട് ചേർന്ന് നിൽക്കുന്നു. പശ്ചാത്തല സംഗീതം ആവശ്യമുള്ളപ്പോൾ മാത്രം. വേണമെങ്കിൽ പത്തിരുപത് വയലിനും അതിനൊത്ത ചെല്ലോയും ഒക്കെ വാരിവലിച്ചിട്ട്‌ ചങ്കു തകർത്തേക്കാം എന്ന വിചാരമൊന്നും കാണിക്കാതെ മനസ്സിൽ തൊട്ടു നിൽക്കാൻ മാത്രം വേണ്ട മിതത്വം പശ്ചാത്തല സംഗീതത്തിൽ കാണിച്ചിട്ടുണ്ട്.  പ്രശാന്ത് രവീന്ദ്രന്റെ ക്യാമറാക്കണ്ണുകൾ ഒപ്പിയ കാഴ്ചകളാണ് നട്ടെല്ലുള്ള ഈ സിനിമയ്ക്ക് സൗന്ദര്യം നൽകിയത്. കുറെ പാടവും തോടും പറക്കുന്ന പക്ഷികളും ഉദയവും ഒക്കെ കാണിച്ചാലേ നാട്ടിൻ പുറമാകൂ എന്നതിൽ നിന്ന് മാറി, അവിടെയുള്ള ജീവിതങ്ങളിലേക്ക് തിരിച്ചു വെച്ച കാഴ്‌ചകൾ അതിമനോഹരമായി. കൃത്യമായി നിരീക്ഷിച്ചെഴുതിയ ഒരു തിരക്കഥയുടെ പിൻബലം ഉള്ളതു കൊണ്ടാവാമെങ്കിലും സിനിമയുടെ മനസ്സറിഞ്ഞ ഒന്നായി പ്രശാന്തിന്റെ കാഴ്ചകൾ. അങ്ങിനെ ഒരു മികച്ച ടീം വർക്കിലൂടെ ഈ അവധിക്കാലത്തിന്‌ രഞ്ജൻ പ്രമോദ് സമ്മാനിച്ച കുളിരുള്ളൊരു വേനൽ മഴയാണ് രക്ഷാധികാരി ബൈജു.

"എല്ലാവർക്കും അവരവരുടെ മക്കളെ എഞ്ചിനീയറും ഡോക്ടറുമാക്കണം. അതിനു കെട്ടിടങ്ങൾ വേണം, ആശുപത്രികൾ വേണം. രോഗികൾ വേണം. കളിച്ചു നടന്നാൽ രോഗികളുണ്ടാവില്ലല്ലോ, അല്ലേ?" സിനിമയുടെ ആത്മാവലിഞ്ഞു ചേർന്നിരിക്കുന്ന ഈ ചോദ്യത്തിനൊപ്പം ഉയരുന്ന വികസനത്തിന്റെ വെല്ലുവിളിക്കു മുന്നിൽ ഉത്തരങ്ങൾ തേടി രക്ഷാധികാരി ബൈജു  ഒപ്പു വെയ്ക്കുന്നിടത്ത് നിന്നും നമ്മൾ ഇറങ്ങുന്നത് ഈ സിനിമയുടെ തുടർച്ചയിലേക്കാണ്. ആ തുടർച്ചയ്ക്ക് മുകളിൽ പതിഞ്ഞ നന്മയുള്ള, അതി സുന്ദരമായ ഒപ്പാണ് ഈ രഞ്ജൻ പ്രമോദ് ചിത്രം.

2017, ഏപ്രിൽ 22, ശനിയാഴ്‌ച

സഖാവ്: വിരസമായ ഒരോർമ്മപ്പെടുത്തൽ (മൂവി റിവ്യൂ)

ആന, നല്ലവനായ കള്ളൻ തുടങ്ങിയ വിഷയങ്ങളിൽ മലയാളിക്കുള്ള താൽപര്യമാണ് ആ മേഖലകളിൽ ഇടക്കൊക്കെ കേറി സിനിമയെടുക്കാൻ ചിലരെ പ്രേരിപ്പിക്കുന്നത്. അത് പോലെ തന്നെ കേരളത്തിൽ വിറ്റഴിയുന്ന വിഷയമാണ് കമ്മ്യൂണിസം എന്ന തിരിച്ചറിവാണ് സഖാവ് എന്ന സിനിമയുടെ ഇനിയും ഉറച്ചിട്ടില്ലാത്ത നട്ടെല്ല്. "കുഴപ്പമില്ല" എന്ന് ഒരല്പം ശങ്കയോടെ മാത്രം പറയാൻ കഴിയുന്ന ചിത്രം. ലാൽസലാം മുതൽ അറബിക്കഥ വഴി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് വരെ കണ്ടിറങ്ങിയവർക്ക് പുതുതായൊന്നും നൽകാൻ സഖാവിന് കഴിയുന്നില്ല. ഈ സിനിമകളെല്ലാം കൈകാര്യം ചെയ്ത ഓർമ്മപ്പെടുത്തലുകൾ ഒന്നു കൂടി പറയാൻ നടത്തിയ ഒരു ശ്രമമാണ് സഖാവ്. അതും പറ്റാവുന്നത്ര വിരസമായി തന്നെ. പിന്നെ ആരാണ് സഖാവ്? എന്താണ് കമ്മ്യൂണിസം? എന്നിവയ്ക്ക് വാക്കുകൾ കൊണ്ടാമ്മാനമാടി നൽകുന്ന  ഉത്തരങ്ങളുടെ ഒരു കലവറ. അതിനപ്പുറം "നെട്ടൂരാൻ വിളിച്ചത്ര മുദ്രാവാക്യങ്ങളൊന്നും" ഈ സഖാവ് വിളിക്കുന്നില്ല.

നിവിൻ പോളിക്ക് ഒരല്പം വെല്ലുവിളി ഉയർത്തിയെന്നത് ഈ സിനിമയുടെ ഒരു നല്ല ഭാഗമാണ്. സഖാവ് കൃഷ്ണന്റെ യുവത്വം കുഴപ്പമില്ലാതെ പിടിച്ചു നിർത്തിയ നിവിന് പക്ഷെ സഖാവിന്റെ വാർദ്ധക്യം കൈ വിട്ടു പോയി. എങ്കിലും അദ്ദേഹത്തിന്റെ ശ്രമം അഭിനന്ദനാർഹമാണ്. പക്ഷാഘാതം ബാധിച്ചാൽ ചുണ്ടു കോടുമെന്നതും സംസാരം ശ്രമകരമായ അവതരിപ്പിക്കണമെന്നതും കൊച്ചു കൊച്ചു ഡയലോഗുകളിൽ നിവിന് അവതരിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിലും ദൈർഘ്യമുള്ള സംഭാഷങ്ങളിൽ നിവിന് തന്റെ ഉള്ളിലെ നിവിനെ അടക്കി നിർത്താൻ കഴിയാതെ പോയി. എങ്കിലും അദ്ദേഹം തന്റെ ശ്രമങ്ങൾ തുടരട്ടെ എന്നാശംസിക്കുന്നു.

അൽത്താഫിന്റെ തമാശകൾ ഇടക്ക് പൊട്ടുന്നുണ്ടെങ്കിലും സിനിമയ്ക്ക് പൊതുവായുള്ള വേഗതക്കുറവ് ആ തമാശകളെയും നനഞ്ഞ പടക്കങ്ങളാക്കി കളയുന്നു.അഭിനയത്തിൽ ജാനകിയെ അവതരിപ്പിച്ച ഐശ്വര്യ രാജേഷാണ് മികച്ച ഒതുക്കം കാണിച്ചിരിക്കുന്നത്. ഒരു പക്ഷെ നിവിന് നേരെ നോക്കി പഠിക്കാവുന്ന ഒന്നായിരുന്നു ഐശ്വര്യയുടെ പ്രകടനം എന്ന് തന്നെ പറയാം. അപർണ്ണ ഘോഷ് സ്ഥിരം സാമൂഹ്യപ്രവർത്തനവുമായി വന്നത് കൊണ്ട് കാര്യമായി ശ്രദ്ധിക്കേണ്ടി വന്നില്ല. ബാക്കിയുള്ളവരൊക്കെ വലിയ പരിക്കില്ലാതെ തങ്ങളുടെ വേഷങ്ങൾ അവതരിപ്പിച്ചു.

തിരക്കഥ വല്ലാതെ വലിഞ്ഞു നീളുന്നത് കഥ പറയാനുള്ള സിദ്ധാർത്ഥ് ശിവയുടെ കഷ്ടപ്പാടിനെ തുറന്ന് കാണിക്കുന്നു. ഇടതുപക്ഷ സിനിമകളുടെ സ്ഥിരം ചേരുവകളും രംഗങ്ങളും മനസ്സിൽ ഉള്ളതു കൊണ്ടാകും"വാട്ടീസ് നെക്സ്റ്റ്" എന്ന ചോദ്യം ചോദിച്ച് പ്രേക്ഷകൻ വിരലെണ്ണിയിരിക്കുന്നത്. സഖാവിനെ ഗ്ലോറിഫൈ ചെയ്യാൻ വേണ്ടി മാത്രം തുന്നി ചേർത്ത സംഭാഷങ്ങളും സംഭവങ്ങളുമാകട്ടെ വല്ലാതെ മുഴച്ച് നിൽക്കുന്നു. സിദ്ധാർത്ഥ് ശിവ കുറച്ച് സമയം കൂടി കഥയുടെ കൂടെ കുത്തിയിരുന്ന് ആവശ്യമുള്ളത് മാത്രം ചെത്തിമിനുക്കിയെടുത്തിരുന്നെങ്കിൽ കുറഞ്ഞ പക്ഷം ഈ മുഴപ്പുകളെങ്കിലും പരിഹരിക്കാമായിരുന്നു.  പ്രത്യേകിച്ചും ഇത് പോലെ ആവർത്തനമാകുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കഥയ്ക്ക് ഒരുമിനുക്കു പണി വേണ്ടത് അത്യാവശ്യവുമായിരുന്നു. പഞ്ച് ഡയലോഗുകൾ കൊള്ളാം. ഇലക്ഷൻ വരുമ്പോൾ സൈബർ സഖാക്കൾക്ക്  ട്രോൾ ചെയ്യാൻ ഉപകാരപ്പെടും.

ക്യാമറ കാഴ്ചകളും പുതുതായി ഒന്നും നൽകിയില്ല. സൂര്യന്റെ നേരെ പാറിപ്പറക്കുന്ന ചുവന്ന പതാക മുതൽ കണ്ണൻ ദേവൻ പരസ്യകാലം മുതൽ കണ്ടു ശീലിച്ച തേയില തോട്ടങ്ങൾ വരെ എല്ലാം ഒരേ ഫ്രെയിം,ഒരേ കാഴ്ച. താണ്ഡവത്തിന്റെ ചടുലതയും മാർച്ച് പാസ്റ്റിന്റെ ബീറ്റുമായാൽ കമ്യൂണിസ്റ്റ് ഫീലായി എന്നത് കൊണ്ടാകാം സംഗീതവും പശ്ചാത്തല സംഗീതവും പരമ്പരാഗത പാതകൾ കൈവെടിയാതിരുന്നത്. ജാനകി എന്ന കഥാപാത്രത്തിന് ചേരാത്ത പിന്നണി ശബ്ദം: അതെന്തിനായിരുന്നു എന്ന് ഇപ്പോഴും മനസിലാകുന്നില്ല. കുറഞ്ഞ പക്ഷം ജാനകിക്ക് ലിപ്സ് കൊടുക്കാതെ ആ പാട്ടിനെയങ്ങ് വെറുതെ വിടാമായിരുന്നു. അങ്ങിനെയെങ്കിൽ ആ കല്ലുകടി ഒഴിവാക്കാമായിരുന്നു. സ്കൂൾ നാടകങ്ങൾക്ക് ചെറിയൊരു വെല്ലുവിളി ഉയർത്തിയ ഒന്നായി മെയ്ക്ക് അപ്പ്. അല്ലെങ്കിൽ മുടി നരപ്പിച്ചാൽ മാത്രം മതി പ്രായം കൂട്ടാൻ എന്ന ചിന്തയുമായി മെയ്ക്കപ്പ് മാൻ നിവിനെ പ്രേക്ഷകരുടെ മുന്നിലേക്ക് തള്ളി വിടില്ലായിരുന്നു. അതെ പോലെ തന്നെ മുടി സെറ്റ് ചെയ്തതാകട്ടെ ഒറ്റനോട്ടത്തിൽ തന്നെ കൃത്രിമമായി തോന്നുന്ന വിധത്തിലും.

ക്ലൈമാക്സ് അപ്രതീക്ഷിതമല്ലെങ്കിലും സംഗതി ഒരു കണക്കിന് ദോഷം പറയാത്ത വണ്ണം ഒപ്പിച്ചിച്ചെടുത്തിട്ടുണ്ട്. പക്ഷെ ആ പ്രായമായ മനുഷ്യനെ കൊണ്ട്, അതും പക്ഷാഘാതം വന്ന ഒരാളെ കൊണ്ട് ഒരു പറ്റം ഗുണ്ടകളെ ഒക്കെ മലർത്തിയടിപ്പിക്കണമായിരുന്നോ? ആ ഫൈറ് സീനിൽ അടിക്കുന്നത് സഖാവാണോ രജനീകാന്താണോഎന്ന് പ്രേക്ഷകൻ അറിയാതെ ചോദിച്ചു പോകും വിധം അവിശ്വസനീയമായ സ്റ്റണ്ട്. 'സഖാവിന്റെമനക്കരുത്ത്' എന്നൊക്കെ  പറഞ്ഞ്  തടിതപ്പാമെങ്കിലും ഈ മനക്കരുത്തിനും ഒരു പരിധിയൊക്കെയില്ലേ? ഇങ്ങനെ ചില അതിശയോക്തികളൊക്കെ നിരത്തി വെച്ചതും സഖാവിന് വിനയാകുന്നുണ്ട്. എന്തായാലും സംഗതി സിനിമയുടെ പേര് സഖാവ് എന്നായതു കൊണ്ടും സിനിമ ഇടത് രാഷ്ട്രീയമായതു കൊണ്ടും സഖാവ് ബോക്സ്ഓഫീസിൽ മൂക്കു കുത്തി വീഴില്ല. അതിന് കേരളത്തിന്റെ ഇടതുപക്ഷ സ്നേഹം തന്നെ ഗ്യാരണ്ടി. എങ്കിലും ഒരു ചോദ്യം രാഷ്ട്രീയമായി അവശേഷിക്കുന്നു.

"കാറ്റ് ഇടത്തോട്ട് വീശുന്ന സമയം നോക്കി സിനിമയുടെ പരസ്യനോട്ടീസിൽ പൊതിഞ്ഞു വിൽക്കാനുള്ള ചൂടുകപ്പലണ്ടിയാണോ സർ ഈ കമ്യൂണിസം എന്ന് പറയുന്നത്?” ഈ ചോദ്യം സിനിമാക്കാരോട് മാത്രമല്ല, ഇത്തരം സിനിമകളുടെ റോഡ് ഷോയ്ക്ക് കൊടിവീശുന്നവരോടും കൂടിയുള്ളതാണ്.