അലഞ്ഞുപോകുന്നവന്റെ ത്വരയില്ലാതെ...തീര്‍ത്ഥാടകന്റെ വിശുദ്ധിയില്ലാതെ...കാല്പാടുകള് മാഞ്ഞ വഴികളിലൂടെ...
Followers of this Blog
2009, ജൂൺ 30, ചൊവ്വാഴ്ച
നക്ഷത്രമേ...
നീ മിഴികളടയ്ക്കരുത്
അതിലെന്‍ സ്വപ്നവും പ്രണയവുമുണ്ട്
നിന്റെ മിഴിനീര്‍ത്തുള്ളികള്‍
വീണുടയരുത്
അതില്‍ ഞാന്‍ ജീവിച്ചു കൊള്ളട്ടെ.
2009, ജൂൺ 26, വെള്ളിയാഴ്‌ച
കണ്ണുകളാവുന്നവര്‍...
കൃഷ്ണമണി കീറിത്തുളച്ച ചില്ലിന്‍ മുന,
ജീവന്റെ പകലൊട്ട് ദൂരമവശേഷിക്കേ-
പാതിവഴി തമസ്സിന്റെ തീരത്ത് തള്ളിയെന്‍
പകലുകള്‍ കൊണ്ടെങ്ങോ മാഞ്ഞുപോയി,
ഈ രാവേറെ നേരത്തേയെത്തി.
കണ്ണുകളുടഞ്ഞ ചെറു കുരുവിയെ പോലെയീ-
പകലിനും രാവിന്നുമൊരു നിശാഗന്ധമതി-
ലൊരു പൊട്ടുവെട്ടത്തിനായ് നേര്‍ത്ത് കേഴുമെന്‍
ഇടനെഞ്ച് പൊട്ടിയൊഴുകുന്നു പുഴയായ്,
അതിന്‍ തീരത്ത് നീ വന്നിരുന്നു
മിഴികളിലിരുട്ടു പടരുന്നതൊരു പിഴയല്ല-
ഇരുളും കറുപ്പല്ല, നന്നെ വെളുത്തതാം,
മനസ്സിന്റെ വാതിലുമിറുക്കേയടച്ചതി-
ല്ലിരുളാക്കി മാറ്റുന്നതാണു പാപം;
പക്ഷെ, യിരുളിന്നു നീ കൂട്ടിരുന്നു.
മസ്തമന ശോണിമയും ശലഭവര്‍ണ്ണങ്ങളും
നീയെന്റെയാത്മാവില്‍ നട്ട തരു ഭാവനാ-
ശിഖരത്തില്‍ കൂട് കൂട്ടുന്നു മെല്ലെ-
കുഞ്ഞു ലോകമീ കൂട്ടിലണയുന്നു.
നീയെന്നതൊരു കൊച്ചു മെഴുകുതിരി വെട്ടമാ
ണതിലഞ്ഞീടാത്ത നൈരാശ്യമില്ല ശത-
കോടി ദുഖങ്ങള്‍ തന്‍ നോവില്ല, നീ തന്ന-
പ്രണയമാണീ തുണ്ടു വെട്ടം.
അതു തെളിയിച്ചൊരാളെന്റെ ദൈവം.
കണ്‍ടു തീരാതങ്ങ് തീര്‍ന്നുപോയ് മഴവില്ലു-
മരുവിയും പൂക്കളും ചിരികളും മാഞ്ഞുപോ-
യിനി നിന്റെ മിഴിയിണയിലാണെന്റെ കാഴ്ച നിന്‍-
മിഴിയിലെന്‍ മിഴിചേര്‍ത്ത് വെയ്പ്പൂ.
നിന്റെ മടിയിലെന്‍ ജീവനലിയിപ്പൂ.
[ജീവിതത്തിനിടയ്ക്ക് വെച്ച് വെളിച്ചം മങ്ങിപ്പോയ നിനക്ക്,
നിന്റെ ഇരുട്ടിനെ മായ്ച്ച് തിരികൊളുത്തിയ പെണ്‍കുട്ടിക്ക്,
നിങ്ങളൊരുമിച്ച് തുടങ്ങിയ യാത്രയ്ക്ക്,
എല്ലാവിധ ആശംസകളും ഈ വരികളും.]
2009, ജൂൺ 24, ബുധനാഴ്‌ച
ചെറായി മീറ്റ് ഗീതം
മസ്കറ്റിലിരുന്നു ജയേട്ടന്‍ വരികളെഴുതുന്നു, റായ്പൂരിലിരുന്നു പണിക്കരുമാഷും, ഇവിടെയീ ദുഫായിലിരുന്നു ഞാനും അതിന്റെ സംഗീതത്തെക്കുറിച്ച് ചിന്തിക്കുന്നു, അമ്മേരിക്കയിലിരുന്നു കാപ്പുവും, പിന്നെയാചാര്യനും ഇതിനുപിന്നില്‍ ഓടി നടക്കുന്നു, ലോകത്തിന്റെ മറ്റൊരു കോണില്‍, ചെറായില്‍ ഇതാലപിക്കുന്നു. ഇതാണു ഈ ബൂലോകത്തിന്റെ സത്ത. ആശയങ്ങളിലും, വീക്ഷണകോണുകളിലും, സംഘട്ടനമോ, സമദൂരമോ ഉണ്‍ടെങ്കിലും ബൂലോകമെന്ന ഒറ്റയാശയം രാജ്യത്തിന്റെയോ മനസിന്റെയോ ആശയങ്ങളുടെയോ അതിരുകളെ മായ്ച്ച് ലോകത്തെ ഒറ്റയൊരു ഭൂചിത്രത്തില്‍ നിര്‍ത്തുന്നു. ജൂലൈ 26നു ചെറായില്‍, ശരീരത്തേക്കാളുപരി, മനസു കൊണ്ടവിടെ ഒത്തുചേരുന്നവരായിരിക്കുമധികവും. എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും. ഒപ്പം, ജയേട്ടനും, കാപ്പുവിനും, ആചാര്യനും നന്ദിയും, പണിക്കര്‍മാഷ്ക്ക് അഭിനന്ദനങ്ങളും.
1. രചന: ജയകൃഷ്ണന്‍ കാവാലം സംഗീതം, ആലാപനം: ഡോ. എന്‍.എസ്. പണിക്കര്‍
|
2. രചന: ജയകൃഷ്ണന്‍ കാവാലം സംഗീതം, ആലാപനം: അരുണ്‍ ചുള്ളിക്കല്‍
|
2009, ജൂൺ 22, തിങ്കളാഴ്‌ച
എന്റെ കോളേജ് കവിതകള്‍
കണ്‍സഷന്‍ കാര്‍ഡിലേക്കുള്ള കഴുകന്‍ നോട്ടവും
കറുത്ത ബാഗില്‍ ചിതറിവീണ നാല്‍പത് പൈസയും
കണ്ടക്ടറുടെ അവജ്ഞയും
ഞാന്‍ സഹിച്ചത്
നിന്റെ വിയര്‍പ്പിന്‍ ഗന്ധവുമേറ്റ്
പിന്നില്‍ ചാരിനില്‍ക്കാനല്ലായിരുന്നെങ്കില്‍
പിന്നെയെന്തിനാണ്?
സോഷ്യല്‍
ഇന്നലെ ഇതിലേ പോയവരുടെ
കാലടികള്‍ മാഞ്ഞ വഴിയിലൂടെ
എന്റെ പുതിയ യാത്രകള്‍ക്ക്
തിരി കൊളുത്തവേ
പ്രണയമരത്തിന്റെ ചുറ്റില്‍
ചിതറി വീണുറങ്ങിയ
മഞ്ഞപ്പൂക്കളുടെ ഗന്ധം മാഞ്ഞിരുന്നില്ല.
കാന്റീന്‍
ചുടുകടുപ്പന്‍ കാപ്പിയുടെ ഉറക്കമില്ലായ്മയില്‍
വായിച്ചു തള്ളിയ വിപ്ലവങ്ങള്‍.
നീയെന്നിലേക്ക് ചാരിയിരുന്നു,
ചായക്കോപ്പയിലെ ചൂടാറ്റിയത്.
പരിപ്പുവടയില്‍ നിന്നടര്‍ന്നു മാറിയ
കറിവേപ്പിലയും പച്ചമുളകും,
തിങ്കളാഴ്ചയ്ക്ക് തണുത്തുപോയ
മത്തിപൊരിച്ചതും,
എന്‍സിസി ബൂട്ടിനടിയില്‍
ചതഞ്ഞരഞ്ഞ മുട്ടക്കറിയും പൊറോട്ടയും,
പുകപരത്തിയൊരു ബസ് വരും മുന്‍പേ
കടിച്ചു പിടിച്ചൊരു കുറ്റിബീഡിയും.
ഗ്രാമര്‍ ക്ലാസ്
ആദ്യമേ നീ നല്‍കിയ ഉറക്കങ്ങള്‍ക്ക് നന്ദി..
പ്രണയമില്ലാത്ത വ്യാകരണത്തിന്റെ
ദിത്വസന്ധിയെ പ്രണയിച്ചു ഞാന്‍
ചേരുമ്പോളിരട്ടിക്കുന്ന നിന്‍
ചുംബനത്റ്റിന്റെ മധുരവും
സമരം
മരവിച്ചുപോയ ഇടിനാദങ്ങള്‍
പിളര്‍ന്നു തീര്‍ന്നുപോയ കടലുകള്‍
കുരച്ചു തളര്‍ന്ന രക്തപ്പട്ടികള്‍
ക്ളീഷെകളായ് പോയ
സ്വാതന്ത്ര്യവും, സമത്വവും
സാഹോദര്യവും, പിന്നെ
പഴകിയുറഞ്ഞൊരു പുരോഗമനവാദവും.
ഇലഞ്ഞിമരം
നീ പൂത്തതും കായുതിര്‍ത്തതും
ഇലപൊഴിഞ്ഞൊരു ഫെബ്രുവരിയില്‍
തലതാഴ്ത്തി നിന്നു യാത്ര മൊഴിഞ്ഞതും
തരളമെന്‍ പ്രണയ മര്‍മ്മരങ്ങള്‍ക്ക്
തണലായ് നിന്നതും...
നിന്റെ ചോട്ടിലിരുന്നു
പറയാതെയും പറഞ്ഞും പോയ
പ്രണയങ്ങളെത്ര?
[ടി.സി. വാങ്ങിപ്പോയതിന്റെ പിറ്റേന്ന് ശൂന്യമായ കോളേജിന്റെ ഇടനാഴിയിലിനുന്നപ്പോള്‍ കുറിച്ച് വെച്ചത്]
2009, ജൂൺ 21, ഞായറാഴ്‌ച
വാര്‍ഷികാഘോഷ മഹാമഹങ്ങള്‍
ബ്ലോഗനനുസ്മരണവും
കൊല്ലല്‍ വര്‍ഷം 2009, മുടിഞ്ഞമാസം 16(അടിയന്തിരത്തി)നു
ബ്ലോഗര്‍ നഗര്‍, ഗൂഗിള്‍ പി.ഓ-8706637
മാന്യമഹാ ബ്ലോഗന്മാരെ ബ്ലോഗികളെ,
പോസ്റ്റുകളുടെ കൂട്ടപ്പൊരിച്ചിലും, കമന്റിലെ കൂട്ടത്തല്ലും കടന്നു പോയൊരു വര്‍ഷത്തിന്റെ അത്ര മെച്ചമൊന്നുമല്ലാതൊരോര്‍മ്മയുമയവിറക്കി, ബ്ലോഗറിന്റെ കുളിര്‍മയും പേറിയിതാ ആ സുദിനം വന്നണഞ്ഞു. ബ്ലോഗന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് പോസ്റ്റിടുകയായി. ബ്ലൊഗനുസ്മരണം 2009 -ലേക്ക് കമന്റിടാന്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും സ്വാഗതമരുളുന്നു.
കാര്യപരിപാടികള്‍
രാവിലെ 9 നു : പോസ്റ്റുയര്‍ത്തല്‍ (പൊതുവായിട്ട് ഒരെണ്ണമോ, ഓരോരുത്തര്‍ക്ക് അവരവരുടെ പറമ്പിലോ ഓരോ പോസ്റ്റുവീതം ഉയര്‍ത്താവുന്നതാണു.)
10 മണിക്ക് : കാണാപോസ്റ്റ് (വാര്‍ഷികപോസ്റ്റുയര്‍ത്തിയത് ചിന്തപറമ്പില്‍ നിന്നും അഗ്രഗേറ്റര്‍ ജംഗ്ഷനില്‍ നിന്നും എത്തിനോക്കി കണ്‍ടുപിടിക്കല്‍. പോസ്റ്റിടുന്നയാള്‍ തന്നെ ഇതാദ്യം ഉറപ്പു വരുത്തേണ്ടതാണു)
11 മണിക്ക് : ലിങ്കെറിയല്‍ (ചാറ്റ്, ഈ മെയില്‍ വഴി ഏറിയുന്ന ലിങ്കുകള്‍ പെറുക്കി ബ്രൌസറില്‍ തൂക്കണം. ആദ്യം ലിങ്കുമായെത്തുന്നയാള്‍ സമ്മാനമായി ഒരു തേങ്ങ കിട്ടുന്നതും അത് പോസ്റ്റിനു താഴെ തന്നെ ഉടക്കേണ്ടതുമാണ്.)
12 മണിക്ക് : സ്മരണിക പ്രകാശനം (ഇതു വരെ കാട്ടിക്കൂട്ടിയത് മുഴുവന്‍ ഒറ്റപ്പോസ്റ്റില്‍ ഉള്‍ക്കൊള്ളിക്കുന്ന സാഹസിക പരിപാടി)
ഉച്ചതിരിഞ്ഞു 2 മണിക്ക്: കണ്ണുകെട്ടി കമന്റടി (സ്മരണിക ഫുള്ളായി വായിക്കാന്‍ സമയമില്ലാത്തവര്‍ മാത്രം പങ്കെടുക്കുക)
3 മണിക്ക് : കമന്റ് പെറുക്കല്‍ (പോസ്റ്റിറുന്നവര്‍ക്ക് മാത്രം. ഏറ്റവും കൂടുതല്‍ കമന്റു കിട്ടുന്നവരെ വിജയിയായി പ്രഖ്യാപിക്കും. എന്തൊന്നിത് വാരിഷിക റിയാലിറ്റി ഷോയാ)
4 മണിക്ക് : ചര്‍ച്ചാക്ളാസുകള്‍
1. ഒരു പണിയുമില്ലാത്തപ്പോള്‍ എങ്ങിനെ വാര്‍ഷികപോസ്റ്റിടാം
2. ഏതു സമയത്ത് വാര്‍ഷികപോസ്റ്റിടാം
തുടങ്ങിയ വിഷയങ്ങളേ ഉള്‍ക്കൊള്ളിച്ച് ബ്ലോഗനര് അനിലര്, ബ്ലോഗനര് പറമ്പിലാനര്, ബ്ലോഗനര് കുന്നങ്കുളര് എന്നിവര്‍ സംസാരിക്കുന്നു.
വൈകീട്ട് നാലിനു : ആശംസപ്രസംഗം (വഴിയേ പോകുന്ന ആര്‍ക്കും ആശംസകള്‍ അര്‍പ്പിക്കാവുന്നതാണു)
വൈകീട്ട് അഞ്ചിനു: മറുപടി പ്രസംഗം (സ. വാര്‍ഷികന്‍ എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചു സംസാരിക്കുന്നു. തന്നെ ഈ വഴിക്കു പിഴപ്പിച്ചവന്മാരെയും ഇത്തരുണത്തില്‍ സ്മരിക്കുന്നതാണു)
തുടര്‍ന്നു, കലാപരിപാടികള്‍ (തന്റെ തന്നെ ചില പോസ്റ്റുകളിലെ ലിങ്കുകള്‍ ആരും വായിക്കരുതെന്ന ഉദ്ദേശ്യത്തോടെ ഉള്‍ക്കൊള്ളിക്കുന്ന കലാപരിപാടി.)
ഏവര്‍ക്കും സ്വാഗതം
NB: പോസ്റ്റില്‍ മാറ്റം വരുത്താന്‍ സ. വാര്‍ഷികനു അവകാശമുണ്ടായിരിക്കുന്നതാണു
വാര്‍ഷികപോസ്റ്റിട്ടവരെ കളിയാക്കനല്ല കേട്ടൊ. അടുത്തടുത്ത് വാര്‍ഷികപോസ്റ്റ് കണ്ടപ്പോളൊന്നു തോണ്‍ടാമെന്നു കരുതി. തോണ്‍ടണമെന്നെയുള്ളു. ചൊറിയണമെന്നില്ല. എല്ലാവാര്‍ഷികന്മാര്‍ക്കും ഒറ്റവാക്കില്‍ "ആശംസകള്‍"
കടപ്പാട്: മദ്യപാനാഘോഷം എന്നപേരില്‍ വന്ന ഈ മെയില്‍.
2009, ജൂൺ 16, ചൊവ്വാഴ്ച
തുമ്പിച്ചിറകുകള്‍
ച്ചിറകീ വഴിയേ പോകുന്നു
ചിറകില്‍ പൊടിയും രുധിരം നുകരു-
മെറുമ്പിന്‍ വരികള്‍ നീളുന്നു.
ആരുടെ വഴികളിടയ്ക്കു മുടക്കി
ജടായു കണക്കേ പറന്നൂ നീ?
ആരുടെ കയ്യിലിരുന്നു പിടഞ്ഞി-
ട്ടേതൊരു മാനം കാത്തു നീ?
മണ്ണിനും നിന്‍ ചെറുവിണ്ണിനുമിടയില്‍
വീശി നിറച്ചൊരു വര്‍ണ്ണവുമായ്
പാറിനടക്കാന്‍ ചിറകുകള്‍ നല്‍കി-
പ്പോയൊരു ദൈവം ഈ വഴിയെ.
ആരുടെ കല്ലുകള്‍ കാലിലിറുക്കീ-
ട്ടേന്തിവലിഞ്ഞു പറന്നീലാ?
ആരുടെ കല്ലാം മനസ്സിലുദിച്ചു നിന്‍-
ചിറകുകളരിയണമെന്ന വിധി?
ചോരമണത്ത് വരുന്നുണ്ടിതിലേ
ചോണനുറുമ്പുകളൊരു കൂട്ടം
മരിച്ചു തുടങ്ങിയ നിന്റെ ശരീരം
കീറി മുറിഞ്ഞു പിടയ്ക്കേണം.
എന്നുടെ കവിത നടന്നൊരു വഴിയില്‍
തണലായ് നളിനദലം പോല്‍ നിന്‍
ചിറകു വിരിച്ചതും വര്‍ണ്ണക്കൂട്ടുകള്‍
വാരിയെറിഞ്ഞതുമിന്നോര്‍ക്കേ,
അവസാനത്തിന്‍ ശ്വാസം അണയും-
മുന്‍പേ നിന്നുടെ പ്രാണനെയെന്‍,
കാലുകള്‍ നീട്ടിയരപ്പൂ നിന്നെ-
ചോണന്‍ കീറി മുറിക്കാതെ.
ദയയല്ലാത്തൊരു ദയയാണതു നിന്‍-
ചിറകു മുറിഞ്ഞൊരു വേദനയും,
ചോണന്‍ കടിയുടെ നൊമ്പരവും,
ഒട്ടൊരു മാത്രയിലണയട്ടെ.
ചിറകുകളറ്റൊരു കൃമിയെന്നോണം
അകലത്താ വഴിയരികിലൊരു-
കരിയില കൊണ്ടൊരു മൃതിയുടെ കച്ച-
പുതച്ച് മയങ്ങുക നീ തുമ്പി...
2009, ജൂൺ 15, തിങ്കളാഴ്‌ച
മരണത്തെക്കുറിച്ച് വായിക്കുമ്പോള്
ഇതിലെന്ത് മഹത്വം?. ഒരു ചുക്കുമില്ല. ശരിയാണു ഒരു ചുക്കുമില്ല. വാഴക്കോടന്റെ കത്തോ, കിച്ചുവിന്റെ ഓര്‍മ്മപ്പെടുത്തലോ വായിച്ചിട്ടു ഞാനൊരു കമന്റുമിട്ട് പോകുന്നു. എപ്പൊ വേണമെങ്കിലും എന്നെതിരഞ്ഞു കടന്നു വരാവുന്ന മരണം. അതേക്കുറിച്ചെഴുതുമ്പോള്‍ എന്റെ കൈ വിറക്കുന്നു. അവനവന്റെ മരണത്തെക്കുറിച്ചെഴുതുക അത്ര സുഖമുള്ള ഏര്‍പ്പാടല്ല എന്നാണു എനിക്കു തോന്നുന്നത്. ഇതു വായിക്കുന്ന എന്നൊടടുത്തു നില്‍ക്കുന്നവര്‍ക്കും ഇതത്ര സുഖമുള്ള സങ്കല്പമല്ല. എങ്കിലും വിചാരിക്കുന്നു. ആ അവിചാരിതമായ സംഭവതില്‍ തട്ടി ഞാന്‍ വീണു പോകുന്നു എന്നും എന്റെ മരണമറിയുന്ന ഏതെങ്കിലും ഒരു ബ്ളോഗര്‍ അതേ പറ്റി എഴുതുന്നു എന്നും നിനയ്ക്കു. അങ്ങിനെ വരുമ്പോള്‍ എന്റെ മൃത്യുവിനു ആലങ്കാരികമായി ഒരു പദം കൂടി വന്നേക്കാം. അതിനെ മുന്നില്‍ ചേര്‍ത്ത് ‘യാദൃശ്ചികം’ എന്നു പറഞ്ഞു ബൂലോകത്ത് ജനിക്കുന്ന പോസ്റ്റ്. മരണത്തേക്കുറിച്ച് പറഞ്ഞിടത്ത് കമ്ന്റിട്ടുപോയിട്ട് ഞാന്‍ മരണത്തിനു കീഴടങ്ങുന്നു എന്നതാണു അതിന്റെ യാദൃശ്ചികത. അങ്ങിനെ വെറുതെ മരിക്കേണ്ടുന്ന ഞാന്‍ ‘യാദൃശ്ചികമായി മരിക്കുന്നു’.
സംഗതി അഥവാ മഹത്വം തുടങ്ങുന്നത് അവിടെ നിന്നാണു. ഞാന്‍ പറഞ്ഞ ആശാവഹമായ കാര്യം. അതാണു എന്റെ മരണത്തെപ്പറ്റിയുള്ള ആരെങ്കിലും എഴുതുന്ന എഴുത്ത്. എത്രപേര്‍ വന്‍കരകളിലും കടലിലുമായി പരന്നു കിടക്കുന്ന ഭൂമിയില്‍ കോടിക്കണക്കിനു കോണുകളിലായി, അനുനിമിഷം നിത്യമായ വിട പറഞ്ഞു പോകുന്നു? അതില്, എത്ര പേരുടെ മരണം എഴുതപ്പെടുന്നു? അതില്‍ എത്ര എഴുത്തുകള്‍ നമ്മെ ചിന്തിപ്പിക്കുന്നു? എന്റെ മരണത്തെ പറ്റി ചിന്തിക്കപ്പെടുന്ന ഒരു എഴുത്തുണ്ടാകുമ്പോള്‍, ദുഃഖത്തിനപ്പുറം നിന്നു ഞാന്‍ സന്തോഷിക്കുകയാണു.
അങ്ങിനെ ചരിത്രത്തില്‍ സംഭവിക്കുന്നതിതാദ്യമായല്ല. "A glory has departed and the sun that warmed and brightened our lives has set and We shiver in the cold and dark"-ഗന്ധിജിയെ അനുസ്മരിച്ച് നെഹ്രു നടത്തിയ ചരമപ്രഭാഷണം. ഇങ്ങനെ മറഞ്ഞു പോകുന്നവര്‍ ബാക്കി വെക്കുന്ന ചിന്തകള്‍ അനുസ്മരിക്കുന്ന എത്ര കൃതികള്‍, വിലാപകാവ്യങ്ങള്‍. 1637-ല്‍ പുറത്തിറങ്ങിയ, ജോണ്‍ മില്‍ട്ടന്റെ പ്രസിദ്ധമായ കാവ്യം, ലിസിഡാസ്, തന്റെ സഹപാഠിയായിരുന്ന എഡ്വേഡ് കിംഗിന്റെ ചരമത്തില്‍ നിന്നുയിര്‍കൊണ്ട വിലാപകാവ്യമാണു. കേംബ്രിജില്‍ തന്നോടൊപ്പം പഠിച്ചിരുന്ന കിംഗ് ഒരു കപ്പലപകടത്തിലാണു മരിക്കുന്നത്. തന്റെ സുഹൃത്ത് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിപ്പോയൊരിടയനാണു എന്നു മില്‍ട്ടണ്‍ എഴുതുന്നു. ജോണ്‍ കീറ്റ്സ് മരണപ്പെട്ട ശേഷം അദ്ദേഹത്തെ അനുസ്മരിച്ച് 1821-ല്‍, ഷെല്ലി എഴുതിയ വിലാപകാവ്യമാണു അഡോണൈസ്. ഒരു പക്ഷേ ഷെല്ലിയുടെ ഏറ്റവും മുകച്ച കൃതിയെന്നു (Ode to West Wind-നെ സ്മരിച്ചു കൊണ്ട് തന്നെ) എനിക്ക് തോന്നിയിട്ടുള്ളതാണു ഈ കവിത. ജീവിതമെന്ന സ്വപ്നത്തില്‍ നിന്നുണര്‍ന്നെഴുന്നേറ്റതാണു കീറ്റ്സ് എന്നു ഷെല്ലി പറയുന്നു. നമ്മള്‍ക്കു മാത്രമേ കീറ്റ്സ് കലുഷമായ കാഴ്ചകളില്‍ മറഞ്ഞു പോകുന്നുള്ളു.
ചങ്ങമ്പുഴയുടെ രമണന്‍. തന്റെ സുഹൃത്തായിരുന്ന ഇടപ്പിള്ളി രാഘവന്‍പിള്ളയുടെ മരണത്തില്‍ ദുഃഖിതനായി എഴുതിയ മലയാളത്തിലെ ഏറ്റം മികച്ച വിലാപകാവ്യം. കേംബ്രിജിലേ, സുഹൃത്തായിരുന്ന ഹെന്‍റി ഹലാമിനെ അനുസ്മരിച്ച് ടെന്നിസന്‍ എഴുതിയ ഇന്‍ മെമോറിയാം, അങ്ങിനെ നീണ്ടു പോകുന്ന കൃതികള്‍. ഇതില്‍ നമ്മുക്കെന്തു കാര്യം? കീറ്റ്സും കിങും, രാഘവന്‍ പിള്ളയും, ഹലാമും എവിടെ നില്‍ക്കുന്നു, ഈ അരണ്ട വെളിച്ചത്തില്‍ ഞാനെവിടെ നില്‍ക്കുന്നു.
അങ്ങിനേ പ്രശസ്തരല്ലാത്തവരെക്കുറിച്ച്, തോമസ് ഗ്രേയ് "കന്‍ട്രി ചര്‍ച്യാര്‍ഡ്" എഴുതിയിട്ടില്ലേ". ഉവ്വ് ഉണ്ട്. ശെരിതന്നെ. അങ്ങിനെ അവര്‍ക്കൊപ്പം തോളോടു തോള്‍ വെക്കാതെ ഞാനും നില്‍ക്കുന്നു. എന്നെക്കുറിച്ചും എഴുതപ്പെട്ടിരിക്കുന്നു, അതിബൃഹത്തായ ലോകസമചാരത്തിന്റെ ഒരു ചെറിയ മൂലയില്‍ എന്ന ഭാവത്തില്‍. അതു വായിച്ച് ആളുകള്‍ മരണമെന്ന ക്ഷണിക്കപ്പേടാത്ത അതിഥിയേ അല്ലെങ്കില്‍ ക്ഷണിച്ചിട്ടും വരാത്തവനേ ഓര്‍ത്ത് കുണ്ഡിതപ്പെട്ടിരിക്കുന്നു. ചിലര്‍ ദുഃഖിക്കുന്നു. ചിലര്‍ അതിഘോരമായ ചിന്തയ്ക്കടിപ്പെടുന്നു. എന്റെ മരണം ചിന്തയ്ക്ക് വിഷയമാകുന്നു.സാധാരണമായ, വെറും വെറും സാധാരണമായ എന്റെ മരണം അങ്ങിനെ സാധാരണത്വത്തിലും ചെറിയൊരു അസാധാരണത്വം ഉണ്ടാക്കിയിരിക്കുന്നു. അതാണു ഞാന്‍ പറഞ്ഞ ഗുട്ടന്‍സ്. മനസിലായോ, ആശാവഹമായ ഈ ഗുട്ടന്‍സ് എന്നെ മഹാനാക്കുന്നില്ലെ? കുറഞ്ഞപക്ഷം ഇതു പോലൊന്നു കീറ്റ്സിനെയും ഗാന്ധിജിയേയും രാഘവന്‍ പിള്ളയേയും പറ്റിയെഴുതിയിരിക്കുന്നു എന്നെനിക്ക് അഹങ്കരിക്കാം. “Death is the most commoner”.
ലോകമായ ലോകമൊന്നും എന്നെ അറിയുന്നില്ല. ഈ കൊച്ചു കോണില്‍ എന്നെ അറിയുന്നവര്‍ പോലും തുച്ഛമായിരിക്കെ, ഈ ഭൂലോകത്ത് എന്തു കാണാന്‍?. അല്ലെങ്കില്‍ തന്നെ അറിഞ്ഞിട്ടും അറിയാത്ത എത്രപേരീ ലോകത്തിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ബഷീര്‍ അനുസ്മരണത്തിനു വന്ന എത്രപേരുടെ ബ്ളോഗുകളും ചിത്രങ്ങളും ഞാന്‍ കണ്ടിരിക്കുന്നു. എങ്കിലും അവരൊക്കെ തീര്‍ത്തും അപരിചിതരായി എന്റെ മുന്നിലൂടെ തെക്കു വടക്കു നടന്നു. ആര്‍ക്കും ആരെയും അറിയില്ല, എന്നാല്‍ എല്ലാവരും എല്ലാവരെയും അറിയുന്നു. വാഴക്കോടന്റെ സുഹൃത്തിനേയോ, കിച്ചു പറഞ്ഞ നസ്രുദീനെയോ എനിക്കറിയില്ല, എങ്കിലും അവരെക്കുറിച്ചെഴുതിയ വാക്കുകളിലൂടെ ഞാനറിയുന്നു. അങ്ങിനെ അറിയാതെ അറിഞ്ഞവരുടെ ഇടയില്‍ ചുമ്മാ ഒരൊര്‍മ്മപ്പെടുത്തലോ, ഓര്‍മ്മയോ, തത്വ ശാസ്ത്രമോ, സത്യമോ ഒക്കെ പറയുന്ന മരണവുമായി കടന്നു പോകുമ്പോള്‍ എന്തു സുഖം, എന്തു രസം. അതും വായിച്ചു കമന്റിടുന്നവരും നാളെ മരിക്കാം. അതിനേക്കുറിച്ചും എഴുത്തുകള്‍ വരാം. അങ്ങിനെ മരിക്കുന്ന നമ്മളെല്ലാവരും മഹാന്‍മാരായി, ഈ ബൂലോകത്ത് പാറിനടക്കുന്ന അതി സുന്ദരമായ കാഴ്ച്ച..മനോഹരം...അതി മനോഹരം...ഒറ്റക്കണ്ണാ ഈ ചിത്രവും പകര്‍ത്തിക്കോളൂ...മംഗളം.
സെക്സ്, കൂട്ടികൊടുപ്പ്, ലൈംഗീകത, തുണ്ട്
ചോദിച്ചത് കേട്ടില്ലാന്നുണ്ടോ? ന്താ ഇവിടെ കിടന്നു ചുറ്റിത്തിരിയണേന്നു?
ഓഹ്! പരുങ്ങുന്നുണ്ടല്ലോ? ഹും കാര്യം മനസിലായി..
ടൈറ്റിലുകണ്ടു വന്നതാല്ലെ?
ക്ഷമിക്കണം കേട്ട..
ഇതു നിങ്ങളുദ്ദേശിച്ച ഷേര്‍ളിയുടെ ബ്ളോഗല്ല...ഏതെങ്കിലും വിധത്തിലുള്ള ‘തര’വുമല്ല..
തിരികേ പൊയ്ക്കോളു..ഊം പൊയ്ക്കോളൂ...അല്ലെങ്കില്‍ ചിന്തയുടെ ഈ ജാലകമടച്ചാലും മതി.
ഡിസ്‌ക്ളെയിമര്‍: ഈ പോസ്റ്റിനു നിലവിലുള്ളതോ ഡിലീറ്റ് ചെയ്യപ്പെട്ടതോ ആയ ഒരു ബ്ലോഗുമായും പോസ്റ്റുമായും യാതൊരുവിധ ബന്ധവുമില്ല. അഥവ ഒണ്ടെങ്കില്‍ തന്നെ അതു സ്ഥിരം ആ ബ്ലോഗ് തന്നെ വായിക്കുന്നതു കൊണ്ടു ചുമ്മാ തോന്നുന്നതാണു...ശുഭം
2009, ജൂൺ 13, ശനിയാഴ്‌ച
ബഷീര് അനുസ്മരണവും മാജിക് ഓവനും
കുരുത്തം കെട്ട കണ്ണുമായി ജനിച്ചത് എന്റെ ദൌര്‍ഭാഗ്യ്മാണു. അതു കൊണ്ടാണല്ലൊ ചില അനാവശ്യ കാഴ്ചകളിലേക്ക് എന്റെ കണ്ണുകള്‍ അലഞ്ഞു പോകുന്നത്.
കവിതയില്ലാത്ത വാക്കുകള്‍ കൊണ്ട്, കഥാകാരിയും കവി(കവയിത്രിയല്ലേ?)യുമായ(കവിയെന്നു പറഞ്ഞത് അനുസ്മരണം നടത്തിയ സഹീറ തങ്ങള്‍ എന്നും യുവ കവയിത്രി എന്നു വിളിക്കപ്പെടുന്നതുമായൊരാളു) മാധവിക്കുട്ടിയുടെ ആത്മാവിനെ വേദനിപ്പിച്ചതും, അനുസ്മരണത്തിനേക്കളേറെ ആളെ നിറയ്ക്കാനായി വിളിച്ചു കൂട്ടപ്പെട്ടവരേയും, ശ്രദ്ധിക്കാതെ ഡി.സി. ബുക്സിന്റെ താല്‍ക്കാലിക വില്പനശാലയിലേക്ക് ഞാന്‍ കണ്ണുകളെ മേയാന്‍ വിടുന്നു. ഉല്‍ഘാടനത്തിനു ശേഷം ഒലിച്ചു പോയ സദസ് എവിടെ എന്നു ഞാന്‍ ചോദിക്കുന്നില്ല. സമ്മേളനത്തിനു വരുന്ന വലിയ വലിയ ആളുകളെ നിരാശപ്പെടുത്താതിരിക്കാന്‍ ആളെക്കുട്ടേണ്ട ഉത്തരവാദിത്വം എത്ര തവണ നിറവേറ്റിയിരിക്കുന്നു. പ്രബന്ധാവതരണത്തിനു പ്രത്യേകിച്ചൊരു കേള്‍വിക്കാരന്‍ വേണമെന്നു തന്നെയില്ല, എന്നാണു എനിക്കു തോന്നിയത്. അവതരിപ്പിച്ചയാള്‍ ഒന്നും, അഭിപ്രായം പറഞ്ഞയാള്‍ വേറെ എന്തൊ ഒന്നും, മോഡറേറ്റര്- മറ്റെന്തൊക്കെയും പറഞ്ഞു പോയിടത്ത് ശ്രോതാവിന്റെ ചോദ്യങ്ങള്‍ സമയപരിധിക്കുള്ളില്‍ പിടഞ്ഞു മരിച്ചു. കുത്തിനിറച്ച പരിപാടികള്‍ ഒന്നൊഴിയാതെ നടത്തുവാന്‍ സമയത്തിന്റെ അനുവാദം കൂടി വേണമെന്നത് പലപ്പോഴും നമ്മള്‍ മറന്നു പോകുന്നു.
സാഹിത്യത്തോട് സ്നേഹമുള്ളൊരു(?) ചേച്ചി, തന്റെ മകന്റെ കയ്യില്‍ ഒരു പുസ്തകം കൊടുത്തു വിട്ടു ഓട്ടോഗ്രാഫ് വങ്ങിക്കാന്‍ ശ്രമിക്കുകയാണു. എം മുകുന്ദന്റെയും, സുകുമാര്‍ അഴീക്കോടിന്റെയും ഒപ്പു വാങ്ങുന്ന മകന്‍ ഇടയ്ക്കിടെ പിറകോട്ടു നോക്കി 'ഇനിയാരുടെ ഒപ്പ് വേണം' എന്നു കണ്ണുകളാല്‍ തിരക്കുന്നു. അവനറിയില്ലല്ലോ ആരുടെ ഒപ്പിനാണു വില, അല്ലെങ്കില്‍ ആരുടേതിനു വിലയില്ല എന്നു. അല്ലെങ്കില്‍ തന്നെ ഈ വിവേചനത്തില്‍ എന്തടിസ്ഥാനമുള്ളത്? ഇന്നു വിലയുള്ള ഒപ്പ് നാളെ കുപ്പത്തൊട്ടിയില്‍ കിടന്നേക്കാം, ആരുടെ ഒപ്പിനു എന്നു വിലവരും എന്നു നിര്‍ണ്ണയിക്കാനവാത്ത സമൂഹത്തിലാണു താന്‍ ജിവിക്കുന്നതെന്ന ബോധ്യം ഇത്ര ചെറുപ്പത്തിലേ ഉണ്ടായതു കൊണ്ടാകാം, അവന്‍ അവിടെ നിരന്നിരുന്ന വോളണ്ടിയര്‍ അടക്കമുള്ളവരുടെ ഒപ്പു വാങ്ങി. മകന്‍ തിരികേ കൊണ്ടു വന്ന പുസ്തകം അമ്മ കൊതിയോടെ മറിച്ചു നോക്കി. ആരുടേത് ആരുടെ ഒപ്പെന്നറിയാതെ നിന്ന മകനെ അവര്‍ ശകാരപൂര്‍വ്വം നോക്കി. ഒരു പക്ഷേ നാളെ തന്റെ സഹപ്രവര്‍ത്തകരേ കാണിച്ച് അഭിമാനപൂരിതയായി നില്‍ക്കുമ്പോള്‍ ഏതെങ്കിലും വിവരമില്ലാത്തവള്‍ “ഇതാരുടെ ഒപ്പാടി” എന്നു ചോദിച്ചാല്‍ മറുപടിക്കു തപ്പേണ്ടി വരുമല്ലൊ എന്ന ആശങ്കയാവം അവരുടെ കണ്ണുകളില്‍ കോപം നിറച്ചത്.
പുസ്തകശാലയില്‍, സകലര്‍ക്കുമിടയില്‍ പച്ചപ്പരവാതാനി വിരിച്ചു ബേപ്പൂര്‍ സുല്‍ത്താനിരിക്കുന്നു. ഒറ്റപ്പെട്ട പ്രവാചകന്റെ വഴിയില്‍ ഓ.വി. വിജയനും, ചിദംബരസ്മരണയുമായൊരു തുരുത്തില്‍ ചുള്ളിക്കടും, സങ്കീര്‍ത്തനം പാടി ശ്രീധരന്‍ മറ്റൊരു മൂലയിലും രണ്ടാമൂഴവും കാത്ത് എംടിയുമീരിക്കുന്നു. “സുല്‍ത്താനയതോണ്ടല്ല, നിങ്ങള്‍ക്കു മാത്രമീ പരവതാനി”യെന്നു വിജന്‍മാഷ് അടക്കം പറഞ്ഞു."നാളെ എന്റെ അനുസ്മരണവും നടക്കും അന്നീ പരവതാനി നിങ്ങളൊഴിഞ്ഞു തരേണ്ടി വരും." ആ ഘോരഘോരമായ സത്യത്തിനു നേരേ നോക്കി മാങ്കൊയിസ്റ്റന്‍ തണലില്‍ ബഷീര്‍ കിടക്കുന്നു.
പെന്റഗണ്‍ ഗോപുരം പോല്‍ അടുക്കി വെച്ചിരിക്കുന്ന മുകുന്ദന്റെ പ്രവാസം. ഓരോ കട്ടയുമിളകുന്ന മുറക്കു വില്‍പനക്കാരന്‍ പുതിയ കട്ടകളടുക്കി വെക്കുന്നു. 'അഴീക്കോട് മാഷാ ഈ സ്റ്റാള്‍ ഉല്‍ഘാടനം ചെയ്യുന്നത്, വെറുതേ വിവാദമുണ്ടാക്കണ്ട' എന്നു പറഞ്ഞു, ഒന്നു രണ്ടു തത്വമസിയും ഭാരതീയതയും വെപ്രാളത്തില്‍ തിരയുന്ന സഹായി. എത്രയൊക്കെ അടുക്കി വെച്ചിട്ടും പ്രവാസത്തിന്റെ പെന്റഗണിനു നിഴലില്‍ മയങ്ങുകയാണു തത്വമസി. ഉറങ്ങുന്ന പുസ്തകത്തിനറിയുമോ, വിവാദത്തിന്റെ ഉണര്‍ത്തു പാട്ടുകള്‍. ഉറക്കമെന്നത് മരണം പോലെ തന്നെ സമത്വസുന്ദരമായൊരിടപാടാണു.
എന്തൊരൈക്യമാണിവര്‍ക്ക്, ഈ വില്‍പനയ്ക്കരന്റെ മേശപ്പുറത്തു കിടക്കുമ്പോള്‍? എല്ലാവര്‍ക്കും ഒരേ ഒരാഗ്രഹം, "എന്നെ ആരെങ്കിലും വിലയിട്ടു വാങ്ങണം". തന്നെ തിരികേ വെച്ച് മറ്റൊന്നെടുക്കുമ്പോള്‍ അല്പം ഈര്‍ഷ്യയോടെ, മുഖത്തു വരുത്തി വെച്ച് പുഞ്ചിരിയുമായി, എല്ലാവരും ഒരു പോലെ നെടുവീര്‍പ്പിടുന്നു. ഈയിടെയായി യാത്രപറഞ്ഞു പോയതു കൊണ്ടോ, അതോ ‘നീര്‍മാതള’മെന്ന വാക്കു പത്രത്തിലും ചാനലിലും തുടരേ വരുന്നതു കൊണ്ടോ എന്നറിയില്ല, നീര്‍മാതളം പൂത്തകാലവുമന്ന്വേഷിച്ചു പരക്കം പായുകയാണു മിക്കവരും. പോക്കറ്റിന്റെ കനത്തിനൊപ്പിച്ച് നില്‍ക്കുന്നതിനാല്‍ ചെറിയ പുസ്തകങ്ങളെഴുതിയാ സുല്‍ത്താനേ! നിങ്ങളെ മനസാ നമിച്ചു കൊണ്ട് കുഞ്ഞു പുസ്തകങ്ങള്‍ വാരിവാരിയെടുക്കുന്നു ചിലര്‍.
ബഷീര്‍ അനുസ്മരണം വരച്ചു വെച്ച സഹീറിനു നന്ദി. വളരേ നല്ല ചിത്രങ്ങള്‍, അനുരാഗത്തിന്റെ നാളുകളിലും, ഭൂമിയുടെ അവകാശം പറയുമ്പോഴും ബഷീറിനു ഒരേ പ്രായം. എന്തായാലും ആ പെന്സില്‍ ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു. എല്ലാത്തിന്റെയും അടിക്കുറിപ്പുകള്‍ നന്നായിരിക്കുന്നുവെന്നും, അതെഴുതിയാളെ അഭിനന്ദിക്കണമെന്നുമൊരു വിരുതന്‍. അവന്‍ കൊച്ചു പയ്യനല്ലേ, ബഷീറിന്റെ കൃതികള്‍ വായിക്കാനും അതിലേ വരികള്‍ തന്നെയാണീതിലെന്നും അറിയാനുള്ള പ്രായം അവനായിട്ടില്ല, എങ്കിലും അവന്റെ അച്ഛനാ പ്രായം കഴിഞ്ഞു പോയി എന്നാണു എനിക്കു തോന്നുന്നത്. ഈ പെന്‍സില്‍ ചിത്രങ്ങളും ഏതാനും ബ്ളാക്ക് & വൈറ്റ് ചിത്രങ്ങളും വെച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇതൊരു യു.ഏ.ഇ എക്സ്ചേഞ്ച് അനുസ്മരണമായിപ്പോയേനെ. അത്രമാത്രമുണ്ട് പരസ്യപ്പലകള്‍. അല്ലെങ്കില്‍ തന്നെ പുണ്യം കിട്ടാനല്ലല്ലോ ഇത്തരം പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യപ്പെടുന്നത്. കലക്കവെള്ളത്തില്‍ മാന്യമായൊരു മീന്‍പിടുത്തം.
നളിനി ജമീലയുടെ ആത്മകഥയിലേക്ക് ഇടംകണ്ണുകള്‍ മാത്രം പതിക്കുന്നു. പാളിയുള്ള നോട്ടങ്ങള്‍ ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുന്നുണ്ടോ എന്നു നോക്കുകയും വേണം. ഒരു സെക്സ് തൊഴിലാളിയുടെ ആത്മ കഥ എടുത്തു നോക്കുന്നവരെ തറപ്പിച്ചു ചില കണ്ണുകള്‍. പോളീഷിനു പുറത്തു വന്നു, ആ പുസ്തകം വാങ്ങി നടന്നു പോകുന്നവരുടെ പിറകേ ആ കണ്ണുകളും സഞ്ചരിക്കുന്നു. ചിലര്‍ക്ക് അതു വാങ്ങിയ ധൈര്യം അധികനേരം നീണ്ടു നിന്നില്ല. പ്രഭാഷകരില്‍ ഒരാള്‍ പറഞ്ഞു "നളിനി ജമീലയുടെ പുസ്തകം തലയിണക്കടിയില്‍ വെച്ചുറങ്ങുന്നവരുടെ ഒരു കൂട്ടം വളര്‍ന്നു വരുന്നു". കേട്ടപാതി കേള്‍ക്കാത്ത പാതി, ഇതെവിടെക്കൊണ്ടു മറച്ചുവെക്കും എന്ന തത്രപ്പാടിലകപ്പെടുന്നവര്‍.
ഒരുകൂട്ടം തരുണീ മണികള്‍ കലപിലകൂട്ടി വരുന്നു. മുകുന്ദനേയും, എം.ടി. യേയും, ശ്രീധരനേയും, ഒ.വി. വിജയനേയും, ചുള്ളിക്കാടിനേയും തഴുകി, അവര്‍ ഒഴുകി നീങ്ങുന്നു. വില്‍പനക്കാരന്‍ ചെക്കനും ഒരു സന്തോഷം. ഒരു തള്ള തന്റെ മകനു ജനറല്‍ നോളെജ് തപ്പുകയാണു. വേറെങ്ങും ഇതു കിട്ടില്ലല്ലോ. ഒടുവില്‍ എല്ലാ കൈകളും ഒരിടത്തു ചെന്നുനില്‍ക്കുന്നു. ‘ആരാ പറഞ്ഞത് നാലു മു.. ചേരില്ലെന്നു?’ ഇനി ചേര്‍ന്നില്ലെങ്കില്‍ ചേര്‍ക്കാന്‍ കഴിയുന്ന ഒരു വസ്തു ഈ ലോകത്തുണ്ടെങ്കില്‍ അതു ലക്ഷ്മി നായരുടെ മാജിക് ഓവനാണു. ഓണത്തിനിലയിടുമ്പോള്‍ ഇനിയെന്തെങ്കിലും രുചിയായി കഴിക്കാമെന്ന പ്രതീക്ഷയില്‍ ഭര്‍ത്താക്കന്മര്‍ പേഴ്സു തുറന്നു തന്നെ പിടിച്ചിരിക്കുന്നു.
"കണ്ണേ മടങ്ങുക." ഇതിലും കൂടുതല്‍ കാണുന്നത് കണ്ണിനത്ര നല്ലതല്ല. അതാരെങ്കിലും തല്ലിപ്പൊട്ടിച്ചാല്‍ തീര്‍ന്നില്ലെ. പിന്നെയീ അപരാധിച്ച കാഴ്ചകള്‍ എങ്ങിനേ കാണും?. മനസു മടുത്തു തുടങ്ങിയിടത്തു നിന്നു മടക്കയാത്ര, ഈ പൊരിവെയിലിലൂടെ. ബഷീര്‍ കൃതികളും ബഷീറും ദലയും അക്കാദമിയും, തരുണീമണികളും നീണാള്‍ വാഴട്ടെ.
2009, ജൂൺ 11, വ്യാഴാഴ്‌ച
കഷണ്ടിയും കുടവയറും
മറ്റൊന്നിനു വളമാകുന്നത്.
മുടികൊഴിഞ്ഞു തീരുന്നീ
കഷണ്ടിയും തഴയ്ക്കുന്നു
ത്യാഗസമീരന്‍ ഭവാനെന്‍
കൂന്തല്‍ മഹാന്‍.
ഒരുത്തന്‍ തളര്‍ന്നും
മറ്റവന്‍ തഴച്ചും
കുടവയാറേ നീയൊ
രിത്തിക്കണ്ണിപോല്‍
മുന്നോട്ട് കുതിച്ചിതെങ്ങോട്ട്?
വീര്‍ക്കാനാഗ്രഹിച്ച മസിലല്ല
ആഗ്രഹിക്കാതെ നീയല്ലോ വീര്‍ക്കുന്നു,
മനിതനാശയൊന്നു, നടപ്പതൊന്നു.
അല്ലയോ! മഹാ പോക്കിരികളെ
നിങ്ങളെ ആരു ക്ഷണിചെന്‍
ദേഹമന്ത്രിസഭയില്‍,
വളര്‍ന്നും കൊഴിഞ്ഞും
കൂട്ടുത്തരവാദമില്ലാതെ,?
വിവേചനാധികാര-
മെങ്ങുനിന്നു?
അശരീരി:
ഡാ മണ്ടാ...
നീയുണ്ടായതും
വളര്‍ന്നതും
നിന്നോട് ചോദിച്ചിട്ടോ?
എന്നാലും ഈ കല്യാണം മുടക്കികള്‍
കുടവയറില്‍ നോക്കി ഒരുത്തിയും
കഷണ്ടിയില്‍ നോക്കി അവളുടെ
അനിയത്തിയും ചിരിക്കുന്നു.
കണ്ടു കണ്ടെന്റെ പ്രായവും കൂടി.
കുടവയര്‍ തറവാടിത്തമല്ലയോ,
കഷണ്ടി ബുദ്ധിപൂര്‍ണ്ണവും.
എന്നാലും
ഇത്ര തറവാടിത്തവും ബുദ്ധിയും?
കുറച്ച് കൂടിപ്പോയി.
വയറിന്നകം ചെത്തിയെടുക്കാം,
മുടി വെച്ചും മുളപ്പിക്കാം.
കാശു നിന്റെ ത...
കഷണ്ടി സുന്ദരമാകുന്നു
കുടവയര്‍ ഉദാത്തവും
കഷണ്ടിയും കുടവയറും
സുന്ദരവും ഉദാത്തവും
പ്ഫാ..
ഇവറ്റകളേ ഞാന്‍ പ്രാകിക്കൊല്ലും
കല്യാണം മുടക്കികള്‍
സൌന്ദര്യത്തെ ഹനിച്ചവര്‍
എന്തിനെന്നെ പീഡിപ്പിക്കുന്നു?
എന്നാലും ആശ്വാസം
നിനക്കും അവനും മറ്റവനും
മുടി കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു
മുന്നിലേക്കൊരു ചാട്ടവും
അത്രയുമാശ്വാസം...
സുഖമുള്ള കാഴ്ച…
സായൂജ്യദായകം….
2009, ജൂൺ 10, ബുധനാഴ്‌ച
വായനക്കാരന്‍ എന്ന മോഷ്ടാവ്
ആന്റോ നീ ആ നീര്‍മാതളം കണ്ടൊ?
എന്ത്? ഒന്നു പോടാപ്പ, അടിപ്പന്‍ ഫിലിപ്പീനി പഴമിരിക്കുന്നു എന്റെ ഷെല്ഫില്‍, പിന്നെ ഒണക്ക മുന്തിരീം, അപ്പൊഴാ നിന്റെ ഒരു നീര്‍മാതളം.
അതല്ലെടാ എന്റെ മാധവിക്കുട്ടി?
ഗള്‍ഫിലേക്ക് വണ്ടികേറിപ്പോന്നപ്പൊളോര്‍ത്തില്ലെ അവളുടെ കാര്യം, എടാ പ്രേമിച്ചാല്‍ മാത്രം പോരാ, സംരക്ഷിക്കാനും പഠിക്കണം?
എടാ പണ്ടാരന്മേ എന്റെ പുസ്തകം?
അതിനിടയ്ക്ക് നീ പുസ്തവുമെഴുതിയോ, ശ്ശെടാ ഭീകരാ!
നിന്നെ ഞാന്‍ വെട്ടി തുണ്ടമാക്കുന്നതിനു മുന്പു മര്യാദയ്ക്ക് പറഞ്ഞോ, ഞാനിന്നലേ വാങ്ങി ഇവിടെ വെച്ചിരുന്ന പുസ്തകം നീര്‍മാതളം പൂത്തപ്പോള്‍ നീ കണ്ടൊ?
ഉവ്വാ, ഇനി കണ്ടാലും ഞാനെടുത്തേനെ, ഒന്നു പോടാ. നാട്ടിലാരുന്നെ, ആക്രിക്കാര്‍ക്കു കൊടുത്തെങ്കിലും ഒരു തീപ്പട്ടിക്കുള്ള കാശുണ്ടാകാമയിരുന്നു. അവന്റെയൊരു പൊത്തകം.
ഞാനീ റാക്കിനു മുകളില്‍ വെച്ചത് നല്ലോര്‍മ്മയുണ്ട്.
ആണൊ എനിക്കോര്‍മ്മയില്ല. അല്ലെങ്കിലാ ഈ തോളില്‍ സഞ്ചിയിട്ടവന്മാരെ കാണുന്നതേ എനിക്ക് കലിപ്പാണു.. നീ വേറെ പണിനോക്ക്.
എന്നാലും ആരെടുത്തത്?
രാകേഷേ, നീ ഒന്നു മിണ്ടാതെ പൊയ്ക്കെ, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തൊടങ്ങി നമ്മടെ ചരക്കുകള്‍ ഇപ്പൊ പാടാന്‍ വരും. എന്നെ വെറുതേ നീ ശല്യപ്പേടുത്തല്ലെ.
നാശം.
ആരു? പെമ്പിള്ളാരോ. അടിച്ചു നിന്റെ പല്ലു ഞാന്‍ താഴെയിടും.
(രാകേഷ് പുറത്തേക്ക് പോകുന്നു. യോഗ്വീരന്‍ രജീഷ് കരുതലൈ കടന്നു വരുന്നു)
ആന്റൊ, അവളിന്നു സ്ളീവ്ലെസ്സാണൊ, നമ്മുടെ രഞ്ചുമോള്‍?
ശവാസനത്തിലെങ്കിലും നല്ല ചിന്തയില്‍ കെടക്കെട ശവമേ. അതു പോട്ടേ നീ കണ്ടൊ?
ഹേയ്, ഒന്നും കണ്ടില്ലട കാറ്റു വന്നു തുണി നീങ്ങിയാല്‍ ഒരു സൈഡ് വ്യൂ കിട്ടും. അത്ര തന്നെ. എന്തായാലും ഞാന്‍ ധന്യനായി.
അതല്ലേട മൈ...മൈഗുണാപ്പാ... ആ രാകേഷിന്റെ പൂവോ കായോ എന്തൊ കാണുന്നില്ലാന്നു പറഞ്ഞു.
പൂവല്ലട ആന്റൊ, പുസ്തകം..ഈ ബില്‍ഡിങ്ങില്‍ പുസ്തകം വായിക്കുന്ന ഒരുത്തനേയുള്ളു. നമ്മടെ അരുണ്‍.
ശെരിയാ തലോണയ്ക്ക് പൊക്കം പോരാഞ്ഞിട്ട് പുസ്തകം വെച്ചുറങ്ങുന്നോന അവന്‍.
പുസ്തകം അവന്റെ കയ്യില്‍ കാണും. ഞാനവനേ അരുണിന്റെ റൂമിലേക്ക് വിട്ടിട്ടുണ്ട്.
(സനോബര്‍ വരുന്നു. സ്ഥിരമായി കാണാറുള്ള വിശന്നു തളര്‍ന്ന ഭാവം. കാശില്ലാഞ്ഞിട്ടല്ല ബീഫില്ലാഞ്ഞിട്ട് പട്ടിണികിടക്കുന്നവനാ ഇവന്‍ എന്നത് ഇവിടെ സൂചിപ്പിക്കട്ടെ. സനോബറിന്റെ സ്ഥായിയായ ഭാവമാകുന്നു അത്)
ഡാ നീയറിഞ്ഞോ രാകേഷിന്റെ പുസ്തകം അരുണെടുത്ത്. രാകേഷിപ്പൊ അവനേ നോക്കി നടക്കുവാ.
എന്റെ ആന്റൊ ഇയറിയാത്ത കാര്യം പറയരുത്. നിന്നോടാരു പറഞ്ഞ് അവനെടുത്തെന്നു.
അതൊക്കെ ഞാനറിഞ്ഞു...
ആഹാ. അതു ശെരി. അവനാളു കൊള്ളാമല്ലോ
(പുസ്തകം വായിക്കുന്ന വേറെ മൂക്കന്മാരില്ലാത്തതിനാല്‍ മുറിമൂക്കി രാജാവും വലിയ ബുദ്ധിജീവിയെന്നു സ്വയം ചിന്തിക്കുന്നവനുമായ അരുണ്‍ പ്രവേശിക്കുന്നു. ഏതൊ ഒരു ബ്ളൊഗ്ഗറെഴുതിയത് പിടിക്കാത്തതിനു അവനേം ചെളിവാരിയെറിഞ്ഞുള്ള വരവാണു. അല്ലെങ്കില്‍ എഴുതിക്കൂട്ടിയ വിവരമില്ലായ്മയ്ക്ക് ചുട്ട മറുപടി കിട്ടിക്കാണും. ഇതൊന്നുമല്ലേല്‍ കടന്നലു കുത്തിക്കാണും മുഖം വീര്‍ത്തു പണ്ടാരമടങ്ങിയിരിക്കുന്നു.)
എന്നാലും നീ ഇത്തരക്കാരനാണെന്നു കരുതിയില്ലെന്റരുണേ.
എന്താ?
നിനക്കു കിട്ടുന്നതും ദിറം തന്നെയല്ലേ. അതു കൊടുത്തൊന്നു വാങ്ങിയാലെന്താ?
നിനക്കെന്തു പറ്റിയെട സനോബറേ?
എനിക്കൊന്നും പറ്റിയിട്ടില്ല. ആ എഴുത്തുകാരി മയ്യത്തായ അന്നു തൊടങ്ങി നീ അവരേക്കുറിച്ചു പറയുന്നത് കേട്ടപ്പോഴേ ഞാന്‍ വിചാരിച്ചതാ അവരുടെ ഒരു പുസ്തകമെങ്കിലും നീ അടിച്ചു മാറ്റുമെന്നു.
ഏതു പുസ്തകം? ആരടിച്ചു മാറ്റി?
നീയാ രാകേഷിന്റെ പുസ്തകമെടുത്തില്ലെ? എന്തൊന്നട ആന്റൊ? മാതളമോ, പരുത്തിപ്പൂവോ എന്തൊ ഒന്നു.
നീര്‍മാതളം പൂത്തപ്പോള്‍?
അതേ അതു തന്നെ. അപ്പൊ ഇവന്‍ തന്നെയാ എടുത്തത്.. കണ്ട പേരു വരേ കൃത്യമായി പറയുന്നു.
(രംഗം വഷളാകുന്നു. മുറിമൂക്കന്റെ മൂക്കിനു തുമ്പില്‍ ആണ്ടെടാ ചുവന്നു തുടുത്തൊരു ഗോളം)
ഞാനൊരു നായിന്റെ മോന്റെം പുസ്തകം കണ്ടില്ല..ഏതവനാ ഇതു പറഞ്ഞത്?
ദേ ഈ ആന്റൊ..
ഡാ ആന്റൊ നീ കണ്ടൊ ഞാന്‍ പുസ്തകമെടുത്തത്?
ഞാനൊന്നും കണ്ടില്ല.. രജീഷാ പറഞ്ഞത് നീ പുസ്തകം എടുത്തു കാണുമെന്നു അല്ലെ രെജീഷേ?
ഞാനങ്ങിനേ പറഞ്ഞിട്ടില്ല, നീ പുസ്തകം വായിക്കുന്ന കൂട്ടത്തിലാന്നു മാത്രമേ പറഞ്ഞുള്ളു.
(ഈ സമയം അക്കോമഡേഷനിലേ 26 മുറികളും കേറിയിറങ്ങി പരിപ്പിളകി രാകേഷ് വരുന്നു)
ഞാനെല്ലാ റുമിലും പോയി ചോദിച്ചേടാ...അരുണെന്റെ പുസ്തകമെടുത്തു, അതു കണ്ടൊന്നു.
കഴുവേറിക്ക മകനേ ഞാനെപ്പൊഴാട നിന്റെ പുസ്തകമെടുത്തത്?
ങേ നിങ്ങളാണൊ അരുണ്‍. എന്റെ പുസ്തകം കണ്ടാരുന്നോ?
ഉവ്വാ. ഞാനത് മോഷ്ടിച്ചു നീ കൊണ്ടു പോയി കേസു കൊടുക്ക് അല്ല പിന്നെ.
ചൂടാവുന്നതെന്തിനു?
എന്നെ ഇവര്‍ കള്ളനെന്നു വിളിച്ചില്ലേ. അതു പോരെ ചൂടാവാന്‍. നിന്റെ പുസ്തകം. കാണുന്ന നിമിഷം ഞാനത് കത്തികും. ആ ചാരം കലക്കിയ വെള്ളത്തില്‍ കുളിച്ചാലെ എന്റെ കലിപ്പടങ്ങൂ.
(കോളിങ് ബെല്‍)
ഡാ ഇതാണൊ നിന്റെ മാതളം.
ഈശ്വരാ..ഇതാരാ കീറിപ്പറിച്ചത്..
പട്ടികള്‍ക്ക് വായിക്കാനറിയില്ലല്ലൊ..കുറച്ചു കടിച്ചു കീറി തിന്നു കഴിഞ്ഞപ്പൊ ബാക്കിയുള്ളത് മാന്തിപ്പറിച്ചു കാണും. പിന്നെ ആ ഫ്ളാറ്റിലേ ചേട്ടന്‍ ആകെ കലിപ്പിലാ. നല്ല ഒന്നാംതരം പട്ടി നിന്റെ മാതളവും തിന്നു കൊക്കീം വയറെളകീം കിടപ്പുണ്ട്. അയാളു കേസു കൊടുക്കുന്നതിനു മുന്പ് പോയി സമരിയാക്കിക്കോ.
എന്റമ്മേ
ദുഷ്ടാ കാലമാടാ നിനക്കതു തന്നെ വേണമെട..
“വെറുമൊരു വായനക്കരാനയോരെന്നെ കള്ളനെന്നു വിളിച്ചില്ലെ നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ.”
കള്ളന്‍മാരാകാതിരിക്കാന്‍ വായിക്കാതിരിക്കൂ. ശുഭം.
2009, ജൂൺ 9, ചൊവ്വാഴ്ച
ജനങ്ങളെന്നാല് സി.പി.എമ്മല്ല മി. ജയരാജന്
പിണറായിക്കു വേണ്ടി ജനങ്ങള്‍ കരിദിനമേറ്റ് പിടിച്ച് അക്രമവും ഹര്‍ത്താലുമൊക്കെ ഉണ്ടാക്കിയതാണത്രേ. എവിടുന്നു കിട്ടി നിങ്ങള്‍ക്കീ യുക്തി? ഞങ്ങളുടെ നേരെ കല്ലെറിഞ്ഞും ഞങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും വാങ്ങിയ സര്‍ക്കാരു ബസുകള്‍ തല്ലിപ്പൊളിച്ചും ഞങ്ങളുടെ മക്കള്‍ പട്ടിണികിടക്കതിരിക്കാന്‍ കൂലിപ്പണിക്കു പോകുമ്പോള്‍ വഴിതടഞ്ഞും, അന്നന്നത്തെ അപ്പത്തിനായി തുറന്നു വെച്ച കടകള്‍ കത്തിച്ചും ഇവിടെ ഒരുകുറ്റാരോപിതനേയും സംരക്ഷിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങുകയില്ല. അങ്ങിനെ ഇറങ്ങുന്നവര്‍ ഞങ്ങളായിരുന്നെങ്കില്‍ അതാരുടെയും അന്നം മുടക്കിയിട്ടു ചെയ്യാനും ഞങ്ങള്‍ പഠിച്ചിട്ടില്ല.
നിങ്ങള്‍ രാഷ്ട്രീയപരമായി നേരിടുന്നതാരെയാണു? ഞങ്ങളേയോ? അതോ വലതനേയോ? കോടതിയേയും ഗവര്‍ണ്ണരേയുമോ? ഞങ്ങളുടെ പേരു പറഞ്ഞു ഞങ്ങള്‍ക്ക് നേരെ കല്ലെറിയുന്ന നിങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിക്കാരല്ലാതെ മറ്റാരും തെരുവിലിറങ്ങില്ല എന്നു മനസിലാക്കാനുള്ള ബോധം നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കപ്പെടുന്നില്ല. എങ്കിലും യഥാര്‍ഥ ജനവികാരം മനസിലാക്കിയിരുന്നെങ്കില്‍ പിണറായിയെ നിങ്ങള്‍ ഉപദേശിക്കേണ്ടത് ഈ പൊല്ലാപ്പും കരിദിനവുമൊക്കെ മാറ്റി വെച്ച് കോടതിക്കു മുന്നില്‍ നിന്നു സത്യത്തിനു സാക്ഷിയാകാനാണു. അദ്ദേഹം തെറ്റുകാരനല്ല എന്നു കേള്‍ക്കാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. അത് അദ്ദേഹത്തോട് അടുപ്പമുള്ളതു കൊണ്ടല്ല. ഇടതുപക്ഷമെന്നത് കറയില്ലാത്തവരെന്നു പണ്ടേ മുതല്‍ മനസിലുറച്ചു പോയ വിശ്വാസം തകരാതിരിക്കാനാണു.
പ്രോസിക്യൂട്ട് ചെയ്യരുതെന്നു പറയുമ്പോള്‍ യു.ഡി.എഫിനും, ചെയ്യാന്‍ പറയുമ്പോള്‍ എല്‍.ഡി.എഫിനും ഹര്‍ത്താലും കരിദിനവും നടത്താന്‍ ഒരു പോലെ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പക്ഷെ അതു സ്വസ്ഥമായി ജീവിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ നെഞ്ചത്ത് ചവിട്ടി നിന്നാകരുത്. ചവിട്ടി നിന്നാണെന്നറിഞ്ഞു കൊണ്ടു തന്നെ ഞങ്ങളിതു സഹിക്കുമ്പോള്‍, ആ കുറ്റം കൂടി ഞങ്ങളുടെ തലയിലിട്ടാല്‍ അതും സഹിക്കേണ്ട ഗതികേടിനെ അംഗീകരിച്ചു കൊണ്ട് തന്നെ, പണ്ടൊരപ്പൂപ്പന്‍ ഞങ്ങളെ പഠിപ്പിച്ച സഹനത്തിന്റെ വഴിയേ ഞങ്ങള്‍ പോകുന്നു, ഇതൊരു സ്വാതന്ത്ര്യ സമരമല്ലെങ്കിലും.
ഇവിടെ ജനവികാരം ഒരു രാഷ്ട്രിയ നേതാവിനു വേണ്ടി ഉയര്‍ന്ന നിമിഷങ്ങ് വളരേ ചുരുക്കമാണു. ജയലളിത കാലുവാരിയപ്പോള്‍ വാജ്‌പേയ്‌ക്ക് വേണ്ടി, ചീട്ടു നഷ്ടപ്പെടുമായിരുന്ന അവസരത്തില്‍ സഖാവ് വി.എസി നു വേണ്ടി. മദ്യനിരോധനമേര്‍പ്പെടുത്താനുള്ള ശ്രമത്തില്‍ എ.കെ. ആന്റണിക്കൊപ്പം, അങ്ങിനെ ചുരുക്കം ചിലയിടത്ത് മാത്രം. ഒരു പക്ഷേ ഏറ്റവുമധികം തവണ ഈയിടെയായി ഉയര്‍ന്നത് വീ.എസിനു വേണ്ടിയാണു, മൂന്നാറില്‍ നിന്നു തുടങ്ങി അദ്ദേഹത്തെ അനുകൂലിച്ച വികാരത്തെ അദ്ദേഹത്തിന്റെ ഭീരുത്വം ലജ്ജിപ്പിച്ചു കളഞ്ഞു എന്നു മാത്രം. അല്ലാതെ ഇവിടെ തെമ്മാടിയും ചെമ്മാനും പാര്‍ട്ടിയുടുപ്പിട്ടു വന്നു എന്തു തോന്ന്യാസം കാണിച്ചാലും അവര്‍ക്കനുകൂലമായി ഞങ്ങള്‍ വികാരവിജൃഭിതരാകുമെന്നു നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഈ ഇലക്ഷന്‍ നല്‍കിയ പാഠം നിങ്ങളുടെ ഗര്‍വ്വിനെ കുറച്ചിട്ടില്ലെന്നു സാരം.
മാറി ചിന്തിക്കണം മി. ജയരാജന്‍. പാര്‍ട്ടിയല്ല ജനങ്ങള്‍. ജനങ്ങളെന്നത് പാര്‍ട്ടിയുമല്ല. ഇതിലേതെങ്കിലുമൊന്നു ശരിയായിരുന്നെങ്കില്‍ ഏതെങ്കിലുമൊരു കക്ഷി മാത്രം ഭരിക്കുന്നിടമായി ഈ നാട് മാറിയേനെ. അങ്ങിനെ ഒരു കക്ഷി ഉണ്ടായിരുന്നത് മഹാബലിയായിരുന്നു. അതും ഐതീഹ്യത്തില്‍. ഇപ്പോള്‍ നിങ്ങളിത് മാത്രം മനസിലാക്കൂ സഖാവേ (ഈ വാക്കിന്റെ അര്‍ത്ഥമ്റിയാമെന്നു കരുതുന്നു). ജനമെന്നത് സി.പി.എമ്മല്ല.
കരിദിനാചരണം ഹര്‍ത്താലും അക്രമാസക്തവുമായതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് സ. ഇ.പി. ജയരാജന്‍ പറഞ്ഞ മറുപടി: "പ്രോസിക്യൂട് ചെയ്യാനുള്ള തീരുമാനതിനെതിരെ പ്രഖ്യാപിച്ച് കരിദിനം ജനങ്ങലേറ്റെടുത്തതാണു". ഇതു കേട്ട് വികാരാധീതനായി എഴുതിപ്പോയതാണു. അല്ലാതെ ഇതു വായിച്ചരെങ്കിലും നന്നാകുമെന്നു കരുതിയല്ല.
2009, ജൂൺ 7, ഞായറാഴ്‌ച
വിജയന്‍ സഖാവിനു വക്കന്‍ എഴുതുന്നതെന്തെന്നാല്‍
ബൂര്‍ഷ്വാ ഗവര്‍ണ്ണര്‍ തുലയട്ടേ.
സഖാവു ഇതു കണ്ടൊന്നും ഭയപ്പെടരുത്. അനവധി നിരവധി ആഴക്കടലുകള്‍ നീന്തിക്കയറിയവരാണു നമ്മള്‍. അവയ്ക്കു മുന്നില്‍ ഈ ലാവ്‌ലിന്‍ വെറുമൊരു കുഴിത്തോട് മാത്രം. പെറ്റി ബൂര്‍ഷ്വാ സംസ്കാരതിന്നുടയാളുകളായ സി.ബി.ഐയും, കോടതിയും ഗവര്‍ണ്ണരും, കൂട്ടിയാല്‍ അങ്ങേക്കെതിരെ വിരലനക്കാന്‍ പറ്റുമോ. അങ്ങിനെ അനങ്ങുന്ന വിരലുമുറിക്കാനിങ്ങോട്ടു പറഞ്ഞാല്‍ മതി, കൈ വെട്ടിക്കൊണ്ടു വരും ഞങ്ങള്‍. മനോഹരമായൊരു കാബിനെറ്റും പാര്‍ട്ടി സെക്രട്ടറിയേറ്റും സെക്രട്ടറിയുമുള്ള ഈ നാട്ടില്‍ കോടതിയും, ഗവര്‍ണ്നരുമൊക്കെ അനാവശ്യമാണു. എന്നാലും അവന്മാര്‍ വെള്ളം കുടിച്ചുപൊക്കോട്ടെ എന്നു കരുതി മാത്രം അങ്ങ് കോടതിക്ക് കീഴടങ്ങിയേരു.
നമ്മളു ഏ.ജി-യെതൂക്കിയതു പോലെ ഗവര്‍ണ്ണറെ തൂക്കാന്‍ മേലാരുന്നോ. ആപത്തു വരുമ്പോ കൂട്ടത്തോടാണല്ലോ, ഒത്തു പിടിക്കാന്‍ കേന്ദ്രത്തില്‍ മഷിയിട്ടാല്‍ പോലുമാരുമില്ലാന്നയാള്‍ക്കറിയാം. എന്നാലും നമ്മളേജിയേ വെചു കളിച്ച പണി തന്നെ അവന്മാര്‍ ഗവര്‍ണ്ണരുടെ അടുത്തു പ്രയോഗിച്ചു കളഞ്ഞല്ലോ. ഹാ! ആ അച്ചന്മാരെ പിണക്കണ്ടായിരുന്നു. ഇല്ലേല്‍ പള്ളിയായ പള്ളി മുഴുവന്‍ ലേഖനമയച്ചു കൂട്ട പ്രാര്‍ത്ഥന നടത്തി ഒരു പിടിത്തം പിടിക്കാമായിരുന്നു. ഇതു രഹസ്യമാക്കി വെച്ചാ മതി. കുരിശുവരച്ചില്ലേലും അന്നമ്മായോടു പറഞ്ഞു ഒരു വെട്ടി തിരി സഖാവിനു വേണ്ടി കത്തിക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായും നിയപരമായും വേണ്ടി വന്നാല്‍ ആത്മീയപരാമായും നമ്മള്‍ക്കിതിനേ നേരിട്ടേക്കാം.
പീബിലൊരു പിടിത്തമിട്ടേക്കാന്‍ മറക്കണ്ട. കാര്യം ശെരി അവന്മാരു പോക്കറ്റിലാണെന്നറിയാമെങ്കിലും കേന്ദ്രത്തില്‍ അണ്ഡം കീറി നിക്കുന്ന നേരമാ. ഈ പൊല്ലാപ്പിനൊക്കെ നിക്കാതേ അവന്മാരു സ്കൂട്ടായാല്‍ ആകെയുള്ള പിടിവള്ളി കൂടി പോകും. മുഖ്യനാണേല്‍ വിഷം മുറ്റി നിക്കുന്ന സമയമാ, എന്തൊക്കെ പറഞ്ഞാലും എലക്ഷനു കിട്ടിയ അടി, എട്ടുകാലി മമ്മൂഞ്ഞേറ്റെടുത്തെങ്കിലും അടിയീമുഖത്ത് തന്നെയാണൊ എന്ന കാര്യത്തില്‍ ഞങ്ങളു പാര്‍ട്ടിക്കാര്‍ക്കു മാത്രമേ പിടിത്തമില്ലാതുള്ളു. എന്റെ ഈ ഏരിയായില്‍ മൊത്തം സഖാവ് നിരപരാധിയാണെന്നു പറഞ്ഞു ഒരു നൂറു പോസ്റ്ററെങ്കിലും ഞങ്ങളൊട്ടിച്ചു കഴിഞ്ഞു. അതു കൊണ്ട് തന്നെ ജനങ്ങള്‍ക്ക് യാതൊരു സംശയവും തോന്നിയിട്ടില്ല. എന്നാലും തലയൊന്നു തപ്പി നോക്കിയേരെ വെല്ല കോഴിത്തൂവലെങ്ങാനും പറ്റിപ്പിടിച്ചിരിപ്പുണ്ടേല്‍ പിന്നെ അതു മതി ആ നന്ദകുമാരനും കൂട്ടര്‍ക്കും.
പിന്നെ ഗവര്‍ണ്ണറെ പിടിച്ചിട്ടും പ്രത്യേകിച്ചു കാര്യമില്ലെന്നു നമ്മുടെ റിട്ടയേഡ് മാഷ് പറഞ്ഞപ്പോഴാ മനസിലായേ. നമ്മുടെ പാര്‍ട്ടിയിലും വിവരമുള്ളവരുണ്ടല്ലോ എന്നോര്‍ത്ത് ഈ അവസരത്തില്‍ അങ്ങു സമാധാനിക്കണം. എങ്ങാനും കോടതി നേരിട്ടെടപെട്ടിരുന്നേല്‍ പിന്നെ കൊടി കുത്താനും ധര്‍ണ്ണ നടത്താനും എറണാകുളം കോടതി വരേ പോകേണ്ടി വന്നേനെ. ഇതാവുമ്പോ സെക്രട്ടറിയേറ്റിനു മുന്നിലിരിക്കുന്ന കൊടിയൊന്നെടുത്ത് ഗവര്‍ണ്ണന്റെ വീടിനു മുന്നില്‍ കുത്തിയാ മതിയല്ലൊ. വരാനുള്ളതെന്തായാലും വഴിയില്‍ തങ്ങില്ല, അല്ല പിശകി, വരാനുള്ളതെന്തായാലും നേരിടാന്‍ ഞങ്ങള്‍ സജ്ജരായിക്കഴിഞ്ഞു. പിന്നെ മുഖ്യനെ പിണക്കേണ്ട കേട്ടൊ. കാര്യം ശെരി നിങ്ങളു പറഞ്ഞാ പാര്‍ട്ടിക്കാരു കേള്‍ക്കുമെങ്കിലും, ജനങ്ങളു കേള്‍ക്കണേല്‍ അങ്ങേരു തന്നെ പറയണം. പണീ നമ്മള്‍ക്ക് പിന്നെ കൊടുക്കാം. ഇപ്പോ കൂടെ നില്‍ക്കുന്നവന്മാരെയൊക്കെ നമ്മള്‍ക്ക് മാത്രമേ പഥ്യമുള്ളൂ. അടുത്ത എലക്ഷനില്‍ നിന്നാല്‍ കെട്ടി വെച്ചു കാശു കൂടെ പോകാന്‍ ചാന്‍സുള്ളവന്മാരെ നമ്പി വെറുതെ നാറണ്ട.
അങ്ങയേ കോടതിക്കു വിട്ടു കൊടുത്തു കൊടുത്തൂടെ എന്നു ചോദിക്കുന്നവന്മാര്‍ക്ക് വെല്ല വെവരവും ഉണ്ടൊ? നമ്മുടെ ന്യായാസനം പറ്യുന്നതെന്താണു? ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നല്ലേ? ആ കോടതിയേ സഹായിക്കുവാന്‍ വേണ്ടി മാത്രമാണു അങ്ങയേ നിയമത്തിനു വിട്ടു കൊടുക്കത്തതെന്നു മനസിലാക്കാനുള്ള ബുദ്ധി അവന്മാര്‍ക്കില്ലാതെ പോയി. അല്ലെങ്കില്‍ തന്നെ നമ്മളു പാര്‍ട്ടിക്കരെടുത്ത് കൊടുത്ത ശുപാര്‍ശതള്ളിയ ഗവര്‍ണ്ണറേയും, കുടുക്കുമായി നില്‍ക്കുന്ന കോടതിയേം വിശ്വസിച്ചു വിട്ടുകൊടുത്താ പിന്നെ അങ്ങയേ തിരിച്ചു കിട്ടുമോന്ന കാര്യത്തില്‍ നമ്മള്‍ക്കൊരുറപ്പു കിട്ടാതെങ്ങനാ?
അപ്പൊ എല്ലാം പറഞ്ഞ പോലേ. പിന്നെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജി വെച്ച് പുറത്തിറങ്ങി നിന്നു കേസു നേരിടാന്‍ വിവരമില്ലാത്ത പലവന്മാരും പറയും. വന്‍ ചതിയാണത്. ഒരാവേശത്തിനു കേറി അങ്ങിനെയൊന്നും പറഞ്ഞേക്കരുത്. അങ്ങനേ ഒണ്ടായിരുന്ന ഒരു ലക്ക് ജോസപ്പന്‍ കൊണ്ടു പോയി. പിന്നെ ഈ പദവിക്കൂടി ഇല്ലാതേ പൊറത്തിറങ്ങിയാല്‍, പട്ടി ബിസ്കറ്റിനു പോലും മുടിഞ്ഞ വിലയുള്ള കാലമാ. സൂക്ഷിക്കണം. പിന്നെ എല്ലാം ഒന്നു കലങ്ങിത്തെളിയാന്‍ ചന്ദ്രന്‍ കണിയാരെ ഞാങ്ങോടു വിടുവാ. നമ്മള്‍ക്കിതിലൊരു വിശ്വാസമില്ലെങ്കിലും ചന്ദ്രന്റെ ഒരു സമാധാനത്തിനു. പറഞ്ഞു വരുമ്പോ തുടരെതുടരെ അടികിട്ടുന്നതില്‍ എന്തെങ്കിലും കാണാതിരിക്കുമോ. ലാവ്‌ലിന്റെ കാശൊന്നും അങ്ങയുടെ കയ്യിലില്ലാന്നറിയാം. എന്നാലും എന്തെങ്കിലും ദക്ഷിണയായി ചന്ദ്രനുകൂടി കൊടുത്തേക്ക്.
ലാല്‍സലാം
വക്കന്‍
തവളക്കുണ്ട് ഏരിയക്കമ്മറ്റി
പ്രവാസിയച്ഛന്
ചുടുമണല്‍ കാട്ടിലിരിപ്പൊണ്ടൊരച്ഛന്‍
വിളിയെത്താദൂരത്തിനപ്പുറം നിന്നു നീ
കൊഞ്ചിത്തന്നൊരുമ്മയും കൊണ്ടീ-
ക്കടല്‍ താണ്ടി വന്ന കാറ്റിന്നെ
മാറോട് ചേര്‍ത്തു വിതുമ്പൊന്നരച്ഛന്‍
നിന്റെ നെറ്റിത്തടം പൊള്ളുന്നെന്നമ്മ
പൊള്ളുന്നതെന്ന്നിട നെഞ്ചാണു
നിന്റെ പദങ്ങളില്‍ കല്‍മുന കൊണ്ട് ചോര-
പൊടിയുന്നതെന്‍ കരളിന്നകത്താണു
മമ താതന്‍ വിതുമ്പിയതെന്തെന്നിനി-
ചോദിക്കയില്ലൊരുത്തരമായ് നീ നില്‍ക്കേ
ഉറക്കമില്ലാതെ നീ കരഞ്ഞു വെളുപ്പിച്ച
രാവുകളോര്‍ത്തെന്നുറക്കവും പോയി
കരച്ചിലെന്‍ കവിളില്‍ തനിച്ചായി
കരയാതേ കരയുമീരാവിനി.
കാത്തിരിപ്പെന്തെന്നറിയില്ല നിനക്കു നിന്‍
യുക്തിയാ വാക്കിനു പിറകിലുമല്ല.
മേഘക്കീറുകളില്‍ മറഞ്ഞുപോമെനിക്ക്
കൈവീശി നീ തന്ന കയ്പുള്ള കനിയാണതും
രുചിച്ചീ രാവില്‍ ഞാനിരിപ്പൂ
നീ ചാഞ്ഞുറങ്ങിയ നെഞ്ചിലൊരു വേദന
തഴമ്പിച്ചു കിടപ്പൂ, തൊടുമ്പോള്‍
നീറുന്ന താരാട്ടിന്നോര്‍മയും
നിന്നരിപ്പല്ലു താഴ്ന്ന ചെറിയോരു പാടും.
തീര്‍ന്നു തീരേണമീ നാളുകള്‍
കൊന്നുതള്ളുന്ന നിമികള്‍ക്കൊപ്പം
മേഘങ്ങളില്‍ തുഴഞ്ഞു തുഴഞ്ഞു
നിന്നെയണയും വരെ നിന്‍ ചിരി-
ചില്ലു ജാലകത്തിന്നപ്പുറം തെളിയും വരെ
ഉണ്ണീ നിന്‍ കുഞ്ഞിക്കാലൊച്ച കാതോര്‍ത്തീ-
ചുടുമണല്‍ കാട്ടിലിരിപ്പൊണ്ടൊരച്ഛന്‍
“If I had, but, two wings,
To you my dear I would fly.
Yet, words like these are idle
And I stay here.”
2009, ജൂൺ 6, ശനിയാഴ്‌ച
കുഴിയെണ്ണേണ്ടതുണ്ടോ?
ഒരു ശില്പമോ, കവിതയോ, ചിത്രമോ ആസ്വദിക്കാന്‍ അതിന്റെ സൃഷ്ടാവ് ആരെന്നറിയേണ്ടത് തത്വത്തില്‍ ആവശ്യമില്ല. പകല്‍ക്കിനാവന്റെയും, മാരീചന്റെയും, കാപ്പിലാന്റെയും അനോണി ആന്റണിയുടെയും, കൃതികളും, ഫൊട്ടാഗ്രഫിയുമൊക്കെ കാണുകയും വായിച്ചു തുടങ്ങുകയും ചെയ്തിരുന്ന കാലത്ത് അവരാരാണെന്നു എനിക്കറിയില്ലായിരുന്നു. പകല്‍കിനാവനോട് കഴിഞ്ഞ ദിവസമാണു ആദ്യമായി ഫോണില്‍ സംസാരിക്കുന്നത് തന്നെ. അതിനുശേഷവും കിനാവന്റെ കവിതയിലോ ചിത്രത്തിലോ എന്തെങ്കിലും വ്യത്യസ്തത വന്നതായി എനിക്കു തോന്നിയില്ല. ബെര്‍ളി എഴുതുന്നത് കൊണ്ടാണു ചാര്‍ളിയുടെ പ്രേമലേഖനം എനിക്കിഷ്ടപ്പെട്ടത് എന്നതിനു ഒരടിസ്ഥാനവുമില്ല. അതു മെര്‍ളി എഴുതിയാലും പേരില്ലാത്തൊരുതനെഴുതിയാലും, ഒരേ ലെവലില്‍ ആസ്വദിക്കാന്‍ എനിക്കു കഴിയുമെന്നു തന്നെയാണു ഞാന്‍ കരുതുന്നത്. ഇനി സ്വയം പരിചയപ്പെടുത്തി എഴുതിയതു കൊണ്ട് എന്തെങ്കിലും വ്യത്യാസം ഉണ്ടാകും എന്നും എനിക്കു തോന്നുന്നില്ല. ആരു എഴുതുന്നു എന്നതിനേക്കാള്‍ എന്ത് എഴുതുന്നു എന്നതാണു ഒരാസ്വാദകനെ സംബന്ധിച്ച് പ്രധാനം.
മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ കടുത്ത ആരാധകരോ സ്തുതിപാഠകരോ ഒരുപക്ഷേ മാറി ചിന്തിച്ചേക്കാം. മമ്മൂട്ടിയുടെ ബ്ളോഗ്ഗില്‍ കമന്റ് വീഴാനുള്ള കാരണം തന്നെയതാണു. കമ്ന്റിട്ടവരില്‍ എത്ര പേര്‍ക് ബൂലോകവുമായി മുന്‍കാല ബന്ധമുണ്ട്, അല്ലെങ്കില്‍ എത്ര പേര്‍ മുന്പേ ബ്ളോഗ് വായിച്ചിരുന്നു എന്നതും ചിന്തിക്കേണ്ട കാര്യമാണു. ജനാധിപത്യത്തേക്കുറിച്ചോ വോട്ടവകാശത്തേക്കുറിച്ചോ അദ്ദേഹം പറഞ്ഞിട്ടുള്ളത് മുന്പ് മറ്റാരെങ്കിലും പറഞ്ഞിരുന്നതില്‍ നിന്നു വ്യത്യസ്തമാണെന്നു എനിക്കു തോന്നിയില്ല. ഒരു എഴുത്തുകാരന്റെ പേരു കൊണ്ടു മാത്രമാണു അയാളുടെ കൃതികള്‍ ശ്രദ്ധിക്കപ്പെടുന്നതെങ്കില്‍ അയാളുടെ എഴുത്തിനു സാരമായ അസ്വാഭാവികതയുണ്ട്. സ്വാഭവീകമായത് എഴുത്തിലൂടെ എഴുത്തുകാരന്‍ ശ്രദ്ധിക്കപ്പെടുക എന്നതാണു.
ടോം ആന്റ് ജെറി എനിക്ക് വളരെ ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ സീരീസാണു. ചെറുപ്പം മുതലേ ഞാനതാസ്വദിക്കുന്നു. പിന്നീടെപ്പൊഴോ ഇതിന്റെ പിന്നില്‍ ഫ്രെഡ് ക്വിംബിയാണെന്നറിഞ്ഞു. പക്ഷേ ആ അറിവ് കൊണ്ട് എന്റെ അസ്വാദനത്തില്‍ എന്തെങ്കിലും ഏറ്റക്കുറച്ചിലുണ്ടായി എന്നു തോന്നിയില്ല. ബാലരമയിലേ മന്ത്രിയുടെ തന്ത്രങ്ങള്‍ എഴുതുന്നതാരു എന്നോ ഡിങ്കന്റെയും നമ്പോലന്റെയും കര്‍ത്താക്കാള്‍ ആരെന്നോ ഇതു വരെ എനിക്കറിയില്ല. എന്നിട്ടും എന്നിലേ അസ്വാദകനു അതൊരു തടസമായി തോന്നിയിട്ടില്ല. ബോബനും മോളിയും സ്ഥിരമായി വായിച്ചിരുന്നയളാണു, അതിന്റെ പിന്നില്‍ ടോമ്സ് ആണെന്നുമറിയാം എന്നു കരുതി നിലവാരമില്ല എങ്കിലും റ്റോംസ്-ന്റെ രചനയല്ലേ എന്നു കരുതി മാത്രം എനിക്കിപ്പോളത് വായിക്കാനും വാങ്ങിക്കാനും തോന്നാറില്ല. ജംഗിള്‍ ബുക്കെഴുതിയത് റുഡയാഡ് കിപ്ലിങ് ആണെന്നത് എത്ര പേര്‍ക്കറിയാം?. 95-97 കാലയളവുകളില്‍ അതിന്റെ മലയാളരൂപം ടെലിവിഷനില്‍ വന്നപ്പോള്‍ മുറികളില്‍ ഇരച്ചു കയറിയിരുന്നു കണ്ടവരില്‍ ഭൂരിഭാഗം പേരും മൌഗ്ളിയുടെ സൃഷ്ടാവ് കിപ്ലിങ് ആണു എന്നറിഞ്ഞു കൊണ്ടാസ്വദിച്ചവരല്ല. ജയന്റ് റോബോട്ടും സൂപ്പര്‍ മാനും ഇപ്പോഴത്തെ കാര്‍ട്ടൂണ്‍ തരംഗങ്ങളുമൊക്കെ കുട്ടികളുടെ പ്രിയപ്പെട്ടതായിത്തീരുന്നത് എഴുത്തുകാരന്‍ ആരു എന്ന ചോദ്യം ഇല്ലാതെ തന്നെയാണു.
ഇനി അതാരെന്നറിഞ്ഞു കൊണ്ട് വായിക്കുന്നതില്‍ ചില അപകടങ്ങളും പതിയിരിക്കുന്നു. ചിനുഅവ അച്ചേബെയുടെ തിങ്‌സ് ഫോള്‍ അപാര്‍ട് വായിച്ച്തിനു ശേഷം അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാനുള്ള ശ്രമത്തിലാണു തിംഗ്‌സ് ഫോള്‍ അപ്പാര്‍ടിന്റെ രണ്ടാം ഭാഗം നോ ലോങര്‍ അറ്റ് ഈസ്-നെക്കുറിച്ചറിയുന്നത്. ചിന്വയെ അറിഞ്ഞത് കൊണ്ടു മാത്രം വളരേയേറെ പ്രതീക്ഷയോടെ വായിച്ചു തുടങ്ങിയ ആ നോവല്‍ എന്നെ തീര്‍ത്തും നിരാശപ്പെടുത്തി.സര്‍ഗ്ഗം എന്ന ചലച്ചിത്രം അക്കാലത്ത് എനിക്കിഷ്ടപ്പെടാന്‍ കാരണം, കരുത്തുള്ള വില്ലനായ മനോജ് കെ ജയന്‍ ദുര്‍ബല നായകനായ വിനീതിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നതു കൊണ്ട് മാത്രമാണു. കുറെക്കാലത്തേക്ക് ആ ചിത്രം കാണുമ്പോഴൊക്കെ മനോജിന്റെ ആത്മഹത്യയ്ക്ക് ശേഷം ഞാന്‍ ആ ചിത്രം തുടര്‍ന്നു കാണാറേയില്ലായിരുന്നു. കുറച്ചുകൂടി ബോധ്യം വന്ന നാളുകളിലാണു ആ സിനിമയുടെ കലാമൂല്യത്തേക്കുറിച്ചൊക്കെ ചിന്തിച്ചു തുടങ്ങുന്നത്. അതു മറ്റൊരു ലെവലിലേ ആസ്വദനത്തിലേക്കെത്തിക്കുകയും ചെയ്തു. സര്‍ഗ്ഗം സംവിധാനം ചെയ്ത ഹരിഹരന്റെ ചിത്രം എന്നത് മാത്രമാണു മയൂഖം കാണുവാന്‍ എന്നെ പ്രേരിപ്പിച്ചതു. എന്നെ തീര്ത്തും മടുപ്പിച്ചു കൊണ്ട് ആ ചിത്രം അവസാനിച്ചു. ഹരിഹരന്‍ എന്നയാളെ അറിഞ്ഞതു കൊണ്ടോ മനസിലാക്കിയതു കൊണ്ടോ പിന്നീടൊരിക്കല്‍ പോലും എനിക്കാ ചിത്രം ആസ്വദിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.
ബ്ളെസിയേയോ, റോഷന്‍ ആന്‍ഡ്രൂസിനെയോ, അമല്‍ നീരദിനേയോ അറിയാതെയാണു അവരുടെ പ്രഥമ ചിത്രങ്ങള്‍ കണ്ടിറങ്ങിയത്. അവ മികച്ച സുഖം നല്‍കുകയും ചെയ്തു. ഒരാളേ അറിയുന്നത്, അയാളുടെ സൃഷ്ടികളെക്കുറിച്ചൊരു മുന്‍വിധി നല്‍കുന്നു. ചിന്താവിഷ്ടയായ ശ്യാമള എന്ന മികച്ച ചിത്രത്തിനു ശേഷമിറങ്ങിയ ഇംഗ്ളീഷ് മീഡിയം എന്ന ചിത്രം തുടക്കത്തിലേ ക്രൌഡ് പുള്‍ അല്ലാതേ തുടര്‍കാഴ്ച ഉണ്ടാക്കാതിരുന്നത് എന്ത് എന്ന ചോദ്യത്തിനു, ശ്രീനിവാസന്‍ പറഞ്ഞ മറുപടി ഞാനോര്‍ക്കുന്നു. ആളുകള്‍ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രം വെച്ച് ശ്രീനിവാസന്റെ ചിത്രത്തിനു ഒരു മുന്‍വിധിയുണ്ടാക്കിയിരുന്നു. ഈ മുന്‍വിധിയോട് ഇംഗ്ളീഷ് മീഡിയം കാണാനെത്തിയതാണു പിന്നീടോരു അലയുണ്ടാക്കന്‍ ചിത്രത്തിനു കഴിയാതിരുന്നത്. ഇംഗ്ളീഷ് മീഡിയം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണു. പക്ഷേ അതു ശ്യാമളെയേ പോലെയാകണം എന്ന മുന്‍വിധിയുണ്ടാക്കി കണ്ടാല്‍ ഒരു പക്ഷേ അതൊരു പരാജയപ്പെട്ട ആസ്വാദനമായിത്തീരും. എഴുത്തുകാരനാരെന്നു മനസിലാക്കി അയാളുടെ കൃതികള്‍ ഇങ്ങനെ ആയിരിക്കും എന്നൊരു മുന്‍വിചാരണയോട് പോകുന്നത് പലപ്പോഴും നിരാശയിലെത്തിച്ചേക്കം എന്ന അപകടമാണു ഞാന്‍ പറഞ്ഞു വരുന്നത്.
ബെര്‍ളിക്ക് ഒരു ബ്ളോഗ് വായിക്കുന്നതിനു മുന്‍പ് അതെഴുതുന്നതാരു എന്നറിയണമെന്നുള്ള ആഗ്രഹം അദ്ദേഹം ഉപേക്ഷിക്കുമെന്നു തന്നെയാണു എന്റെ വിശ്വാസം. അനോണിയായാലും നോണിയായാലും എഴുതുന്നത് നല്ലതെങ്കില്‍ ആസ്വദിക്കാതെ വിടാതിരിക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്നു തന്നെ ഞാന്‍ കരുതുന്നു. കോടാനുകോടി നക്ഷത്രങ്ങള്‍ തിളങ്ങുന്ന മനോഹരമായ കാഴ്ച നക്ഷത്രങ്ങളുടെ പേരറിയില്ലയെങ്കിലും നമ്മളാസ്വദിക്കുന്നത് പോലേ.
പ്രതിപക്ഷബഹുമാനപൂര്‍വ്വം,
2009, ജൂൺ 4, വ്യാഴാഴ്‌ച
ലീബെരാ മെ ദോമിനേ
ലീബെരാ മെ-യില്‍ ദൈവകാരുണ്യം അപേക്ഷിക്കുകയും, അതേ സമയം തന്റെ മേല്‍ നിപതിക്കാനിരിക്കുന്ന അന്ത്യവിധിയുടെ ഭയാനകതയേയും കുറിച്ച് പരേതന്‍ സ്മരിക്കുകയും ചെയ്യുന്നു. മരിക്കുന്നയാള്‍ രണ്ടു വിധികളെയാണു നേരിടുന്നത്. ഒന്നു മരിച്ചയുടന്‍ തന്നെയുള്ള വിധി. അതില്‍ ആത്മാവ് സ്വര്‍ഗത്തിലേക്കോ, ശുദ്ധീകരണസ്തലത്തേക്കോ, നരകത്തിലേക്കൊ എടുക്കപ്പേടുന്നു. പിന്നീട് അന്തിമ വിധിയില്‍ സ്വര്‍ഗത്തിലെയും നരകത്തിലേയും ആത്മാവുകള്‍ അവിടെത്തന്നെയും ശുദ്ധീകരണസ്ഥലത്തേ ആത്മാക്കള്‍ സ്വര്‍ഗത്തിലുമായിത്തീരും. നരകത്തിലേക്ക് തന്റെ ആത്മാവിനെ തള്ളിവിടരുത് എന്ന അപേക്ഷ, പരേതശുശ്രൂഷ പ്രാര്‍ത്ഥനയില്‍ ആലപിക്കുന്ന എല്ലാ ഗീതങ്ങളിലും ഉണ്ട്. സംസകാരചടങ്ങില്‍ കൂടാതേ സകല ആത്മാക്കള്‍ക്കുമായി ക്രിസ്തീയ സഭ ആചരിക്കുന്ന ദിവസ(All Souls Day)വും ഈ ഗാനം ആലപിക്കാറുണ്ട്.
Libera me, Domine, temorte aeterna,
ലീബെരാ മെ, ദോമിനേ, തെ മോര്‍തെ എതേര്‍നാ,
in die illa tremenda:
ഇന്‍ ദിയേ ഇലാ ത്രെമെന്‍ദാ:
Quando caeli movendi sunt et terra.
ക്വാന്‍ദോ ചേളി മോവെന്‍ദി സുന്‍ത് എത് തേറാ.
Dum veneris judicare saeculum per ignem.
ദും വെനേരിസ് യൂദിക്കാരേ സേക്കൂളും പെര്‍ ഇഞ്ഞെം
Tremens factus sum ego, et timeo,
ത്രെമെന്സ് ഫാക്തുസ് സും എഗോ, എത് തിമെയോ,
dum discussio venerit, atque ventura ira.
ദും ദിഷുസിയോ വെനെരിത്, ആത്ക്വേ വെന്തുറ ഈര.
Quando caeli movendi sunt et terra.
ക്വാന്‍ദൊ ചേളി മോവെന്‍ദി സുന്‍ത് എത് തേറാ.
Dies illa, dies irae, calamitatis et miseriae, dies magna et amara valde.
ദിയെസ് ഇല്ല, ദിയെസ് ഇരേ, കലമിതാതിസ് എത് മിസെരിയേ, ദിയെസ് മാഞ്ഞാ എത് അമാര വാല്‍ദെ
Dum veneris judicare saeculum per ignem.
ദും വെനേരിസ് യൂദിക്കാരേ സേക്കൂലും പെര്‍ ഇഞ്ഞെം
Requiem aeternam dona eis, Domine: et lux perpetua luceat eis.
റെക്വെം എതേര്‍നാം ദോനാ ഏയിസ്, ദോമിനേ: എത് ലൂക്സ് പെര്‍പെതുആ ലൂകിആത് ഏയിസ്.
അഗ്നിയിലേറി നീയുലകത്തെ വിധിക്കുന്ന.
ഭൂസ്വര്‍ഗങ്ങളാടിയുലയുന്ന .
ഭീതിതമാം ദിനത്തില്‍, നിത്യമാം മൃത്യുവില്‍
നിന്നെന്നെ മോചിപ്പിക്കുക നാഥാ.
ഭീതിതനാണു ഞാന്‍, ഭയമെന്നെ കീഴടക്കുന്നു,
ഭൂസ്വര്‍ഗ്ഗമുലയുന്ന നാളില്‍, നിന്‍
ന്യായവിധി ഞങ്ങളില്‍ പതിയും വരെ,
നിര്‍ഭാഗ്യമെന്നെയണയും വരെ.
ദോഷ ദുഃഖ ദുരന്തങ്ങള്‍ തന്‍ നാളില്‍,
ഏറിയ കയ്പതിര്‍ കവിയും ദിനത്തില്‍,
അവര്‍ക്കു നീ നല്‍കുക നിത്യമാം ശാന്തി
അവരുടെ മേല്‍ ചൊരിയുക നിത്യമാം കാന്തി.
Libera – മോചിപ്പിക്കുവിന്‍ Me- എന്നെ Domine- കര്‍ത്താവേ, നാഥാ Morte- മരണം Aeterna – നിത്യമായ Die – ദിനം Tremenda- ഭയാനകമായ Coeli- സ്വര്‍ഗം
Movendi- ചലിക്കുക (ഇവിടെ ഇളക്കം തട്ടുന്ന, കുലുങ്ങുന്ന) Terra- ഭൂമി Veneris- ആഗതനാകുക, എഴുന്നുള്ളുക Judicare- വിധിക്കുവന്‍ (അന്ത്യ വിധി) Saeculum – ലോകം
Ignem – അഗ്നി(തീ)യില്‍ Tremens – ഭയാനകം Factus – കാരണീയം Sum- വിളിക്കപ്പെട്ടു Ego- ഞാന്‍ Timeo_ ഭയപ്പെടുന്നു Dum – നിന്റെ (അങ്ങയുടെ)
Dicussio- ചര്‍ച്ച, (ഇവിടെ ന്യായ വിസ്താരം) Venerit – ആഗതമാകുന്ന Ventura- കടന്നു വരുന്ന Ira- ദൌര്‍ഭാഗ്യം, ശാപം Calamitatis- ദുരന്തം Miseriae- ദുഃഖം
Magna – വലിയ Amara- കയ്പ് Valde- അതിരുകവിഞ്ഞ Requiem – സമാധനം, ശാന്തി Dona- നല്‍കുക Lux- പ്രകാശം Perpetua- നിത്യമായ
Luceat- വിളങ്ങുക, തിളങ്ങുക
2009, ജൂൺ 2, ചൊവ്വാഴ്ച
സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ
ബൈബിളില്‍ ഈ പ്രാര്‍ത്ഥന കാണപ്പെടുന്നത്: ഒന്നു, യേശു കപടഭക്തിയേ വിമര്‍ശിക്കുന്നിടത്തും(വി. മത്തായി 6 :9-13), രണ്ട്, ഗിരിപ്രഭാഷണം (വി. ലൂക്കാ 11:2-4) നടത്തുന്നിടത്തുമാണു. പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്നവരേ വിമര്‍ശിച്ചു കൊണ്ട് യേശു എങ്ങിനേ പ്രാര്‍ത്ഥിക്കണം എന്നു പഠിപ്പിക്കുന്നതായാണു മത്തായിയുടെ സുവിശേഷത്തില്‍ കാണുന്നത്. പ്രാര്‍ത്ഥനയുടെ ക്രമവും വിഷയവും എന്തായിരിക്കണെമെന്നതിനെയൊക്കെ അവലംബിച്ച് ഈ പ്രാര്‍ത്തനയുടെ പല വ്യാഖാനങ്ങളും ഉണ്ടായിട്ടുണ്ട്. ക്രിസ്ത്യന്‍ ആത്മീയത അനുസരിച്ച് ഒരു പ്രാര്‍ത്തനയ്ക്ക് പ്രധാനമയും നാലു ഭാഗങ്ങളാണുള്ളത്:
1. ആരാധന(Adoration): ദൈവത്തേയും അവിടുത്തേ മഹത്വത്തേയും സ്മരിച്ച് ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു.
2. പശ്ചാത്താപവും പാപപ്പൊറുതി യാചിക്കലും (Act of Repentence): ചെയ്തു പോയ തെറ്റുകളേറ്റു പറയുകയും മാപ്പപേക്ഷിക്കുകയും ചെയ്യുന്നു.
3. നന്ദിയര്‍പ്പണം (Thanks Giving): അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നു.
4. അപേക്ഷകളും മാധ്യസ്ഥ സഹായവും (Supplication and Intercession): ആവശ്യങ്ങള്‍ നിറവേറ്റാനായി അപേക്ഷിക്കുന്നു.
ഇവയെല്ലാം പൂര്‍ണ്ണമായിട്ടല്ലെങ്കില്‍ തന്നെയും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രാര്‍ത്ഥനയാണു ഇത്. "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ" എന്ന ഭാഗം ദൈവത്തേ സ്തുതിക്കുന്നതാണു. "ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നത് പോലേ ഞങ്ങളുടെ തെറ്റുകളും ക്ഷമിക്കേണമേ" എന്നത് അനുതാപത്തിന്റേയും, "അന്നന്നു വേണ്ടുന്ന ആഹാരം ഇന്നും നല്‍കണമേ" എന്നത് അപേക്ഷകളുടെയും ഭാവമുള്‍ക്കൊള്ളുന്ന ഭാഗങ്ങളാണു. ഓരോ വരികളേയും ഉദ്ധരിച്ച് അവയുടെ വ്യാഖാനങ്ങളും നിലവിലുണ്ട്. മദര്‍ തെരേസ പറയുന്നത് സ്വര്‍ഗഥനായ ഞങ്ങളുടെ പിതാവേ എന്ന വാചകത്തിന്റെ അന്തരാര്‍ത്ഥങ്ങളേക്കുറിച്ച് ധ്യാനിക്കുവാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നാണു. അത്രമാത്രം ഗഹനമായ ഒരു പ്രാര്‍ത്ഥന നിശ്ചിന്തേന പലരും ഉരുവിട്ടു പോകുന്നതില്‍ വൈപരീത്യവുമുണ്ട്. കാരണം പ്രാര്‍ത്ഥനയ്ക്ക് വേണ്ടി മാത്രം പ്രാര്‍ത്ഥിച്ചിരുന്ന ഒരു സമൂഹത്തേ “ഇങ്ങനെ പ്രാര്‍ത്തിക്കുവിന്‍” എന്നു പറഞ്ഞു ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥനായാണു ലവലേശം ബോധ്യമില്ലാതേ ചൊല്ലിക്കുട്ടുന്നത്. ആ വിഷയം അവിടെ നില്‍ക്കട്ടേ.
ഈ പ്രാര്‍ത്ഥനയുടെ മൂലരൂപം ഗ്രീക്കിലാണുള്ളത്. പിന്നീട് ലത്തീനിലേക്കും സിറിയനിലേക്കും തര്‍ജ്ജമചെയ്യപ്പെട്ടു. ഏ.ഡി. 650-ല്‍ ആണു ഇംഗ്ളീഷിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയത്. എങ്കിലും ഏ.ഡി. 1662 ചര്‍ച്ച് ഒഫ് ഇംഗ്ളണ്ട് പരിഭാഷപ്പെടുത്തിയതാണു പൂര്‍വ രൂപമായി പരിഗണിക്കപ്പെട്ടിട്ടുള്ളത്. 1928-ല്‍ അമ്മേരിക്കയിലേ എപിസ്കോപല്‍ ചര്‍ച്ച് ഈ രൂപത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി. 1988-ല്‍ ഇക്യുമെനികല്‍ ഇംഗ്ളീഷ് ലാങ്വെജ് ലിറ്റര്‍ജിക്കല്‍ കണ്‍സല്‍ട്ടേഷനാണു മോഡേണ്‍ ഇംഗ്ളീഷിനു അനുസൃതമായി രൂപമാറ്റം വരുത്തിയത്. മത്തായിയുടെ സുവിശേഷത്തിലേ പ്രാര്‍ത്തനയുടെ പഴയരൂപത്തില്‍ കടം (Debt) എന്ന വാക്ക് പിന്നീട് തെറ്റ്, അതിക്രമങ്ങള്‍, പാപങ്ങള്‍ (trespasses or sin) എന്നാക്കി മാറ്റിയിട്ടുണ്ട്. എങ്കിലും പലറീത്തുകളിലും ഇപ്പൊഴും കടം എന്ന പ്രയോഗം തെറ്റ് എന്നര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. റോമന്‍ കത്തോലികര്‍ പൊതുവേ പ്രാര്‍ത്ഥനയുടെ അവസാനഭാഗത്തു വരുന്ന "എന്തു കൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും അങ്ങയുടേതാകുന്നു" എന്ന ഭാഗം ഒരു മിച്ച് ചേര്‍ത്ത് ചൊല്ലാറില്ല. എങ്കിലും റോമന്‍ റിത്തിലുള്ള കുര്‍ബാനയില്‍ ഈ ഭാഗം വേര്‍തിരിച്ചു ചൊല്ലാറുണ്ട്. "അന്നന്നു വേണ്ടുന്ന ആഹാരം" എന്നതിനേ "ഞങ്ങള്‍ക്ക് ആവശ്യമായ ആഹാരം " എന്നാണു സിറിയന്‍ റീത്തില്‍ പറയുന്നത്. എന്തൊക്കെയായാലും ഈ പ്രാര്‍ത്ഥന ലൂക്കയുടെയും മത്തായിയുടെയും സുവിശേഷഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഗൂഗിളില്‍ "Our father in Heaven" എന്നു സെര്‍ച്ച് ചെയ്തപ്പോള്‍ പലഭാഷകളിലേ ഈ പ്രാര്‍ത്ഥനയും ചെറിയൊരു ചരിത്രവും കിട്ടി. ഇതാര്‍ക്കെങ്കിലും ഉപകരിക്കുമോ ഇല്ലയോ എന്നറിയില്ല. എങ്കിലും ഒരു മൂച്ചിനു അവയുടെ ഉച്ചാരണവും പറ്റുമെങ്കില്‍ വാക്കുകളുടെ അര്‍ത്ഥവും കിട്ടുമോന്നറിയാനുള്ള അന്വേഷണത്തില്‍ കിട്ടിയത് ചുവടേ ചേര്‍ക്കുന്നു. വാക്കുകളുടെ അര്‍ത്ഥ കണ്ടുപിടിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലാത്തതിനാല്‍ അവ മുഴുവന്‍ പകര്‍ത്തി വെച്ച് പോസ്റ്റ് നീട്ടുന്നില്ല. എങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാന്‍ മറക്കണ്ട കേട്ടോ.
മലയാളം : സത്യവേദപുസ്തകം, പഴയ മലയാളം, പി.ഒ.സി.
ലത്തീന്‍ : Pater Noster with Pronunciation
ഗ്രീക്ക് : Πάτερ ἡμῶν with Pronunciation
സംസ്കൃതം : भो अस्माकं स्वर्गस्थ पितः with Pronunciation
English: (1988) (1928) (1662)
ജെര്‍മ്മന്‍ : Das Vaterunser with Pronunciation
ഇറ്റാലിയന്‍ : Padre Nostro with Pronunciation
ഫ്രെഞ്ച്: Notre père with Pronunciation
2009, ജൂൺ 1, തിങ്കളാഴ്‌ച
മഴയ്ക്ക് വാര്‍ദ്ധക്യമാണു
അവളുടെ ലഹരിയും സൌന്ദര്യവും പൊഴിഞ്ഞിരിക്കുന്നു.
തെന്നി നീങ്ങുവാന്‍ ചേമ്പില കുമ്പിളില്ലീ-
ക്കാറ്റത്തുലയുവാന്‍ പുളിയിലക്കൂട്ടവും.
കോണ്‍ക്രീറ്റിനു മുകളില്‍ നിന്റെ
തുള്ളികള്‍ വീണു തകര്‍ന്നു
ഓവുചാലുകള്‍ വെട്ടിക്കീറി
തുഴഞ്ഞു പോയ കടലാസു വഞ്ചികള്‍
പോയവഴി വെള്ളവുമൊലിച്ചു പോയീ
നീര്‍ വഴിചാലും വരണ്ടു പോയി.
എന്‍ മണിക്കുട്ടനു തുഴഞ്ഞു പോകുവാന്‍
വിരല്‍തുമ്പിലമരും മൌസുണ്ട്
*കരീബിയന്‍ കടലിലേ കറുത്ത കപ്പലും.
വയലിനു മുകളില്‍ പെയ്തിറങ്ങിയ നിന്‍-
ഹരിതസ്പര്‍ശവുമൊഴിഞ്ഞുപോയി.
തെറിച്ചുപോമീ ചെങ്കല്‍ ചെളിക്കണം
നിന്‍ ശവക്കച്ചയില്‍ പൂക്കള്‍ വിരിക്കവേ.
ഒരു കുടയും വാഴയിലക്കീറും മറഞ്ഞീ-
യിടവഴി താണ്ടുവാന്‍ വരില്ല,
നനഞ്ഞു കീറിയ പുസ്തക താളും
സ്ളേറ്റിലെ മാഞ്ഞ് മങ്ങിയ വരികളുമേന്തി
കടന്നു പോയ കുഞ്ഞിക്കാലുകള്‍.
കാത്തു നില്പുണ്ടവിടെ പടിവാതിലില്‍ പീത-
വര്‍ണ്ണം ചാര്‍ത്തിയ നേരത്തിന്‍ വണ്ടികള്‍.
അകലേ മുഴങ്ങും നേരത്തിന്‍ മണികള്‍
തിരക്കില്ലൊരാന്തലിന്‍ തരികള്‍ മനസില്‍
നീയൊന്നു പെയ്തു തീരേണമെന്നു പ്രാര്‍ത്ഥിക്കുവാന്‍
കാത്തു നില്പില്ലാരും പീടിക തിണ്ണയില്‍
മഴനനഞ്ഞീ വഴിയാരുമില്ല
രാത്രിമഴയുണ്ട് കാണുവാന്‍
കറുപ്പില്‍ നിനക്കു വര്‍ണ്ണമില്ലെങ്കിലും
ശോഷിച്ചു പോയ നിന്‍ തണുത്ത വിരലുകളും
ചെറിയോരലര്‍ച്ചയും തേങ്ങലും
പിന്നെ അലസമെന്‍ ഓര്‍മ്മയും
ഇനിയുണ്ട് ബാക്കി...
* Pirates of Caribbean – Video Game