അങ്ങിനെ നിങ്ങള്‍ കരുതുന്നു. കരുതുന്നതെല്ലാം ശെരിയാണു എന്നു ധരിക്കുക്കയും ചെയ്യുന്നു. ജനങ്ങളെല്ലാം സി.പി.എമ്മായിരുന്നെങ്കില്‍ പിണറായി മുഖ്യമന്ത്രിയല്ല, ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ ഏകാധിപതിയായേനെ. ജനത്തേ കഴുതയെന്നു നിങ്ങള്‍ വിളിക്കാം. അവരെ സി.പി.എമ്മുകാരൊന്നോ, കോണ്ഗ്രസുകാരെന്നോ വിളിക്കാന്‍ ജനങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും തന്തയുടെ(സഭ്യമല്ലെന്നറിയാം ക്ഷമിക്കുക) വകയല്ല.
പിണറായിക്കു വേണ്ടി ജനങ്ങള്‍ കരിദിനമേറ്റ് പിടിച്ച് അക്രമവും ഹര്‍ത്താലുമൊക്കെ ഉണ്ടാക്കിയതാണത്രേ. എവിടുന്നു കിട്ടി നിങ്ങള്‍ക്കീ യുക്തി? ഞങ്ങളുടെ നേരെ കല്ലെറിഞ്ഞും ഞങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും വാങ്ങിയ സര്‍ക്കാരു ബസുകള്‍ തല്ലിപ്പൊളിച്ചും ഞങ്ങളുടെ മക്കള്‍ പട്ടിണികിടക്കതിരിക്കാന്‍ കൂലിപ്പണിക്കു പോകുമ്പോള്‍ വഴിതടഞ്ഞും, അന്നന്നത്തെ അപ്പത്തിനായി തുറന്നു വെച്ച കടകള്‍ കത്തിച്ചും ഇവിടെ ഒരുകുറ്റാരോപിതനേയും സംരക്ഷിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങുകയില്ല. അങ്ങിനെ ഇറങ്ങുന്നവര്‍ ഞങ്ങളായിരുന്നെങ്കില്‍ അതാരുടെയും അന്നം മുടക്കിയിട്ടു ചെയ്യാനും ഞങ്ങള്‍ പഠിച്ചിട്ടില്ല.
നിങ്ങള്‍ രാഷ്ട്രീയപരമായി നേരിടുന്നതാരെയാണു? ഞങ്ങളേയോ? അതോ വലതനേയോ? കോടതിയേയും ഗവര്‍ണ്ണരേയുമോ? ഞങ്ങളുടെ പേരു പറഞ്ഞു ഞങ്ങള്‍ക്ക് നേരെ കല്ലെറിയുന്ന നിങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിക്കാരല്ലാതെ മറ്റാരും തെരുവിലിറങ്ങില്ല എന്നു മനസിലാക്കാനുള്ള ബോധം നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കപ്പെടുന്നില്ല. എങ്കിലും യഥാര്‍ഥ ജനവികാരം മനസിലാക്കിയിരുന്നെങ്കില്‍ പിണറായിയെ നിങ്ങള്‍ ഉപദേശിക്കേണ്ടത് ഈ പൊല്ലാപ്പും കരിദിനവുമൊക്കെ മാറ്റി വെച്ച് കോടതിക്കു മുന്നില്‍ നിന്നു സത്യത്തിനു സാക്ഷിയാകാനാണു. അദ്ദേഹം തെറ്റുകാരനല്ല എന്നു കേള്‍ക്കാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. അത് അദ്ദേഹത്തോട് അടുപ്പമുള്ളതു കൊണ്ടല്ല. ഇടതുപക്ഷമെന്നത് കറയില്ലാത്തവരെന്നു പണ്ടേ മുതല്‍ മനസിലുറച്ചു പോയ വിശ്വാസം തകരാതിരിക്കാനാണു.
പ്രോസിക്യൂട്ട് ചെയ്യരുതെന്നു പറയുമ്പോള്‍ യു.ഡി.എഫിനും, ചെയ്യാന്‍ പറയുമ്പോള്‍ എല്‍.ഡി.എഫിനും ഹര്‍ത്താലും കരിദിനവും നടത്താന്‍ ഒരു പോലെ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പക്ഷെ അതു സ്വസ്ഥമായി ജീവിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ നെഞ്ചത്ത് ചവിട്ടി നിന്നാകരുത്. ചവിട്ടി നിന്നാണെന്നറിഞ്ഞു കൊണ്ടു തന്നെ ഞങ്ങളിതു സഹിക്കുമ്പോള്‍, ആ കുറ്റം കൂടി ഞങ്ങളുടെ തലയിലിട്ടാല്‍ അതും സഹിക്കേണ്ട ഗതികേടിനെ അംഗീകരിച്ചു കൊണ്ട് തന്നെ, പണ്ടൊരപ്പൂപ്പന്‍ ഞങ്ങളെ പഠിപ്പിച്ച സഹനത്തിന്റെ വഴിയേ ഞങ്ങള്‍ പോകുന്നു, ഇതൊരു സ്വാതന്ത്ര്യ സമരമല്ലെങ്കിലും.
ഇവിടെ ജനവികാരം ഒരു രാഷ്ട്രിയ നേതാവിനു വേണ്ടി ഉയര്‍ന്ന നിമിഷങ്ങ് വളരേ ചുരുക്കമാണു. ജയലളിത കാലുവാരിയപ്പോള്‍ വാജ്പേയ്ക്ക് വേണ്ടി, ചീട്ടു നഷ്ടപ്പെടുമായിരുന്ന അവസരത്തില്‍ സഖാവ് വി.എസി നു വേണ്ടി. മദ്യനിരോധനമേര്‍പ്പെടുത്താനുള്ള ശ്രമത്തില്‍ എ.കെ. ആന്റണിക്കൊപ്പം, അങ്ങിനെ ചുരുക്കം ചിലയിടത്ത് മാത്രം. ഒരു പക്ഷേ ഏറ്റവുമധികം തവണ ഈയിടെയായി ഉയര്‍ന്നത് വീ.എസിനു വേണ്ടിയാണു, മൂന്നാറില്‍ നിന്നു തുടങ്ങി അദ്ദേഹത്തെ അനുകൂലിച്ച വികാരത്തെ അദ്ദേഹത്തിന്റെ ഭീരുത്വം ലജ്ജിപ്പിച്ചു കളഞ്ഞു എന്നു മാത്രം. അല്ലാതെ ഇവിടെ തെമ്മാടിയും ചെമ്മാനും പാര്‍ട്ടിയുടുപ്പിട്ടു വന്നു എന്തു തോന്ന്യാസം കാണിച്ചാലും അവര്‍ക്കനുകൂലമായി ഞങ്ങള്‍ വികാരവിജൃഭിതരാകുമെന്നു നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഈ ഇലക്ഷന് നല്കിയ പാഠം നിങ്ങളുടെ ഗര്‍വ്വിനെ കുറച്ചിട്ടില്ലെന്നു സാരം.
മാറി ചിന്തിക്കണം മി. ജയരാജന്. പാര്‍ട്ടിയല്ല ജനങ്ങള്‍. ജനങ്ങളെന്നത് പാര്‍ട്ടിയുമല്ല. ഇതിലേതെങ്കിലുമൊന്നു ശരിയായിരുന്നെങ്കില്‍ ഏതെങ്കിലുമൊരു കക്ഷി മാത്രം ഭരിക്കുന്നിടമായി ഈ നാട് മാറിയേനെ. അങ്ങിനെ ഒരു കക്ഷി ഉണ്ടായിരുന്നത് മഹാബലിയായിരുന്നു. അതും ഐതീഹ്യത്തില്‍. ഇപ്പോള്‍ നിങ്ങളിത് മാത്രം മനസിലാക്കൂ സഖാവേ (ഈ വാക്കിന്റെ അര്‍ത്ഥമ്റിയാമെന്നു കരുതുന്നു). ജനമെന്നത് സി.പി.എമ്മല്ല.
കരിദിനാചരണം ഹര്‍ത്താലും അക്രമാസക്തവുമായതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് സ. ഇ.പി. ജയരാജന് പറഞ്ഞ മറുപടി: "പ്രോസിക്യൂട് ചെയ്യാനുള്ള തീരുമാനതിനെതിരെ പ്രഖ്യാപിച്ച് കരിദിനം ജനങ്ങലേറ്റെടുത്തതാണു". ഇതു കേട്ട് വികാരാധീതനായി എഴുതിപ്പോയതാണു. അല്ലാതെ ഇതു വായിച്ചരെങ്കിലും നന്നാകുമെന്നു കരുതിയല്ല.
4 അഭിപ്രായങ്ങൾ:
തകര്‍ത്തു മോനെ തകര്‍ത്തു....
..ഒരു പൌരന്റെ വികാരം...
അയാളെ പറ്റി എഴുതിയതേ വേസ്റ്റ്.
ഹി ഹി ഹി...ശെരിയാ കുമാരേട്ടാ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ