പലരും ചിന്തിക്കുന്നതു പോലെ അതൊരു ഓര്‍മ്മപ്പെടുത്തലാണു, മരണത്തേക്കുറിച്ച്. എല്ലാവര്‍ക്കും ഒരിക്കല്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഘോരഘോരമായ സത്യം. രംഗബോധമുള്ളപ്പൊഴോ ഇല്ലാത്തപ്പൊഴോ അതു വരുന്നു. വാഴക്കോടനോ, കിച്ചുവോ മറ്റാരെങ്കിലുമോ അതേക്കുറിച്ചെഴുതുമ്പോള്‍, വായിക്കുന്ന എന്നെപ്പോലുള്ളവരും ഈയൊരു ഭീകര സത്യത്തിലേക്ക് ഉറ്റു നോക്കുന്നു, കുറേപേര്‍ ധീരമായി. കുറേപ്പേര്‍ അതുളവാക്കുന്ന ഭയത്തിനതീതരായിത്തന്നെ. എനിക്കാ പോസ്റ്റുകള്‍ വിണ്ടും വായിക്കാനുള്ള ധൈര്യമില്ല. അതു എഴുത്തിന്റെ കുഴപ്പമോ, എഴുതുന്നവരോട് എന്തെങ്കിലും വൈരാഗ്യമുള്ളതു കൊണ്ടൊ അല്ല. അതിനുള്ള ധൈര്യമില്ല, അത്ര തന്നെ. ഇതൊക്കെ മാറ്റിവെച്ചാല്‍, ഒരാള്‍ മരിച്ചതിനുശേഷം വരുന്ന കുറിപ്പില്‍ ആശാവഹമായ എന്തൊ ഒന്നു ഞാന്‍ കാണുന്നു. കൊള്ളാം. നല്ലത്, എന്റെ കണ്ണിനു നല്ലതു കണ്ടാലും തിരിച്ചറിയാം എന്നത് തന്നെ വലിയ കാര്യം. അത് മരണത്തിലൂടെ നമ്മള്‍ ചില മഹാന്മാരോടൊപ്പം ഗണിക്കപ്പെടുന്നു എന്നുള്ളതാണു.
ഇതിലെന്ത് മഹത്വം?. ഒരു ചുക്കുമില്ല. ശരിയാണു ഒരു ചുക്കുമില്ല. വാഴക്കോടന്റെ കത്തോ, കിച്ചുവിന്റെ ഓര്‍മ്മപ്പെടുത്തലോ വായിച്ചിട്ടു ഞാനൊരു കമന്റുമിട്ട് പോകുന്നു. എപ്പൊ വേണമെങ്കിലും എന്നെതിരഞ്ഞു കടന്നു വരാവുന്ന മരണം. അതേക്കുറിച്ചെഴുതുമ്പോള്‍ എന്റെ കൈ വിറക്കുന്നു. അവനവന്റെ മരണത്തെക്കുറിച്ചെഴുതുക അത്ര സുഖമുള്ള ഏര്‍പ്പാടല്ല എന്നാണു എനിക്കു തോന്നുന്നത്. ഇതു വായിക്കുന്ന എന്നൊടടുത്തു നില്‍ക്കുന്നവര്‍ക്കും ഇതത്ര സുഖമുള്ള സങ്കല്പമല്ല. എങ്കിലും വിചാരിക്കുന്നു. ആ അവിചാരിതമായ സംഭവതില്‍ തട്ടി ഞാന്‍ വീണു പോകുന്നു എന്നും എന്റെ മരണമറിയുന്ന ഏതെങ്കിലും ഒരു ബ്ളോഗര്‍ അതേ പറ്റി എഴുതുന്നു എന്നും നിനയ്ക്കു. അങ്ങിനെ വരുമ്പോള്‍ എന്റെ മൃത്യുവിനു ആലങ്കാരികമായി ഒരു പദം കൂടി വന്നേക്കാം. അതിനെ മുന്നില്‍ ചേര്‍ത്ത് ‘യാദൃശ്ചികം’ എന്നു പറഞ്ഞു ബൂലോകത്ത് ജനിക്കുന്ന പോസ്റ്റ്. മരണത്തേക്കുറിച്ച് പറഞ്ഞിടത്ത് കമ്ന്റിട്ടുപോയിട്ട് ഞാന്‍ മരണത്തിനു കീഴടങ്ങുന്നു എന്നതാണു അതിന്റെ യാദൃശ്ചികത. അങ്ങിനെ വെറുതെ മരിക്കേണ്ടുന്ന ഞാന്‍ ‘യാദൃശ്ചികമായി മരിക്കുന്നു’.
സംഗതി അഥവാ മഹത്വം തുടങ്ങുന്നത് അവിടെ നിന്നാണു. ഞാന്‍ പറഞ്ഞ ആശാവഹമായ കാര്യം. അതാണു എന്റെ മരണത്തെപ്പറ്റിയുള്ള ആരെങ്കിലും എഴുതുന്ന എഴുത്ത്. എത്രപേര്‍ വന്‍കരകളിലും കടലിലുമായി പരന്നു കിടക്കുന്ന ഭൂമിയില്‍ കോടിക്കണക്കിനു കോണുകളിലായി, അനുനിമിഷം നിത്യമായ വിട പറഞ്ഞു പോകുന്നു? അതില്, എത്ര പേരുടെ മരണം എഴുതപ്പെടുന്നു? അതില്‍ എത്ര എഴുത്തുകള്‍ നമ്മെ ചിന്തിപ്പിക്കുന്നു? എന്റെ മരണത്തെ പറ്റി ചിന്തിക്കപ്പെടുന്ന ഒരു എഴുത്തുണ്ടാകുമ്പോള്‍, ദുഃഖത്തിനപ്പുറം നിന്നു ഞാന്‍ സന്തോഷിക്കുകയാണു.
അങ്ങിനെ ചരിത്രത്തില്‍ സംഭവിക്കുന്നതിതാദ്യമായല്ല. "A glory has departed and the sun that warmed and brightened our lives has set and We shiver in the cold and dark"-ഗന്ധിജിയെ അനുസ്മരിച്ച് നെഹ്രു നടത്തിയ ചരമപ്രഭാഷണം. ഇങ്ങനെ മറഞ്ഞു പോകുന്നവര്‍ ബാക്കി വെക്കുന്ന ചിന്തകള്‍ അനുസ്മരിക്കുന്ന എത്ര കൃതികള്‍, വിലാപകാവ്യങ്ങള്‍. 1637-ല്‍ പുറത്തിറങ്ങിയ, ജോണ്‍ മില്‍ട്ടന്റെ പ്രസിദ്ധമായ കാവ്യം, ലിസിഡാസ്, തന്റെ സഹപാഠിയായിരുന്ന എഡ്വേഡ് കിംഗിന്റെ ചരമത്തില്‍ നിന്നുയിര്‍കൊണ്ട വിലാപകാവ്യമാണു. കേംബ്രിജില്‍ തന്നോടൊപ്പം പഠിച്ചിരുന്ന കിംഗ് ഒരു കപ്പലപകടത്തിലാണു മരിക്കുന്നത്. തന്റെ സുഹൃത്ത് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിപ്പോയൊരിടയനാണു എന്നു മില്‍ട്ടണ്‍ എഴുതുന്നു. ജോണ്‍ കീറ്റ്സ് മരണപ്പെട്ട ശേഷം അദ്ദേഹത്തെ അനുസ്മരിച്ച് 1821-ല്‍, ഷെല്ലി എഴുതിയ വിലാപകാവ്യമാണു അഡോണൈസ്. ഒരു പക്ഷേ ഷെല്ലിയുടെ ഏറ്റവും മുകച്ച കൃതിയെന്നു (Ode to West Wind-നെ സ്മരിച്ചു കൊണ്ട് തന്നെ) എനിക്ക് തോന്നിയിട്ടുള്ളതാണു ഈ കവിത. ജീവിതമെന്ന സ്വപ്നത്തില്‍ നിന്നുണര്‍ന്നെഴുന്നേറ്റതാണു കീറ്റ്സ് എന്നു ഷെല്ലി പറയുന്നു. നമ്മള്‍ക്കു മാത്രമേ കീറ്റ്സ് കലുഷമായ കാഴ്ചകളില്‍ മറഞ്ഞു പോകുന്നുള്ളു.
ചങ്ങമ്പുഴയുടെ രമണന്‍. തന്റെ സുഹൃത്തായിരുന്ന ഇടപ്പിള്ളി രാഘവന്‍പിള്ളയുടെ മരണത്തില്‍ ദുഃഖിതനായി എഴുതിയ മലയാളത്തിലെ ഏറ്റം മികച്ച വിലാപകാവ്യം. കേംബ്രിജിലേ, സുഹൃത്തായിരുന്ന ഹെന്‍റി ഹലാമിനെ അനുസ്മരിച്ച് ടെന്നിസന്‍ എഴുതിയ ഇന്‍ മെമോറിയാം, അങ്ങിനെ നീണ്ടു പോകുന്ന കൃതികള്‍. ഇതില്‍ നമ്മുക്കെന്തു കാര്യം? കീറ്റ്സും കിങും, രാഘവന്‍ പിള്ളയും, ഹലാമും എവിടെ നില്‍ക്കുന്നു, ഈ അരണ്ട വെളിച്ചത്തില്‍ ഞാനെവിടെ നില്‍ക്കുന്നു.
അങ്ങിനേ പ്രശസ്തരല്ലാത്തവരെക്കുറിച്ച്, തോമസ് ഗ്രേയ് "കന്‍ട്രി ചര്‍ച്യാര്‍ഡ്" എഴുതിയിട്ടില്ലേ". ഉവ്വ് ഉണ്ട്. ശെരിതന്നെ. അങ്ങിനെ അവര്‍ക്കൊപ്പം തോളോടു തോള്‍ വെക്കാതെ ഞാനും നില്‍ക്കുന്നു. എന്നെക്കുറിച്ചും എഴുതപ്പെട്ടിരിക്കുന്നു, അതിബൃഹത്തായ ലോകസമചാരത്തിന്റെ ഒരു ചെറിയ മൂലയില്‍ എന്ന ഭാവത്തില്‍. അതു വായിച്ച് ആളുകള്‍ മരണമെന്ന ക്ഷണിക്കപ്പേടാത്ത അതിഥിയേ അല്ലെങ്കില്‍ ക്ഷണിച്ചിട്ടും വരാത്തവനേ ഓര്‍ത്ത് കുണ്ഡിതപ്പെട്ടിരിക്കുന്നു. ചിലര്‍ ദുഃഖിക്കുന്നു. ചിലര്‍ അതിഘോരമായ ചിന്തയ്ക്കടിപ്പെടുന്നു. എന്റെ മരണം ചിന്തയ്ക്ക് വിഷയമാകുന്നു.സാധാരണമായ, വെറും വെറും സാധാരണമായ എന്റെ മരണം അങ്ങിനെ സാധാരണത്വത്തിലും ചെറിയൊരു അസാധാരണത്വം ഉണ്ടാക്കിയിരിക്കുന്നു. അതാണു ഞാന്‍ പറഞ്ഞ ഗുട്ടന്‍സ്. മനസിലായോ, ആശാവഹമായ ഈ ഗുട്ടന്‍സ് എന്നെ മഹാനാക്കുന്നില്ലെ? കുറഞ്ഞപക്ഷം ഇതു പോലൊന്നു കീറ്റ്സിനെയും ഗാന്ധിജിയേയും രാഘവന്‍ പിള്ളയേയും പറ്റിയെഴുതിയിരിക്കുന്നു എന്നെനിക്ക് അഹങ്കരിക്കാം. “Death is the most commoner”.
ലോകമായ ലോകമൊന്നും എന്നെ അറിയുന്നില്ല. ഈ കൊച്ചു കോണില്‍ എന്നെ അറിയുന്നവര്‍ പോലും തുച്ഛമായിരിക്കെ, ഈ ഭൂലോകത്ത് എന്തു കാണാന്‍?. അല്ലെങ്കില്‍ തന്നെ അറിഞ്ഞിട്ടും അറിയാത്ത എത്രപേരീ ലോകത്തിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ബഷീര്‍ അനുസ്മരണത്തിനു വന്ന എത്രപേരുടെ ബ്ളോഗുകളും ചിത്രങ്ങളും ഞാന്‍ കണ്ടിരിക്കുന്നു. എങ്കിലും അവരൊക്കെ തീര്‍ത്തും അപരിചിതരായി എന്റെ മുന്നിലൂടെ തെക്കു വടക്കു നടന്നു. ആര്‍ക്കും ആരെയും അറിയില്ല, എന്നാല്‍ എല്ലാവരും എല്ലാവരെയും അറിയുന്നു. വാഴക്കോടന്റെ സുഹൃത്തിനേയോ, കിച്ചു പറഞ്ഞ നസ്രുദീനെയോ എനിക്കറിയില്ല, എങ്കിലും അവരെക്കുറിച്ചെഴുതിയ വാക്കുകളിലൂടെ ഞാനറിയുന്നു. അങ്ങിനെ അറിയാതെ അറിഞ്ഞവരുടെ ഇടയില്‍ ചുമ്മാ ഒരൊര്‍മ്മപ്പെടുത്തലോ, ഓര്‍മ്മയോ, തത്വ ശാസ്ത്രമോ, സത്യമോ ഒക്കെ പറയുന്ന മരണവുമായി കടന്നു പോകുമ്പോള്‍ എന്തു സുഖം, എന്തു രസം. അതും വായിച്ചു കമന്റിടുന്നവരും നാളെ മരിക്കാം. അതിനേക്കുറിച്ചും എഴുത്തുകള്‍ വരാം. അങ്ങിനെ മരിക്കുന്ന നമ്മളെല്ലാവരും മഹാന്‍മാരായി, ഈ ബൂലോകത്ത് പാറിനടക്കുന്ന അതി സുന്ദരമായ കാഴ്ച്ച..മനോഹരം...അതി മനോഹരം...ഒറ്റക്കണ്ണാ ഈ ചിത്രവും പകര്‍ത്തിക്കോളൂ...മംഗളം.
7 അഭിപ്രായങ്ങൾ:
അങ്ങിനെ മരിക്കുന്ന നമ്മളെല്ലാവരും മഹാന്‍മാരായി, ഈ ബൂലോകത്ത് പാറിനടക്കുന്ന അതി സുന്ദരമായ കാഴ്ച്ച
നമ്മുടെ മരണമെങ്ങിനെ ആയിരിക്കും?
ഒന്നാം തരം ചിന്ത?
ജീവിക്കുമ്പോള്‍ തന്നെ ഒരു സ്മാരകമുണ്ടാക്കിയാലോ?
പ്രിയപ്പെട്ട അരുണ്‍,
ഒരാളുടെ മരണം മുന്‍കൂട്ടി പ്രവചിക്കപ്പെട്ടാലുള്ള അവസ്ഥ എത്ര ഭീകരമാണ്. അത് എപ്പോള്‍ വേണമെങ്കിലും കടന്നു വരാം. സ്വന്തം മരണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം, അതിന്റെ കണക്കു പുസ്തകം നമ്മുടെ കയ്യിലല്ല. എങ്കിലും മരണം, അതൊരു സത്യമാണ്. അതുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ കുറെയേറെ മന:ശാന്തി കിട്ടും. നിന്റെ നിരീക്ഷണം നന്നായി.
ഓ.ടോ: സത്യം പറഞ്ഞാല്‍ ഞാന്‍ എന്റെ മരണം മുന്നില്‍ കണ്ടു എഴുതിയ ഒരു കഥ പകുതിയായി ഇരിക്കുന്നു. അത് പൂര്‍ത്തീകരിക്കാന്‍ എനിക്ക് കഴിയുന്നില്ല. "അറം" പറ്റുക എന്ന് കേട്ടിട്ടില്ലേ..അങ്ങിനെ സംഭവിക്കുമോ എന്നൊരു ഉള്‍ഭയം. ഞാന്‍ പകലനോട് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. നമ്മള്‍ ഇവിടെ ഉണ്ടായിരുന്നു എന്നതിന് എന്തെങ്കിലുമൊക്കെ തെളിവുകള്‍ അവശേഷിപ്പിക്കാന്‍ ഒരെളിയ ശ്രമം.
സസ്നേഹം,
വാഴക്കോടന്‍
മംഗളം ഭവന്തു.. :)
അരുണ്‍.
എന്തു പറ്റി പെട്ടെന്ന്...
മരണ ചിന്ത നല്ലതു തന്നെ പക്ഷേ മരണസമയം അറിയാതിരിക്കുന്നതു തന്നെ എപ്പോഴും ഉചിതം
അല്ലെങ്കില്‍ ജീവിതമില്ല കുട്ടീ...
ഇവിടെ ഉള്ളകാലം ജീവിക്കാമെന്നെ.. ഉള്ളതു കൊണ്ട് ഓണം പോലെ. ഉണ്ടും ഊട്ടിയും.. എന്തേ..
എഴുത്ത് കൊള്ളാംട്ടോ :)
ജീവിക്കുമ്പോ സ്മാരകമുയര്‍ന്നല്‍ പിന്നെ മരിച്ചു കഴിഞ്ഞാല്‍ ഒരു സുഖവുണ്ടാകില്ല...താങ്ക്സ് പരുത്തിയേയ്
വാഴക്കോടന്‍ പറഞ്ഞ്ത് നേര..അറം പറ്റുമെന്നു ഭയന്നു എന്റെ കൈ വിറച്ചിരുന്നു. മരണത്തേക്കുറിച്ചല്ല. നമ്മുടെ മരണത്തേക്കുറിച്ച് എഴുതപ്പെട്ടാല്‍ എന്നണു ഞാന്‍ ആലോചിച്ചത്. :-) താങ്ക്സെട്ടാ
കിനാവ് ഭവന്തുഃ
കുമാരേട്ടാ :)
മര്ണസമയത്തെക്കുറിച്ച് മരണസമയത്തേക്കുറിച്ചു ചിന്തിക്കുന്നില്ല കിച്ചു. ചുമ്മ സുന്ദരമായ കാഴ്ചകള്‍ കാണാന്‍ പറ്റുമോന്നു നോക്കിയതല്ലെ...നന്ദി
തിന്നാലും കുടിച്ചാലും ബ്ലോഗിയാലും ഇല്ലേലും മരിക്കണം
എന്നാൽ രണ്ട് ലാർജ്ജ് അടിച്ചിട്ട് മരിക്കാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ