ബഷീര്‍ പറഞ്ഞു 'എന്നെയാരും ഓര്‍ക്കേണ്ട'. എങ്കിലും ഓര്‍ത്തുപോകുന്നു. അതു വായിക്കുവാന്‍ കൊള്ളാവുന്ന കൃതികളേയും ഒരു സാഹിത്യകാരനേയും ഒരു തലമുറ അറിയാത്തതിനാല്‍ വായിക്കാതെ വിട്ടു എന്നത് സംഭവിക്കാതിരിക്കാനാണു. ‘അത്തരമൊരു ദുര്യോഗമില്ലാതെയാക്കുക’ എന്ന ധാര്‍മികമായ ഉത്തരവാദിത്വം നിറവേറ്റുവാന്‍ ശ്രമിച്ച ദലയ്ക്കും കേരള സാഹിത്യ അക്കാദമിക്കും നന്ദി. തുടര്‍ന്നും അനുസ്മരണങ്ങള്‍ ഉണ്ടാകട്ടെ. ആശംസകള്‍.
കുരുത്തം കെട്ട കണ്ണുമായി ജനിച്ചത് എന്റെ ദൌര്‍ഭാഗ്യ്മാണു. അതു കൊണ്ടാണല്ലൊ ചില അനാവശ്യ കാഴ്ചകളിലേക്ക് എന്റെ കണ്ണുകള്‍ അലഞ്ഞു പോകുന്നത്.
കവിതയില്ലാത്ത വാക്കുകള്‍ കൊണ്ട്, കഥാകാരിയും കവി(കവയിത്രിയല്ലേ?)യുമായ(കവിയെന്നു പറഞ്ഞത് അനുസ്മരണം നടത്തിയ സഹീറ തങ്ങള്‍ എന്നും യുവ കവയിത്രി എന്നു വിളിക്കപ്പെടുന്നതുമായൊരാളു) മാധവിക്കുട്ടിയുടെ ആത്മാവിനെ വേദനിപ്പിച്ചതും, അനുസ്മരണത്തിനേക്കളേറെ ആളെ നിറയ്ക്കാനായി വിളിച്ചു കൂട്ടപ്പെട്ടവരേയും, ശ്രദ്ധിക്കാതെ ഡി.സി. ബുക്സിന്റെ താല്‍ക്കാലിക വില്പനശാലയിലേക്ക് ഞാന്‍ കണ്ണുകളെ മേയാന്‍ വിടുന്നു. ഉല്ഘാടനത്തിനു ശേഷം ഒലിച്ചു പോയ സദസ് എവിടെ എന്നു ഞാന്‍ ചോദിക്കുന്നില്ല. സമ്മേളനത്തിനു വരുന്ന വലിയ വലിയ ആളുകളെ നിരാശപ്പെടുത്താതിരിക്കാന്‍ ആളെക്കുട്ടേണ്ട ഉത്തരവാദിത്വം എത്ര തവണ നിറവേറ്റിയിരിക്കുന്നു. പ്രബന്ധാവതരണത്തിനു പ്രത്യേകിച്ചൊരു കേള്വിക്കാരന് വേണമെന്നു തന്നെയില്ല, എന്നാണു എനിക്കു തോന്നിയത്. അവതരിപ്പിച്ചയാള്‍ ഒന്നും, അഭിപ്രായം പറഞ്ഞയാള്‍ വേറെ എന്തൊ ഒന്നും, മോഡറേറ്റര്‍- മറ്റെന്തൊക്കെയും പറഞ്ഞു പോയിടത്ത് ശ്രോതാവിന്റെ ചോദ്യങ്ങള്‍ സമയപരിധിക്കുള്ളില്‍ പിടഞ്ഞു മരിച്ചു. കുത്തിനിറച്ച പരിപാടികള്‍ ഒന്നൊഴിയാതെ നടത്തുവാന്‍ സമയത്തിന്റെ അനുവാദം കൂടി വേണമെന്നത് പലപ്പോഴും നമ്മള് മറന്നു പോകുന്നു.
സാഹിത്യത്തോട് സ്നേഹമുള്ളൊരു(?) ചേച്ചി, തന്റെ മകന്റെ കയ്യില്‍ ഒരു പുസ്തകം കൊടുത്തു വിട്ടു ഓട്ടോഗ്രാഫ് വങ്ങിക്കാന്‍ ശ്രമിക്കുകയാണു. എം മുകുന്ദന്റെയും, സുകുമാര്‍ അഴീക്കോടിന്റെയും ഒപ്പു വാങ്ങുന്ന മകന് ഇടയ്ക്കിടെ പിറകോട്ടു നോക്കി 'ഇനിയാരുടെ ഒപ്പ് വേണം' എന്നു കണ്ണുകളാല്‍ തിരക്കുന്നു. അവനറിയില്ലല്ലോ ആരുടെ ഒപ്പിനാണു വില, അല്ലെങ്കില്‍ ആരുടേതിനു വിലയില്ല എന്നു. അല്ലെങ്കില്‍ തന്നെ ഈ വിവേചനത്തില്‍ എന്തടിസ്ഥാനമുള്ളത്? ഇന്നു വിലയുള്ള ഒപ്പ് നാളെ കുപ്പത്തൊട്ടിയില്‍ കിടന്നേക്കാം, ആരുടെ ഒപ്പിനു എന്നു വിലവരും എന്നു നിര്‍ണ്ണയിക്കാനവാത്ത സമൂഹത്തിലാണു താന്‍ ജിവിക്കുന്നതെന്ന ബോധ്യം ഇത്ര ചെറുപ്പത്തിലേ ഉണ്ടായതു കൊണ്ടാകാം, അവന് അവിടെ നിരന്നിരുന്ന വോളണ്ടിയര്‍ അടക്കമുള്ളവരുടെ ഒപ്പു വാങ്ങി. മകന് തിരികേ കൊണ്ടു വന്ന പുസ്തകം അമ്മ കൊതിയോടെ മറിച്ചു നോക്കി. ആരുടേത് ആരുടെ ഒപ്പെന്നറിയാതെ നിന്ന മകനെ അവര്‍ ശകാരപൂര്‍വ്വം നോക്കി. ഒരു പക്ഷേ നാളെ തന്റെ സഹപ്രവര്‍ത്തകരേ കാണിച്ച് അഭിമാനപൂരിതയായി നില്ക്കുമ്പോള് ഏതെങ്കിലും വിവരമില്ലാത്തവള്‍ “ഇതാരുടെ ഒപ്പാടി” എന്നു ചോദിച്ചാല്‍ മറുപടിക്കു തപ്പേണ്ടി വരുമല്ലൊ എന്ന ആശങ്കയാവം അവരുടെ കണ്ണുകളില്‍ കോപം നിറച്ചത്.
പുസ്തകശാലയില്‍, സകലര്‍ക്കുമിടയില്‍ പച്ചപ്പരവാതാനി വിരിച്ചു ബേപ്പൂര്‍ സുല്‍ത്താനിരിക്കുന്നു. ഒറ്റപ്പെട്ട പ്രവാചകന്റെ വഴിയില്‍ ഓ.വി. വിജയനും, ചിദംബരസ്മരണയുമായൊരു തുരുത്തില് ചുള്ളിക്കടും, സങ്കീര്‍ത്തനം പാടി ശ്രീധരന് മറ്റൊരു മൂലയിലും രണ്ടാമൂഴവും കാത്ത് എംടിയുമീരിക്കുന്നു. “സുല്‍ത്താനയതോണ്ടല്ല, നിങ്ങള്‍ക്കു മാത്രമീ പരവതാനി”യെന്നു വിജന്മാഷ് അടക്കം പറഞ്ഞു."നാളെ എന്റെ അനുസ്മരണവും നടക്കും അന്നീ പരവതാനി നിങ്ങളൊഴിഞ്ഞു തരേണ്ടി വരും." ആ ഘോരഘോരമായ സത്യത്തിനു നേരേ നോക്കി മാങ്കൊയിസ്റ്റന്‍ തണലില്‍ ബഷീര്‍ കിടക്കുന്നു.
പെന്റഗണ്‍ ഗോപുരം പോല്‍ അടുക്കി വെച്ചിരിക്കുന്ന മുകുന്ദന്റെ പ്രവാസം. ഓരോ കട്ടയുമിളകുന്ന മുറക്കു വില്പനക്കാരന് പുതിയ കട്ടകളടുക്കി വെക്കുന്നു. 'അഴീക്കോട് മാഷാ ഈ സ്റ്റാള്‍ ഉല്‍ഘാടനം ചെയ്യുന്നത്, വെറുതേ വിവാദമുണ്ടാക്കണ്ട' എന്നു പറഞ്ഞു, ഒന്നു രണ്ടു തത്വമസിയും ഭാരതീയതയും വെപ്രാളത്തില്‍ തിരയുന്ന സഹായി. എത്രയൊക്കെ അടുക്കി വെച്ചിട്ടും പ്രവാസത്തിന്റെ പെന്റഗണിനു നിഴലില്‍ മയങ്ങുകയാണു തത്വമസി. ഉറങ്ങുന്ന പുസ്തകത്തിനറിയുമോ, വിവാദത്തിന്റെ ഉണര്‍ത്തു പാട്ടുകള്‍. ഉറക്കമെന്നത് മരണം പോലെ തന്നെ സമത്വസുന്ദരമായൊരിടപാടാണു.
എന്തൊരൈക്യമാണിവര്‍ക്ക്, ഈ വില്‍പനയ്ക്കരന്റെ മേശപ്പുറത്തു കിടക്കുമ്പോള്‍? എല്ലാവര്ക്കും ഒരേ ഒരാഗ്രഹം, "എന്നെ ആരെങ്കിലും വിലയിട്ടു വാങ്ങണം". തന്നെ തിരികേ വെച്ച് മറ്റൊന്നെടുക്കുമ്പോള്‍ അല്പം ഈര്‍ഷ്യയോടെ, മുഖത്തു വരുത്തി വെച്ച് പുഞ്ചിരിയുമായി, എല്ലാവരും ഒരു പോലെ നെടുവീര്‍പ്പിടുന്നു. ഈയിടെയായി യാത്രപറഞ്ഞു പോയതു കൊണ്ടോ, അതോ ‘നീര്‍മാതള’മെന്ന വാക്കു പത്രത്തിലും ചാനലിലും തുടരേ വരുന്നതു കൊണ്ടോ എന്നറിയില്ല, നീര്‍മാതളം പൂത്തകാലവുമന്ന്വേഷിച്ചു പരക്കം പായുകയാണു മിക്കവരും. പോക്കറ്റിന്റെ കനത്തിനൊപ്പിച്ച് നില്ക്കുന്നതിനാല് ചെറിയ പുസ്തകങ്ങളെഴുതിയാ സുല്‍ത്താനേ! നിങ്ങളെ മനസാ നമിച്ചു കൊണ്ട് കുഞ്ഞു പുസ്തകങ്ങള്‍ വാരിവാരിയെടുക്കുന്നു ചിലര്‍.
ബഷീര്‍ അനുസ്മരണം വരച്ചു വെച്ച സഹീറിനു നന്ദി. വളരേ നല്ല ചിത്രങ്ങള്‍, അനുരാഗത്തിന്റെ നാളുകളിലും, ഭൂമിയുടെ അവകാശം പറയുമ്പോഴും ബഷീറിനു ഒരേ പ്രായം. എന്തായാലും ആ പെന്‍സില്‍ ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു. എല്ലാത്തിന്റെയും അടിക്കുറിപ്പുകള്‍ നന്നായിരിക്കുന്നുവെന്നും, അതെഴുതിയാളെ അഭിനന്ദിക്കണമെന്നുമൊരു വിരുതന്. അവന് കൊച്ചു പയ്യനല്ലേ, ബഷീറിന്റെ കൃതികള്‍ വായിക്കാനും അതിലേ വരികള്‍ തന്നെയാണീതിലെന്നും അറിയാനുള്ള പ്രായം അവനായിട്ടില്ല, എങ്കിലും അവന്റെ അച്ഛനാ പ്രായം കഴിഞ്ഞു പോയി എന്നാണു എനിക്കു തോന്നുന്നത്. ഈ പെന്‍സില്‍ ചിത്രങ്ങളും ഏതാനും ബ്ളാക്ക് & വൈറ്റ് ചിത്രങ്ങളും വെച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇതൊരു യു.ഏ.ഇ എക്സ്ചേഞ്ച് അനുസ്മരണമായിപ്പോയേനെ. അത്രമാത്രമുണ്ട് പരസ്യപ്പലകള്‍. അല്ലെങ്കില്‍ തന്നെ പുണ്യം കിട്ടാനല്ലല്ലോ ഇത്തരം പരിപാടികള്‍ സ്പോണ്സര് ചെയ്യപ്പെടുന്നത്. കലക്കവെള്ളത്തില്‍ മാന്യമായൊരു മീന്‍പിടുത്തം.
നളിനി ജമീലയുടെ ആത്മകഥയിലേക്ക് ഇടംകണ്ണുകള്‍ മാത്രം പതിക്കുന്നു. പാളിയുള്ള നോട്ടങ്ങള്‍ ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുന്നുണ്ടോ എന്നു നോക്കുകയും വേണം. ഒരു സെക്സ് തൊഴിലാളിയുടെ ആത്മ കഥ എടുത്തു നോക്കുന്നവരെ തറപ്പിച്ചു ചില കണ്ണുകള്‍. പോളീഷിനു പുറത്തു വന്നു, ആ പുസ്തകം വാങ്ങി നടന്നു പോകുന്നവരുടെ പിറകേ ആ കണ്ണുകളും സഞ്ചരിക്കുന്നു. ചിലര്‍ക്ക് അതു വാങ്ങിയ ധൈര്യം അധികനേരം നീണ്ടു നിന്നില്ല. പ്രഭാഷകരില്‍ ഒരാള്‍ പറഞ്ഞു "നളിനി ജമീലയുടെ പുസ്തകം തലയിണക്കടിയില്‍ വെച്ചുറങ്ങുന്നവരുടെ ഒരു കൂട്ടം വളര്‍ന്നു വരുന്നു". കേട്ടപാതി കേള്‍ക്കാത്ത പാതി, ഇതെവിടെക്കൊണ്ടു മറച്ചുവെക്കും എന്ന തത്രപ്പാടിലകപ്പെടുന്നവര്‍.
ഒരുകൂട്ടം തരുണീ മണികള്‍ കലപിലകൂട്ടി വരുന്നു. മുകുന്ദനേയും, എം.ടി. യേയും, ശ്രീധരനേയും, ഒ.വി. വിജയനേയും, ചുള്ളിക്കാടിനേയും തഴുകി, അവര്‍ ഒഴുകി നീങ്ങുന്നു. വില്പനക്കാരന് ചെക്കനും ഒരു സന്തോഷം. ഒരു തള്ള തന്റെ മകനു ജനറല്‍ നോളെജ് തപ്പുകയാണു. വേറെങ്ങും ഇതു കിട്ടില്ലല്ലോ. ഒടുവില്‍ എല്ലാ കൈകളും ഒരിടത്തു ചെന്നുനില്ക്കുന്നു. ‘ആരാ പറഞ്ഞത് നാലു മു.. ചേരില്ലെന്നു?’ ഇനി ചേര്‍ന്നില്ലെങ്കില്‍ ചേര്‍ക്കാന്‍ കഴിയുന്ന ഒരു വസ്തു ഈ ലോകത്തുണ്ടെങ്കില്‍ അതു ലക്ഷ്മി നായരുടെ മാജിക് ഓവനാണു. ഓണത്തിനിലയിടുമ്പോള്‍ ഇനിയെന്തെങ്കിലും രുചിയായി കഴിക്കാമെന്ന പ്രതീക്ഷയില്‍ ഭര്‍ത്താക്കന്മര്‍ പേഴ്സു തുറന്നു തന്നെ പിടിച്ചിരിക്കുന്നു.
"കണ്ണേ മടങ്ങുക." ഇതിലും കൂടുതല്‍ കാണുന്നത് കണ്ണിനത്ര നല്ലതല്ല. അതാരെങ്കിലും തല്ലിപ്പൊട്ടിച്ചാല്‍ തീര്‍ന്നില്ലെ. പിന്നെയീ അപരാധിച്ച കാഴ്ചകള്‍ എങ്ങിനേ കാണും?. മനസു മടുത്തു തുടങ്ങിയിടത്തു നിന്നു മടക്കയാത്ര, ഈ പൊരിവെയിലിലൂടെ. ബഷീര്‍ കൃതികളും ബഷീറും ദലയും അക്കാദമിയും, തരുണീമണികളും നീണാള്‍ വാഴട്ടെ.
13 അഭിപ്രായങ്ങൾ:
."നാളെ എന്റെ അനുസ്മരണവും നടക്കും അന്നീ പരവതാനി നിങ്ങളൊഴിഞ്ഞു തരേണ്ടി വരും." ആ ഘോരഘോരമായ സത്യത്തിനു നേരേ നോക്കി മാങ്കൊയിസ്റ്റന്‍ തണലില്‍ ബഷീര്‍ കിടക്കുന്നു.
ഇന്നലെ അവിടെ ഉണ്ടായിരുന്നു. കുറച്ചൂടെ എഴുതാമായിരുന്നു. പുറത്ത് വെയില് കൊണ്ട് നിന്നിരുന്നു ചില പച്ച മനുഷ്യര്‍. അവരെയൊന്നും ആരും കണ്ടീല്ലെന്ന് തോന്നുന്നു.
കണ്ടില്ല. സത്യമായും ഞാനത് കണ്ടില്ല..വെയിലേറ്റ് പണ്ടാരമണങ്ങിയെന്റെ കണ്ണു ഫ്യൂസാകാതിരിക്കാന് വെച്ച കറുത്ത കണ്ണടയാണു ആ കാഴ്ച മറച്ചത്. അജ്ഞാത ക്ഷമിക്കുമല്ലോ. :-) കമന്റിനു താങ്ക്സ്.
അരുണ്‍,
വളരെ ഇഷ്ടമായി, ഈ കാഴ്ചകള്‍..
അരുണിനെന്താ കൊമ്പുണ്ടോ?!
Arun keep going..
അരുണേ.. ഓടി വന്നപ്പോഴേക്കും ഓടി കളഞ്ഞല്ലോ.. :) :)
രാമേട്ടാ താങ്ക്സ്.
അനുപേ കൊമ്പില്ല കേട്ടോ, വെറും കുശുമ്പും കുന്നായ്മയുമാണെന്നേ..താങ്ക്സ് :-)
ജുനൈത് നന്ദി...
കിനാവാ..കൊറെ നേരം കാത്തുനിന്നു. ങ്ങള് വരുമെന്നു പറഞ്ഞത് കൊണ്ടാ അത്രേം നേരമെങ്കിലും നിന്നത്. അല്ലെങ്കില്‍ നേരത്തേ ഓടിപ്പൊയേനെ...കൊഴപ്പമില്ല..വിശാലമായ ഭൂമിയിലെ അത്രക്കൊന്നും വിശാലമല്ലാത്ത ഈ ദുഫായില് എവിടെ വെച്ചും എപ്പൊ വേണേലും കൂട്ടിമുട്ടാമല്ലോ..താങ്ക്സ്...
അവിടം എപ്പൊ വിട്ടു - ഉച്ചക്കു സേഷം വന്നായിരുന്നു, പുലികള്‍ ചിലരവിടെ കയറി നിരങ്ങിയിരുന്നല്ലോ?
അപ്പോളെക്കും കൂട്ടിലൊളിച്ചോ?
എന്തായാലും ഇവിടെമുണ്ടൊരു കുറിപ്പ്-
ഒന്നു വായിച്ചോളൂ
അരുണ്‍
കൊള്ളാംട്ടൊ. :)
എന്റ പരുത്തിയേയ്, അവിടെ പുലിയാണെന്നു കരുതിയവരു അലറിയില്ല, അലറിയവരു പുലിയുമല്ല. പ്രത്യേകിച്ചൊരു ഗുണവുമില്ലാത്ത പ്രബന്ധവും പരസ്പരബന്ധമില്ലാത്ത അഭിപ്രായവൌം കേട്ടു മരവിച്ചു ഞാന്‍ പോന്നു. പിന്നെ ബ്ളോഗു പുലികളെ വായിക്കുന്നുണ്ടെങ്കിലും നേരിട്ടു കണ്ടാല്‍ ആരെം അറിയില്ല. :-(. അടുത്ത ദുഫായി ബ്ളോഗ് മീറ്റില്‍ വന്നു എല്ലാവരെയും പരിചയപ്പെടണം.
പോസ്റ്റ് കണ്ടു കമന്റിയിട്ടുണ്ട്.
കിച്ചു...താങ്ക്സ്
എത്താന്‍ കഴിഞ്ഞില്ല അരുണ്‍. ഈ കുറിപ്പ് എന്തായാലും വളരെ നന്നായി. ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ